ഈറൻമേഘം: ഭാഗം 49

ഈറൻമേഘം: ഭാഗം 49

എഴുത്തുകാരി: Angel Kollam

അമേയ അമ്പലത്തിൽ പോയിട്ട് തിരിച്ചു വരുമ്പോൾ വീടിന്റെ മുറ്റത്ത് ജോയലിന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.. ഇതേസമയം അനിതയുടെ റൂമിലായിരുന്നു ജോയൽ.. അനിത തങ്ങളുടെ കട്ടിലിൽ ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു.. തൊട്ടടുത്ത് തന്നെ ഗിരീഷും ഉണ്ടായിരുന്നു.. അവർക്കെതിരെ ഒരു കസേരയിലായിരുന്നു ജോയൽ ഇരുന്നത്.. തന്റെ മുതലാളിയുടെ പരിചയത്തിലുള്ള ഡോക്ടറാണ് ജോയലെന്നാണ് ഗിരീഷ് അനിതയോട് പറഞ്ഞത്.. അനിത വല്യ താല്പര്യമില്ലാത്ത ഭാവത്തിലാണ് അവിടെ ഇരുന്നത്..

അനിതയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയിട്ട് ജോയൽ ചോദിച്ചു.. “അനിതയ്‌ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?” “ഒന്നുമില്ല.. ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന ടൈമിൽ ഒരു ഡോക്ടർ എല്ലാകാര്യങ്ങളും വിശദമായി എന്നോട് സംസാരിച്ചതാണ്.. വീണ്ടും ഗിരീഷേട്ടൻ ഡോക്ടറിനെ എന്തിനാണ് ഇങ്ങോട്ട് വിളിപ്പിച്ചതെന്ന് എനിക്കറിയില്ല.. എനിക്ക് ഡോക്ടറിന്റെ ചികിത്സയുടെ ആവശ്യമുണ്ടെന്നും എനിക്ക് തോന്നുന്നില്ല.. എനിക്ക് മാനസികരോഗമൊന്നുമില്ല ” ജോയൽ പുഞ്ചിരിയോടെ ചോദിച്ചു.. “അനിതയ്ക്ക് മാനസികരോഗം ഉണ്ടെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ?” അനിത മറുപടിയൊന്നും പറഞ്ഞില്ല..

“അല്ലെങ്കിൽ തന്നെ മാനസികരോഗം ഉള്ളവർ മാത്രമാണോ സൈക്കോളജിസ്റ്റിനെ കാണുന്നത്? മനസിന് ഒരു തീരുമാനം എടുക്കാൻ കഴിയാതെ ആശയക്കുഴപ്പത്തിൽ ആയിരിക്കുമ്പോൾ അവരുടെ ഉപദേശം പലരും തേടാറുണ്ട്.. തന്നെയുമല്ല വീണ്ടും പല സാഹചര്യങ്ങളിലും സൈക്കോളജിസ്റ്റിന്റെ സേവനം ആവശ്യപ്പെടുന്നവരുണ്ട്.. മാനസികരോഗം ഉള്ളവർ മാത്രമാണ് സൈക്കോളജിസ്റ്റിനെ കാണുന്നതെന്ന് ആളുകളുടെ തെറ്റായ ധാരണയാണ് ” “എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല അതുകൊണ്ട് ഡോക്ടറിന്റെ സേവനം ആവശ്യമില്ലെന്നാണ് ഞാൻ ഉദേശിച്ചത്‌ ” “എന്തായാലും ഗിരീഷ് വിളിച്ചിട്ട് ഞാനിവിടെ വരെ വന്നു പോയില്ലേ?? ആ സ്ഥിതിയ്ക്ക് അനിതയോട് ഒന്ന് സംസാരിച്ചിട്ട് പോകാം.. ഇനി മേലിൽ ഇങ്ങോട്ട് വരില്ല.. എന്താ ഓക്കേ ആണോ??

” അനിതയുടെ മുഖത്ത് പൂർണ്ണ സംതൃപ്തി ഇല്ലായിരുന്നുവെങ്കിലും അവൾ സമ്മതം മൂളി.. ഗിരീഷിനോട് പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞതിന് ശേഷം ജോയൽ അവളോട് ഓരോ കാര്യങ്ങളായി അന്വേഷിച്ചറിഞ്ഞു.. “തന്റെ സമ്മതം പോലും ചോദിക്കാതെ അച്ഛൻ വളരെ തിടുക്കത്തിൽ നടത്തിയ വിവാഹമായിരുന്നുവെങ്കിലും ഗിരീഷേട്ടന്റെ വീട്ടിലേക്ക് വന്നതിന് ശേഷം ഏട്ടന്റെയും അമ്മയുടെയും സ്നേഹം അനുഭവിച്ചതിന് ശേഷം ഈ വിവാഹത്തേക്കുറിച്ചോർത്തു തനിക്കൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ല.. അച്ഛന്റെ മരണസമയത്തൊക്കെ ഗിരീഷേട്ടനും വീട്ടുകാരും തനിക്ക് ഒരുപാട് ആശ്വാസമായിരുന്നു..

ആറു വർഷം ഒരു കുഞ്ഞില്ലാതെയിരുന്നിട്ടും ഇതുവരെ ഗിരീഷേട്ടൻ മുഖം കറുത്തൊരു വാക്ക് പോലും പറഞ്ഞിട്ടില്ല.. എല്ലാം കൊണ്ടും ഭാഗ്യവതിയാണ് താനെന്ന് എപ്പോളും തോന്നാറുണ്ടായിരുന്നു.. താൻ ഗർഭിണി ആയിരിക്കുമ്പോളാണ് സുമ തന്നെയും അമേയയും തങ്ങളുടെ സ്വന്തം വീട്ടിൽ യാതൊരു അവകാശവുമില്ലെന്ന പേരിൽ ഇറക്കി വിട്ടത്.. സ്വത്തും പണവുമൊന്നും താൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും എല്ലാ പെൺകുട്ടികളെയും പോലെ ഏഴാo മാസത്തിൽ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ചടങ്ങൊക്കെ താനും സ്വപ്നം കണ്ടിരുന്നു.. പക്ഷേ അതൊക്കെ വെറും സ്വപ്നമായി മാത്രം അവസാനിച്ചു..

ഏട്ടനും അമ്മയും അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലെങ്കിലും മരുമോളെ പ്രസവത്തിനു വിളിക്കാൻ വീട്ടിൽ നിന്നും ആരും വരുന്നില്ലേയെന്ന് അയൽവാസികളൊക്കെ അമ്മയോട് ചോദിച്ചു തുടങ്ങി.. ഏട്ടന് തന്നെ സ്വന്തം വീട്ടിലേക്ക് അയക്കാൻ താല്പര്യമില്ലെന്ന് അമ്മ അവരോടൊക്കെ കള്ളം പറഞ്ഞെങ്കിലും അത്‌ വിശ്വസിക്കാതെ പലരും പിന്നെയും ഓരോന്ന് കുത്തിക്കുത്തി ചോദിക്കുന്നുണ്ടായിരുന്നു.. അതൊക്കെ കേൾക്കുമ്പോൾ തന്റെ മനസ്സിൽ നൊമ്പരമായിരുന്നു.. അതിനിടയിൽ ഏറെനാളുകൾ കാത്തിരുന്നിട്ട് ദൈവം തനിക്ക് നൽകിയ ആ കണ്മണിയെ നഷ്ടമായാലോ എന്നൊരു ഭീതിയും തന്റെ മനസിനെ അലട്ടി..

ഇതിനിടയിൽ വിശേഷം അന്വേഷിക്കാൻ വേണ്ടി എത്തിയിരുന്ന അയൽവാസികളിൽ പലരും ആദ്യത്തെ പ്രസവവും അതിനനുബന്ധിച്ചുള്ള ചടങ്ങുകളും പെണ്ണിന്റെ വീട്ടുകാരുടെ കടമയാണെന്ന ഉപദേശവുമായി എത്തി.. ഇതൊക്കെ കേൾക്കുമ്പോൾ ഗിരീഷേട്ടന്റെ അമ്മയ്ക്ക് തന്നോട് എന്തെങ്കിലും തരത്തിലുള്ള അനിഷ്ടമുണ്ടായാലോ എന്നൊരു ഭയവും മനസ്സിൽ തോന്നി.. കുഞ്ഞ് ജനിക്കുന്ന ദിവസം അടുക്കും തോറും ആ ഭയം കൂടിക്കൂടി വന്നു.. കുഞ്ഞ് ജനിക്കുമ്പോൾ ഗിരീഷേട്ടനും അമ്മയും ആ കുഞ്ഞിനെ മാത്രമായിട്ട് സ്നേഹിക്കുമോ എന്നോടുള്ള സ്നേഹം കുറയുമോ എന്നൊക്കെയായിരുന്നു മനസിലുള്ള ചിന്തകൾ..

ഇതൊക്കെ ആവശ്യമില്ലാത്ത ചിന്തകളാണെന്ന് മനസ്സിൽ തോന്നിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ ആ ചിന്തകൾ എന്നെ ഭ്രാന്തിയാക്കുന്നത് പോലെ തോന്നി.. ഇപ്പോളും തന്റെ മനസിനെ നിയന്ത്രിക്കാൻ തനിക്ക് കഴിയുന്നില്ല.. പലപല ചിന്തകൾ ചേർന്ന് തന്നെ ശ്വാസം മുട്ടിക്കുകയാണ്.. ” ഒരു ദീർഘനിശ്വാസത്തോട് കൂടി അനിത പറഞ്ഞവസാനിപ്പിച്ചപ്പോൾ ജോയലിന് അവളോട് സഹതാപം തോന്നി.. അവളുടെ കണ്ണുകളിൽ നോക്കിയാണ് അവൻ മറുപടി പറഞ്ഞത്.. “അനിതയുടെ മനസിലുള്ള ഈ ചിന്തകളൊക്കെ മിക്കവാറും എല്ലാ സ്ത്രീകളുടെയും മനസ്സിൽ ഉള്ളതാണ്..

അതിന്റെ പേരിൽ കുഞ്ഞിനോട് ഇങ്ങനെയൊക്കെ പെരുമാറുകയും വീട്ടുകാരിൽ നിന്ന് അകന്ന് മാറുകയും ചെയ്യുമ്പോൾ അവരൊക്കെയെത്രമാത്രം സങ്കടപെടുന്നുണ്ടെന്ന് ഓർമ വേണം.. അയൽവാസികൾ എന്തൊക്കെ പറഞ്ഞാലും സ്നേഹസമ്പന്നരായ ഒരു ഭർത്താവിനെയും അമ്മായിയമ്മയെയും ദൈവം അനിതയ്ക്ക് നൽകിയില്ലേ? അവരെപ്പോളെങ്കിലും ഏതെങ്കിലും തരത്തിൽ അനിതയെ വേദനിപ്പിച്ചിട്ടുണ്ടോ? അനിതയുടെ വീട്ടുകാർ പ്രസവച്ചിലവിന് പൈസ മുടക്കിയില്ലെന്ന് പറഞ്ഞിട്ട് കുറ്റപ്പെടുത്തിയിട്ടുണ്ടോ? ഇല്ലല്ലോ.. അപ്പോൾപ്പിന്നെ ജീവിതത്തിൽ ഇത്രയും നല്ല ആളുകളെ തന്നതിന് ദൈവത്തോട് നന്ദി പറയുന്നതിന് പകരം ആവശ്യമില്ലാത്ത കാര്യത്തിൽ ദുഃഖിച്ചിരിക്കുകയാണോ വേണ്ടത്?”

“ഞാൻ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല ഡോക്ടർ.. ചില ചിന്തകൾ എന്റെ മനസിനെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്നു.. എനിക്കെന്റെ ഏട്ടനെയോ ഞങ്ങളുടെയോ കുഞ്ഞിനെയോ സ്നേഹിക്കാനോ പരിചരിക്കാനോ കഴിയുന്നില്ല.. ചിലപ്പോൾ നിയന്ത്രണം വിട്ടൊന്ന് പൊട്ടിക്കരഞ്ഞാലോ എന്ന് ചിന്തിക്കും എന്നാലും ചിലപ്പോളൊക്കെ സങ്കടങ്ങൾക്ക് കടിഞ്ഞാണിട്ടു ജീവിക്കാൻ ശ്രമിക്കും ” “തന്റെ മനസിന്റെ തോന്നലുകൾ മാത്രമാണത്.. ഇനിയിപ്പോൾ ഒന്ന് പൊട്ടികരഞ്ഞാൽ തന്റെ സങ്കടം മാറുമെങ്കിൽ തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവില്ലേ തനിക്ക്? ആ നെഞ്ചിൽ തല ചേർത്ത് വച്ച് തന്റെ സങ്കടം ശമിക്കുന്നത് വരെ ഒന്ന് പൊട്ടിക്കരഞ്ഞേക്ക്..

ഏത് പ്രതിസന്ധിയിലും ഇങ്ങനെ ചേർത്ത് പിടിക്കുന്ന ഒരു പുരുഷനുള്ളപ്പോൾ താനെന്തിനാടോ ചുറ്റുമുള്ളവരുടെ വാക്കുകളെ ഭയന്ന് സ്വയമൊരുക്കിയ തടവറയിൽ ഒളിച്ചു താമസിക്കുന്നത്?” ജോയലിനോട് സംസാരിക്കുമ്പോൾ തന്റെ ആത്മവിശ്വാസം വർധിക്കുന്നത് പോലെ അനിതയ്ക്ക് തോന്നി.. പിന്നെയും കുറച്ച് നേരം കൂടി സംസാരിച്ചിരുന്നിട്ടാണ് ജോയൽ ആ റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയത്.. ആ മുറിയുടെ വാതിലിൽ ഭവാനിയും ഗിരീഷും ആകാംഷയോടെ കാത്തു നിൽപ്പുണ്ടായിരുന്നു.. ജോയലിന്റെ കണ്ണുകൾ അവിടെയാകെ തന്റെ പ്രിയപ്പെട്ടവളെ പരതുന്നുണ്ടായിരുന്നു..

ഗിരീഷിന്റെ തോളിൽ പതിയെ തട്ടിക്കൊണ്ടു ജോയൽ പറഞ്ഞു.. “അനിതയ്ക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.. എത്രയും പെട്ടന്ന് തന്നെ അവൾ പഴയപോലെയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ” ഭവാനിയും ഗിരീഷും ആ മുറിക്കുള്ളിലേക്ക് കയറിയതും ജോയൽ ഇനി എന്ത് ചെയ്യണമെന്നറിയാതെ നിന്നു.. ഹാളിലെ കർട്ടനരികിൽ അമേയയുടെ നിഴൽ പതിഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരിയൂറി.. കയ്യിലിരുന്ന ബാഗ് ടീപ്പൊയുടെ മുകളിലേക്ക് വച്ചിട്ട് അവൻ അമേയയുടെ അടുത്തേക്ക് ചെന്നു.. കർട്ടനിടയിലൂടെ കയ്യിട്ട് അവളെ തന്നോട് ചേർത്ത് നിർത്തിയാലോ എന്ന് കരുതിയെങ്കിലും ഇത് മറ്റൊരാളുടെ വീടാണല്ലോ എന്നോർത്തപ്പോൾ തന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ടു..

അമേയയുടെ തൊട്ടടുത്തെത്തി ജോയൽ ചെറുതായി മുരടനക്കിയപ്പോൾ അമേയ കർട്ടന് പിന്നിൽ നിന്നും തല വെളിയിലെക്കിട്ട് അവനെ നോക്കി.. അവളുടെ മുഖം നാണം കൊണ്ട് ചുമന്നു തുടുത്തിരുന്നു.. ജോയൽ അവളെ പരിചയമില്ലാത്ത ഭാവത്തിൽ ചോദിച്ചു.. “മേഡം.. ഇവിടെ റസ്റ്റ് റൂം എവിടെയാ?” അവൾ അവന്റെ നേർക്ക് മുഖം കൂർപ്പിച്ചു നോക്കിയിട്ട് ഹാളിൽ നിന്നുള്ള ഇടനാഴിയുടെ അങ്ങേ അറ്റത്തായുള്ള റസ്റ്റ് റൂം കാണിച്ചു കൊടുത്തു.. ജോയൽ അവൾ കൈ ചൂണ്ടിയ ദിശയിലേക്ക് നടന്നു.. അവിടെ ചുമരിലുള്ള സ്വിച്ചിൽ നോക്കിയിട്ട് അവൻ ചോദിച്ചു.. “ഇതിലേതാ അകത്തെ ലൈറ്റിന്റ സ്വിച്ച്?”

അവൾ അവന്റെ അടുത്തേക്ക് നടന്ന് ചെന്നു അകത്തെ ലൈറ്റ് ഓണാക്കിയതും ജോയൽ അവളുടെ കവിളിൽ അമർത്തി ചുംബിച്ചതും ഒരുമിച്ചായിരുന്നു.. അമേയ തന്റെ വലത് കവിളിൽ വിരലമർത്തിക്കൊണ്ട് അമ്പരപ്പോടെ നിന്നതും ജോയൽ റസ്റ്റ്‌റൂമിനുള്ളിലേക്ക് കയറി.. ഒരു നിമിഷത്തിന് ശേഷം സ്ഥലകാലബോധം വന്നതും അമേയ പിന്നിലേക്ക് തിരിഞ്ഞു നോക്കി.. ഗിരീഷേട്ടനോ അമ്മയോ കണ്ടോ എന്നായിരുന്നു ആ നോട്ടത്തിന്റെ ഉദ്ദേശ്യം.. ഭാഗ്യം രണ്ടാളും ചേച്ചിയുടെ റൂമിലാണ്.. എന്തായാലും തത്കാലം രക്ഷപെട്ടു.. അമേയ ഹാളിന്റെ നേർക്ക് വേഗത്തിൽ നടന്നു.. ചേട്ടനോ അമ്മയോ ഇറങ്ങി വന്നാൽ തെറ്റിദ്ധരിച്ചാലോ എന്നായിരുന്നു അവളുടെ മനസ്സിൽ…

ഭവാനി റൂമിന് പുറത്തേക്ക് ഇറങ്ങി വന്നുകൊണ്ട് അമേയയോട് അടക്കത്തിൽ പറഞ്ഞു.. “എന്തായാലും അത്‌ നല്ല ഡോക്ടറാണെന്ന് തോന്നുന്നു മോളെ.. അനിതമോൾക്കിപ്പോൾ നല്ല മാറ്റമുണ്ട്.. നമുക്ക് ആദ്യം തന്നെ ആ ഡോക്ടറെ വിളിച്ചാൽ മതിയായിരുന്നു ” അമേയയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.. അവൾക്ക് ജോയലിനെപ്പറ്റി ഓർത്തപ്പോൾ അഭിമാനം തോന്നി.. ജോയൽ ഹാളിലേക്ക് വരുന്നത് കണ്ടപ്പോൾ അമേയ തന്റെ മുഖഭാവം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട് നിന്നു.. ടീപ്പൊയിലിരുന്ന ബാഗ് എടുത്തുകൊണ്ടു ജോയൽ ഭവാനിയോട് ചോദിച്ചു.. “എങ്കിൽ പിന്നെ ഞാനിറങ്ങട്ടെ അമ്മേ?” “ഒരു മിനിറ്റ് മോനേ.. ഞാൻ ഗിരീഷിനെ വിളിക്കാം ”

“വേണ്ട.. അവർ ഭാര്യയും ഭർത്താവും മനസ്സ് തുറന്നു സംസാരിക്കട്ടെ.. ” “ഊണ് കഴിച്ചിട്ടു പോയാൽ പോരേ മോനേ?” “ഊണ് കഴിക്കാനായിട്ട് ഞാൻ പിന്നീടൊരിക്കൽ വരാം ” ജോയൽ പുറത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു.. അമേയയ്ക്ക് അവനെ അനുഗമിക്കണമെന്ന് മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നിവെങ്കിലും ഭവാനി എന്ത് കരുതുമെന്ന് മനസിലോർത്തു കൊണ്ട് അവിടെത്തന്നെ നിന്നു.. ഭവാനി അടുക്കളയിലേക്ക് നടന്നതും അമേയ തന്റെ റൂമിലേക്ക് കയറി.. ജോയലിനെ വിളിക്കാനായി ഫോണെടുത്തതും അവളുടെ ഫോൺ റിംഗ് ചെയ്തു.. ഡിസ്പ്ലേയിൽ ആ പേര് കണ്ടതും കൃത്രിമ ഗൗരവത്തോടെ ഫോണെടുത്തിട്ട് ശബ്ദം താഴ്ത്തി ചോദിച്ചു..

“എന്ത് പണിയാ ഈ കാണിച്ചത്?” അവൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.. “എന്താ ഞാൻ കാണിച്ചത്?” “അയ്യടാ.. ഒന്നും അറിയത്തില്ലേ?” “ഇല്ല.. എന്താ പരസ്പര ബന്ധമില്ലാതെ ഓരോന്നൊക്കെ പറയുന്നത്?” “ഇച്ചായാ.. ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കരുത് കേട്ടോ ” “ഓഹോ.. അപ്പോൾ ഞാൻ നിന്റെ ഇച്ചായനാണെന്ന് നിനക്കോർമ്മയുണ്ട് അല്ലേ.. എന്നിട്ടാണോടി അവിടെ ഞാൻ വന്നപ്പോൾ വല്യ ജാഡയിട്ട് നിന്നത്?” “ഞാനാണോ ജാഡയിട്ട് നിന്നത്.. ഇച്ചായനല്ലേ എന്നെ ആലുവ മണപ്പുറത്തു കണ്ട പരിചയം പോലും കാണിക്കാതെ നിന്നത്.. എന്നിട്ടും ഇപ്പോൾ കുറ്റം എനിക്കായോ?” “ആഹാ.. ഞാൻ പരിചയം കാണിച്ചില്ലെന്നാരാ പറഞ്ഞത്..

ഞാൻ പരിചയം പുതുക്കിയതിന്റെ തിളക്കം നിന്റെ കവിളിൽ ഇപ്പോളും ഉണ്ടായിരിക്കുമല്ലോ ” അമേയ തന്റെ വലത് കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.. “വഷളൻ.. എന്താ കാണിച്ചത്.. ചേട്ടനോ അമ്മയോ അപ്പോൾ അങ്ങോട്ടേക്ക് വന്നിരുന്നുവെങ്കിലോ?” “വരില്ലെന്ന് എനിക്കത്രയ്ക്ക് ഉറപ്പായിരുന്നു കൊച്ചേ.. പിന്നെ ഇത്രയും നാളുകൾക്കു ശേഷം എന്റെ പെണ്ണ് ഇങ്ങനെ തൊട്ടടുത്ത് നിൽക്കുമ്പോൾ ഒരു ഉമ്മ പോലും തന്നില്ലെങ്കിൽ പിന്നെ ഞാനെന്തൊരു കാമുകനാണെടി പെണ്ണേ?” “ഓഹോ.. ഉമ്മ തന്നില്ലെങ്കിൽ കാമുകനല്ലെന്നാണോ അർത്ഥം?” “അങ്ങനെ ഒന്നുമല്ല.. പക്ഷേ ഞാൻ ആദ്യമേ തന്നെ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ ഞാനത്ര വിശുദ്ധനൊന്നുമല്ലെന്ന്..

എല്ലാ സാധാരണ മനുഷ്യർക്കുള്ളത് പോലെയുള്ള പല ബലഹീനതകളും എനിക്കുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ലേ?” “എന്നിട്ട് ഞാൻ അവിടെ ആയിരുന്നപ്പോൾ ഈ ബലഹീനതകളൊന്നും ഞാൻ കണ്ടില്ലല്ലോ?” “തത്കാലത്തേക്ക് ഞാൻ നല്ല കുട്ടിയായതല്ലേ?” “നല്ല കുട്ടി ബസിലാണ് വരുന്നതെന്ന് പറഞ്ഞിട്ട് അവിടുന്ന് ഇവിടെ വരെ തനിയെ കാറോടിച്ചു വന്നതെന്തിനാ?” “തിരിച്ചു പോകുമ്പോൾ നമുക്കൊരുമിച്ചു പോകാമല്ലോ.. നമ്മുടെ സ്വർഗത്തിൽ ആരും കട്ടുറുമ്പായിട്ട് വരരുതെന്ന് കരുതിയാണ് ഞാൻ കാറുമായിട്ട് വന്നത്..

നീ കുറച്ച് നേരത്തേ വീട്ടിൽ നിന്നിറങ്ങണം കേട്ടോ” “അപ്പോൾ ഇച്ചായൻ വീട്ടിൽ പോകുന്നില്ലേ?” “ഇല്ല.. പെട്ടന്ന് ചെന്നു മുഖം കാണിച്ചിട്ട് തിരിച്ചു വന്നാൽ പപ്പയ്ക്ക് സംശയം തോന്നിയേക്കാം.. പ്രത്യേകിച്ച് ഞാൻ കാറുമായിട്ട് വന്നത് കാണുമ്പോൾ സംശയത്തിന് ആഴം കൂടിയേക്കാം.. ഞാനായിട്ട് അറിഞ്ഞു കൊണ്ട് അപകടം വിളിച്ചു വരുത്തണ്ടല്ലോ എന്ന് കരുതിയാണ് വീട്ടിലേക്ക് പോകാത്തത് ” “അപ്പോൾ പിന്നെ വൈകുന്നേരം വരെ എന്ത് ചെയ്യും?” “ഇവിടെ ഒരു ഹോട്ടലിൽ റൂമെടുത്തിട്ടുണ്ട്.. കുളിച്ചു ഫ്രെഷായിട്ട് കുറച്ചു നേരം ഉറങ്ങട്ടെ.. ഇങ്ങോട്ട് ഡ്രൈവ് ചെയ്തു വന്നതിന്റെ ക്ഷീണമുണ്ട്.. ഞാൻ ഉറങ്ങി എഴുന്നേറ്റു റെഡിയായി വരുമ്പോളേക്കും എന്റെ കൊച്ച് റെഡിയായി ടൗണിലേക്ക് വരണം കേട്ടോ ”

“ഉം ” “നീ ഇന്ന് തിരിച്ചു പോകുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടുണ്ടോ?” “ചേട്ടനും അമ്മയ്ക്കും അറിയാം.. ചേച്ചിയോട് പറയണം ” “ഓക്കേ പറഞ്ഞിട്ട് പെട്ടന്ന് വാ ” “ഉം ” “എങ്കിൽ ശരി ഇച്ചായൻ പോട്ടേ.. വൈകുന്നേരം കാണാം ” “ഉം ” ജോയൽ കാൾ കട്ട്‌ ചെയ്തതും അമേയ കിച്ചനിലേക്ക് ചെന്നു.. ഭവാനിയുടെ മുഖത്ത് സന്തോഷം തെളിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ തന്റെ ചേച്ചി ഭാഗ്യവതിയാണെന്ന് അവൾക്ക് തോന്നി.. അമേയയേ കണ്ടതും അവർ ചോദിച്ചു.. “ബാഗൊക്കെ പാക്ക് ചെയ്തോ മോളെ?” “അതൊക്കെ നേരത്തേ പാക്ക് ചെയ്തമ്മേ.. ഇനി ചേച്ചിയോട് പറഞ്ഞിട്ട് വൈകുന്നേരം ആകുമ്പോളേക്കും പോകണം ” “ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോ മോളെ?” “ടിക്ക…. ടിക്കറ്റ് ഞാൻ ബസിൽ ബുക്ക്‌ ചെയ്തമ്മേ..” “ഉം.. ”

ഇതേസമയം ഗിരീഷിന്റെ മാറിലേക്ക് തല ചായ്ച്ചു വച്ചിരിക്കുകയായിരുന്നു അനിത.. അവളുടെ മിഴികളിൽ നനവ് പടർന്നിരുന്നു.. ഗിരീഷ് അവളെ ആശ്വസിപ്പിച്ചു.. “കഴിഞ്ഞതൊക്കെ പോട്ടേ മോളെ.. ഇപ്പോൾ നീ അതൊന്നും ഓർത്ത് സങ്കടപ്പെടണ്ട” “എന്നോട് ദേഷ്യമുണ്ടോ ഏട്ടാ?” “ദേഷ്യം തോന്നാൻ നീ മനഃപൂർവം ഒന്നും ചെയ്തില്ലല്ലോ.. ഈ അവസ്ഥ ഏത് സ്ത്രീയ്ക്ക് വേണമെങ്കിലും വരാവുന്ന ഒന്നാണെന്നു ആ ഡോക്ടർ പറഞ്ഞിരുന്നു..” ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ചിരുന്ന സങ്കടങ്ങൾ ഗിരീഷിനോട് പറഞ്ഞപ്പോൾ തന്റെ മനസിലെ പരിഭവങ്ങളെല്ലാം മഞ്ഞു പോലെ ഉരുകി ഒലിക്കുന്നത് അനിതയറിഞ്ഞു.. ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ താൻ ബാംഗ്ലൂരിലേക്ക് തിരിച്ചു പോകുന്ന കാര്യം അമേയ ചേച്ചിയോട് പറഞ്ഞു..അനിതയ്ക്ക് കുഞ്ഞുണ്ടാകുമ്പോൾ സമ്മാനമായി കൊടുക്കാൻ ജോയൽ തന്റെ കയ്യിൽ തന്നിരുന്ന മാല അവൾ ചേച്ചിയെ ഏൽപ്പിച്ചു..

വൈകുന്നേരം ആറു മണിയായപ്പോളേക്കും അമേയ റെഡിയായി ഇറങ്ങി.. ഗിരീഷ് അവളെ ടൗണിൽ കൊണ്ടാക്കി.. താൻ ജോയലിനോടൊപ്പമാണ് തിരിച്ചു പോകുന്നതെന്ന് അവൾ ഗിരീഷിനോട് പറഞ്ഞിരുന്നു.. ബസ് സ്റ്റാൻഡിന്റെ അരികിൽ ജോയൽ കാർ പാർക്ക് ചെയ്തു അവളെ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു.. ഗിരീഷിനോട് യാത്ര പറഞ്ഞിട്ട് അമേയ മുന്നോട്ട് നടന്നു.. കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു അമേയ അകത്തേക്ക് കയറിയതും ജോയൽ അവളെ നിർന്നിമേഷനായി നോക്കിക്കൊണ്ട് പറഞ്ഞു… “വാ.. ഇനി നമുക്ക് നമ്മുടെ സ്വർഗത്തിലേക്ക് പോകാം ” ജോയൽ കാർ സ്റ്റാർട്ട്‌ ചെയ്തു.. അമേയ സീറ്റിലേക്ക് ചാരിയിരുന്നിട്ട് അവന്റെ മുഖത്തേക്ക് പാളി നോക്കി.. ഏതോ ചിന്തയിൽ മുഴുകിയെന്നപോലെ സാവധാനത്തിലാണ് ജോയൽ ഡ്രൈവ് ചെയ്തത്….. ………….തുടരും………………..

ഈറൻമേഘം: ഭാഗം 48

ഈറൻമേഘം എല്ലാഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story