തോളോട് തോൾ ചേർന്ന്: ഭാഗം 14

തോളോട് തോൾ ചേർന്ന്: ഭാഗം 14

എഴുത്തുകാരി: ജിച്ചന്റെ കാവു

ദിവസങ്ങൾ പിന്നെയും പൊഴിയുമ്പോൾ അവരെല്ലാം കോളേജിൽ പോയി തുടങ്ങിയിരുന്നു… ഒരാഴ്ചയ്ക്കായി എടുത്ത ലീവ് ചുരുക്കി 4 ദിവസങ്ങൾക്കുള്ളിൽ തന്നെ ഹരിയും ധ്വനിയും തിരിച്ചു ജോലിൽ കയറിയത് ജീവിതത്തിലെ മാറ്റങ്ങൾക്കൊപ്പം മനസ്സും പാകപ്പെടുത്തുവൻ കൂടെയായിരുന്നു… രാവിലെയുള്ള ബസ്സ് യാത്രയിൽ അപ്പുവിനും ശ്രീമോൾക്കും ദേവൂട്ടിയ്ക്കുമൊപ്പം ധ്വനിയും ഒന്നിച്ചു കൂടുമ്പോൾ കണ്മുന്നിൽ നിന്നും മായും വരെയും കവലയിലെ പലചരക്കുകടയിൽ കണ്ണുകളെ പതിപ്പിച്ചിരുന്നു… സാധനങ്ങൾ നിറച്ചുവച്ച ചാക്കുകൾക്കിടയിലൂടെ അവളുടെ പ്രാണൻ ആയാസപ്പെട്ട് നടക്കുന്നത് ഉള്ളിൽ നിറച്ചുകൊണ്ട് ആയിരുന്നു ഓരോ യാത്രയും…

അവന്റെ ചുണ്ടിലെ പുഞ്ചിരിയെ താലോലിച്ചുകൊണ്ട്… വൈകുന്നേരം തിരിച്ചുള്ള യാത്ര ബസ്സ്റ്റോപ്പിൽ അവസാനിക്കുമ്പോൾ അത്രയും കൊതിയോടെ അവനിലേക്ക് കണ്ണും മനസ്സും പായിക്കാറുണ്ട്… പതിവില്ലെങ്കിലും ഇടക്ക് ഒന്നോ രണ്ടോ തവണ കിട്ടുന്ന നോട്ടവും പുഞ്ചിരിയും ആ പെണ്ണിന് അത്രമേൽ പ്രിയമായി തീർന്നു… വാക്കുകളെക്കാൾ മൗനം കഥ പറയുന്ന ദിവസങ്ങളായിരുന്നു അനന്ദുവിനും ധ്വനിക്കുമിടയിൽ കഴിഞ്ഞുപോയത്… ഉള്ളിലെ പ്രണയം ഇരുവരും അറിയാതെ തന്നെ പുറത്തേക്കൊഴുകുമ്പോൾ കണ്ണുകളുടെ ഗാഢമായ പുണരലിൽ അവരത് തളച്ചിട്ടിരുന്നു… ഭാര്യ ഭർത്തൃ ബന്ധത്തിനേക്കാളുപരി നല്ല കൂട്ടുകാരായി പരസ്പരം അടുക്കാൻ ശ്രമിക്കുമ്പോൾ വീട്ടിലെ ഓരോ കാര്യങ്ങളും അവരൊന്നിച്ച് ചെയ്തുപൊന്നു…

അറിയാതെ കൊരുക്കുന്ന കണ്ണുകളും ചെറു വിരൽ സ്പർശങ്ങളും ചുണ്ടിലെ പുഞ്ചിരിയിൽ ഒളിപ്പിക്കുന്ന വെപ്രാളവും അവരുടെ പ്രണയമായിരുന്നു… ഇടക്ക് ഭാനുമതിയെയും ദേവൂട്ടിയെയും കാണാൻ ചെന്നും അവരെ വീട്ടിലേക്ക് ക്ഷണിച്ചും കൃഷ്ണന്റെ വീട്ടിലേക്ക് ചെന്നും മൂന്ന് കുടുംബങ്ങളും തമ്മിലുള്ള ചെറിയ രീതിയിലെ അകൽച്ച പോലും മാറ്റിയെടുത്തു ബന്ധങ്ങൾ പഴയതിലും ദൃഢമാക്കി മാറ്റിയിരുന്നു… അപ്പുവിനോടുള്ള അകൽച്ച മാറ്റിയെടുത്തു അവളെ ഭാര്യയായി അംഗീകരിക്കുവാൻ മനസ്സാൽ ഹരിയും തയ്യാറെടുത്തു…. അതുവരെ ശ്രദ്ധിക്കാതിരുന്ന അവളുടെ ഓരോ രീതികളും അവനും പ്രിയപ്പെട്ടതായി മാറുവാനും അവന്റെ കാര്യത്തിൽ അവൾ കാണിക്കുന്ന ശ്രദ്ധ മനസ്സിലാക്കുവാനും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല…

കോളേജിൽ ക്ലാസ്സെടുക്കുമ്പോഴും വീട്ടിൽ എല്ലാവരുമൊന്നിച്ചിരു ഭക്ഷണം കഴിക്കുംബോഴും ഒക്കെ അറിയാതെ പരസ്പരം കൊരുക്കുന്ന കണ്ണുകൾ പെണ്ണ് വെപ്രാളത്തോടെ മാറ്റുമ്പോൾ അവളുടെ നോട്ടവും വെപ്രാളവും തന്നിൽ തീർക്കുന്ന മാറ്റങ്ങളെ താലോലിക്കുകയായിരുന്നു ഹരി… അതുവരെയുണ്ടായിരുന്ന മനസ്സിലെ വാത്സല്യം നിറയും സ്ഥാനത്തുനിന്നും അപ്പു മറ്റെന്തൊക്കെയോ ആയി അവനുള്ളിൽ മാറുന്നുണ്ടായിരുന്നു.. ശ്രീമോളെക്കാളുപരി തന്റെ അമ്മയുടെ ചെല്ലകുട്ടിയാകുവാനും അച്ഛന്റെ കൂടെ തൊടിയിൽ ചെറിയ കൃഷിപ്പണിക്കുമെല്ലാം ആവേശത്തോടെ കൂടെ കൂടുന്ന പെണ്ണ് അവനും പലപ്പോഴൊക്കെ അത്ഭുതമായ്മാറി….

രാത്രിയിൽ കിടക്കുന്നതിനു മുൻപായുള്ള നിമിഷങ്ങളിലെ പഠനത്തെ പറ്റിയുള്ള ചോദ്യങ്ങളിൽ പരസ്പരമുള്ള സംസാരത്തെ അടക്കി നിർത്തുമ്പോഴും പരിഭവമേതും പറയാതെ ചുമരോട് ചേർന്ന് ഒതുങ്ങി കൂടുമ്പോഴും അപ്പുവിന്റെ ഉള്ളം പ്രണയത്തെ ഒളിപ്പിച്ചുപിടിക്കുന്നത് അവനും തിരിച്ചറിഞ്ഞിരുന്നു… ***************** “ഹരിയേട്ടാ… അപ്പൂന് തീരെ വയ്യാ… തലവേദന ആയി കിടക്കായിരുന്നു ഇതുവരെ… ഇപ്പൊ ദേ ശർദ്ധിക്കേം ചെയ്ത്…. ഏട്ടനൊന്നു വീട്ടിലേക്ക് ആക്കോ അവളെ… ” സ്റ്റാഫ്റൂമിനു മുൻപിൽ വന്നു നിന്നുകൊണ്ട് ശ്രീ ഹരിയോടായി പറയുമ്പോൾ അവളുടെ വാക്കുകളിൽ സങ്കടം കലർന്നിരുന്നു…

അവൾക്കൊപ്പം ക്ലാസ്സിലേക്ക് നടക്കും നേരം വരാന്തയിൽ തൂണിൽ ചാരി തളർന്നുകിടക്കുന്ന അപ്പുവിൽ അവന്റെ കണ്ണുകൾ പതിഞ്ഞു… അവൾക്കടുത്തു ഇരുന്നുകൊണ്ട് ദേവൂട്ടി വെള്ളംകൊണ്ട് മുഖമെല്ലാം തുടക്കുന്നുണ്ട്… വാടിയ പൂ പോലുള്ള അവളുടെ കിടപ്പ് അവനുള്ളം പിടിച്ചുലയ്ക്കുമ്പോൾ കാലുകൾക്ക് വല്ലാത്തൊരു വെപ്രാളമായിരുന്നു… അടുത്തെത്തി തോളിൽ ഒന്ന് തോടും നേരം അടഞ്ഞുപോവുന്ന കണ്ണുകൾ പ്രായസ്സപ്പെട്ട് തുറന്നുകൊണ്ടവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു… മറഞ്ഞുപോവുന്ന ആ കൺപോളകൾ പോലും അവനായി തിളങ്ങുമ്പോൾ ഹൃദയത്തിലൊരു നൊമ്പരം ഉയരുന്നത് ഹരി അറിയുന്നുണ്ടായിരുന്നു… ” അപ്പൂ… എന്താടാ??… എന്താ പറ്റിയെ??? ഹോസ്പിറ്റലിൽ പോണോ കുഞ്ഞാ ??..”

ഉള്ളിലെ ആധി വാക്കുകളായി പുറത്തുവരുമ്പോൾ അവന്റെ സ്വരത്തിലും ഇടർച്ച വന്നിരുന്നു… ” വേണ്ട ഏട്ടാ… നിക്കൊന്നു കിടന്ന മതി… ” തളർച്ച ആ പെണ്ണിന്റെ സ്വരത്തെയും കീഴടക്കി മുന്നേറുമ്പോൾ അത്രമേൽ പതുക്കെ അവൾ പറഞ്ഞു… ധ്വനിയോട് വിവരം പറയാൻ ശ്രീയെ ഏൽപ്പിച്ചുകൊണ്ട് തെല്ലുപോലും വൈകാതെ ഇരു കൈകളിലുമായി അപ്പുവിനെ കോരിയെടുത്തു നെഞ്ചോരം ചേർക്കുമ്പോൾ ഒരു കൈയാൽ പെണ്ണ് അവന്റെ ഷർട്ടിൽ തെരുത്തുപിടിച്ചിരുന്നു… ആ വയ്യായയിലും അവളുടെ ചുണ്ടിൽ അവനായി പുഞ്ചിരി വിരിയുന്നത് നോക്കിക്കൊണ്ട് ഹരി ഒന്നുകൂടെ അവളെ നെഞ്ചോരം ചേർത്ത് പാർക്കിങ്ങിലേക്ക് നടന്നു… അപ്പുവിന്റെ അവസ്ഥ ഉണ്ടാക്കുന്ന സങ്കടത്തിനിടയിലും ഹരിയിൽ നിന്നുയിരുന്ന വാത്സല്യമേറിയ വാക്കുകളും കരുതലോടെയുള്ള പ്രവർത്തിയും ദേവൂട്ടിയിലും ശ്രീയിലും ചെറു പുഞ്ചിരി വരിയിച്ചിരുന്നു…

ഒപ്പം ദേവൂട്ടിക്കുള്ളിൽ കൂടുതൽ മികവോടെ ഭരതിന്റെ രൂപം തെളിയവേ ആ പുഞ്ചിരിയിൽ നാണം കൂടെ കലർന്നു… ” ഓട്ടോ വിളിക്കട്ടെ അപ്പൂ.. ബൈക്കിൽ ഇരിക്കാൻ പറ്റില്ലല്ലോ??.. ” ഗേറ്റിനു അടുത്തായുള്ള പാർക്കിംഗ് സ്പേസിൽ കെട്ടിയുയർത്തിയ തിണ്ണയിൽ അവളെ ഇരുത്തിക്കൊണ്ട് ഹരി പറയുന്നുണ്ട്… തിരിഞ്ഞു നടക്കാനാഞ്ഞ അവന്റെ കൈയിൽ പിടിത്തമിട്ടുകൊണ്ട് അപ്പു ദയനീയമായി ആ മുഖത്തേയ്ക്ക് നോക്കി വേണ്ടെന്ന് തലയിനക്കുമ്പോൾ ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി നിന്നു… കണ്മഷി പടർന്ന അവളുടെ കണ്ണുകൾ ഹൃദയത്തിൽ കൊത്തി വലിക്കുന്നത് അറിഞ്ഞുകൊണ്ട് തന്നെ അവൾക്കടുത്തേയ്ക്ക് ഇരുന്ന് തോളിലേയ്ക്ക് പെണ്ണിനെ ചായ്ച്ചുപിടിച്ചു… ഇരുവരും മൗനമായിരുന്നെങ്കിലും ഹൃദയങ്ങൾ പരസ്പരം വാചാലരായിരുന്നു… കണ്ണുകളടച്ചുകൊണ്ട് ആ ഒരു നിമിഷത്തെപോലും പ്രണയിക്കുന്ന പെണ്ണിന്റെ തലയിൽ ഹരിയുടെ കൈയ്കളും വാത്സല്യത്തോടെ തഴുകി… ” പോവണ്ടേടോ??.. ”

” മ്മ്മ്… ബൈക്കിൽ മതി… ” അല്പനേരത്തിനു ശേഷം ഹരി ചോദിക്കുമ്പോൾ അതേപടി കിടന്നുകൊണ്ട് തന്നെ പെണ്ണിന്റെ മറുപടിയും എത്തിയിരുന്നു… നല്ല തണുത്ത കാറ്റ് ഇരുവരെയും പുൽകി കടന്നു പോവുമ്പോൾ അവളൊന്നു കുറുകി ഒന്നുകൂടെ അവനിലേക്ക് ചേർന്നിരുന്നു… ഹരിയുടെ ബൈക്കിന് പുറകിൽ അവന്റെ പുറത്തേക്ക് ചാഞ്ഞിരുന്നുകൊണ്ട് കണ്ണുകളടക്കുന്ന പെണ്ണിന്റെ ഇരുകയ്കളും അവൻ ദേഹത്തേക്ക് ചേർത്തുപിടിപ്പിച്ചു… വീട്ടിലേക്കുള്ള വഴിയേ ശ്രദ്ധയോടെ പതിയെ വണ്ടി ഓടിക്കുമ്പോൾ അവന്റെ ചുണ്ടിലുള്ള പുഞ്ചിരിയിൽ പെണ്ണിനോടുള്ള സ്നേഹവും നിറഞ്ഞു.. അവരെ തഴുകി ഒഴുകുന്ന തണുത്ത കാറ്റിന്റെ തീവ്രത കൂടുമ്പോൾ പെണ്ണിന്റെ കൈയ്കൾ അവനിൽ മുറുകുന്നതിനോടൊപ്പം ശരീരവും മനസ്സും തണുക്കുന്നുണ്ടായിരുന്നു… ഒരു നനുത്ത മഴത്തുള്ളി കൈയിൽ പതിക്കും നേരം അപ്പു മുഖമുയർത്തി…

ഇരുവരെയും നനച്ചുകൊണ്ടൊരു പെരുമഴ അപ്പോഴേക്കും ഭൂമിയിലേക്കിറങ്ങി… ഹരിയേ ചുറ്റി പിടിച്ചിരിക്കുന്ന കയ്കൾക്കൊപ്പം പെണ്ണിന്റെ ശരീരവും വിറകൊള്ളുമ്പോൾ കനത്ത മഴയിൽ വണ്ടിയൊതുക്കി ഇരുവരും അടുത്തുകണ്ടൊരു ബസ്സ്റ്റോപ്പിലേക്ക് കയറി നിന്നിരുന്നു… തിരക്കു നിറഞ്ഞ ആ ചെറിയ ഷെഡിൽ നനഞ്ഞൊട്ടി നിൽക്കുന്ന പെണ്ണിനെ മറച്ചുകൊണ്ട് അവൾക്കു മുൻപിൽ തടയായി നിൽക്കുമ്പോൾ ശരീരത്തിന്റെ തളർച്ചയിൽ അവൾ അവന്റെ പുറത്തേക്ക് തല ചായ്ച്ചു വച്ചു… നനഞ്ഞിരുന്ന അവന്റെ ദേഹത്തവളുടെ ചുടു നിശ്വാസം പതിയുമ്പോൾ ഉള്ളിലെ വാത്സല്യത്തെയും മറികടന്നുകൊണ്ടൊരു വികാരം ഉടലെടുക്കുകയായിരുന്നു…

**************** ഇരുട്ടുമൂടികെട്ടിയ ബസ്സിന്റെ ഷട്ടർ പതിയെ ഉയർത്തിക്കൊണ്ട് ധ്വനി പുറത്തേക്കെത്തി നോക്കി… മഴത്തുള്ളികൾ ശക്തമായി മുഖത്ത് പതിഞ്ഞുകൊണ്ടവളുടെ കാഴ്ചയെ മറയ്ക്കുമ്പോൾ ഉള്ളാകെ തണുപ്പ് പടർന്നു.. ഇറങ്ങാനുള്ള സ്ഥലം എത്തിയതും അടുത്തു നിൽക്കുന്ന ശ്രീയെയും ദേവൂട്ടിയെയും വിളിച്ചുകൊണ്ടു ബസ്സിറങ്ങി… അപ്പോഴും കണ്ണുകൾ പലചരക്കുകടയുടെ തിണ്ണയിൽ അക്ഷമനായി നിൽക്കുന്നവനിലേക്ക് നീണ്ടിരുന്നു… തന്നെ കണ്ടതും അവന്റെ മുഖത്തു വിരിയുന്ന ആശ്വാസം പെണ്ണിന്റെ ഉള്ളം നിറച്ചു… നിർത്താതെ പെയ്യുന്ന മഴയിൽ ഒരു കുടകീഴിൽ ശ്രീമോൾക്കും ദേവൂട്ടിക്കുമൊപ്പം ചേർന്ന് വീട്ടിലേക്ക് നടക്കുമ്പോൾ അവൾ ഇടയ്ക്കിടെ അവനെ തന്നെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു…

തന്നിലേക്ക് മാത്രം നീളുന്ന ആ കണ്ണുകളുടെ മാന്ത്രികത മുഴുവനായും ശരീരമാകെ വ്യാപിക്കും പോലെ…. മഴയുടെ തണുപ്പിനെയും തോൽപ്പിച്ചുകൊണ്ട് അവന്റെ നോട്ടം പെണ്ണിനെ കുളിരണിയിക്കുമ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞു നിന്നത് പ്രണയമായിരുന്നു… ദേവൂനെ അവളുടെ വീട്ടിലേക്കും ധ്വനിയെ അനന്ദുവിന്റെ വീട്ടിലേക്കും ആക്കി ശ്രീ ഇടവഴിയിലൂടെ നടന്നുനീങ്ങുമ്പോൾ കുടയുടെ തുമ്പിൽ നിന്നും ഇറ്റു വീഴുന്ന മഴവെള്ളത്തെ കൈവള്ളയിൽ എടുത്തു മുഖത്തേക്ക് തെറിപ്പിച്ചു കളിച്ചു… ആ കുഞ്ഞ് ചുണ്ടിൽ തണുപ്പേൽക്കുമ്പോൾ ഉണ്ടാവുന്ന വിറയിലിനൊപ്പം ചെറു പുഞ്ചിരിയും നിറയുമ്പോൾ പാടത്തു നിന്നുള്ള തണുത്ത കാറ്റും അവളെ പുൽകി… കോളേജിൽ വച്ചു അപ്പുവിനെ നെഞ്ചോരം ചേർത്ത ഏട്ടനെ ഓർക്കുമ്പോൾ ചുണ്ടിലെ പുഞ്ചിരിയിൽ കുസൃതി നിറഞ്ഞു.. ഹരിയേട്ടന് അപ്പുവിനോടുള്ള സമീപനത്തിൽ മാറ്റം വന്നു തുടങ്ങിയതവളെ കൂടുതൽ സന്തോഷവതിയാക്കുന്നുണ്ടായിരുന്നു…

ചിരിച്ചുകൊണ്ട് നടന്നിരുന്നവളെ പെട്ടെന്നെന്തോ വന്ന് പുറകിലോട്ട് തട്ടിയിടുമ്പോൾ അരികിലെ വേലിയിൽ നിറഞ്ഞു നിൽക്കുന്ന ചെമ്പരത്തികാട്ടിലേക്ക് അവൾ ചാഞ്ഞു വീണിരുന്നു… ഞെട്ടിപിടഞ്ഞുകൊണ്ട് കണ്ണുകൾ തുറന്ന് നോക്കിയ പെണ്ണ് ചുറ്റും ആരെയും കാണാതെ ഒരു നിമിഷം തറഞ്ഞവിടെ ഇരുന്നുപോയി…അപ്പോഴും കൂർത്തുനിന്ന കല്ല് കുത്തിയിട്ട് പൊട്ടിയ കയ്യ്മുട്ടിൽ നിന്നും പൊടിഞ്ഞ ചോര മഴയോടൊപ്പം ഒഴുകുന്നുണ്ടായിരുന്നു… **************** പാതിയിൽ കൂടുതൽ നനഞ്ഞൊട്ടിയ ചുരിദാറിന്റെ അടിഭാഗം പിഴിഞ്ഞുകൊണ്ട് ദേവൂട്ടി അമ്മയുടെ കണ്ണിൽ പെടാതെ മുകളിലേക്കോടി… പടികൾ കയറി ചെല്ലുമ്പോൾ നീളത്തിലുള്ള വരാന്തയിൽ നിന്നുകൊണ്ട് മഴയിലേക്ക് കണ്ണും നട്ടുനിൽക്കുന്നവനെ കണ്ടോന്നു നിശ്ചലയായി നിന്നു…

ഒരു നിമിഷം ശ്വാസം വിലങ്ങും പോലെ… മഴയുടെ സ്വരത്തിൽ ലയിച്ചുകൊണ്ട് ചിന്തകളിൽ മുഴുകി നിൽക്കുന്നവന്റെ മുഖത്തെ ഭാവം നോക്കി നിൽക്കെ തിരിച്ചറിയാൻ മടിക്കുന്ന വികാരങ്ങൾ അവളിൽ നിറഞ്ഞു… അതവൾ അറിയാതെ തന്നെ കവിളുകളെ ചുവപ്പിക്കുകയും കണ്ണുകളെ തിളക്കമുറ്റതാക്കുകയും ചെയ്യുമ്പോൾ കാലുകൾ അവനടുത്തേയ്ക്ക് നീങ്ങുന്നുണ്ടായിരുന്നു… “ഒത്തിരി നേരായോ ഭരതേട്ടൻ വന്നിട്ട്??..” അവനരികെ വന്നു നിന്നുകൊണ്ട് ചോദിക്കുമ്പോൾ ചുണ്ടിലെ പുഞ്ചിരിയിൽ കലരുന്ന നാണത്തെ പെണ്ണ് മറച്ചുപിടിച്ചു.. അവളുടെ സ്വരത്തിൽ തെല്ലോന്ന് ഞെട്ടികൊണ്ട് ഭരത് തിരിഞ്ഞു നോക്കുമ്പോൾ അവന്റെ കണ്ണുകളും വിടർന്നിരുന്നു… പതിയെ അവയുടെ ഭാവം മാറി ചുരുങ്ങിയത് പെണ്ണിന്റെ നനഞ്ഞ കോലം കണ്ടിട്ടായിരുന്നു…

പ്രണയത്തെക്കാൾ വാത്സല്യം നിറഞ്ഞ നിമിഷം അവനവളെ മുഖം കൂർപ്പിച്ചു നോക്കി… ” വല്ല്യ പെണ്ണായി… ന്നിട്ടും കുട്ടികളിയാലേ… നെറുകിൽ വെള്ളമിറങ്ങാതെ തുടച്ചൂടെ വന്നാൽ ഉടനെ… ” അടുത്തായി കിടന്നിരുന്ന തോർത്തെടുത്തുകൊണ്ട് ഭരത് നെറുകിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതെ തലത്തുവർത്തുന്നതിനിടെ കൃത്രിമ ദേഷ്യത്തോടെ പറഞ്ഞു… പെണ്ണവന്റെ മുഖത്തും കണ്ണിലുമായി തെളിയുന്ന ഭാവങ്ങൾ നോക്കിക്കൊണ്ടിരിക്കെ ഉള്ളിലൊരു നോവുണരുന്നത് അറിഞ്ഞു… ആ മുഖത്ത് സ്നേഹവും വാത്സല്യവും മാത്രം… തനിക്കോ??.. തന്റെയുള്ളിലോ??.. ഇഷ്ടമാണ്… സ്നേഹമാണ്… ഏട്ടനെന്നു പറഞ്ഞുകൊണ്ട് ഉള്ളിലെ ഇഷ്ടത്തിനൊരു അർത്ഥതലം നൽകുകയായിരുന്നു ഇതുവരെ… പക്ഷെ ഇപ്പോഴോ??..

അടുത്തു നിന്നും മാറി നിന്ന ഈ കഴിഞ്ഞ മാസങ്ങളിലെ ഉള്ളിലെ പിടച്ചിലും സങ്കടവും സഹോദരസ്നേഹത്തിന്റെയായിരുന്നോ???… അങ്ങനെയാണേൽ ഭഗത്തേട്ടനോടും അതെ ഫീലിംഗ് തോന്നേണ്ടതല്ലേ??.. അങ്ങനെയായിരുന്നോ തോന്നിയത്??.. അല്ല… ഗീതമ്മയെയും ഭഗത്തേട്ടനെയും കാണാതെ വിഷമം തോന്നുന്നുണ്ടായെങ്കിലും ഭരതേട്ടനെ മാത്രേമേ അത്രമേൽ കണ്ണും മനവും ആഗ്രഹിച്ചിരുന്നുള്ളൂ… ആ സ്നേഹമാണ് കൊതിച്ചിരുന്നത്… ആ വാത്സല്യമാണ് ആഗ്രഹിച്ചത്… ആ സാമീപ്യമാണ് കാത്തിരുന്നത്… പ്രണയമല്ലേ ഇത്??.. കുഞ്ഞിനെപോലെ കൊണ്ടുനടക്കുന്നവനോട്… നിഷ്കളങ്കമായി സ്നേഹിക്കുന്നവനോട്… പ്രണയമാണ്… കൈയ്‌വിട്ട് കളയാണാവാത്ത അത്ര ഉള്ളിൽ വേരൂന്നിയ പ്രണയം…

” ഭരതേട്ടനെന്നെ ഇഷ്ടാണോ??.. ” അവന്റെ കണ്ണുകളിൽ വാത്സല്യം മാത്രം നിറയുമ്പോൾ ദേവൂട്ടിക്കുള്ളിൽ ബുദ്ധിയും മനസ്സും തമ്മിലുള്ള പിടിവലി നടക്കുകയായിരുന്നു… മുഖത്തേക്കുറ്റുനോക്കിയുള്ള അവളുടെ ചോദ്യത്തിൽ ഭരത് പതറിപ്പോയി… ” ഇഷ്ടമാണല്ലോ വാവേ… നീയെന്റെ ദേവൂട്ടിയല്ലേ… ” പതർച്ച മാറ്റി പുഞ്ചിരിയോടെ അവൻ പറഞ്ഞു നിർത്തുമ്പോൾ പെണ്ണിന്റെ കണ്ണുകളിലും തെളിച്ചം വന്നിരുന്നു… ” ന്നാ… എന്നെ ഏട്ടന്റെ മാത്രം ദേവൂട്ടിയാക്കാമോ??.. ഭരതേട്ടന്റെ മാത്രം… ” പിന്നെയും അവനുള്ളിലെ ഇഷ്ടത്തിന്റെ ഭാവം തിരിച്ചറിയാനെന്നവണ്ണം അവൾ ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ പെട്ടുഴറുകയായിരുന്നു ഭരതിന്റെ മനസ്സ്… ” നിക്ക് ഇഷ്ടാ… ഒരുപാട്… ഭഗത്തേട്ടനോട്‌ തോന്നുംപോലുള്ള ഒരിഷ്ടം അല്ലാട്ടോ ഏട്ടനോട്…

ന്റെ ജീവനാ… ” ഒരു വേള സഹോദരിയായി മാത്രം കണ്ടുകാണുമോ എന്നുള്ള ഭയം ഉദിക്കുമ്പോൾ ഉള്ളിലേറുന്ന പ്രണയം മറച്ചുപിടിക്കാനായില്ലാവൾക്ക്… ഭരതിനോട് പറഞ്ഞുകൊണ്ട് പെണ്ണ് അവന്റെ കൈയ്കളെ തട്ടിമാറ്റി മുറിയിലേക്കോടുമ്പോൾ അവളുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രണയത്തെ തിരിച്ചറിയുകയായിരുന്നു ഭരതും… വർഷങ്ങളായി ആഗ്രഹിച്ചതെന്തോ അതുതന്നെ ഒരുനിമിഷം കയ്പിടിയിലാവുമ്പോൾ നടന്നതൊന്നും വിശ്വസിക്കാനാവാതെ വിടർന്ന കണ്ണുകളോടെ ഭരത് അവളുടെ അടഞ്ഞുകിടക്കുന്ന മുറിയിലേക്ക് തന്നെ നോക്കി നിന്നു… തന്റെ പ്രണയം… കയ്യെത്താ ദൂരത്തേയ്ക്ക് അകലുകയാണെന്ന് കരുതിയ പ്രണയം…ഒരിക്കലും നേടാനാവില്ലേയെന്നോർത്ത് വിലപിച്ച പ്രണയം…. ഇന്ന് തന്നോടൊപ്പം… അവളിലും പ്രണയമാണെന്നറിഞ്ഞതും ഉള്ളിലുരുതിരിഞ്ഞു വരുന്ന സന്തോഷത്തിന്റെയെന്ന വണ്ണം അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി ഇറ്റുവീണു… കണ്ണീരിനിടയിലും പുഞ്ചിരിച്ചുകൊണ്ടവൻ കണ്ണുകളടക്കെ ഉള്ളിൽ പെണ്ണിന്റെ മുഖം…

കുഞ്ഞുമുഖം… വാശിയും ദേഷ്യവും കുറുമ്പുമൊക്കെ എടുത്തുകാണിക്കും കണ്ണുകൾ… ഭരതിന്റെ മാത്രം വാവ…. മുഖത്തെ പുഞ്ചിരിക്ക് മാറ്റേറിയത് അവനിലെ പ്രണയത്തിന്റെ തിരയിളക്കംകൊണ്ടായിരുന്നു… “ഏട്ടനെന്താ ഒറ്റക്ക് നിന്നു ചിരിക്കുന്നത്??” ഇരു പുരികങ്ങളും പ്രേതെകരീതിയിൽ പൊക്കികൊണ്ടുള്ള ഭഗത്തിന്റെ സ്വരം കേട്ട് ഭരത് കണ്ണുതുറന്നവനെ നോക്കി… ചുണ്ടിലെ പുഞ്ചിരിയോടെ തന്നെ അവനടുത്തേയ്ക്ക് പാഞ്ഞുവന്നു ആഞ്ഞുപുൽകി… ഭഗതിന്റെ നനഞ്ഞ ശരീരം ഭരതിനെ കൂടി നനക്കുമ്പോൾ അവന്റെ തലമുടിയിൽ നിന്നുതിരുന്ന വെള്ളത്തുള്ളികൾ ചേട്ടന്റെ തോളിൽ ഇറ്റു വീണു… കാര്യമെന്തെന്നറിയാതെ കണ്ണും തുറിച്ചു നിൽക്കുന്നവനെ അവന്റെ ദേഹത്തെ വെള്ളം പോലും വക വെക്കാതെ ഭരത് വരിഞ്ഞു മുറുക്കികൊണ്ടിരുന്നു… ഉള്ളിലെ സന്തോഷം പ്രകടിപ്പിക്കും പോൽ…………………  (തുടരും)…..

തോളോട് തോൾ ചേർന്ന്: ഭാഗം 13

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story