തോളോട് തോൾ ചേർന്ന്: ഭാഗം 13

തോളോട് തോൾ ചേർന്ന്: ഭാഗം 13

എഴുത്തുകാരി: ജിച്ചന്റെ കാവു

“സമയം വേണല്ലേ അനന്ദൂ…” തെങ്ങിൻതടി പാലത്തിൽ ഇരുന്നുകൊണ്ട് വെള്ളത്തിന്റെ തണുപ്പിനെ ഉള്ളിലേക്കാവഹിക്കുന്ന അനന്ദുവിനോടായി ഹരി ചോദിക്കുമ്പോൾ ഇരുവരുടെയും കണ്ണുകൾ ആകാശചുവപ്പിൽ ലയിച്ചിരിക്കുകയായിരുന്നു… കണ്ണുകൾ തെല്ലുപോലും വ്യതിചലിപ്പിക്കാതെ ഹരിയുടെ ചോദ്യത്തിന് മൂളുമ്പോൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ പ്രണയം ഒളിപ്പിച്ചിരുന്നു അവൻ… ” നിക്കും… കുറച്ച് സമയം വേണം… ” ശാന്തമായി പറയുന്ന ഹരിയുടെ കയ്യ്ക്കുമേലെ കൈയ് ചേർത്തുകൊണ്ട് അനന്ദു അവനെ നോക്കി… ഒരു സഹോദരന്റെ ആധി വെളിവാക്കുന്ന നോട്ടം… എന്റെ പെങ്ങളെ സ്നേഹിക്കാനാവില്ലേ എന്നൊരു ചോദ്യം ആ നോട്ടത്തിൽ നിറഞ്ഞു നിന്നു… ” പേടിക്കണ്ടടോ… കുറച്ച് സമയം വേണമെനിക്ക്… എല്ലാമൊന്നു ഉൾക്കൊള്ളാനും മനസ്സ് പാകപ്പെടുത്താനും… ” അനന്ദുവിനുള്ളിലെ ചോദ്യം തിരിച്ചറിഞ്ഞെന്നവണ്ണം ഇരുകണ്ണുകളും ചിമ്മി ഹരി പറയുമ്പോൾ ഇരുവരിലും നിറഞ്ഞ പുഞ്ചിരിയായിരുന്നു…

പ്രേതീക്ഷിക്കാതെ വന്ന ജീവിതമാറ്റങ്ങളെ ഉൾകൊള്ളാൻ ശ്രമിച്ചുകൊണ്ട് തന്നെ ജീവനിലേറെ പ്രണയിക്കുന്നവളിലേക്ക് അടുക്കുവാൻ അവളെ മാത്രം ഉള്ളിൽ നിറയ്ക്കുവാൻ ആത്മാർത്ഥമായി ഹരി ശ്രമിക്കുമ്പോൾ മനസ്സിനേറ്റ മുറിവുകളെക്കാളും കയ്യ്പ്പുള്ള ജീവിതാണെന്നുഭവങ്ങളെക്കാളും പ്രണയമെന്ന മൂന്നക്ഷരംകൊണ്ട് തന്നിൽ സ്വപ്‌നങ്ങൾ നെയ്യാൻ പ്രാപ്തയാക്കുന്ന പെണ്ണിനെ അടക്കിപിടിക്കുവാൻ അനന്ദുവും മനസ്സാൽ തയ്യാറെടുക്കുകയായിരുന്നു… ത്രിസന്ധ്യയുടെ കുങ്കുമ ചുവപ്പവരിൽ താലികെട്ടിയ പെണ്ണിന്റെ സിന്ദൂരചുവപ്പിനെ ഓർമ്മിപ്പിക്കുമ്പോൾ ഇരുവരുടെയും ഉള്ളിൽ അവരുടെ മുഖം മാത്രം നിറഞ്ഞു… ” കൊള്ളാലോടി പെണ്ണെ നീയ് … ഉറപ്പിച്ചവനെ കിട്ടിയില്ലേൽ കണ്ടവനെ കെട്ടാ… നന്നായിട്ടുണ്ട്… ” അകത്തെ വെറും നിലത്ത് മിത്തുമോളെ കിടത്തി ഉടുത്തിരുന്ന സാരിതുമ്പ് അരയിൽ തിരുകി ധ്വനിക്ക് നേരെ നടന്നുവന്നുകൊണ്ട് മധു പറയുമ്പോൾ അവളൊരു നിമിഷം നിശ്ചലയായി നിന്നുപോയി… ” നിന്റെ മറ്റവൻ എന്തിയെടി??.. അനന്ദു… എനിക്കവനെയാ കാണണ്ടത്… എവിടെടി വാക്കിനു വെലയില്ലാത്തൊൻ??..

ന്റെ അനിയന് പറഞ്ഞുവച്ച പെണ്ണിനെ കൂട്ടുകാരന് കൂട്ടികൊടുത്തിട്ട് അവന്റെ പെണ്ണിനെ കെട്ടിക്കൊണ്ട് വന്നിരിക്കുന്നു… നാണമില്ലാത്തോൻ… ” ചുണ്ടിലൂറുന്ന പുച്ഛത്തോടൊപ്പം കണ്ണുകളിൽ ദേഷ്യവും നിറച്ചുകൊണ്ടവർ ഉച്ചത്തിൽ സംസാരിക്കുന്നത് ധ്വനിയുടെ ഉള്ളിനെ നോവിച്ചു… ” ദേ… അനാവശ്യം പറയരുത്… അപ്പു അവള് സ്നേഹിക്കുന്ന ആളെ കല്യാണം കഴിച്ചതിനു നിങ്ങളെന്തിനാ അനന്ദൂനെ തോന്നിവാസം പറയുന്നേ… ” ഉയർന്നു പൊന്തുന്ന ദേഷ്യവും വെറുപ്പും അടക്കി നിർത്താൻ ശ്രമിച്ചുകൊണ്ട് സംസാരിക്കാൻ താല്പര്യമില്ലാഞ്ഞിട്ട് കൂടി ധ്വനി അവരോടായി ശബ്ദമുയർത്തി.. ” ഓഫ്‌… എന്തേ… പിടിച്ചില്ലേ കൊച്ചമ്മയ്ക്ക്… അവനെ പറഞ്ഞപ്പോ പൊള്ളുന്നുണ്ടോ… ഉണ്ടാവും… അവനെ പറഞ്ഞതിനല്ലെടി നീയെന്നെ തല്ലിയത്… ഒന്നും മറന്നിട്ടില്ല ഞാൻ… നോക്കിക്കോ നീ.. അഭിയേട്ടന്റെ അച്ഛൻ ഇങ്ങു വരട്ടെ… നിന്നേം മറ്റോനേം അടിച്ചിറക്കുന്നത് കാണിച്ചു തരാം നിനക്ക്…” വല്ലാത്തൊരു ഭാവത്തോടെ തന്നോടായി ശബ്ദമുയർത്തുന്ന സ്ത്രീയെ ധ്വനി നോക്കി കാണുകയായിരുന്നു.. അവരുടെ മുഖം ഇടയ്ക്ക് വരിഞ്ഞു മുറുകുകയും ഇടക്ക് പുച്ഛം നിറയുകയും ചെയ്യുന്നുണ്ട്.. കളിയാക്കും പോലെ ഇടയ്ക്ക് ആ ചുണ്ടിൽ ഒരു ഭാഗത്തേയ്ക്ക് കോടികൊണ്ട് ചിരിയും വെളിവാകുന്നു…

എല്ലാ അധികാരവും തന്നിലാണെന്നുള്ള ഭാവം അവരുടെ മുഖത്ത് ഏത് നേരത്തും ഉണ്ട്… ” അങ്ങനെ അച്ഛൻ ഇറക്കിവിട്ടാ ഞങ്ങൾ പോയിക്കൊണ്ട്… അത് അപ്പോഴല്ലേ… എന്നുവെച്ചു ഇപ്പൊ നിങ്ങൾക്കൊരു നാണോം മാനോം ഇല്ലാതെ തോന്നിയത് വിളിച്ചുപറഞ്ഞാൽ കേട്ടുനിൽക്കാൻ ഞങ്ങൾക്ക് പറ്റില്ല… ” അവരുടെ ദേഷ്യം നിറഞ്ഞ വാക്കുകളും പുച്ഛം നിറഞ്ഞ മുഖവും സഹിക്കവയ്യാതെ ധ്വനി പറഞ്ഞു നിർത്തികൊണ്ട് തിരിഞ്ഞു നടന്നിരുന്നു… കൂടുതലൊന്നും കേൾക്കാനോ പറയാനോ താല്പര്യമില്ലാതെ… ” ഓഹ് വല്ല്യ നാണോം മാനോം ഉള്ളവൾ… ഒരുത്തനെ കറക്കിയെടുത്തു മതിയായിട്ടാണോടി ഇവിടത്തെ ചട്ടുകാലനേം കെട്ടി പൊറുക്കണേ… അല്ലേയ്… ആർക്കറിയാ ഇത് എത്രാമത്തെയാണെന്ന്… വല്ല നാട്ടിന്നു എന്ത് പൊല്ലാപ്പ് ഉണ്ടാക്കി വെച്ചാണാവോ അമ്മേം മക്കളും ഓടിപോന്നത്… അഴിഞ്ഞാട്ടക്കാരി…” എടുത്തടിച്ച പോലുള്ള മധുവിന്റെ സംസാരത്തിൽ ഒരു നിമിഷം തറഞ്ഞു നിന്നുപോയ ധ്വനിയുടെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞൊഴുകുമ്പോൾ പറയാൻ വന്ന മറുപടി പോലും പറയാനാവാതെ നാവ് കുഴഞ്ഞു… കാതുകളിൽ പിന്നെയും ആ വാക്കുകൾ… അഴിഞ്ഞാട്ടക്കാരി… ഒരാളെ അല്ലേ താൻ സ്നേഹിച്ചിട്ടുള്ളൂ… അയാളെ മാത്രമല്ലേ സ്വപ്നം കണ്ടിട്ടുള്ളൂ…

അയാളുടെ താലിയാൽ മാത്രമല്ലേ പൂർണയായിട്ടുള്ളൂ… നോട്ടംകൊണ്ടൊ വാക്കുകൊണ്ടോ മനസ്സുകൊണ്ടുപോലും മറ്റൊരാളെ ചിന്തിക്കാത്ത തനിക്കു ചാർത്തിക്കിട്ടിയ പേര്… ” അതോ ഹരിനന്ദനുമായുള്ള ഒത്തുകളി ആണോ??… ഇവിടത്തെ പെണ്ണിനെ കെട്ടിയ പേരും പറഞ്ഞു അവനും കേറി നെരങ്ങാലോ ഇവിടെ… നിങ്ങൾക്ക് രണ്ടിനും ആവശ്യത്തിനു സൗകര്യോം ആയി.. അനന്ദുനെ മടുക്കുമ്പോ ഹരി… ഹരിയേ മടുക്കുമ്പോ അനന്ദു… ആഹാ… ” പിന്നെയും അവരുടെ ദുഷിച്ച വാക്കുകൾ… തളർന്നുപോവുന്നതറിഞ്ഞിട്ടും വീഴാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നവൾ… തിരിഞ്ഞു നിന്ന് കയ്യ്നീട്ടി അടിക്കുവാൻ വെമ്പിയിട്ടും ചെയ്തില്ല.. ദുഷിച്ച ആ ശരീരത്തിലുള്ള സ്പർശനം പോലും ആരോചകമായി തോന്നുന്നു… നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കാൻ മുതിരാതെ കാഴ്ച മങ്ങുമ്പോൾ ചരിഞ്ഞു പോവുന്ന ശരീരവുമായി ഒരുവൻ പാഞ്ഞടുക്കുന്നത് കണ്ടു… അവനാൽ തട്ടി മാറ്റപ്പെട്ട ആ സ്ത്രീ വേച്ചു പോവുന്നതും അവരുടെ മുഖത്തവന്റെ കൈയ് പതിയുന്നതും തന്നിലേക്കവൻ അടുക്കുന്നതും അറിഞ്ഞു… തൊട്ടു മുൻപിലായി വന്നെത്തിയ നിമിഷം തന്നെ പൊതിഞ്ഞ അവന്റെ ഗന്ധം… അതിൽ മാത്രം ലയിച്ചുകൊണ്ട് കണ്ണുകൾ അടയ്ക്കുംനേരം വലതുകയ്യിൽ അമർന്ന കൈവിരലുകളുടെ ചൂട് ശരീരത്തിൽ പടർന്നു…

കൈയിൽ പിടിച്ചു വലിച്ചുകൊണ്ടവൻ തോളിൽ ചേർന്ന് പിടിക്കുന്നതറിഞ്ഞു… ” ഏട്ടന്റെ ഭാര്യയായതുകൊണ്ട്… അതുകൊണ്ട് മാത്രമാണ് ഇന്നേവരെ നിങ്ങൾ പറഞ്ഞതും ചെയ്തതും അനന്ദു കണ്ടില്ലന്നു നടിച്ചത്… ഇനിയും.. ഇനി ആയാലും അനന്ദുവിനെ പറയുന്നത് കേട്ട് നിൽക്കും പോലെ ആവില്ല ന്റെ പെണ്ണിനെ പറഞ്ഞാൽ… ഇവളെന്റെ ഭാര്യയാ… ഇവൾടെ സ്വഭാവം എനിക്ക് മാത്രം വിശ്വാസമുണ്ടായാൽ മതി… നിങ്ങളെ ഒന്നും ബോധിപ്പിക്കേണ്ട ഞങ്ങൾക്ക്… ഒരിക്കൽ കൂടെ എന്റെ കൈയ് നിങ്ങളുടെ മുഖത്തു പതിയേണ്ടയെങ്കിൽ ഇറങ്ങി പോവാൻ നോക്ക്… ” ധ്വനിയെ തോളോട് ചേർത്തുപിടിച്ചുകൊണ്ടവൻ ഏട്ടത്തിയോട് കൈയ് ചൂണ്ടി ശബ്ദമുയർത്തുമ്പോൾ ” ന്റെ പെണ്ണ് ” എന്നുള്ള സംബോധന മാത്രമേ അവളുടെ കാതുകളിൽ പതിഞ്ഞിരുന്നുള്ളൂ… കുനിഞ്ഞിരുന്ന മുഖം ഉയർത്തിക്കൊണ്ട് പെണ്ണ് അനന്ദുവിനെ തന്നെ നോക്കുമ്പോൾ ചുവപ്പ് പടർന്ന അവന്റെ കണ്ണുകളും നെറ്റിയിലും കഴുത്തിലും പിടച്ചു നിൽക്കുന്ന ഞരമ്പുകളും അവനുള്ളിലെ ദേഷ്യത്തെ വെളിവാക്കി… ” നീയെന്നെ അടിച്ചല്ലേ…. നീ…. നോക്കിക്കോടാ… ദേ ഈ ശീലാവതീനേം വിളിച്ചോണ്ട് പൊന്നുമോൻ വീട്ടിന്നു ഇറങ്ങാൻ തയ്യാറെടുത്തോ… മധുവാ പറയണേ… പിന്നേയ്… പെങ്ങളും രക്ഷപെട്ടന്ന് കരുതണ്ട നീയ്… “വീണിടത്തുനിന്നും ചാടി പെടഞ്ഞെഴുനേറ്റ് അനന്ദുവിനോടായി പറയുമ്പോൾ ദേഷ്യത്താൽ വിറക്കുകയായിരുന്നു മധു… അതൊന്നും കെട്ട ഭാവം നടിക്കാതെ അനന്ദു ധ്വനിയെ തോളിൽ പിടിച്ചുകൊണ്ട് ഒന്നുകൂടെ ദേഹത്തേയ്ക്ക് ചേർത്തു മുറുക്കെ പിടിച്ചു…

നിലത്തു കിടന്നു കരയുന്ന മിത്തുമോളെ വാരിയെടുത്തുകൊണ്ട് അവർ പുറത്തേയ്ക്ക് നടക്കുമ്പോൾ എല്ലാം കണ്ടുകൊണ്ട് വാതുക്കലിൽ നിന്നിരുന്ന ഹരിനന്ദനും അവർക്കുമുൻപിൽ തടസ്സമായി കയറി നിന്നു… ” കൈയിൽ കുഞ്ഞുണ്ടായിപ്പോയി നിങ്ങളുടെ… അല്ലേൽ നിങ്ങളെന്റെ കൈയിന്റെ ചൂടറിഞ്ഞേനെ… എല്ലാവരും നീയും നിന്റെ അനിയനെപോലെയും ആണെന്ന് കരുതരുത്… അവനെന്റെ പെണ്ണിനോട് ചെയ്തത് അറിയാൻ ഞാൻ വൈകിപ്പോയി… അപ്പു ഹരിയുടെ വീട്ടിൽ തന്നെ കാണും… ധൈര്യം ഉണ്ടേൽ അങ്ങോട്ട് വരാൻ പറ.. ഇനി ഒരു വട്ടംകൂടി അവളുടെ കണ്മുൻപിൽ വരാനുള്ള ചങ്കുറപ്പ് അവനുണ്ടോന്ന് നോക്കട്ടെ… ” വലിഞ്ഞു മുറുകിയ മുഖത്തോടെ മധുവിനോടായി പറഞ്ഞുകൊണ്ട് ഹരി വാതിലിൽ നിന്നും മാറി നിൽക്കുമ്പോൾ ദേഷ്യത്താൽ വിറയ്ക്കുന്ന മുഖത്തോടെ അവൾ പുറത്തേക്കിറങ്ങി നടന്നിരുന്നു…തന്നെ ചേർത്തു പിടിച്ച കൈയ്കളുടെ മുറുക്കവും ചേർന്ന് നിൽക്കുന്ന ആ ഹൃദയത്തിന്റെ ക്രമാതീതമായ താളവും അവനുള്ളിലെ ദേഷ്യവും വേദനയും വെളിവാക്കുമ്പോൾ മറ്റെല്ലാം ഒരു നിമിഷം മറന്നുകൊണ്ടവൾ അനന്ദുവിനെ ഇറുക്കെ പുണർന്നിരുന്നു… അവന്റെ നെഞ്ചോരം ചേർത്തു കാതുകൾ ഉറപ്പിച്ചുകൊണ്ട് ഹൃദയത്തിന്റെ താളത്തിൽ പ്രണയത്തിന്റെ സ്വരവും കൂടെ തിരഞ്ഞു… ഇടയ്ക്കെപ്പോഴോ അവന്റെ വലതുകരം തലയിൽ തഴുകുന്നതറിഞ്ഞതും എന്തിനോ ഒരു തുള്ളി കണ്ണുനീർ അവളിൽ നിന്നുതിർന്നു…

” നീയെന്താ അപ്പു ഇങ്ങനെ??.. ഒട്ടും ഹരിയേട്ടന്റെ മുന്നിൽപ്പെടാതെ എന്തിനാ ഇങ്ങനെ ഒഴിഞ്ഞുമാറുന്നത്??.. ” അപ്പുവിന് പിന്നാലെ അടുക്കളയിലേക്ക് നടന്നുകൊണ്ട് ശ്രീമോൾ ചോദിക്കുമ്പോൾ തിരിഞ്ഞവളെ നോക്കിയൊന്നു അപ്പു പുഞ്ചിരിച്ചു…. പിന്നെയും തിരക്കിട്ട് ചായ വെക്കാൻ ഒരുങ്ങുന്ന പെണ്ണിന്റെ കാട്ടായങ്ങൾ നോക്കി ശ്രീ ഒരു നിമിഷം നിന്നു… കണ്ണുകൾ പെയ്യാൻ വെമ്പുമ്പോഴും അടക്കിപിടിച്ചുകൊണ്ടവൾ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്ക് ചായില ഇട്ടു നീങ്ങിയതും ശ്രീയുടെ കൈ അവളുടെ ഇടതുകയ്യത്തണ്ടയിൽ അമർന്നിരുന്നു… ” നോക്ക് അപ്പു… ഉൾകൊള്ളാൻ എല്ലാവർക്കും സമയം വേണം… ആ സമയമേ എന്റെ ഏട്ടനും ചോദിച്ചുള്ളൂ… നിന്നോട് എന്റെ കൂടെ കിടന്നാൽ മതിയെന്ന് ആദ്യ ദിവസം പറഞ്ഞെന്നു കരുതി എന്നും എന്റെ മുറിയിൽ തന്നെ കിടക്കാനാണോ ഭാവം??.. ഏഹ്ഹ്??.. അതും പോട്ടെ… ആ മനുഷ്യന്റെ മുൻപിൽ പെടാതെ എത്ര നാൽ നീ ഇങ്ങനെ ഒളിച്ചു നടക്കും??..ഇതിനാണോ നീ കൈയ്‌വിട്ടുകളയാതെ വാശിയോടെ നേടിയെടുത്തത്??.. ” ശ്രീയുടെ സ്വരത്തിലെ ദൃഢതയോടൊപ്പം രൂക്ഷമായി തന്നെ നോക്കുന്ന കണ്ണുകളും കാൺകെ അടക്കി വെച്ച സങ്കടങ്ങൾ അണപൊട്ടിയൊഴുകുന്നത് തടയാനാവാതെ അപ്പു നിന്നു… ” നിക്കറിയില്ലടാ… ഹരിയേട്ടനെന്നെ… ഒരിക്കലും സ്നേഹിക്കാൻ പറ്റില്ലാന്ന് തോന്നാ… മുൻപിൽ ചെന്ന് നിൽക്കാനോ മുഖത്തേയ്ക്ക് നോക്കാനോ നിക്ക് പറ്റുന്നില്ല ശ്രീ… ” തോളിൽ പതിഞ്ഞ ശ്രീയുടെ കരത്തിൽ മുഖം ചേർത്തുകൊണ്ട് അപ്പു അവളുടെ കൈയിൽ മുറുക്കെ പിടിച്ചു പതിയെ സംസാരം തുടർന്നു… ” വീട്ടിലേക്ക് ഇന്നലെ പോയപ്പോ തന്നെ എന്നെ ഒന്ന് നോക്കുന്നു പോലുമുണ്ടായില്ല ഏട്ടൻ…

ഏതോ അപരിചിതരെപോലെ ഞങ്ങൾ…. ഒന്നും വേണ്ടായിരുന്നെന്നു തോന്നാ… ” ” എടി പെണ്ണെ… അങ്ങനെ ഒന്നൂല്ല്യാടി… എന്തായാലും നീയിപ്പോ ഏട്ടന്റെ ഭാര്യല്ലേ??.. ഈ മുന്നിൽ പെടാതെ ഓടുന്നത് നിർത്ത് ആദ്യം…ന്റെ ഏട്ടനെ എനിക്കറിഞ്ഞൂടെ.. എടി ഇതൊക്കെ പെട്ടന്ന് ശരിയായിക്കോളും പെണ്ണെ… ” അപ്പുവിന്റെ നിറഞ്ഞ കണ്ണുകളെ തുടച്ചുകൊണ്ട് ശ്രീ അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴും ഉള്ളിലുള്ള പ്രണയത്തിനെ മറച്ചു കുമിഞ്ഞു കൂടികൊണ്ടിരിക്കുന്ന ഭയത്തെ തിരിച്ചറിയുകയായിരുന്നു അപ്പു…സ്വന്തമാക്കിയിട്ടും ഒരിക്കലും സ്വന്തമാവാതെ ദൂരത്തേയ്ക്ക് അവളുടെ പ്രണയം അകലുന്നതായി തോന്നുകയായിരുന്നു അവൾക്ക്… ഹരിക്കൊരു ബുദ്ധിമുട്ടാവാതിരിക്കാൻ മനപ്പൂർവം അവനിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു അപ്പു.. അറിയാതെ മുൻപിൽ ചെന്ന് പെട്ടാൽ പോലും തന്നിലേക്ക് ആ കണ്ണുകൾ നീളുന്നില്ലെന്നു തിരിച്ചറിയും തോറും വേദന കൂടുകയായിരുന്നു പെണ്ണിന്… ഭക്ഷണ സമയത്തു മേശക്കു ചുറ്റും ഒത്തുകൂടുന്ന കുടുംബാംഗങ്ങളിൽ താൻ മാത്രം ഒറ്റപെട്ടു നിൽക്കും പോലെ… ഒരിക്കലും അർഹിക്കാത്തൊരു സ്ഥാനത്തു തുടരുംപോലെ… ഉള്ളിലെ നോവ് തൊണ്ടയിൽ ഗദ്ഗത്തെ ഉയർത്തുമ്പോൾ ഇറങ്ങുന്നില്ലെങ്കിൽ കൂടി എങ്ങനെയോ ഭക്ഷണം കഴിച്ചൊപ്പിച്ചു അവൾ മുറിയിലേക്ക് നടന്നിരുന്നു… ശ്രീമോളുടെ മുറിയിൽ കട്ടിലിൽ കമഴ്ന്നു വീഴുമ്പോഴേക്കും അടക്കി വച്ചിരിക്കുന്ന സങ്കടങ്ങൾ കണ്ണുനീരായി പുറത്തുചാടി… കഴിഞ്ഞുപോയ ഓരോ നിമിഷങ്ങളും ഉള്ളിൽ നിറയുമ്പോൾ സുഖമുള്ള ഓർമ്മകളിലെ അവന്റെ സാമീപ്യം

ഇനിയൊരിക്കലും അനുഭവിക്കാനാവില്ലേയെന്നൊരു ഭയമായിരുന്നു അവളിൽ… ഒടുക്കം കണ്ണിൽ പ്രണയം നിറച്ചുകൊണ്ട് പരസ്പരം നോക്കി നിൽക്കുന്ന അനന്ദുവിന്റെയും ധ്വനിയുടെയും മുഖം ഉള്ളിൽ തെളിയെ നേർത്തൊരു ആശ്വാസം നിറയുകയായിരുന്നു… പുറകിൽ വാതിലിന്റെ കൊളുത്തു വീഴുന്ന സ്വരം കേട്ട് ഞെട്ടിപിടഞ്ഞുകൊണ്ടവൾ എഴുനേൽക്കുമ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന ഹരിയേട്ടനെയാണ് കണ്ടത്..വെപ്രാളത്തോടെ കണ്ണു രണ്ടും അമർത്തി തുടച്ചുകൊണ്ടവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് നിന്നു… ഹരിയും കാണുകയായിരുന്നു ഞെട്ടിപിടഞ്ഞെഴുന്നേറ്റുകൊണ്ട് ദാവണി തുമ്പാൽ മുഖം അമർത്തി തുടക്കുന്ന പെണ്ണിനെ… കരഞ്ഞു കലങ്ങിയിരിക്കുന്ന അവളുടെ കണ്ണുകളും ചുവന്നിരിക്കുന്ന മൂക്കിൻതുമ്പും എല്ലാമെല്ലാം ഒരു നിമിഷം അവൻ നോക്കി നിന്നു… ” ഇത്രനാളും എന്നെ കെട്ടാൻ പറ്റാത്തതിന്റെ കരച്ചിലായിരുന്നു എന്നാണ് ശ്രീ പറഞ്ഞത്.. ഇനിപ്പോ എന്താ ആ മാധവിനെ കെട്ടാൻ പറ്റാത്തതിന്റെ കരച്ചിലാണോ കരഞ്ഞു തീർക്കണേ?? ” മുഖത്ത് പുച്ഛം നിറച്ചുകൊണ്ട് ചോദിക്കുന്നതിനൊപ്പം ഹരി നടന്നുകൊണ്ട് അവൾക്കടുത്തേയ്ക്ക് നീങ്ങി.. അവന്റെ വാക്കുകളിൽ മാധവിന്റെ പേര് കേട്ടതും അവളൊന്നു ഞെട്ടി അവനെ തന്നെ നോക്കി നിന്നു.. ” ആണോടി??.. ”

പിന്നെയും അവന്റെ സ്വരം കേൾക്കെ വേദനയോടെ അല്ലെന്നു തലയാട്ടി അവൾ… ” ഒരുത്തൻ നിന്റെ ദേഹത്തു മോശമായി തൊട്ടാൽ പ്രതികരിക്കുന്നത് ഒക്കെ നല്ലതാ.. നിന്നെക്കൊണ്ട് ഒറ്റക്ക് എതിരിടാൻ പറ്റാത്ത രീതിയിൽ ഉപദ്രവം എന്നും തുടരാണേൽ വായ തുറന്ന് വേണ്ടപ്പെട്ടവരോട് പറയണം… അല്ലാതെ ഒരുമാതിരി… ” അവനൊന്നു നിർത്തി… ” ഞാൻ അവനെ തല്ലീതാ ഒരിക്കെ… ശ്രീയോട് പറയേം ചെയ്ത്… ” അവനെ തന്നെ ഉറ്റുനോക്കി മറുപടിയായി പെണ്ണ് ഇടയിൽ പറയുന്നുണ്ട്… ” ശ്രീ പറഞ്ഞിട്ട് വേണമല്ലോ ഞാനെല്ലാം അറിയാൻ… നിനക്കെന്താ നാവില്ലേ??.. അല്ലേൽ ലോകത്തുള്ള വർത്താനം മൊത്തം പറഞ്ഞാലും മതിയാവാറില്ലല്ലോ നിനക്ക്??..ചെവിയിട തരാറുണ്ടോ??.. ആവശ്യമുള്ളതൊന്നും പറഞ്ഞേക്കരുത്… ഇങ്ങനെ തന്നെ വേണം… ഒരു മധുവും മാധവും… ” ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടവൻ കട്ടിലിലായി ഇരുന്നു… ഇടക്ക് തൊട്ടടുത്തു നിൽക്കുന്നവളിലേക്ക് കണ്ണുകൾ പായിച്ചു… മുഖം ദാവണികൊണ്ട് പെണ്ണ് തുടച്ചുകൊണ്ടിരിക്കുന്നുണ്ട്… പരിഭവത്താൽ കൂർപ്പിക്കുന്ന ചുണ്ടുകൾ കൂർത്തു വരുന്നുണ്ട്… ” നാളെ തൊട്ട് കോളേജിൽ പോയിക്കോണം… ഞാനും വരുന്നുണ്ട്… ഇവിടെയിരുന്നു കരഞ്ഞും പിഴിഞ്ഞും ദിവസങ്ങൾ തീർക്കേണ്ട … മനസ്സിലായോ…”അവളിലേക്ക് തന്നെ കണ്ണുകൾ പായിച്ചുകൊണ്ട് പറയുമ്പോൾ മനസ്സിലായെന്ന പോലെ തലയനക്കി അപ്പു…

എന്തൊക്കെയോ ഭാവങ്ങൾ മാറി മറയും അവളുടെ മുഖം അവനുള്ളിൽ കുളിരു നിറച്ചു… സങ്കടമാണോ ദേഷ്യമാണോ പരിഭവമാണോ പെണ്ണിനിപ്പോ??.. അവൾക്കു തന്നെ വേർതിരിച്ചറിയാൻ പറ്റാത്തതുപോലെ… കൈയിലെ ദാവണി തുമ്പ് പിടിച്ചു ഞെരിച്ചുകൊണ്ട് മറ്റെങ്ങോ കണ്ണുകൾ പതിപ്പിച്ചിരിക്കുന്നവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഹരി എഴുന്നേറ്റു വാതിലിനടുത്തേയ്ക്ക് നടന്നു… കൊളുത്തു വിടുവിച്ചുകൊണ്ട് ഒന്നുകൂടി തിരിഞ്ഞുനോക്കുമ്പോൾ അവളുടെ കണ്ണുകളും അവനിൽ തന്നെയായിരുന്നു… ” പിന്നേയ്… ശ്രീയല്ലല്ലോ നിന്നെ കെട്ടികൊണ്ട് വന്നത്… മര്യാദക്ക് ന്റെ മുറിയിൽ വന്നു കിടന്നോളണം ഇന്ന് തൊട്ട്…. “കണ്ണുകളിൽ കുസൃതിയൊളിപ്പിച്ചുകൊണ്ട് ഗൗരവത്തിൽ പറയുന്നവനെ നോക്കി നിന്ന പെണ്ണിന്റെ കണ്ണുകൾ വിടർന്നു… അവൻ പറഞ്ഞത് മനസിലാക്കി വരുമ്പോഴേക്കും തിരിഞ്ഞവൻ നടന്നുകഴിഞ്ഞിരുന്നു… ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയോടെ… പുറത്തെ നക്ഷത്രങ്ങളിലേക്ക് കണ്ണും നട്ട് ഇരുന്ന അനന്ദു പതിയെ മുഖം ചെരിച്ചു ധ്വനിയെ നോക്കി… അവനഭിമുഖമായി ചെരിഞ്ഞുകിടന്നുകൊണ്ട് മുഖത്തിന് താഴെ കൈയ് രണ്ടും മടക്കി വചിരിക്കുന്ന പെണ്ണിന് ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയായിരുന്നു… കാറ്റിൽ പാറുന്ന അവളുടെ മുടിയിഴകൾ മുഖത്തേയ്ക്ക് പറന്നു വന്നുകൊണ്ട് കവിളിൽ തലോടുമ്പോൾ അവന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു… ശബ്ദമുണ്ടാക്കാതെ അവൾക്കടുത്തേയ്ക്ക് നടന്നു വരുമ്പോൾ ആവേശം കാണിക്കുന്ന വലതുകാലിന്റെ വിരലുകളിലേക്കൊന്നു നോക്കി…

കട്ടിലിനു കീഴെ മുട്ടുകുത്തിയിരുന്നുകൊണ്ട് അവളെ തന്നെ നോക്കിയിരുന്നു… പതിയെ കയ്യുയർത്തി മുടിയിഴകളെ കവിളിൽ നിന്നും മാടിയൊതുക്കി ചെവിക്കുപിന്നിൽ വയ്ക്കുമ്പോൾ പെണ്ണൊന്നു ചിണുങ്ങിയിരുന്നു… ആ ചിണുക്കത്തിൽ എങ്ങനെയോ താടിയിലെ ചുഴി തെളിഞ്ഞു വരുമ്പോൾ അനന്ദുവിന്റെ കണ്ണുകളിൽ അതിൽ പതിഞ്ഞു… പതിയെ ഇടതുകയ്യുടെ തള്ളവിരലാൽ താടിത്തുമ്പിൽ തഴുകുമ്പോൾ ഉള്ളിലൊരു വിസ്‌പോടനം നടക്കുന്നതറിയുകയായിരുന്നു അവൻ… പ്രണയത്തിന്റെ… ഭയത്തിന്റെ… അടക്കിപിടിക്കുവാൻ വെമ്പുന്ന മോഹത്തിന്റെ… അകലാൻ ശ്രമിക്കുംതോറും കൂടുതൽ ഭ്രാന്തമായവൾ അടുപ്പിച്ചുകൊണ്ടിരിക്കുന്നു… പ്രണയം ഉള്ളിലൊതുക്കാൻ ശ്രമിക്കും തോറും കരകവിഞ്ഞുകൊണ്ട് അവയെ ഒഴുകുമാറാക്കുന്നു… ചിന്തകളിലും ഓർമയിലും മറ്റെല്ലാത്തിനെയും തോൽപ്പിച്ചുകൊണ്ട് പെണ്ണ് നിറഞ്ഞു നിൽക്കുന്നു… ” പ്രാണനാണ് ദേവാ… അനന്ദുവിന്റെ പ്രാണൻ…” മൗനമായ് മൊഴിഞ്ഞുകൊണ്ട് അവൻ പെണ്ണിന്റെ നെറുകിൽ തഴുകി… പതിയെ താടിയിലേക്ക് മുഖമടുപ്പിച്ചുകൊണ്ട് ഊതുമ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്കൊപ്പം ഒരിക്കൽ കൂടി താടിത്തുമ്പും പുഞ്ചിരി തൂകി… കണ്ണീരിനെ മാത്രം ഒളിപ്പിച്ചുകൊണ്ടിരുന്ന അവന്റെ താടിരോമങ്ങൾ പ്രണയപ്പൂർവമുള്ള ചിരിയിലെ നുണക്കുഴികളെ ഒളിപ്പിച്ചു… ഒത്തിരി ആവേശത്തോടെ…

 

………………  (തുടരും)…..

തോളോട് തോൾ ചേർന്ന്: ഭാഗം 12

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story