തമസ്സ്‌ : ഭാഗം 37

തമസ്സ്‌ : ഭാഗം 37

എഴുത്തുകാരി: നീലിമ

“”നിൽക്ക് വിനോദ്…. ഇത് ഈ സ്ത്രീയുടെ കുട്ടിയല്ല… ഇവര്… ഇവര് ഈ കുഞ്ഞിനെ മോഷ്ടിച്ചതാണ്….””” അവൾ തറപ്പിച്ചു പറഞ്ഞു….. “”””താൻ എന്താ റോസ് ഈ പറയുന്നത്….?”””” വിനോദ് ഞെട്ടലോടെ അവളെ നോക്കി…. അവന്റെ ശബ്ദത്തിനൊപ്പം കയ്യിലെയും വിറയൽ അവൾക്ക് തിരിച്ചറിയാനായി…. അപ്പൊ ഇതിന് പിന്നിലും നീയാണോ വിനോദെ….? അതോ അതാരാണെന്ന് നിനക്ക് അറിയുമോ? അത് ഇനി എന്ത്‌ തന്നെ ആയാലും ഇന്ന് ഈ കുഞ്ഞിന്റെ രക്ഷകൻ ആകാൻ പോകുന്നത് നീയാണ് വിനോദെ….. ഇത് പോലെ എത്രയോ കുഞ്ഞുങ്ങളെ നീ തെരുവിൽ ആക്കിയിട്ടുണ്ട്…….

എത്രയോ മാതാപിതാക്കൾ തങ്ങളുടെ പോന്നോമനകൾ എവിടെ ആണെന്ന് പോലും അറിയാനാകാതെ വേദനയാൽ ഉരുകി തീർന്നിട്ടുണ്ട്…. അതിനൊക്കെ പകരമാകില്ലെങ്കിലും ഇന്ന് ഇവനെ നീ തന്നെ പോലീസ് സ്റ്റേഷനിൽ എത്തിക്കും…. ഇവന്റെ മാതാപിതാക്കളെ കണ്ടെത്താൻ നീ കാരണമാകും…. എനിക്ക് വേണ്ടി…. ഇപ്പോൾ ഞാൻ എന്ത്‌ പറഞ്ഞാലും നീ അത് അനുസരിക്കും എന്നെനിക്ക് അറിയാം വിനോദെ….. ഇങ്ങനെ ഒരവസരം എനിക്ക് നൽകിയത് ഈശ്വരനാണ്…. നിനക്കുള്ള എന്റെ ആദ്യത്തെ ചെറിയ ശിക്ഷ…! അവന്റെ കയ്യിലെ പിടി വിടാതെ തന്നെ അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി മനസ്സിൽ പറഞ്ഞു. അപ്പോഴേയ്ക്കും അപകടം മണത്ത ആ സ്ത്രീ കുഞ്ഞുമായി ഓടി രക്ഷപെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം…..

ജാനി വിനോദിന്റെ കയ്യിലെ പിടി വിട്ട് അവരുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തു…. എന്റെ കുഞ്ഞ് എന്ന് പറഞ്ഞു ആ സ്ത്രീ ബഹളം വയ്ക്കാൻ തുടങ്ങി… “”””റോസ്… ആ കുഞ്ഞിനെ അവർക്ക് കൊടുക്ക്‌…”””” റോസിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി തിരികെ നൽക്കാൻ വിനോദ് ഒരു വിഭല ശ്രമം നടത്തി. “”””ഇത് അവരുടെ കുഞ്ഞല്ല വിനോദ്… ഞാൻ നുണ പറയും എന്ന് നിനക്ക് തോന്നുന്നുണ്ടോ? അതോ എന്നെ നിനക്ക് വിശ്വാസമില്ലേ?”””” വിനോദിന് നൽക്കാതെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച് കൊണ്ടുള്ള ജാനിയുടെ ചോദ്യത്തിന് അവൻ മറുപടി നൽകിയില്ല. “”””

നിങ്ങൾ ഒരു നല്ല മനുഷ്യനാണെന്ന് ഞാൻ വിശ്വസിക്കുന്നു വിനോദ്… എന്റെ ആ തോന്നൽ നിങ്ങൾ തന്നെ ഇല്ലാതാക്കരുത്. ഇപ്പൊ ഈ കുഞ്ഞിനെ ഇവരിൽ നിന്നും രക്ഷിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്… അതിന് നിങ്ങൾ എന്റെ കൂടെ നിന്നെ പറ്റൂ…..”””” റോസിനെ നഷ്ടപ്പെടാൻ വയ്യാത്തതിനാൽ അവളോടൊപ്പം നിൽക്കുന്നയല്ലാതെ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല അവന്…. ബഹളം കേട്ട് അപ്പോഴേയ്ക്കും കുറച്ചു ആളുകൾ അവരുടെ ചുറ്റിനും കൂടിയിരുന്നു. അവരുടെ ഒപ്പം ആൽവിയുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. വിനോദിന് ആൽവിനെ തിരിച്ചറിയാനാകും എന്നുള്ളതിനാൽ ആൽവി മാത്രം അങ്ങോട്ടേയ്ക്ക് വന്നില്ല. ആൽവിയുടെ സുഹൃത്തുക്കളിൽ ഒരാൾ മുന്നിലേയ്ക്ക് വന്നു. “”

“”എന്താ സിസ്റ്ററെ? എന്താ പ്രശ്നം?”””” അയാൾ റോസിനെയും ആ നാടോടി സ്ത്രീയെയും മാറി മാറി നോക്കി ചോദിച്ചു. “”””ഇത് ഇവരുടെ കുഞ്ഞല്ല ചേട്ടാ…. ഈ കുഞ്ഞിനെ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു തമിൾ ചാനലിലെ ഡോക്യൂമെന്ററിയിൽ ഞാൻ കണ്ടിരുന്നു. അന്ന് ഈ കുട്ടിയുടെ അച്ഛനമ്മമാരെയൊക്കെ അതിൽ കാണിച്ചിരുന്നു…. ഇവര് കള്ളിയാണ്… ഇവരെ പോലീസിൽ ഏൽപ്പിക്കണം…”””” ജാനകി ശക്തമായ ഭാഷയിൽത്തന്നെ പറഞ്ഞു. “”””ആഹാ… ഇതിപ്പോ ഒരുപാടിടത്തു നടക്കുന്നുണ്ടല്ലോ…. അങ്ങനെ ആണെങ്കിൽ ഇവളെ വെറുതെ വിടരുത്…നമുക്ക് കയ്യോടെ പോലീസിൽ ഏൽപ്പിക്കാന്നെ….

“””” അവിടെ ഓടിക്കൂടിയവരിൽ ഒരാളുടേതായിരുന്നു അഭിപ്രായം…. മറ്റുള്ളവരും അത് ശെരി വച്ചപ്പോൾ നിന്നു കൊടുക്കുകയല്ലാതെ വിനോദിനും മാർഗ്ഗം ഇല്ലാതെയായി…. “”””സാർ… ഇവിടുത്തെ ലോക്കൽ പോലീസ് സ്റ്റേഷന്റെ നമ്പർ ഞാൻ തരാം… സാർ ഒന്നവിടെ വിളിച്ച് ഇൻഫോം ചെയ്യാമോ? എന്റെ മൊബൈലിൽ ബാലൻസ് ഇല്ലാത്തോണ്ടാ…”””” ആൾവിന്റെ സുഹൃത്ത് വിനോദിനോടായി പറഞ്ഞു…. “””അത്… ഞാൻ…””” വിനോദ് ഒന്ന് പരുങ്ങി… “”””എന്താ വിനോദ് ഇത്…? ഒരു കുഞ്ഞിന്റെ ജീവന്റെ പ്രശ്നമാണ് …. ഞാൻ അറിയുന്ന വിനോദ് ഇങ്ങനെ അല്ല… ഈ കുഞ്ഞിനെ രക്ഷിക്കാൻ മുൻപിൽ തന്നെ നീ നിൽക്കും എന്നാണ് ഞാൻ കരുതിയത്…ഇതിപ്പോ….”” വിനോദിന്റെ മുഖത്ത നോക്കാതെ നീരസത്തോടെ റോസ് പറഞ്ഞു നിർത്തി… പെട്ടു പോയല്ലോ എന്ന ഭവമായിരുന്നു അവന്റ മുഖത്തപ്പോൾ…

അവൻ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് ലോക്ക് മാറ്റി അയാളോട് നമ്പർ ചോദിച്ചു ഡയൽ ചെയ്യുന്നത് കണ്ടു. ആ സമയം ജാനി ഒരല്പം നീങ്ങി നിന്നു ആൾവിയെ വിളിച്ചു സംസാരിച്ചു…. “”””ആൽവിചായ…. ഞാൻ എങ്ങനെ അവരോടൊപ്പം പോകും…? അവരോടൊപ്പം സ്റ്റേഷനിലേയ്ക്ക് പോയാൽ…. അവർ എന്റെ ഡീറ്റെയിൽസ് ചോദിച്ചാൽ ഞാൻ എന്ത്‌ പറയും? എനിക്ക് എന്റെ ഐഡന്റിറ്റി റിവീൽ ചെയ്യാൻ ഒക്കില്ലല്ലോ…? പോലീസിനോട് എങ്ങനെ ആണ് നുണ പറയുന്നത്? ഇനി ഞാൻ പോകുന്നില്ല എന്ന് വച്ചാൽ എന്നൊടൊപ്പം എന്തെങ്കിലും പറഞ്ഞു അവനും മുങ്ങും…. അത് പാടില്ല…. അവൻ സ്റ്റേഷനിൽ പോകണം. ആ കുട്ടിയെ അതിന്റെ വീട്ടുകാരുടെ ഒപ്പം എത്തിക്കാനുള്ളതൊക്കെ ചെയ്യുമ്പോൾ അവനും വേണം….

അവൻ തെരുവിലാക്കിയ നൂറ് കണക്കിന് കുട്ടികളിൽ നിന്നും ഒരാളെങ്കിലും രക്ഷപ്പെടുന്നത് അവൻ നേരിൽ കാണണം…. അത് തടയാൻ കഴിയാതെ കണ്ടു നിൽക്കണം. അതാണ്‌ ഞാൻ അവന് കൊടുക്കുന്ന ആദ്യത്തെ ശിക്ഷ …””” “”””നീ ടെൻഷൻ ആകാതെ….. ഞാൻ ഒന്ന് ശരത് സാറിനെ വിളിക്കട്ടെ…. എന്തായാലും പോലീസ് എത്താൻ അഞ്ച് മിനിറ്റിൽ കൂടുതൽ എടുക്കുമല്ലോ..? അതിന് മുൻപ് ഞാൻ ശരത് സാറിനെ വിളിച്ചിട്ട് നിന്നെ തിരികെ വിളിക്കാം….”””” കാൾ അവസാനിപ്പിച്ചു ജാനി വേഗം തന്നെ വിനോദിനരികിലേയ്ക്ക് പോയി. അപ്പോഴേയ്ക്കും അവനും സ്റ്റേഷനിൽ വിളിച്ചറിയിച്ചു കഴിഞ്ഞിരുന്നു .

“””ഹോ… എന്നാലും കഷ്ടം തന്നെ ആണല്ലേ ഈ കൊച്ച് കുഞ്ഞുങ്ങളെയൊക്കെ ഇങ്ങനെ തട്ടിക്കൊണ്ട് പോകുന്നത് …. ഇതിന്റെ പിറകിൽ ഒരു മാഫിയ തന്നെ ഉണ്ടെന്നാണ് കേൾക്കുന്നത്. ഇവന്മാരെയൊക്കെ പിടിച്ച് കയ്യും കാലും കെട്ടിയിട്ട് ഈഞ്ച ചതയ്ക്കുന്നത് പോലെ ചതയ്ക്കണം… ദുഷ്‍ടക്കൂട്ടങ്ങൾ ….. എന്താ സാർ….? അങ്ങനെ അല്ലെ വേണ്ടത്?”””” ആൽവിയുടെ ഫ്രണ്ട്. വിനോദിനെ വിടാൻ ഒട്ടും താല്പര്യം ഇല്ല പുള്ളിയ്ക്ക്… “”””അതേ…. അതേ…. വല്ലാത്ത ആള്ക്കാർvതന്നെ. ഇവരെയോക്കെ കൊല്ലുക തന്നെയാണ് വേണ്ടത്….”””” വിനോദ് വിക്കി വിക്കി അത്രയും പറഞ്ഞു.. അത് പറയുമ്പോഴുള്ള അവന്റെ ഭാവം ജാനിയിൽ ചിരി ഉണർത്തി.. അതേടാ… നിന്നെപ്പോലെ ഉള്ളതിനെയൊക്കെ കൊല്ലുക തന്നെയാണ് വേണ്ടത്. ഇത് അതിന് മുൻപുള്ള ഒരു ചെറിയ ശിക്ഷ മാത്രം…

നീയും അതേ മാഫിയയുടെ കണ്ണി ആണെന്ന് അറിഞ്ഞു തന്നെയാണ് നിനെക്കൊണ്ട് സ്റ്റേഷനിൽ വിളിപ്പിച്ചതും ഇപ്പൊ ആ ചേട്ടൻ ഇങ്ങനെ ഒക്കെ പറയുന്നതും … ഇനി ആ കുട്ടിയെ അതിന്റെ പേരെന്റ്സിന്റെ അരികിൽ എത്തിക്കുന്നത് വരെയും നീ എന്റെ ഒപ്പം ഉണ്ടാകും മോനേ…. ചിന്തിച്ചു നിന്നപ്പോൾത്തന്നെ ആൽവിയുടെ കാൾ വീണ്ടും ജാനകിയുടെ ഫോണിൽ എത്തി. “”””വീട്ടിൽ നിന്നാണ്…”””” വിനോദിനോട് പറഞ്ഞിട്ട് അവൾ കാൾ എടുത്തു. “””നീ ഇങ്ങോട്ട് ഒന്നും പറയണ്ട.. ഞാൻ പറയുന്നത് കേട്ടാൽ മതി. ഞാൻ ശരത് സാറിനെ വിളിച്ചിരുന്നു. നീ ധൈര്യമായി സ്റ്റേഷനിലേയ്ക്ക് പൊയ്ക്കോ…. അവിടെ നിന്റെ ഡീറ്റെയിൽസ് ഒന്നും ആരും ചോദിക്കില്ല. ASI ശരത് സാറിന്റെ ഫ്രണ്ട് ആണ്… SI ഇന്ന് ലീവ് ആണെന്ന്….

അത് കൊണ്ട് ഒരു കുഴപ്പവുമില്ല. സാർ തന്നെ സ്റ്റേഷനിൽ വിളിച്ച് ഒക്കെ സംസാരിച്ചിട്ടുണ്ട്. ധൈര്യമായി പൊയ്ക്കോളാൻ സാർ പറഞ്ഞു…. നീ അവരോടൊപ്പം പൊയ്ക്കോ… ഞാൻ പിറകെ വന്നേക്കാം….”””” ജാനി കാൾ കട്ട്‌ ചെയ്തു കഴിഞ്ഞപ്പോഴേയ്ക്കും പോലീസ് ജീപ്പ്പും എത്തിയിരുന്നു. ഒപ്പം ഉണ്ടായിരുന്ന വനിതാ പോലീസ് കുറച്ചു ബുദ്ധിമുട്ടിയാണ് ആ സ്ത്രീയെ ജീപ്പിലേക്ക് കയറ്റിയത്…. ആ കുഞ്ഞ് അപ്പോഴേയ്ക്കും കരച്ചിൽ നിർത്തി ജാനിയുടെ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ചു അവളോട് പറ്റിച്ചേർന്നു ഇരിപ്പുണ്ടായിരുന്നു… വിനോദും ആൽവിയുടെ സുഹൃത്തുക്കളും ജാനിയും അവരോടൊപ്പം സ്റ്റേഷനിലേയ്ക്ക് പോയി… സ്വന്തം കാറിൽ ആൽവിയും അവരെ ഫോളോ ചെയ്തു.

സ്റ്റേഷനിൽ എത്തുമ്പോഴേയ്ക്കും കുഞ്ഞ് ജാനിയുടെ നെഞ്ചോരം ചേർന്ന് ഉറങ്ങിക്കഴിഞ്ഞിരുന്നു. താൻ ഇപ്പോൾ സുരക്ഷിതമായ കൈകളിലാണെന്ന് ആ കുഞ്ഞിന് തോന്നിയിട്ടുണ്ടാകണം…. സ്റ്റേഷനിൽ ഇറങ്ങുമ്പോഴുള്ള വിനോദിന്റെ മുഖം കണ്ടു ജാനിയക്ക് ചിരി അടക്കാനായില്ല…. ആൽവിയുടെ സുഹൃത്ത്‌ അപ്പോഴും ആ കുഞ്ഞിനെ തട്ടിയെടുത്തവനെക്കുറിച്ച് വളരെ മോശമായി വിനോദിനോട് സംസാരിച്ചു കൊണ്ടിരുന്നു… അത് കേൾക്കുമ്പോൾ അവന് വല്ലാതെ ദേഷ്യം വരുന്നുണ്ടെന്നു അവന്റെ മുഖഭാവത്തിൽ നിന്നു തന്നെ അവൾക്ക് വ്യക്തമായിരുന്നു. ജാനി ചിരി കടിച്ചമർത്തി ഒക്കെ കേട്ട് രസിച്ചു നിന്നു. സ്റ്റേഷനിൽ നിന്നു തന്നെ തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടു….

ഒപ്പം കുട്ടിയുടെ ഫോട്ടോയും കൈമാറി…. ജാനി പറഞ്ഞ കുട്ടി തന്നെയാണ് അതെന്ന് അവർ ഉറപ്പിക്കുകയും ചെയ്തു. തമിൾ നാട് പോലീസ് തന്നെ കുട്ടിയുടെ മാതാപിതാക്കളോട് ഫോൺ മുഖാന്തരം സംസാരിച്ചു… കുഞ്ഞിന്റെ ഭാഗ്യമോ വിനോദിന്റെ നിർഭാഗ്യമോ കുഞ്ഞിന്റെ മാതാപിതാക്കൾ അപ്പോൾ മാർത്താണ്ടത് ഉണ്ടെന്ന് വിവരം ലഭിച്ചു.. ഒരു മണിക്കൂറിനുള്ളിൽ അവർ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ എത്തും എന്ന് അറിയിച്ചപ്പോൾ ജാനിയ്ക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതിലും അധികം ആയിരുന്നു…. തന്റെ നെഞ്ചോരം ചേർന്ന് ഉറങ്ങുന്ന കുഞ്ഞിനെ അവൾ ഒന്ന് കൂടി ചേർത്ത് പിടിച്ചു…. ഒപ്പം അവന്റെ നെറുകയിൽ ഒന്ന് മുകർന്നു….

ആ കുഞ്ഞിന്റെ മുഖം കാൺകെ ജാനിയുടെ ഓർമകളിൽ അപ്പൂസിന്റെ മുഖം വീണ്ടും എത്തി… ഒപ്പം ആ കുഞ്ഞിനെ നഷ്ടമായ വേദനയിൽ നീറി നീറി എരിഞ്ഞടങ്ങിയ ഒരമ്മയുടെയും, ഭാര്യയുടെ മരണം മുന്നിൽ കണ്ട് മകനും ജീവനോടെ ഇല്ലാ എന്ന് വിശ്വസിക്കുന്ന ലോകത്ത് അവരെ ഓർത്തു ഉരുകി ജീവിക്കുന്ന ഒരച്ഛന്റെയും മുഖം കൂടി തെളിഞ്ഞു വന്നു…. ആ മുഖങ്ങൾ ഓരോന്നും ജാനിയുടെ ഉള്ളിലെ പക ആളിക്കത്തിക്കാൻ പോന്നതായിരുന്നു…. വിനോദിനെ നോക്കുന്ന തന്റെ കണ്ണുകളിൽ നിന്നും പകയുടെ നിഴൽ മറയ്ക്കാൻ അവൾക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നു…. കുഞ്ഞിനെ അവന്റെ അച്ഛനമ്മമാരെ ഏൽപ്പിച്ചിട്ടേ തിരികെ പോകൂ എന്ന് ജാനി വാശി പിടിച്ചപ്പോൾ ഒപ്പം നിൽക്കുകയെ വിനോദിന് വഴി ഉണ്ടായുള്ളൂ…..

ഇതിനിടയിൽ പലതും പറഞ്ഞു വിനോദ് സ്റ്റേഷനിൽ നിന്നും തിരികെ പോകാൻ ശ്രമിച്ചു… അപ്പോഴൊക്കെയും “””നന്മ നിറഞ്ഞ ഒരു മനസ്സ് നിങ്ങൾക്കുണ്ട്….നിങ്ങളിലെ ആ നല്ല മനുഷ്യനെയാണ് ഞാൻ ഇഷ്ടപെട്ടത് വിനോദ്….”””” എന്ന ജാനകിയുടെ വാക്കുകൾ അവന്റെ കാലുകളെ ബന്ധിച്ചു നിർത്തി …..പലരെയും പൊള്ളയായ വാക്കുകൾ പറഞ്ഞു താൻ പറ്റിച്ചിട്ടുള്ളത് പോലെ ഇപ്പോൾ താനും പറ്റിക്കപ്പെടുകയാണെന്ന് അറിയാതെ അവൻ അവളുടെ വാക്കുകൾ വിശ്വാസത്തിലെടുത്തു…. നിന്നെ ഞാൻ ഇവിടെ പിടിച്ചു നിർത്തുന്നത് എന്തിനാണെന്ന് അറിയുമോ വിനോദ്?

നീ ഇപ്പോൾ കാണിക്കുന്ന വെപ്രാളത്തിൽ നിന്നും നിന്റെ മുഖം ഭാവത്തിൽ നിന്നും എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്…. ഈ കുഞ്ഞിന്റെ തിരോധാനത്തിന് പിന്നിലും നീയാണെന്ന്….. അത് കൊണ്ട് തന്നെ ഈ കുഞ്ഞിനെ അവന്റെ മാതാപിതാക്കൾക്ക് നൽകാൻ ഏറ്റവും അനുയോജ്യമായ കൈ നിന്റേത് തന്നെയാണ്….. നീ കാരണം നിറഞ്ഞ അവരുടെ കണ്ണുകൾ നീ തന്നെ തുടച്ചു മാറ്റണം വിനോദ്….. നിനക്ക് അതൊരു ശിക്ഷ തന്നെ ആണെന്ന് എനിക്കറിയാം…… 🍁🍁🍁🍁🍁🍁🍁🍁🍁🍁 വനിതാ പോലീസുകാർ ആ നാടോടി സ്ത്രീയോട് പലതും ചോദിക്കുന്നുണ്ടായിരുന്നു…. ആദ്യം സൗമ്യമായി… പിന്നേ ദേഷ്യത്തിൽ ഒടുവിൽ ഭീഷണിയുടെ സ്വരത്തിൽ….. അവരുടെ നാവിൽ നിന്നും പക്ഷെ ഒന്നും വീണില്ല….

ഒരുപക്ഷെ വിനോദിനെപ്പോലുള്ളവരോടുള്ള ഭയം ആകാം അവരുടെ നാവുകളെ ബന്ധിച്ചിരിക്കുന്നത് എന്ന് ജാനിയ്ക്ക് തോന്നി…. ഏകദേശം മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് ഒരു വാഹനം പുറത്ത് വന്ന്‌ നിന്നത്. അത് കണ്ടപ്പോഴേ ജാനി കയ്യിലിരുന്ന കുഞ്ഞിനെ വിനോദിന് കൈമാറി…. ഒന്നറച്ച ശേഷം അവൻ ആ കുഞ്ഞിനെ വാങ്ങി….. ക്ഷീണം കൊണ്ടോ ഉറക്കത്തിന്റെ ആധിക്യം കൊണ്ടോ ആ കുഞ്ഞ് അവന്റെ തോളിലേയ്ക്ക് ചാഞ്ഞു…. വിനോദ് വെറുപ്പോടെ ആ കുഞ്ഞിനെ നോക്കി. പിന്നേ മുഖത്ത് പ്രസന്നത വരുത്തി. ഉള്ളിലേയ്ക്ക് രണ്ട് പേർ കയറി വന്നു. ആ കുട്ടിയുടെ മാതാപിതാക്കൾ ആണെന്ന് തോന്നി ജാനിയ്ക്ക്… ആ സ്ത്രീയുടെ കണ്ണുകൾ ആകെ കരഞ്ഞു കലങ്ങിയിരുന്നു…

അയാളുടെ മുഖത്താകെ സന്തോഷം നിറഞ്ഞു നിൽപ്പുണ്ടായിരുന്നു. വിനോദിന്റെ കയ്യിലിരുന്ന കുഞ്ഞിനെക്കണ്ടപ്പോൾ ആ സ്ത്രീയുടെ മുഖത്തു സന്തോഷം നിറഞ്ഞു തുളുമ്പി…. പക്ഷെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… സന്തോഷവും സങ്കടവും ഇടകലർന്ന വികാരം…. അവർ ഓടിപ്പോയി വിനോദിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി…. വിവരം അറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരുടെ ക്യാമറ ഫ്‌ളൈഷുകൾ മിന്നി അണഞ്ഞു…. നാളത്തെ പത്രത്തിലെ വാർത്ത…..! അതിനൊപ്പം വിനോദിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുന്ന ആ അമ്മയുടെ ചിത്രവും…..! ജാനകിയുടെ മനസ്സ് നിറഞ്ഞു…..

ആ അമ്മ കുഞ്ഞിനെ കണ്ട ഉടനെ അവനെ വാരിയുയെടുത്തു തുരു തുരെ ഉമ്മ വയ്ക്കുന്നതും അവനെ മാറോടടക്കി പിടിക്കുന്നതും അവന്റെ ശരീരത്തിലെ മുറിവുകളിൽ വിരലോടിച്ചു പൊട്ടിക്കരയുന്നതുമൊക്കെ ജാനകി വേദനയോടെ നോക്കി നിന്നു….. മകനെ നഷ്ടമായ വേദനയിൽ ജലപാനം പോലും ഉപേക്ഷിച്ചു മനസ്സ് നൊന്ത് ഹൃദയം നുറുങ്ങി മരിച്ച ഒരമ്മയുടെ മുഖം അവളുടെ ഉള്ളിൽ തെളിഞ്ഞു വന്നു…..! സ്റ്റേഷനിലെ ഫോർമാലിറ്റിസ് ഒക്കെ കഴിഞ്ഞു ആ കുഞ്ഞിനെ അച്ഛനമ്മമാർക്ക്‌ നൽകുമ്പോൾ ഒരാളുടെ മുഖത്തൊഴികെ മറ്റെല്ലാ മുഖങ്ങളിലും നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു….. സ്റ്റേഷനിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ വിനോദിന്റെ മനസാകെ സംഘർഷ ഭരിതം ആയിരുന്നു. ഈ ഫോട്ടോ നാളെ പത്രങ്ങളിൽ വന്നാൽ..? തന്റെ ഒപ്പം ഉള്ളവർ ഇതറിഞ്ഞാൽ….?

ചതിക്കുന്നവരെ അവർ ഇനി ഒപ്പം കൂട്ടില്ല എന്നുറപ്പു….. എന്ത്‌ പറയും അവരോടൊക്കെ? റോസിന് വേണ്ടി ആണ് ഇങ്ങനെ ഒക്കെ ചെയ്തത് എന്നവരാറിഞ്ഞാൽ….? ആ സ്ത്രീയുടെ വായിൽ നിന്നും എന്തെങ്കിലും വീണാൽ…? ഒക്കെ താൻ കൂടി അറിഞ്ഞിട്ടാണെന്ന് അവർ കരുതും….. കൈകൾ തമ്മിൽ കൂട്ടിതിരുമ്മി ചിന്ദാഭാരത്തോടെ ഒപ്പം നടക്കുന്നവനെ ജാനകി വിജയചിരിയോടെ നോക്കി…. ഇപ്പോൾ നീ അനുഭവിക്കുന്ന ഈ ടെൻഷൻ ഉണ്ടല്ലോ വിനോദെ… അത് ഒരു ചെറിയ ശിക്ഷയാണ്… തീരെ ചെറിയ ശിക്ഷ! നിനക്കുള്ള യദാർത്ഥ ശിക്ഷ വരാനിരിക്കുന്നതെ ഉള്ളൂ… ഏറ്റവും അടുത്ത് തന്നെ….. അവളപ്പോൾ ഉള്ളിൽ ആർത്താർത്തു ചിരിക്കുന്നുണ്ടായിരുന്നു……. തുടരും

തമസ്സ്‌ : ഭാഗം 36

Share this story