ഉറവിടം: ഭാഗം 40

ഉറവിടം: ഭാഗം 40

എഴുത്തുകാരി: ശക്തി കല ജി

അവൾ കൈയ്യിലെ നഖം കൊണ്ട് ചുരണ്ടി മാറ്റാൻ പാഴ്ശ്രമം നടത്തി പരാജയപ്പെട്ടു.. അവൾ വീണ്ടുo വീണ്ടുo കൈനഖം കൊണ്ട് ആ കറുത്ത പാട് ഇളക്കി മാറ്റാൻ ശ്രമിച്ചു.. അവസാനം മുഖമാകെ നഖം കൊണ്ട് കോറിയ പാട് വീണു ചോര പൊടിഞ്ഞു തുടങ്ങി.. കുറച്ച് നേരം മുഖം കുനിഞ്ഞിരുന്നു കരഞ്ഞു. ഓർമ്മ വച്ച നാൾ മുതൽ കേട്ട പരിഹാസങ്ങളും കളിയാക്കലുകളും അവളുടെ ചെവികളിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.. അവൾ ഇരുചെവികളും പൊത്തി.. അവൾക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി .. കുറെയേറെ സമയം കഴിഞ്ഞിട്ടാണ് സിന്ധ്യ മുറിയിലേക്ക് വന്നത്. ഒരു മൂലയിൽ ചുരുണ്ട് ഇരുന്നു മുഖം കുനിച്ചിരിക്കുന്നത് അതിശയത്തോടെ നോക്കി. കുറച്ചു മുമ്പ് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു ല്ലോ എന്തുപറ്റി എന്നവൾ കരുതി..

“എന്തുപറ്റി ഏടത്തി എന്താ ഇവിടെ ഇരിക്കുന്നത്.. വേഗം വരാൻ പറഞ്ഞിട്ട്.. അവിടെ എല്ലാവരും ഒരുങ്ങി നമ്മുക്ക് വേണ്ടി കാത്തുനിൽക്കുകയാണ് … നിങ്ങളുടെ വിവാഹം നടക്കാൻ വേണ്ടി ഒരു നേർച്ചയാണ് കേട്ടോ… ചുറ്റുവിളക്ക് ….നിങ്ങൾ രണ്ടു പേരും കൂടി തിരിയിട്ട് വിളക്ക് തെളിയിക്കണമെന്ന് അമ്മ പ്രത്യേകം പറഞ്ഞിരുന്നു .വേഗം വന്നേ.. ഞാനാണെങ്കിൽ ഇതുവരെ ഒരുങ്ങിയില്ല… ഞാൻ വേഗം പോയി വസ്ത്രം മാറി വരുമ്പോഴേക്ക് ഏടത്തി റെഡി ആയിരിക്കണേ” എന്ന് പറഞ്ഞവൾ മുറിയിൽനിന്ന് തിരിഞ്ഞു നടന്നു വേഗം പോയി വസ്ത്രം മാറാനായി മുറിയിൽ കയറി .. മഹിയേട്ടനുമായി സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല .അമ്മ വന്ന് വിളിച്ചപ്പോൾ ആണ് സമയം നോക്കിയത് ഏടത്തിയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്.. പക്ഷേ ഇപ്പോൾ ചോദിക്കാനുള്ള സമയം കിട്ടിയില്ല.. എന്തായാലും ഒരുങ്ങിയിറങ്ങി ഉടനെ പോയി ചോദിക്കണം എന്തുപറ്റിയെന്ന്…

സിന്ധ്യ ഒരുങ്ങാൻ തുടങ്ങി… മീനാക്ഷി പതിയെ എഴുന്നേറ്റു കബോഡ് മുഴുവൻ തിരഞ്ഞു കണ്ടില്ല.. എല്ലാ തുണിയും മാറ്റി നോക്കി ..അവസാനം കൊണ്ടുവന്ന ബാഗിൽ അന്ന് വന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രം ഒരു കവറിൽ മാറ്റിവെച്ചത് ഓർമ്മവന്നു… അതെല്ലാംകൂടി അവൾ തട്ടി കുടഞ്ഞിട്ടു …അതിൽ നിന്നും ഊർന്നുവീണ കറുത്ത ഷോൾ കയ്യിലെടുത്തു.. കണ്ണാടിക്ക് അഭിമുഖമായി നിന്നു.. മുഖം മറച്ചു കൊണ്ട് അത് കഴുത്തിൽ ചുറ്റിയിട്ടു.. “എന്തുപറ്റി ഏടത്തി മുഖo മറിച്ചിടുന്നത് എന്തിനാണ് ” എന്ന് സിന്ധ്യ ചോദിച്ചപ്പോഴാണ് അവൾ തിരിഞ്ഞു നോക്കിയത് .. “കുറച്ച് കാലം ഇങ്ങനെ നടന്നതല്ലേ.. ഇനിയും കുറച്ചു കാലം ഇങ്ങനെ നടക്കാൻ ഒരു ആഗ്രഹം .ഇത് ഒരു തരത്തിൽ നല്ലതാണ്… “എന്ന് പറഞ്ഞ് അവൾ ഷാൾ ഒന്നൂടി നേരെയിട്ടു…

സിന്ധ്യയുടെ കൈപിടിച്ച് മുറിയിൽ നിന്നിറങ്ങി.. “അമ്പലത്തിലേക്ക് നടന്നു പോകാനുള്ള ദൂരമേ ഉള്ളൂ ..അതുകൊണ്ട് നമുക്ക് നടന്നു പോകാം.. മഹിയേട്ടനും മേഘയും ഒക്കെ അമ്പലത്തിൽ വരാമെന്ന് പറഞ്ഞിട്ടുണ്ട് .. അവരെ അവിടെ വച്ച് കാണാം .. ” എന്ന് സിന്ധ്യ പറഞ്ഞു.. ” അപ്പോൾ അച്ഛനും ഉണ്ടാവും അല്ലേ .അച്ഛനെ കണ്ട് കൊതി തീർന്നില്ല .എന്തോ അച്ഛൻ പോയപ്പോൾ വല്ലാത്തൊരു വിഷമം തോന്നി ,”മീനാക്ഷി പറഞ്ഞു “അതൊന്നും സാരമില്ല.. അച്ഛനെ പറ്റുന്ന വിചാരിച്ചാൽ വേഗം പോയി കാണാൻ പറ്റുന്ന ദൂരത്തിൽ അല്ലേ ഉള്ളൂ.. അതുകൊണ്ടാണ് ഞാൻ മഹിയേട്ടനെ ഇഷ്ടപ്പെട്ടതും പ്രണയിച്ചതും.. എത്രയായാലും അടുത്തായത് കൊണ്ട് അച്ഛനെയും അമ്മയേയും ഓടി വന്ന് കാണാൻ പറ്റുമല്ലോ .എന്ന ഒരു ദുരുദ്ദേശം കൊണ്ട് കൂടി ഉണ്ടായിരുന്നു ..

ഇഷ്ടപ്പെട്ടതിൽ കുറച്ചധികം വിഷമം തന്നെങ്കിലും അവസാനം ഏടത്തി കാരണമാണ് എല്ലാ പ്രശ്നങ്ങളും തീർന്നത് ..അല്ലെങ്കിൽ ഞാൻ എന്താകും എന്ന് എനിക്ക് തന്നെ അറിയില്ല.. വല്ലാത്തൊരു ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു .. എല്ലാത്തിലും ഞാൻ എങ്ങനെയാണ് നന്ദി പറയുക എന്നറിയില്ല ” സിന്ധ്യ പറഞ്ഞു.. ” എന്നോട് നന്ദി പറയണ്ട ആവശ്യമുണ്ടോ ” എന്ന് പറഞ്ഞവൾ സിന്ധ്യയുടെ കവിളിൽ നുള്ളി .. കൈകോർത്തുപിടിച്ച് വരുന്ന രണ്ടുപേരെയും കണ്ടു അമ്മ സംശയത്തോടെ നോക്കി. ” എന്തിനാണ് മീനാക്ഷി മുഖം മറച്ചിരിക്കുന്നത്.. ഇത്രയും നാളും മുഖം മറച്ചിരുന്നില്ലല്ലോ ..എന്തുപറ്റി പെട്ടെന്ന് .. നിനക്ക് വല്ല വിഷമവും തോന്നിയോ ‘ അവർ മീനാക്ഷിയുടെ കൈപിടിച്ചു കൊണ്ട് ബാക്കി ചോദിക്കും മുന്നേ ദാമോധർ ഉറക്കെ വിളിച്ചിരുന്നു.. “വേഗം ഒന്ന് വന്നേ സമയം പോകുന്നു.. നമ്മൾ ചെന്നിട്ട് വേണം വിളക്ക് തെളിയിക്കാൻ ”

എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞപ്പോൾ അമ്മ വേഗം നടന്നു തുടങ്ങി.. മീനാക്ഷിയും സിന്ധ്യയും പുറകെ നടന്നു.. സഞ്ജയ് സാർ നേരത്തെ പോയി എന്ന് സിന്ധ്യ ഇടയ്ക്ക് പറഞ്ഞു…. ഞങ്ങൾ ചെല്ലും മുന്നേ അച്ഛനും മഹിയും മേഘയും എത്തിയെന്ന് ദാമോധർ സാറിൻ്റെ ഫോണിലേക്ക് സഞ്ജയ് സാർ വിളിച്ചു പറഞ്ഞു…. അമ്പലമെത്തി… അത്ര വല്യ അമ്പലമൊന്നുമല്ല… ഒരു ശ്രീകോവിൽ മാത്രം… മുൻപിലെ കൽവിളക്കിൽ ആദ്യം തിരി തെളിയിക്കാൻ വിളിച്ചു.. മീനാക്ഷി മുൻപോട്ട് ചെന്നു… സഞ്ജയ് സാർ തൊട്ടരുകിൽ വന്ന് നിൽക്കുന്നവളറിഞ്ഞു… അവൻ ഷർട്ടൂരി അമ്മയുടെ കൈയ്യിൽ ഏൽപ്പിച്ചു…. ‘ തിരുമേനി തന്ന തിരിനാളത്തിൽ നിന്നും ദീപം കൽവിളക്കിൽ ആദ്യം സഞ്ജയ് ദീപം പകർന്നു… മീനാക്ഷിയുടെ കൈയ്യിൽ ഏൽപ്പിച്ചു…. കൽവിളക്ക് മുഴുവൻ തിരി തെളിയിച്ച ശേഷമാണ് ചുറ്റുവിളക്ക് തെളിയിക്കാൻ പുറത്തേക്കിറങ്ങിയത്…

വിളക്കുകളിൽ നേരത്തെ എണ്ണയൊഴിച്ച് വച്ചിരുന്നു… സിന്ധ്യയും മേഘയും മഹിയും ഒപ്പം കൂടി. ഒരോ തിരി കൈയ്യിലെടുത്ത് ദീപം തെളിയിച്ച് കൊണ്ടിരിക്കവേ മഴ വന്നു… വിളക്കുകൾക്ക് മീതേ മാത്രമേ മഴവെള്ളം വീഴാതിരിക്കാൻ മറയുണ്ടായിരുന്നുള്ളു.. മഴയിൽ നനഞ്ഞു കുതിർന്നിട്ടും അവൾ വിളക്ക് തെളിയിക്കുന്നതിൽ ശ്രദ്ധിച്ചു… മഴ ശക്തി കൂടി വന്നു…. വിളക്കുകൾ അണയാതിരിക്കാൻ കൈ ചേർത്തുവച്ചു തിരിതെളിയിച്ച് കൊണ്ടിരുന്നു.. അപ്പോഴാണ് സഞ്ജയ് അവളെ ശ്രദ്ധിക്കുന്നത്. ശക്തമായി താഴേക്ക് പതിക്കുന്ന മഴതുള്ളികളെ അവഗണിച്ച് കൊണ്ട് തിരി തെളിയിക്കുന്നതിൽ മുഴുകി നിൽക്കുന്നവളെ.. തന്നോടൊപ്പമുള്ള ജീവിതം അത്രമേൽ ആഗ്രഹിക്കുന്നുണ്ട്…. മുഖം എന്തിനാണ് മറച്ചിരിക്കുന്നത്.. മഴ പെയ്യുന്നത് കൊണ്ടാവും എന്ന് കരുതി… അവൻ തിരി തെളിയിക്കുന്നതിൽ ശ്രദ്ധിച്ചു.. ദീപാരാധന തൊഴാൻ സഞ്ജയ് മീനാക്ഷിയുടെ അരികിൽ നിന്നപ്പോൾ അവൾ മാറി നിന്നു.. കാഴ്ചയിൽ ഒരിക്കലും ചേരാത്തവർ അരികിൽ നിന്നിട്ട് എന്തിനാണ്..

എന്നാലും എങ്ങനെ തോന്നി സഞ്ജയ് സാറിന് എന്നോടിങ്ങനെ പറയാൻ… അവഗണിക്കുമ്പോഴും ആ ഹൃദയത്തിൽ ഞാനേ ഉള്ളു എന്ന് വെറുതെ വിചാരിച്ചിരുന്നു.. അവളുടെ മിഴികൾ മഴ പോൽ പെയ്ത് തുടങ്ങിയിരുന്നു… പ്രസാദം വാങ്ങി മഴ തോരുന്നത് വരെ കാത്തു നിന്നു… എല്ലാവരും സന്തോഷo കൊണ്ട് പൊട്ടിച്ചിരിക്കുമ്പോൾ അവൾ മാത്രം വേദനിച്ചുകൊണ്ടിരുന്നു.. ഇനിയും വേദനിക്കാൻ വയ്യ… എത്രയും വേഗം മഹിയുടെയും മേഘയുടെയും വിവാഹം തീരുമാനിക്കാൻ അച്ഛനോട് പറയണം. അവൾ അച്ഛൻ്റെയരുകിലേക്ക് ചെന്നു.. ” അച്ഛാ… മഹിയുടെയും സിന്ധ്യയുടെയും വിവാഹം സമയവും ദിവസവും നോക്കി തീരുമാനിക്കണം” പിന്നെ മേഘയുടെയും “മീനാക്ഷി പറഞ്ഞു.. “നാളെ തന്നെ ജ്യോത്സരെ കാണാൻ പോകുന്നുണ്ട് ” അച്ഛൻ പറഞ്ഞു.. ” ഞാൻ ബൈക്കിലാ വന്നത്.. ഇനി ഇരുട്ടത്ത് നടക്കണ്ട.. ഞാൻ ഓരോരുത്തരേയായി കൊണ്ടു വിടാം. ആദ്യം മഹി വാ.. വീട്ടിൽ വിടാം അവിടെ നിന്ന് കാറെടുത്ത് വരാല്ലോ” എന്ന് സഞ്ജയ് പറഞ്ഞപ്പോൾ എല്ലാരും ശരിവച്ചു..

സഞ്ജയ് ആദ്യം മഹിയെ വീട്ടിൽ കൊണ്ടുവിട്ടു.. മഹി കാറുമെടുത്തു വന്നു.. ആദ്യം മേഘ പുറകിലും അച്ഛൻ മുൻപിലും കയറി.. ” നിങ്ങളും കൂടി കയറിക്കോ ആദ്യം നിങ്ങളെ വീട്ടിൽ വിട്ടിട്ട് ഞങ്ങൾ വീട്ടിലേക്ക് പോയ്ക്കോളാം” മഹി പറഞ്ഞു.. സിന്ധ്യയും അമ്മയും കൂടി പുറകിലത്തെ സീറ്റിൽ കയറി…. സിന്ധ്യ അമ്മയുടെ മടിയിൽ ഇരുന്നു.. ” അച്ഛൻ കയറിക്കോ ഞാൻ മീനാക്ഷിയെ കൂട്ടി വന്നോളാം” എന്ന് പറഞ്ഞപ്പോഴാണ് മീനാക്ഷി നോക്കിയത് കഷ്ടിച്ച് ഒരാൾക്ക് കൂടി ഇരിക്കാനുള്ള സ്ഥലമേയുള്ളു. അവൾ എന്തെങ്കിലും പറയും മുന്നേ ദാമോധർ പുറകിലത്തെ ഒഴിഞ്ഞ ഭാഗത്ത് കയറിയിരുന്നിരുന്നു.. അവരുടെ വണ്ടി പോയപ്പോൾ സഞ്ജയ് വണ്ടി സ്റ്റാർട്ട് ചെയ്തു… “വാ കയറ്” സഞ്ജയ് പറഞ്ഞു.. അവൾ മടിച്ച് നിന്നു.. ” ഞാൻ നടന്നോളാം”…

അവൾ മുൻപോട്ട് നടന്നു.. ” മീനൂട്ടി കയറാൻ ” സഞ്ജയ് ദേഷ്യത്തിലാണ് പറഞ്ഞത്.. അവൻ്റെ ദേഷ്യം കണ്ട് അവൾ ഒന്നും പറയാതെ ബൈക്കിന് പുറകിൽ കയറി… കമ്പിയിൽ പിടിച്ചിരുരുന്നു.. വീടെത്തും വരെ മൗനം തുടർന്നു…. ഗേറ്റിന് മുൻപിൽ വണ്ടി നിർത്തി… മീനാക്ഷി ഇറങ്ങി ഗേറ്റ് തുറന്നു.. ബൈക്ക് അകത്തേക്ക് കയറ്റിയതും അവൾ ഗേറ്റ് പൂട്ടി.. സഞ്ജയ് അവൾ അടുത്ത് വരുന്നത് വരെ വരാന്തയിൽ കാത്തുനിന്നു… മീനാക്ഷി അവന് മുഖം കൊടുക്കാതെ അകത്തേക്ക് കയറി… സഞ്ജയിക്ക് അവളുടെ മൗനം ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി… അവൻ വാതിലടച്ച് അകത്തേക്ക് കയറി.. ” ആ വന്നോ.. മീനൂട്ടി മഴയിൽ നനഞ്ഞിട്ടുണ്ട്.. മുടിയൊക്കെ ഉണക്കാൻ പറയണം” സഞ്ജയിയേ കണ്ടതും അമ്മ പറഞ്ഞു.. “ശരി… ഞാൻ ഡ്രസ്സ് മാറ്റിയിട്ട് വരാം ” എന്ന് പറഞ്ഞു അവൻ മുറിയിലേക്ക് നടന്നു..

മുറിയിൽ മീനാക്ഷി ഉണ്ടായിരുന്നില്ല.. ബാൽക്കണിയിൽ ഇരിക്കുന്നത് കണ്ടു. അവൻ വസ്ത്രം മാറി ഒരു തോർത്തെടുത്തു അവൾക്കരിലേക്ക് നടന്നു.. ”എന്താ ഇരുട്ടത്ത് ഇരിക്കുന്നത്.. ലൈറ്റിട്ട് ഇരുന്നൂടെ ” എന്ന് പറഞ്ഞവൻ ലൈറ്റിട്ടു. മീനാക്ഷി ഒന്ന് ഞെട്ടി.. “എനിക്ക് ഇപ്പോൾ ഇരുട്ടാണ് ഇഷ്ട്ടം” മീനാക്ഷി പതിയെ പറഞ്ഞു. ” അമ്മ പറഞ്ഞു മുടി ഉണക്കാൻ ” എന്ന് പറഞ്ഞ് തോർത്ത് അവളുടെ നേരെ നീട്ടി… അവൾ കൈയിൽ വാങ്ങി പഴയത് പോലെ തന്നെ ഇരുന്നു.. അവളുടെ ഇരിപ്പ് കണ്ടിട്ട് അവനെന്തോ ഭയം തോന്നി… അവൻ അവളുടെ മുഖം മറച്ച ഷാൾ എടുത്ത് മാറ്റാൻ ശ്രമിച്ചതും മീനാക്ഷി കൈതട്ടിമാറ്റി എഴുന്നേറ്റു… ” മീനൂട്ടിയോട് പറഞ്ഞിട്ടുള്ളതല്ലേ.. മുഖം മറയ്ക്കേണ്ട ആവശ്യം ഇല്ലാ എന്ന് ” സഞ്ജയ് ചോദിച്ചു.. “ഓ എനിക്ക് ഇന്ന് തോന്നി മുഖം മറയ്ക്കണമെന്ന്…മുഖം കണ്ടിട്ട് ആർക്കും ബുദ്ധിമുട്ട് തോന്നണ്ട എന്ന് കരുതി ” അവൾ മുറിയിലേക്ക് നടന്നു..

“ആർക്കാ ബുദ്ധിമുട്ട് ” സഞ്ജയ് ചോദിച്ചു.. ” സഞ്ജയ് സാറിന് തന്നെ… അല്ലാതാർക്കാ” അവൾ പരിഹാസത്തോടെ പറഞ്ഞു.. “എനിക്കോ.. ” സഞ്ജയ് അതിശയത്തോടെ ചോദിച്ചു… “സാറല്ലെ പറഞ്ഞത് എന്നെ സുഹൃത്തായി പോലും കൂട്ടാൻ വയ്യാത്തത് എൻ്റെ മുഖം കാരണമാണ് എന്ന് “… മീനാക്ഷി പറഞ്ഞു.. സഞ്ജയ്ക്ക് രാവിലെ അവൻ പറഞ്ഞത് ഓർമ്മ വന്നു… താൻ പറഞ്ഞത് ഇങ്ങനെയാണോ മനസ്സിലാക്കിയത്… ” അത് പിന്നെ ഞാൻ അതല്ല ഉദ്ദേശിച്ചത്” അവൾ ഇത്രയും നേരം അനുഭവിച്ച മാനസീക വിഷമം ഓർത്ത് അവന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.. “സാർ ലണ്ടനിലേക്ക് പോകും മുന്നേ എനിക്ക് ഒരു കുഞ്ഞ് വേണം”.. സാറിൻ്റെ കുഞ്ഞ് “… മീനാക്ഷിയുടെ വാക്കുകൾ കേട്ട് അവൻ വിശ്വസിക്കാനാവാതെ നിന്നു.. “എന്ത് ” അവൻ അതിശയത്തോടെ ചോദിച്ചു..” ആലോചിച്ച് പറഞ്ഞാൽ മതി.. ” അവൾ മുന്നോട്ട് നടക്കാൻ ഭാവിച്ചതുo അവൻ പിടിച്ചു നിർത്തി..

എതിർപ്പുകളെ തടഞ്ഞു കൊണ്ട് മുഖം മറച്ചിരുന്ന ഷാൾ എടുത്ത് മാറ്റി… അവളുടെ മുഖത്തെ നഖം കൊണ്ട് വരഞ്ഞ് ചോര പൊടിഞ്ഞ പാടുകൾ കണ്ട് വിഷമവും ദേഷ്യവും തോന്നി.. “എന്തായിത്.. നിനക്ക് ഭ്രാന്താന്നോ “.. ഇക്കണക്കിന് തലയിഷ്ട്ടമല്ല എന്ന് പറഞ്ഞാൽ തലതല്ലിപ്പൊളിച്ചേനെല്ലോ ” അവൻ മൃദുവായ് കവിളിൽ തലോടി… ” ഉം.. എനിക്ക് ഭ്രാന്ത് തന്നെയാണ്… ഒറ്റയ്ക്കായ് പോകുമോ എന്ന് വല്ലാത്ത പേടി… “എനിക്ക് ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ ആരുമില്ല…. അതുകൊണ്ട് എനിക്ക് സ്വന്തമെന്ന് പറയാൻ ഒരു കുഞ്ഞ് വേണം… സർ ലണ്ടനിൽ പോകാൻ ഞാനൊരു തടസ്സമാകില്ല”.. ഒരു അവകാശവും പറഞ്ഞ് പുറകേ വരികയുമില്ല”…മീനാക്ഷി ഗൗരവത്തിൽ പറഞ്ഞു.. ” ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല.. എന്തിനാ മുഖം നഖം കൊണ്ട് മാന്തി ഇങ്ങനെ വിരൂപമാക്കിയതെന്ന് ” സഞ്ജയ് ചോദിച്ചു.. “വെറുതെ..

എനിക്കാ മറുക് വേണ്ട… ആ കറുപ്പ് കാരണം എന്നും പരിഹാസങ്ങളും കളിയാക്കലുകളും കേട്ടിട്ടേയുള്ളു… ” ഇന്ന് സാറും തള്ളി പറഞ്ഞപ്പോ എന്തോ സഹിക്കാൻ കഴിഞ്ഞില്ല.. അന്നേരം തോന്നിയ ഭ്രാന്തിൽ ആ കറുപ്പ് ഇളക്കി മാറ്റാൻ ഒരു ശ്രമം നടത്തിയതാണ്.. ” അത്രേയുള്ളു.. ഇപ്പോൾ കുഴപ്പമൊന്നുമില്ല.. ഞാൻ യാഥാർത്ഥ്യം മനസ്സിലാക്കി അംഗീകരിച്ചു…. ” മീനാക്ഷി യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു…. ” ചോദിക്കുമ്പോൾ എടുത്തു തരാൻ കളിപ്പാട്ടo വല്ലതുമാണോ കുഞ്ഞ് ” സഞ്ജയ് ചോദിച്ചു… അവൾ അവൻ്റെ കൈ പിടിച്ച് കണ്ണാടിയുടെ മുന്നിൽ നിർത്തി… ” ഇത് കണ്ടോ.. നമ്മൾ തമ്മിൽ എന്തെങ്കിലും പൊരുത്തമുണ്ടോ… ഞാൻ സാറിന് ചേരില്ല..എന്നെ കൂടെ കൊണ്ടു നടക്കാനും കൊള്ളില്ല… സ്വീറ്റിയെ പോലെ സുന്ദരിയായ പെണ്ണ് മാത്രേ സാറിന് ചേരു.” എന്നാലും എൻ്റെ മനസ്സ് അനുസരണക്കേട് കാട്ടുന്നു…

വിട്ട് കൊടുക്കാൻ മനസ്സ് വരുന്നില്ല … ലണ്ടനിലേക്ക് പോകാതിരുന്നുടെ….. എന്നെ ഇഷ്ട്ടപ്പെടാൻ ശ്രമിച്ചൂടെ… അർഹതയില്ലെങ്കിലും ആഗ്രഹിച്ചു പോവാ…”.. അവൾ പറയുമ്പോൾ ശബ്ദമിടറുന്നുണ്ടായിരുന്നു.. അവൾ കണ്ണുകൾ അടച്ചു നിന്നു.. മിഴികോണിൽ നനവ് പടർന്ന് തുടങ്ങിയതും സഞ്ജയ് അവളെ പുറകിൽ നിന്നും ചുറ്റിവരിഞ്ഞിരുന്നു.. ” മനസ്സിനോട് അനുസരണക്കേട് കാട്ടിക്കോളാൻ പറ..ൻ്റെ വാക്കുകൾ മീനൂട്ടി തെറ്റിദ്ധരിച്ചതാണ്.. ഞാൻ സിന്ദൂരമണിയാത്തതിൻ്റെ കാര്യമാണ് പറഞ്ഞത്.. മറന്ന് പോയതാവും എന്ന് കരുതിയാണ് പറഞ്ഞത്.. അതിനുള്ളിൽ എന്തൊക്കെ കാര്യങ്ങളാണ് ചിന്തിച്ച് കൂട്ടിയത്… മീനൂട്ടിയുടെ മുഖം നോക്കിയല്ല ഞാൻ ഇഷ്ട്ടപ്പെട്ടത്….ദാ ഈ നെഞ്ചിനുള്ളിലെ ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്ത, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്ത.., സ്വന്തമാക്കി കൊണ്ടുപോകാമായിരുന്നിട്ടും സഹോദരങ്ങൾക്ക് വേണ്ടി അച്ഛനെ വിട്ടു കൊടുക്കാൻ തോന്നിയ മനസ്സിനെയാണ് ഞാൻ ഇഷ്ട്ടപ്പെട്ടത്……

” ൻ്റെ വാക്കുകൾ മീനൂട്ടിയെ ഒത്തിരി വേദനിപ്പിച്ചല്ലേ…. നിന്നെ നഷ്ട്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ടാണ് ഞാൻ അവഗണിച്ചത്… ഞാൻ തന്നെ അവഗണിക്കരുതായിരുന്നു.. .ഇത്രയും വേദനിപ്പിക്കരുതായിരുന്നു.. ഈ ദിവസം മുഴുവൻ മീനൂട്ടി അനുഭവിച്ച വേദന ചിന്തിക്കാൻ കൂടി വയ്യ…… ഈ വിഷമം മാറാൻ എന്ത് ചെയ്യണം ഞാൻ….” സഞ്ജയ് വേദനയോടെ ചോദിച്ചു… അവൾ ഉറക്കെ കരഞ്ഞു.. അവൻ തോളിൽ മുഖമമർത്തി ഇറുകെ അവളെ പൊതിഞ്ഞു പിടിച്ചു… .പതിയെ കരച്ചിലിൻ്റെ ശക്തി കുറഞ്ഞു.. .. കരഞ്ഞു കഴിയും വരെ അവൻ അതേ നിൽപ്പ് നിന്നു.. മീനാക്ഷി വയറിൽ ചുറ്റിപ്പിടിച്ചിരുന്ന കൈകൾ മാറ്റി അവനഭിമുഖമായി നിന്നു.. “എനിക്ക് സിന്ദൂരം ചാർത്തി തരുവോ”. ഇടറിയ സ്വരത്തിൽ മീനാക്ഷി ചോദിച്ചു… അവൻ ഒരു നുള്ള് സിന്ദൂരം അവളുടെ സിന്ദൂരരേഖയിൽ ചാർത്തി.. ” ഇത്രയുള്ളു ൻ്റെ പെണ്ണ് … സ്നേഹിക്കുന്നരുടെ മുന്നിൽ സ്വയം തോറ്റു കൊടുത്ത് ജയിക്കുന്നവൾ..” അവൻ സിന്ദൂരരേഖയിൽ ചുംബിച്ചു………………………………… ” തുടരും…………..

ഉറവിടം: ഭാഗം 39

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story