തമസ്സ്‌ : ഭാഗം 41

തമസ്സ്‌ : ഭാഗം 41

എഴുത്തുകാരി: നീലിമ

എന്ത്‌ കൊണ്ടോ അത് അംഗീകരിക്കാൻ മോഹന് കഴിഞ്ഞില്ല…. “””””റോസ് ആയിട്ട് അഭിനയിക്കാനും അവന്റെ മുന്നിൽ ചെല്ലാനും നിങ്ങൾ അവളെ അനുവദിച്ചോ? എന്താടാ….? നിങ്ങൾക്കും ബോധം ഇല്ലാതായോ….? അവളുടെ മാനസികാവസ്ഥ അതായിരുന്നു എന്ന് പറയാം…. നോർമൽ ആയി ചിന്ദിക്കാനുള്ള ബോധത്തിലേയ്ക്ക് അവൾ എത്തിയിട്ടുണ്ടാകില്ല…. നിങ്ങളൊക്കെ അത് അനുവദിച്ചു കൊടുത്തു എന്നുള്ളതാണ് എനിക്ക് മനസിലാക്കാൻ കഴിയാത്തത് … അവനെങ്ങാനും അവളെ തിരിച്ചറിഞ്ഞിരുന്നെങ്കിലോ? എന്താകുമായിരുന്നു അവസ്ഥ? അവളെ സേവ് ചെയ്യാൻ ശ്രമിക്കുന്നതിനു പകരം……?

അവനെ കയ്യിൽ കിട്ടാൻ ഇതല്ലാത്ത വേറെ മാർഗങ്ങൾ ഒന്നും നിങ്ങൾ കണ്ടില്ലേ….?””””” ചോദ്യങ്ങൾക്ക് മേലെ ചോദ്യങ്ങളുമായി മോഹൻ മുന്നിൽ നിന്നു. ആൽവിൻ അവനുള്ള മറുപടി നൽക്കാൻ തുടങ്ങുമ്പോഴാണ് പുറത്ത് ഒരു വാഹനത്തിന്റെ ശബ്ദം കേട്ടത്…. കാറിൽ നിന്നും ഇറങ്ങി സിറ്റൗട്ടിലേയ്ക്ക് കയറുമ്പോഴേ ശരത് കണ്ടു മോഹനെ….. അവൻ പക്ഷെ ശരത് വന്നത് അറിഞ്ഞതായി പോലും തോന്നിയില്ല. ആൾവിയിൽത്തന്നെ നോട്ടം ഉറപ്പിച്ചിരിക്കുകയാണ്. അവനിൽ നിന്നും എന്തോ മറുപടി പ്രതീക്ഷിച്ചിട്ടെന്ന പോലെ…. ശരത്തിനെ കണ്ട് ആൽവി അവനരികിലേയ്ക്ക് വന്നപ്പോഴാണ് മോഹനും ശരത്തിനെ ശ്രദ്ധിക്കുന്നത്. “”””മോഹൻ….?””””” ചോദ്യം ആൾവിയോടായിരുന്നു എങ്കിലും നോട്ടം എത്തി നിന്നത് മോഹനിലായിരുന്നു. മോഹൻ അവിടെ എത്തിയതും ജാനകിയെ കണ്ടതുമൊക്കെ ആൽവി തന്നെ ശരത്തിനോട് പറഞ്ഞു….

ശരത് നടന്നു മോഹനരികിലായി പോയിരുന്നു…. “””””മോഹൻ…””””” അവൻ പതിയെ വിളിച്ചു….. “”””””തന്റെ മാനസികാവസ്ഥ എനിക്ക് മനസിലാകും…. മനസുണ്ടായിട്ടല്ല ജാനിയെ ഇങ്ങനെ ഒരു വേഷം കെട്ടിച്ചത്…. സത്യത്തിൽ എറണാകുളത്തു നിന്നും ഇവിടെയ്ക്ക് കൂട്ടി വരുമ്പോൾ ശത്രുക്കൾ അവളെ തിരിച്ചറിയാതിരിക്കാനായിരുന്നു അങ്ങനെ ഒരു ചേഞ്ച്‌ ജാനിയ്ക്ക് വരുത്തിയത്… അതൊക്കെ മായയുടെ ഐഡിയ ആയിരുന്നു…. പിന്നീട് ജാനകി തന്നെയാണ് പറഞ്ഞത് ഈ രൂപം ഉപയോഗിച്ച് വിനോദിനെ കുരുക്കിലാക്കാം എന്ന്… ഞങ്ങൾ ആദ്യമൊക്കെ എതിർത്തതാണ്…. താൻ പറഞ്ഞത് പോലെ വിനോദ് അവളെ തിരിച്ചറിഞ്ഞാലോ എന്ന് ഞങ്ങളും ഭയന്നിരുന്നു… പക്ഷെ അവള് തന്നെ ഞങ്ങളുടെ ആശങ്ക തീർത്തു… ഇപ്പൊ ദാ … ഒട്ടും പ്രയാസമില്ലാതെ ഇന്ന് അവൻ നമ്മുടെ കൈകളിൽ എത്താൻ പോകുന്നു….

മോഹൻ ഇപ്പോൾ ചിന്ദിക്കുന്നത് പോലെ തന്നെയാണ് ഞങ്ങളും ചിന്ദിച്ചിരുന്നത്… അവന്റെ മൊബൈൽ നമ്പർ വെച്ചു അവനെ ലോക്കേറ്റ് ചെയ്യാൻ നമുക്ക് കഴിയും… പക്ഷെ നമ്മൾ അവന്റെ അടുത്ത് എത്തുന്നതിനു മുൻപ് അവൻ എങ്ങനെ എങ്കിലും വിവരങ്ങൾ അറിഞ്ഞാൽ….? ഒരിക്കൽ വഴുതി പോയാൽ പിന്നീട് ഒരിക്കലും നമുക്ക് അവനെ കിട്ടില്ല എന്ന് ഉറപ്പായിരുന്നു … ഒരു ചാൻസ് എടുക്കാൻ കഴിയുമായിരുന്നില്ലെടോ…. കാരണം… ഇത് എന്റെയോ തന്റെയോ ജാനകിയുടെയോ മാത്രം പ്രശ്നം അല്ല….. നമ്മുടെ ലക്ഷ്യം വിനോദും അല്ല… ലക്ഷ്യത്തിലേയ്ക്ക് എത്താനുള്ള ഒരു മാർഗ്ഗം മാത്രമാണ് അവൻ……..””””” ഒന്ന് നിർത്തി ശരത് മോഹന്റെ മുഖത്തേയ്ക്ക് കുറച്ചു നിമിഷങ്ങൾ നോക്കിയിരുന്നു….

“””””കഴിഞ്ഞ മൂന്ന് വർഷങ്ങൾ ജാനകി എവിടെ ആയിരുന്നു എന്ന് തനിക്ക് അറിയില്ലല്ലോ…? അവിടെ അവൾ അനുഭവിച്ച ശരീരികവും മാനസികവുമായ പീഡനങ്ങൾ എന്തൊക്കെ ആണെന്ന് തനിക്ക് അറിയില്ലല്ലോ…? എന്റെ കാവുവിന്റെ അതേ അവസ്ഥയിൽ ആയിരുന്നു ജാനക്കിയും…. ഒരു വെത്യാസം മാത്രം….. എന്റെ കാവു ഒക്കെ അനുഭവിച്ചത് ബോധത്തോടെ ആയിരുന്നു എങ്കിൽ ജാനകിയ്ക്ക് സ്വബോധം ഉണ്ടായിരുന്നില്ല…. ഇപ്പോൾ…..അവൾക്ക് പഴയ ഓർമകൾ തിരികെ ലഭിച്ചപ്പോൾ അവൾ അവിടെ അനുഭവിച്ചതിൽ അധികവും മറവി കവർന്നെടുത്തു….. അവളെ നിർബന്ധ പൂർവ്വം മയക്കുമരുന്നിനു അടിമയാക്കിയതും അവിടെ എത്തിയ ചില പെൺകുട്ടികളുടെ ഹൃദയം നുറുക്കുന്ന അനുഭവങ്ങളും ആ ദിവസങ്ങളിൽ അവൾക്ക് ചുറ്റും അവൾ കണ്ടതും കേട്ടതും അറിഞ്ഞതും ഒക്കെയാണ് അവളുടെ മനസ്സിൽ ഇപ്പോൾ ഉള്ളത്…..

തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ അവൾക്ക് ഓർമയില്ല…. അതേ അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ടാകും…. ആ അവസ്ഥയിലൂടെ താനും കടന്ന് പോയിട്ടുണ്ടാകും….. താനും ശാരീരികപീഡനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ടാകും എന്നൊക്കെ അവൾ ചിന്ദിക്കുന്നുണ്ട്… അതൊക്കെ സത്യവുമാണ്…..പക്ഷെ അതൊന്നും അവളുടെ ഓർമയിൽ ഇല്ല ….. ചിലർക്ക് ഓർമ്മകൾ തിരികെ ലഭിക്കുമ്പോൾ ഇത് പോലെ ഒരു ചെറിയ കാലയളവു മറന്നു പോകാൻ ഇടയുണ്ടെന്നു ബിജോയ്‌ ഡോക്ടർ പറഞ്ഞിരുന്നു…. ഭാഗ്യ വശാൽ ജാനിയ്ക്കും അങ്ങനെ ഉണ്ടായി… അവൾ മറവിയ്ക്ക് വിട്ട് കൊടുക്കാൻ ആശിക്കുന്ന ഓർമ്മകൾ തന്നെയാകും അവയൊക്കെ…. അവളുടെ ജീവിത്തിലെ കറുത്ത ഏടുകൾ….. ഒരു കണക്കിന് അവൾക്ക് അതൊന്നും ഇപ്പോൾ ഓർമയിൽ ഇല്ലാത്തത് നന്നായി….

അത് കൊണ്ടാണ് ഇത്രയും വേഗത്തിൽ ഇങ്ങനെ ഒരു റിക്കവറി പോസിബിൽ ആയത് എന്നാണ് ഡോക്ടർ ബിജോയ്‌ പറഞ്ഞത്…. അവൾ അവിടെ നേരിട്ട പീഡനങ്ങളുടെ ദുഷിച്ച ഓർമ്മകൾ കൂട്ടിന് ഉണ്ടായിരുന്നുവെങ്കിൽ മാനസികമായ ഒരു തിരിച്ചു വരവ് ഇപ്പോഴും സാധ്യമാകുമായിരുന്നില്ല….. കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ തിരികെ ലഭിച്ചാലും അവൾക്ക് ശാരീരികമായി നേരിടേണ്ടി വന്ന പീഡനങ്ങളുടെ ഓർമ്മകൾ അവളെ തളർത്തിക്കൊണ്ടേ ഇരുന്നേനെ…. ആ തളർച്ചയിൽ നിന്നും അവളെ മുക്തയാക്കാൻ ചിലപ്പോൾ നമുക്ക് കഴിയുകയും ഇല്ലായിരുന്നു…. “”””” ശരത് ഒരു ദീർഘ നിശ്വാസം എടുത്ത് തുടർന്നു….

“””””അപ്പൊ ഞാൻ പറഞ്ഞു വന്നത് ഇതൊന്നും അല്ല…. നമുക്ക് വേണ്ടത് വിനോദിനെ മാത്രമല്ല…. വിനോദ് വെറുമൊരു ഏജന്റ് ആണ്….. വിനോദിന് പിറകിലുള്ളവർ ശക്തരും…… ശക്തി കൊണ്ട് നമുക്ക് അവരെ ജയിക്കാൻ ആകില്ല എന്ന് ഉറപ്പാണ് മോഹൻ… നിയമപരമായും കഴിയില്ല. നീച്ചന്മാർക്ക് നിയമത്തിൽ പഴുതുകൾ ഒരുപാട് ഉണ്ടാകും…പിന്നേ സാധ്യമാകുന്നത് ഇത്തരം കുരുട്ട് ബുദ്ധികളാണ്. ആദ്യം വിനോദ്…..അവനിലൂടെ മറ്റുള്ളവർ….. ഇന്ന് വിനോദ് നമ്മുടെ അടുത്തെത്തും… അവനെ തിരഞ്ഞു പോകാതെ തന്നെ…. അവനുള്ള ശിക്ഷ മരണം തന്നെയാണ്. പക്ഷെ ഇപ്പോഴല്ല…. അവണിലൂടെ വേണം മറ്റുള്ളവരുടെ വിവരങ്ങൾ അറിയാൻ…

അവരുടെ അരികിൽ എത്താൻ…. അത് കഴിഞ്ഞേ അവനുള്ള ശിക്ഷ നടപ്പിലാക്കൂ….. ഇതൊക്കെക്കൊണ്ടാണ് ഇക്കാര്യത്തിൽ കുറച്ചു റിസ്ക് എടുക്കാൻ ഞങ്ങൾ തയാറായത്. പിന്നേ ജാനകിയെ ഞങ്ങൾ ഒരിടത്തും ഒറ്റയ്ക്ക് വിട്ടിട്ടില്ല… അവളുടെ സേഫ്റ്റി ഉറപ്പാക്കിത്തന്നെയാണ് അന്ന് വിനോദിനെ കാണാനായി അവൾ പോയത്…..””””” ശരത് പറഞ്ഞു നിർത്തി. പക്ഷെ മോഹൻ അപ്പോഴും കുനിഞ്ഞിരിക്കുകയായിരുന്നു. ശരത് അവസാനം പറഞ്ഞതൊന്നും അവൻ കേട്ടിരുന്നു കൂടിയില്ല. 🍁🍁🍁🍁🍁🍁🍁🍁🍁 ജാനകി അവൾ മൂന്ന് വർഷങ്ങൾ കൊണ്ട് അനുഭവിച്ച ദുരിതങ്ങൾ തേടുകയായിരുന്നു അവന്റെ മനസ്സ്…. മൂന്ന് വർഷങ്ങൾ……

എന്തൊക്കെ അവൾ അനുഭവിച്ചു തീർത്തിട്ടുണ്ടാകും …? എത്രയേറെ നൊന്തിട്ടുണ്ടാകും അവളുടെ മനസ്സും ശരീരവും…..? ആരോടും ഒന്നും പറയാനാകാതെ…. ഒന്നുറക്കെ കരയാനാകാതെ….. മരണത്തെക്കുറിച്ച് അവൾ ചിന്ദിച്ചിട്ടുണ്ടാകില്ലേ? മരിക്കാൻ അവൾ കൊതിച്ചിട്ടുണ്ടാകില്ലേ? അതും താൻ ജീവനോടെ ഉള്ളപ്പോൾ…. സംരക്ഷിക്കാനാകാതെ പോയല്ലോ തനിക്ക് അവളെ…….. രണ്ട് നീർതുള്ളികൾ കയ്യിലേയ്ക്ക് ഇറ്റ് വീണു…. താൻ കരയുകയാണെന്ന് മോഹൻ പോലും തിരിച്ചറിഞ്ഞത് അപ്പോഴാണ്….. വീണ്ടും കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീരിനെ ഒഴുക്കാൻ അനുവദിച്ചില്ല…..പോളകൾ ചിമ്മി അവയെ തടഞ്ഞു വച്ചു….. ആണുങ്ങൾ കരയാൻ പാടില്ലല്ലോ….!!!!!! 🍁🍁🍁🍁🍁🍁🍁🍁🍁 മോഹനെതന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു ശരത്തും ആൽവിയും…

“””””മോഹൻ…..””””” ശരത് മോഹന്റെ തോളിലേയ്ക്ക് ഒന്നമർത്തി പിടിച്ചു….. “””””ഉള്ളിൽ വേദന തിങ്ങിയാൽ കരഞ്ഞു തന്നെ തീർക്കണമെടോ… ആണായാലും പെണ്ണായാലും…. കണ്ണുകളിലൂടെ ഒഴുക്കി വിട്ടാൽ വേദനയ്ക്ക് ശമനം ഉണ്ടാകുമെങ്കിൽ കരയുക തന്നെ വേണം….. ഞാൻ കരഞ്ഞിട്ടുണ്ട്….. എന്റെ കാവുവിന്റെ കണ്ണുകൾ അവസാനമായി അടഞ്ഞപ്പോൾ…. എന്റെ മടിയിൽ കിടന്ന്….. പറഞ്ഞു വന്നത് മുഴുമിപ്പിക്കാനാകാതെ….. എന്റെ കാവു…… നിർജീവമായ ആ ശരീരം ഇങ്ങനെ നെഞ്ചോട്‌ പൊതിഞ്ഞു പിടിച്ചു വാ വിട്ട് കരഞ്ഞിട്ടുണ്ടെടോ….. നടു റോഡിൽ ഇരുന്ന്… ഉറക്കെ ഉറക്കെ കരഞ്ഞിട്ടുണ്ട് ഞാൻ….. പോലീസ് വേഷത്തിൽ തന്നെ…. ചുറ്റിനും ഒരുപാട് പേരുണ്ടായിരുന്നു…. നാണക്കേട് തോന്നിയില്ല എനിക്ക്……

ചുറ്റുമുള്ളവർക്ക് എന്നെ അറിയാമെന്നോ ഞാൻ ഒരു പോലീസ് ആണെന്നോ അപ്പോൾ ഓർത്തില്ല….. ആണുങ്ങൾ കരയാൻ പാടില്ല എന്ന തത്വവും ഓർത്തില്ല….. രക്ഷിച്ചു കൊണ്ട് വന്നതായിരുന്നു ഞാൻ…. കൂടെക്കൂട്ടാൻ….. ഒരിക്കലും കൈ വിടാതെ… ഒരു താലി കെട്ടി ഒപ്പം കൂട്ടാൻ …. ജീവിതഅവസാനം വരെ ഇങ്ങനെ ആരെയും കൂസാതെ നെഞ്ചോട് ചേർത്ത് പിടിക്കാൻ വേണ്ടിത്തന്നെ….. സമൂഹം പറയുന്നതൊന്നും എനിക്ക് വിഷയമായിരുന്നില്ല…. ആർക്ക് മുന്നിലും തോൽക്കില്ലായിരുന്നു ഞാൻ…. അവളെ തോൽക്കാൻ സമ്മതിക്കുകയും ഇല്ലായിരുന്നു….. പക്ഷെ അവളെന്നെ തോൽപ്പിച്ചു കളഞ്ഞേടോ….. ഒരുപക്ഷെ സമൂഹത്തിന്റെ ചൂഴ്ന്ന നോട്ടങ്ങൾ നേരിടാനുള്ള ത്രാണി അവൾക്ക് ഉണ്ടായിരുന്നിട്ടുണ്ടാകില്ല….

സമൂഹത്തിനു മുന്നിൽ അപരാധികൾ എന്നും ഇത് പോലെ ചതിയിൽപ്പെടുന്ന പെൺകുട്ടികൾ ആണല്ലോ….? കളിയായും സഹതാപത്തോടെയും വെറുപ്പോടെയും നോക്കാൻ ആയിരം കണ്ണുകൾ ഉണ്ടാകും….. ഒന്ന് ചേർത്ത് പിടിക്കണോ ആശ്വസിപ്പിക്കാനോ ഒരു കൈ പോലും ഉണ്ടാകില്ല…. തന്നോട് ഇത് ചെയ്തവർ ഞെളിഞ്ഞു നടക്കുബോൾ അവൾ മാത്രം തെറ്റുകാരിയാകും…. എന്തൊരു വിരോധാഭാസം അല്ലെ? വെറുക്കപ്പെട്ടവളാകാൻ അവൾ ആഗ്രഹിച്ചിട്ടുണ്ടാകില്ല…. പാവം….””””” ഈറനായ കണ്ണുകൾ വലത് കൈ കൊണ്ട് തുടച്ചു ഇടത് കൈ മോഹന്റെ തോളിൽ ഒന്ന് കൂടി അമർത്തി പിടിച്ചു…. “””””തനിക്ക് ആശ്വസിക്കാമെടോ…. അവളെ ജീവനോടെ കിട്ടിയില്ലേ? പിന്നെ അസുഖം…. എയ്ഡ്‌സ് ന് പ്രത്യേകിച്ച് ട്രീറ്റ്മെന്റ് ഒന്നും ഇല്ല എന്നുള്ളത് ശെരി തന്നെ…

പക്ഷെ നമ്മൾ പ്രോപ്പർ care എടുക്കുകയാണെങ്കിൽ ഒരു 40-50 വർഷങ്ങൾ വരെ നോർമൽ ലൈഫ് ലീഡ് ചെയ്യാനാകും എന്നാണ് പുതിയ സ്റ്റഡീസ് പറയുന്നത്… അവൾക്ക് ഇപ്പൊ വേണ്ടത് തന്റെ കെയർ ആണെടോ…. എയ്ഡ്‌സ് രോഗിയായ ഒരാളെ ഈ സമൂഹം എങ്ങനെ സ്വീകരിയ്ക്കും എന്നു നമുക്ക് ഊഹിക്കാം….ആൾക്കാർക്കിടയിൽ hiv യുമായി ബന്ധപ്പെട്ട അബദ്ധ ധാരണകൾക്ക് ഇപ്പോഴും ക്ഷാമം ഒന്നും ഇല്ല…. ഒറ്റപ്പെടുത്തും….ചോദ്യങ്ങളും ചോദ്യം ചെയ്യലുകളും ഉണ്ടാകും.. നോട്ടം കൊണ്ട് പോലും മുറിവേൽപ്പിക്കും….. നേരിടാൻ പഠിക്കണം… ജാനിയെ പഠിപ്പിക്കുകയും വേണം…. ചിലപ്പോ തന്നോട് ചേർന്ന് നിൽക്കാൻ അവളൊന്നു മടിക്കും ….. തന്നിൽ നിന്നും അകന്ന് പോകാൻ നോക്കും…. അവൾ കടന്ന് വന്ന സാഹചര്യങ്ങൾ അത്രത്തിൽ ഉള്ളതായിരുന്നല്ലോ…

കൂടെ നിൽക്കണം… അകന്ന് പോകാൻ നോക്കിയാൽ കൂടുതൽ ചേർത്ത് പിടിക്കണം… ഇപ്പോൾ അവൾക്ക് വേണ്ട ഏറ്റവും നല്ല മരുന്ന് സ്നേഹമാണ്…. തന്റെ ഈ ഹൃദയത്തിൽ അത് വേണ്ടുവോളം ഉണ്ട് …..”””” ശരത് പതിയെ എഴുന്നേറ്റു…. “””””ഇപ്പൊ താൻ ഇഷ്ടപ്പെടുന്നത് ഒറ്റയ്ക്കിരിക്കാനാണെന്ന് എനിക്കറിയാം… കരയണം… ഉള്ളിലെ വിഷമങ്ങൾ തീരുന്നത് വരെ കരയണം…. എന്നിട്ട് അവളെ പോയി കാണണം….. അവളുടെ ഒപ്പം താൻ ഉണ്ടാകും എന്ന തോന്നൽ അവൾക്ക് ഉണ്ടാകണം……. ജീവിതത്തെ സ്നേഹിക്കണം അവൾ… തുടർന്ന് ജീവിക്കാൻ താനും കുഞ്ഞിയും അവൾക്ക് പ്രേരണയാകണം…. ഇന്നവൾ ഈ കാണിക്കുന്ന ധൈര്യം ഇണ്ടല്ലോ… നാളെ ജീവൻ അവസാനിക്കും എന്ന തോന്നലിൽ നിന്നും ഉരുവായതാണത്….

മരിക്കാൻ അവൾക്കിപ്പോൾ ഭയം ഉണ്ടാകില്ല… പക്ഷെ ജീവിക്കാൻ ജാനകി ഭയന്നെന്നിരിക്കും…. മോഹനോടൊപ്പം ജീവിക്കാൻ താൻ അർഹയല്ല എന്ന് ചിന്ദിക്കും …. ഈ ഭൂമിയിൽ ജീവിക്കാൻ അവളെപ്പോലെ യാതന അനുഭവിച്ചവരോളം അർഹത മറ്റാർക്കും ഇല്ല എന്ന് ജാനകിയെക്കൊണ്ട് ചിന്ദിപ്പിക്കണം….. അവിടെയാണ് നമ്മുടെ വിജയം….. തനിക്ക് അതിന് കഴിയും…. തനിക്കെ അതിന് കഴിയൂ മോഹൻ….. ഇതൊന്നും തന്നോട് പറയേണ്ട കാര്യമില്ല എന്നറിയാം… എന്നാലും പറഞ്ഞു എന്നെ ഉള്ളൂ…””””” ശരത് ഇടത് കൈ മോഹന്റെ തോളിൽ ഒന്ന് കൂടി അമർത്തി പിടിച്ചു… പിന്നേ ആൽവിയുടെ നേരെ തിരിഞ്ഞു…… “””””വാടോ… തന്നോട് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്…..””””” ആൾവിനോടായി പറഞ്ഞിട്ട് പുറത്തേക്കിറങ്ങി തൊടിയിലേയ്ക്ക് നടന്നു……

മോഹനെ ഒറ്റയ്ക്ക് വിടാനാണത് എന്ന് ആൾവിയ്ക്ക് മനസിലായി… അവൻ മോഹനെ ഒന്ന് നോക്കി ശരത്തിനു പിറകെ നടന്നു…. 🍁🍁🍁🍁🍁🍁🍁🍁🍁🍁 എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല…. കണ്ണുകളെ തടഞ്ഞു വച്ചില്ല…. ഒഴുകാൻ വിട്ടു…. കെട്ടി നിർത്തിയ നോവുകൾ ഒഴുകി ഇറങ്ങുമ്പോൾ വല്ലാത്തൊരാശ്വാസം ഉണ്ട്‌…. ക്ഷണിക്കപ്പെടാത്ത അതിഥികളായി പലപ്പോഴും അസുഖകരമായ ചിന്തകൾ തേടി വന്നു. ഒരു ദീർഘനിശ്വാസമെടുത്തു ആ ചിന്തകളെ മനസ്സിന്റെ പടിവാതിൽ കടത്തി പുറത്തേക്കയച്ചു…. മുഖം അമർത്തി തുടച്ചു എഴുന്നേറ്റു…. ജാനകിയെ കാണണം…. ഹൃദയം വല്ലാതെ തുടികൊട്ടുന്നു….. 🍁🍁🍁🍁🍁🍁🍁🍁🍁🍁 ജനാലയിലൂടെ പുറത്തേ പ്ലാവിൽ പടർന്നു കിടക്കുന്ന കുരുമുളക് വള്ളിയിൽ ദൃഷ്ടി ഉറപ്പിച്ചിരിക്കുകയായിരുന്നു ജാനി… കഴിഞ്ഞു പോയ കുറെ ദുഷിച്ച ദിവസങ്ങളുടെ ചിന്തകളും മനസ്സിൽ ഇങ്ങനെ ചുറ്റി പിണഞ്ഞു കിടക്കുകയാണ്….

അറുത്തു മാറ്റിയിട്ടും മാറാൻ കൂട്ടാക്കുന്നില്ല…. കുഞ്ഞി അവളുടെ മടിയിൽ ഇരുന്ന് അവളോട് എന്തൊക്കെയോ പറയുന്നുണ്ട്… പറയുന്നത് കേൾക്കാത്തത് കൊണ്ടുള്ള ദേഷ്യമാണെന്ന് തോന്നുന്നു അവളുടെ കൈ കൊണ്ട് ജാനിയുടെ തല തന്റെ നേരെ തിരിച്ചു വയ്ക്കാനൊക്കെ നോക്കുന്നു….. നടക്കില്ല എന്ന് മനസിലായപ്പോൾ ശ്രമം ഉപേക്ഷിച്ചു അവളുടെ നെഞ്ചിലേയ്ക്ക് തന്നെ പിണക്കം ഭാവിച്ചു തല വയ്ച്ചു കിടന്നു….നോട്ടം ജാനിയുടെ മുഖത്ത് തന്നെയാണ്. ഇടയ്ക്ക് ജാനിയുടെ നിറഞ്ഞ കണ്ണുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തല ഉയർത്തി നോക്കി…. “””””റോസമ്മ എന്തിനാ കരയണേ….?”””” കുഞ്ഞി കൈ പൊക്കി ഒഴുകിതുടങ്ങിയ കണ്ണ് നീര് തുടച്ചു കൊടുത്തു കൊണ്ടാണ് ചോദ്യം….

“””””അച്ചായി വയക്ക് പറയുന്നു പേടിച്ചാണോ റോസമ്മേ കരയണത്? അച്ചായി വയക്ക് പറയില്ലാട്ടോ…. ന്റെ അച്ചായി പാവാ…. റോസമ്മ കുറുമ്പ് കാണിച്ചാലും വഴക്കൊന്നും പറയൂല്ല…..””””” അപ്പോഴും മറുപടി നൽകാതെ കുഞ്ഞിയുടെ നെറുകയിൽ ഒന്ന് മുകർന്നു അവളെ നെഞ്ചോട്‌ പൊതിഞ്ഞു പിടിച്ചു…. ജാനിയുടെ കണ്ണുനീരിന്നാൽ കുഞ്ഞിയുടെ മുടിയിഴകൾ കുതിർന്നു കൊണ്ടിരുന്നു….. മായയും അമ്മാമ്മയും എന്ത്‌ പറയണമെന്നറിയാതെ അവരെതന്നെ നോക്കിയിരുന്നു….. 🍁🍁🍁🍁🍁🍁🍁🍁🍁🍁 വാതിൽക്കൽ നിൽക്കുന്ന മോഹനെ ആദ്യം കണ്ടത് കുഞ്ഞിയാണ്… “””””””””അച്ചായി”””””” വിളിയോടെ അവൾ റോസിന്റെ മടിയിൽ നിന്നിറങ്ങി മോഹനരികിലേയ്ക്ക് ഓടി…. അവളെ എടുത്തുയർത്തുമ്പോഴും മോഹന്റെ കണ്ണുകൾ ജാനിയിലായിരുന്നു….

“””””അച്ചായി… റോസമ്മ കരയണു …. കുഞ്ഞിയോട് ഒന്നും മിണ്ടനില്ല…””””” കുഞ്ഞി പരാതി പോലെ പറയുന്നുണ്ട്…. മായ വേഗം അവർക്കരികിലേയ്ക്ക് വന്നു… “”””””മോളു വാ… തൊടിയിലെ മുല്ല നിറയെ പൂത്തു നിക്കുവാ… നമുക്ക് അവിടെ പോയി പൂവ് ഇറുത്ത് കോർത്തെടുക്കാം… അപ്പോഴേയ്ക്കും റോസമ്മേടെ വിഷമൊക്കെ മാറും….””””” അവൾ കുഞ്ഞിയ്ക്ക് നേരെ കൈ നീട്ടി നിന്നു… “””””ആണോ അച്ചായി….? കുഞ്ഞി പോയിട്ട് വരട്ടെ?””””” മോഹനോട് അനുവാദം വാങ്ങുന്നത് പോലെയാണ് ചോദ്യം…. അവൻ തലയാട്ടി സമ്മതം നൽകി…. ജാനിയെ ഒന്ന് നോക്കി കുഞ്ഞി മായയുടെ നേരെ കൈ നീട്ടി…. മായ അവളെ എടുത്ത് പിടിച്ചു…

പിന്നേ അമ്മാമ്മയുടെ ഒപ്പം പുറത്തേയ്ക്ക് നടന്നു….. 🍁🍁🍁🍁🍁🍁🍁🍁🍁 എഴുന്നേറ്റു തല കുനിച്ചു നിൽക്കുകയായിരുന്നു ജാനകി… കണ്ണുകൾ പെയ്തു കൊണ്ടേ ഇരുന്നു …. മോഹൻ പതിയേ നടന്നു അവൾക്ക് അരികിലേയ്ക്ക് വന്നു….അവന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു…. “””””ജാനി….””””” നേർത്ത ആർദ്രമായ ശബ്ദം കാതുകളിൽ എത്തി….. മുഖത്തേയ്ക്ക് നോക്കാനാകാതെ നിലത്തേയ്ക്കിരുന്നു അവൾ… കൈപ്പത്തികൾ രണ്ടും അവന്റെ കാൽപാദങ്ങൾക്ക് മുകളിൽ നിവർത്തി വച്ചു… അവളുടെ കണ്ണുനീർ ആ പാദങ്ങളിലേയ്ക്ക് ഇറ്റു വീണു….. “”””””””മാപ്പ്…..!! “”””” മുഖം ഉയർത്തി നോക്കാതെ കൈകൾ കൊണ്ട് ആ കാലിൽ ഇറുകെ പിടിച്ചൊന്നു ഏങ്ങി…. “”””””പറ്റിക്കുകയായിരുന്നു….. നുണ പറഞ്ഞു പറ്റിക്കുകയായിരുന്നു….. വിശ്വാസമില്ലാത്തത് കൊണ്ടല്ല… വിശ്വാസമാണ്…. ആരെക്കാളും…

എന്നും അങ്ങനെ തന്നെ ആയിരിക്കും…. സാഹചര്യം അതായിരുന്നു. അതിനെ കഴിയുമായിരുന്നുള്ളൂ…. മാപ്പ്…. ഒരായിരം വട്ടം മാപ്പ്…. വേദനിപ്പിച്ചതിനു….. സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചിട്ടും ഈ ജീവിതത്തിൽ നിന്നും അനുവാദം ചോദിക്കാതെ ഇറങ്ങിപ്പോയതിനു….. എനിക്ക് തന്ന സ്നേഹത്തിനു പകരമായി വേദനിപ്പിച്ചിട്ടേ ഉള്ളൂ ഞാൻ… മാപ്പ് പറയാനേ എനിക്ക് കഴിയൂ…..””””” കാലുകളിലെ പിടി ഒന്ന് കൂടി മുറുകി… കണ്ണുകളിലെ നീരോഴുക്കു കൂടി വന്നു… അത് മോഹന്റെ കാലുകളെ നനയിച്ചു കൊണ്ടിരുന്നു…. “””””ഞാൻ…. എനിക്ക്…..”””” പിന്നീട് എന്ത്‌ പറയണമെന്ന് അറിയുമായിരുന്നില്ല അവൾക്ക്…. മുറിഞ്ഞു പോയി വാക്കുകളെ കൂട്ടി യോജിപ്പിക്കാനാകാതെ തളർന്നു പോയി അവൾ….

അവന്റെ കാലുകളിൽ നെറ്റി മുട്ടിച്ചു വീണ്ടും കരഞ്ഞു …. പറയാനുള്ളതൊക്കെ പറയെട്ടെ എന്ന് കരുതി നിന്നതായിരുന്നു മോഹൻ … ഇതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ അവന് കഴിയില്ലായിരുന്നു….. അവളെ തോളിൽ പിടിച്ചു ബലമായി എഴുന്നേൽപ്പിച്ചു നിർത്തി…. കുനിച്ചു പിടിച്ചിരുന്നു മുഖം താടിയിൽ പിടിച്ചുയർത്തി…. കണ്ണുകൾ ഉയർത്തിയവളുടെ നോട്ടം തന്റെ മിഴികളിലേയ്ക്ക് തന്നെ നോക്കി നിന്ന ആ ഈറൻ മിഴികളുമായി ഒരു വേള കൊരുത്തു…. ഹൃദയത്തിൽ എന്തോ കൊളുത്തി വലിയ്ക്കുന്നത് പോലെ വേദനിച്ചു അവൾക്ക്…. താൻ കാരണം എത്രയോ തവണ ഈ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും .. പക്ഷെ ആ നിറമിഴികൾ ഇത്രയും അടുത്ത് കാണുമ്പോൾ ഉള്ളിൽ വല്ലാത്തൊരു നോവ്…… നെഞ്ചിന്റെ വേഗത്തിലുള്ള ഈ പിടപ്പ് പോലും ആ വേദന അറിഞ്ഞിട്ടാണ്….. “”””തെറ്റ് ചെയ്യാത്തവർ മാപ്പ് ചോദിക്കേണ്ടതില്ല ജാനി…. മാപ്പ് ചോദിക്കേണ്ടതും പശ്ചാതപിക്കേണ്ടതും തെറ്റ് ചെയ്തവരാണ്…. നിന്നോട് എനിക്ക് സ്നേഹമേ ഉള്ളൂ ജാനി….

സ്നേഹം മാത്രം…..അന്നും…എന്നും….സ്നേഹം മാത്രം……””””” കൈകൾ കൊണ്ട് മുഖം മറച്ചവൾ പൊട്ടിക്കരഞ്ഞു….. മോഹൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു…. ഒരു നിമിഷം അതവളും ആഗ്രഹിച്ചിരുന്നു….. കരച്ചിൽ ഉച്ചതിലായപ്പോൾ ഒന്ന് കൂടി ചേർത്ത് പിടിച്ചു…. കരച്ചിൽ ഒന്നടങ്ങിയപ്പോഴാണ് മോഹനോട് ചേർന്ന് നിൽക്കുകയാണെന്ന് പോലും അവൾക്ക് ബോധം ഉണ്ടായത്…. കൺ മുന്നിൽ നിരന്നു നിൽക്കുന്ന കുറെ പെൺകുട്ടികൾ…. ഞങ്ങളെ ഒന്നും ചെയ്യരുതേ എന്നവർ ഉറക്കെ കരയുന്നു….. അലർച്ചകൾ….. അട്ടഹാസങ്ങൾ… നിലവിളികൾ….. മയക്കു മരുന്നു നിറച്ച സൂചി കൈത്തണ്ടയിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു…. മരവിപ്പ്…! മരവിപ്പ് മാത്രം….!! ജാനകി തല കുടഞ്ഞു…. മോഹനിൽ നിന്നും അകന്ന് മാറാൻ ശ്രമിച്ചു …. അർഹതയില്ല…! അത് പോലെ ഒരിടത്തു മൂന്ന് വർഷങ്ങൾ ജീവിച്ച തനിക്ക് ഈ സ്നേഹത്തിനു അർഹതയില്ല…..

പിടഞ്ഞു മാറാൻ നോക്കി…. എന്നാൽ അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു….. തന്റെ സ്നേഹത്തിൽ നിന്നും ജീവിതത്തിൽ നിന്നും ഇനി അവൾക്കൊരു മോചനം ഇല്ല എന്ന് പറയുന്നത് പോലെ….. പല തവണ കുതരി മാറാൻ ശ്രമിച്ചിട്ടും കഴിയാതെ ഒടുവിൽ അവൾ ആ നെഞ്ചിൽ തന്നെ അഭയം കണ്ടെത്തി….. 🍁🍁🍁🍁🍁🍁🍁🍁 ബൈക്ക് സ്റ്റാൻഡിൽ വച്ചിട്ട് വിനോദ് വീടും പരിസരവും ആകെ ഒന്ന് വീക്ഷിച്ചു…. സാമാന്യം വലിപ്പമുള്ള ഒരു നില വീടാണ്… വീടൊക്കെ കാണാൻ ഒരു ഭംഗിയൊക്കെ ഉണ്ട്‌… പക്ഷെ ഇതിങ്ങനെ ആരും കാണാത്തിടത്തു കൊണ്ട് വച്ചിട്ട് വല്ല കാര്യോം ഉണ്ടോ? ഇപ്പൊത്തന്നെ മെയിൻ റോഡിൽ നിന്ന എത്ര ദൂരം യാതെ ചെയ്തു…? അവൻ ചുറ്റുപാടും ഒന്ന് കൂടി നോക്കി… ഇതിനടുത്തൊന്നും വേറെ വീടൊന്നും ഇല്ലേ?  ഇതിപ്പോ ഇവിടെ ഉള്ളവർക്ക് വല്ല വയ്യായ്കയും വന്നാൽ സഹായിക്കാൻ അയൽക്കാരു പോലും ഇല്ലാ… ഇങ്ങനെ ഉള്ളിടത്തൊക്കെ ആരെങ്കിലും വീട് വയ്ക്കുമോ? അതും ഒരു കുന്നിന്റെ മോളില്…?

ഹ… അതൊക്കെ എന്തേലും ആകട്ടെ…. നമുക്ക് കാര്യം നടന്നാൽ പോരെ? ഇതൊക്ക അന്വേഷിക്കുന്നതെന്തിനാ….? അവൻ പതിയെ മുന്നിലേയ്ക്ക് നടന്ന് കാളിങ് ബെലിൽ വിരൽ അമർത്തി കാത്തു നിന്നു….. നിറഞ്ഞ ചിരിയോടെയാണ് റോസ് ഡോർ തുറന്നത്….. “””””കേറി വാടോ…”””””. അവൾ ചിരിയോടെ തന്നെ അവനെ ക്ഷണിച്ചു….. അവൻ പുറത്ത് കിടക്കുന്ന കാറിലും പിന്നേ വീടിനു ഉള്ളിലേയ്ക്കും നോക്കി…. “”””ആരും ഇല്ലെടോ… ഞാൻ മാത്രേ ഉള്ളൂ… മമമീം ടാടീം ഒരു ഫ്രണ്ടിന്റെ വണ്ടീലാ പോയത്… അതാണ്‌ കാർ ഇവിടെ കിടക്കുന്നത്… താൻ അവിടെ തന്നെ നിൽക്കാതെ ഉള്ളിലേയ്ക്ക് കയറി വന്നേ…..””””” അവൾ തിരിഞ്ഞു ഉള്ളിലേയ്ക്ക് നടക്കുമ്പോൾ വിനോദും അവൾക്ക് പിറകിലായി വീടിനുള്ളിലേയ്ക്ക് കയറി…. അവന് പിറകിൽ ജാനകി വാതിൽ അടച്ച് കുറ്റിയിട്ടു……. ഇനി ജീവനോടെ പുറം ലോകം കാണാനാകില്ല എന്നറിയാതെ താൻ ആ വീട്ടിൽ ബന്ധനത്തിൽ ആവുകയാണെന്നറിയാതെ ചിരിയോടെ മുന്നിലേയ്ക്ക് നടന്ന ജാനിയുടെ പിറകെ അവനും നടന്നു …..

ഹാളിലെ സെറ്റിയിലേക്ക് അമർന്നിരുന്നു കൊണ്ട് വിനോദ് അവിടെ ആകെ ഒന്ന് വീക്ഷിച്ചു… “”””കുടിക്കാൻ എന്താടോ വേണ്ടത്…? ജ്യൂസ്‌ ഓർ കോഫി…?””””” “””””കൂൾ ആയിട്ട് എന്തെങ്കിലും മതി റോസ്…”””. “”””എന്നാൽ ഞാൻ ഓറഞ്ച് ജ്യൂസ് എടുക്കാം… താൻ ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം…”””” അവൾ തിരിഞ്ഞു ഉള്ളിലേയ്ക്ക് നടന്നു…. അവന്റെ കണ്ണുകൾ ഒരിക്കൽക്കൂടി അവിടമാകെ ചുറ്റിയടിച്ചു…. നോട്ടം ചെന്ന് നിന്നത് ചുമരിലെ ഒരു പെയിന്റിംഗിൽ ആണ്…. സിംഹത്തിന് പുറത്തിയിരിക്കുന്ന പതിനാറു കൈകളോട് കൂടിയ രൗദ്ര ഭാവം പൂണ്ട ദുർഗ്ഗ ദേവി….! ദേവിയുടെ കയ്യിലെ തൃശൂലം തൊട്ടു നിൽക്കുന്നത് നിലത്തായി കിടക്കുന്ന രാക്ഷസന്റെ നെഞ്ചിലാണ്…… ഭയന്ന് വിറച്ച രാക്ഷസന്റെ മുഖം ജീവനായി കേഴുന്നത് പോലെ…..! അവൻ വേഗം തന്നെ ചിത്രത്തിൽ നിന്നും നോട്ടം മാറ്റി….. അപ്പോൾ മാത്രമാണ് കുറച്ചു മുന്നിലായി നിൽക്കുന്ന ആൾ അവന്റെ ശ്രദ്ധയിൽപ്പെടുന്നത്….. അയാളെക്കണ്ടു അവൻ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു…… മോഹൻ….!!!!!!! ………… തുടരും………….

തമസ്സ്‌ : ഭാഗം 40

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story