മഴപോൽ: ഭാഗം 7

മഴപോൽ: ഭാഗം 7

എഴുത്തുകാരി: മഞ്ചാടി

“”എനിക്ക് ഇപ്പൊ.. മഴ നനയണം…. “” പെട്ടന്നവന്റെ ഭാവം മാറി… കുറുമ്പ് മാത്രം നിറഞ്ഞു നിൽക്കുന്ന മിഴികളിൽ രൗദ്രത വന്നു മൂടി… ചുവന്നു കലങ്ങി നിൽക്കുന്ന കണ്ണുകൾ കണ്ടതും ചെറുതായി അവളൊന്ന് ഭയന്നു…. ആ ഭ്രാന്തൻ ഈർഷ്യയോടെ മുഷ്ടി ചുരുട്ടുന്നുണ്ട്…. “”എനിക്കിപ്പോ മഴ നനയണം…. “” മറുത്തെന്തെങ്കിലും അവൾ പറയുന്നതിന്ന് മുന്നേ അവന്റെ കൂർത്ത പല്ലുകൾ ശക്തിയോടെ അവളുടെ കഴുത്തിൽ ആഴ്ന്നിറങ്ങിയിരുന്നു …. ആ പെണ്ണൊരു പിടച്ചിലായിരുന്നു…. ഒന്നലറി കരയാൻ തോന്നി….. സാരിത്തലപ്പ് വയക്കകത്ത് തിരുകി വേദനയെ കടിച്ചമർത്തി…. അപ്പോഴേക്കും ആ ഭ്രാന്താനവളെ തള്ളി മാറ്റി വാതിൽ തുറന്ന് മഴയിലേക്ക് ഇറങ്ങിരുന്നു…. അമ്പിളി കട്ടിലിന്റെ ഓരത്ത് ഊർന്നിരുന്നു… കഴുത്തിൽ വല്ലാത്തൊരു നീറ്റൽ….

ചുറ്റും കൂരാ കൂരിരുട്ട്….. ഉള്ളിൽ വീണ്ടുമാ ഭ്രാന്തനോടുള്ള ഭയം വന്ന് നിറഞ്ഞു….ശരീരത്തിലെ ഓരോ നാടി ഞരമ്പുകളെയും ഭയം വലിഞ്ഞു മുറുക്കുന്നു…. അവനോട് തോന്നിയ ഇഷ്ട്ടവും വാത്സല്യവും ഹൃദയാന്തരങ്ങളിൽ നിന്നും വിധൂരയിലേക്കെങ്ങോ മാഞ്ഞു പോകുന്ന പോലെ……. കണ്ണുനീരങ്ങനെ കവിളിലൂടെ ഒഴുകി ഇറങ്ങി…. ആ പെണ്ണ് മെല്ലെ എഴുന്നേറ്റ് ജാലകത്തിന്റെ കൊളുത്തഴിച്ച് താഴേക്ക് മിഴികളൂന്നി….. ഇടയ്ക്കിടെ മിന്നിലെറിയുന്ന വെളിച്ചത്തിലവൾ കണ്ടു….. ആ പെരുമഴയത്ത് തുള്ളി കളിക്കുന്ന മനക്കലെ ഭ്രാന്തനെ…. മറ്റുള്ളവരെ പിച്ചിയും മാന്തിയും കടിച്ചും നോവിക്കുന്ന മുഴു വട്ടനെ…. കയ്യിലൊരു കത്തിയുണ്ട്……അടുത്താരോ നിൽക്കുന്നത് പോലെ കത്തിയവൻ വീശുന്നുണ്ട്….പിന്നേ ആഞ്ഞു ചവിട്ടി….

മുഷ്ടി ചുരുട്ടി പെയ്യുന്ന മഴയിലേക്ക് ഇടിച്ചു കൊണ്ടിരുന്നു…. കുറച്ച് കഴിഞ്ഞതും കത്തി എങ്ങോട്ടാ വലിച്ചെറിഞ്ഞ് വീണ്ടുമവൻ തുള്ളി കളിച്ചു….. ശക്തിയാർജിച്ചു പെയ്യുന്ന മഴയുടെ കുളിരിലും മനക്കലെ ഭ്രാന്തന്റെ ഭാര്യ വിയർത്തു കൊണ്ടിരുന്നു…. ചെന്നിയിലൂടെ വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങി…. കൂടെ വേഗത്തിൽ മിടിക്കുന്ന ഹൃദയവും…. കഴുത്തിടം കൂടുതലായി നീറുന്ന പോലെ…. അമ്പിളി പെണ്ണൊരു മൂലയിൽ തളർന്നിരുന്നു… ************ “””സ്സ്…….. “” തണുത്ത വെള്ളം തല വഴി വീഴുമ്പോൾ ഇന്നലെയവന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയ ഭാഗത്ത് വല്ലാത്തൊരു വേദന……..അവിടം നീലിച്ചു തിണർത്തിട്ടുണ്ട്…. കണ്ണുകൾ ഇറുകെ അടച്ചവൾ… കയ്യിലെ വരച്ചിരുന്നു മയ്ലാഞ്ചി പൂക്കൾ ഒന്ന് കൂടി ചുവന്നിരിക്കുന്നു… “”ഇത് പ്രണയത്തിന്റെ ചുവപ്പാ… “”” മേഘയന്ന് പറഞ്ഞ വാക്കുകളായിരുന്നു അമ്പിളി പെണ്ണിന്റെ ചെവിക്കുള്ളിൽ…. ആ ഭ്രാന്തനെ തനിക്കെന്നെങ്കിലും പ്രണയിക്കാൻ കഴിയുമോ….??

ഉള്ളിൽ വിരിഞ്ഞു തുടങ്ങിയിരുന്ന ഇഷ്ടവും അവന്റെ നിഷ്കളങ്കതയോടുള്ള വാത്സല്യവും ഇന്നലെയോടെ ഉള്ളിൽ നിന്നും തേഞ്ഞു മാഞ്ഞു പോയില്ലേ… ഇപ്പോൾ ആ ഭ്രാന്തന്റെ അടുത്തേക്ക് പോകാനേ ഭയം തോന്നുന്നു…. തല പെരുക്കുന്നത് പോലെ തോന്നിയവൾക്ക്…. കുളി കഴിഞ്ഞ് ഒരു കോട്ടൺ സാരീ ഉടുത്തു…. അരക്കെട്ട് കവിഞ്ഞു കിടക്കുന്ന നീളൻ മുടി കുളി പിന്നലിലിട്ടു…..മാറോടു ചേർന്ന് കിടന്ന താലി മാലക്കടുത്ത് നീലിച്ചിരിക്കുന്ന പാട് കണ്ടതും കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി… കുങ്കുമ ചെപ്പ് തുറന്ന് ഒരു നുള്ള് സിന്ദൂരം കൊണ്ട് സീമന്ത രേഖ ആ പെണ്ണ് നീട്ടി ചുവപ്പിച്ചു…. പണ്ടൊക്കെ കാണുന്ന ദിവാ സ്വപ്‌നങ്ങൾ എത്രയോ തവണ ഓർത്തു നോക്കിയിട്ടുണ്ട്…. താലി കെട്ടിയ പുരുഷൻ തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നത്….

ഇനി എന്നാണ് തന്റെയാ സ്വപ്നം ഉണ്ണിയേട്ടനിലൂടെ ഒന്ന് പൂവണിയുന്നത്… അറിയില്ല….ചിലപ്പോ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരും…..ആ ഭ്രാന്തൊക്കെ മാറി തന്നെ ഒന്ന് പ്രണയിക്കാൻ.. ഉണ്ണിയേട്ടൻ പിന്നേ മുറിയിലേക്ക് വന്നിട്ടില്ല….അവൾക്കതൊരു ആശ്വാസമായിരുന്നു…. ചിലപ്പോൾ ആ ഭ്രാന്തൻ ഇന്നലെ പെയ്ത മഴയിൽ തന്നെ കിടന്നുറങ്ങി കാണും….. കിഴക്കിൽ വെളിച്ചം വീഴുന്നതേ ഉള്ളു…..തറവാട്ടിലെ അധിക പേരും ഉറക്കത്തിലാണ്…..താഴേക്ക് ഇറങ്ങിയതും പൂജ മുറിയിൽ ഇരുന്ന് മുത്തശ്ശി നാമം ജപിക്കുന്നത് കേട്ടു… “”ആഹാ… പുതു പെണ്ണ് നേരത്തെ എഴുന്നേറ്റോ…. ഇങ്ങു വാ…. “” മുത്തശ്ശി അടുത്തേക്ക് വിളിച്ചതും ഓടി ചെന്ന് ആ മടിയിൽ കിടന്നു… “”ന്ത്‌ പറ്റി… ന്റെ കുട്ടിക്ക് ഉണ്ണികുട്ടൻ ….. വല്ലതും ചെയ്തോ…. “” “”ഇല്ല മുത്തശ്ശി…. ഉണ്ണിയേട്ടൻ ന്നോട് വികൃതി കൂടി ട്ടോന്നുല്ല്യ….. “”

ചുളിവുകൾ വീണ കൈ കൊണ്ടവളുടെ മുടിയിലൂടെ ആ വൃദ്ധ വിരലോടിക്കുമ്പോളവൾ പെയ്യാൻ വെമ്പി നിൽക്കുന്ന കണ്ണു നീരിനെ പിടിച്ചു നിർത്താൻ പാട് പെടുകയായിരുന്നു…. ഉടുത്തിരുന്ന സാരിയുടെ മറ നീങ്ങിയതും കഴുത്തിൽ നീലിച്ചു കിടന്ന പാട് മുത്തശ്ശിയുടെ കണ്ണിൽ പെട്ടു…. വാടി പോയ താമര പോലെ കുഴഞ്ഞിരുന്ന പുതു പെണ്ണിന്റെ കുഞ്ഞു മുഖം ആ വയസ്സി സ്നേഹത്തോടെ കൈ കുമ്പിളിൽ കോരിയെടുത്തു…. മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ പൊട്ടു കുത്തിയ അവളുടെ നെറ്റിയിൽ ചേർത്തു വെച്ചു… “”ന്റെ കുട്ടിക്ക് നല്ലോണം വേദനിച്ചൂല്ലേ…. ആ ഉണ്ണിക്കുട്ടന് നല്ല തല്ല് കിട്ടാത്തതിന്റെ കേടാ…. അച്യുതനോട് (വല്യച്ഛൻ) ഞാനൊന്ന് പറയട്ടെ…. ചെക്കൻ ഈ ഇടെയായി കൊറച്ച് കളി കൂടുതലാ…. പുളി വടി കൊണ്ട് രണ്ടെണ്ണം കിട്ടേണ്ടി വരും…. “”

“”അയ്യോ…. വേണ്ട മുത്തശ്ശി…. ഉണ്ണിയേട്ടൻ പാവാ…. അതിനാ പുളി വടി കാണുന്നതേ പേടിയാ…. വല്യച്ഛനോടൊന്നും…. പറയണ്ട…. “” മൂക്ക് ചീറ്റി കണ്ണും കവിളും സാരി തലപ്പ് കൊണ്ട് തുടച്ച് എഴുന്നേറ്റവൾ…മുത്തശ്ശിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു….നിറയെ പരിഭവങ്ങൾ ഒളിപ്പിച്ച ഒരു ചെറു പുഞ്ചിരി… “”ഈ കടി ഉണ്ണിയേട്ടന്റെ കയ്യീന്ന് ഞാൻ ഇരന്നു വാങ്ങിച്ചതാ…. സാരല്യ…..ഇനി ഞാൻ കടി വാങ്ങാതെ നോക്കികോളാം… “” “”ന്റെ കുട്ടി നന്നായി വരും…. അവനെ നീ മാറ്റി എടുക്കും നിക്ക് ഉറപ്പാ…. പോവാത്ത അമ്പലങ്ങളില്ല… ചെയ്യാത്ത വഴിപാടുകളൊന്നും ഇല്ല… ന്താ ചെയ്യാ…. ഓരോരോ പരീക്ഷണങ്ങൾ… അമ്മയും അച്ഛനും ഇല്ലാത്ത കുട്ടിയാ…. പൊന്ന് പോലെ കൊണ്ട് നടന്നതാ ഞങ്ങളതിനെ…. അമ്പിളി കുട്ടി വേണം ഇനി അവനെ ഞങ്ങൾക്ക് പഴയ പോലെ തിരിച്ചു തരാൻ…. നിനക്ക് പറ്റും….

“”” മുത്തശിയോടപ്പം ചേർന്നിരുന്ന് കുറച്ച് സമയം കൂടി പ്രാർത്ഥിച്ചു…. മനസ്സിലെ പേടിയും ആധിയും ഒക്കെ ഒന്ന് കുറഞ്ഞ പോലെ… അടുക്കള വാതിൽ വഴി മുറ്റത്തേക്കിറങ്ങി…. തെക്കേ വളപ്പിൽ നിറയെ മുല്ല പൂക്കള് വിരിഞ്ഞിട്ടുണ്ട്…. രണ്ടെണ്ണം വെറുതെ പറിച്ച് തലയിൽ ചൂടി…. കുറച്ചെണ്ണം കയ്യിലെടുത്ത് മണത്തു നോക്കി….. ഉമ്മറത്തേക്ക് എത്തി നോക്കിയതും കണ്ടു… ചക്ക വെട്ടി ഇട്ടതു പോലെ കിടക്കുന്നുണ്ട് ഉണ്ണിയേട്ടൻ…. ഇന്നലെ മഴ കൊണ്ട് ഉറങ്ങിയതാണ്.. ചെറുതായി ഞരങ്ങുന്നും മൂളുന്നുമൊക്കെയുണ്ട്… “”ന്റെ തമ്പുരാനേ….. വല്ല പനിയും പിടിച്ചു കാണും…..”” ഓടിച്ചെന്നവൾ അവന്റെ നെറ്റിയിൽ കൈ വെച്ചു നോക്കി… പൊള്ളുന്ന ചൂട്…. തണുത്ത് ചെറുതായി ആ ഭ്രാന്തൻ വിറക്കുന്നുണ്ടായിരുന്നു…… മുണ്ടിലും ഷർട്ടിലും ഇപ്പോഴും നനവുണ്ട്….

“”ചേട്ടാ….. ഒന്ന് പിടിച്ചേ….. “” മുറ്റത്ത് പണിയെടുത്തിരുന്ന രഘുവേട്ടനെ അവൾ കൈ കൊട്ടി വിളിച്ചു… അവിടെ ഉണ്ടായിരുന്ന വേറെ രണ്ട് പണിക്കാരും ചേർന്ന് അവനെ പൊക്കിയെടുത്ത് മുറിയിൽ കൊണ്ട് പോയി കിടത്തി… അമ്പിളി പെണ്ണവന്റെ നനഞ്ഞിരുന്ന ഉടുപ്പ് മാറ്റി വേറെ ഒരെണ്ണം ഇട്ടു കൊടുത്തു….ആള് നന്നായി വിറക്കുന്നുണ്ട്…. അലമാര തുറന്ന് രണ്ട് കമ്പിളി പുതപ്പെടുത്ത് നെഞ്ചോളം പുതപ്പിച്ചു…. അവന്റെ വലിയ കൈകളെടുത്ത് ഉരതി…. ഉരതി ചൂട് പിടിപ്പിച്ചു…. ചെരിഞ്ഞു കിടന്നവൻ അവളുടെ കൈ നെഞ്ചോട് ചേർത്തു വെച്ചു…. “”കാലമാടൻ….. ഇന്നലെ എന്നാ കടിയാ കടിച്ചത്…. ഇപ്പൊ കൈയെടുത്ത് കെട്ടി പിടിക്കുന്നു…..ഭ്രാന്തൊക്കെ മാറട്ടെ….. ഇതിനൊക്കെ ഞാൻ പകരം ചോയ്ക്കും…. കള്ള ഉണ്ണിയേട്ടാ….””” ആ പെണ്ണിൽ കുറുമ്പ് നിറഞ്ഞു വന്നു….ഉള്ളിലെ ഭയം നീങ്ങി വീണ്ടുമവനോട് വാത്സല്യം തോന്നി….

എത്ര ഭയന്നോടാൻ ശ്രമിച്ചാലും എന്തോ ആ ഭ്രാന്തനിലേക്കവളെ വലിച്ചടുപ്പിക്കുന്നു… നേരെ അടുക്കളയിലേക്ക് നടന്നു… ചെറിയമ്മയും വല്യമ്മയും പണി തുടങ്ങിയിട്ടുണ്ട്…. “”ഹയ്‌ മണവാട്ടി പെണ്ണ് വന്നല്ലോ…..മോൾ നേരത്തെ എഴുന്നേറ്റൂല്ലേ….. ഇവിടെ ഒരെണ്ണം ഉണ്ട്… ആ ഗായു….. പത്തു പന്ത്രണ്ട് മണിയാവാതെ പെണ്ണ് എഴുന്നേൽക്കില്ല…..കുരങ്ങ്…. “” ഗായുവിന്റെ കുറ്റം പറയുന്ന ചെറിയമ്മയെ നോക്കി അവളൊന്ന് വെളുക്കെ ചിരിച്ചു… “”ന്റെ സുമേ ഗായു ഹോസ്റ്റലീന്ന് വരുമ്പഴല്ലേ ഒന്ന് കിടന്നുറങ്ങാൻ പറ്റൂ….. കുറച്ച് നേരം കൂടി അവൾ കെടന്നോട്ടെ …. മോൾ വാ ഈ ചായ കുടിക്ക്….. “” വല്യമ്മ അവൾക്ക് നേരെ ചായ കപ്പ് നീട്ടി…. “”അയ്യോ വല്യമ്മേ… ഉണ്ണിയേട്ടന് രാവിലെ നീച്ചതേ നല്ല പനിയുണ്ട്….ഉണ്ണിയേട്ടന് കുടിക്കാൻ പൊടിയേരി കഞ്ഞി വേണം…. “” “”ആണോ…. ഇന്നലെ പെയ്ത മഴ കൊണ്ട് കാണും ല്ലേ അവന്…. ചെക്കൻ പറഞ്ഞാ കേക്കില്ല…. ന്നിട്ട് അവസാനം പനി പിടിച്ചു അങ്ങട്ട് കിടക്കും…. മോൾ ഈ നനച്ച തുണി അവന്റെ നെറ്റിയിൽ കൊണ്ട് പോയി ഇട്ടു കൊടുക്ക്……

ഞാൻ അപ്പോത്തിന് പൊടിയേരി തീമടാം…..””” ഒരു പാത്രത്തിൽ ചൂട് വെള്ളവും പിന്നേ ഒരു ചെറിയ കഷ്ണം തുണിയും എടുത്തവൾ മുറിയിലേക്ക് നടന്നു…. ഉണ്ണിയേട്ടൻ കമ്പിളിക്കടിയിൽ ചുരുണ്ട കൂടിയിട്ടുണ്ട്…. തുണി നനച്ച് നെറ്റിയിൽ ഇട്ടു കൊടുത്തു…. പിന്നെയും അവന്റെ കയ്യെടുത്ത് ഉരതി ഉരതി ചൂട് പിടിപ്പിച്ചു…വെറുതെ കുറച്ചു നേരം ആ ഭ്രാന്തന്റെ ക്ഷീണിച്ച മുഖത്തേക്ക് നോക്കിയിരുന്നു….. “””അമ്പിളി…… വാ…. കഞ്ഞി ചൂടാറും മുൻപ് അവന് കൊടുത്തേക്ക് “” കോണി പടികൾ ഇറങ്ങി അടുക്കളയിലേക്ക് ഓടി…. ഗായത്രി കിളി കൂട് പോലെയുള്ള മുടിയും മാന്തി ചായ കുടിച്ചിരിപ്പുണ്ട്… “”ഉണ്ണിയേട്ടന് വയ്യേ ചേച്ചീ…. “” “”മഹ്ഹ്…. ഇല്ലടാ….നല്ല പൊള്ളുന്ന പനിയാ…. “” വലിയ വട്ട പാത്രത്തിൽ പാർന്നു വെച്ചിരുന്ന ചൂടുള്ള കഞ്ഞിയിൽ തുള്ളി ഉപ്പിട്ട് ഇളക്കി….

ചുട്ടെടുത്ത പപ്പടവും കൊണ്ട് മുറിയിലേക്ക് തന്നെ നടന്നു…. ഗായത്രി അവളുടെ പിറകിൽ കൂടിയിരുന്നു …. ഉണ്ണിയേട്ടൻ ഉണർന്നിട്ടുണ്ട്….ആ ഭ്രാന്തനാകെ ക്ഷീണിച്ച് അവശനായിരുന്നു….അമ്പിളി പെണ്ണിനെ കണ്ടതും കണ്ണുകൾ ചുവന്ന് കലങ്ങി…. പല്ല് ഞെരിക്കുന്നുണ്ട്…. “”പോ…. പോ…. “” മെല്ലെ പിറുപിറുക്കുണ്ടായിരുന്നു….എങ്കിലും അമ്പിളി നിറഞ്ഞ ചിരിയോടെ അവന്റെ അടുത്തിരുന്നു…. “”ഉണ്ണിയേട്ടാ…. തൊട്ട് നോക്കിക്കേ…. നല്ല പനിയുണ്ട്…..ഇനി നമ്മളെങ്ങനെ സാറ്റ് കളിക്കും….. ഉണ്ണിയേട്ടൻ ഈ കഞ്ഞി വേഗം കുടിച്ചേ….. ന്നിട്ട് നമ്മക്ക് മരുന്ന് കഴിക്കാം…. അപ്പൊ പനി വേഗം മാറിക്കോളും…പനി മാറിയാ…. നമ്മക്ക് കൊറേ കൊറേ സാറ്റ് കളിക്കാം…. “” ഒരു ചെറിയ സ്പൂണിൽ കഞ്ഞി കോരിയെടുത്ത് ഊതി ഊതി അവന്റെ ചുണ്ടോട് ചേർത്തു…. ഒറ്റ തട്ടായിരുന്നു…. കഞ്ഞി പാത്രം നിലത്തേക്ക് മറിഞ്ഞു വീണു…… കൂടെ ചൂടുള്ള കഞ്ഞി അവളുടെ മുഖത്തേക്ക് തെറിച്ച് പൊള്ളിയിരുന്നു………………………………. തുടരും…………..

ഇഷ്ട്ടായോ…. കഴിഞ്ഞ പാർട്ടിന് നിങ്ങള് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…  ✍മഞ്ചാടി

മഴപോല്‍ : ഭാഗം 6

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story