തോളോട് തോൾ ചേർന്ന്: ഭാഗം 22

തോളോട് തോൾ ചേർന്ന്: ഭാഗം 22

എഴുത്തുകാരി: ജിച്ചന്റെ കാവു

അകത്തു നടുമുറ്റത്തിനരികെ ഇരിക്കുന്ന ഭാനുമതിയുടെ മടിയിൽ തലവെച്ചു കിടന്നുകൊണ്ട് വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ഭരത്… അവരുടെ കൈവിരലുകൾ ചുരുണ്ടുകൂടിയ അവന്റെ മുടിയിഴകൾക്കിടയിൽ വാത്സല്ല്യത്തോടെ ഇഴഞ്ഞു നീങ്ങി.. അവന്റെ ജോലി സ്ഥലത്തെ വിശേഷങ്ങളും ഒപ്പം ഭഗതിൽ നിന്നും കേട്ടറിഞ്ഞ വീട്ടിലെ വിശേഷങ്ങളും എല്ലാം ഭരത് ഭാനുമതിയോട് പറയുന്നത് കേട്ടുകൊണ്ടാണ് ദേവൂട്ടിയും അവർക്കരികെ വന്നത്… ആട്ടിയോടിച്ചിട്ടും സഹോദരന്റെ വിശേഷങ്ങൾക്കായി കാതോർക്കുന്ന അമ്മയെ കൂർപ്പിച്ചു നോക്കികൊണ്ടവൾ ഒരു നിമിഷം നിന്നു…

തൂണിൽ ചാരി കാലും നീട്ടിയിരിക്കുന്ന അമ്മയുടെ എതിർവശത്തെ തൂണിനരികെ ഇരുന്നുകൊണ്ടവൾ ചെറുതായി പൊടിഞ്ഞു തുടങ്ങുന്ന മഴയിലേക്ക് കണ്ണ് നട്ടു… നടുമുറ്റത്ത് ഒത്ത നടുക്കായി തന്നെയുള്ള തുളസിയിലെ വളർന്നു നിൽക്കും കതിരുകൾ വന്നു പതിക്കുന്ന മഴത്തുള്ളികൾക്കനുസരിച്ചു തുള്ളി ചാടുംപോലെ തോന്നുകയായിരുന്നു പെണ്ണിന്… അവയെ പൂർണമായും മഴ നനയ്ക്കുമ്പോൾ പുഞ്ചിരിയോടവൾ മഴയെ നോക്കിയിരുന്നു… ചെറുതായി കാലുകൾ നീട്ടിപിടിച്ചുകൊണ്ട് കൊലുസ്സിൽ മഴത്തുള്ളികളുടെ ചുംബനം ഏറ്റുവാങ്ങി… കണ്ണുകളിൽ കുസൃതി വിരിയും നേരം പതിയെ തല ചെരിച്ചുകൊണ്ടവൾ ഭരതിനെ നോക്കി…

ആ കണ്ണുകളും തന്നിൽ ആണെന്ന് കണ്ടതും നാണം ചുണ്ടിൽ വിരിഞ്ഞു… ഈ ഒരു കൊല്ലത്തെ പഠനത്തിന് ശേഷം ജോലി നോക്കി ഭഗതും വീട്ടിൽ നിന്നും ഇറങ്ങാൻ തന്നെയാണ് തീരുമാനമെന്നും അതോടൊപ്പം അമ്മയെയും കൂട്ടാൻ ഇരുവരും ആഗ്രഹിക്കുന്നുണ്ടെന്നും ഭരത് പറയുമ്പോൾ നാളിതുവരെയായിട്ടും സഹോദരന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവും വന്നില്ലെന്നുള്ളത് മനസിലാക്കുകയായിരുന്നു ഭാനു… അത്രത്തോളം ആ അമ്മയും മക്കളും അനുഭവിക്കുന്നുണ്ടെന്ന് അവർക്കറിയാമായിരുന്നു… അച്ഛന്റെ ബിസിനസ്സിൽ തുടർച്ചയായി ഉണ്ടായികൊണ്ടിരിക്കുന്ന തിരിച്ചടികളും അതിന്റെ പ്രതിഫലനമെന്നോണം അമ്മ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ദുരിതവും പറയുമ്പോൾ അവന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു…

ആ ഇടർച്ച ഒളിപ്പിക്കാൻ ശ്രമിക്കുന്നവനെ തന്നെ നോക്കി ദേവൂട്ടിയിരുന്നു… ഓർമയിൽ അമ്മാവന്റെ ക്രൂരതകൾ തെളിഞ്ഞു… എതിർക്കാനാവാതെ കൂട്ടിൽ കിടന്ന ദിവസങ്ങളെ വെറുപ്പോടെ ഓർത്തു… തകർത്തു പെയ്യുന്ന മഴയിൽ ആകെ നനഞ്ഞുകുളിച്ചുകൊണ്ട് ഭഗത് വന്നുകയറി… ഓടികൊണ്ടുള്ള അവന്റെ വരവിന്റെ ശബ്ദം കേട്ടതും ഇരുന്നിടത്തു നിന്നുതന്നെ മൂവരും ഉമ്മറവാതിലിലേക്കെത്തിനോക്കി… മുഖത്തുണ്ടായിരുന്ന മൂകത അവനെ തന്നെ നോക്കിയിരിക്കുന്നവരെ കണ്ടതും പോയ്‌മറഞ്ഞു… ” അത്…. മഴ…. ഞാൻ നടക്കാൻ പോയതാ… ” മുഴുവൻ പല്ലും കാണിക്കുംപോലുള്ള ഒരു ചിരി ചിരിച്ചുകൊണ്ടവൻ അവരുടെ നോട്ടത്തിന് മറുപടി നൽകി…

” ചേഞ്ച്‌ ചെയ്തിട്ട് വരാം… ” അവനെ തന്നെ കൂർപ്പിച്ചു നോക്കുന്ന ദേവുവിന് നേരെ കണ്ണുചിമ്മി കാണിച്ചുകൊണ്ട് മുകളിലേക്കോടുന്നതിനിടയിൽ വിളിച്ചുകൂവി… അപ്പോഴും അവളൊരു സംശയത്തോടെ എന്തൊക്കെയോ ഓർത്തിരുന്നു… വേഗത്തിൽ പടികൾ കയറിക്കൊണ്ടവൻ മുറിയിലേക്ക് നടക്കവേ ഒരു പാളി വാതിൽ മാത്രം ചാരിയിട്ടിരുന്ന ദേവൂട്ടിയുടെ മുറിയിൽ ആരുടെയോ നിഴലനക്കം കണ്ടു… പതിയെ തല അകത്തേക്കിട്ട് നോക്കുമ്പോൾ കൂർപ്പിച്ചുപിടിച്ച കണ്ണുകൾ ഒരുമാത്ര തിളങ്ങി… ജനലരികിൽ വന്നുനിന്നുകൊണ്ട് പുറത്ത് പെയ്യുന്ന മഴയിൽ കണ്ണും നട്ട് ശ്രീ നിൽക്കുമ്പോൾ അവളെറിയാതെ തന്നെ ഉള്ളിൽ നിറഞ്ഞത് മുഖം വ്യക്തമല്ലാത്തൊരു പുരുഷരൂപമായിരുന്നു…

പാടത്തിനു നടുവിൽ ഇരു കൈയ്കളും വിരിച്ചുപിടിച്ചുകൊണ്ട് മുകളിലേക്ക് മുഖം പിടിച്ചു നിൽക്കുന്ന ഒരുവൻ… അവന്റെ വാക്കുകൾ എന്ന വണ്ണം കാതിൽ മുഴങ്ങിയത് മഴയെന്ന ഐഡിയിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന മെസ്സേജുകൾ ആയിരുന്നു… അതവളുടെ ചൊടികളെ ചെറു പുഞ്ചിരി വിരിയിക്കാൻ തയ്യാറാക്കുമ്പോൾ ഉയർന്നു കേട്ട ഫോണിന്റെ നോട്ടിഫിക്കേഷൻ ട്യൂൺ അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു… ചുളുക്കി പിടിച്ച കണ്ണുകളാലെ അത് വായിക്കുംനേരം പുറകിൽ നിന്നാരോ ദേവൂട്ടിയെന്നു നീട്ടി വിളിച്ചുകൊണ്ട് അവളെ ചുറ്റിപ്പിടിച്ചു ഉയർത്തി…

പെട്ടന്നുണ്ടായ നീക്കത്തിൽ ആകെ ഭയന്നുകൊണ്ടവൾ ഒച്ചയെടുത്തുകൊണ്ട് പിടിവിടുവിക്കാൻ ശ്രമിക്കുന്നതിനൊപ്പം പുറകിലുള്ളവന്റെ കാൽമുട്ടിൽ ആഞ്ഞു ചവിട്ടി… അവനിൽ നിന്നൊരു വേദനയുടെ സ്വരം ഉയരുമ്പോൾ തന്നെ നീട്ടി വളർത്തിയ ഇടതുകരത്തിലെ നഖങ്ങളും അവന്റെ കൈയിൽ പതിഞ്ഞിരുന്നു… ചുറ്റിപ്പിടിച്ച കൈയ്കൾ വേദനയാൽ അഴച്ചുകൊണ്ടവൻ കയ്യ്കളിലെ ചുവന്നു നീണ്ടു കിടക്കും പാടുകളിൽ നോക്കി… ” തോന്നിവാസം കാണിക്കുന്നോടോ… ” തൊട്ട് മുൻപിൽ നിന്നുള്ള ശ്രീയുടെ ഉയർന്ന സ്വരത്തിൽ ഭഗത് മുഖമുയർത്തി അവളെ നോക്കി…

ചുവന്നു കിടക്കുന്ന കൈയിലെ പാടിനേക്കാൾ ചുവന്നിരിക്കുന്ന അവളുടെ മുഖം കാണെ കുസൃതി അല്പം കൂടിപ്പോയെന്നു തോന്നിയെങ്കിലും ഒന്നും അറിയാത്ത ഭാവത്തിൽ അവനൊരു ഞെട്ടൽ മുഖത്തുവരുത്തി… ” ഉയ്യോ…. താനോ??… ഉഫ്…. സോറി… സോറി… ഞാൻ ദേവൂട്ടിയാണെന്ന് കരുതി പെട്ടന്ന്… റിയലി സോറി… ” മുഖത്തൊരു ദയനീയഭാവം വരുത്തി പറയുന്നവനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് അവൾ നിന്നു… മഴയുടെ സ്വരത്തിൽ അലിഞ്ഞുചേർന്ന് ഇരുവരുടെയും സ്വരം നേർത്തുപോവുന്നുണ്ടായിരുന്നു… ” ഉണ്ടമുളകെ… ” വീർപ്പിച്ചു പിടിച്ച മുഖവുമായി അവനെ മറികടന്നുകൊണ്ടവൾ വാതിലും കടന്ന് പുറത്തേക്കിറങ്ങവേ ഭഗത് വിളിച്ചു…

അധികരിച്ചുവരുന്ന ദേഷ്യത്തിൽ ചുവക്കുന്ന മുഖവുമായവൾ തിരിഞ്ഞു നോക്കുമ്പോൾ അവനൊന്നു കണ്ണിറുക്കി കാണിച്ചു… ചുണ്ടിൽ വല്ലാത്തൊരു പുഞ്ചിരിയുണ്ടായിരുന്നു അവന്റെ… ” പോടാ അലവലാതി… ” അവനെ നോക്കി വിളിച്ചുകൊണ്ടവൾ ദേഷ്യത്തിൽ നടന്നു… അറിയാവുന്ന ചീത്തകളൊക്കെ ഉള്ളിൽ അവനെ വിളിച്ചുകൊണ്ട് പടികളിറങ്ങി ദേവൂട്ടിയുടെ അരികെ വന്നിരിക്കുമ്പോഴും ഉള്ളിലെ ദേഷ്യത്തിന് കുറവ് വന്നിരുന്നില്ല… അവിടെ അപ്പോഴും അമ്മയോടുള്ള സംസാരത്തിനിടയിലും കണ്ണുകളാൽ പ്രണയം കയ്യ്മാറുകയായിരുന്നു രണ്ടുപേർ…

***************** ” ഇതുകൊണ്ടൊന്നും നിന്റെ അച്ഛൻ നന്നാവുമെന്നോ സത്യം തിരിച്ചറിയുമെന്നോ നിക്ക് തോന്നുന്നില്ല അനന്ദു… ” അനന്ദുവിന് എതിർവശത്തുള്ള കസേരയിൽ ഇരുന്നുകൊണ്ട് ഹരി പറയുമ്പോഴും അടഞ്ഞുകിടക്കുന്ന അച്ഛന്റെ മുറിയുടെ വാതിലിൽ ആയിരുന്നു അനന്ദുവിന്റെ കണ്ണുകൾ… ഹരിയുടെ വാക്കുകൾ കെട്ട് ഒന്ന് പുഞ്ചിരിക്കാൻ അല്ലാതെ മറ്റൊന്നിനും അവനു കഴിഞ്ഞില്ല… എത്രയൊക്കെ മുറിവേൽപ്പിക്കും വാക്കുകൾ പറഞ്ഞിട്ടുണ്ടെങ്കിലും പത്തുവയസ്സുവരെ അവനെ താഴത്തും തലയിലും വയ്ക്കാതെ കൊണ്ടുനടന്നിരുന്ന മനുഷ്യനാണ്…

ജീവിതകാലം മുഴുവൻ നൽകേണ്ട സ്നേഹം ആ പത്തു വർഷങ്ങളിൽ തന്നതുകൊണ്ടാകാം അവന്റെ മനസ്സിൽ അച്ഛനെന്നും ഉയർന്ന സ്ഥാനത്തു നിൽക്കുന്നത്… ഭാര്യയെ അത്രയേറെ സ്നേഹിച്ചിരുന്നതിനാലാകാം അവരുടെ വേർപാടിൽ അയാൾ ഇത്രമാത്രം വേദനിക്കുന്നതും ആരൊക്കെയോ പറയുംപോലെ മകന്റെ ഭാഗ്യദോഷത്തെ പഴിചാരുന്നതും… വേദനക്കിടയിലും അച്ഛന്റെ ഭാഗത്തെ ന്യായങ്ങൾക്കൊണ്ട് ഉയർത്തിപ്പിടിക്കാൻ നോക്കുകയായിരുന്നവൻ… ” എന്തായാലും ആ സ്ത്രീയുടെ സ്വഭാവം എങ്കിലും മനസിലായി കാണും… അതെങ്കിൽ അത്… എന്തേലും ഗുണം ഉണ്ടാവട്ടെ…

അല്ലേൽ തന്നെ ഇത്രയൊക്കെ പറഞ്ഞിട്ടും അവരെയൊന്നു ചീത്തപറയുകയെങ്കിലും ചെയ്തോ ന്ന് നോക്കിയേ… അച്ഛന്റെ ഈ വക കാട്ടായങ്ങൾ കാണുമ്പോഴാ ദേഷ്യം വരണേ… ” ഹരി പിന്നെയും ഇരുന്നു പറയുന്നുണ്ട്… മൗനമായിരുന്നെങ്കിലും അനന്ദുവിന്റെ ഉള്ളിലും ചിന്തകളുടെ പിടിവലി നടക്കുകയായിരുന്നു… ഇപ്പോഴും അറ്റുപോവാത്ത പ്രതീക്ഷയുടെ കണങ്ങൾ ഒരുവേള അവനെ തന്നെ പരിഹസിക്കും പോലെ… അച്ഛൻ ഒരിക്കലും മാറില്ലേ… അവനുള്ളം ആ ചോദ്യം ഉരുവിട്ടുകൊണ്ടിരുന്നു… ചുമരിലെ അമ്മയുടെ പടം അവനെ നോക്കി ആശ്വസിപ്പിക്കും പോലെ… ആഞ്ഞു വീശിതുടങ്ങിയ കാറ്റിൽ ജനൽപാളികൾ അടയുന്നതിനൊപ്പം ശക്തമായി തന്നെ മഴയും വരവറിയിക്കുമ്പോൾ ഹരി എഴുന്നേറ്റ് ഉമ്മറത്തേയ്ക്ക് നടന്നു…

പുറകുവശത്തെ അഴയിൽ നിന്നും ഉണങ്ങിയ തുണികൾ പാതി നനഞ്ഞതും വാരിക്കൂട്ടി മുകളിലേക്ക് നടക്കുന്ന പെണ്ണിന്റെ കൊലുസ്സിന്റെ കിലുക്കം ചിന്തകളിൽ നിന്നും അവനെ ഉണർത്തുമ്പോൾ അവൻ തിരിഞ്ഞു നോക്കി… പടികയറികൊണ്ടിരുന്ന ധ്വനി പെട്ടന്നൊന്നു നിന്നുകൊണ്ട് അവനെ നോക്കി കണ്ണുചിമ്മി… ചുണ്ടിലൊരു കുഞ്ഞു പുഞ്ചിരിയും തെളിഞ്ഞു… അതെ പുഞ്ചിരി അവന്റെ ചുണ്ടിലേക്കും പകരവേ പുറത്തെ മഴയുടെ തണുപ്പിനെക്കാൾ അവളുടെ പുഞ്ചിരി നൽകും ഉന്മേഷം ഉള്ളിലേക്കിറങ്ങുന്നത് അവൻ അറിഞ്ഞു… ഒരിക്കൽ കൂടി അടഞ്ഞിരിക്കുന്ന മുറിയുടെ വാതിലിലേക്കും അമ്മയുടെ പടത്തിലേക്കും നോക്കികൊണ്ട് അവനും പതിയെ എഴുന്നേറ്റു ഹരിയുടെ അടുത്തേക്ക് നടന്നു…

അകത്തപ്പോഴും അംബികയുടെ സാരികൾ തീർത്ത കൂമ്പാരത്തിനിടയിൽ അവരുടെ സാമീപ്യം അറിഞ്ഞുകൊണ്ടോരച്ഛൻ മകളെ ചേർത്തു പിടിക്കുകയായിരുന്നു… മിഥ്യലോകത്തുനിന്നും തിരിച്ചിറങ്ങി കരഞ്ഞുകൊണ്ട് അപ്പു പറയുന്ന ഓരോ കാര്യങ്ങളും മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ… നെഞ്ചിലൊരു ഭാരം വന്നുകൂടുന്നതും അവളുടെ ഓരോ വാക്കുകളിലും ആ ഭാരം ഇരട്ടിച്ചു വരുന്നതും അതയാളെ തളർത്തുന്നതും അറിഞ്ഞുകൊണ്ട് തന്നെ എല്ലാം കേൾക്കാൻ അയാളും ഇരുന്നുകൊടുത്തു… അത്രയേറെ വിശ്വസിച്ചിരുന്ന കൂട്ടുകാരനും മക്കളും പറഞ്ഞുകൂട്ടിയ നുണകഥകളെക്കാളും അനന്ദുവിനോട് ചെയ്യുന്ന ദുഷ്ടതരങ്ങളെക്കാളും അയാളെ മുറിവേൽപ്പിച്ചത് മകൾക്കു നേരെയുണ്ടായിട്ടുള്ള പരാക്രമങ്ങൾ ആയിരുന്നു…

അതും അവൾക്കുവേണ്ടി സ്വന്തം അച്ഛൻ കണ്ടുപിടിച്ച വ്യക്തിയിൽ നിന്നും… ഇന്നും അവന്റെ പേടിപ്പെടുത്തുന്ന ഓർമകൾ അവളുടെ നെറ്റിയിൽ വിരിയിക്കുന്ന വിയർപ്പുകണങ്ങളും വാക്കുകളിൽ കടന്നു വരുന്ന വിറയലുകളും കാണെ സ്വയം നീറുകയായിരുന്നു അയാൾ… എപ്പോഴൊക്കെയോ അവളിൽ നിന്നും കേൾക്കുന്ന അനന്ദുവിന്റെ പേര് ആദ്യമായയാളിൽ ദേഷ്യം ഉണർത്താതിരുന്നു… അവന്റെ സ്നേഹവും കരുതലും പറയുമ്പോൾ തിളങ്ങുന്ന മകളുടെ കണ്ണുകൾ ധ്വനിയുടെ വാക്കുകളെ പ്രതിഫലിപ്പിച്ചു… ‘ അനന്ദു അച്ഛനാണ്… അവന്റെ നെഞ്ചിലിട്ടു വളർത്തിയ അനിയത്തികുട്ടിയുടെ അച്ഛൻ…

അവൾക്ക് കിട്ടാതെ പോയ അമ്മയുടെ സ്നേഹവും വാത്സല്യവും കൊടുക്കുന്നവൻ… സഹോദരിയല്ല… മകളാണ് അപ്പു അവനു… ‘ ആദ്യമായയാൾക്ക് സ്വയം പരാചിതനായൊരു അച്ഛനാണെന്ന് തോന്നി… മക്കളെ അറിയാത്ത… മക്കളെ മനസിലാക്കാൻ ശ്രമിക്കാത്ത… സ്നേഹിക്കാൻ കഴിയാത്തൊരച്ഛൻ… അപ്പോഴും മുറുക്കിപിടിച്ചിരുന്ന അയാളുടെ പ്രാണന്റെ ഓർമ്മകൾ അയാളൊരു നല്ല കാമുകൻ ആണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു… ***************** ” നിനക്കെന്തേ വയ്യേ??.. പീരിയഡ്‌സ് ആയോ??..” ശ്രീയുടെ ചെവിയോരം ചേർന്ന് ദേവൂട്ടീ ചോദിക്കുമ്പോൾ അവളൊന്നുകൂടി മുഖം കൂർപ്പിച്ചു… ” പറ ശ്രീ… മുഖമെന്താ ഇങ്ങനെ??..

ഫ്രഷ് ആയി ഇറങ്ങിയപ്പോ തുടങ്ങിയതാണല്ലോ… ” നിഷ്കളങ്കമായി ചോദിക്കുന്നവളെ നോക്കി ശ്രീ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു… ഒന്നുമില്ലെന്ന് കണ്ണുചിമ്മി പറയും നേരം പടികൾ ഇറങ്ങി വരുന്നവനിലേക്ക് കണ്ണുകൾ നീണ്ടു.. ചുണ്ടിലെ പുഞ്ചിരി മാഞ്ഞു… വീണ്ടും മുഖം വീർപ്പിച്ചുകൊണ്ട് ദേവൂട്ടിയുടെ അരികിലേക്ക് ചേർന്നിരുന്നു… ” ദേ… ആ വരുന്ന കോന്തനെ നിലക്ക് നിർത്തിയില്ലേൽ എന്റെ കയ്യ്കൊണ്ട് ആവും അവന്റെ അന്ത്യം… അവനും അവന്റെ ഒരു ഉണ്ടമുളകും… ” പല്ല് കടിച്ചു പിടിച്ചുകൊണ്ട് ശ്രീ പറയുമ്പോൾ ആദ്യമൊന്നു അമ്പരന്നെങ്കിലും കാര്യം മനസിലായ പോലെ ദേവൂട്ടിയൊന്നു കുലുങ്ങി ചിരിച്ചു…

കൂർപ്പിച്ചുനോക്കുന്നതിനോടൊപ്പം കൈയ്കളിൽ ശ്രീയുടെ നഖം അമരുമ്പോൾ ചിരിയെല്ലാം വന്ന വഴിയേ പോയിരുന്നു… അവർക്കരികെ വന്ന് ഭഗതും ഇരിക്കുമ്പോൾ ഹരിയും അനന്ദുവും ധ്വനിയും കൂടി എത്തിച്ചേർന്നിരുന്നു… ശക്തമായി മഴപെയ്യുന്ന നടുമുറ്റത്തിലേക്ക് കാലുകളിട്ട് എല്ലാവരും കൂടിയിരുന്നു… മഴത്തുള്ളികളുടെ കുളിരിനെക്കാൾ പരസ്പരമുള്ള സ്നേഹത്തിന്റെ കുളിർമ എല്ലാവരിലും നിറഞ്ഞു… ഏകദേശം ഒരേ പ്രായക്കാർ ആയതുകൊണ്ട് തന്നെ അനന്ദുവും ഹരിയും ഭരതും അവരുടേതായ സംഭാക്ഷണങ്ങളിൽ മുഴുകവേ ഭാനുമതിക്കും മറ്റുള്ള പെൺപടയ്ക്കുമൊപ്പം ഭഗതും ചേർന്നു…

അവന്റെ സംശയങ്ങൾ മുഴുവനും പല തരത്തിലുള്ള മുളകുകളെ ചുറ്റിപറ്റി നിൽക്കുമ്പോൾ ഇടയ്ക്കിടെ ശ്രീയെ ഒളികണ്ണാൽ നോക്കികൊണ്ടിരുന്നു… അവന്റെ വായിൽ നിന്നും വരുന്നോ ഓരോ വാക്കുകൾക്കും തെറ്റുകളേതും ചെയ്തില്ലെങ്കിലും ദേവൂട്ടിയുടെ കയ്യ്തണ്ട ശ്രീയിൽ നിന്നും ശിക്ഷയേറ്റുവാങ്ങി… ഒടുക്കം നിവർത്തിയില്ലെന്നായതും ഭഗതിന്റെ വായ അടപ്പിക്കാൻ ദേവൂട്ടീ തന്നെ മുന്നിട്ടിറങ്ങി… മുടി പിടിച്ചു വലിക്കലും മാന്തലുമായി അവർ രണ്ടും കൂടി കൊച്ചുകുഞ്ഞുങ്ങളെപ്പോലെ വഴക്കിടുമ്പോൾ അറിയാതെ തന്നെ ശ്രീയുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു… തോൽവി സമ്മതിച്ചുകൊണ്ട് ഭാനുമതിയുടെ മടിയിൽ കിടന്ന ഭഗതിനെ ഇടയ്ക്കിടെ അനന്ദുവും നോക്കികൊണ്ടിരുന്നു…

അവനുള്ളിൽ അപ്പോഴും തെളിമയോടെ നിന്നിരുന്നത് വീർത്തുന്തിയ വയറുമായി നിൽക്കുന്ന അമ്മയുടെ മടിയിൽ തലവച്ചുകൊണ്ട് കുഞ്ഞാവയോട് സംസാരിക്കുന്ന പത്തുവയസ്സുകാരനായിരുന്നു… അവന്റെ കുഞ്ഞി മുടിയിഴകളിൽ കൂടി ഓടി നടന്നിരുന്ന അമ്മയുടെ കൈയ്കളുടെ മൃദുലത അന്നേരം പോലും നിലനിൽക്കും പോലെ… വർഷങ്ങൾക്കു മുൻപ് നഷ്ടപെട്ട നല്ല നിമിഷങ്ങൾ ഉള്ളിലെവിടെയോ കിടന്ന് അസ്വസ്ഥമാക്കുമ്പോൾ അറിയാതെ തന്നെ കണ്ണുകളും നിറഞ്ഞു വന്നു… മഴയുടെ സ്വരത്തോടൊപ്പം കാറ്റും കൂടുമ്പോൾ നടുമുറ്റത്തെ മഴത്തുള്ളികൾ എല്ലാവരിലും ചെറു കണങ്ങളായി പതിഞ്ഞുതുടങ്ങി…

ഒരു പുതു ഉണർവ് കൈവന്നപോലെ അവയുടെ ആധിപത്യത്തിൽ മറ്റെല്ലാം മറന്നുകൊണ്ട് അനന്ദു ഇരിക്കുമ്പോൾ വലതുകയ്കളിൽ മറ്റൊരു കൈയ് കൂടി വന്നു മൂടി… തല ചരിച്ചു നോക്കാതെ തന്നെ കയ്കൾക്കുടമയെ തിരിച്ചറിയുമ്പോൾ അത്രമേൽ മനോഹരമായൊരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു… അതിന്റെ ഭംഗി കൂട്ടാനെന്ന വണ്ണം തെളിഞ്ഞ നുണക്കുഴികൾ രണ്ടും താടിരോമങ്ങൾക്കിടയിൽ നിന്നും ഒളിഞ്ഞുനോക്കി… അവളുടെ വിരലുകൾ അത്രമേൽ സ്നേഹത്തോടെ അവന്റെ വിരലുകളുമായി കൊരുത്തിരുന്നു…

എപ്പോഴോ മഴചാറ്റൽ ഏൽക്കുന്ന ചരിഞ്ഞ വലതുപാദം പെണ്ണിന്റെ കാലിലെ കൊലുസ്സിൽ തട്ടുമ്പോൾ അവ പോലും നാണതാൽ കുലുങ്ങിചിരിച്ചു… ***************** രാത്രിയിലെ ഭക്ഷണശേഷമാണ് ഹരിയും ശ്രീയും അപ്പുവും വീട്ടിലേക്കിറങ്ങിയത്… പോവുന്നതിനു മുൻപ് അച്ഛന്റെ മുറിയിൽ ഭക്ഷണവും കൊണ്ട് ചെന്ന് കഴിപ്പിക്കുമ്പോൾ പണ്ടത്തെ അച്ഛന്റെ ശരീരം മാത്രമേ അവിടെയുള്ളൂ എന്ന് തോന്നുകയായിരുന്നു അപ്പുവിന്… മനസ്സ് അത്രമേൽ ചിന്തകളുടെ കെട്ടുപിടച്ചിലിൽ പിരിമുറുകുകയാണെന്ന് ആ മുഖത്തുനിന്നും വ്യക്തമായിരുന്നു…

വാക്കുകളേതും ഉരിയാടാതെ തന്നെ അവളെ നെഞ്ചോരം ചേർത്തു പിടിച്ചുകൊണ്ട് ആ മനുഷ്യൻ ഇരുന്നത് ഒരു തരം മാപ്പുപറച്ചിൽ ആയിട്ടായിരുന്നു… ഒരു നല്ല അച്ഛനാവാതെ പോയതിലുള്ള മാപ്പുപറച്ചിൽ… കിടക്കാനായി ധ്വനി മുറിയിലേക്ക് വരുമ്പോൾ എന്തോ ചിന്തിച്ചുകൊണ്ട് കട്ടിലിൽ ഇരിക്കുകയായിരുന്നു അനന്ദു… ” ഇന്നെന്തുപറ്റി??… എഴുതുന്നില്ലേ അനന്ദു??.. ” വാതിൽ ചാരി അവനരികെ നിന്നുകൊണ്ടവൾ ചോദിച്ചതും അനന്ദുവൊന്ന് അവളെ തന്നെ നോക്കിയിരുന്നു… ചുണ്ടിൽ ഒരു കുസൃതി ചിരി വിരിയുമ്പോൾ അവളെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് അരികെ ഇരുത്തി…

സംശയംകൊണ്ട് ചുരുങ്ങിയ പെണ്ണിന്റെ നക്ഷത്രകണ്ണുകളിൽ നോക്കി കണ്ണ് ചിമ്മികാണിച്ചു… ” ഇന്നേയ് എഴുതാനല്ല ഉള്ളത്… പറയാനാ… ” പെണ്ണിനോടായി പറഞ്ഞുകൊണ്ട് അനന്ദു അവളുടെ മടിയിൽ തലച്ചേർത്തു കിടന്നു.. ധ്വനി ഒരു നിമിഷം നിശ്ചലയായി പോയെങ്കിലും കണ്ണുകളടച്ചു കിടക്കുന്നവന്റെ മുഖത്തെ കുട്ടിത്തം നോക്കികൊണ്ട് പതിയെ പുഞ്ചിരിച്ചു… അവൾ പോലും ചിന്തിക്കും മുൻപേ തന്നെ കൈയിവിരലുകൾ അനന്ദുവിന്റെ മുടിയിഴകളിൽ കൂടി സഞ്ചരിച്ചു തുടങ്ങി… അവനിലും പുഞ്ചിരിയായിരുന്നു… നിറഞ്ഞ പുഞ്ചിരി… ” അമ്മയെ മിസ്സ്‌ ചെയ്തോ??.. ” പതിഞ്ഞ സ്വരത്തിൽ അവൾ ചോദിക്കുമ്പോൾ അവനൊന്നു മൂളി… മുഖത്തെ മാറി മറയുന്ന ഭാവങ്ങൾ കണ്ടതും മറു കൈയാൽ അവന്റെ കവിളിൽ കൈയ് ചേർത്തു പിടിച്ചു…

” ഞങ്ങൾ എല്ലാരും ഇല്ലേ അനന്ദൂന്… മറ്റൊന്നും ഓർക്കണ്ടാട്ടോ… ഇത്രയേറെ സ്നേഹിക്കുന്ന ഹരിമാഷെ പോലൊരു കൂട്ടുകാരൻ… ഏട്ടന് വേണ്ടി ആരോടും ശബ്ദമുയർത്തുന്ന അപ്പൂനെ പോലൊരു അനിയത്തികുട്ടി… ഏട്ടത്തി എന്തൊക്കെ പറഞ്ഞുകൊടുത്തിട്ടും നിന്നെ മാത്രം വിശ്വസിച്ചു നിൽക്കുന്ന അഭിയേട്ടൻ… ശ്രീ… കൃഷ്ണമാമ… രമയമ്മ… ന്റെ അമ്മ… ദേവൂട്ടി… ഇപ്പോ ഭരതേട്ടനും ഭഗതും… പിന്നെ… പിന്നെ ന്റെ അനന്ദൂന്റെ മാത്രം ഞാനും…. ഇതുപോരെ അനന്ദു സന്തോഷിക്കാൻ… വേദനകൾ മറക്കാൻ..?? ” കുഞ്ഞിനോടെന്നപോലെ സംസാരിക്കുന്ന പെണ്ണിന്റെ കൈയ്കളിൽ കയ്ച്ചേർത്തുകൊണ്ടവൻ കിടന്നു…

അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കുമ്പോൾ വല്ലാത്തൊരു സന്തോഷം നിറയുംപോലെ… ” ദേവാ… ” എപ്പോഴോ അവന്റെ ചുണ്ടുകൾ പതിയെ അവളെ വിളിക്കുമ്പോൾ ധ്വനിയൊന്നു മൂളി… ആ മൂളലിന്റെ സ്വരത്തിൽ അലിഞ്ഞുകൊണ്ടവൻ കവിളിൽ ചേർത്തു വച്ച പെണ്ണിന്റെ കയ്യെടുത്തു വിരൽത്തുമ്പിൽ മുത്തി… അവളുടെ താടിച്ചുഴി മനോഹരമായി പുഞ്ചിരിച്ചു… ” നിങ്ങളൊക്കെ തന്നെ മതി ദേവാ… അനന്ദൂന് നിങ്ങളെല്ലാം തരുന്ന സന്തോഷം മറ്റെവിടെയും കിട്ടില്ല…” പിന്നെയും പെണ്ണിന്റെ വിരൽത്തുമ്പ് ചുംബനങ്ങൾ ഏറ്റുവാങ്ങി… അച്ഛൻ സ്വന്തം മകനായി അംഗീകരിക്കുന്നില്ലെങ്കിലും ആ മനുഷ്യനോടുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുവാൻ അനന്ദു ആഗ്രഹിച്ചിരുന്നില്ല…

അമ്മയുറങ്ങുന്ന മണ്ണും അച്ഛനെയും അഭിയേട്ടനെ ഏൽപ്പിക്കും വരെ ഇവിടെ തുടരാമെന്നും അതിന് ശേഷം മറ്റെവിടേലും മാറാമെന്നും അനന്ദു പറയുമ്പോൾ ധ്വനിയും അത് ശരിവച്ചു… കളിയാക്കുന്നവർക്കും വെറുക്കുന്നവർക്കും മുൻപിൽ തോറ്റുകൊടുക്കില്ലെന്ന് അവനുള്ളിൽ സ്വയം തോന്നും വിധമായിരുന്നു പിന്നീടുള്ള സംസാരങ്ങൾ… അതവളിലും തണുപ്പ് പടർത്തി… സംസാരങ്ങൾ ഓരോന്നായി നീണ്ടു പോകവേ അത്യധികം ആവേശത്തോടെ അവളോടായി ഓരോ കാര്യങ്ങൾ പങ്കുവയ്ക്കുന്നവനെ അവളും നോക്കിയിരുന്നു… അവന്റെ മുഖത്തെ ആവേശത്തെ ഉള്ളിലേറ്റി… ഇടക്ക് പാട്ടിന്റെയും എഴുത്തിന്റെയും കാര്യങ്ങളും സന്തോഷത്തോടെ പറയുന്നവൻ പെണ്ണിന്റെ ഉള്ളം നിറയ്ക്കുകയായിരുന്നു…

അപ്പോഴും അവളുടെ കൈയിവിരലുകൾ അനന്ദുവിന്റെ മുടിയിഴകളെ പ്രണയിച്ചുകൊണ്ടിരുന്നു… കണ്ണുകൾ അവന്റെ മുഖമാകെ ഓടിനടന്നു… കാതുകൾ അവന്റെ സ്വരത്തെ മാത്രം ഹൃദയത്തിലേക്ക് കടത്തിവിട്ടു… എപ്പോഴോ പെണ്ണിനെ ശ്രദ്ധിച്ച അനന്ദുവിന്റെ ഉള്ളിലും പ്രണയത്തിരയിളക്കം നടക്കുമ്പോൾ അവളുടെ അരയിലൂടെ കൈയ്കൾ ഇഴഞ്ഞു നീങ്ങി… മുഖത്തു പ്രണയത്തിനൊപ്പം കുസൃതിയും നിറഞ്ഞു… ഏങ്ങിപോയ പെണ്ണിന്റെ ഇടുപ്പിനെ ചുറ്റി കെട്ടിപിടിച്ചുകൊണ്ട് വയറുഭാഗത്തെ സാരിയിൽ നിന്നും മുഖം നീക്കി പിടിച്ചവൻ അവളെ തന്നെ ഉറ്റു നോക്കി… വെപ്രാളത്തിൽ പിടയുന്ന മിഴികളും പതിവിലും പതിന്മടങ്ങായി തുടിക്കുന്ന ഹൃദയവും

അവളുടെ മാറ്റങ്ങളെ എടുത്തുകാണിക്കുമ്പോൾ അത്രമേൽ പ്രണയത്തോടെ പെണ്ണിന്റെ വയറിൽ മുഖമമർത്തി… അവന്റെ മുടിയിഴകളിൽ കോർത്തു പിടിച്ചു വലിച്ചുഏങ്ങിക്കൊണ്ട് സ്വരം ഉണ്ടാക്കുന്നതിനൊപ്പം അവൾ ‘ നന്ദാ..’ എന്നും പ്രണയത്തോടെ വിളിച്ചിരുന്നു… ഒരു ചെറു പുഞ്ചിരിയോടെ സാരി മറച്ചു വച്ചിരിക്കുന്ന പെണ്ണിന്റെ വയറിൽ മുത്തിക്കൊണ്ട് അനന്ദു എഴുന്നേറ്റിരുന്നു… അവളുടെ വെപ്രാളങ്ങൾ നോക്കിക്കൊണ്ട് കട്ടിലിൽ കിടന്നു കയ്യെത്തിച്ചു ലൈറ്റ് ഓഫാക്കി…. ഇരുട്ടിൽ എപ്പോഴോ അടുത്തുകിടന്ന പെണ്ണിനെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് കൈയ്കളാൽ ചുറ്റിവരിഞ്ഞു… നെറുകയിൽ ചുണ്ട് ചേർത്തു… ചെരിഞ്ഞ വലതുപാദം പ്രണയത്തോടെ പെണ്ണിന്റെ കൊലുസ്സിൽ കൊളുത്തി പിടിച്ചു… ആദ്യമായ് ഇരു ഹൃദയമിടിപ്പുകൾ ഒന്നായ് ചേർന്നു……………………….  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 21

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story