തോളോട് തോൾ ചേർന്ന്: ഭാഗം 24

തോളോട് തോൾ ചേർന്ന്: ഭാഗം 24

എഴുത്തുകാരി: ജിച്ചന്റെ കാവു

” ധച്ചേച്ചി… ദേ… ആ വരുന്നത് അനന്ദുവേട്ടനാണെന്നാ തോന്നണെ… ഒന്ന് നോക്കിയേ ചേച്ചി… ” ഉമ്മറത്തിണ്ണയുടെ അങ്ങേയറ്റത്തു വന്നു നിന്നു ഇടവഴിയിലേക്കെത്തിനോക്കി ദേവൂട്ടി വിളിച്ചു പറയുമ്പോൾ അമ്മയുടെ തോളിൽ തലചായ്ച്ചുകൊണ്ട് കിടക്കുകയായിരുന്ന ധ്വനി തലയുയർത്തി… പെണ്ണിന്റെ കണ്ണുകൾ തിളങ്ങി… ” അല്ലേച്ചി… ആ വെട്ടം ദേ അപ്പുറത്തെ ഇടവഴിയിലേക്ക് തിരിഞ്ഞു… ” വല്ലാത്തൊരു ആവേശത്തോടെ ധ്വനി എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങാൻ ആഞ്ഞതും ദേവൂട്ടിയുടെ സ്വരം പിന്നെയും ഉയർന്നു.. തെല്ലൊരു നിരാശയോടെ അമ്മയുടെ തോളിലേക്ക് തന്നെ ചായവെ അമ്മയുടെ കൈകൾ അവളുടെ കവിളിനെ തലോടി…

രാത്രിയിൽ അനന്ദു കടയിൽ നിന്നും എത്തും വരെ വീട്ടിൽ ഒറ്റക്കിരിക്കേണ്ടെന്ന് കരുതി അമ്മയ്‌ക്കൊപ്പം വന്നിരുന്നതായിരുന്നു ധ്വനി… കുറെ നാളുകൾക്കിപ്പുറം അമ്മയും മക്കളും മാത്രം ഒത്തുകൂടുമ്പോൾ പണ്ടത്തെ ഓർമകൾ പലതും ഓർത്തെടുത്തു താലോലിച്ചു… സംസാരങ്ങൾക്കിടയിൽ ധ്വനിയുടെയും അനന്ദുവിന്റെയും കല്യാണം കടന്നു വന്നതും അന്ന് ആ ദിവസങ്ങളിൽ അനുഭവിച്ച വേദനകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുകയായിരുന്നു ധ്വനിയുടെ മനസ്സ്… അത് മനസിലാക്കികൊണ്ട് തന്നെ അമ്മയും അമ്മയുടെ അന്നത്തെ ആധിയെ മാറ്റി നിറയുന്ന ഇപ്പോഴത്തെ സന്തോഷം വെളിവാക്കുമ്പോൾ അനന്ദു എന്ന മകനോടുള്ള സ്നേഹം അവരുടെ വാക്കുകളിൽ ഉദിച്ചു നിന്നു…

എന്നോ അവരുടെ മനസ്സിൽ തോന്നിയ വിഷമതകൾ എല്ലാം തന്നെ മകളുടെ പുഞ്ചിരികൊണ്ട് മായ്ക്കാൻ ഈ കാലയളവിൽ അവർക്ക് സാധിച്ചിരുന്നു… ആ പുഞ്ചിരി എന്നും നിലനിൽക്കാൻ വേണ്ടി തന്നെയായിരുന്നു അപ്പുവിന് ഹരിയോടുള്ള ഇഷ്ടം അറിഞ്ഞതും ധ്വനിക്കുവേണ്ടി അനന്ദുവിനോട് സംസാരിച്ചത്… അന്ന് അങ്ങനെയൊരു തീരുമാനം എടുത്തത് എന്തുകൊണ്ടും ഉചിതമായിരുന്നെന്ന് അപ്പുവിന്റെയും ഹരിയുടെയും അനന്ദുവിന്റെയും ധ്വനിയുടെയും പരസ്പര സ്നേഹം തെളിച്ചുകൊണ്ടിരുന്നു… വിഷമതകൾക്കൊടുവിൽ അനന്ദുവിന്റെ പേരിലുള്ള സിന്ദൂരവും താലിയും സ്വന്തമായതും തുടർന്ന് അവനൊപ്പമുള്ള ഓരോ നിമിഷവും അത്രമേൽ ആസ്വദിച്ചുകൊണ്ട് ജീവിച്ചതും അവനു കാമുകിയും ഭാര്യയും അമ്മയുമായി മാറിയതും ഓർക്കുമ്പോൾ ചുണ്ടിൽ പ്രണയം പുഞ്ചിരി വിരിയിച്ചു…

വേദനകൾ പുഞ്ചിരിയിൽ ഒളിപ്പിക്കുന്നവനിൽ നിന്നും പുഞ്ചിരിയോടെ അവയെ നേരിട്ടുമുന്നേറുന്നവനിലേക്ക് അനന്ദു മാറിതുടങ്ങിയത് പെണ്ണിനെ അത്രമേൽ സന്തോഷിപ്പിച്ചു… അവൻ ചാർത്തികൊടുത്ത ആലിലത്താലി കൈയിൽ മുറുക്കെ പിടിച്ചുകൊണ്ട് രാവിലെ ഇടവഴിയിൽ വച്ചുണ്ടായ അനന്ദുവിന്റെ പ്രതികരണം ഓർത്തു ധ്വനി പുഞ്ചിരിച്ചു… ” ധച്ചേച്ചി… അനന്ദുവേട്ടൻ… ” ദേവൂട്ടിയുടെ സ്വരം അവളെ ചിന്തകളിൽ നിന്നും ഉണർത്തുമ്പോൾ വെപ്രാളത്തോടെ കണ്ണുകൾ അവനു വേണ്ടി പരതി… ഇടവഴിയിലൂടെ അടുത്തുവരുന്ന വെട്ടം കണ്ടതും അമ്മയെ തിരിഞ്ഞൊന്ന് നോക്കികൊണ്ട് കണ്ണുകളാൽ യാത്ര ചോദിച്ചു… മുറ്റത്തേക്കിറങ്ങി പടിപ്പുരയിലേക്ക് നടക്കാൻ തുടങ്ങിയവളുടെ കാലുകൾ ധൃതി കൂട്ടി… പടിപ്പുരയിൽ ഓടിയെത്തി അനന്ദുവിന് മുന്നിൽ ചെന്ന് നിന്നുകൊണ്ട് നെഞ്ചിൽ കയ്യമർത്തി ആഞ്ഞു ശ്വാസമെടുക്കുമ്പോൾ പെണ്ണിന്റെ വെപ്രാളവും കണ്ണുകളിലെ പ്രണയവും കണ്ടവന്റെ ഉള്ളം നിറഞ്ഞു…

കണ്ണുചിമ്മികാണിച്ചു നുണക്കുഴി പുഞ്ചിരിയോടെ അവളുടെ കൈയിൽ കയ്യ്കോർത്തുകൊണ്ട് അനന്ദു വീട്ടിലേക്ക് നടക്കുമ്പോൾ ചെറുതായി തണുത്ത കൈയ്കളുടെ സ്പർശം അവനിലും തണുപ്പ് പടർത്തി… കാറ്റിൽ പാറുന്ന പെണ്ണിന്റെ മുടിയിഴകൾ മുഖത്തേയ്ക്കടിക്കുമ്പോൾ അവയുടെ മിനുസപൂർണമായ തഴുകലും ഷാപ്പൂവിന്റെയും കാച്ചെണ്ണയുടെയും മിശ്രിതഗന്ധവും അവനിലെ പുഞ്ചിരിയെ മായ്ച്ചു… ഉള്ളിൽ പ്രണയം പടർന്നു… കൈയ്കളുടെ മുറുക്കം അവൻ പോലും അറിയാതെ കൂടുമ്പോൾ ഉയർന്നു കേൾക്കുന്ന ചീവിടുകളുടെ സ്വരത്തിനിടയിലും പെണ്ണിന്റെ ഹൃദയമിടിപ്പ് അവനിലേക്കെത്തി… വീടെത്തിയതും അവനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ധ്വനി അടുക്കളയിലേക്ക് നടന്നു… രാത്രിയിലേക്കുള്ള കഞ്ഞി ചൂടാക്കുന്നതിനോടൊപ്പം പപ്പടം കൂടി ചുട്ടെടുത്തു വച്ചു…

വെണ്ടയ്ക്ക മെഴുക്കുവരട്ടി പാത്രത്തിലേക്ക് പകർത്തി വയ്ക്കുമ്പോഴേക്കും കുളി കഴിഞ്ഞ് അനന്ദുവും എത്തിയിരുന്നു… അവനെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് പണിയിലേക്ക് തിരിയുമ്പോൾ തൊട്ടുപുറകിൽ വന്നു നിന്നുകൊണ്ടവൻ മുറുക്കെ വട്ടം പിടിച്ചിരുന്നു… ധ്വനിയൊന്നു ഞെട്ടികൊണ്ട് മുഖം തിരിച്ചവനെ നോക്കാനായും മുൻപേ ഇടതുതോളിൽ അവന്റെ മുഖം അമർന്നിരുന്നു… ” ദേവാ… ” പതിഞ്ഞ സ്വരത്തിലുള്ള ആ വിളിയിൽ വല്ലാത്തൊരു ആകർഷണീയത നിറഞ്ഞിരുന്നു… അവളൊന്നു മൂളി… പെണ്ണിനുമേലുള്ള അനന്ദുവിന്റെ കൈയ്കളുടെ മുറുക്കം കൂടി… ” രാവിലത്തെ സംശയം മാറിയോ??.. നിന്റെ അനന്ദു തന്നെയാണോ ഞാനെന്നുള്ളത്??…മ്മ്??…” പെണ്ണിന്റെ തോളിലും ഇടതു ചെവിയിലും മൂക്കുരസിക്കൊണ്ട് അനന്ദു ചോദിക്കുമ്പോൾ ശരീരത്തിൽ തരിപ്പ് പടരുന്നതറിഞ്ഞുകൊണ്ടവൾ തോളുയർത്തി അവനെ തടയാൻ ശ്രമിച്ചു…

മറുപടിയേതും കിട്ടാതായതും ഒരിക്കൽ കൂടി അത്രമേൽ മൃദുവായവൻ ചോദ്യം ആവർത്തിച്ചിരുന്നു… ” മ്മ്മ്മ്… ഇപ്പൊ സംശയം കൂടാ ചെയ്തെ…” ധ്വനിയവന്റെ കൈയ്കളിൽ മുറുക്കെ പിടിച്ചുകൊണ്ട് പതിയെ പറയുമ്പോൾ ചിരിച്ചുകൊണ്ടവൻ പെണ്ണിൻറെ ചെവിയിൽ മുത്തി… അവളൊന്ന് ഏങ്ങിക്കൊണ്ടവനെ മുറുക്കെ പിടിച്ചതും ചിരി നേർത്തു വന്നു… “””” നിന്‍റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍…. നിന്‍റെ സാന്ത്വന വേണുവില്‍ രാഗലോലമായ് ജീവിതം… നീയെന്‍റെ ആനന്ദ നീലാംബരി… നിയെന്നുമണയാത്ത ദീപാഞ്ജലി… ഇനിയും ചിലമ്പണിയൂ… “”” അവളുടെ കാതിൽ അത്രമേൽ പതിയെ അവൻ പാട്ടുമൂളുമ്പോൾ പെണ്ണിനെ വട്ടം പിടിച്ച കൈയ്കൾ അഴഞ്ഞുകൊണ്ട് അവളുടെ അരയിലൂടെ ഇഴഞ്ഞു തുടങ്ങിയിരുന്നു… ” നന്ദാ… ഇത്രയും അടുത്തുനിന്നു ഇങ്ങനെ പാടല്ലേ… ന്റെ കാതിൽ അല്ല ഇത് പതിയണെ… ദേ ഈ ഹൃദയത്തിലാ…

നിന്റെ സ്വരം ന്റെ സിരകളിലൂടെ ശരീരമാകെ പടർന്നുകയറാ… ” വിറയാർന്ന സ്വരത്തിൽ പ്രണയത്തോടെ പെണ്ണ് പറയുമ്പോൾ കൂടുതൽ ആവേശത്തോടെ അവന്റെ താടിരോമങ്ങൾ അവളുടെ കവിളിനെ തഴുകി… ഭക്ഷണസമയത്തും അത് കഴിഞ്ഞെല്ലാം ഒതുക്കി വയ്ക്കുമ്പോഴും എന്തെല്ലാമോ പരസ്പരം ഇനിയും സംസാരിക്കാനുള്ളതുപോലെ തോന്നി ഇരുവർക്കും… ഇപ്പോഴും പൂർണമായും പ്രണയം അറിയിക്കാത്തതുപോലെ… വാക്കുകൾക്ക് വല്ലാത്ത ക്ഷാമം… ഉള്ളിലെ പ്രണയം അതേപടി പകർത്താൻ വാക്കുകളെക്കാൾ പ്രവർത്തികൾ മുന്നിട്ടുനിൽക്കേ എന്തെന്നില്ലാത്ത വെപ്രാളം… മുറിയിലെ നേരിയ മഞ്ഞവെട്ടത്തിൽ ഒരിക്കൽക്കൂടി അവൻ ആ പഴയ പുസ്തകത്താളുകൾ മറച്ചു… ഓരോ വരിയിലൂടെയും കണ്ണോടിച്ചു… പ്രണയം സിരകളിൽ പടരാൻ അനുവദിച്ചുകൊണ്ട് ശാന്തമായുറങ്ങുന്നവളെ തിരിഞ്ഞു നോക്കി……

ചുണ്ടിലെ പുഞ്ചിരി അവൾക്കായി മാത്രം വിടരുമ്പോൾ പെണ്ണിനരികെ കട്ടിലിൽ വന്നിരുന്നു… നെറ്റിയിൽ പതിയെ ചുംബിച്ചുകൊണ്ട് മുഖമുയർത്തി… തെളിഞ്ഞു വരുന്ന താടിച്ചുഴി കണ്ടതും അറിയാതെ തന്നെ അതിലേക്കടുത്തുകൊണ്ടിരുന്നു… ചൂടുള്ള അധരങ്ങൾക്കൊണ്ട് തൊട്ടു തൊട്ടില്ലെന്ന പോലൊരു കുഞ്ഞുമുത്തം താടിയിൽ നൽകി… കൈയിലെ പുസ്തകം അവൾക്കടുത്തു വച്ചുകൊണ്ട് പുറത്തേക്കിറങ്ങി… ഉമ്മറത്തിണ്ണയിൽ വന്നിരുന്നുകൊണ്ട് ആകാശത്തേക്ക് കണ്ണുനട്ടു… മിന്നിത്തിളങ്ങുന്ന താരകൾ ഓരോന്നും പെണ്ണിന്റെ നക്ഷത്രകണ്ണുകളെ ഓർമിപ്പിച്ചു… പതിയെ മാഞ്ഞുകൊണ്ട് അവ മഴമേഘത്തെ സ്വീകരിക്കുമ്പോൾ നനുത്ത കാറ്റും അവനെ പുണർന്നു… എപ്പോഴോ കൈയ്കളാൽ പരതികൊണ്ടവൾ അവനെ തിരയുമ്പോൾ മനസ്സ് പകർത്തെഴുതിയ പുസ്തകത്താളുകൾ കൈയിൽ തടഞ്ഞു… പതിയെ കണ്ണുതുറന്നുകൊണ്ടവനെ മുറിയിലാകെ തിരഞ്ഞു…

നിരാശയോടെ കൈയ്യിൽ തടഞ്ഞ പുസ്തകത്തിൽ തന്നെ കണ്ണെത്തിച്ചു… നേരിയ വെട്ടത്തിൽ അവയിലൂടെ കണ്ണോടിക്കുമ്പോൾ ഹൃദയം നിലയ്ക്കുന്ന പോലെ തോന്നിയവൾക്ക്… സന്തോഷത്തിന്റെ കണ്ണുനീർതുള്ളികൾ കാഴ്ചയെ മറച്ചുകൊണ്ടിരുന്നു… വാശിയോടവയെ തുടച്ചുകൊണ്ട് ഓരോ വരിയിലൂടെയും പിന്നെയും പിന്നെയും സഞ്ചരിച്ചു… ആദ്യമായി കണ്ടനാൾ മുതൽ അനന്ദുവിനുള്ളിൽ താൻ നിറഞ്ഞിരുന്നെന്നും പിന്നീടുള്ള ഓരോ നിമിഷവും അവനുള്ളം എത്രത്തോളം തന്റെ സാമീപ്യം ആഗ്രഹിച്ചിരുന്നെന്നും ഹരിമാഷുടെ പ്രണയം തിരിച്ചറിഞ്ഞപ്പോൾ അവനെത്രത്തോളം വേദനിച്ചെന്നും തുടങ്ങി എല്ലാമെല്ലാം അവന്റെ വാക്കുകളിലൂടെ വായിച്ചറിയുമ്പോൾ സ്വർഗം വെട്ടിപിടിച്ച സന്തോഷമായിരുന്നവൾക്ക്… നേരിയ മഴത്തുള്ളികൾ മണ്ണിനെ പുണർന്നു തുടങ്ങുമ്പോൾ തൂണിലേക്ക് ചാരിനിന്നുകൊണ്ട് അനന്ദു അവയുടെ പ്രണയം നോക്കി കണ്ടു…

ആഞ്ഞുവീശിയ കാറ്റിൽ മഴത്തുള്ളികൾ അവനെയും പൊതിയുമ്പോൾ കണ്ണുകളടച്ചുകൊണ്ടവയുടെ തണുപ്പ് ആസ്വദിച്ചു… നഗ്നമായ പുറത്ത് തട്ടിയ ചുടുനിശ്വാസവും വയറിനു മേലെ ചുറ്റിയ മിനുസമാർന്ന കൈയ്കളും തിരിച്ചറിഞ്ഞുകൊണ്ടവൻ കണ്ണുതുറക്കുമ്പോൾ പെണ്ണിന്റെ മുഖം അവന്റെ പുറത്ത് അമർന്നിരുന്നു… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ തന്നിൽ മുറുകുന്ന പെണ്ണിന്റെ കൈയ്കളെ വിടുവിച്ചുകൊണ്ടവൻ അവളെ വലിച്ചു മുന്നിലെ തൂണിലേക്ക് നിർത്തുമ്പോൾ കരഞ്ഞുകലങ്ങിയ മിഴികളുയർത്തി അവളവനെ തന്നെ ഉറ്റുനോക്കി… നുണക്കുഴി എത്തിനോക്കും അവന്റെ പുഞ്ചിരികണ്ടുകൊണ്ട് ആവേശത്തോടെ ആ മുഖം ഇരുകായ്യ്കളാൽ കോരിയെടുത്തു… കണ്ണീരിന്റെ അകമ്പടിയോടെ അവന്റെ മുഖത്താകമാനം ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അവളിലെ പ്രണയം മുന്നിട്ടുനിന്നു…

ചിരിച്ചുകൊണ്ട് മുത്തങ്ങൾ ഏറ്റുവാങ്ങുന്നവനെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടവൾ ചുംബിച്ചുകൊണ്ടിരുന്നു… മഴചാറ്റൽ ഇരുവരെയും ഒരുപോലെ കുളിരണിയിപ്പിക്കുമ്പോൾ അവന്റെ നെഞ്ചോരം മുഖമർത്തികൊണ്ടവൾ മുറുക്കെ കെട്ടിപ്പിടിച്ചു… നഗ്നമായ നെഞ്ചിൽ പ്രണയത്തോടെ മുത്തി… ” ന്തേ ഇതുവരെ ഒന്നും പറയാഞ്ഞേ.??.. ” പരിഭവംപോൽ ചോദിച്ചു… ” പറയാതെ തന്നെ സ്നേഹം വാരിക്കോരി തന്നിരുന്നതോണ്ട്… ” നെറുകിൽ ചുംബിച്ചുകൊണ്ട് അവന്റെ മറുപടി… ” ന്നിട്ട് ന്താ ഇപ്പൊ പറഞ്ഞേ??.. ” പിന്നെയും പെണ്ണിന്റെ പരിഭവം… ” അതോ… അതെ… ഞാനും ഇനി സ്നേഹംകൊണ്ട് ന്റെ ദേവയെ പൊതിയാൻ പോവുന്നതുകൊണ്ട്… ” കാതോരം മുഖമടുപ്പിച്ചുകൊണ്ട് അവൻ പറയുമ്പോൾ പെണ്ണിന്റെ കൈയ്കൾ അവനിൽ മുറുകി… ” ദേവാ… ” മൗനം കഥപറയുമ്പോൾ എപ്പോഴോ അവന്റെ സ്വരം..

അവളൊന്നു മുഖമുയർത്തി അവനെ നോക്കും നേരം പെണ്ണിന്റെ കൈയിൽ പിടിച്ചുവലിച്ചുകൊണ്ടവൻ ശക്തമാകാൻ തുടങ്ങുന്ന മഴയിലേക്കിറങ്ങി… അവളെ ആഞ്ഞു പുൽകികൊണ്ട് മഴ നനഞ്ഞു… മഴയുടെ തണുപ്പിനെയും വെല്ലുവിളിച്ചുകൊണ്ട് ശരീരങ്ങളുടെ ചൂട് പരസ്പരം പകരവേ വിറയലോടെ അവളുടെ കവിളിൽ പിടിച്ചുകൊണ്ട് മുഖം ഉയർത്തി… വെള്ളത്തുള്ളികൾ പറ്റിനിൽക്കും മുഖത്താകമാനം കണ്ണോടിക്കവേ ഓരോ തുള്ളി മഴയ്ക്കൊപ്പം ചിണുങ്ങുന്ന പെണ്ണിന്റെ കണ്ണുകൾ കണ്ടു… ചെറുതായി വിടർന്നുകൊണ്ട് വിറയ്ക്കുന്ന അധരങ്ങൾ അവനിലെ ചൂടിന് കൊതിക്കുന്നതറിഞ്ഞു… ” ദേവാ… ” അവളിലെക്കടുത്തുകൊണ്ട് അധരങ്ങളെ തമ്മിൽ തൊട്ടുരുമാൻ അനുവദിക്കവേ അവൻ ഒരിക്കൽ കൂടി വിളിച്ചു… ആ സ്വരത്തോടൊപ്പം ചുണ്ടിൽ പതിഞ്ഞ അവന്റെ അധരത്തിന്റെ തലോടലിൽ ഏന്തിക്കൊണ്ടവൾ അവനിൽ പിടി മുറുക്കി…

അമർത്തി ചുംബിക്കുവാനോ നുകരുവാനോ മുതിരാതെ നിമിഷങ്ങളോളം അവയെ പരസ്പരം തലോടിക്കൊണ്ടിരിക്കെ അത്രമേൽ പ്രണയത്തോടെ പലയാവർത്തി അവനവന്റെ ദേവയെ വിളിച്ചുകൊണ്ടിരുന്നു… ഏങ്ങലുകൾക്കപ്പുറം ഓരോ വട്ടവും മൂളിക്കൊണ്ട് നിന്ന പെണ്ണിന്റെ അധരങ്ങൾ എപ്പോഴോ വിറയലോടെ അവളുടെ നന്ദനെയും വിളിച്ചു… വിടർന്ന അധരങ്ങൾ നുകർന്നുകൊണ്ട് ഇരുവരും പ്രണയത്തിന്റെ ചൂടിൽ സ്വയം മറന്നലിഞ്ഞു… അതേസമയം മറ്റൊരിടത്ത് ഹരിനന്ദൻ അവന്റെ അപ്പുവിലേക്ക് പിന്നെയും പിന്നെയും അലിഞ്ഞു ചേരുകയായിരുന്നു… ഉയർന്നു കേൾക്കുന്ന പെണ്ണിന്റെ ശീത്കാരങ്ങൾ മഴയുടെ സ്വരത്തിൽ നേർത്തുപോവുമ്പോൾ പുറത്ത് പെയ്യുന്ന ആ മഴയെയും തോൽപ്പിച്ചുകൊണ്ട് ഇരു ശരീരങ്ങളും വിയർക്കുകയായിരുന്നു… ***************** ” അച്ഛന് ഒരു ആക്‌സിഡന്റ്… ബോധം ഇതുവരെ വന്നിട്ടില്ല…

മെഡിക്കൽ കോളേജിലാണ് ഇപ്പൊ… ” ഒരാഴ്ചക്കിപ്പുറം ധ്വനിക്ക് വന്ന ഭരതിന്റെ ഫോൺകോളിൽ അവളൊരു നിമിഷം നിശ്ചലയായി… ഓർമയിൽ അയാളോടൊപ്പം ഉണ്ടായിരുന്ന ഇരുപത്തിയഞ്ചു കൊല്ലങ്ങൾ നിറഞ്ഞെങ്കിലും കൂടുതൽ മികവോടെ നിന്നത് തങ്ങൾക്കുകൂടി അവകാശപെട്ട വീട്ടിൽ നിന്നും അടിച്ചിറക്കിയ രംഗം ആയിരുന്നു… എന്തെന്നോ എങ്ങോട്ടെന്നോ അറിയാതെ അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പം അവിടെ നിന്നും ഇറങ്ങിയത്… ആ ദിവസത്തിലേക്ക് അവളെ ഓർമ്മകൾ കൂട്ടിക്കൊണ്ടുപോകുമ്പോൾ ഒരു നിമിഷം വേദന തോന്നിയ വാർത്ത തീർത്തും നിർവികാരത മാത്രം തന്നിൽ നിറയ്ക്കുന്നതറിഞ്ഞു… ദുഷ്ടാനയായിരുന്നാലും പാപിയായാലും സ്വന്തം സഹോദരന്റെ ദുരന്തവാർത്ത ഭാനുമതിയെ നോവിക്കുമ്പോൾ അയാൾക്കടുത്തേയ്ക്ക് പോകാൻ…

ഒരിക്കൽക്കൂടി ഒന്ന് കാണുവാൻ അവരും ആഗ്രഹിച്ചു… അത്തരത്തിൽ ഒരു കൂടിക്കാഴ്ച ഉള്ളിനുള്ളിൽ പോലും ആഗ്രഹിക്കാത്തതിനാൽ ധ്വനിയും ദേവൂട്ടിയും തൃശ്ശൂരിലേക്ക് പോകുന്നതിൽ നിന്നും പിന്മാറുമ്പോൾ അനന്ദുവും ഹരിയും ഭാനുമതിക്കൊപ്പം നിന്നു… ” ദേവാ… അയാൾ ദുഷ്ടനായിരിക്കാം… നിങ്ങളെ അത്രത്തോളം നോവിച്ചിട്ടും ഉണ്ടാവാം… പക്ഷെ ഇപ്പൊ മരണത്തോട് മല്ലിട്ട് കിടക്കാ… മറ്റൊന്നും ഓർക്കേണ്ടടാ… ഭരതിനേം ഭഗതിനേം ഓർക്കണ്ടേ നമ്മൾ??… ഞങ്ങളൊന്നു പോയി വരാം… ” ഇറങ്ങാൻ നേരം ധ്വനിയുടെ കവിളിൽ പതിയെ തട്ടിക്കൊണ്ട് അനന്ദു പറയുമ്പോൾ അവളൊന്നു മൂളിക്കൊണ്ട് തലയാട്ടി… ഹരിയുടെ കാറിൽ അനന്ദുവിനോപ്പം ഭാനുമതിയും പോകുമ്പോൾ ദേവൂട്ടീ ചേച്ചിയുടെ കൂടെ വീട്ടിൽ വന്നു നിന്നു…

ഉള്ളിനുള്ളിൽ പോലും അവർ ഇരുവർക്കും മാമന് പറ്റിയ അപകടത്തിൽ വിഷമം തോന്നാത്തിരുന്നത് അത്രത്തോളം അവർ അയാളിൽ നിന്നും അനുഭവിച്ചതിനാൽ ആയിരുന്നു… കുറച്ച് കഴിഞ്ഞപ്പോഴേക്കും ശ്രീയും അപ്പുവും കൂടെ എത്തിയിരുന്നു… മൂന്നുപേരും കൂടി കോളേജിലെയും നാട്ടിലെയും വിശേഷം പറച്ചിലുകൾ ആയിരുന്നു പിന്നെ… ഇടയ്ക്കിടെ ശ്രീ കൈയിലെ ഫോണിലേക്ക് നോക്കി നിരാശപ്പെടുന്നത് കാണുമ്പോൾ അന്ന് അതേവരെ ഉയർന്നു കേൾക്കാതിരുന്ന നോട്ടിഫിക്കേഷൻ ടോൺ തന്നെയായിരിക്കും കാരണമെന്ന് മറ്റുള്ളവർക്ക് മനസ്സിലായിരുന്നു… നേരം ഇരുട്ടാവാൻ തുടങ്ങുമ്പോഴാണ് അവർ തിരിച്ചു വീട്ടിലേക്കിറങ്ങിയത്… ” ധച്ചേച്ചി… അനന്ദുവേട്ടൻ വന്നുട്ടോ… അമ്മ അവിടെ നിന്നത്രെ… മാമന് ഓർമ തെളിഞ്ഞിട്ട് വരാന്ന് പറഞ്ഞൂന്ന്… ”

അടുക്കളയിൽ തിടുക്കപ്പെട്ട് പണിയിൽ ഏർപ്പെട്ട് നിൽക്കുന്ന ധ്വനിയുടെ അടുത്തേയ്ക്ക് വന്നുകൊണ്ട് ദേവൂട്ടീ പറയുമ്പോൾ അവളൊന്നു പുരികം ചുളുക്കി ദേവൂനെ നോക്കി… ദേവൂട്ടിയുടെ മുഖത്തും അമ്മ അവിടെ നിൽക്കുന്നതിൽ താല്പര്യം ഇല്ലാത്ത ഭാവമായിരുന്നു.. ” മ്മ്… പോട്ടെ… ഒരു ദിവസല്ലേ… ഗീതമ്മയെ ഓർത്താവും അമ്മ നിന്നത്… ദേവൂ… ഇതൊന്ന് നോക്കണേ… ചേച്ചി ഇപ്പൊ വരാം… ” ദേവൂട്ടിയുടെ കവിളിൽ തഴുകി പറഞ്ഞുകൊണ്ട് ചെയ്തുകൊണ്ടിരുന്ന ജോലി അവളെ ഏൽപ്പിച്ചു ധ്വനി അകത്തേക്ക് നടന്നു… നനഞ്ഞ കൈയ്കൾ സാരിതുമ്പിൽ തുടച്ചുകൊണ്ട് മുറിയിലേക്ക് കയറുമ്പോൾ കുമ്പിട്ടിരുന്നുകൊണ്ട് കാൽമുട്ടിൽ എന്തോ ചെയ്യുന്ന അനന്ദുവിനെ കണ്ടു…

തെല്ലൊരു സംശയത്തോടെ അവനരികിലേക്ക് നടക്കുമ്പോൾ പെണ്ണിന്റെ സാമീപ്യം തിരിച്ചറിഞ്ഞുകൊണ്ടവൻ കാൽമുട്ടിലേക്ക് മുണ്ട് വലിച്ചിട്ടിരുന്നു… ധ്വനിയെ നോക്കി പുഞ്ചിരിക്കുമ്പോൾ അവളവനെ കൂർപ്പിച്ചുനോക്കി… അവനരികെ വന്നിരുന്നുകൊണ്ട് കൈയിൽ പിടിക്കുമ്പോൾ വേദനക്കൊണ്ടൊരു സ്വരവും അവനിൽ നിന്നുയർന്നു.. അവളൊരു ഞെട്ടലോടെ അവനിലെ പിടി വിട്ടുകൊണ്ട് പതിയെ കൈയ് നീക്കി വച്ചു നോക്കി… ആകെ ഉരഞ്ഞും പൊട്ടിയും ഇരിക്കുന്ന കൈയ്കൾ കണ്ടതും പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു… ” ഒന്നൂല്ല്യാടാ… ഒന്ന് സ്ലിപ്പായി വീണതാ…. ചെറിയ ഉരച്ചിൽ ഉള്ളൂ… താനതിനു ഇങ്ങനെ കരയണ്ട ആവശ്യമൊന്നൂല്യ ദേവാ…” നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊടുത്തുകൊണ്ട് അനന്ദു പറയുമ്പോൾ അവളവന്റെ മുട്ടുകാലിലെ മുണ്ടൊന്ന് നീക്കി നോക്കി… അവിടെയും ഉരഞ്ഞു പൊട്ടിയിരിക്കുന്നത് കണ്ടതും സങ്കടം കൂടി…

തന്റെ കണ്ണുനീർ തുടക്കുന്ന അനന്ദുവിന്റെ വലതുകരം കൂട്ടിപിടിച്ചുകൊണ്ട് പെണ്ണ് കരഞ്ഞു… അവനൊന്നു ചിരിച്ചുകൊണ്ട് പെണ്ണിന്റെ നെറുകിൽ എത്തിച്ചു മുത്തി… ഇടതുകയ്യ് അവളിൽ കുസൃതി കാണിക്കാൻ തുടങ്ങിയതും അവൾ മുഖം വീർപ്പിച്ചുകൊണ്ട് എഴുന്നേറ്റു… മുറിവിന്റെ മരുന്നെടുത്തു അരികെ വന്നിരിക്കും നേരം വീർപ്പിച്ചുപിടിച്ചിരിക്കുന്ന കവിളിൽ അവൻ അമർത്തി ചുംബിച്ചു… കപട ദേഷ്യം കാണിച്ചുകൊണ്ട് മുറിവിൽ മരുന്ന് വയ്ക്കുമ്പോൾ പെണ്ണിന്റെ താടിച്ചുഴി തെളിഞ്ഞു വന്നു… പൊട്ടിയ കാൽമുട്ടിലും കയ്യിലുമെല്ലാം പതിയെ ഊതികൊടുത്തു… നെറ്റിയിൽ മുടികൾ മറച്ചു വച്ചിരുന്ന കുഞ്ഞു മുറിവിൽ മരുന്ന് വയ്ക്കുമ്പോൾ അവനവളെ തന്നെ നോക്കിയിരുന്നു… കണ്ണുകളിൽ പ്രണയം തെളിഞ്ഞു… പെണ്ണിന്റെ ചുണ്ടുകൾക്കൊപ്പം താടിച്ചുഴിയും പുഞ്ചിരിക്കും നേരം ഇരുകായ്യാലെയും പെണ്ണിനെ ചുറ്റി അടുത്തേയ്ക്ക് വലിച്ചുകൊണ്ട് അവൻ ആ ചുഴിയിൽ അമർത്തി ചുംബിച്ചു……………………………  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 23

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story