❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 5

Chekuthante pennu

രചന: ആര്യ പൊന്നൂസ്

അവള് കണ്ണ് മുറുക്കെ ചിമ്മി. അവര് പെട്ടന്ന് ഇൻജെക്ഷൻ എടുത്തു... അപ്പു ഇരുന്ന് തടവികൊടുക്കാൻ തുടങ്ങി.. അവളുടെ അച്ഛന് അത്യാവശ്യം ആരെയോ കാണാൻ ഉണ്ടെന്നും പറഞ്ഞു അവരെ അവിടെയാക്കി പോയി... കുറച്ചു കഴിഞ്ഞതും കല്ലു അപ്പുവിന്റെ ഷോൾടറിലേക്ക് തല ചായ്ച്ചു കിടന്നു....കുറേ നേരം ഇരുന്ന് കരഞ്ഞതുകൊണ്ട് അവള് ഉറങ്ങി.... അരമണിക്കൂർ കഴിഞ്ഞതും അവളുടെ അച്ഛൻ വന്നു... " മോളെ.... എണീക്ക്.... വാ പോകാം... " . അയാള് വിളിച്ചതും അവള് വേഗം കണ്ണ് തുറന്നു.. ചെറിയൊരു പനിക്കോള് ഉണ്ട്.. അത് ഉണ്ടാകും എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് അവര് കാര്യമാക്കിയില്ല.... വീട്ടിലെത്തിയപ്പോൾ അമ്മിണിയും കുട്ടനും അവരെയും കാത്തിരിക്കുന്നുണ്ട്...മുറിവ് ഉള്ളതോണ്ട് ഇത്തിരി ബുദ്ധിമുട്ടിയാണ് വണ്ടിയിൽ നിന്നും ഇറങ്ങിയത്.. പതുക്കെ തിണ്ണയിൽ വന്നിരുന്നു.. " കല്ലേ ഇന്ന് ഇയ്യ് എവിടുത്തെ മണ്ണാ ടെസ്റ്റ്‌ ചെയ്തത്?? " അമ്മിണി ഇത്തിരി കളിയായി ചോദിച്ചു.. അവളൊന്നും പറയാതെ ഒന്നവളെ നോക്കി.. " ഇന്ന് കിണറ്റിൻ കര ആയിരുന്നു ഏരിയ... " കുട്ടൻ തമാശ മട്ടിൽ തന്നെ പറഞ്ഞു... " എന്നാ പിന്നെ അവിടെ തറവാട് മൊത്തം കവർ ചെയ്ത് കഴിഞ്ഞല്ലോ... ഇത് മാറിയിട്ട് മ്മക്ക് വേറെ സ്ഥലം നോക്കാം... ഇല്ലെങ്കിൽ കുറച്ചു സ്ഥലം വാങ്ങാം മണ്ണ് ടെസ്റ്റ്‌ ചെയ്ത് നോക്കാൻ.... "

" പോടി....ഇയ്യ് അന്റെ എബിനെ കൊണ്ടുവന്നു ടെസ്റ്റ്‌ ചെയ്തോ... " ദേഷ്യവും സങ്കടവും വന്നാൽ അവള് എന്തെങ്കിലുമൊക്കെയാണ് വിളിച്ചു പറയാ എന്ന് എല്ലാർക്കും അറിയാം. അവളിത് പറയും എന്ന് അമ്മിണി തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. അത് കേട്ടതും അമ്മിണി ഒന്ന് ഇളിഞ്ഞു മിണ്ടാതെ ഇരുന്നു. " ഹായി അമ്മിണിയേച്ചിക്ക് ഇന്നിനി ഒന്നും വേണ്ടാ നന്നായി വയറു നിറഞ്ഞല്ലോ... ഇന്നത്തെ കോട്ട കഴിഞ്ഞുട്ടോ അമ്മിണിയേച്ചിയെ... " അമ്മിണി ഒന്നും മിണ്ടാതെ അവിടെ ഇരുന്നു. അപ്പൂന്റെ കയ്യിൽ ആയിരുന്നു അവളുടെ മരുന്ന് അവനത് അവൾക്ക് കൊടുത്ത് വീട്ടിലേക്ക് നടന്നു.അവളവിടുന്ന് പയ്യെ എണീറ്റ് വീട്ടിലേക്ക് കയറി.. " എടാ കുട്ടാ ഇയ്യ് ണ്ടോ വീട്ടിലേക്ക്.. " " വെറുതെ എന്തിനാ അവളെ ഇപ്പൊ ചൊറിയാൻ നിന്നത് അതുകൊണ്ടല്ലേ അവള് കേറി മാന്തിയത്... " " ഈ..... ഞാനെ ഒന്ന് തണുപ്പിക്കാൻ വേണ്ടി പറഞ്ഞതാ... " " അവള് നന്നായി തണുത്തു... " അവര് കഥയും പറഞ്ഞു അങ്ങോട്ട് നടന്നു. കുട്ടന് ഉറപ്പായിരുന്നു അവന്റെ വായിൽനിന്ന് എന്തെങ്കിലും അമ്മിണി പറഞ്ഞപോലെ വന്നാൽ കല്ലു തേച്ചൊട്ടിക്കും എന്ന് അതുകൊണ്ടാണ് അമ്മിണി വിളിച്ചപ്പോൾ തന്നെ അവൻ പോയത്..

തിരിച്ചു വന്നപ്പോൾ കൂടെ അപ്പുവുമുണ്ട് അവൾക്ക് എങ്ങനെ ഉണ്ടെന്ന് അറിയാൻ വന്നതാണ് അവൻ.. മുറ്റത്ത് എത്തിയപ്പോൾ നല്ല ബഹളം ആണ് കല്ലുവും കണ്ണനും തമ്മിൽ.. " ഊരെടി എന്റെ ഷോർട്സ്... ഇയ്യ് ആരോട് ചോദിച്ചിട്ട ഇത് ഇട്ടത്.... അമ്മേ ഒന്ന് പറാ ഇവളോട് ഇത് ഊരാൻ... " " ഞാൻ മുറിവ് മാറിയിട്ട് അനക് തരാം... അനക് വേറെയും ഉണ്ടല്ലോ ഇത് മാത്രമല്ലല്ലോ ഉള്ളത്.... ഇയ്യ് വേറെ ഇട്ടോ... " " കണ്ണാ ഇന്ന് ഓളത് ഇട്ടോട്ടെ.... പാവാട ഇട്ടാൽ മുറിവിന് തട്ടും അതോണ്ടല്ലേ... " അമ്മ പറഞ്ഞെങ്കിലും അവനത് മൈൻഡ് ചെയ്തില്ല. " നിക്ക് ഇത് വേണം... കഴിഞ്ഞ തവണ മുറിവ് പറ്റിയപ്പോൾ ഇതേപോലെ ഷോർട്സ് കൊടുത്തതാ അതിവള് നാശമാക്കിയിട്ടാ തിരിച്ചു തന്നത്... " " ഞാൻ തരൂലാ.... ഇത് നിക്ക് വേണം... ഞാൻ അനക് കേടാക്കാതെ തന്നോളാം... " " മര്യാദക്ക് ഊരിക്കോ... ഇല്ലേൽ അന്റെ മോന്തക്ക് കുത്തും ഞാൻ.... " അതും പറഞ്ഞു കണ്ണൻ കൈ ഓങ്ങി.. അവള് വേഗം അകത്തു കേറി കതകടച്ചു... " കണ്ണാ അച്ഛൻ ഇങ്ങോട്ട് വരട്ടെ.... അച്ഛന്റെന്ന് നിനക്കാ ചീത്ത കേൾക്കാ... അറിയാലോ നിനക്ക് " അപ്പോഴേക്കും കുട്ടനും അപ്പുവും അങ്ങോട്ട് കേറി വന്നു. " എന്താ മാമി ഇവിടെ... എന്ത് ബഹളാ കണ്ണാ " " ഇയ്യ് ഇത് ആരോടാ കുട്ടാ പറയുന്നത്... എല്ലോടത്തും ഉണ്ട് മക്കള് ഇവിടേം ഉണ്ട് രണ്ടെണ്ണം...

ഇങ്ങനെ രണ്ട് സാധനങ്ങൾ... അവൾക്ക് വയ്യാതെ ആയാൽ അത്രയും നാറിയ സ്വഭാവം ആയിരിക്കും എന്ന് ഇവനറിയാം.... എന്നാൽ അതിനനുസരിച്ചു നിൽക്കണ്ടേ....." " എന്താണ് കണ്ണാ.... നിനക്കൊന്ന് വിട്ട് കൊടുത്തൂടെ.... നിന്നെക്കാൾ ഇളയത് അല്ലേ...? " കുട്ടൻ ചോദിച്ചതിന് അവൻ മറുപടിയൊന്നും പറഞ്ഞില്ലാ. കല്ലു അപ്പോഴേക്കും വാതിൽ തുറന്നു അവള് ഷോർട്സ് മാറ്റി പാവാട തന്നെ എടുത്തിട്ടിരുന്നു.. " ഇന്നാ അന്റെ ഷോർട്സ്.... ഇയ്യ് അതുടുക്ക്... " അവളതു അവന്റെ മേലേക്ക് എറിഞ്ഞു കൊടുത്തു... അവൻ നോക്കിയപ്പോൾ ഷോർട്സ് രണ്ട് കഷ്ണമാക്കി മുറിച്ചിട്ടുണ്ട്. കുട്ടനും അപ്പുവിനും ചിരിയാണ് വന്നത്. കണ്ണന് നല്ല ദേഷ്യം വന്നതും അവനവിടുന്ന് എണീറ്റ് പോയി അവളുടെ മുടി പിടിച്ചു വലിച്ചു.അവള് അലറാൻ തുടങ്ങി. കുട്ടനും അപ്പുവും എന്ത് ചെയ്യും എന്നറിയാതെ പരസ്പരം നോക്കി..... അലർച്ച കേട്ട് അമ്മ അടുക്കളയിൽ നിന്ന് ഓടി വന്നു.. " കണ്ണാ.... വിടെടാ.... ഓൾക് അല്ലെങ്കിലേ വയ്യാത്തതാ.... " കല്ലു ഇതിനിടയിൽ അവന്റെ കൈ പിടിച്ചു കടിച്ചു... വേദനയായതും അവൻ മുടി വിട്ടു... " പെണ്ണേ ചെക്കന്റെ കൈ.... വിടെടി.. " അവള് കടി വിടാഞ്ഞത് കണ്ടപ്പോൾ അവര് അവളുടെ കയ്യിലടിച്ചു... കറക്റ്റ് ഇൻജെക്ഷൻ വെച്ച സ്ഥലത്ത് തന്നെ.... അതൂടെ ആയപ്പോൾ അവളുടെ കണ്ണ് നിറഞ്ഞൊലിക്കാൻ തുടങ്ങി...

" അച്ഛൻ ഇങ്ങോട്ട് വരട്ടെ.... അന്നെ ഞാൻ ശരിയാക്കി തരാം.... പട്ട്യേ..... " കരഞ്ഞോണ്ടാണ് അവള് കണ്ണനോട് അത് പറഞ്ഞത്... അവന്റെ കയ്യിൽ അവളുടെ പല്ലിന്റെ പാട് തെളിഞ്ഞു കാണാം.....അച്ഛൻ വന്നാൽ എന്തായാലും നല്ലത് കിട്ടും എന്ന് അവനു ഉറപ്പായിരുന്നു. അവനെ ചെയ്തതും കാണിച്ചതും ഒന്നും ഉണ്ടാകില്ല അവൻ വേദനയാക്കിയത് മാത്രേ കണക്കിൽ പെടൂ......അവൻ വേഗം ഫോണും ചാർജറും എടുത്ത് തറവാട്ടിലേക്ക് പോയി.. കുട്ടനും അപ്പൂനും wwe കണ്ട ഒരു പ്രതീതി ആയിരുന്നു...അമ്മ വേഗം അവളുടെ കൈയിൽ അടിച്ച സ്ഥലത്ത് ഉഴിയാൻ തുടങ്ങി. " ന്നെ തൊടണ്ട.... ഇങ്ങളെ മോൻ ഉഴിഞ്ഞു കൊടുക്ക്... " അതും പറഞ്ഞു അവള് കൈ തട്ടി മാറ്റി അകത്തു ചെന്ന് കിടന്നു.. എന്താ ഇപ്പൊ വേണ്ടത് എന്ന ചിന്തയിലായിരുന്നു അപ്പുവും കുട്ടനും. " ഇതിറ്റിങ്ങളെ പറഞ്ഞിട്ട് കാര്യമില്ലാ...." കുട്ടൻ വേഗം കല്ലുവിന്റെ അടുത്തേക്ക് പോകാൻ ഒരുങ്ങിയതും അപ്പു അവന്റെ കൈയിൽ പിടിച്ചു. " ഇയ്യ് എങ്ങോട്ടാ കുട്ടാ? " " അല്ല.... അവള് കരഞ്ഞു കിടക്കല്ലേ.... എണീപ്പിക്കാൻ..... " " വേഗം ചെല്ല് കണ്ണന് കിട്ടിയതിന്റെ ബാക്കി നിനക്ക് ഇപ്പൊ കിട്ടും.... ഇപ്പൊ ആര് അങ്ങോട്ട് ചെന്നാലും കടിച് കീറാൻ നിൽക്കും അതല്ലേ ഞാൻ പോലും അടങ്ങി ഇവിടെ നിൽക്കുന്നത്.... " " അപ്പൊ ഇന്നിനി എണീക്കില്ലേ? "

" മാമൻ വന്നാലേ ഇനി എണീക്കു... " " അതപ്പു പറഞ്ഞത് ശരിയാ.... ഇനി ഓൾടെ അച്ഛൻ വന്ന് പുന്നാരിപ്പിച്ചാലെ എണീക്കൂ അത് വരെ അവിടെ കിടക്കും... " അവര് പിന്നെ അവിടെ നിന്നില്ല വേഗം ഇറങ്ങി. കുട്ടൻ തറവാട്ടിലേക്ക് പോയി.... രാവിലെ അപ്പു എണീറ്റ് നോക്കിയപ്പോൾ കണ്ണനും കുട്ടനും ജോഗിങ്ങിന് പോകുന്നത് കണ്ടു. അവൻ വേഗം മുഖം കഴുകി അങ്ങോട്ടേക്ക് പോയി നോക്കി.. മാമൻ പണിക്ക് പോകാനിറങ്ങുന്നുണ്ട്. അപ്പൂനെ കണ്ടതും കുറച്ചു നേരം സംസാരിച്ചു അയാൾ പോയി. അപ്പു വേഗം അകത്തേക്ക് നടന്നു. കല്ലുവിന്റെ റൂമിലേക്കു നോക്കിയപ്പോൾ വാതില് ചാരി വച്ചിട്ടുണ്ട്. അവൻ അടുക്കളയിലേക് പോയി.... മാമി അടുക്കളയിൽ തിരക്കിലാണ്. " എന്താ അപ്പൂ കാലത്ത് തന്നെ? " " കല്ലൂന് എങ്ങനെയുണ്ട്? " " ഇത് വരെ എണീറ്റിട്ടില്ല... ചെറുതായിട്ട് പനിക്കുന്നും ഉണ്ട്....മോനൊന്ന് വിളിച്ചോക്ക്... മരുന്നൊക്കെ കുടിക്കാൻ ഉള്ളതല്ലേ... " അവൻ വേഗം അങ്ങോട്ട് പോയി വാതില് തുറന്നു. ചെയറെടുത്തു അവളുടെ തലവച്ച ഭാഗത്തേക്ക്‌ ഇട്ട് അതിൽ ഇരുന്നു... മുഖത്തേക്ക് പാറിവീണ തലമുടി ഒതുക്കി കൊടുത്തു.

" കല്ലോ.... കല്ലൂ.... എണീക്ക്.... മതി കിടന്നത്.... കല്ലൂ.... കല്ലൂ... " അവൻ പതിയെ തട്ടി.... അവള് ഉറക്കത്തിൽ തന്നെയാണ്. " കല്ലൂ.... എണീക്കെന്ന്... ഡോ.... എണീക്ക്... " അവൻ തട്ടലിന് ശക്തി കൂട്ടി... അവള് കൈ തട്ടി മാറ്റി.. " കുറച്ചൂടെ അച്ഛാ.... " ഉറക്കത്തിന്റെ സ്ട്രോങ്കിൽ ആരാണ് എന്നൊന്നും നോക്കാതെയാണ് അത് പറഞ്ഞെ.... അത് കേട്ടതും അവനൊന്നു ചിരിച്ചു. " അച്ഛനല്ലെടി.... എണീക്ക് നീയ്യ്.... " അവള് പതിയെ കണ്ണ് തുറന്നു. അപ്പുവിനെ മുന്നിൽ കണ്ടതും അവള് കണ്ണ് ഒന്നുകൂടി അടച്ചു തുറന്നു അവള് പ്രതീക്ഷിച്ചത് കണ്ണനോ കുട്ടനോ എങ്ങാനും ആകും എന്നാണ്... " എണീക്കെടി.... നീയെന്താ എന്നെ ഇങ്ങനെ നോക്കുന്നെ ആദ്യമായിട്ടാണോ കാണുന്നെ? " അവളൊന്നൂല്യ എന്ന് ആക്ഷൻ കാണിച്ചു. മെല്ലെ എണീറ്റ് കട്ടിലിലേക് ചാരി ഇരുന്നു. " ഇപ്പൊ നീറ്റലുണ്ടോ? " " ചെറുതായിട്ട്.... " " നോക്കട്ടെ മുറിവ്... " അവള് പതിയെ പാവാട മുട്ടിലേക് കേറ്റി വക്കാൻ നോക്കി അപ്പോഴാണ് പാവാട മുറിവിൽ ഒട്ടിപിടിച്ചത് കണ്ടത്... അവള് മുഖം ചുളിച്ചു...അവന്റെ മുഖത്തേക്ക് നോക്കി.. " പതിയെ നീ തന്നെ എടുക്കാൻ നോക്ക്...

വേറെ ആരേലും എടുത്താൽ വേദനിക്കും... " അവള് മെല്ലെ മെല്ലെ അത് എടുത്തു.. അവൻ നോക്കിയപ്പോൾ ചുകന്ന് കിടക്കുന്നുണ്ട്. അവനൊന്നു ചിരിച്ചു... " ഇപ്പൊ ഞാൻ പറഞ്ഞത് എന്തായി? " അവള് എന്ത് എന്ന ഭാവത്തിൽ അവനെ നോക്കി. " എടീ നീ ചെറിയ കുട്ടിയാണെന്ന്... അത് ശരിയല്ലേ? ഇങ്ങനെ അങ്ങോട്ട്‌ ചാടി ഇങ്ങോട്ട് ഓടി പിള്ളകളിയും കളിച് നടക്കുന്ന നിന്നെ ഞാൻ എന്ത് ധൈര്യത്തിൽ ആണ് ഇഷ്ടപ്പെടാ... i mean നീ ഉദ്ദേശിച്ചത്.... ഇതേപോലെ അതും കുട്ടിക്കളി അല്ല എന്ന് എന്താ ഉറപ്പ്? നിനക്ക് കുട്ടിക്കളി ആണേൽ പിന്നെ ഞാൻ സങ്കടപെടേണ്ടി വരില്ലേ? എന്താ ഒന്നും മിണ്ടാത്തെ? " " കുട്ടിക്കളി ഒന്നുമല്ല.... " " പിന്നെ? " " ഞാൻ സീരിയസ് ആയിട്ടാ പറഞ്ഞത്... " " ശരിക്കും...?" " ഉം..... " " ന്നാ ഇനി കുട്ടിക്കളി ഇത്തിരി കുറയ്ക്കണം..... പിള്ളേരുടെ കൂടെയുള്ള ഈ ഓട്ടവും വീഴലും അത് നടക്കോ... അങ്ങനെ ആണേൽ നമുക്ക് നോക്കാം... എന്തു പറയുന്നു..... " അവള് മറുപടി ഒന്നും പറയാതെ തല താഴ്ത്തി... " കല്ലൂ പറാ....... " അവള് തലയാട്ടി....അവനൊന്നു ചിരിച്ചു.. " നിന്റെ കയ്യിലെ മുറിവ് എന്തായി... നോക്കട്ടെ ഒന്ന്... " അവള് വേഗം കൈ നീട്ടി.അവൻ പിടിച്ചു നോക്കി.. " വേദനയുണ്ടോ? " " ചെറുതായിട്ട്.... " അവൻ കൈപിടിച്ച് ചുണ്ടുകൾ പതിയെ ആ ഉള്ളം കയ്യിൽ അമർത്തി.അവൾക്ക് ഇക്കിളിയായി.

അവള് കൈ പതിയെ വലിക്കാൻ നോക്കി.. " ഉം എന്തേയ്??? ഇനി വേദന വേഗം മാറിക്കോളും ട്ടോ " അവൻ അവിടുന്ന് എണീറ്റ് പുറത്തേക്ക് നടന്നു. അവൾക്ക് അത്ഭുതം ആണ് തോന്നിയത്. അവനെ തന്നെ നോക്കിയതും അവൻ തിരിഞ്ഞു നിന്ന് രണ്ടുകണ്ണുകളും ഒന്ന് ചിമ്മി. അവളുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു... അപ്പോഴേക്കും കുട്ടനും കണ്ണനും അങ്ങോട്ട് വന്നു. " ഇയ്യ് രാവിലെ ഇങ്ങ് പോന്നോ? " കുട്ടൻ " എടാ അത്... ഇവൾക്ക് എങ്ങനെ ഉണ്ട് എന്നറിയാൻ വന്നതാ.... " കണ്ണന്നൊന്നും മിണ്ടാതെ കല്ലുവിന്റെ അടുത്തേക്ക് പോയി. അവരുടെ സംസാരം കുട്ടനും അപ്പുവിനും കേൾക്കാമായിരുന്നു. " കല്ലൂ ഇപ്പൊ വേദന കുറവുണ്ടോ? " " ഉം..... ഏട്ടന്റെ കൈ കാണിക്ക് നോക്കട്ടെ " അവൻ വേഗം കൈ കാണിച്ചു കൊടുത്തു. അവളുടെ പല്ലിന്റെ പാട് മാഞ്ഞു തുടങ്ങിയിരുന്നു.. " വേദന ഉണ്ടോ? " " ഇല്ലാ... എനിക്കൊന്ന് ടി ടി അടിക്കണം.... ചിലപ്പോൾ പേ ഇളകിയാലോ... ഇടയ്ക്കിടെ കടിക്കുന്നത് അല്ലേ? " " പോടാ.... " " നീ എണീക്കുന്നില്ലേ... മരുന്നൊക്കെ കുടിക്കാൻ ഉള്ളതല്ലേ... എണീറ്റോ... പോയി പല്ല് തേക്ക്... " " ന്നെ അങ്ങോട്ട് എടുക്കോ.... അപ്പുറത്താ ബ്രെഷോക്കെ... " കണ്ണൻ വേഗം അവളെ എടുത്തു പുറത്തേക് നടന്നു... " ഇന്ത്യയും പാകിസ്ഥാനും ഒന്നായോ? " കുട്ടൻ

" പോടാ... പോടാ.... ഞങ്ങളെ കളിയാക്കിയാൽ കിട്ടും നിനക്ക്... അല്ലേ മോളെ... " " അതെന്നെ തരാം കുട്ടേട്ടന്.... " " ന്റമ്മോ ഒരു ആങ്ങളയും പെങ്ങളും.... ഇന്നലെ എന്തായിരുന്നു രണ്ടെണ്ണവും കടിച്ചുകീറാൻ നിൽക്കായിരുന്നു... " കുട്ടൻ അതിത്തിരി അസൂയയോടെ ആണ് കണ്ടത്.. ഒറ്റ മോൻ ആയതിന്റെ വിഷമം അവനു ഇപ്പൊ കുറച്ചൂടെ കൂടി. അപ്പു അവന്റെ തോളിൽ കയ്യിട്ടു.. അപ്പോഴാണ് ഗീത എല്ലാവർക്കുമുള്ള ചായ അവിടെ കൊണ്ടുവെക്കാൻ വന്നത്.. അവരുടെ മുഖത്ത് സന്തോഷമായിരുന്നു.. " അപ്പൂ കുട്ടാ.... കൈ കഴുകി ഇരിക്ക്.... " അവര് വേഗം കൈ കഴുകി വന്നിരുന്നു. അപ്പോഴേക്കും പല്ലുതേപ്പും മറ്റും കഴിഞ്ഞു കണ്ണനും കല്ലുവും അവിടെ എത്തി... അവരൊരുമിച്ചിരുന്നു ചായ കുടിച്ചു.... അത് കഴിഞ്ഞതും അപ്പു പോകാൻ ഇറങ്ങി. " എടാ അപ്പൂ.... നമുക്ക് കുളത്തിൽ പോയി ഒന്ന് നീന്തി കുളിച്ചാലോ? " അവൻ തലയാട്ടി. " എടാ കണ്ണാ..... വാ.... " " ഞാൻ ഇല്ലെടാ... കുറച്ചു പരിപാടി ഉണ്ട്... ഇയ്യ് വിട്ടോ... " കണ്ണൻ വേഗം അകത്തേക്കു പോയി അപ്പു കൂടെയുള്ളത്കൊണ്ടാണ് അവൻ ഒഴിഞ്ഞതെന്ന് കുട്ടന് മനസിലായി.. " കുട്ടേട്ടാ ഞാനും ഉണ്ട്.... " കുട്ടൻ ആയിക്കോട്ടെ എന്ന് വിചാരിച്ചു അങ്ങോട്ട്‌ ചെന്നു അവളെ കൂട്ടാൻ . അപ്പു അവളെയൊന്ന് നോക്കി പേടിപ്പിച്ചു. " എടാ കുട്ടാ... നീയിത് എന്ത് അറിഞ്ഞിട്ടാ അവളെ കൂട്ടാൻ നിൽക്കുന്നെ? " " അല്ലെടാ അവള് വരണം എന്ന് പറഞ്ഞത്.. " " ഡീ നിനക്ക് ഇന്നലെ വീണ് കിട്ടിയതൊന്നും പോരെ...

. ഇനി ഇവിടുന്ന് ഇത് മാറാതെ തുള്ളിചാടി അങ്ങോട്ടേങ്ങാനും പോയാൽ നിന്റെ മുട്ട് കാല് തല്ലിയൊടിച്ചു ഇവിടെയിടും ഞാൻ... കേട്ടോടീ.... അവളുടെ ഒരു കിന്നാരം... അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നോ.. " അത് കേട്ടിട്ടാണ് അവളുടെ അമ്മ വന്നത്..അവളുടെ കണ്ണിൽനിന്നും വെള്ളം ഒലിക്കുന്നുണ്ട്. " ഇയ്യ് എന്തിനാടി കരയുന്നത്... ഞാൻ നിന്നെ തല്ലിയിട്ടൊന്നും ഇല്ലല്ലോ... തുടയ്ക്കെടി.... എന്ത് പറഞ്ഞാലും ഇരുന്ന് മോങ്ങിക്കോളും.... " അവള് വേഗം കണ്ണ് തുടച്ചു. നേരത്തെ സ്നേഹത്തോടെ സംസാരിച്ച ആള് ഇത് തന്നെയാണോ എന്നായിരുന്നു അവളുടെ സംശയം. " നന്നായിട്ടുണ്ട്.... നിനക്ക് ഒരാളെയും പേടിയില്ല അതാ നീ ഇങ്ങനെ ആയത്... അപ്പൂ വേണേൽ തല്ലിക്കോ....ഇവിടുന്ന് ആരും നിന്നെ അതിന് ഒന്നും പറയില്ല... ഇവൾക്ക് നാലെണ്ണത്തിന്റെ കുറവുണ്ട്...." അവളമ്മയെ ഒന്ന് കനപ്പിച്ചു നോക്കി.അവര് വേഗം അടുക്കളയിലേക്ക് നടന്നു കുട്ടൻ അപ്പോഴേക്കും മുറ്റത്തേക്കിറങ്ങി... " ഇയ്യ് മരുന്ന് കുടിച്ചോ? " ഇല്ലാന്ന് അവള് തലയാട്ടി... " പിന്നെ അതൊക്കെ കാണാൻ കൊണ്ടുവച്ചതാണോ? അത് കുടിക്കാൻ സമയം കിട്ടിയില്ല... കുളത്തിൽ ഇറങ്ങാനാ ഓൾക്ക്.. പോയി കുടിക്കെടി... " അവള് വേഗം അവിടുന്ന് എണീക്കാൻ നോക്കി. " മരുന്ന് എവിടെയാ പറാ ഞാൻ എടുത്തു തരാം...

" അപ്പോഴാണ് മരുന്ന് കുടിക്കാനുള്ള മടി കാരണം കട്ടിലിന്റെ അടിയിലേക് വലിച്ചെറിഞ്ഞത് അവൾക്ക് ഓർമ വന്നത്. അവൻ ചോദിച്ചതും അവള് പേടിച്ചവന്റെ മുഖത്തേക്ക് നോക്കി.. " ഞാൻ എടുത്തു കുടിച്ചോളാം അപ്പുവേട്ടൻ പൊയ്ക്കോ... ഇപ്പൊ ചായ കുടിച്ചിട്ടല്ലേ ഉള്ളൂ ഞാൻ ശർദ്ധിക്കും ഇപ്പൊ തന്നെ മരുന്ന് കുടിച്ചാൽ.." " നീ ശർദിച്ചാലും കുഴപ്പല്യ... എവിടെയാ മരുന്ന്... എന്താടി നിനക്കൊരു കള്ളത്തരം? " " ഒന്നൂല്യ... ഞാൻ കുടിച്ചോളാം എന്ന് പറഞ്ഞില്ലേ പിന്നെ എന്താ? " " മരുന്നെവിടെടി? പറഞ്ഞോ ഇല്ലേൽ നിനക്കിപ്പോ കിട്ടും... പറയെടി... " " കട്ടിന്റെ അടിയിൽ ഉണ്ട്... " അവൻ കണ്ണുകളുരുട്ടിയതും അവള് പേടിച് പറഞ്ഞു.. അവൻ വേഗം ചെന്ന് കട്ടിന്റെ അടിയിലേക്ക് നൂർന്നു മരുന്നെടുത്തു... അവൻ തന്നെ അതൊക്കെ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു വെള്ളവും എടുത്ത് കൊടുത്തു. " കുടിക്ക്... " അപ്പു കൈ കെട്ടി അവളുടെ മുന്നിൽ നിന്നു. അവന്റെ മുഖത്ത് ദേഷ്യം മാത്രേ കാണാൻ കഴിഞ്ഞുള്ളു അവൾക്. അവള് കുട്ടനെ നോക്കി... അവൻ ഞാനീ നാട്ടുകാരൻ അല്ലേ എന്ന ഭാവത്തിൽ നിൽക്കുകയാണ്.. അവള് വേഗം അത് കുടിച്ചു... കുടിച്ചു കഴിഞ്ഞതും അവനവളുടെ കയ്യിൽ നുള്ളി.. കണ്ണ് നിറയുന്നുണ്ട്.. അവനത് മൈൻഡ് ചെയ്തില്ല. കൈ എടുത്ത് അവിടെ നോക്കിയപ്പോൾ ചുവന്നു തണർത്തിട്ടുണ്ട്....

അവനും കുട്ടനും വേഗം അവിടുന്നിറങ്ങി നടന്നു.... ********* കല്ലു കൈ ഞൊടിച്ചപ്പോഴാണ് അവൻ ഞെട്ടിയത്. " എന്താ അപ്പുവേട്ടാ... കണ്ണ് തുറന്ന് ദിവാ സ്വപ്നം കാണാണോ? " കുസൃതിയോടെ അവളത് ചോദിച്ചതും അവനവളുടെ തലയ്ക്കൊരു കൊട്ട് കൊടുത്തു. " ഇങ്ങനെയാണേൽ അപ്പുവേട്ടൻ എന്നെ കല്യാണം കഴിക്കേണ്ടി വരില്ല അതിന് മുൻപ് ഞാൻ ചത്തുപോകും... എന്തൊരു വേദനയാക്കൽ ആണ്.. " " എടീ ഞാനെ... നമ്മുടെ പഴയ കാര്യങ്ങളൊക്കെ ഇങ്ങനെ ആലോചിക്കുകയായിരുന്നു.. " " ഓഹോ.... അപ്പുവേട്ടാ... ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ? " " ആദ്യം നീ ചോദിക്ക്... എന്നിട്ടല്ലേ ബാക്കി... " " അപ്പുവേട്ടനും കണ്ണേട്ടനും തമ്മിൽ എന്താ പ്രശ്നം? " " അത് നീ നിന്റെ ഏട്ടനോട് ചോദിക്ക്... " " ഏട്ടനോട് ചോദിച്ചപ്പോൾ ന്റെ തലയ്ക്കു കൊട്ടി... " " നന്നായെ ഉള്ളൂ... " " പറാ... " " നീ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട... ഞാൻ നല്ലൊരു മൂഡിലാ... നീ ആയിട്ട് അത് കളയാൻ നിൽക്കണ്ട... " അവള് ഒന്ന് പുച്ഛിച്ചു. " എന്താടീ...? കിട്ടണോ നിനക്ക്... " " ന്റെ പൊന്നപ്പുവേട്ട ഒരു ദിവസമെങ്കിലും എന്നെ ചീത്ത പറയാതിരിക്കാൻ കഴിയോ... അപ്പുവേട്ടന് ന്നെ ചീത്ത പറയാതിരുന്നാൽ ഉറക്കം വരില്ലേ? " " എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ? നീയായിട്ട് പറയിപ്പിക്കുന്നത് അല്ലേ... ഞാൻ ഒന്നും പറയണ്ടാ എന്ന് വിചാരിച്ചാലും നീ കൊണ്ടേ പോകൂ എന്ന മട്ടിൽ നിൽക്കും... പിന്നെ ഞാൻ എന്ത് ചെയ്യാനാ...? അതൊക്കെ പോട്ടെ ഇന്ന് ഏതാ ദിവസം...? " അവളൊന്ന് അവന്റെ മുഖത്തേക്ക് നോക്കി... " ഇന്ന് ശനിയാഴ്ച... " " ഒരൊറ്റൊന്ന് അങ്ങ് തന്നാൽ ഉണ്ടല്ലോ....കളിയാക്കാണോ നീ " അവൻ കൈ ഓങ്ങിയതും അവള് രണ്ടു കവിളും കൈകൊണ്ട് പൊത്തി............... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story