മഴപോൽ: ഭാഗം 5

മഴപോൽ: ഭാഗം 5

എഴുത്തുകാരി: മഞ്ചാടി

“”ഉണ്ണിയേട്ടാ ആ മുണ്ട് താഴ്ത്തി ഇടന്നേ…. “” വെറുതെ പറഞ്ഞതാണെങ്കിലും കാറ്റ് പോലെ അവൻ അമ്പിളിക്കടുത്തേക്ക് പാഞ്ഞു വന്നു…. ഒരു നിമിഷം ആ പെണ്ണൊന്ന് പകച്ചു നിന്നു…. പേടിയോടെ ഒരടി പിറകോട്ടു വെച്ചെങ്കിലും ആ ഭ്രാന്തൻ അവളെ ഇടുപ്പോടെ ചേർത്ത് പിടിച്ചിരുന്നു…. ഹൃദയം വല്ലാതെ പിടച്ചാ പെണ്ണിന്റെ… അവർക്കിടയിലുള്ള അകലം നന്നേ നേർത്തു വന്നതും ആ പെണ്ണാകെ ഭയന്നു വിറച്ചിരുന്നു…. കയ്യിലെ കർച്ചീഫിൽ ഇറുകെ പിടിച്ചു….. മഞ്ചാടി മണികളുടെ നിറമുള്ള അധരങ്ങൾ വിറ പൂണ്ടു….. കവിൾ തടങ്ങൾ ചുവന്ന് തുടുത്തതും അമ്പിളി പെണ്ണിന്റെ ചേലങ്ങ് കൂടി വന്നു…. “””ഉ….. ഉണ്ണി…. ഏട്ടാ…. “”

ഒരു തരം പിടപ്പോടെ അവൾ വിളിക്കുമ്പോൾ അവന്റെ പാതിരാ കണ്ണുകൾ ആ പെണ്ണിന്റെ മുഖത്താകെ ഓടി നടക്കുകയായിരുന്നു…. അവസാനം പുരികക്കൊടികൾക്കിടയിൽ പറ്റി ചേർന്ന് കിടന്നിരുന്ന കല്ല് വെച്ച ചുവന്ന വട്ട പൊട്ടിൽ തങ്ങി നിന്നു…. “”അമ്പിളി കുട്ടി…. ഈ പൊട്ട് നിക്ക് വേണം…. ട്ടോ…. വേറെ പൊട്ട് വേണെങ്കി ഗായുനോട്‌ ചോദിച്ചോ…. ഈ പൊട്ട് ഞാൻ ഇനി തരൂല്ല….. “”” പൊട്ട് മെല്ലെ പറിച്ചെടുത്ത് ചന്ദന കുറിക്ക് താഴെയായി അവന്റെ നെറ്റിയിൽ കുത്തി…. പിന്നേ അവളെ നോക്കി വെളുക്കെ ചിരിച്ചു… “”എങ്ങനെ ഉണ്ട് അമ്പൂട്ടി….നല്ല രസല്ലേ ഉണ്ണിക്കുട്ടനെ കാണാൻ….പിന്നേ വീട്ടിൽ ചെന്നിട്ട് ഇതേ പോലെ….നിക്ക് കണ്ണെഴുതി തരണേ…

.അല്ലെങ്കി ഉണ്ണിക്കുട്ടൻ പിണങ്ങും നോക്കിക്കോ….. “”” പൊട്ട് കുത്തി മുഖത്ത് നവ രസങ്ങൾ കാണിച്ചു നിൽക്കുന്ന ഉണ്ണിയേട്ടനെ കണ്ട് അമ്പിളിക്ക് ചിരി പൊട്ടി…. “”എന്തിനാ…. അമ്പൂട്ടി ചിരിക്കണേ…. ഉണ്ണി കുട്ടനെ കാണാൻ ചേലില്ലേ…..” കണ്ണുകൾ വിടർത്തി അമ്പിളി പെണ്ണിനെ ആകാംഷയോടെ അവൻ ഉറ്റു നോക്കുന്നുണ്ട്….. തിരിച്ചൊന്നും പറയാതെ പുഞ്ചിരി തൂകി അവൾ നിന്നതും അവന്റെ ചുണ്ടുകൾ കുറുമ്പോടെ കൂർത്ത് വന്നു…. കണ്ണുകളിൽ ഒരുതരം നിഷ്കളങ്കത നിറഞ്ഞു നിന്നു…. “”പറ അമ്പൂട്ടി ന്നേ…. കാണാൻ ചേലില്ലേ…. “”

തോളിൽ ഉലച്ചു കൊണ്ട് വീണ്ടും ചോദിച്ചതും ആ പെണ്ണ് പെരു വിരലിൽ ഊന്നി ഉയർന്നു നിന്നു…. നെറ്റിയിലവനൊട്ടിച്ചിരുന്ന പൊട്ട് പറിച്ചെടുത്ത് അവന്റെ പാതിരാ കണ്ണുകളിൽ കണ്ണാടി നോക്കി സ്വന്തം നെറ്റിയിൽ തന്നെ ഒട്ടിച്ചു വെച്ചു…. ചുണ്ടുകളിലപ്പോൾ കുസൃതി ചിരി ആയിരുന്നു…. “””ഇത്…ന്റെ പൊട്ടാ… ഉണ്ണിയേട്ടന് വേണെങ്കി ഗായൂനോട് ചോദിച്ചോ….നേരത്തെ ന്റെ ചുവന്ന ഡ്രസ്സ്‌ ഇഷ്ട്ടായില്ല ന്ന് പറഞ്ഞില്ലേ…. അത് കൊണ്ട് ന്റെ പൊട്ട് ഞാൻ തരൂല്ല ട്ടോ……. “” ഉള്ളിൽ എവിടെയോ ആ പഴയ കുറുമ്പി പെണ്ണ് ഉണരുന്നത് പോലെ…. നാവ് പുറത്തേക്ക് ഇട്ട് അവനോട് കോക്രി കാണിച്ചു… പിന്നേ ഇടത്തേ കണ്ണിറുക്കി അവന്റെ മുടിക്കു മുകളിൽ വെച്ചിരുന്ന കൂളിംഗ് ഗ്ലാസും എടുത്ത് മുഖത്ത് വെച്ചമ്പിളി അവന്റെ മുന്നേ നടന്നു….

ഇതൊക്കെ കണ്ട് ഗായത്രിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു….അമ്പിളി പെണ്ണിന്റെ പൂ പോലുള്ള പോക്ക് കണ്ട് അവൾ അന്തം വിട്ടു… “”ന്റെ ദേവ്യേ ഇതെന്ത് മറിമായം…. നേരത്തെ ഉണ്ണിയേട്ടൻ താലി കെട്ടില്ലാന്ന് പറഞ്ഞ് വാശി പിടിച്ചപ്പോ കിടന്ന് മോങ്ങിയ ആളാ…. ഇപ്പൊ ദേ കൂളിംഗ് ഗ്ലാസ്‌ വെച്ച് പോകുന്നു…. “” വാ തുറന്ന് അമ്പിളിയെ തന്നെ ഉറ്റു നോക്കി… “”ഗായു…. അമ്പിളി കുട്ടിയോട് പൊട്ട് തരാൻ പറ….. നിക്ക് പൊട്ട് വേണം…. അവളോട് തരാൻ പറ ഗായു…. ഈ അമ്പിളി കുട്ടി ചീത്ത കുട്ടിയാ….ഞാൻ വികൃതി കാട്ടും…അവളെ… “” കൈ കാലിട്ടടിച്ച് കൊച്ചു കുട്ടികളെ പോലെ നിന്ന് തള്ളുകയായിരുന്നവൻ …..വാശിയോടെ മുഖം ഒരു കുടം വീർപ്പിച്ചിട്ടുണ്ട്…

ചുണ്ടുകൾ കൂർത്ത് വന്നു….കണ്ണുകളിൽ കുറുമ്പ് നിറഞ്ഞു…. “””ആഹ്…. ഉണ്ണിയേട്ടൻ നേരത്തെ അമ്പിളി കുട്ടിയുടെ ചുവന്ന ഉടുപ്പ് ഇഷ്ട്ടായില്ല ന്ന് പറഞ്ഞിട്ടല്ലേ അമ്പിളി കുട്ടി പൊട്ട് തരാഞ്ഞത്…..സാരല്ല ട്ടോ അമ്പിളി കുട്ടിയോട് സോറി പറഞ്ഞാ മതി…. ദേ വന്നേ…. മാമുണ്ണാണ്ടെ… ഉണ്ണിയേട്ടന്….. വേഗം വായോ….ഉണ്ണിയേട്ടന് ഇഷ്ട്ടപെട്ട പുളിയെഞ്ചി…. പിന്നേ അട പായസം ഒക്കെ ഇണ്ട്…. വേഗം വായോ….പൊട്ട് വേണം ന്ന് പറഞ്ഞ് വാശി പിടിച്ച് നിന്നാലേ എല്ലാം ഞാൻ തിന്ന് തീർക്കുട്ടോ….. “”” പുളിയെഞ്ചിയും അട പായസവും കേട്ടതേ അവൻ ഓടി ആദ്യത്തെ വരിയിൽ തന്നെ ഇടം പിടിച്ചിരുന്നു …. തൊട്ടടുത്ത് ഇരിക്കുന്ന അമ്പിളിയെ കണ്ടതും കൊഞ്ഞനം കുത്തി കാണിക്കാനും ആ ഭ്രാന്തൻ മറന്നില്ല…. “”ഞ.. ഞ്ഞ… ഞഞ്ഞാ… നീ പോടി…. നിന്നോട് ഞാൻ മിണ്ടൂല്ല…

നീ ചീത്ത കുട്ടിയാ…. നിക്ക് പൊട്ട് തന്നില്ലല്ലോ….. ന്റെ ഗായു ആണ് നല്ല കുട്ടി….. “” ഉണ്ണി കുട്ടൻ കാട്ടി കൂട്ടുന്ന ഓരോ കോപ്രായങ്ങൾ കണ്ട് അവർക്ക് തൊട്ടു മുന്നിലായി ഭക്ഷണം കഴിക്കാനിരുന്ന പെൺ കുട്ടികളൊക്കെ വാ പൊത്തി ചിരിക്കുന്നുണ്ട്…. ഉണ്ണിയേട്ടൻ ഉടനെ അവരെ നോക്കി ഇടത്തേ കണ്ണിറുക്കി കാണിച്ചതും അവരുടെ പൊട്ടിച്ചിരികൾ ഉയർന്നു വന്നു…. “”ഹോ…. കണ്ണി കണ്ട പെണ്ണുങ്ങളെ വായി നോക്കാനും സയ്റ്റടിക്കാനും ഇങ്ങേർക്ക് ഒരു ഭ്രാന്തും ഇല്ല…..വഷളൻ… “” ആ പെണ്ണിന്റെ ഉള്ളിൽ കുശുമ്പ് നിറയുകയായിരുന്നു…ചുണ്ട് കൊട്ടി പലതും പിറുപിറുക്കുന്നുണ്ടാ കുശുമ്പി പാറു… “”ന്റെ ചേച്ച്യേ…. ഇപ്പൊ തന്നെ തൊടങ്ങിയോ കുശുമ്പും കുന്നായിപ്പും….

നിക്ക് വയ്യ… ഈ ഉണ്ണിയേട്ടന്റെ ഒരു കാര്യം…. “” അപ്പോഴേക്കും ഇലയിട്ട് ചോറ് വിളമ്പിയിരുന്നു…. പത്ത് കൂട്ടാനും പിന്നേ രണ്ട് തരം പായസവും കൂടി ആയതോടെ സദ്യ ഉഷാറായി…. എല്ലാം കൂടി കൂട്ടി കുഴച്ച് അളിമ്പി… അളിമ്പി….ആ ഭ്രാന്തൻ കഴിക്കുന്നത് കണ്ടപ്പോൾ അമ്പിളിക്കെന്തോ ഒരസ്വസ്ഥത….ഒരു വറ്റ് പോലും ഇറങ്ങുന്നില്ല….അറപ്പ് തോന്നി ഛർദിക്കാൻ വരുന്നത് പോലെ… കഴിക്കുന്നതിനിടെ നിറയെ വറ്റുകൾ നിലത്തും അവന്റെ മടിയിലും വീണു പോയിരുന്നു…. കവിളിലും താടിയിലും ഒക്കെ ചോറിന്റെ അവശിഷ്ടം വെച്ച് തേച്ചിട്ടുണ്ട്… ഇട്ടിരുന്ന ഷർട്ടിൽ പോലും മഞ്ഞൾ കറ തെളിഞ്ഞു നിന്നു…. തികച്ചും ഒരു കൊച്ചു കുഞ്ഞിന്റെ അവസ്ഥ…. എത്ര ദയനീയമാണ്….താളം തെറ്റിയ അവന്റെ മനസ്സിന് ഒട്ടും പ്രായമില്ല…. ഒരു തരി കളങ്കമില്ല…

വെറും വികൃതികളും കുസൃതികളും… പിന്നേ ഇച്ചിരി കുറുമ്പും വാശിയും…അത്ര മാത്രം കഴിച്ചു കഴിഞ്ഞതും ആ ഭ്രാന്തൻ ഇല കയ്യിലെടുത്ത് നാക്ക് നീട്ടി നക്കി നക്കി തുടച്ചു….. അമ്പിളിക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല… അറപ്പോടെ കണ്ണുകൾ ഇറുക്കി അടച്ചു….. “”ശേ ഉണ്ണിയേട്ടാ…. ഞാൻ പറഞ്ഞിട്ടില്ലേ വൃത്തിക്ക് ഭക്ഷണം കഴിക്കണന്ന്…. എന്നിട്ട് എന്താ ഈ കാണിച്ചു വെച്ചേക്കുന്നേ….. ആകെ വെച്ച് തേച്ചിട്ടുണ്ടല്ലോ…. വല്യച്ഛൻ കാണണ്ട…. നല്ല തല്ല് കിട്ടും…. ഇങ് വന്നേ….. “” ഇരിപ്പിടത്തിൽ നിന്നും ഗായത്രി അവനെ വലിച്ചെഴുന്നേല്പിച്ചു….ആ ഭ്രാന്തനപ്പോൾ പേപ്പർ ഗ്ലാസ്സിൽ പാർന്നു വെച്ചിരുന്ന മധുരമൂറും അട പായസം കൊതിയോടെ നുണയുകയായിരുന്നു…. അവന്റെ കട്ടി മീശയിൽ പായസം കുടിച്ചതിന്റെ അടയാളമെന്നോണം നര വീണത് പോലെ അങ്ങിങ്ങായി വെളുത്തു കിടക്കുന്നുണ്ട്….

“”ഗായു…. ഉണ്ണിക്കുട്ടൻ ഈ പായസം മൊത്തം കുടിച്ചോട്ടെ…. നിക്ക് നല്ലഷ്ട്ടാ അട പായസം…. ന്ത്‌ സ്വാദാ…..ന്നേ വിട് ഗായു…. പായസം കുടിക്കട്ടെ…..”” ഗായത്രി ഒന്ന് കണ്ണുരുട്ടിയതും ഉണ്ണിക്കുട്ടൻ മിണ്ടാതെ പിറകെ നടന്നു…. ഇടയ്ക്കിടെ ബാക്കി വെച്ച പായസത്തിലേക്ക് കൊതിയോടെ തിരിഞ്ഞു നോക്കി നൊട്ടി നുണയുന്നുണ്ട്…. ഏറ്റവും ഇഷ്ട്ടപെട്ട അട പായസം മുഴുവൻ അകത്താക്കാൻ പറ്റാത്തതിലുള്ള പരിഭവമായിരുന്നു…. ഉച്ച തിരിഞ്ഞ് മനക്കലെ തറവാട്ടിലേക്ക് പുതു പെണ്ണിനേയും കൊണ്ട് പോകുമ്പോൾ ഉണ്ണിയേട്ടൻ വസ്ത്രം മാറിയിരുന്നു…മഞ്ഞൾ കറ വീണ ഷർട്ട്‌ മാറ്റി പുതിയ ഒരെണ്ണം ഇട്ടിട്ടുണ്ട്….നെറ്റിയിൽ അലങ്കോലമായ ചിതറി കിടന്നിരുന്ന മുടി ഇഴകൾ വൃത്തിയായി ചീകിയിട്ടിരുന്നു… അമ്പിളിക്കെന്തൊ അസ്വസ്ഥത പോലെ… പുതിയ വീട്….

പുതിയ ആളുകൾ…. പുതിയൊരു ജീവിതം….. അതും മനക്കലെ തറവാട്ടിൽ….ഒരു ഭ്രാന്തന്റെ ഭാര്യയായി… ചിലപ്പോ അവിടെയും അവളെ കാത്തിരിക്കുന്നത് ഒരടുക്കളക്കാരിയുടെ കുപ്പായമായിരിക്കും…..ഉണ്ണിയേട്ടന്റെ എല്ലാം കാര്യങ്ങളും നോക്കി നടത്തുന്ന വെറുമൊരു വേലക്കാരി…. ഒന്നുമല്ലെങ്കിൽ തറവാട്ടിലേക്ക് വെറും കയ്യോടെ കയറി ചെന്നവളല്ലേ ഈ അനാഥ പെണ്ണ്…. ആ പൊട്ടി പെണ്ണിന് അത്ര വിലയെ കാണൂ അവിടത്തെ പ്രമാണികൾക്ക്… അനാവശ്യ ചിന്തകൾ വല്ലാതെ അവളെ വീർപ്പുമുട്ടിച്ചു… ഉണ്ണിയേട്ടൻ ഒന്നവളെ നോക്കുന്നു കൂടിയില്ല….കാറിലിരുന്ന് പുറത്തെ കാഴ്ചകൾ ആവേശത്തോടെ കാണുകയാണ്…

ഒരു കൊച്ചു കുഞ്ഞിന്റെ ഉത്സാഹത്തോടെ…. ഒരു പാട് നാളുകൾക്ക് ശേഷമാണ് കക്ഷി പുറത്തേക്ക് ഇറങ്ങുന്നതെന്ന് തോന്നുന്നു…. ഇടയ്ക്കിടെ ചൂളമടിക്കുന്നുണ്ട്….. ഒരു ഭ്രാന്തനായ് പൊട്ടി ചിരിക്കുന്നുണ്ട്…. എല്ലാം കണ്ട് ഒരധിക പറ്റായത് പോലെ അമ്പിളിയും… ആ കണ്ണുകൾ നിറയുന്നുണ്ട്…. ചുണ്ടുകൾ വിതുമ്പാൻ വെമ്പി നിന്നു…. “”അമ്പൂട്ടി നമ്മക്ക് *ഞാനൊരു മനുഷ്യൻ * കളിച്ചാലോ…?? നല്ല രസായിരിക്കും…. “” പെട്ടന്നവൻ കാറിന്റെ സീറ്റിൽ ചമ്രം പടിഞ്ഞിരുന്നു….കൈകൾ വിടർത്തി വെച്ചു… അറിയാതെ കണ്ണ് നിറച്ചു നിന്നിരുന്ന അമ്പിളി കുട്ടി ചിരിച്ചു പോയി….. ഭർത്താവിന്റെ കൂടെ ഞാനൊരു മനുഷ്യൻ കളിക്കുമെന്ന് സ്വപ്നത്തിൽ പോലും അവൾ കരുതി കാണില്ല…. പൊൻവളയിട്ട് മൂടിയ കൈകൾ വിടർത്തി വെച്ചു…

“”ഞാനൊരു മനുഷ്യനെ കണ്ടിട്ടുണ്ട് അയാളുടെ ഷർട്ടിന്റെ നിറമെന്താണെന്ന് പറയാമോ… അമ്പൂട്ടി പറ…. “” “”നീല നിറം… “” ആ പെണ്ണിന്റെ ശബ്ദം നന്നേ നേർത്തിരുന്നു …അവന്റെ കനത്ത കൈ വിരലുകലുകളിൽ നിന്നുതിരുന്ന ഇളം ചൂട് ഓരോ സ്പർശനത്തിലൂടെയും അവളുടെ ശരീരമാകെ പടർന്നു കയറി…. പെട്ടന്ന് വിമാനം പോകുന്ന ശബ്ദം കേട്ടതും ആ ഭ്രാന്തൻ കൈകൾ തട്ടി എറിഞ്ഞ് കാറിന്റെ ഗ്ലാസ്സിലൂടെ മാനത്തേക്ക് നോക്കി കൂകി വിളിച്ചു… “””വിമാനം…. അമ്പൂട്ടി… നോക്കിക്കേ വിമാനം…. ഹായ്… ന്ത്‌ രസാ… കണ്ടോ…. നീയ് ദാ അവിടെ…. “” അവളും അവനോട് ചേർന്ന് പുറത്തേക്ക് തലയിട്ട് പറക്കുന്ന വിമാനം നോക്കി നിന്നു…. അറിയാതെ താനും ആ ഭ്രാന്തന്റെ കുട്ടി കളികളിൽ കൂടുന്നത് പോലെ…. വിഷമങ്ങളൊക്കെയും മറന്ന് മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു……………………….. തുടരും…………..

ഇഷ്ട്ടായോ…. കഴിഞ്ഞ പാർട്ടിന് നിങ്ങള് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…  ✍മഞ്ചാടി

മഴപോല്‍ : ഭാഗം 4

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story