ശിവഭദ്ര: ഭാഗം 24

ശിവഭദ്ര: ഭാഗം 24

എഴുത്തുകാരി: ദേവസൂര്യ

“”നീയെന്താ ഇവിടെ ഇരിക്കുന്നെ മഹി?? “”…. പിന്നിൽ നിന്നുള്ള ശബ്‌ദമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്… ഹെഡ്സെറ്റ് ചെവിയിൽ നിന്ന് മാറ്റി തിരിഞ്ഞു നോക്കുമ്പോൾ… ശിവയായിരുന്നു.അവൻ തൂണിൽ ചാരി മഹിക്കരികിൽ വന്നിരുന്നു… “”ഏയ്യ് ഞാൻ വെറുതെ… ഈ തണുപ്പിൽ ഇങ്ങനെ പാട്ടും കേട്ട് ഇരിക്കാൻ വല്ലാത്ത സുഖം… “” മഹി ശിവയെ നോക്കി ഒന്നു പുഞ്ചിരിച്ചു… തണുത്ത കാറ്റിനോടൊപ്പം ഇലഞ്ഞി പൂത്ത മണം ഇരുവർക്കുമിടയിൽ തളം കെട്ടി നിന്നിരുന്നു.. ശിവ.. ആ നറുമണം കണ്ണടച്ചു കൊണ്ട് പതിയെ ശ്വസിച്ചു… “”ആ പെണ്കുട്ടിയല്ലേ ശിവ നിന്റെ ഭദ്ര…?? “”

മഹി കണ്ണടച്ച് നിൽക്കുന്ന ശിവയെ നോക്കി ചോദിച്ചു… മഹിയുടെ ചോദ്യം കേൾക്കെ… പതിയെ കണ്ണ് തുറന്ന ശിവയുടെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു…. “”ഞാൻ ഒരാളെയേ പ്രണയിച്ചിട്ടുള്ളു മഹി… ഭദ്രയെ എനിക്ക് നേരത്തെ അറിയാമെന്നു നിനക്കറിയാലോ… ഒത്തിരി ആയി മനസ്സിൽ കൊണ്ട് നടക്കുന്നു…യാദ്രശ്ചികമായി ഇവിടെ വന്നു പെട്ടത് ആണെങ്കിലും…. അവൾ എനിക്കുള്ളതാണ് എന്ന് മുൻപേ തന്നെ തോന്നിയിരുന്നു… അവന്റെ കണ്ണിൽ പ്രണയം നിറയുന്നത് മഹി കണ്ടു… “” പിന്നീട് കൂടുതൽ ഒന്നും പറയാതെ മഹി പുഞ്ചിരി സമ്മാനിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു… ഒരുപക്ഷെ അന്ന് ഭദ്രയുടെ കാര്യം ആതി അറിഞ്ഞിരുന്നില്ല എങ്കിൽ… അവൾ അവളുടെ ഇഷ്ട്ടം ശിവയോട് പറയുമായിരുന്നു… ആ കണ്ണിലെ വേദന ഇന്ന് തനിക്ക് കാണേണ്ടതായിരുന്നു…

ശിവ തന്റെ ജീവനാണ്… ആതി അവന് സ്വന്തമാവുന്നത് ഒരുപക്ഷെ തനിക്കു ഇത്ര സങ്കടം ഉണ്ടാക്കില്ലായിരുന്നു എന്നവൻ ചിന്തിച്ചു… ചിന്തകൾക്കൊടുവിൽ എപ്പോളോ നിദ്രയെ പുൽകുമ്പോളും… അടുത്ത മുറിയിൽ അവൾ ഉറങ്ങാതെ കിടക്കുകയായിരുന്നു… അവളുടെ കണ്ണുകൾ തോരാതെ പെയ്തിറങ്ങുന്നു… കയ്യിലെ ഡയറിയിലെ നീലമഷി പേന എന്തൊക്കെയോ കോറിയിടുന്നു…. “”അകലങ്ങളിൽ ആണെങ്കിലും… ചെറുമൗനം കൊണ്ട് അടുത്തിരുന്നു…. ഇന്നും ഒരു പാഴ്ക്കിനാവ് ആണെന്നറിഞ്ഞിട്ടും… വെറുതെ… വെറുതെ ഓർമിക്കുന്നു…. മറക്കാൻ മറന്നു പോവുന്നു…. “” കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ എഴുതിയ വരികളിൽ പടർന്നു…ചെറുതേങ്ങലോടെ അവൾ കട്ടിലിലേക്ക് ചാഞ്ഞു… തലയിണയിൽ കണ്ണുനീർ കുതിർന്നു… വിറയ്ക്കുന്ന ചുണ്ടുകൾ കവിളിണകളോട് മൗനമായി എന്തോ തേങ്ങുന്നു… ❤🖤

പതിവില്ലാതെ ഭദ്രയുടെ ഫോണിൽ ഒരു കോൾ വന്നു കിടക്കുന്നത് കണ്ടപ്പോൾ…അവൾ സംശയത്തോടെ ഫോൺ എടുത്തു… “”ഹലോ…”” മറുതലക്കൽ നിന്ന് കേട്ട ശബ്‌ദത്തിന് മറുപടിയായ് ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… “”കെട്ടാൻ പോകുന്ന ചെക്കന്റെ നമ്പർ അറിയാത്ത ആദ്യത്തെ കാമുകി നീയായിരിക്കും ഭദ്രേ…”” അവന്റെ ശബ്ദത്തിലെ കുസൃതി അറിഞ്ഞതും അവളുടെ കണ്ണിൽ കുറുമ്പ് നിറഞ്ഞു… “”നമ്പർ അല്ലേ ഇല്ലാത്തതുള്ളൂ…ഇയാളെ ഓർക്കാൻ എനിക്ക് നമ്പർ ഒന്നും വേണ്ട…ഒന്ന് കാണാൻ തോന്നിയാൽ അപ്പോൾ കാണാലോ….”” “”ന്നാലും ഈ സംസാരം ഒരു പ്രത്യേക രസമാണ് ഭദ്രേ…കാണാതെ ശബ്‌ദം കൊണ്ട് മാത്രം പ്രണയം കൈമാറുന്നത്…ചില നേരങ്ങളിൽ നിശ്വാസങ്ങൾ മാത്രം പ്രണയം കൈമാറുന്നതും….”” അവന്റെ പ്രണയത്തോടുള്ള സ്വരം കേൾക്കെ കവിളുകൾ ചുവന്നു…

രാവിലെ നടന്നത് ഓർമ്മയിൽ വന്നു…വിരലുകൾ അറിയാതെ ചെറുതായി പൊട്ടിയ ചുണ്ടിലെത്തി… “”ഭദ്രേ….”” ആർദ്രമായുള്ള സ്വരത്തിന് നേർത്ത മൂളൽ മാത്രം മറുപടിയായി നൽകി… “”ഇനി എത്ര ദിവസം ഉണ്ട് എന്നറിയുമോ കല്യാണത്തിന്??…”” “”മ്മ്ഹ്ഹ്…”” നേർത്ത മൂളൽ മാത്രം നൽകുമ്പോൾ ഇരുവർക്കുമിടയിൽ നിശബ്തത മാത്രം നിറഞ്ഞു… “”എനിക്കൊരു പാട്ട് പാടി തരുമോ??..”” അവളുടെ സ്വരം കേട്ടപ്പോൾ അവന്റെ കണ്ണിൽ പുഞ്ചിരി വിരിഞ്ഞു… “”ഇപ്പോളോ??..”” “”മ്മ്ഹ്ഹ്…കേൾക്കാൻ തോന്നുന്നു ശിവേട്ടാ…”” അപ്പുറത്ത് മൗനം നിറഞ്ഞപ്പോൾ അവൾ പാട്ടിനായി കാതോർത്തു…. “”പതിയെ പതിയെ ചെല്ലക്കാറ്റിൻ തേരിൽ… ഒഴുകും തൂവൽ പോലെ നീ…. തിരയെ പോലെ മൺകര തൻമേലേ…

ഒന്നാക്കാനോ തോന്നുന്നു…. പുല്പായയിൽ മീതെ…ചായും മനസമേ നീ… മഴയായി വാങ്ങുന്നെന്നുടെ ശൃഗാരം… പറയൂ നീ…സൗഹൃദം ഒരു പ്രണയക്കാറ്റായോ…അറിയില്ല… എന്നാണിത് തോന്നിയതറിയില്ല…..”” ഭദ്ര കണ്ണടച്ചു പാട്ട് കേൾക്കുമ്പോൾ വീണ്ടും നിശബ്തത നിറഞ്ഞു ഇരുവർക്കുമിടയിൽ “”പാട്ട് കേട്ട് ഉറങ്ങി പോയോ ഭദ്ര കുട്ട്യേ?? “”.. അവന്റെ കുസൃതിയോടുള്ള ശബ്‌ദം കേട്ടപ്പോൾ അവളിൽ ചിരിവിരിഞ്ഞു…. “”എന്ത്‌ രസായിട്ടാ പാടുന്നേ…എനിക്കിനിയും പാടി തരണം….”” “”കെട്ടിക്കഴിഞ്ഞാൽ പിന്നെ എന്നും കേൾക്കാലോ പാട്ട്…”” അപ്പുറത്ത് മൗനം നിറഞ്ഞപ്പോൾ അവൻ പതിയെ ബെഡിലേക്ക് ചാഞ്ഞു… “”ന്നാൽ ശെരി വെച്ചോ…ഞാൻ ചുമ്മാ എന്റെ കാമുകിയെ വിളിക്കാൻ തോന്നിയപ്പോൾ ഒന്ന് വിളിച്ചു നോക്കിയതാ….പിന്നെ വിളിക്കാം…”” അവന്റെ വാക്കുകൾക്ക് നേർത്ത മൂളൽ മാത്രം നൽകി..ഫോൺ വെക്കുമ്പോളും ചുണ്ടുകൾ വിരിഞ്ഞിരുന്നു…കണ്ണുകൾ പിടച്ചിരുന്നു…. ❤🖤❤🖤❤🖤

രാത്രി ഒരുപാട് വൈകിയിട്ടും രുദ്രനെ കാണാതിരുന്നപ്പോൾ വൈഗയ്ക്ക് എന്തോ വല്ലായ്മ തോന്നി… ഉച്ചക്ക് കഴിക്കുവാനും കണ്ടില്ല… വിളിച്ചു നോക്കാം എന്ന് വിചാരിക്കുകയാണെങ്കിൽ… ഫോൺ നമ്പറും കയ്യിൽ ഇല്ലല്ലോ എന്നവൾ ഓർത്തു… ഭക്ഷണം എടുത്തു വെച്ചു എല്ലാവരും ഇരിക്കുമ്പോളും അവൾക്കെന്തോ വല്ലാത്ത വീർപ്പുമുട്ടൽ പോലെ തോന്നി…അമ്മക്കും ഭദ്രക്കും വിളമ്പി കൊടുത്ത് മാറി നിൽക്കുന്നത് കണ്ടപ്പോൾ അവർ അവളോട് സംശയത്തോടെ ചോദിച്ചു… “”അവൻ വരാൻ ചിലപ്പോൾ വൈകാറുണ്ട് മോളെ… മോൾ കഴിക്ക്… “” അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ… ചെറുപുഞ്ചിരിയോടെ രുദ്രേട്ടൻ വന്നിട്ട് കഴിക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞു… “”വൈഗേച്ചി… രുദ്രേട്ടന് ഇങ്ങനത്തെ ശീലങ്ങൾ ഒക്കെ ഉണ്ട്…

ചിലപ്പോൾ പാതിരാത്രി ആവും വരാൻ… കാത്തിരുന്നു നമ്മൾ ഉറങ്ങി പോകും… “” “”ഏട്ടൻ വരട്ടെ മോളെ… എന്നിട്ട് കഴിച്ചോളാം ചേച്ചി… “” ചെറുപുഞ്ചിരിയോടെ വീണ്ടും തങ്ങളെ നോക്കി പറയുന്നവളോട് പിന്നെ ഒന്നും പറയാൻ പോയില്ല… അവർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോളും ഇടയ്ക്കിടെ വൈഗയുടെ കണ്ണുകൾ ഉമ്മറത്തേക്ക് പോകുന്നുണ്ടായിരുന്നു… ഉള്ളിൽ എന്തോ ഭയം വന്നു മൂടുന്നു…ആ മുഖമൊന്ന് കാണുവാൻ വല്ലാത്ത കൊതി തോന്നുന്ന പോലെ….ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രം എടുത്ത് വച്ചു കൊണ്ട്…അവൾ ഉമ്മറത്തെ ചെറുപടിയിൽ വന്നിരുന്നു….കണ്ണുകൾ പ്രതീക്ഷയോടെ പുറത്തേക്ക് തന്നെ മിഴിവുറ്റി….

“”വരാൻ വൈകുമെങ്കിൽ ഒന്ന് വിളിച്ചൂടെ..”” അവളുടെ കണ്ണിൽ പരിഭവം നിറഞ്ഞു….കൈവിരലുകൾ സാരിത്തലത്തിൽ തെരുപ്പിടിച്ചു… ധൃതിയിൽ ശിവ വീടിന്റെ ഉള്ളിലേക്ക് വരുന്നത് കണ്ടപ്പോൾ അവളുടെ ഉള്ളിൽ സംശയം നിറഞ്ഞു….അവനാകെ വിയർത്തിരിക്കുന്നു…ചെവിയോട് ഫോണും ചേർത്ത് പിടിച്ചിരിക്കുന്നു…. “”എന്ത്‌ പറ്റിയെടാ കുഞ്ഞാ…ഏഹ്ഹ്??… “” അവന്റെ നിൽപ്പ് കണ്ടപ്പോൾ അവൾ സംശയത്തോടെ ചോദിച്ചു…. “”അമ്മയും ഭദ്രയും എവിടെ ചേച്ചി?? “” അപ്പോളേക്കും ഇരുവരും ഉള്ളിൽ നിന്ന് വന്നിരുന്നു…. “”എന്താ മോനെ…എന്താ ഇങ്ങനെ വിയർക്കുന്നത്..?? “” അവൻ തളർച്ചയോടെ തൂണിലേയ്ക്ക് ചാരി നിൽക്കുന്നത് കണ്ട് ചോദിച്ചു… “”അ..അത് പിന്നെ..വേഗം റെഡി ആവ്..നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോവണം…””

ശിവയുടെ വാക്കുകൾ കേട്ടപ്പോൾ വൈഗയുടെ കണ്ണുകൾ കുറുകി…. “”രുദ്രേട്ടന് ഒരു ആക്‌സിഡന്റ്….ഹോസ്പിറ്റലിൽ കൊണ്ട് ആക്കിയ ആളുകൾ ആണ് വിളിച്ചത്…”” ശിവയുടെ പതർച്ചയോടുള്ള വാക്കുകൾ കേട്ടപ്പോൾ വൈഗയിൽ കൊള്ളിയാൻ മിന്നി….കൈവിരലുകൾ അറിയാതെ കഴുത്തിൽ കിടക്കുന്ന താലി ചരടിലേക്ക് നീണ്ടു….കണ്ണുകൾ നിറയുന്നു…ചുണ്ടുകൾ വിറക്കുന്നു…കാലുകൾ തളരുന്നു…. “”എ..എവിടെയാ ശിവ…പറ പറയാൻ…നിക്ക് കാണണം…പറ…”” അവളുടെ കരച്ചിൽ കേട്ടപ്പോൾ എന്ത്‌ പറയണം എന്നറിയാതെ നിന്നു…അമ്മ നേര്യതിന്റെ തുമ്പിനാൽ വിതുമ്പുന്ന ചുണ്ടുകൾ മറച്ചു പിടിച്ചു…ഭദ്ര വൈഗയെ സമാധാനിപ്പിക്കുന്നുവെങ്കിലും ഇരുവരും കരയുകയാണ്… ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് നടക്കുമ്പോൾ..കാലുകളുടെ ബലം നഷ്ടപ്പെടുന്നത് വൈഗ അറിയുന്നുണ്ടായിരുന്നു….

വീഴാൻ പോകുന്നോ…അവളുടെ കൈ തലം ധൈര്യത്തിനായി ഭദ്രയുടെ കൈകളിൽ മുറുകി…കാലുകൾക്ക് കണ്ണിനേക്കാൾ വേഗത കൂടുന്നു…പെയ്തിറങ്ങുന്ന കണ്ണുനീർ അവളെ വെറുതെ ആശ്വസിപ്പിക്കുന്നു… ഐ. സി. യു വിന്റെ മുന്നിൽ ആണെന്ന് അറിഞ്ഞപ്പോൾ നെഞ്ചോന്ന് പിടഞ്ഞു…ഏന്തി വലിഞ്ഞു ആയാസപ്പെട്ട് ഉള്ളിലേക്ക് നോക്കിയവൾ…നെഞ്ചിനെന്തോ വല്ലായ്മ…വീണുപോകുമോ എന്ന് വീണ്ടും പേടി നിറഞ്ഞു…ഭദ്രയുടെ കൈത്തലത്തിൽ വീണ്ടും കൈകൾ മുറുകി…വലത് കൈ താലിയിൽ മുറുകെ പിടിച്ചു… ചുണ്ടുകൾ വിറകൊണ്ടു…കണ്ണുകൾ പെയ്തിറങ്ങി… “”ഹോ…കൊണ്ട് വന്നപ്പോൾ കാണണമായിരുന്നു…ചോരയിൽ മുങ്ങി…ബാക്കി കിട്ടുമോ എന്ന് തന്നെ സംശയമാണ്….ഏതോ ടിപ്പർ ഇടിച്ചു തെറിപ്പിച്ചതാണ് എന്ന കേട്ടത്…

“” കസേരയിൽ ഇരിക്കുന്ന ഒരുവൻ മറ്റൊരുവനോട് പറയുന്നത് കേട്ടപ്പോൾ…ഞെട്ടലോടെ അവൾ ഐ സി യു വിന്റെ ഉള്ളിലേക്ക് നോക്കി…പച്ച കർട്ടന്റെ ഇടയിലൂടെ പാതി മറഞ്ഞു…രുദ്രനെ കണ്ടപ്പോൾ കണ്ണുകൾ വീണ്ടും കരഞ്ഞു… ശരീരത്തിൽ നിറയെ വയറുകൾ നിറഞ്ഞു കിടക്കുന്നവനെ കണ്ടതും….അവളുടെ നെഞ്ച് പൊട്ടി….ആ കൈകളിൽ ഒന്ന് അമർത്തി പിടിക്കുവാൻ തോന്നുന്നു… അവളുടെ ചുണ്ടുകൾ വിറച്ചു….തളർച്ചയോടെ അവൾ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു….. കണ്മുന്നിൽ അവന്റെ കുസൃതിയോടുള്ള കണ്ണുകൾ തെളിഞ്ഞു വന്നു….എപ്പോളും ഉണ്ടാവാറുള്ള പുഞ്ചിരി….തന്നെ ചേർത്ത് പിടിച്ച ആ കൈകൾ…ഓർക്കവേ അവൾക്ക് നെഞ്ച് പൊട്ടി….

എന്റെയാ എന്ന് ഉള്ളിൽ നിന്ന് ആരോ പറയുന്നു….വേദനിക്കുന്നു… ഒന്ന് കാണാൻ വല്ലാതെ വേദനിക്കുന്നു…. ശിവ നടുക്കത്തോടെ അടുത്ത് ഇരിക്കുന്നവളെ ഒന്ന് നോക്കി….ആ കൈകൾ താലിയിൽ പിടിമുറുക്കിയിട്ടുണ്ട്….കണ്ണുകൾ പ്രതീക്ഷയോടെ ഐ സി യു വിന്റെ ഉള്ളിലേക്ക് ഇടയ്ക്കിടെ ചെന്നെത്തുന്നുണ്ട്… അവളുടെ കണ്ണിൽ നിന്നറിയാം…ആ ഹൃദയം വല്ലാതെ വേദനിക്കുന്നു….മുൻപ് വേദനിച്ചതിനേക്കാൾ….പ്രിയപെട്ടവന് വേണ്ടി..അവന്റെ കണ്ണുകളിലും കണ്ണുനീർ പൊടിഞ്ഞു…തളർച്ചയോടെ അവൻ കൈ തലക്ക് കൊടുത്തു കൊണ്ട് ചാഞ്ഞിരുന്നു…….(തുടരും )….

ശിവഭദ്ര: ഭാഗം 23

Share this story