മഴപോൽ: ഭാഗം 11

മഴപോൽ: ഭാഗം 11

എഴുത്തുകാരി: മഞ്ചാടി

ഫോൺ വെച്ചതേ ഉണ്ടായിരുന്നൊള്ളു…. അതിന് മുന്നേ എന്തൊക്കെയോ എറിഞ്ഞുടയുന്ന ശബ്ദത്തിന്റെ കൂടെ ഉണ്ണിയേട്ടന്റെ അലർച്ച കൂടി കേട്ടതും ആ പെണ്ണ് മുകളിലേക്ക് ഓടിയിരുന്നു…. കയ്യിൽ കിട്ടിയതൊക്കെയും ആ ഭ്രാന്തൻ ഊക്കോടെ നിലത്തേക്കെറിഞ്ഞു…. പിന്നേ തറയിൽ വീണു കിടക്കുന്ന ഓരോന്നിലും അമർത്തി ചവിട്ടി…. അവനിലെ യഥാർത്ഥ ഭ്രാന്തൻ ഉണരുകയായിരുന്നപ്പോൾ…. വല്ലാത്ത ഭീതിയോടെ അമ്പിളി മുറിക്കുള്ളിൽ കയറുമ്പോൾ ചുമരിൽ തൂക്കിയിട്ടിരുന്ന ടൈം പീസ് എറിഞ്ഞുടക്കുകയായിരുന്നവൻ…. മുറിയിലാകെ ചില്ല് കഷ്ണങ്ങൾ ചിതറി വീണു….. ആരെയും പേടി പെടുത്തുന്നൊരു ഭാവമായിരുന്നവന്റെ മുഖത്ത്…..

പിന്നെയും പിന്നെയും കലി അടങ്ങാതെ ആ ഭ്രാന്തൻ അലമുറയിട്ട് ഉറക്കെ ഉറക്കെ നിലവിളിച്ചു….. ജാട പിടിച്ചു കിടന്ന മുടി പിച്ചി പറിച്ചവൻ ……കൂർത്ത നഖം കൊണ്ട് മുഖത്തും കഴുത്തിലും മാന്തുന്നുണ്ട്….. ചോര പൊടിഞ്ഞു പോയ്‌……സ്വയം നോവിച്ച് ആനന്ദം കണ്ടെത്തുകയായിരുന്നാ ഭ്രാന്തൻ….. നിലത്ത് അങ്ങിങ്ങായി തെറിച്ചു കിടക്കുന്ന ടൈം പീസിലെ ചില്ല് കഷ്ണത്തിലവൻ ചവിട്ടാൻ ആഞ്ഞതും ഓടി ചെന്നാ പെണ്ണവനെ പിടിച്ചു മാറ്റി…. “”ഉണ്ണിയേട്ടാ…. ന്താ പറ്റിയെ….. നിക്ക് പേടിയാവുന്നു…. ഉണ്ണിയേട്ടാ… ഇനിയും വികൃതി കാട്ടിയാൽ അമ്പൂട്ടി കരയും ട്ടോ…. ഉണ്ണിയേട്ടനല്ലേ അന്ന് പറഞ്ഞെ അമ്പൂട്ടിയെ ഒത്തിരി ഇഷ്ട്ടാണെന്ന്…. ഇഷ്ട്ടായിട്ടാണോ ന്നേ കരയിക്കുന്നേ…. “” ചുണ്ട് പിളർത്തി അവനെ ഉലച്ചു കൊണ്ടവളത് ചോദിക്കുമ്പോൾ ആ ഭ്രാന്തന്റെ കണ്ണുകൾ ദേഷ്യത്താൽ കുറുകി വന്നു….

നെറ്റിയിലെ നീല ഞരമ്പ് തുടിച്ചു കൊണ്ടിരുന്നു….കണ്ണുകൾ ചുവന്ന് കലങ്ങി കുപ്പപ്പുണ്ട്…. അരക്കെട്ട് കവിഞ്ഞു കിടക്കുന്ന ആ പെണ്ണിന്റെ നീളൻ മുടിയിൽ പിടിച്ചൊരൊറ്റ വലിയായിരുന്നു….പിന്നേ പുറകിലേക്ക് ആഞ്ഞു തള്ളി…. വേദന കൊണ്ട് പിടഞ്ഞു പോയവൾ…..മിഴിനീർ അപ്പോഴേക്കും അണ പൊട്ടി ഒഴുകിയിരുന്നു…. നിലത്തു വീണു പോയവളെ അഴിഞ്ഞുലഞ്ഞ മുടി കുത്തിൽ മുറുകെ പിടിച്ച് വീണ്ടും വലിച്ചെഴുന്നേല്പിച്ചു….കഴുത്തിലേക്ക് പല്ലുകളാഴ്ത്തുമ്പോൾ വേദന സഹിക്ക വയ്യാതെ ആ പെണ്ണവന്റെ ഷർട്ടിൽ മുറുകെ…. മുറുകെ പിടിച്ചു…. ആ ഭ്രാന്തന്റെ കൂർത്ത പല്ലുകൾക്കിടയിൽ അവളുടെ താലി മാലയും കൂടി ഞെരിഞ്ഞമരുകയായിരുന്നു….

കൂടുതൽ ശക്തിയോടെ അവന്റെ ദന്തങ്ങൾ കഴുത്തിൽ ആഴ്ന്നിറങ്ങുമ്പോൾ ഒന്നലറി കരയാൻ തോന്നിയവൾക്ക്….. “”ഉണ്ണീ…… “” വാതിക്കൽ വല്യച്ഛന്റെ ശബ്ദം മുഴങ്ങി കേട്ടതും ഉണ്ണിയേട്ടൻ ഊക്കോടെ അവളെ അടർത്തി മാറ്റി…. ആ പെണ്ണിന്റെ കഴുത്തിടമപ്പോൾ നീറി പുകയുകയായിരുന്നു… തല വെട്ടി പൊളിക്കുന്നത് പോലെ….. എങ്കിലുമവൾ കരഞ്ഞത് അവനു വേണ്ടിയായിരുന്നു…. അവനു വേണ്ടി മാത്രം… കയ്യിൽ വലിയൊരു പുളി വടിയുമായി വന്ന് വല്യച്ഛനവനെ ആഞ്ഞു തല്ലി…. ആ ഭ്രാന്തൻ ഒന്നട്ടഹസിച്ചു…. പിന്നേ ഒരു മൂലയിൽ പേടിയോടെ ചുരുണ്ട് കൂടി… അപ്പോഴേക്കും തറവാട്ടിലെ സ്ത്രീകളോരോന്നും മുറിയിലേക്കെത്തിയിരുന്നു…..

നിലത്ത് അവശയായി കിടന്നിരുന്നവളെ പിടിച്ചെഴുന്നേല്പിച്ചു…. ഗായു ഒരു ഗ്ലാസിൽ തണുത്ത വെള്ളം നിറച്ച് അവളുടെ ചുണ്ടോട് ചേർത്ത് കൊടുത്തു…. “”നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്…. വികൃതി കാണിച്ചാൽ എന്റെ കയ്യീന്ന് നല്ലോണം കിട്ടും ന്ന്….. എന്താ നിനക്ക് പറഞ്ഞ മനസ്സിലാവില്ലേ…. അടിച്ചാല് ഇറങ്ങാത്ത ഒരു ച്യേഷ്ട്ടയും നിന്റെ ശരീരത്തില് ഇല്ല…..രണ്ട് കിട്ടാത്തതിന്റെയാ…. “” ഓരോ തവണയും വല്യച്ഛന്റെ പുളി വടി അവന്റെ ശരീരത്തിൽ ഊക്കോടെ പ്രഹരങ്ങൾ ഏൽപ്പിക്കുമ്പോൾ ആ ഭ്രാന്തൻ അലറി കരയുകയായിരുന്നു…… “”ന്നേ തല്ലല്ലേ…. ന്നേ തല്ലല്ലേ…. നിക്ക്… നിക്ക് നോവുന്നു…. ആാാ…. നിക്ക് നോവുന്നു….മ്മാ… മ്മാ… ഉണ്ണിക്കുട്ടൻ നല്ല കുട്ടി ആയിക്കോളാ…. ഇനി വികൃതി ഒന്നും കാട്ടൂല്ല… ഉണ്ണിക്കുട്ടനെ തല്ലല്ലേ…. ഉണ്ണിക്കുട്ടന് നോവുന്നുണ്ട്…..നല്ലോണം…നല്ലോണം നോവുന്നുണ്ട്….. “”

കൈ കൊണ്ട് ആവും വിധം തടയാൻ ശ്രമിച്ചെങ്കിലും അവന്റെ പ്രതിരോധങ്ങളെ തടഞ്ഞു കൊണ്ട് വീണ്ടും വീണ്ടും പുളി വടി അവന്റെ മേലിൽ പതിച്ചു…. “”ഉണ്ണിക്കുട്ടന് നോവുന്നു…. വല്യച്ചാ… ന്നേ… ന്നേ തല്ലല്ലേ…. “” ആ ഭ്രാന്തന്റെ അലർച്ചയും ദയനീയമായ നില വിളിയും അവിടമാകെ മുഴങ്ങുമ്പോൾ ഗായത്രി കൺ കോണിൽ ഉരുണ്ടു കൂടിയ നീർ കണങ്ങൾ തുടച്ച് കൊണ്ട് പുറത്തേക്കോടിയിരുന്നു…. ഏങ്ങി… ഏങ്ങി ആ ഭ്രാന്തൻ കരയുന്നത് കണ്ടുനിൽക്കാൻ അമ്പിളിക്ക് കഴിഞ്ഞില്ല…. അവളെ താങ്ങി പിടിച്ചു നിന്നിരുന്ന വല്യമ്മയുടെയും ചെറിയമ്മയുടെയും കയ്യിൽ നിന്നും കുതറി ഓടി അവനെ പൊതിഞ്ഞു പിടിച്ചു…അടി കൊണ്ട് വീർത്തിരുന്നവന്റെ മുഖം കൈ കുമ്പിളിലെടുത്തു…. മുത്തങ്ങൾ കൊണ്ട് മൂടി….

“”വേണ്ട…..വല്യച്ചാ….. വേണ്ട…. ഉണ്ണിയേട്ടനെ ഇനി തല്ലല്ലേ…. ന്റെ ഉണ്ണിയേട്ടൻ ഇനി വികൃതിയൊന്നും കാട്ടില്ല….. തല്ലല്ലേ…. വല്യച്ചാ…. “” “”മാറി നിൽക്ക്…. കുട്ടീ…. ഇവന്റെ പോക്കിരിത്തരം…. ഇന്ന് ഞാൻ നിർത്തും…. “” വല്യച്ഛൻ ഒന്ന് കൂടി ഒച്ചയിട്ടതും വിറച്ചു കൊണ്ടാ ഭ്രാന്തൻ അവളെ ഇറുകെ പുണർന്നു…. വല്ലാത്തൊരു ഭയമായിരുന്നവന്റെ കണ്ണിൽ….പഴയ കുറുമ്പും കള്ളത്തരങ്ങളും എങ്ങോട്ടാ മറഞ്ഞിരിക്കുന്നു…. കൺ പോളകൾ വീർത്തു കെട്ടിയിട്ടുണ്ട്……. “”ന്നേ തല്ലണ്ടാന്ന് പറ അമ്പൂട്ടി…. ഉണ്ണിക്കുട്ടന് വേദനിക്കാ….ആകെ നീറുന്നുണ്ട്… ഉണ്ണിക്കുട്ടൻ നല്ല കുട്ടി ആയിക്കോളാ…. ന്നേ തല്ലല്ലേന്ന് വല്യച്ചനോട് പറ അമ്പൂട്ടി….. “” പദം പറഞ്ഞ് കരഞ്ഞു കൊണ്ടവൻ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തുമ്പോൾ ഏറെ അവശനായിരുന്നു.. വേദന സഹിക്കാൻ കഴിയാതെ ഇടയ്ക്കിടെ ഞരങ്ങുന്നുണ്ട്…. അടി കൊണ്ട് മുറിഞ്ഞിടത്തൊക്കെ മെല്ലെ അവളൊന്ന് തലോടി….

നീറ്റൽ കൊണ്ടാണെന്ന് തോന്നുന്നു നേർത്ത ശബ്ദത്തിൽ മൂളുന്നുണ്ടവൻ….. ഒഴുകി ഇറങ്ങിയിരുന്ന മിഴി നീരിനെ തുടച്ചു കൊടുത്തു… നെറ്റിയിൽ മൃദുവായി ആ പെണ്ണ് ചുണ്ടുകൾ ചേർത്തു…. കുറുകി കൊണ്ടവനപ്പോൾ അവളോട് ഒന്ന് കൂടി പറ്റി ചേർന്ന് കിടന്നു….. “”ന്നേ തല്ലല്ലേന്ന്… പറ…. ഉണ്ണിക്കുട്ടന് നോവാ…. “” “”ന്റെ ഉണ്ണിക്കുട്ടനെ ഇനി ആരും തല്ലില്ലാട്ടോ…..അമ്പൂട്ടി അടിക്കാൻ സമ്മതിക്കില്ല… ഉണ്ണിക്കുട്ടൻ ന്റെയാ…. ന്റെ മാത്രാ….. “” അവന്റെ പുറത്ത് സ്വാന്തനമെന്നോണം പതിയെ ഒന്ന് തലോടി….ഉള്ളിൽ നിറഞ്ഞ വേദനയോടെ അവൻ മാന്തി പറിച്ചിടത്തൊക്കെ ആ പെണ്ണിന്റെ അധരങ്ങൾ പതിച്ചു കൊണ്ടിരുന്നു….സാരി തലപ്പ് കൊണ്ട് പൊടിഞ്ഞ ചോരയെ മെല്ലെ തുടച്ചു നീക്കി…. തൊലി പൊളിഞ്ഞു പോയിരുന്നു…. ഏറെ കൊതിയോടെ അവനെ ചേർത്ത് പിടിച്ച് കാത്തിരുകിൽ പിന്നെയും ഉമ്മ വെച്ചു…. “”ന്തിനാ ന്റെ ഉണ്ണിയേട്ടാ…..

ഇങ്ങനെ സ്വയം മുഖത്ത് മാന്തും…. പിച്ചും ഒക്കെ ചെയ്യുന്നേ….. ന്നേ മാന്തിക്കൊ…. ന്നാലും വേണ്ടില്ല…. ഇങ്ങനെ വേദനിച്ച് കിടക്കുന്ന ന്റെ ഉണ്ണിയേട്ടനെ കാണാൻ നിക്ക് വയ്യ….. ആ പഴയ കുറുമ്പനെയാ നിക്കിഷ്ട്ടം….. “” മടിയിൽ തലവെച്ച് തളർച്ചയോടെ മയങ്ങുന്ന അവന്റെ മുടിയിലൂടെ വെറുതെ വിരലോടിച്ചിരുന്നു….തോളിലൊരു കര സ്പർശനമേറ്റതും അവളൊന്ന് തിരിഞ്ഞു നോക്കി…. ഗായുവാണ്…. കയ്യിൽ ഫസ്റ്റ് എയ്ഡ് ബോക്സും ഡെറ്റോളുമുണ്ട്….ആ പെണ്ണും ഒരു പാട് കരഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു….മൂക്കിൻ തുമ്പ് ചുവന്ന് തുടുത്തിരിപ്പുണ്ട്…. “”ചേച്ചീ…. ഉണ്ണിയേട്ടൻ…. ഉറങ്ങി… ല്ലേ…..”” “”മ്മ്…… “” “”പാവാ…. ചേച്ചി… ഉണ്ണിയേട്ടൻ….കണ്ടില്ലേ വല്യച്ഛ പറഞ്ഞ കേൾക്കില്ല…. കാളയെ തല്ലും പോലെ പൊതിരെ അതിനെ തല്ലും…. ആര് പറഞ്ഞാലും കേൾക്കില്ല… ഇന്ന് ചേച്ചി ഉണ്ടായതോണ്ടാ… അല്ലെങ്കി ഇപ്പഴൊന്നും വല്യച്ഛ തല്ല്…. നിർത്തില്ല…അടിച്ചടിച്ച് ക്ഷീണിക്കുമ്പോ ആ പഴയ മുറീല് പൂട്ടി ഇടും…പാവാ…ഭയങ്കര കരച്ചിലും നിലവിളിയും ആയിരിക്കും…..””

കവിളിനെ നനച്ചൊഴുകുന്ന നീർ മുത്തുകളെ പ്രയാസപ്പെട്ട് തുടച്ച് മാറ്റി….. ഏറെ അവശനായിരുന്നാ ഭ്രാന്തനെ ഇരുവരും ചേർന്ന് താങ്ങി പിടിച്ച് കിടക്കയിൽ കിടത്തി…. “”ന്നേ… തല്ലല്ലേ…. ന്നേ തല്ലല്ലേ…. നോവാ….. നിക്ക് നോവാ… “” മയക്കത്തിൽ പോലുമവൻ വേദനയോടെ…. ഏറെ ഭയത്തോടെ പുലമ്പുമ്പോൾ ആ പെണ്ണിന്റെ ചുണ്ടുകൾ അറിയാതെ വിതുമ്പി…. അപ്പോഴേക്കും ഗായു അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചിരുന്നു…. പിന്നേ അമ്പിളി പെണ്ണൊരു പൊട്ടി കരച്ചിലായിരുന്നു…. ഉള്ളിലെ പരാഭവങ്ങളോരോന്നുമവൾ കരഞ്ഞു തീർത്തു…. “”സാരല്ല്യ…. ചേച്ചീ…. ഇങ്ങനെ കരയാതെ….ഉണ്ണിയേട്ടനെ തിരിച്ചു കൊണ്ട് വരാൻ ചേച്ചി വേണം…. ചേച്ചി ഇങ്ങനെ വിഷമിച്ചിരുന്നാൽ എങ്ങനാ…. “” “”ഞാൻ…. നിക്ക്… നിക്ക് സഹിക്കണില്ല ഗായൂ….ന്റെ ഉണ്ണിയേട്ടന്…

ന്തോരം നൊന്ത് കാണും….”” നിലത്ത് വീണു കിടന്നിരുന്ന പുളി വടി ദേഷ്യത്തോടെ അവൾ പൊട്ടച്ചെറിഞ്ഞു….കഴുത്തിടം വല്ലാതെ നീറുന്നുണ്ട്…..കുറച്ച് ഐസ് വെച്ചു…. ഇപ്പോൾ ചെറിയൊരു ആശ്വാസം പോലെ…. ചാൽ തീർത്ത് ഒഴുകിയ കണ്ണുനീർ തുടച്ചു കൊണ്ടവൾ കിടക്കയിലിരുന്നു… അപ്പോഴേക്കും ഗായു മുറി വിട്ട് പോയിരുന്നു…. ഫസ്റ്റ് ബോക്സ്‌ തുറന്ന് പഞ്ഞി കീറിയെടുത്ത് ഡെറ്റോളിൽ മുക്കി ഓരോ മുറിവിൽ നിന്നും പൊടിഞ്ഞ ചോര മെല്ലെ ഒപ്പിയെടുത്തു….ഞരങ്ങുന്നുണ്ടവൻ….പിന്നേ മുറിവിൽ മെല്ലെ ഒന്നൂതി കൊടുത്തു…. “”സാരല്ലാട്ടോ…..ന്റെ ഉണ്ണിയേട്ടന്…. വാവു പെട്ടന്ന് മാറിക്കോളും ….. “”…………………………………… തുടരും…………..

ഇഷ്ട്ടായോ…. കഴിഞ്ഞ പാർട്ടിന് നിങ്ങള് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…  ✍മഞ്ചാടി

മഴപോല്‍ : ഭാഗം 10

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Share this story