പെയ്‌തൊഴിയാതെ: ഭാഗം 44

പെയ്‌തൊഴിയാതെ: ഭാഗം 44

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കയ്യെത്തും ദൂരത്ത് താൻ തേടുന്നവൾ ഉണ്ടായിരുന്നു എന്നറിയാതെ കണ്ണുകൾ ചാരി ഗൗതം മയക്കത്തിലേയ്ക്ക് വീഴുമ്പോൾ ആ നഗരത്തിന്റെ മറ്റൊരു കോണിൽ ആരുടെയൊക്കെയോ പ്രവർത്തിയുടെ ആഘാതത്തിൽ വീണുടഞ്ഞുപോയ ഒരു പെണ്ണും കേഴുന്നുണ്ടായിരുന്നു.. മനസ്സ് തകർന്ന് പൊട്ടി കരയുന്നുണ്ടായിരുന്നു.. നിശയുടെ കൂരിരുൾ വീണ വീചികളിലെവിടെയോ ആ കണ്ണുനീർ താളം പിടിക്കുന്നുണ്ടായിരുന്നു.. കാലം കാത്തു വെച്ച വിധിയറിയാതെ മൂന്ന് ഹൃദയങ്ങൾ പലവഴിക്ക് അലയുകയായിരുന്നു.. മ്മ.. മ്മ.. ആരോ തട്ടി ഉണർത്തും പോലെ തോന്നിയാണ് വേദ ഞെട്ടി ഉണർന്നത്.. കിളി കൊഞ്ചൽ പോലെയുള്ള ആ ശബ്ദം അവളിലെ മുറിവേറ്റ മാത്രത്വത്തെ കുത്തി നോവിക്കുന്നുണ്ടായിരുന്നു.. അവൾ കരഞ്ഞു… നെഞ്ചുപൊട്ടി.. കരച്ചിലിന്റെ ശബ്‌ദം കേട്ട് വന്ന ഗീത ആദ്യം വല്ലാതെ പേടിച്ചിരുന്നു.. പിന്നെ അവൾക്കരികിൽ ചെന്നിരുന്നു.. മോളെ.. എന്താ.. എന്ത്പറ്റി.. ഗീത ചോദിച്ചു. ന്റെ കുഞ്ഞ്.. അവൾ പൊട്ടിക്കരഞ്ഞു.. ഗീതയ്ക്കും വല്ലാതെ നൊന്തു..

അവരവളെ ചേർത്തു പിടിച്ചു.. എന്താ മോളെ ഇത്.. ഒക്കെ കഴിഞ്ഞു പോയിട്ട് നാളെത്രതയായി.. എത്ര നാളായാലും പോയത് എനിക്കല്ലേ അമ്മേ.. ഒന്നും ഒന്നും വേണ്ടായിരുന്നു.. എന്റെ കുഞ്ഞിനെ മാത്രം അത് മാത്രം ദൈവം എനിക്ക് തിരിച്ചു തന്നിരുന്നെങ്കിൽ.. എന്തിനാ മോഹിപ്പിച്ചിട്ട് അതിനെ കൂടെ എന്നിൽ നിന്നും.. ഗീതയുടെ കണ്ണുകളും നിറഞ്ഞു.. എന്താ മോളെ.. എന്ത് പറ്റി നിനക്കിന്ന്.. ഗീത അവളെ തഴുകി ചോദിച്ചു.. അവളൊന്നും പറയാതെ ആ നെഞ്ചിൽ ചാഞ്ഞു കിടന്നു.. ഗീതയും അവളെ സാന്ത്വനിപ്പിക്കാൻ എന്നോണം തഴുകിക്കൊണ്ടിരുന്നു.. കിടക്കാം.. ഗീതയുടെ ബുദ്ധിമുട്ട് ഉൾക്കൊണ്ടെന്നോണം വേദ ചോദിച്ചു.. അവരെ ചേർന്ന് കിടക്കുമ്പോഴും വേദയുടെ മനസ്സിൽ ഒരു കുഞ്ഞിന്റെ കരച്ചിലും കൊഞ്ചലും ആയിരുന്നു.. പതിയെ പതിയെ ആ കുഞ്ഞിന് ശങ്കരിമോളുടെ ച്ഛായ വന്നു.. മ്മ.. അവളുടെ കൊഞ്ചൽ ആത്മനിർവൃതിയോടെ വേദ മനസ്സിലേക്ക് ആവാഹിച്ചു.. മെല്ലെ അവളെന്നെ ആശ്വാസത്തിൽ വേദ കണ്ണുകൾ അടച്ചുറങ്ങി.. അപ്പോഴും ഏറെ അടുത്തായി തന്നെ തന്റെ മകളെ ചേർത്തു പിടിച്ചു നഷ്ടപ്പെട്ടുപോയ തന്റെ ജീവിതത്തെ ഓർത്ത് ഒരച്ഛനും കിടപ്പുണ്ടായിരുന്നു..

********* ഗുഡ് മോർണിംഗ് വേദ മിസ്സ്‌.. അരുണിമ പറഞ്ഞു. വേദ പുഞ്ചിരിച്ചു.. ആർട്ട്സിന്റെയന്ന് വന്നിരുന്നെങ്കിൽ ഗൗതം മോഹനെ കാണാമായിരുന്നു.. വേദ അവരെ നോക്കി പുഞ്ചിരിച്ചു.. സത്യം.. എന്നാ ഗ്ലാമർ ആന്നേ.. ആ കോളിങ് ഗ്ലാസ്സും വെച്ചോണ്ട് വന്നിറങ്ങിയ ഇറക്കം.. കെട്ടി നാലു പിള്ളേരായ പെണ്ണുങ്ങൾ വരെ വായും പൊളിച്ചു നിന്നുപോയി.. ഇത്രേം വലിയ സ്റ്റാർ ആയിട്ട് പോലും എല്ലാവരോടും എത്ര കാര്യമായിട്ടാണ് ഇടപെടുന്നത്.. ശ്രുതി വാ തോരാതെ പറയുമ്പോൾ വേദയ്ക്ക് വല്ലാതെ വരുന്നുണ്ടായിരുന്നു.. കോളേജിനെപ്പറ്റിയും കോളേജിൽ ഉണ്ടായ പ്രണയത്തെ പറ്റിയും ഒക്കെ വാചാലമായി സംസാരിക്കുന്നുണ്ടായിരുന്നു പുള്ളി.. ഏതായാലും ഒന്നുറപ്പാണ്. പുള്ളി പ്രേമിക്കുന്നത് ആരെ ആയാലും അവർ ഭയങ്കര ലക്കിയാണ്.. അന്ന് ഫുൾ ഇവിടെ ഉണ്ടായിരുന്നു പുള്ളി. സത്യത്തിൽ ആരും പ്രതീക്ഷിച്ചില്ല കേട്ടോ.. ഒരു സൂപ്പർസ്റ്റാറും ഇരിക്കില്ല ഫുൾ പ്രോഗ്രാമിന്.. ഗിരി അകത്തേയ്ക്ക് വന്നപ്പോഴും അവിടെ കാര്യമായ ചർച്ച നടക്കുകയായിരുന്നു.. ഗൗതമാണ് സംസാര വിഷയം എന്നറിഞ്ഞതും ഗിരി വേദയെ നോക്കി.. അവളുടെ ഉള്ള് പിടയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.. അവനും ഇരുന്നു..

ചർച്ചകൾ ചുറ്റും പൊടിപൊടിക്കുമ്പോഴും അവന്റെ കണ്ണുകൾ പലപ്പോഴും വേദയെ തേടിപ്പോയി.. ശെരിക്കും ഇപ്പൊ ഞാൻ ഗൗതം മോഹന്റെ ഭയങ്കര ഫാനാ.. ശ്രുതി പറഞ്ഞു.. ക്ലാസ്സിൽ പോകുന്നില്ലേ ആരും.. ഗിരി ചോദിച്ചു.. ഓ.. ഇന്നാ പിള്ളേര് പോലും ആർട്ട്സിന്റെ ഹാങ്ങോവറിലാ.. ചെന്നിട്ടെന്തിനാ.. എന്നാലും ചെന്നേക്കാം അല്ലെ.. അതും പറഞ്ഞു അരുണിമയും ശ്രുതിയും പോയി.. ഒരു കോഫി ആയാലോ ടീച്ചറെ.. ടീച്ചറെ എന്ന പതിവില്ലാത്ത വിളി കേട്ടത് കൊണ്ടാകാം വേദ അവനെ ഞെട്ടലോടെ നോക്കി.. വാ.. അവൻ പറഞ്ഞു.. അവൾ ഒന്നും മിണ്ടാതെ എഴുന്നേറ്റ് അവനെ അനുഗമിച്ചു.. ഡു യു സ്റ്റിൽ ലവ് ഹിം.. ആ ചോദ്യം പ്രതീക്ഷിച്ചിരുന്നെന്നോണം വേദ ഒന്നു പുഞ്ചിരിച്ചു.. ഞാൻ ജീവിതത്തിൽ ആദ്യമായി പ്രണയിച്ചത് ഗൗതത്തെ ആണ്.. എന്റെ ജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്ന പുരുഷൻ.. ഇപ്പൊ ഗിരി സാറിനോട് എനിക്ക് പറയാം നോ എന്നു.. പക്ഷെ അതൊരു പച്ച കള്ളമാകും.. ഈ ജന്മം ഞാൻ മരിക്കും വരെ എനിക്ക് ഗൗതത്തെ മറക്കാൻ കഴിയില്ല.. ഗിരി സാറിനു ആർദ്രയെയും.. അവളുടെ വാക്കുകളുടെ ആഴം അവനിൽ ചെറു ചലനങ്ങൾ സൃഷ്ടിച്ചു.. ഒരിക്കൽ ഗൗതം എന്ന ഓർമ പോലും എന്നിലെ പെണ്ണിന് ഭാര്യയ്ക്ക് തന്ന സന്തോഷം സുരക്ഷിതത്വം.. അതെത്രയെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല..

പക്ഷെ ഇന്നാ പേര് നൽകുന്ന വേദന.. നിർവികാരമായി എല്ലാ സങ്കടങ്ങളെയും ഉള്ളിലടക്കേണ്ടി വരുന്ന നിസ്സഹായത.. അതിന്റെ ആഴം അന്ന് എന്നിൽ തോന്നിച്ച സന്തോഷത്തിന്റെ ആയിരം മടങ്ങാണ്.. അവൾ പറഞ്ഞു.. ഇനിയൊരിക്കലും വേദയുടെ ലൈഫിൽ ഗൗതം കടന്നു വരില്ലെന്നാണോ.. ഗിരി ചോദിച്ചു.. അവൻ കാപ്പി സിപ്പ് ചെയ്യുമ്പോഴും അവന്റെ മനസ്സ് വേദയുടെ മറുപടിക്കായി അക്ഷമനായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.. അവളൊന്നു നേര്മയായി പുഞ്ചിരിച്ചു.. ഗൗതത്തിന്റെ പഴയ വേദ എന്നേ മരിച്ചു.. ഇനിയവൾക്കൊരു തിരിച്ചുപോക്ക് ഉണ്ടാകില്ല.. അത്രമാത്രം.. അത്രമാത്രമേ അവൾ പറഞ്ഞിരുന്നുള്ളൂ.. ഒന്നിനും വേണ്ടിയല്ലാതെയെങ്കിലും ഗിരിയുടെ മനസ്സാ മറുപടിയിൽ നിറഞ്ഞിരുന്നു.. അവനെന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഒന്നിനും വേണ്ടിയല്ലാതെ.. അവർക്കിടയിലെ മൗനം പോലും ഗിരിയിൽ സന്തോഷം ഉണ്ടാക്കുന്നുണ്ടായിരുന്നു.. അപ്പോഴും വേദയുടെ മനസ്സ് നീരുന്നുണ്ടായിരുന്നു.. കഴിഞ്ഞുപോയ ഓരോ നാളുകളിലെയും വേദനകളോർക്കെ..

*********** എത്രയായി.. 120.. വേദ പേഴ്സിൽ നിന്നും പണം നൽകി പച്ചക്കറി വാങ്ങി.. വേദാ… തിരിഞ്ഞു നടക്കവേ ഗിരിയുടെ വിളികേട്ടവൾ നോക്കി..അവനായി പരിചിതമായൊരു പുഞ്ചിരി നൽകി..അവന്റെ കയ്യിലിരുന്നു കുറുമ്പി കുതറുന്നുണ്ടായിരുന്നു.. ആഹാ . അച്ഛനും മോളും കൂടി എങ്ങോട്ടാ.. വേദ അവളെ മെല്ലെ തഴുകി ചോദിച്ചു.. ചെറിയൊരു ഷോപ്പിങ്ങ്.. മോൾക്ക് ഒന്നുരണ്ടു ഡ്രെസ്സ് എടുക്കണം.. അച്ഛനും അമ്മയ്ക്കും അമ്മായിക്കും അമ്മാവനും.. അവൻ പറഞ്ഞു.. എന്താ വിശേഷം.. ഓ അങ്ങനൊന്നും ഇല്ല.. അടുത്ത ആഴ്ച അച്ഛന്റെ പിറന്നാൾ ആണ്.. ഒരു മുണ്ടും ഷർട്ടും ശീലമാണ്.. മ്മ്.. വേദ മൂളി.. മ്മ.. മ്മ. ശങ്കരിമോള് വേദയുടെ കയ്യിലേക്ക് ചാടി. എന്താടി കുഞ്ഞിപ്പെണ്ണേ.. ഉടുപ്പെടുക്കാൻ പോവാണോ.. വേദ ചോദിച്ചതും വേദയുടെ മാലയിൽ കൈകോർത്തു അവൾ വേദയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു.. ഇന്നലെ മുതൽ ഒരു ജലദോഷത്തിന്റെ കോളുണ്ട്.. അതിന്റെ വാശിയും ഉണ്ട്.. ഗിരി പറഞ്ഞു.. പച്ചക്കറി വാങ്ങാൻ ഇറങ്ങിയതാണോ. അവൻ ചോദിച്ചു.. ആ സർ.. അമ്മയ്ക്ക് കാലു വേദന ഇത്തിരി കൂടുതലാണ്.. അതോണ്ട് ഞാനങ്ങിറങ്ങിയതാണ്.. വേദ പറഞ്ഞു.. ഇനി ഇതും ചുമ്മി നടക്കേണ്ട. ഒരു പത്തു മിനിറ്റ് വെയ്റ്റ് ചെയ്യാമെങ്കിൽ ഒന്നിച്ചു പോകാം.. കുഴപ്പമില്ല സർ.. ഞാൻ നടന്നോളാം.. അമ്മ കാത്തിരിക്കും.. വിളിച്ചു പറഞ്ഞാൽ പോരെഡോ.. കുറച്ചു ദൂരമില്ലേ.. ഇങ്ങു താ. അധികം വൈകില്ല..

അവൻ പറഞ്ഞു.. നിവർത്തിയില്ലാതെ അവൾ സമ്മതിച്ചു.. താൻ കാറിൽ ഇരിക്കേണ്ട.. വാ.. എന്റെ ഡ്രെസ്സ് സെലക്ഷൻ തീരെ മോശമാണ്.. തന്റെ സെലകഷൻ കൊള്ളാമോന്ന് നോക്കട്ടെ.. അവൻ പറഞ്ഞു.. അവൾ എതിർത്തില്ല.. അപ്പോഴും മോള് വേദയുടെ കയ്യിലായിരുന്നു.. വാ.. ഗിരി അവളെയും വിളിച്ചു അകത്തേയ്ക്ക് നടന്നു.. ആദ്യം ശങ്കറിനുള്ള മുണ്ടും ഷർട്ടുമാണ് എടുത്തത്.. അപ്പോഴാണ് വേദയുടെ കണ്ണുകൾ നേവി ബ്ലൂ നിറത്തിലുള്ള ഒരു കുർത്തയിൽ ഉടക്കിയത്.. അവളത് നോക്കി നിൽക്കവേ മോള് അതിൽ പിടുത്തമിട്ടു.. കൊള്ളാമോടി കുഞ്ഞിപ്പെണ്ണേ.. വേദ അവളുടെ മൂക്കിൽ തന്റെ മൂക്കുരസി ചോദിച്ചതും കുറുമ്പി കിലുങ്ങനെ ചിരിച്ചു.. ആഹാ.. ഗിരിയോ.. എന്താ ഇവിടെ.. പരിചിതമായ ശബ്ദം കേട്ടാണ് ഗിരി തിരിഞ്ഞത്.. വിമലാന്റിയോ..ഞാൻ ഡ്രെസ്സ് എടുക്കാൻ വന്നതാ ആന്റി.. അവൻ പുഞ്ചിരിച്ചു.. ഒരുപാട് നാളായല്ലോ ആന്റി കണ്ടിട്ട്. അങ്കിൾ എന്തിയെ.. കൂടെയുണ്ട്.. മാളൂന്റെ മോന്റെ പിറന്നാൾ ആണ്.. ഡ്രെസ്സ് എടുക്കാൻ വന്നതാണ്.. വിമല പറഞ്ഞു.. ആഹാ. ഗിരിയോ.. ശേഖരൻ പുഞ്ചിരിയോടെ വന്നു.. ഒറ്റയ്ക്കാണോ വന്നത്.. ശേഖരൻ ചോദിച്ചു.. അല്ല.. അതെന്റെ മോളാ..

വേദയുടെ കയ്യിൽ ഇരുന്നു കളിക്കുന്ന ശങ്കരി മോളെ ചൂണ്ടി അവൻ പറഞ്ഞു.. അവരപ്പോഴും ആ ഷർട്ടുമായി നിൽക്കുകയായിരുന്നു.. വേദാ.. ഗിരി വിളിച്ചതും അവൾ മോളുമായി വന്നു.. വിമല പുഞ്ചിരിച്ചതും അവളും മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു.. കല്യാണം കഴിഞ്ഞു എന്നൊക്കെ ലേഖ പറഞ്ഞെങ്കിലും ഗിരീടെ ഭാര്യയെ ഞാൻ കണ്ടിട്ടില്ലായിരുന്നു.. നിങ്ങൾ കല്യാണം കഴിഞ്ഞങ്ങനെ ഇങ്ങോട്ട് വന്നിട്ടുമില്ലല്ലോ.. ഏതായാലും നല്ല പ്രഫക്റ്റ് മാച്ച്.. പ്രേമിച്ചു കെട്ടിയതാണ് എന്നു പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല കേട്ടോ ഗിരീ.. വേദയെ നോക്കി പുഞ്ചിരിയോടെ വിമല പറഞ്ഞത് കേട്ടതും ഗിരിയുടെയും വേദയുടെയും പുഞ്ചിരി പെട്ടെന്ന് മാഞ്ഞു പോയി.. ആന്റി.. അവൻ എന്തോ പറയാൻ ശ്രമിച്ചു.. മോളെ കണ്ടാൽ പിന്നെ അമ്മയെ ഫോട്ടോസ്റ്റാറ്റ് എടുത്തു വെച്ചപോലെ തന്നെയാണ്.. ഒരച്ചിൽ വാർത്തപോലെ.. ശേഖർ പറഞ്ഞതും ഗിരി നിസ്സഹായമായി വേദയെ നോക്കി.. രണ്ടാളെയും അങ്ങോട്ട് വന്നു കാണണം എന്ന് ഞാൻ ശേഖരേട്ടനോട് പറഞ്ഞതാണ്.. പിന്നെ സമയം കിട്ടാഞ്ഞിട്ടാണ്.. സാരമില്ല ആന്റി.. ഞങ്ങൾ ഇറങ്ങട്ടെ.. സമയം വൈകിയാൽ മോള് കരയും..വേദാ.. വാ. ഗിരി വിളിച്ചതും വേദ മൗനമായി അവനു പിന്നാലെ നടന്നു.. സോറി ഡോ.. കാറിൽ കയറിയതും ഗിരി പറഞ്ഞു..

സാരമില്ല സർ.. അവൾ പറഞ്ഞു.. ഡ്രെസ്സ് എടുത്തില്ലല്ലോ.. അമ്മയ്ക്കൊന്നും.. അവൾ പറഞ്ഞു.. അച്ഛനും അമ്മാവനും ഉള്ളതെടുത്തു.. ബാക്കി പിന്നെയെടുക്കാം.. അതും പറഞ്ഞവൻ കാറെടുത്തു.. ശങ്കരിമോള് അപ്പോഴും ആർക്കും വിട്ടുകൊടുക്കില്ല എന്നപോലെ വേദയെ മുറുകെ പിടിച്ചിരുന്നു.. ******** ശോ.. ആ കുട്ടി എന്ത് കരുതിക്കാണും.. ലേഖ ചോറ് വിളമ്പവേ പറഞ്ഞു.. എന്ത് കരുതാൻ.. അവൾക്ക് കാര്യം മനസ്സിലായി കാണും.. ദിവാകരൻ പറഞ്ഞു.. അവരെ കുറ്റം പറയാനും പറ്റില്ല.. ആർദ്രയെ അവരാരും അങ്ങനെ കണ്ടിട്ടില്ലല്ലോ.. കല്യാണത്തിന് ഒന്നു കണ്ടതല്ലാതെ ആ കുട്ടി ഈ നാട്ടിലോട്ട് അങ്ങനെ വന്നിട്ടില്ലല്ലോ . പിന്നെ വിമല പറഞ്ഞപോലെ ശങ്കരി മോളെ കണ്ടാൽ വേദയുടെ നല്ല ഷേപ്പ് ഉണ്ട്. ഗിരി ലേഖയെ നോക്കി.. ഇനിയിപ്പോ ചോദ്യങ്ങൾ ഒരോ സൈഡീന്നും കൂടി വരും.. ആദ്യമൊക്കെ മുംബൈലാ എന്നു പറഞ്ഞു.. ഇനിയിപ്പോ എന്ത് പറയും.. പിന്നെ ഒരാശ്വാസം അടുത്ത ബന്ധുക്കൾക്കൊക്കെ കാര്യം അറിയാം എന്നതാ.. ലേഖ പറഞ്ഞു.. കൂട്ടാൻ ഒഴിക്കട്ടെ ഗിരീ… മ്മ്.. അവൻ പപ്പടം പൊടിച്ചു കുഞ്ഞുരളയായി എടുത്തു മോൾക്ക് നൽകി.. അവളത് ആസ്വദിച്ചു നുണയുന്നുണ്ടായിരുന്നു..

അഞ്ചു വിളിച്ചപ്പോഴും പറഞ്ഞു ഇത്രേയൊക്കെ ആയ സ്ഥിതിക്ക് വേദയെ ഗിരിക്ക് ആലോചിച്ചാലോന്നു.. ഗിരി ഞെട്ടലോടെ ലേഖാമ്മായിയെ നോക്കി.. എത്രയൊക്കെ ആയ സ്ഥിതിക്കാ അമ്മായി.. നീ തുള്ളേണ്ട… എന്റടുത്തു വിലപ്പോകില്ല.. ലേഖ ദേഷ്യത്തോടെ പറഞ്ഞു.. ഞങ്ങൾക്കൊക്കെ ഇപ്പൊ നിന്റെ ഫീലിംഗ്‌സിനെക്കാളും വലുത് ഈ കുഞ്ഞാ.. ഇതിന്റെ ഭാവിയാ.. ഒരമ്മേടെ സ്നേഹം കിട്ടേണ്ട പ്രായത്തിൽ നിങ്ങൾ രണ്ടാളുടെയും വാശിയും ഡിവോഴ്‌സും പ്രശ്നങ്ങളും.. ഇപ്പോഴും നിന്റെ വാശി തന്നെ അല്ലെ ഗിരീ.. വേദയ്ക്ക് ശങ്കരിമോളോടുള്ള ഇഷ്ടം എല്ലാവർക്കും അറിയാം.. നീയൊന്ന് മനസ്സ് വെച്ചാൽ ശങ്കരിമോൾക്ക് നല്ലൊരു അമ്മയെ കിട്ടും.. നിനക്ക് ആർദ്രയെക്കാൾ നല്ലൊരു ഭാര്യയെയും… അവരതും പറഞ്ഞു അകത്തേയ്ക്ക് പോയി.. ഗിരി മടിയിലിരുന്നു കൊഞ്ചുന്ന മോളെ മെല്ലെ ചിരിച്ചു കാണിച്ചു ആഹാരം കൊടുക്കുന്നതും നോക്കി ദിവകാരനും ശങ്കറും ഇരുന്നു. അവന്റെ സ്വഭാവത്തിൽ വന്ന സൗമ്യത അവരിലും അൽപ്പം ആശ്വാസം നിറച്ചിരുന്നു..

********** വേദാ.. കോളേജിന്റെ വരാന്തയിൽ പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന വേദയുടെ പിന്നിൽ നിന്ന് രാജി വിളിച്ചു.. അവൾ തിരിഞ്ഞു നോക്കി . കലങ്ങിയിരിക്കുന്ന അവളുടെ കണ്ണുകൾ അവൾ കരയുകയായിരുന്നു എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു.. എന്താ കുട്ടി ഇത്.. എന്നുമിങ്ങനെ കരഞ്ഞു തളർന്നു ജീവിക്കാനാണോ എല്ലാം ഇട്ടെറിഞ്ഞു താൻ വന്നത്.. രാജിയുടെ ചോദ്യത്തിന് വേദയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല . അവൾ കണ്ണു തുടച്ചു.. ഇങ്ങനെ കരഞ്ഞു കരഞ്ഞു ജീവിതം തീർക്കാൻ ആയിരുന്നെങ്കിൽ നീ ഗൗതത്തെ വിട്ട് ഇങ്ങോട്ട് പോരേണ്ടിയിരുന്നില്ല കുട്ടി.. ആത്മാഭിമാനം പണയപ്പെടുത്തി അയാൾക്കൊപ്പം കഴിഞ്ഞാൽ പോരായിരുന്നോ.. രാജി അവളെ നോക്കി.. മറക്കാൻ ശ്രമിക്കാഞ്ഞിട്ടല്ല മാഡം.. പക്ഷേ.. ഓരോവട്ടവും ആ പേര് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ നോവുന്നുണ്ട്.. അയാളൊരു സെലിബ്രേറ്റി ആണ് കുട്ടി.. ഇനിയും ഈ ജീവിതത്തിൽ ആ പേര് നീ ഒരുപാടിടത്തു കേൾക്കേണ്ടി വരും. കോളേജിൽ വെച്ചെന്നോണം പലയിടത്തും അയാളെ നീ ഫേസ് ചെയ്യേണ്ടിയും വരും. അന്നൊക്കെ ഭ്രാന്തെടുത്തു ഓടി മാറി നീ പോകുമോ.. അവൾ രാജിയെ നോക്കി.. നീ അയാളെ വിട്ട് വന്നത് ഈ ജീവിതം ഇങ്ങനെ പഴയ ഓർമകളിൽ ഹോമിക്കാൻ ആയിരുന്നെങ്കിൽ.. അതന്ന് മനസ്സിലായിരുന്നെങ്കിൽ സിദ്ധു പോലും നിനക്കൊപ്പം നിൽക്കുമായിരുന്നില്ല വേദാ.. അവൾ അവരെ നോക്കി..

സത്യമാണ്.. കൂടെപ്പിറപ്പിനെ പോലെ എന്നല്ല നീ അവന്റെ പെങ്ങളാണ് എന്നാണ് അവനെന്നോട് പറഞ്ഞത്. ആ അവനും ദേവകി ആന്റിയും എത്ര വേദനിക്കുന്നു എന്നറിയുമോ നിന്റെയീ പെരുമാറ്റം കാരണം. അവർക്ക് നോവും.. കാരണം അവരത്രത്തോളം നിന്നെ സ്നേഹിക്കുന്നു.. അവൾ മുഖം താഴ്ത്തി.. ഗീതാമ്മയോ.. അവർ നിനക്കായി ഉപേക്ഷിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നിധി തന്നെയാണ് വേദാ.. അവർക്ക് എന്നോ നഷ്ടമായിപോയ മകന് വേണ്ടി ജീവിച്ച അവർ അന്നുപേക്ഷിച്ചത് അതേ മകനെയാണ്.. അതും നിനക്കുവേണ്ടി.. അവരൊക്കെ ആഗ്രഹിക്കുന്നത് നിന്റെ സന്തോഷം മാത്രമാണ്..നീ സന്തോഷിച്ചു കാണുമ്പോൾ അവർക്കൊക്കെ തോന്നുന്ന സംതൃപ്തിയാണ് ആത്മവിശ്വാസവും ആശ്വാസവുമാണ് ഇന്ന് നിനക്ക് അവർക്കായി നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.. രാജിയെ അവൾ നോക്കി.. ദിവസങ്ങളും മാസങ്ങളും കടന്നു പോയി കഴിഞ്ഞു വേദാ.. ആ ദിവസങ്ങളെ നിന്റെ ഭൂതകാലത്തെ മറവിയുടെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിഞ്ഞു കളയേണ്ട സമയം കഴിഞ്ഞു.. ഇന്നും എണ്ണിപ്പെറുക്കി നീ അതുമോർത്തിരുന്നാൽ ജീവിതമെന്നും ഒരിടത്തു കെട്ടി നിന്നുപോകുകയെയുള്ളൂ.. ഒഴുക്കുനിലച്ചു കെട്ടി നിൽക്കുന്ന വെള്ളം എത്രത്തോളം ചീത്ത ആകുമോ അത്രത്തോളം ചീത്തയാകും നമ്മുടെ മനസ്സും.. ജീവിതം ഒന്നേയുള്ളൂ കുട്ടി.. അതിങ്ങനെ നശിപ്പിക്കരുത്.. നീ ചെറുപ്പമാണ്.. നിനക്ക് മറ്റെന്തൊക്കെ ചെയ്യാം.. നിന്നെ സ്നേഹിക്കുന്നവർക്കായി പഴയതൊക്കെ മറന്നു പുതിയ മനസ്സോടെ ജീവിക്കാൻ ശ്രമിക്കു കുട്ടി..

അതിനായി നീ തയാറായെ തീരൂ.. അതും പറഞ്ഞു പോകുന്ന രാജിയെ നോക്കി നിറകണ്ണുകളോടെ വേദ നിന്നു.. അവൾ അൽപ്പനേരം കൂടി പുറത്തേയ്ക്ക് നോക്കി നിന്നു.. ശേഷം കണ്ണു തുടച്ചു തിരിഞ്ഞു നടന്നു.. മുൻപിൽ കൈ കെട്ടി തന്നെ നോക്കി നിൽക്കുന്ന ഗിരിയെ കണ്ടതും അവൾ മുഖം താഴ്ത്തി.. വേദാ.. അവനവളെ അലിവോടെ വിളിച്ചു.. താനിങ്ങനെ സില്ലി ആകാതെഡോ.. താൻ തന്നെ പറഞ്ഞു കേട്ട ഒരു വേദയുണ്ടല്ലോ.. ആർക്ക് മുൻപിലും ഒന്നിന് മുൻപിലും പതറാത്ത വേദ.. ആ വേദയെയാണ് എനിക്കിഷ്ടം.. എന്ത് വന്നാലും നേരിടുന്ന വേദ.. അങ്ങനെ ആയിക്കൂടെ.. ആകാൻ ശ്രമിച്ചൂടെ തനിക്ക്.. അവൻ അവളോട് ചോദിച്ചു.. അവളവനെ നോക്കി.. ഒന്നു ചിരിക്കേടോ.. കുട്ടികളുടെ പ്രിയപ്പെട്ട വേദ മിസ്സ്‌ ഇങ്ങനെ കരഞ്ഞു വിളിച്ചു നടക്കുന്നത് ഭയങ്കര മോശമാട്ടോ.. അവൻ പറഞ്ഞതും അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.. പോരാ.. വോൾട്ടേജ് കുറവാണല്ലോ.. അവൻ പറഞ്ഞതും വേദ മധുരമായി ഒന്നു പുഞ്ചിരിച്ചു.. ആ പുഞ്ചിരിയുടെ പ്രതിഫലനം അവന്റെ ചുണ്ടിലും ഉണ്ടായിരുന്നു.. അവനെ കടന്നു പോകുന്നവളെ ചിരിയോടെ നോക്കി നിൽക്കുമ്പോൾ അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായിരുന്നു. മധുരമേറിയ ഒരു സൗഹൃദം നിറഞ്ഞ പുഞ്ചിരി……………. തുടരും…….

പെയ്‌തൊഴിയാതെ: ഭാഗം 43

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

 

Share this story