ഈറൻമേഘം: ഭാഗം 38

Share with your friends

 എഴുത്തുകാരി: Angel Kollam

മെയിൻ റോഡിൽ നിന്നും തങ്ങളുടെ റൂമിലേക്ക് പോകാനുള്ള വളവ് തിരിയുമ്പോൾ അമിതവേഗത കാരണം ശ്യാമിന്റെ ബൈക്കിന്റെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു.. റിജോയും ശ്യാമും റോഡിലേക്ക് വീണു.. നിമിഷങ്ങൾക്കകം അവിടെ രക്തം പരന്നൊഴുകാൻ തുടങ്ങി.. എമറാൾഡ് ഹോസ്പിറ്റലിലെ യുണിഫോം ധരിച്ച ഒരു പെൺകുട്ടി തങ്ങളുടെ അരികിലേക്ക് ധൃതിയിൽ നടന്ന് വരുന്നത് ശ്യാമും റിജോയും അവ്യക്തതയോടെ കണ്ടു.. അപ്പോളേക്കും രണ്ടു മൂന്നാളുകൾ കൂടി അവിടേക്ക് ഓടി വന്നു.. ആരൊക്കെയോ ചേർന്ന് രണ്ടുപേരെയും ഹോസ്പിറ്റലിലെത്തിച്ചു.. ശ്യാം ഹെൽമെറ്റ്‌ ധരിച്ചിരുന്നത് കൊണ്ട് അവന് തലയ്ക്കു പരിക്കൊന്നും പറ്റിയിരുന്നില്ല..

റിജോയുടെ തല റോഡിലിടിച്ചത് കൊണ്ട് ചെറിയ മുറിവ് പറ്റിയിരുന്നു.. അത്‌ കൂടാതെ അവന്റെ വലത് കാലിന് ഒടിവും പറ്റിയിരുന്നു.. ശ്യാമിന്റെ വലത് കൈക്കും ഒടിവ് പറ്റിയിരുന്നു.. ശ്യാമിന്റെയും റിജോയുടെയും മുറിവുകൾ തുന്നിക്കെട്ടിയതിനു ശേഷം എക്സ്റേയും സ്കാനിങ്ങും കഴിഞ്ഞതിന് ശേഷം അവരെ വാർഡിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.. അവരെ രണ്ടുപേരെയും വാർഡിലേക്ക് ഷിഫ്റ്റ്‌ ചെയ്യുന്നത് വരെ നിഴൽ പോലെ ആ പെൺകുട്ടി കൂടെയുണ്ടായിരുന്നു.. അവർക്ക് രണ്ടുപേർക്കും ഫ്രാക്ചർ ഉള്ളത് കൊണ്ട് നാളെ സർജറി പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു.. സെമി പ്രൈവറ്റ് റൂമിലേക്ക് ശ്യാമിനെയും റിജോയെയും ഷിഫ്റ്റ്‌ ചെയ്യുമ്പോൾ ആ വാർഡിൽ മോർണിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ്സ് വന്ന് ആ പെൺകുട്ടിയോടായിട്ട് ചോദിച്ചു..

“ഇതെന്താ സ്റ്റെഫി ഹാൻഡ് ഓവർ എടുക്കാനുള്ള എളുപ്പത്തിനാണോ എമർജൻസിയിൽ നിന്നും രോഗികളുമായിട്ട് വരുന്നത് ” സ്റ്റെഫി അവരുടെ അടുക്കലേക്ക് നടന്ന് വന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.. “ഒന്ന് പതിയെ പറയ്.. ആ ചേട്ടന്മാർ നമ്മുടെ ഹോസ്പിറ്റലിലെ സ്റ്റാഫ്സാണ്.. ഞാൻ ഡ്യൂട്ടിക്ക് വരുന്ന വഴിയ്ക്ക് ആക്‌സിഡന്റായി കിടക്കുന്നത് കണ്ടതാ.. പിന്നെ അവിടെയുണ്ടായിരുന്ന എല്ലാവരും ചേർന്ന് പെട്ടന്ന് ഇവിടേക്ക് കൊണ്ട് വന്നതാണ്.. ” മോർണിംഗ് ഡ്യൂട്ടി സ്റ്റാഫ്സ് ബെഡ്സൈഡിലേക്ക് പോയി നോക്കി.. റിജോയെയും ശ്യാമിനെയും അവർക്ക് പരിചയമുണ്ടായിരുന്നു.. എമർജൻസി സ്റ്റാഫ്‌ ഹാൻഡ് ഓവർ സ്റ്റെഫിയ്ക്ക് കൊടുത്തിട്ട് പോയി.. ബാക്കിയുള്ള രോഗികളുടെ ഹാൻഡ്ഓവർ കൂടി എടുത്തതിനു ശേഷം സ്റ്റെഫി റിജോയുടെയും ശ്യാമിന്റെയും റൂമിലേക്ക് വന്നു..

ശ്യാമിന് അധികം വേദനയൊന്നും ഉണ്ടായിരുന്നില്ല.. എന്നാലും അപ്രതീക്ഷിതമായി ആക്‌സിഡന്റ് പറ്റിയതിന്റെ ഷോക്കിലായിരുന്നു അവൻ.. റിജോ അസ്സഹനീയമായ വേദന കടിച്ചു പിടിക്കാൻ ശ്രമിച്ചു.. സ്റ്റെഫി അവരുടെ രണ്ട് പേരുടെയും മുഖത്തേക്ക് മാറിമാറി നോക്കിയിട്ട് സ്വയം പരിചയപ്പെടുത്തി.. “ഞാൻ സ്റ്റെഫി.. ഇവിടെ ജോയിൻ ചെയ്തിട്ട് ഒരു മാസമായതേയുള്ളു ” ഇവളെ ഹോസ്റ്റലിലേക്ക് പോകുന്ന വഴിയിൽ വച്ചൊന്നും കണ്ടിട്ടില്ലല്ലോ എന്ന് ചിന്തിച്ചപ്പോളേക്കും അത്‌ മനസിലാക്കിയിട്ടെന്നത് പോലെ സ്റ്റെഫി പറഞ്ഞു.. “ഞാൻ ഹോസ്റ്റലിലല്ല സ്റ്റേ ചെയ്യുന്നത്.. എന്റെ ഫാമിലി ഇവിടെയുണ്ട്.. ” അവർക്ക് രണ്ടുപേർക്കും വേദനയ്ക്കുള്ള മരുന്നുകൾ നൽകിയിട്ട് സ്റ്റെഫി തിരിച്ചു പോയി..

കുറച്ചു സമയത്തിന് ശേഷം ഓർത്തോ ഡോക്ടർ വന്നു ഇരുവരെയും പരിശോധിച്ചിട്ട് സർജറി സമയം അറിയിച്ചിട്ട് പോയി.. അനസ്തെഷ്യ ഡോക്ടറും വന്നിട്ട് ഇരുവരെയും പരിശോധിച്ചു.. നാളെ രാവിലെ പത്തു മണിക്ക് റിജോയുടെ സർജറിയും പതിനൊന്ന് മണിക്ക് ശ്യാമിന്റെ സർജറിയും നടത്താൻ തീരുമാനമായി.. തനിക്ക് ആക്‌സിഡന്റ് ഉണ്ടായ വിവരം ശ്യാം അവന്റെ വീട്ടിൽ വിളിച്ചറിയിച്ചു.. സ്വന്തം വീട്ടുകാരെ വിഷമിപ്പിക്കണ്ടെന്ന് കരുതി റിജോ ആരെയും ഒന്നും അറിയിച്ചില്ല.. പ്രായമായ അപ്പച്ചനും അമ്മച്ചിയും അനിയനുമാണ് വീട്ടിലുള്ളത്.. തനിക്ക് ആക്‌സിഡന്റ് പറ്റിയെന്നറിയിച്ചാലുടനെ ഓടി വരാൻ വേണ്ടി അവർക്ക് കഴിയില്ല.. വൈകുന്നേരം ഹോസ്റ്റൽ വെക്കേറ്റ് ചെയ്തിട്ട് ഇറങ്ങുമ്പോളാണ് റിജോയ്ക്കും ശ്യാമിനും ആക്‌സിഡന്റ് ഉണ്ടായ വിവരം ഹോസ്റ്റൽ വാർഡൻ പറഞ്ഞിട്ട് ടീന അറിഞ്ഞത്..

അവൾക്ക് തെല്ലും ദുഃഖം തോന്നിയില്ല.. അവനവൻ ചെയ്യുന്ന തെറ്റിന്റെ ശിക്ഷ അവനവൻ തന്നെ അനുഭവിക്കണം.. ഈ ആക്‌സിഡന്റ് ആ ശിക്ഷയുടെ ഒരു ഭാഗമായിരിക്കുമെന്ന് അവൾ മനസ്സിൽ കരുതി.. ടീനയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കാൻ ധന്യയും ഒപ്പം ചെന്നിരുന്നു.. ട്രെയിൻ വരാൻ സമയമായപ്പോൾ ടീന ധന്യയോട് ചോദിച്ചു.. “നിന്റെ കയ്യിൽ അമേയയുടെ പുതിയ നമ്പരുണ്ടെങ്കിൽ തരുമോ?” “തരാം ചേച്ചി..” ധന്യ അമേയയുടെ നമ്പർ ടീനയ്ക്ക് പറഞ്ഞു കൊടുത്തു.. “അജിത്‌ നാട്ടിൽ വരുന്നുണ്ട്.. അടുത്ത മാസം ഞങ്ങളുടെ വിവാഹമാണ്.. അമേയ നാട്ടിലുണ്ടല്ലോ.. അവളെ ക്ഷണിക്കാമല്ലോയെന്ന് കരുതിയാണ് ഞാൻ നമ്പർ ചോദിച്ചത് ” “അവൾ നാട്ടിലില്ല ചേച്ചി.. ബാംഗ്ലൂരിലേക്ക് തിരിച്ചു വന്നു.. ഇവിടെ റോയൽ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു ” “ഓക്കേ..

എന്റെയും അജിത്തിന്റെയും ഒരുപാട് ഫ്രണ്ട്സ് ബാംഗ്ലൂരിലുണ്ട്.. അതുകൊണ്ട് ഇവിടെ വച്ചൊരു റിസപ്ഷൻ നടത്തണമെന്ന് അവൻ പറയുന്നുണ്ട്.. അപ്പോൾ ഞാൻ നിങ്ങളെ വിളിക്കാം.. ഓഫ് എടുത്തിട്ട് തീർച്ചയായും വരണം ” “വരാം ചേച്ചി ” ട്രെയിൻ വന്നപ്പോൾ ടീന ധന്യയോട് യാത്ര പറഞ്ഞു പോയി.. ഏറെ വേദനിപ്പിക്കുന്ന ഓർമകളാണ് ഈ നഗരം തനിക്ക് നൽകിയിട്ടുള്ളതെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവനെ തനിക്ക് നൽകിയതും ഈ നഗരമായിരുന്നു.. രാത്രിയിൽ, അമേയ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുമ്പോൾ ജോയൽ അവളുടെ അടുത്തേക്ക് വന്നു.. പിന്നിലൂടെയെത്തി അവളുടെ പിൻകഴുത്തിൽ അവന്റെ താടി കൊണ്ട് ഉരസിയപ്പോൾ അവൾ ഞെട്ടലോടെ പിടഞ്ഞു മാറിക്കൊണ്ട് ചോദിച്ചു.. “എന്താ ഇന്ന് ഭയങ്കര പുതുമയാണല്ലോ?” “അതെന്താ എനിക്ക് നിന്റെയടുത്തു ഇങ്ങനെ വന്നു നിൽക്കാൻ പറ്റില്ലേ?”

“ശ്യാമിനോട്‌ ഫോണിൽ സംസാരിച്ചതിന് ശേഷം പെട്ടന്നെന്നോട് ഭയങ്കര സ്നേഹമായോ.. ഇതുവരെയില്ലാത്ത പ്രവർത്തികളൊക്കെ കണ്ടത് കൊണ്ട് ചോദിച്ചതാ ” “നീ അവന്റെ കയ്യിൽ നിന്നും രക്ഷപെട്ടല്ലോ എന്നോർക്കുമ്പോൾ ഭയങ്കര സന്തോഷം.. പിന്നെ എന്റെ ഹൃദയത്തിൽ നിന്നോടുള്ള സ്നേഹം ഒളിപ്പിച്ചു വയ്ക്കാൻ തോന്നിയില്ല.. പ്രകടിപ്പിക്കാത്ത സ്നേഹത്തിന്റെ വില എങ്ങനെ തിരിച്ചറിയാനാണ്?” “പക്ഷേ എനിക്കെന്തോ പേടി തോന്നുകയാണ്.. ശ്യാം അടങ്ങിയിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.. അവനിനിയും നമ്മുടെ ജീവിതത്തിലേക്ക് വരുമെന്ന് എന്റെ മനസ്സ് പറയുന്നു ” “പേടിക്കാതെ പെണ്ണേ.. ഞാനില്ലേ നിന്റെ കൂടെ.. ഇനിയാരൊക്കെ വേർപിരിക്കാൻ ശ്രമിച്ചാലും വിട്ടു കൊടുക്കില്ല ഞാൻ.. ഈ ജോയലിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത്‌ നീ മാത്രമായിരിക്കും.. ”

അത്‌ പറയുമ്പോൾ ജോയലിന്റെ മുഖത്ത് ദൃഡനിശ്ചയം ഉണ്ടായിരുന്നു.. അവരിരുവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് അമേയയുടെ ഫോൺ റിംഗ് ചെയ്തത്.. ധന്യയുടെ കാളായിരുന്നു അത്‌.. ശ്യാമിനും റിജോയ്ക്കും ആക്‌സിഡന്റ് സംഭവിച്ചതും അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയതുമായ വിവരം ധന്യ അമേയയേ അറിയിച്ചു.. അമേയയുടെ മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായില്ല.. അവൾ ഫോൺ കട്ടാക്കിയതിന് ശേഷം ആ വിവരം ജോയലിനെയും അറിയിച്ചു.. അവനും ആ വാർത്ത കേട്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.. ബാൽക്കണിയിൽ അമേയയുടെ മടിയിൽ തലവച്ചു കിടക്കുമ്പോൾ ജോയൽ അവളുടെ മുഖത്തേക്ക് പാളി നോക്കി..

അവളുടെ മുഖത്ത് ശാന്തതയായിരുന്നു.. അവളുടെ കരങ്ങൾ ചേർത്ത് പിടിച്ചു കൊണ്ടവൻ ചോദിച്ചു.. “നീയെന്താ ആലോചിക്കുന്നത്?” “ഞാൻ നമ്മുടെ ഭാവിയെക്കുറിച്ച് മാത്രമാണിപ്പോൾ ചിന്തിക്കുന്നത്.. സാറിന്റെ പപ്പ നമ്മുടെ ബന്ധത്തെ അംഗീകരിക്കുമോ..” “അതൊന്നുമോർത്തു ഇപ്പോൾ ടെൻഷൻ അടിക്കണ്ട.. പപ്പാ സമ്മതിക്കും എനിക്കുറപ്പാണ് ” “ഉം ” ഏറെനേരം കൂടി അങ്ങനെ ഇരുന്നിട്ട് അവർ ഉറങ്ങാനായി പോയി.. തിങ്കളാഴ്ച.. ആദ്യം അമേയയാണ് ഹോസ്പിറ്റലിലേക്ക് പോയത്.. അവൾക്ക് കുറച്ചു ദിവസങ്ങൾ കൂടി ക്ലാസ്സാണ്. അതിന് ശേഷം എമർജൻസിയിൽ ഡ്യൂട്ടിക്ക് ജോയിൻ ചെയ്യണം.. ജോയൽ ഹോസ്പിറ്റലിൽ എത്തി കുറച്ച് സമയം കഴിഞ്ഞപ്പോൾ സ്വപ്നയും സുഹാസും എത്തി..

അന്നത്തെപ്പോലെ പൂജയോടൊപ്പം സുഹാസിനെ കാന്റീനിലേക്ക് പറഞ്ഞയച്ചിട്ട് ജോയൽ സ്വപ്നയോട് സംസാരിക്കാൻ ആരംഭിച്ചു.. സ്വപ്നയുടെ മുഖം ശാന്തമായിരുന്നു.. ദുഃഖത്തിന്റെ ഒരു കണിക പോലും അവളുടെ മുഖത്തുണ്ടായിരുന്നില്ല.. ജോയൽ അവളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് ചോദിച്ചു.. “അശോകിന്റെ ആക്‌സിഡന്റിനെ പറ്റി സ്വപ്നയറിഞ്ഞില്ലേ?” “ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്നല്ലേ സാറേ ” “എന്നാലും അവൻ അറിയാതെ ബാൽക്കണിയിൽ നിന്നും കാൽ വഴുതി നിലത്തേക്ക് വീണെന്ന് സ്വപ്ന കരുതുന്നുണ്ടോ?” “അതിന് അവൻ അറിയാതെ നിലത്തേക്ക് വീണതല്ലല്ലോ ” സ്വപ്നയുടെ മിഴികളിൽ കനൽ എരിയുന്നുണ്ടായിരുന്നു.. അവൾ കനത്ത സ്വരത്തിൽ പറഞ്ഞു..

“അവനുള്ള ശിക്ഷ ഞാൻ തന്നെ കൊടുക്കുമെന്ന് അന്നേ ഞാൻ സാറിനോട് പറഞ്ഞതല്ലേ.. അപ്പോൾ എന്റെ ഭാവിയെപ്പറ്റിയൊക്കെ പറഞ്ഞ് സാറെന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.. വീട്ടിൽ ചെന്നിട്ട് ശാന്തമായി ആലോചിച്ചപ്പോൾ സാർ പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി.. ഞങ്ങളുടെ കല്യാണത്തിനു ശേഷം അവന് അസ്വഭാവികമായി എന്ത് സംഭവിച്ചാലും ഞാൻ സംശയത്തിന്റെ നിഴലിലാകും.. അപ്പോൾപ്പിന്നെ അധികം വച്ച് താമസിപ്പിക്കാതെ തന്നെ അവനുള്ള ശിക്ഷ നൽകണമെന്ന് ഞാൻ തീരുമാനിച്ചു.. പക്ഷേ കാര്യങ്ങൾ ഞാൻ വിചാരിച്ചത്രയും എളുപ്പമായിരുന്നില്ല.. അശോകിന് എന്തെങ്കിലും അപകടമുണ്ടാകുമ്പോൾ ആ പരിസരത്ത് ഞാനുണ്ടായാൽ പോലും സ്വഭാവികമായി അന്വേഷണം എന്റെ നേർക്ക് നീളുമെന്ന് എനിക്കറിയാമായിരുന്നു..

അപ്പോൾപ്പിന്നെ അവന്റെ കൂടെയുള്ള ആരെയെങ്കിലും കൊണ്ട് അവനെ ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന് ഞാൻ കരുതിയിരുന്നു.. എനിക്കും അശോകിനും കുറച്ച് കോമൺ ഫ്രണ്ട്സ്‌ ഉണ്ടായിരുന്നു.. അതിൽ അശോകിന് ഏറ്റവും അടുപ്പമുള്ള രണ്ടു പേരും ഉണ്ടായിരുന്നു.. നവീനും കാർത്തികും.. ഇവരിൽ രണ്ടിലൊരാളോട് എന്റെ ആവശ്യം അറിയിക്കാമെന്ന് ഞാൻ കരുതി.. നവീൻ ഒറ്റമകനാണ്. അതുകൊണ്ട് ചിലപ്പോൾ സഹോദരി സെന്റിമെന്റ്സ് ഒന്നും വർക്ക്‌ഔട്ട്‌ ആകില്ലെന്ന് എനിക്ക് തോന്നി.. കാർത്തിക്കിന്‌ ഒരു പെങ്ങളുണ്ട്.. അതുകൊണ്ട് ചിലപ്പോൾ എന്റെ അവസ്ഥ അറിയിച്ചാൽ അവനെന്നെ സഹായിക്കുമെന്ന് തോന്നി.. നേരിട്ട് കണ്ടിട്ട് ഇതിനെപറ്റി സംസാരിക്കുന്നത് അപകടമാണെന്ന് അറിയാവുന്നതിനാൽ ഞാൻ അവനെ ഫോണിൽ വിളിച്ചാണ് കാര്യങ്ങൾ അറിയിച്ചത്..

ആദ്യം എന്റെ നിർദേശം അനുസരിക്കാൻ അവൻ തയ്യാറായില്ലെങ്കിലും, നാളെ നിന്റെ സഹോദരിയ്ക്കും എന്റെ അവസ്ഥ ഉണ്ടായേക്കാമെന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ മാറി ചിന്തിക്കാൻ തുടങ്ങി.. ഒരു അവസരം കിട്ടിയാൽ അശോകിനെ ഇല്ലാതാക്കാൻ സഹായിക്കാമെന്ന് കാർത്തിക് എനിക്ക് വാക്ക് തന്നു.. അശോക് പെട്ടന്ന് മരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല.. അവൻ ചെയ്ത തെറ്റിന് പെട്ടന്നുള്ള ഒരു മരണം അവന് കിട്ടാവുന്ന ഏറ്റവും ചെറിയ ശിക്ഷയായിട്ടാണ് എനിക്ക് തോന്നിയത്… കല്യാണം തീരുമാനിച്ചതിന്റെ ആഘോഷത്തിനായിട്ട് അശോക് അടുത്ത സുഹൃത്തുക്കൾക്ക് ബുധനാഴ്ച അവന്റെ വീട്ടിൽ വച്ചൊരു പാർട്ടി കൊടുത്തു.. ആ പാർട്ടിയിൽ കാർത്തിക്കും ഉണ്ടായിരുന്നു.. കൂടെയുള്ളവർ മദ്യപിച്ചപ്പോൾ കാർത്തിക് മദ്യം കുടിക്കുന്നതായിട്ട് അഭിനയിക്കുക മാത്രമാണ് ചെയ്തത്..

കൂട്ടുകാരോടൊപ്പമുള്ള പാർട്ടി ആയതിനാൽ അശോകിന്റെ വീട്ടുകാരും അവരെ അധികമായിട്ട് ശ്രദ്ധിച്ചില്ല.. പാർട്ടി നീണ്ടു പോയപ്പോൾ അശോക് ഉൾപ്പെടെ ബാക്കിയുള്ളവരെല്ലാം മദ്യലഹരിയിൽ ആയിരുന്നു.. മറ്റാർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ അശോകിനെ കാർത്തിക് ബാൽക്കണിയിൽ നിന്നും താഴെക്ക് തള്ളിയിട്ടു..പിന്നെ കൂട്ടുകാർ മൂന്നുപേരും ചേർന്ന് ബഹളം വച്ചതിനെ തുടർന്ന് അശോകിന്റെ വീട്ടുകാരെല്ലാം ഓടിയെത്തുകയും അവനെ പെട്ടന്ന് ഹോസ്പിറ്റലിലാക്കുകയും ചെയ്തു.. ഞങ്ങളുടെ പദ്ധതി വിജയിക്കുകയാണെങ്കിൽ എന്നെ വിവരം അറിയിക്കണമെന്ന് ഞാൻ കാർത്തിക്കിനോട് പറഞ്ഞിട്ടുണ്ടായിരുന്നു..

ഉടനെ തന്നെ അവന്റെ ഫോണിൽ നിന്നും അവനെന്നെ വിളിച്ചാൽ അതൊരു സംശയത്തിന് കാരണമായേക്കാം എന്ന് കരുതിയിട്ടായിരിക്കണം കാർത്തിക് എന്നെ വിളിച്ചില്ല പകരം അശോകിന്റെ മറ്റൊരു സുഹൃത്താണ് എന്നെ വിവരം അറിയിച്ചത്.. എന്റെ പ്രിയതമനുണ്ടായ അപകടത്തിൽ ഞാൻ മനം നൊന്ത് തളർന്നിരിക്കുകയാണെന്നാണ് അശോകിന്റെ വീട്ടുകാര് പോലും കരുതിയിരിക്കുന്നത്.. ഇത്രയും ദിവസമായിട്ടും അവന് ബോധം പോലും തെളിഞ്ഞിട്ടില്ലെന്നറിഞ്ഞിട്ടും എനിക്ക് സങ്കടമൊന്നും തോന്നിയിട്ടില്ല.. സാറിനറിയാമോ? ഞാൻ റോഡിലൂടെ നടന്ന് പോകുമ്പോൾ ഒരു നായയ്ക്ക് പരിക്ക് പറ്റി കിടക്കുന്നത് കണ്ടാൽ പോലും എന്റെ മനസലിയും..

പക്ഷേ അവനെയോർത്ത് എന്റെ മനസ്സിൽ തരിമ്പും സങ്കടമുണ്ടാകില്ല.. ” സ്വപ്ന ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞവസാനിപ്പിച്ചു.. തന്റെ ഊഹം ശരിയായിരുന്നു.. അശോകിന്റെ അപകടത്തിന് സ്വപ്ന തന്നെയായിരുന്നു കാരണം.. ജോയൽ മനസ്സിൽ ചിന്തിച്ചു.. എന്തായാലും അവൾ തന്നെയെല്ലാം തുറന്നു പറഞ്ഞത് കൊണ്ട് തന്റെ ആ സംശയത്തിനുള്ള ഉത്തരം കിട്ടി.. കുറച്ച് സമയം കൂടി സ്വപ്നയും ജോയലും തമ്മിൽ സംസാരിച്ചിരുന്നു.. സ്വപ്ന തന്റെ ഭാവിയെപ്പറ്റിയുള്ള സ്വപ്‌നങ്ങൾ ജോയലിനെ അറിയിച്ചു.. തനിക്കൊരു വക്കീൽ ആകണമെന്നാണ് ആഗ്രഹമെന്ന് അവൾ പറഞ്ഞു.. കാശിനു വേണ്ടി മാത്രം വാദിക്കുന്ന വക്കീലല്ല.. നീതിയ്ക്ക് വേണ്ടി പോരാടുന്ന വക്കീൽ..

ആ കൊച്ചുപെൺകുട്ടിയുടെ മുഖത്ത് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.. സംസാരം അവസാനിപ്പിക്കുന്നതിന് മുൻപ് ജോയലിനോട്‌ അവൾ പറഞ്ഞു.. “സാർ.. അശോക് ചെയ്ത തെറ്റ് മറക്കണമെന്നും എന്നിട്ട് അവനെ വിവാഹം ചെയ്തു സുഖമായിട്ട് ജീവിക്കണമെന്നും എന്റെ അച്ഛൻ എന്നെ ഉപദേശിച്ചതാണ്.. നമ്മളെ ഒരു മൃഗം ഉപദ്രവിച്ചാൽ ആ മൃഗത്തെ സ്നേഹിക്കാൻ നമുക്ക് കഴിയുമോ? അതുപോലെയാണ് മനുഷ്യന്റെ കാര്യവും അവനെന്റെ ശരീരവും മനസും ഒരുപോലെ പിച്ചിചീന്തിയവനാണ്.. അവനെക്കുറിച്ചു ഓർക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ വെറുപ്പ് നുരച്ചു പൊന്തും.. ജീവിതത്തിൽ ഒരിക്കലും അവന് മാപ്പ് കൊടുക്കാൻ എനിക്ക് കഴിയില്ല..

എന്റെ ശരീരത്തിനേറ്റ ഈ മുറിവ് കരിഞ്ഞേക്കാം.. പക്ഷേ എന്റെ മനസ്സിൽ ആഴത്തിലേറ്റ ആ മുറിവ് ഒരിക്കലും ഉണങ്ങില്ല.. ഒരു കനലായിട്ട് ഞാൻ അത്‌ മനസ്സിൽ സൂക്ഷിക്കുകയും ചെയ്യും.. മറ്റൊന്നിനും വേണ്ടിയല്ല.. ജീവിതത്തിൽ ഇനിയൊരിക്കലും ആരെയും കണ്ണുമടച്ചു വിശ്വസിക്കാതിരിക്കാൻ..” “ആ കനൽ നീ സൂക്ഷിച്ചു വച്ചോളൂ.. അതായിരിക്കണം ഇനി നിന്റെ ജീവിതത്തിലെ പോസിറ്റീവ് എനർജി.. ആരു തളർത്താൻ ശ്രമിച്ചാലും തളർന്നു പോകാതെ ജീവിക്കാനുള്ള പോസിറ്റീവ് എനർജി ആയിരിക്കണമത് ” “ഉം ” ജോയൽ ഫോൺ ചെയ്ത് സുഹാസിനോടും പൂജയോടും വരാൻ പറഞ്ഞു.. അവർ രണ്ടുപേരും കാബിനിൽ എത്തിയപ്പോൾ ജോയൽ സുഹാസിനോടായിട്ട് പറഞ്ഞു..

“കുറച്ച് ദിവസം കൂടി സ്വപ്ന നിന്റെ വീട്ടിൽ നിൽക്കട്ടെ.. അവളുടെ മനസിന് നല്ല മാറ്റമുണ്ട്.. ” “ശരി അച്ചായാ.. അവളെ തത്കാലം ഞങ്ങളുടെ കൂടെ നിർത്താനാണ് ഞാനും തീരുമാനിച്ചത് ” സ്വപ്നയും സുഹാസും യാത്ര പറഞ്ഞു പോയി.. തല ഉയർത്തി പിടിച്ചു നടന്ന് പോകുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ ജോയലിന് സന്തോഷം തോന്നി.. റിജോയുടെയും ശ്യാമിന്റെയും സർജറി കഴിഞ്ഞു.. ശ്യാമിനെ അന്ന് തന്നെ വാർഡിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.. റിജോയ്ക്ക് അനെസ്തേഷ്യ സമയത്ത് കോംപ്ലിക്കേഷൻ ഉണ്ടായത് കൊണ്ട് അവനെ ഐസിയൂവിലേക്കും ഷിഫ്റ്റ്‌ ചെയ്തു.. രണ്ടു ദിവസം കഴിഞ്ഞു ശ്യാമിന്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയുമെത്തി അവനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി..

പോകുന്നതിന് മുൻപ് അവനെക്കൊണ്ട് ജോലി റിസൈൻ ചെയ്യിപ്പിക്കുകയും ചെയ്തു.. അവന്റെ സാഹചര്യം കണക്കിലാക്കി നഴ്സിംഗ് സൂപ്രണ്ടന്റ് അവന്റെ റിസൈൻ ലെറ്റർ സ്വീകരിച്ചു.. ക്ലിയറൻസ് എല്ലാം കഴിഞ്ഞു അച്ഛനും അമ്മയോടുമൊപ്പം നാട്ടിലേക്ക് പോകുന്നതിന് മുൻപ് ശ്യാം ഐസിയൂവിലെത്തി റിജോയോട് യാത്ര പറഞ്ഞു.. റിജോ വേദനയുടെ ഇടയിലും പുഞ്ചിരിക്കാൻ ശ്രമിച്ചു.. ബൈക്ക് പണിയെല്ലാം കഴിഞ്ഞിട്ടു സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ട് മാതാപിതാക്കളോടൊപ്പം അന്ന് വൈകിട്ടത്തെ ട്രെയിനിൽ ശ്യാം നാട്ടിലേക്ക് പോയി.. ട്രെയിനിലെ വിൻഡോ സീറ്റിന്റെ അരികിലിരിക്കുമ്പോൾ അവന്റെ മനസിലേക്ക് അമേയയുടെ മുഖം ഓടി വന്നു…

ഇനിയൊരിക്കലും താൻ അവളെ കാണില്ലെന്നോർത്തപ്പോൾ നെഞ്ചിൽ എവിടെയോ ഒരു നൊമ്പരം പോലെ തോന്നുന്നു.. ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി അവൾ പടിയിറങ്ങി പോയെന്നുള്ള ആ സത്യത്തെ അപ്പോളും അവന് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.. ശ്യാം കണ്ണുകൾ ഇറുക്കിയടച്ചു.. അമേയയുടെ ചിരിക്കുന്ന മുഖം.. തൊട്ടരികിൽ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ജോയൽ നിൽക്കുന്നു.. ശ്യാം അസഹ്യതയോടെ ശിരസ്സ് വെട്ടിച്ചു.. പിറ്റേന്ന് ശ്യാം വീട്ടിലെത്തിയയുടനെ മുഖവുരയൊന്നും കൂടാതെ അച്ഛൻ അവനോട് പറഞ്ഞു.. “ശ്യാമേ.. ഇനിയും നിന്നെ ഇങ്ങനെ കയറൂരി വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. നിന്റെ അവിടത്തെ ചുറ്റിക്കളിയൊക്കെ ഇനിയും തുടരണ്ടെന്ന് കരുതിയാണ് പിടിച്ചപിടിയാലേ നിന്നെ നാട്ടിലേക്ക് കൊണ്ട് വന്നത്..

എന്തായാലും നിന്റെ കയ്യിലെ ഫ്രാക്ചർ ശരിയാകുന്നത് വരെ തത്കാലം നിനക്കെവിടെയും ഡ്യൂട്ടിക്ക് കയറാൻ പറ്റില്ലല്ലോ.. നീയിനി നാട്ടിലെവിടെയും ജോലിക്ക് ശ്രമിക്കുകയും വേണ്ട.. ഗൾഫിൽ പോകാനുള്ള ഏർപ്പാട് എന്താണെന്ന് വച്ചാൽ നോക്കിക്കോ.. അതിന് വേണ്ടി വല്ല ചില്ലറയും ചിലവാക്കേണ്ടി വന്നാൽ അതും ഞാൻ തന്നേക്കാം ” ശ്യാം എന്ത് മറുപടി പറയണമെന്നറിയാതെ നിന്നു.. “ആ.. പിന്നൊരു കാര്യം കൂടി.. നിന്റെ കല്യാണം അധികം വച്ച് താമസിപ്പിക്കാതെ നടത്താൻ ഞാൻ തീരുമാനിച്ചു.. ആ ബ്രോക്കറിനോട് നല്ല ആലോചന വല്ലതുമുണ്ടെങ്കിൽ കൊണ്ട് വരാൻ ഞാൻ പറഞ്ഞിട്ടുണ്ട് ” “എനിക്കിപ്പോൾ ഉടനെ കല്യാണമൊന്നും വേണ്ട ” അച്ഛന്റെ മുഖത്ത് നോക്കാതെ ശ്യാം മറുപടി പറഞ്ഞു.. “ഉടനെയൊന്നുമല്ല..

ഒന്ന് രണ്ട് മാസം കഴിഞ്ഞേ ഉണ്ടാകുകയുള്ളൂ… അല്ലാതെ കയ്യിൽ ഈ കെട്ടും വച്ച് കൊണ്ട് താലി കെട്ടാനൊന്നും പറ്റില്ലല്ലോ ” “അച്ഛനെന്താ എന്നെ കളിയാക്കുവാണോ? ” “നിനക്ക് ജീവിതത്തിൽ കുറച്ച് ഉത്തരവാദിത്തം വേണമെങ്കിൽ ഒരു പെണ്ണ് നിന്റെ ജീവിതത്തിലേക്ക് വരണം.. ഇല്ലെങ്കിൽ നീ ഇനിയുമിങ്ങനെ കുഞ്ഞ് കളിച്ചു നടക്കും.. അതൊന്നും ഇനി അനുവദിച്ചു തരാൻ പറ്റില്ല.. ഇന്ന് വൈകിട്ട് ബ്രോക്കർ വരും.. അയാൾ കൊണ്ടുവരുന്ന ആലോചനയിൽ നിനക്ക് താല്പര്യമുള്ളത് നോക്കി നമുക്ക് നടത്താം ” “അച്ഛാ.. നല്ലൊരു ജോലി പോലുമില്ലാതെ..” “ജോലി ഉണ്ടായിക്കോളും.. കൂടുതൽ ഒന്നും പറയണ്ട.. എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല ” വൈകുന്നേരം ബ്രോക്കർ കുറേ പെൺകുട്ടികളുടെ ഫോട്ടോയുമായി വന്നു..

ഒന്ന് രണ്ട് ഫോട്ടോസ് ശ്യാമിനെ കാണിച്ചിട്ട് അയാൾ ആ പെൺകുട്ടികളെപ്പറ്റിയുള്ള ഡീറ്റെയിൽസ് ശ്യാമിനെ അറിയിച്ചു.. ശ്യാം ഒട്ടും താല്പര്യമില്ലാത്ത രീതിയിൽ അതൊക്കെ കേട്ടിരുന്നിട്ട് തനിക്ക് ഇഷ്ടമായില്ലെന്ന് അറിയിച്ചു.. ബ്രോക്കർ നിരാശയോടെ അവിടെ നിന്നും തിരിച്ചു നടന്നു.. രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോൾ റിജോയെ വാർഡിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.. സ്റ്റെഫി ഡ്യൂട്ടിയിലുള്ളപ്പോൾ അവളവനെ ഒരു കൊച്ചു കുഞ്ഞിനെ പരിചരിക്കുന്നത് പോലെ പരിചരിച്ചു.. ദിവസങ്ങൾ വീണ്ടും കടന്ന് പോയി.. അജിത്തിന്റെ പള്ളിയിൽ വച്ച് അജിത്തിന്റെയും ടീനയുടെയും വിവാഹം നടന്നു.. രണ്ടുപേരുടെയും ബന്ധുക്കളുടെ സാമീപ്യത്തിൽ വച്ച് മംഗളകരമായി ആ ചടങ്ങ് നടന്നു.. അജിത്തും ടീനയും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു…… തുടരും…….

ഈറൻമേഘം: ഭാഗം 37

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-