❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 4

Chekuthante pennu

രചന: ആര്യ പൊന്നൂസ്

അവനൊന്നും പറയാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.അപ്പോഴേക്കും കുട്ടൻ വന്ന് അവരുടെ നടുക്ക് ഇരുന്നു....അവളിരിക്കുന്നതിന്റെ താഴെ പടവിലാണ് കുട്ടൻ ഇരുന്നത്. അവനവളുടെ മടിയിലേക് കയ്യെടുത്തു വച്ചു. കുട്ടനിരുന്നു അപ്പുവിനോട് കഥ പറയാൻ തുടങ്ങി.... അവരുടെ ക്ലാസിനെക്കുറിച്ചും മറ്റും കല്ലുവിന് അത് കേട്ട് ബോറടിക്കാൻ തുടങ്ങിയിരുന്നു അവള് മേലോട്ട് നോക്കിയപ്പോൾ കണ്ടു ആദിയും അജുവും ബുക്കുമെടുത്തു വരുന്നത്... അവരുടെ മുഖം കണ്ടതും അവൾക്ക് ചിരി വന്നു... അവര് വേഗം അവളുടെ അടുത്തായി ഇരുന്നു.. " കല്ലൂച്ചി ഇന്ന് പഠിപ്പിക്കണ്ട എന്ന് പറാ... " " ആരോട്? " " അപ്പുവേട്ടനോട് " " അയ്യോടാ... വേണേൽ പറഞ്ഞോ....ഞാൻ പറഞ്ഞിട്ട് വേണം എന്നെ തിന്നാൻ വരാൻ... " " അവളാണോ പഠിപ്പിക്കുന്നത്. ഇങ്ങോട്ട് വാ... " അപ്പു വിളിച്ചതും അവരങ്ങോട്ട് പോയി. " എടാ അപ്പൂ വെക്കേഷൻ അല്ലേ? പിന്നെ എന്തിനാ വെറുതെ? " " അതിന് എല്ലാം പഠിപ്പിക്കുന്നൊന്നും ഇല്ലാ ഇംഗ്ലീഷും കണക്കും മാത്രാ... " അപ്പു അവരെ പഠിപ്പിക്കാൻ തുടങ്ങി. " കുട്ടേട്ടാ ഇന്ന് അവരെ വെറുതെ വിടാൻ പറാ... മ്മക്ക് കളിക്കാം പ്ലീസ്.... " " ഉറപ്പൊന്നും പറയുന്നില്ല നോക്കാം... " " ഉം... " " എടാ അപ്പൂ ഇന്നൊരു ദിവസത്തേക്ക് ട്യൂഷൻ വേണ്ടെടാ... "

അവൻ പറഞ്ഞതും അപ്പു കല്ലുവിനെ നോക്കി അവള് വേഗം മുഖം താഴ്ത്തി.. " ഹ്മ് ശരി... ഇന്ന് വേണ്ടാ ... " " കല്ലൂച്ചി വാ മ്മക്ക് കളിക്കാം... " അജു സന്തോഷത്തിൽ അവളെ വിളിച്ചു. " എടാ ഞാനാണ് നിനക്കൊക്കെ പരോൾ വാങ്ങി തന്നത്... ആ എന്നെ കൂട്ടുന്നില്ലേ? " അവനൊന്നു ഇളിച്ചു. " കുട്ടേട്ടനും വാ നമുക്കെല്ലാം ഒരുമിച്ച് കളിക്കാം. " " എന്താ കളിക്കാ? " കല്ലു നെറ്റിച്ചുളിച് ചോദിച്ചു.. " ഞങ്ങൾ എല്ലാവരും ഓടും നീ ഞങ്ങളെ ഓടി പിടിക്കും... " " ഓഹ് പിന്നെ.... " " നീ ഇപ്പൊ ഇവനെ തൊട്ടെന്ന് വിചാരിക്ക് പിന്നെ ഇവൻ നമ്മളെ പിടിക്കാൻ വരും... ഓക്കേ ആണോ? " " ആ.... " അവള് സമ്മതിച്ചു. " എടാ അപ്പൂ വാ... " " ഞാൻ ഇല്ലാ... നിങ്ങൾ ഓടിക്കോ...... " " നീയെന്തോന്നെടാ ഇത് ഒരുമാതിരി... വാ... " " അതെല്ലേടാ മൈൻഡ് റെഡി ഇല്ലാ.... നിങ്ങള് കളിച്ചോ " അവനെ വിളിച്ചിട്ട് കാര്യമില്ല എന്ന് മനസിലായപ്പോ അവര് കളി തുടങ്ങി. അജുവും ആദിയും കുട്ടനും ആദ്യം ഓടി. അവർക്ക് പിന്നാലെ കല്ലു പാവാടയും പൊക്കി പിടിച്ചു ഓടാൻ തുടങ്ങി.. അവരൊക്കെ പോയതും അപ്പു മെല്ലെ അവിടുന്ന് എണീറ്റു... ഇത്തിരി നടന്നതും കല്ലുവിന്റെ അമ്മേ എന്ന വിളി കേട്ടു... അവൻ ചെന്ന് നോക്കിയപ്പോൾ കിണറ്റിൻ കരയിൽ വീണു കിടക്കുകയാണ് അവള്... അവൻ വേഗം അങ്ങോട്ട് ചെന്നു. "

നല്ല സുഖം ഉണ്ടോ ഇപ്പൊ? " അവള് മുഖം കോട്ടി. കയ്യിലെ മണ്ണ് തട്ടി എഴുനേൽക്കാൻ നോക്കി. എന്നാൽ എന്തോ ഒരു ബുദ്ധിമുട്ട് ഉള്ളത് പോലെ. അവളുടെ ശബ്ദമൊന്നും കേൾക്കാഞ്ഞിട്ട് തിരിഞ്ഞു നോക്കിയ കുട്ടൻ കണ്ടത് അവിടെ വീണു കിടക്കുന്ന കല്ലുവിനെയാണ്. കുട്ടൻ അങ്ങോട്ട് വേഗം വന്നു അപ്പോഴേക്കും അപ്പു അവളെ കോരിയെടുത്തു. എന്നിട്ട് അലക്കുകല്ലിന്മേൽ കൊണ്ട് ചെന്ന് ഇരുത്തി. കുട്ടൻ ഓടി അവളുടെ അടുത്ത് ചെന്ന്. " എവിടെയൊക്കെയാ വേദന.... " കുട്ടൻ അവളൊന്നും പറയാതെ മുഖവും കുമ്പിട്ടു ഇരിക്കായിരുന്നു. അപ്പു വേഗം മുഖം ഉയർത്തി നോക്കി.. കരഞ്ഞു കലങ്ങിയിട്ടുണ്ട് കണ്ണ്. " എന്തിനാ കരയുന്നെ? നിന്നെ ആരും തള്ളിയിട്ടതൊന്നും അല്ലല്ലോ.... ഒറ്റയ്ക്കു വീണതല്ലേ.... " അപ്പു " കല്ലൂ കരയാതെ പറാ... എവിടെയാ വേദന... " കുട്ടൻ അവള് മിണ്ടാതെ ഏങ്ങലടിച്ചു കരയുകയാണ്.. അജുവും ആദിയും അങ്ങോട്ടെത്തി " എന്താ.... എന്തിനാ കല്ലൂച്ചി കരയുന്നെ? " " പതുക്കെ.....അവള് വീണ്.... ആരേലും അറിഞ്ഞാൽ ചീത്ത ഇപ്പൊ പാർസൽ വരും." കുട്ടൻ " അതിനാണോ ഏച്ചി കരയുന്നെ? ഏച്ചി സ്ഥിരമായി കളിക്കുമ്പോൾ വീഴുന്നതല്ലേ പിന്നെ എന്താ? " അതും പറഞ്ഞു ആദി അവളുടെ കൈയ്യിൽ പിടിച്ചു. അവൻ തൊട്ടതും അവളുറക്കെ കരയാൻ തുടങ്ങി.

അപ്പുവും കുട്ടനും വേഗം കൈ നോക്കി... കുപ്പിവള പൊട്ടി കയ്യിൽ തറച്ചിട്ടുണ്ട്... അത് കണ്ടതും രണ്ടാളും എരു വലിച്ചു. " ഇപ്പൊ എന്തായി കുട്ടാ... ഇവൾക്ക് ഒരു ബെല്ലും ബ്രെക്കും ഇല്ലാത്തതാ... നീ ഇത് പതുക്കെ എടുക്കാൻ പറ്റോ എന്ന് നോക്ക്.. ഞാൻ കൈ പിടിച്ചു വെക്കാം... " അപ്പു അവളുടെ കൈ മുറുക്കെ പിടിച്ചു കുട്ടൻ പെട്ടന്ന് തന്നെ അത് വലിച്ചൂരി... " കഴിഞ്ഞു... സംഭവം കിട്ടി.. ഇനി കരയണ്ട.. " അവള് പിന്നെയും കരയാൻ തുടങ്ങി. " ഒരെണ്ണം അങ്ങട് തന്നാൽ ഉണ്ടല്ലോ. നിർത്തെടി കരച്ചില്.. ഓരോന്ന് ചെയ്യുമ്പോൾ ആലോചിക്കണം.... കിന്നാരം അവൾക് കുറച്ചു കൂടുതലാ... " അപ്പു പറഞ്ഞതും അവളുടെ കരച്ചിലിന്റെ ശക്തി കൂടി. " കല്ലൂച്ചി പതുക്കെ... അച്ഛൻ വന്നാൽ ഇപ്പൊ അടി കിട്ടും... " ആദിക്ക് പേടിയാകാൻ തുടങ്ങി. " കല്ലൂ.... വാ മ്മക്ക് അതൊക്കെ കഴുകാം വാ... എടാ അപ്പൂ കുളത്തിന്റെ സൈഡിൽ ഒക്കെ മുറിവോട്ടി ഉണ്ട് അത് പറിച്ച് വെക്കാം പെട്ടന്ന് മാറും... " കുട്ടനവളുടെ കൈ പിടിച്ചു. അപ്പു നോക്കിയപ്പോൾ കാലിൽ കൂടെ ചോര ഒലിച്ചിറങ്ങുന്നുണ്ട്... " എടാ അവിടെ നിൽക്ക്... " അപ്പു " എന്താ? " " അത് നോക്ക്... കാല് മുറിഞ്ഞിട്ടുണ്ട്... അതാ ചോര ഒലിക്കുന്നു... " കുട്ടൻ വേഗം നോക്കി... " ഇതെവിടെയ മുറിഞ്ഞേ... കല്ലോ... പറാ... " കുട്ടൻ " മുട്ടിനു.. "

അവള് ഏങ്ങിക്കൊണ്ട് പറഞ്ഞു... അപ്പോഴേക്കും മിനി വിരിച്ചിട്ട തുണിയെടുക്കാൻ അങ്ങോട്ട് വന്നു.. " എന്താ എല്ലാരും ഇവിടെ ഒരു കൂട്ടമായി നിൽക്കുന്നെ...? " " ഒന്നൂല്യ അമ്മേ... അമ്മ പൊയ്ക്കോ.... " അജു അത് പറഞ്ഞപ്പോൾ തന്നെ അവർക്ക് ഉറപ്പായി എന്തോ പറ്റിയിട്ടുണ്ടെന്ന്. പോരാത്തതിന് കല്ലു ഒന്നും മിണ്ടുന്നുമില്ല.. അവര് അവളുടെ അടുത്തേക് ചെന്നു.. " ഇതെന്തേ.... എന്താ മോളെ... എന്തിനാ കരയുന്നെ...? " " മാമി അവള് വീണു " കുട്ടൻ. " എവിടെ? " " കിണറിന്റെ അവിടെ...." " എന്നിട്ട് എന്താ പറ്റിയത്.... നോക്കട്ടെ... വാ ഇവിടെയിരിക്ക്... കരയല്ലേ.... കരഞ്ഞിട്ട് ഇപ്പൊ എന്താ.... ആദിക്കും അജുനും ഞാൻ തരാം... എപ്പോഴും പറയുന്നതാ ഓടരുത് എന്ന്.... " അവര് രണ്ടും പേടിച്ചു... അവര് പാവാട മുട്ട് വരെ കേറ്റി വച്ചു കാല് മുട്ട് വട്ടത്തിൽ ചെത്തി പോയിട്ടുണ്ട്..... " ന്റെ കുട്ട്യേ... ഇയ്യ് ഇത് എന്താക്കിയതാ?... പോട്ടെ സാരല്യ... " അവരവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു. " എടാ റൂമിൽ ചെന്നിട്ട് ഡെറ്റോളും ആ കോട്ടനും ഒക്കെ എടുത്ത് വാ... വേഗം... വരുമ്പോൾ അച്ഛനേം കൂട്ടിക്കോ... " അജുവും ആദിയും മുഖത്തോട് മുഖം നോക്കി.. " പാപ്പനോട് പറയണ്ടാ.... " അതും പറഞ്ഞു അവള് കരച്ചിലിന് ശക്തി കൂട്ടി.. " ഇല്ലാ പറയുന്നില്ല... ഇതെടുത്തു വാ വേഗം.. " രണ്ടാളും അതെടുക്കാൻ ഓടി.. അവര് കുട്ടനൊരു തട്ട് കൊടുത്തു.

" പോത്തുപോലെ ആയില്ലേടാ... പിള്ളേരുടെ ഒപ്പം നീയും കൂടിട്ടല്ലേ ഇപ്പൊ ഇത് പറ്റിയെ? " ഇത് എങ്ങനെ മനസിലായി എന്നോർത്തു അവൻ ഇളിച്ചു... " അപ്പൂന്റെ കൂടെ മൂന്നെണ്ണവും ഓടി കളിക്കില്ല... ഓടിയാൽ അവന്റേന്ന് നല്ലത് കിട്ടുമെന്ന് ഇവർക്കറിയാം നീ ചുക്കാൻ പിടിച്ചിട്ടല്ലേ? " " ചീത്ത പറയണ്ടാ.... എല്ലാരും കേക്കും... " കല്ലു കരഞ്ഞു പറഞ്ഞതും മേമ നിർത്തി. ജയനിത് ജനലിന്റെ ഉള്ളിൽകൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടിരുന്നു.. അയാൾ വേഗം അങ്ങോട്ട് പോയി നോക്കി. മിനി ഡെറ്റോൾ വച്ചു അവിടെ ക്‌ളീൻ ചെയ്യുകയാണ് അവള് എരിവ് കടിച്ചുപിടിച്ചു നിൽക്കുന്നുണ്ട്.ഇടയ്ക്ക് കരയുന്നുമുണ്ട്. " എന്താ.... എന്താ പറ്റിയത്... ഇതെന്തേയ്.... ഏഹ്... " ജയന്റെ ഒച്ച കേട്ടതും അജുവും ആദിയും കുട്ടന്റെ ബാക്കിലെക് നിന്നു. " ഇവിടെ വീണതാ.... " " നല്ലോണം പറ്റിയിട്ടുണ്ടല്ലോ വാ ഹോസ്പിറ്റലിൽ പോയിട്ട് ടി ടി എടുത്ത് വരാം... " " നിക്ക് പോണ്ടാ..... നിക്ക് സൂചി പേടിയാ.... പോണ്ടാ .... മേമേ..... പറാ..... പോണ്ടാ ......" " കരയണ്ട പോവണ്ട ന്നാൽ.... അജൂനും ആദിക്കും ഞാൻ തരാം വീട്ടിലേക് നടക്ക്.... കേറി പോടാ.... " ജയൻ ഒച്ചയെടുത്തതും രണ്ടെണ്ണവും ഓടി. മുറിവൊക്കെ നന്നായി ഒപ്പിയെടുത്തു... കണ്ണ് പിന്നെയും തുടച്ചു കൊടുത്തു. "മോള് കുളിക്ക്... ന്നിട്ട് മേമ മരുന്ന് വെച്ച് തരാം... വേഗം ചെല്ല്...

" അവളെ കൈ പിടിച്ചു കുളിമുറിയിലേക് ആക്കി. വേഗം അവള് കുളിച്ചു വന്നു. മുറിവിലെ വെള്ളമൊക്കെ ഒപ്പിയെടുത്തു അവിടെ മരുന്ന് തേച്ചു കൊടുത്തു... ഞൊണ്ടി ഞൊണ്ടി അവള് ഉമ്മറത്തേക്ക് ചെന്നു. എല്ലാവരും അച്ഛമ്മയുടെ അടുത്തുണ്ട്. കല്ലു പറയണ്ട എന്ന് പറഞ്ഞതോണ്ട് അവരോട് വീണത് പറഞ്ഞില്ല.... " നിക്ക് വീട്ടിൽ പോണം... " " മേമ ചായ തരാം അത് കുടിച്ചിട്ട് പോകാം... " അവര് വേഗം ചെന്ന് എല്ലാവർക്കുമുള്ള ചായ കൊണ്ടുവന്നു.. നല്ല വീതിയുള്ള കൊലായി ആയതുകൊണ്ട് എല്ലാവരും അവിടെ തന്നെ ഇരുന്ന് കുടിക്കാൻ തുടങ്ങി.. " ഇതെന്തേ കല്ലൂന്.... മിണ്ടാതെ അടങ്ങി ഇരിക്കുന്നുണ്ടല്ലോ? " " നിക്ക് ഒന്നൂല്യ അച്ഛമ്മേ... " " എന്തേയ് പിള്ളേരോട് അടി ഉണ്ടാക്കിയോ...? " " ഇല്ലാ.... ഞാനൊന്ന് ചായ കുടിക്കട്ടെ... " " നിനക്കെന്താ ചെകുത്താൻ കൂടിയോ? " അവള് മുഖം ചുളിച്ചു... " നീയെന്തിനാ കുട്ട്യേ ന്നെ നോക്കി പേടിപ്പിക്കുന്നെ...? " " അമ്മമ്മേ അവളൊന്ന് വീണായിരുന്നു അതാ ഇങ്ങനെ... " കുട്ടൻ " എവിടെ... ന്നിട്ട് എന്താ പറ്റിയത്?" അവര് വേഗം അവളുടെ അടുത്തേക് ചെന്നു. " എവിടെയാ പറ്റിയെ കാണിക്ക് " " അമ്മേ കാലിന്റെ മുട്ടിനാ... " മിനി വേഗം പറഞ്ഞു. അവര് പാവാട പൊന്തിച്ചു നോക്കി... " ന്റെ ദേവ്യേ.... നിനക്ക് കാലിന് എപ്പോഴാ ഇറച്ചി വെക്ക? എന്നും ഇതെന്നെ... എത്ര പറഞ്ഞാലും മനസിലാകില്ല...

ഇപ്പൊ ആരാ ഈ വേദന സഹിക്കേണ്ടത്... നീ തന്നെ അല്ലേ.... ഈ പ്രായത്തില് പെങ്കുട്ടിയോൾ ഇങ്ങനെ വീഴുന്നത് നല്ലതല്ല.... ഇനി ഓടോ? " ഇല്ലാന്ന് അവള് തലയാട്ടി.. അപ്പോഴേക്കും സന്ധ്യ ആവാറായിട്ടുണ്ടായിരുന്നു.ചായ കുടിച് ഗ്ലാസ്സവിടെ വെച്ച് അവളെണീറ്റു. അപ്പുവും കൂടെ ഇറങ്ങി. കുട്ടൻ പോവാൻ നോക്കിയെങ്കിലും അജുവും ആദിയും അവന്റെ കയ്യിൽ തൂങ്ങി അവനെ പോകാൻ സമ്മതിച്ചില.. അവള് വളരെ പതിയെ ആണ് നടക്കുന്നത്... ഇത്തിരി നടക്കും പിന്നെ നിൽക്കും അങ്ങനെ.... അവിടുന്ന് ഒരു പത്തുമിനിട്ടുണ്ട് വീട്ടിലേക്.അവള് രണ്ടടി നടന്നു അവിടെ നിൽക്കാൻ തുടങ്ങി. അപ്പു വേഗം വന്നു അവളെ എടുത്തു നടക്കാൻ തുടങ്ങി.. " നീയ്യേ ഈ എട്ടേ പത്തെ വച്ചു നടന്നു അവിടെ എത്തുമ്പോഴേക്കും നാളെ നേരം വെളുക്കും... " ആദ്യമൊന്ന് പകച്ചെങ്കിലും പിന്നെ അവളവന്റെ കഴുത്തിൽ കൂടെ കയ്യിട്ട് പിടിച്ചു... " നീയെന്തായാലും ഭക്ഷണം മര്യാദക് കഴിക്കാത്തത് നന്നായി സുഖമായിട്ട് എടുത്ത് നടക്കാൻ പറ്റുന്നുണ്ട്... " അവനെടുത്തത് ഇഷ്ടമായെങ്കിലും കാലിന് പാവാട തട്ടുമ്പോൾ നീറ്റലുണ്ടായത് കാരണം അവൾക്കെന്തോ ആ യാത്രയുടെ ത്രില്ല് പോയ പോലെ തോന്നി...വീട്ടിലെത്തുമ്പോൾ അച്ഛനും അമ്മയും പുറത്തിരിക്കുന്നുണ്ട്. " ഇങ്ങോട്ട് വാടി... നിനക്ക് ഞാൻ തരാം...

എന്തിനാ അപ്പൂനെ കൊണ്ട് എടുപ്പിച്ചെ..? " അവളവന്റെ കഴുത്തിലെ മുറുക്കം ഒന്നൂടെ കൂട്ടി. അവൻ വേഗം പടിയിൽ കൊണ്ട് ചെന്ന് ഇരുത്തി. " നോക്കട്ടെ എവിടെയാ പറ്റിയെ? അച്ഛൻ നോക്കട്ടെ.. " സുധാകരൻ ചോദിച്ചതും ഗീതയ്ക്കു ദേഷ്യം വന്നു. " കുറച്ചൂടെ താഴ്മയായി ചോദിക്ക്... പെണ്ണിനെ തലയിൽ കേറ്റി വച്ചിട്ടാ ഇത്ര കുരുത്തക്കേട്... ഒന്നാണെങ്കിലും ഒലയ്ക്കക്ക് അടിക്കണം എന്ന് പഴമക്കാർ പറയുന്നത് വെറുതെ അല്ല...എവിടെയാടി മുറിഞ്ഞത്? " അവള് കാല് കാട്ടി കൊടുത്തു.. " വേഗം മാറ്റ്... ഹോസ്പിറ്റലിൽ പോകാം.. " " നിക്ക് പോണ്ട സൂചി വെക്കും... " " അതൊന്നൂല്യ... ഇത് മരുന്ന് കുടിച്ചില്ലേൽ പഴുക്കും പിന്നെ നിന്റെ കാല് മുറിക്കേണ്ടി വരും.... " അവളൊന്ന് അയാളുടെ മുഖത്തേക്ക് നോക്കി..... " ഞാൻ കാര്യമായിട്ട പറയുന്നേ.... അല്ലേടാ അപ്പൊ? " അവൻ അതേന്ന് തലയാട്ടി... " ചെല്ല് വേഗം... അപ്പൂം കൂടെ പോരെ... ഇയ്യ് ഇവിടെ നോക്കി നിൽക്കാതെ ഓളെ ഒന്ന് മാറ്റിക്ക്... " " ഇങ്ങോട്ട് എണീറ്റ് വാടി... മനുഷ്യനെ മെനക്കെടുത്താൻ ഓരോന്നു ഒപ്പിക്കുന്നത്... " അവള് മെല്ലെ എണീറ്റു... വേഗം മാറ്റി വന്നു.മൂന്ന് പേരും കൂടി ഹോസ്പിറ്റലിൽ പോയി. ബൈക്കിൽ സുധാകരന്റെയും അപ്പുവിന്റെയും നടുവിലാണ് കല്ലു ഇരുന്നത്... ഡോക്ടറെ കാണിച്ചപ്പോൾ ടി ടി എടുക്കണം എന്ന് പറഞ്ഞു.

അതുകേട്ടതും അവളവരുടെ രണ്ടുപേരുടെയും മുഖത്തേക്ക് ദയനീയമായി നോക്കി... രണ്ടാളും അത് കണ്ടഭാവം നടിച്ചില്ല. അപ്പു ആണ് ഇൻജെക്ഷൻ റൂമിലേക്കു ഒപ്പം ചെന്നത്.. ഇൻജെക്ഷൻ വെക്കാൻ വന്നതും അവള് കരയാൻ തുടങ്ങി... " അയ്യേ.... മോശമാട്ടോ ഇത്രേം വലുതായിട്ടും ഇങ്ങനെ കരയുന്നെ.... ഒരു ചെറിയ വേദന അല്ലേ ഉള്ളൂ... " നേഴ്സ് ഒരു മയത്തിൽ പറഞ്ഞു നോക്കി " വേണ്ടാ... നിക്ക് പേടിയാ... " അവള് കൈ വലിച്ചു. എന്ത് ചെയ്യും എന്ന ഭാവത്തിൽ അവര് അപ്പുവിന്റെ മുഖത്തേക്ക് നോക്കി. " കൈ വച്ചു കൊടുക്ക്... എടീ ആളെ നാണം കെടുത്തല്ലേ പ്ലീസ്... " അവള് കണ്ണ് മുറുക്കെ ചിമ്മി. അവര് പെട്ടന്ന് ഇൻജെക്ഷൻ എടുത്തു... അപ്പു ഇരുന്ന് തടവികൊടുക്കാൻ തുടങ്ങി.. അവളുടെ അച്ഛന് അത്യാവശ്യം ആരെയോ കാണാൻ ഉണ്ടെന്നും പറഞ്ഞു അവരെ അവിടെയാക്കി പോയി... കുറച്ചു കഴിഞ്ഞതും കല്ലു അപ്പുവിന്റെ ഷോൾടറിലേക്ക് തല ചായ്ച്ചു കിടന്നു.............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story