നയനം: ഭാഗം 29

നയനം: ഭാഗം 29

A Story by സുധീ മുട്ടം

കാറോടിക്കുന്ന വിശാഖിനോട് ചേർന്ന് ഞാൻ ഇരുന്നു.വിശാഖ് ഇടത് കയ്യെടുത്ത് എന്നെ ചേർത്തു പിടിച്ചു… “ഇനിയും നിന്നെ ആർക്കും വിട്ടു കൊടുക്കാൻ ഞാനില്ല..” “ഇട്ടെറിഞ്ഞാലും ഞാനിനി പോയിട്ട് വേണ്ടേ… എന്നെ ചുറ്റിയിരുന്ന വിശാഖിന്റെ കൈകളിൽ ഞാൻ ചുണ്ടുകൾ അമർത്തി… ഇങ്ങനെ വിശാഖിനോട് ചേർന്നുള്ള യാത്ര അവസാനിക്കാതിരുന്നെങ്കിൽ….ഞാൻ മനസിൽ ഓർത്ത് എന്റെ നല്ലപാതിയോട് കൂടുതൽ ചേർന്നിരുന്നു….. ഒരുപാട് ആഗ്രഹിച്ച നിമിഷങ്ങൾ. എത്രയേറെ കൊതിച്ചിരുന്നു ഈ സാമീപ്യം. ഇനിയൊരു പരീക്ഷണത്തിനൊന്നും വയ്യ.വലത് കൈ എടുത്തു വിശാഖിന്റെ വയറിന്മേൽ ചുറ്റിപ്പിടിച്ചു.

അലിവോടെ കണ്ണുകളിൽ പ്രണയം നിറച്ച് വിശാഖ് എന്നെ നോക്കി.കണ്ണുകൾ പിൻ വലിക്കാതെ ഞാനും നോക്കി. ” ഇങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി വണ്ടി ഓടിച്ചാലേ രണ്ടു പേരും ഉടനെ പരലോകത്തേക്ക് പോകേണ്ടി വരും ” എതിരെ ഓവർടേക്ക് ചെയ്തു വന്ന വാഹനത്തിന് സൈഡ് ഒരുക്കി ഇടത് വശത്തേക്ക് കാറ് വെട്ടിച്ചു മാറ്റി.ഞാനൊരു നിമിഷം ഭയന്നു പോയി.പേടിയോടെ വിശാഖിനെ പുണർന്നു ആ നെഞ്ചിൽ മുഖം പൂഴ്ത്തി വെച്ചു. “നയനാ” വിശാഖ് വിളിക്കുന്നത് കേട്ട് തല ഉയർത്തി നോക്കി.എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. “ഇങ്ങനെ പേടിക്കാതെടോ ഞാൻ കൂടയില്ലേ” ചേർത്ത് പുണർന്നയാളെ ഞാൻ ഗാഢമായി ആലിംഗനം ചെയ്തു. “അതുമതി വിശാഖ്.ഇങ്ങനെയൊന്ന് എനിക്ക് കേട്ടാൽ മതി” കാറ് കുറച്ചു സമയത്തേക്ക് നിർത്തിയിട്ടു.

പരസ്പരം പുണർന്നു കുറച്ചു സമയം ഇരുന്നു. “വീട്ടിലേക്ക് പോകണ്ടേ.ലക്ഷമിയമ്മ ആധി പിടിച്ചു ഇരിക്കുന്നുണ്ടാകും” വിശാഖിന്റെ സ്വരമാണ് എന്നെ സ്വബോധത്തിൽ നിന്നും ഉണർത്തിയത്.ചെറിയൊരു നാണത്തോടെ അകന്നു മാറി. “അമ്മ..” ഓർത്തതും നെഞ്ചിലൊരു കൊളളിമീൻ പാഞ്ഞു കയറി. പാവം വിവരങ്ങൾ ഒന്നും അറിയാതെ ഒരുപാട് സങ്കടപ്പെട്ടിരിക്കും. “പോകാം വിശാഖ്” പറഞ്ഞതും വിശാഖ് കാറ് സ്റ്റാർട്ട് ചെയ്തു. ഞാൻ ആളുടെ തോളിലേക്ക് മെല്ലെ തല ചായിച്ചു. ലക്ഷമിയമ്മയാണ് മനസ്സ് മുഴുവനും. വീട്ടുമുറ്റത്ത് കാറ് ഇരമ്പലോടെ നിന്നതും ഞാൻ ചാടിയിറങ്ങി. അപ്പോഴേക്കും അമ്മ വാതിക്കൽ വന്നിരുന്നു. “അമ്മേ” തേങ്ങലോടെ അമ്മയിലേക്ക് വീണു..ലക്ഷമിയമ്മ എന്നെ കെട്ടിപ്പിടിച്ചു പതിയെ തലോടി. “ന്റെ കൃഷ്ണാ ന്റെ കുട്ടിക്ക് ആപത്തൊന്നും കൂടാതെ തിരികെ എത്തിച്ചൂലോ” ഭഗവാനോട് അമ്മ മനസ്സ് തുറക്കുന്നത് കേട്ടന്റെ മനവും നിറഞ്ഞു.ഇതുപോലെ ഒരമ്മയെ കിട്ടാനും വാത്സല്യം നുകരാനും വേണമൊരു ഭാഗ്യം.

വർഷക്കും ഹരിയേട്ടനും അതില്ലാതായി പോയി.കയ്യിലിരുപ്പ് കാരണം. “വിശാഖ് മോൻ എവിടെ” ” കാറിൽ ഇരിപ്പുണ്ട്. ഇറങ്ങിയില്ല.ഞാൻ വിളിക്കാം അമ്മേ” ഞാനിറങ്ങി കാറിനടുത്തേക്ക് ചെന്നു..വിശഖ് അപ്പോഴും ഡ്രൈവിംഗ് സീറ്റിൽ ഇരിപ്പുണ്ട്. “ഇറങ്ങുന്നില്ലേ..അമ്മക്ക് കാണണമെന്ന് പറഞ്ഞു” “അമ്മക്ക് മാത്രം കണ്ടാൽ മതിയോ..മോൾക്ക് കാണേണ്ടേ” അത് പറഞ്ഞപ്പോൾ മുഖത്തൊരു കളളപ്പുഞ്ചിരി തെളിഞ്ഞു. “അമ്മക്കും മോൾക്കും കാണണം. സാറിന് ഇനി വരാമല്ലോ” പുഞ്ചിരിയോടെ മറുപടി നൽകി പിന്തിരിഞ്ഞ് നടക്കുമ്പോൾ കയ്യിൽ പിടിവീണു.ആള് നെഞ്ചോട് അടുപ്പിച്ചതും ചെറുതായൊന്ന് കുതറി. “അടങ്ങി നിൽക്കെടീ പോലീസുകാരന്റെ പെണ്ണേ” കതിനരുകിൽ ചുടു നിശ്വാസം തട്ടിയതും ഒന്ന് പിടഞ്ഞു. “വിശാഖ് അമ്മ നോക്കുന്നു” ആളുടെ ശ്രദ്ധ മാറിയതും ഞാനോടി കളഞ്ഞു.അമ്മക്ക് പിന്നിലായി ഞാൻ മറഞ്ഞു നിന്നു.പിന്നാലെ വന്ന വിശാഖ് അമ്മയെ കണ്ടു പെട്ടെന്ന് നിന്നു. “വാ മോനേ ഇരിക്ക് അമ്മ ചായ എടുക്കാം” “അമ്മ ഇരിക്ക്..എനിക്ക് വിശദമായി സംസാരിക്കാനുണ്ട്”

ഇരുന്നു കൊണ്ട് വിശാഖ് പറഞ്ഞു. “അമ്മ നാളെ വന്ന് പരാതി തരാം.. അവൻ രക്ഷപ്പെടരുത്” വിശാഖും ഞാനും അമ്പരപ്പോടെ അമ്മയുടെ മുഖത്ത് നോക്കി. “എന്റെ മോനാണെന്നൊരു പരിഗണയും കൊടുക്കരുത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം” വലിയൊരു കടലിരമ്പം ഉണ്ടായിരുന്നു അമ്മയുടെ സ്വരത്തിന് പിന്നിൽ.വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ശാന്തത പോലെ. അമ്മയൊരു ചിരി വരുത്തി അകത്തേക്ക് പോയി മറഞ്ഞു. “അമ്മക്ക് നല്ല സങ്കടമുണ്ട് വിശാഖ്.പുറമേ കാണിക്കാത്തതാ” “അതേ” “എനിക്ക് വയ്യ വയ്യ വിശാഖ് എനിക്കെന്റെ അമ്മയെ സങ്കടത്തോടെ കാണാൻ” ഞാൻ മെല്ലെയൊന്ന് തേങ്ങി.വിശാഖ് എനിക്ക് അരികിലെത്തി ചെറുതായി തോളിൽ തട്ടി. “വിഷമിക്കേണ്ടെടാ.നമുക്ക് എന്തെങ്കിലും വഴി കാണാം”

വിങ്ങിപ്പിട്ടിയ സങ്കടം കടിച്ചമർത്തി ഞാനാ നെഞ്ചിലക്ക് ചാഞ്ഞു..അമ്മ വന്നപ്പോൾ പരസ്പരം അകന്നു മാറി. “ദാ മക്കളേ ചായ കുടിക്ക്” നല്ല ക്ഷീണമുണ്ട്.അമ്മ തന്ന ചായ വാങ്ങി മെല്ലെ ചുണ്ടോട് ചേർത്തു. “മോളേ മൃദുല എവിടെ” “അവൾ പോലീസ് സ്റ്റേഷനിൽ ആണ് അമ്മേ.കുറച്ചു ഫോർമാലിറ്റീസ് ഉണ്ട്..അതു കഴിഞ്ഞാൽ ഞാൻ തന്നെ കൊണ്ട് വന്നു വിടാം” എന്നോടായിരുന്നു അമ്മയുടെ ചോദ്യം എങ്കിലും വിശാഖാണ് മറുപടി നൽകിയത്. “ശരി അമ്മേ ഞാനിറങ്ങുവാ” ചായ കുടി കഴിഞ്ഞു വിശാഖ് പോകാനായി ഇറങ്ങി. “പോയി വരൂ മോനേ” ഇറങ്ങുന്ന സമയത്ത് വിശാഖിന്റെ കണ്ണുകൾ എന്നെ തേടി.ഞാനും പിറകെ ഇറങ്ങി ചെന്നു. “അമ്മക്ക് നല്ല സങ്കടമുണ്ട്..കൂടെ ഉണ്ടാകുമെന്ന് അറിയാം‌.എന്നാലും ഒന്നു ഓർമ്മിപ്പിച്ചതാ” “എനിക്ക് മനസ്സിലായി”

“എന്നാൽ ശരി..ഞാൻ പിന്നെ വിളിക്കാം” വിശാഖ് കാറിൽ കയറി.. വാഹനം അകന്നു പോകുന്നത് വരെ നോക്കി നിന്നിട്ട് അകത്തേക്ക് കയറി. “അമ്മേ എവിടാ” അമ്മയെ ഹാളിൽ കാണാതെ തിരഞ്ഞ് മുറിയിലെത്തി. ജനലോരം ചേർന്ന് വെളിയിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു.”അമ്മേ” അരികിലെത്തി തോളിൽ കൈ വെച്ചു..ഞെട്ടിയത് പോലെ അമ്മ എന്നെ നോക്കി.മുഖത്ത് കൂടി കണ്ണുനീര് ചാലിട്ടൊഴുകുന്നത് കണ്ടു ഞാനൊന്ന് ഞെട്ടി. “അമ്മ കരയുന്നു.. ” എന്തിനാണ് അമ്മേ സങ്കടപ്പെടുന്നത്..ഞാനില്ലേ കൂടെ” കാരണം അറിയാമെങ്കിലും വിഷമത്തോടെ ചോദിച്ചു.എത്രയൊക്കെ ആയാലും പെറ്റ വയറാണ്..ആകെയുള്ളൊരു മോൻ. അമ്മയെ ഞാൻ ചേർത്ത് പിടിച്ചു. അമ്മ കരയുകയാണെന്ന് മനസ്സിലായതും ഞാനും കൂടെ കരഞ്ഞു. “എനിക്കറിയാം ആ മനസ്സിന്റെ ദണ്ഡം..എനിക്ക് മാത്രമേ മനസ്സിലാകൂ എന്റെ അമ്മയെ”………………………….,……………  (തുടരും) A story by സുധീ മുട്ടം

നയനം: ഭാഗം 28

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story