മഴപോൽ: ഭാഗം 8

മഴപോൽ: ഭാഗം 8

എഴുത്തുകാരി: മഞ്ചാടി

“”ഉണ്ണിയേട്ടാ…. തൊട്ട് നോക്കിക്കേ…. നല്ല പനിയുണ്ട്…..ഇനി നമ്മളെങ്ങനെ സാറ്റ് കളിക്കും….. ഉണ്ണിയേട്ടൻ ഈ കഞ്ഞി വേഗം കുടിച്ചേ….. ന്നിട്ട് നമ്മക്ക് മരുന്ന് കഴിക്കാം…. അപ്പൊ പനി വേഗം മാറിക്കോളും…പനി മാറിയാ…. നമ്മക്ക് കൊറേ കൊറേ സാറ്റ് കളിക്കാം…. “” ചെറിയൊരു സ്പൂണിൽ കഞ്ഞി കോരിയെടുത്ത് ഊതി ഊതി അവന്റെ ചുണ്ടോട് ചേർത്തു…. ഒറ്റ തട്ടായിരുന്നു…. കഞ്ഞി പാത്രം നിലത്തേക്ക് മറിഞ്ഞു വീണു…… കൂടെ ചൂടുള്ള കഞ്ഞി അവളുടെ മുഖത്തേക്ക് തെറിച്ച് പൊള്ളിയിരുന്നു…. അറിയാതെ കരഞ്ഞു പോയവൾ….നെറ്റിയിലേക്ക് തെറിച്ചു വീണ ചൂടുള്ള കഞ്ഞി വെള്ളം ഒരു നീറ്റലോടെ സാരി തലപ്പ് കൊണ്ട് തുടച്ചെടുത്തു….

എന്നിട്ടും കവിളിനെ നനച്ചു കൊണ്ട് നീർ കണങ്ങൾ ചാലു തീർത്തൊഴുകി…. “”പോ… പോ… “” വീണ്ടുമവൻ പിറുപിറുത്തു കൊണ്ടിരുന്നു….ആ ഭ്രാന്തന്റെ പാതിരാ കണ്ണുകൾ കൂടുതലായി ചുവന്നു കലങ്ങി…..കലി കയറി നെറ്റിയിലെ നീല ഞരമ്പ് പൊങ്ങി വന്നു…. വിതുമ്പിയിരുന്ന ചുണ്ടുകൾ കടിച്ചു പിടിച്ചൊരോട്ടമായിരുന്നു….ഗായത്രി പിന്നിൽ നിന്നും ഒരുപാട് വിളിച്ചെങ്കിലും ആ പെണ്ണ് തിരിഞ്ഞു നോക്കിയില്ല…. ഉള്ളം വല്ലാതെ നോവുകയായിരുന്നു……കഴുത്തിടം കൂടുതലായി നീറുന്ന പോലെ… അമ്പിളി പെണ്ണിന്റെ ഓട്ടം ചെന്ന് നിന്നത് കുളി മുറിയിലാണ്…. പൈപ്പ് തുറന്നിട്ട്‌ ഉള്ളിലെ പരിഭവങ്ങളോരോന്നും കണ്ണീരിലൂടെ ഒഴുക്കി വിട്ടു…. വീണ്ടുമീ വീട്ടിൽ ഒരധികപ്പറ്റായത് പോലെ…..മുത്തശ്ശി പറഞ്ഞത് പോലെ eenenkilum തനിക്ക് ഉണ്ണിയേട്ടനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുമോ…..

ഇന്നലെയോടെ ഉണ്ണിക്കുട്ടൻ അമ്പൂട്ടിയോട് പിണങ്ങിയില്ലേ…….മഴ നനയാൻ സമ്മതിക്കാത്തതിലുള്ള പരിഭവമാണ്….. ആ ഭ്രാന്തനവളോട്…. എന്നാലുമാ അമ്പിളി പെണ്ണിന് ഒത്തിരി വിഷമമായിട്ടുണ്ട്…. കുളി മുറിയിലെ കണ്ണാടിക്കു മുന്നിൽ നിന്നു….തെളിഞ്ഞ തണുപ്പ് വെള്ളം കൈകുമ്പിളിലെടുത്ത് മുഖമൊന്ന് കഴുകി…. ചെറുതായി നീറുന്നുണ്ട്…. കരഞ്ഞു വീർത്തിരുന്ന കൺപോളകളെ മറച്ചു കൊണ്ട് കരി മഷി നീട്ടിയെഴുതി…. മുഖത്തൊരു പുഞ്ചിരി വിരിച്ച് കുളി മുറിയുടെ പുറത്തേക്കിറങ്ങുമ്പോൾ മനസ്സിലൊരു ദൃഢ നിശ്ചയമെടുത്തിരുന്നു….ഉണ്ണിയേട്ടനെ താൻ ആ പഴയ ഉണ്ണിയേട്ടനാക്കുമെന്ന്….. വെറുതെ ഉണ്ണിയേട്ടന്റെ മുറിക്കത്തേക്ക് എത്തി നോക്കി…. കട്ടിലിൽ ചായ്ച്ചു വെച്ച തലയിണയിൽ തല വെച്ച് ഇരിക്കുകയായിരുന്നവൻ….

ആ മുഖത്തെ ക്ഷീണം ഇപ്പോഴും വിട്ടു മാറിയിട്ടില്ല…. കണ്ണുകളിലെ രൗദ്ര ഭാവം മാറി പണ്ടത്തേതു പോലെ കുറുമ്പും കുസൃതിയും നിറഞ്ഞു നിൽക്കുന്നുണ്ട്… തുടയോളം കമ്പിളി കൊണ്ട് പുതച്ചിരുന്നു…. നേരത്തെ അവൻ തട്ടി തെറിപ്പിച്ച കഞ്ഞി ഇപ്പഴും തുടച്ചിട്ടില്ല…. “””ഉണ്ണിയേട്ടാ….. ആ കാണിച്ചേ…. ആ….. അം… ഉണ്ണിയേട്ടൻ വേഗം കഞ്ഞി കുടിച്ചേ…. ന്നിട്ട് മരുന്നൊക്കെ കഴിച്ച് ഈ ചീത്ത പനിയെ നമ്മക്ക് ഓടിച്ചു വിടാം….പനി മാറിയാ നമ്മക്ക് അമ്പൂട്ടി പറഞ്ഞ പോലെ സാറ്റ് കളിക്കാം…. ഹ്മ്മ് “” ഗായത്രി കൊഞ്ചിച്ചു കൊണ്ടവനെ കഞ്ഞി കുടിപ്പിക്കുന്നുണ്ട്… ഉണ്ണിയേട്ടൻ ഒരു മടിയും കൂടാതെ വാ തുറന്ന് ചൂടുള്ള പൊടിയേരി കഞ്ഞിയും ചുട്ടെടുത്ത പപ്പടവും അകത്താക്കുന്നത് കണ്ട് അമ്പിളിക്ക് ചെറുതായി കുശുമ്പ് തോന്നി…. ചുണ്ട് ഒരു വശത്തേക്ക് കോട്ടി കൊണ്ട് വാതിൽ മറവിലൂടെ വീണ്ടും ഒളിച്ചു നോക്കി…. “””ഹ്മ്മ്….. വേണ്ട അവളെ കളിക്കാൻ കൂട്ടണ്ട….ഉണ്ണിക്കുട്ടന് അവളെ ഒട്ടും ഇഷ്ട്ടായില്ല…..

അവളുണ്ടല്ലോ ഇന്നലെ…. ല്ലേ… ന്നേ മഴ നനയാൻ സമ്മതിച്ചില്ല …. ഉണ്ണിക്കുട്ടൻ അമ്പൂട്ടിയോട് പിണക്ക…. അവളെ സാറ്റ് കളിക്കാൻ കൂട്ടണ്ട…… “” “”ആഹാ…. അമ്പൂട്ടി പറഞ്ഞത് കേൾക്കാതെ മഴ നനഞ്ഞിട്ടല്ലേ ഇപ്പൊ പനി പിടിച്ചത്….”” ഗായു പിന്നെയും പിന്നെയും കഞ്ഞി സ്പൂണിൽ കോരിയെടുത്ത് ഉണ്ണിയേട്ടന്റെ വായിൽ വെച്ചു കൊടുത്തു…. “”ഗായുന് അവളെ ആണല്ലേ ഇഷ്ട്ടം…. ന്നേ ഇഷ്ട്ടല്ലല്ലോ…. നിക്ക് വേണ്ട കഞ്ഞി…. ഞാൻ കുടിക്കില്ല… പോ… പൊക്കോ……ന്നോട് മിണ്ടണ്ട…”” അ ഭ്രാന്തൻ വാശിയോടെ മുഖം തിരിച്ചു… അമ്പൂട്ടിയോട് പിണക്കമാണവൻ….. പരിഭവമാണവളോട്…. “””അയ്യോ ആരാ പറഞ്ഞെ ഗായുന് അമ്പൂട്ടിയെ ആണ് ഇഷ്ടമെന്ന്…. നിക്ക് ഇഷ്ട്ടം ന്റെ ഉണ്ണിയേട്ടനെ അല്ലെ….. നമ്മക്ക് രണ്ട് പേർക്കും മാത്രം സാറ്റ് കളിക്കാ ട്ടോ അവളെ കൂട്ടണ്ട….””

കുറുമ്പ് കൊണ്ട് ഓടി കറുത്തിരുന്ന അവന്റെ മുഖം പെട്ടന്ന് വിടരുന്നതും ഗായത്രിയുടെ കവിളുകൾ ആവേശത്തിൽ നുള്ളിയെടുക്കുന്നത് കണ്ടതും അമ്പിളി പെണ്ണിന്റെ ചുണ്ടുകൾ പിളർന്നു വന്നു…. പിന്നെയും പിന്നെയും ഗായത്രിയോട് അസൂയ തോന്നി….. “”ഓഹ് ഇപ്പൊ… ന്നേ വേണ്ടല്ലേ …. ഇനി പാട്ട് പാടി ത്താ… അമ്പൂട്ടി കഥ പറഞ്ഞു താ അമ്പൂട്ടി ന്നും പറഞ്ഞോണ്ട് വാ…. “” ചവിട്ടി കുലിക്കി ആ കുശുമ്പി പാറു നേരെ അടുക്കളയിലേക്ക് നടന്നു….ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത മൂക്കിൻ തുമ്പത്തുള്ള ചുവന്ന ഒറ്റക്കൽ മൂക്കുത്തി കാണാനപ്പോൾ വല്ലാത്തൊരു ചേലായിരുന്നു….  തീൻ മേശയിൽ മനക്കലെ തറവാട്ടിലെ എല്ലാവരും കൂടി ഇരുന്ന് ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്…. ഇടിയപ്പവും സാമ്പാറും ചട്ട്ണി ചമ്മന്തിയും വലിയ പാത്രങ്ങളിൽ മേശ ക്കു മുകളിൽ നിരത്തി വെച്ചിരുന്നു… വലിയൊരു തൂക്ക് പാത്രം നിറച്ചും ചൂട് ചായയും….

ആദ്യം അമ്പിളിക്ക് അവരുടെ കൂടെ ഇരിക്കാൻ വല്ലാത്ത ചമ്മലായിരുന്നു… പിന്നേ വല്യമ്മയും ചെറിയമ്മയും നിർബന്ധിച്ചപ്പോ അവരുടെ ഇടയിൽ ഇരുന്നെന്ന് മാത്രം…. തിന്നിട്ടൊന്നും ഇറങ്ങാത്ത പോലെ….പാത്രത്തിൽ വെറുതെ കളം വരച്ചിരുന്നു… ഉണ്ണിയേട്ടൻ മുകളിലെ മുറിയിൽ മരുന്നിന്റെ ക്ഷീണം കൊണ്ട് ഉറക്കം പിടിച്ചിരുന്നു…. ഗായത്രി ഹോസ്റ്റലിലെ വിശേഷമൊക്കെ പറഞ്ഞ് ആകെ കല പില കൂട്ടുന്നുണ്ട്…. കുറച്ച് കഴിഞ്ഞതും ഉണ്ണിയേട്ടൻ ഗോവണി പടികൾ ചാടി ഇറങ്ങി വരുന്നത് കണ്ടു… മുഖത്തെ ക്ഷീണം പാടെ മാറിയിട്ടുണ്ട്…. ആ ഭ്രാന്തനിൽ കളിക്കാനുള്ള ആവേശമായിരുന്നു….. ഇടിയപ്പം വായക്കകത്ത് കുത്തി കയറ്റിയിരുന്ന ഗായത്രിയെ കസേരയിൽ നിന്നും വലിച്ചെഴുന്നേല്പിച്ചു…. “”ഉ…. ഉണ്ണി ഏട്ടാ…. ഇത് കൂടി കഴിച്ചിട്ട് വരാം… “” “”എടി ആന കുട്ടി മതി തിന്നത്…. ഇങ്ങു വന്നേ നമ്മക്ക് രണ്ടാക്കും കൂടി സാറ്റ് കളിക്കാം….നിന്നെ കൂട്ടില്ലെടി കൊമ്പൂട്ടി…. ഞ… ഞ… ഞ്ഞെ… ഗായൂട്ടീം ഉണ്ണിക്കുട്ടനും മാത്രം മതി…. “”

അമ്പിളിയെ നോക്കി കൊഞ്ഞനം കുത്തിയവൻ മുറ്റത്തേക്ക് ഓടി ഇറങ്ങിയിരുന്നു….. ആ പെണ്ണിന്റെ മുഖം ഓടി കറുത്തു….കുശുമ്പോടെ ഗായുവിനെ നോക്കി മുഖം കോട്ടി…. “”ഹയ്‌ ന്റെ കുശുമ്പി പാറുമ്മ…. നിന്റെ കെട്ട്യോൻ നിന്നെ കളിക്കാൻ കൂട്ടാത്തതിന്…. ന്നോട് ഇങ്ങനെ കുശുമ്പ് കൂടല്ലേ…. ട്ടോ….. ഞാൻ പോയി നിന്റെ കെട്ട്യോന്റൊപ്പം സാറ്റ് കളിക്കട്ടെ…. അല്ലെങ്കി അങ്ങേര് ഈ വീട് രണ്ടാക്കും…. “” കാതോട് ചേർന്ന് ഒരു കണ്ണിറുക്കി സ്വകാര്യം പോലെ പറഞ്ഞ് ഗായത്രി ഉണ്ണിയേട്ടന്റെ പിറകെ ഓടിയിരുന്നു….അമ്പിളി പെണ്ണിന്റെ മുഖമൊന്ന് കാണണം…. ഒരു കുടം വീർത്തിട്ടുണ്ട്… ചുവന്നു തുടുത്ത മൂക്കിൻ തുമ്പും ഉണ്ട കവിളുകളും കുറുകി നിൽക്കുന്ന കടും കാപ്പി മിഴികളുമായതോടെ ആ പെണ്ണിന്റെ ചേലങ്ങ് കൂടി വന്നു… “”ഹയ്‌ ന്റെ അമ്പിളി കുട്ടീ…. ദേ ഇപ്പൊ ഒരു സൂചി എടുത്ത് കുത്തിയാല് മതി…. ചോര പൊട്ടും…. അത്രക്ക് വീർപ്പിച്ചിട്ടുണ്ടല്ലോ…. “”

അവളെ ചൊടിപ്പിക്കാനെന്നോണം വീണ്ടും വീണ്ടും ഉണ്ണിയേട്ടന്റെ കൂടെ കളിക്കുന്നതിനിടയിൽ ഗായു വിളിച്ചു പറയുമ്പോൾ ആ പെണ്ണിലെ കുറുമ്പി ഉണരുകയായിരുന്നു…. “””ഹും ഒരു ഉണ്ണിക്കുട്ടനും ഗായൂട്ടീം വന്നേക്കുന്നു… “” ദേഷ്യം മൊത്തം അടുക്കളയിലെ പാത്രങ്ങളോട് തീർത്തു…. ആകെ തട്ടലും മുട്ടലുമായി ബഹളമയമായിരുന്നു…ഉള്ളിലെവിടെയോ ആ പഴയ കിലുക്കാം പെട്ടി പോലുള്ള അമ്പിളി ഉണരുന്ന പോലെ…..കുറുമ്പും വാശിയും പിന്നേ അൽപ്പം കുസൃതിയും ഒക്കെയുള്ള പണ്ടത്തെയാ പട്ടു പാവാടക്കാരി… ആ ഭ്രാന്തൻ തന്റേത് മാത്രമാണെന്നൊരു തോന്നൽ… എത്ര നോവിച്ചാലും തന്റെ കഴുത്തിൽ താലി ചാർത്തിയവനല്ലേ….. ശൂന്യമായി കിടന്ന സീമന്ത രേഖയിൽ ആദ്യമായി അഗ്നിയെ സാക്ഷി നിർത്തി ഒരു നുള്ള് കുങ്കുമം കൊണ്ട് ചുവപ്പിച്ചവനല്ലേ…. ഭ്രാന്തനായാലും അവൻ തന്റേത് മാത്രമാണ്…

പണിയൊക്കെ തീർത്ത് മുറ്റത്തേക്കിറങ്ങി… ആൽമരത്തിന്റെ തടിയിൽ കൈ രണ്ടും പൊത്തി പിടിച്ച് എണ്ണുന്ന ഉണ്ണിയേട്ടന്റെ പിറകിൽ പമ്മി പമ്മി പോയി നിന്നു… “””10, 11,…. 13, 14,….. 17, 18,….. 20 “”” എണ്ണി കഴിഞ്ഞു തിരിഞ്ഞതേ അവൻ കാണാതെ അവൾ സാറ്റാടിച്ചു തുള്ളിച്ചാടി…. “”ഉണ്ണിയേട്ടാ… സാറ്റ്…. സാറ്റ്…. “” “”നിന്നെ അതിന് കളിക്കാൻ കൂട്ടിയിട്ടില്ലല്ലോ…. നിന്നെ കൂട്ടില്ല… പൊക്കോ…..അമ്പിളി പൊക്കോ… ഉണ്ണിക്കുട്ടനും ഗായൂട്ടീം മാത്രം കളിച്ച മതി…. നീ വേണ്ട….. “” “””ഉണ്ണിയേട്ടാ….. പറ്റില്ല… ന്നേ കൂടി കൂട്ട്…. നിക്കും കളിക്കണം…. “” “”വേണ്ട… വേണ്ട…. നിന്നെ കൂട്ടില്ല…. ഞ.. ഞ… ഞ്ഞെ…. നീ ചീത്ത കുട്ടിയാ…. “” അവന്റെ അടുത്തേക്ക് നീങ്ങി നിന്നു കൊണ്ടവൾ ചിണുങ്ങിയതും ഉണ്ണിയേട്ടൻ വാശിയോടെ അവളെ പിറകിലേക്ക് തള്ളി….പെട്ടന്നായത് കൊണ്ട് സ്വർണ്ണ കൊലുസ്സിട്ട കാല് തെന്നി അവൾ പിന്നിലേക്ക് വീഴാനാഞ്ഞതും ആ ഭ്രാന്തനവളെ അരയിലൂടെ കൈ കോർത്ത് അവന്റെ വിരിമാറിലേക്കവളെ വലിച്ചിട്ടിരുന്നു….

ഉണ്ണിയേട്ടനോടൊന്നുകൂടി ചേർന്ന് നിന്ന് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു … നാല് മിഴികൾ പരസ്പരം ഇടഞ്ഞ നിമിഷം.. ചുറ്റുമുള്ളതൊക്കെ നിശ്ചലമായത് പോലെ…. ആ പെണ്ണിന്റെ പിടക്കുന്ന മിഴികളിലേക്കവൻ കൗതുകത്തോടെ നോക്കി നിന്നു….. അവളുടെ ഇടുപ്പിൽ ചുറ്റി വരിഞ്ഞിരുന്നവന്റെ കനത്ത കരങ്ങളിലെ ഇളം ചൂട് ശരീരമാകെ പടർന്നു കയറുന്നതവൾ അറിയുന്നുണ്ടായിരുന്നു…. “”ഉണ്ണിയേട്ടാ…സാറ്റെ….. “” എവിടെയോ പതുങ്ങി ഇരുന്ന ഗായു പെട്ടന്ന് പൊങ്ങി വന്ന് സാറ്റടിച്ചതും ഇരുവരും അകന്നു മാറി… “”യേയ്…. കെട്ട്യോനും കെട്ട്യോളും കൂടി റൊമാൻസി നിന്നപ്പോ നോക്കണായിരുന്നു… ഉണ്ണിയേട്ടൻ എണ്ണൂ ട്ടോ… ഞാൻ പോയി ഒളിച്ചിരിക്കും… “” ഗായു സാറ്റടിച്ച ദേഷ്യത്തിൽ ഉണ്ണിയേട്ടൻ അമ്പിളിയെ കെറുവിച്ചു നോക്കുമ്പോൾ…കണ്ടത് നാണത്തോടെ സാരി തലപ്പ് ഞെരിച്ചു നിൽക്കുന്നവളെയാണ്….

“”ഹ്മ്മ്… മ്മ്ഹ്ഹ്… പറ്റില്ല… അതീ അമ്പൂട്ടി വന്നതോണ്ടാ അല്ലെങ്കി ഞാൻ സാറ്റടിച്ചേനെ….. ന്നേ കൊണ്ട് വയ്യ ഇനി എണ്ണാൻ… ഗായു എണ്ണിയാ മതി… ഞാൻ ഒളിച്ചിരിക്കും.”” ഒളിച്ചിരിക്കാനുള്ള ആവേശത്തിൽ ആ ഭ്രാന്തൻ കിടന്ന് തുള്ളുന്നുണ്ട്… അവസാനം ഗായുവും ഉണ്ണിക്കുട്ടനും വാഴക്കായി… രണ്ട് പേർക്കും എണ്ണാൻ പറ്റില്ല…. ഒളിച്ചിരിക്കണം…. ആ ഭ്രാന്തന്റെ കുഞ്ഞു കളികൾ ആസ്വദിച്ചു നിൽക്കുകയായിരുന്നവൾ…. “”ഞാൻ എണ്ണിയാ മതിയോ നിങ്ങള് രണ്ട് പേരും ഒളിച്ചിരുന്നോ…..”” ആ പെണ്ണിന്റെ ശബ്ദം നന്നേ നേർത്തിരുന്നു…. അത് കേട്ടതും പിണക്കവും പരിഭവവും മറന്ന് ഉണ്ണിയേട്ടൻ തലയാട്ടി…. ആൽമരത്തിൽ പൊത്തി അവൾ എണ്ണിത്തുടങ്ങിയതും രണ്ടു പേരും എങ്ങോ ഒളിച്ചിരുന്നു…. 30 വരെ എണ്ണി കഴിഞ്ഞതും അവൾ തിരിഞ്ഞു നിന്നു….

ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ടു മുല്ല മരത്തിന്റെ അടുത്തൊരനക്കം…. മെല്ലെ അതിനടുത്തേക്ക് നടന്നു അതാ മുല്ല വള്ളികൾക്കിടയിൽ പൂച്ച കുഞ്ഞിനെ പോലെ പമ്മി ഇരിക്കുന്ന ഉണ്ണിയേട്ടൻ…. ആർത്തട്ടഹസിച്ചു കൊണ്ടവൾ സാറ്റടിക്കാൻ ഓടിയിരുന്നു …. പിറകിലായി അവൾക്ക് മുന്നേ സാറ്റടിക്കാൻ ഉണ്ണിയേട്ടൻ പാഞ്ഞു…. ആൽമരത്തിന്റെ അടുത്തെത്തിയതും ആ ഭ്രാന്തനവളെ അരയിലൂടെ പൊക്കിയെടുത്ത് …സാറ്റ് വിളിച്ചു…. “”അമ്പൂട്ടി സാറ്റ്…. “” ആ പെണ്ണൊരു വിറയലോടെ അവനോട് പറ്റി ചേർന്ന് നിന്നു…. കണ്ണുകളിൽ അറിയാതെ പ്രണയം വന്നു മൂടി…. ………………………………… തുടരും…………..

ഇഷ്ട്ടായോ…. കഴിഞ്ഞ പാർട്ടിന് നിങ്ങള് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…  ✍മഞ്ചാടി

മഴപോല്‍ : ഭാഗം 7

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story