❣️ദക്ഷ ❣️: ഭാഗം 10

Daksha Ponnu

രചന: പൊന്നു

ഒടുവിൽ കണ്ണുകൾ അതിന്റെ ഇണയെ കണ്ടെത്തി. അവൾക്ക് എതിർ വശത്തായുള്ള വരാന്തയിൽ നിൽക്കുന്നുണ്ട് അവളുടെ പ്രണയം. ഇരുവർക്കുമിടയിലുള്ള അകലം വലുതാണ്. രണ്ട് വരാന്തകൾക്കിടയിലാണ് ഓഡിറ്റോറിയം. അവനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി. അവനും ആരെയോ തിരയുന്നുണ്ട്. ശിവ കാണാതിരിക്കാൻ വേണ്ടിയവൾ അടുത്തുള്ള തൂണിനുമറവിലേക്ക് നീങ്ങി നിന്നു. ഒളിക്കണ്ണിട്ട് നോക്കികൊണ്ട് തന്നെ........ തൂണിനുമറവിലൂടെ ഇടയ്ക്കിടയ്ക്ക് നോക്കുമ്പോഴും അവന്റെ അടുത്തായി നിൽക്കുവാൻ കൊതി തോന്നി. "നീയിത് ആരെ വായിനോക്കുവാ...?" അരികിലായി ആൺ ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി. അജ്മലിനെ കണ്ടതും മുഖം മാറി. അവൾക്കടുത്തായി നിൽക്കുന്ന ഐഷുവിനെ നോക്കി. അവൻ വന്നതറിഞ്ഞിട്ടും ഒന്നും അറിയാത്തതുപോലെ നിൽക്കുന്നുണ്ട്. ഇനിയും വേദനിക്കാൻ ചിലപ്പോൾ ആ പെണ്ണിന് ശക്തിയുണ്ടാവില്ലായിരിക്കാം. "ഞാൻ ആരെയും നോക്കീല വെറുതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി നിന്നു അത്രേ ഉള്ളു. നീ എവിടെ പോകുവാ..." " ഞാൻ ചുമ്മാ ഇതിലെ നടന്നതാ.... അപ്പോഴാ നീ ആരെയോ അങ്ങോട്ട് നോക്കി നിൽക്കണ കണ്ടേ... അതാ ചോയിച്ചേ.... ശരിയെന്ന.... വായിനോട്ടം നടക്കട്ടെ... ഞാനായിട്ടിനി മുടക്കീന്ന് വേണ്ട..... "

അതും പറഞ്ഞവൻ മൂന്നോട്ട് രണ്ട് ചുവടുകൾ വെച്ചതും എന്തോ മറന്നത് പോലെ മുന്നോട്ടു വെച്ച കാലുകൾ പിന്നിലേക്ക് വലിച്ചു. ഐഷു അപ്പോഴും സ്റ്റേജിലേക്ക് നോക്കി നിൽപ്പാണ്.മിഴികളിൽ എവിടെയോ നനവ് പടർന്നിരുക്കുന്നുവെന്നവൾ തിരിച്ചറിഞ്ഞു. """സോറി... """ വലതു ചെവിക്കരികിലായ അവന്റെ ആർദ്രമായ സ്വരം കേട്ടവൾ തറഞ്ഞു നിന്നുപോയി. ചെറുചിരി ചുണ്ടിൽ ഒളിപ്പിച്ചവൻ മുന്നിലേക്ക് നടന്നു നീങ്ങി. അവൾ തിരിഞ്ഞു നോക്കിയില്ല. മനസ്സിനേറ്റ മുറിവ് കേവലം ഒരു വാക്കുകൊണ്ട് ഉണങ്ങുന്നതല്ല. ഒരുപക്ഷെ ഇനി ഒരിക്കലും ആ പഴയ പ്രണയം അവളിലുണ്ടാവില്ല... ശിവയുടെ കണ്ണുകൾ അവിടമാകെ ആരെയോ തിരഞ്ഞു. കാണാതെയായതും നിരാശയോടെ നിന്നിടത്തുനിന്നും പിറകിലേക്ക് മാറി, വരാന്തായിലൂടെ നടന്നു.ഇതെല്ലാം കണ്ടുകൊണ്ടിരിക്കെ ദക്ഷയ്ക്ക് ചിരിയാണ് വന്നത്.അവനിലെ ഓരോ ഭാവങ്ങളും ആ കണ്ണിന്റെ ചലനവുമത്രയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവൾക്കേറെ പ്രിയപ്പെട്ടതായിതീർന്നിരിക്കുന്നു. അവനെങ്ങോട്ടേക്കാണ് പോകുന്നതെന്നറിയാൻ ദക്ഷ അവനെ തന്നെ നോക്കി നിന്നു. ആഡിറ്റോറിയത്തെ ചുറ്റപ്പെട്ടു കിടക്കുന്ന വരാന്തയിലാണ് ഇരുവരും നിന്നിരുന്നത്. നിന്നിടത്തുനിന്നും നടന്നുകൊണ്ടവൻ അവൾക്കരികിലൂടെ കടന്നുപോയി.

അവളിലെ പ്രണയം തിരിച്ചറിയാതെ, കണ്ണുകൊണ്ട് ആരെയോ തിരഞ്ഞുകൊണ്ട്..... പരിപാടിയെല്ലാം കഴിഞ്ഞ് ക്ലാസ്സിലിരിക്കുമ്പോൾ ഒരു അധ്യാപിക കയറി വന്നു. "ഗുഡ് മോർണിംഗ്.... ഞാനിവിടെ ആദ്യമായിട്ടാണ്. നിങ്ങളുടെ റാം സാറിന് എറണാകുളത്തേക്ക് മാറ്റം കിട്ടി. അതിനുപകരമായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. എന്റെ പേര് സുചിത്ര. വീട് ആലപ്പുഴ ആണ്. ബാക്കിയൊക്കെ നമുക്ക് വഴിയേ പരിചയപ്പെടാം. ഇപ്പൊ 9.C ക്ലാസ്സിലെ കുട്ടികൾ കുറവായതുകൊണ്ട് അവിടുത്തെ കുട്ടികളെ നിങ്ങള്ടെ ക്ലാസ്സിലും അതുപോലെ തന്നെ 9. B ക്ലാസ്സിലും ആയിട്ട് പകുതി വീതം ആക്കിയിട്ടുണ്ട്...." അധികം പ്രായം തോന്നിക്കാത്ത ടീച്ചർ പറയുമ്പോൾ ക്ലാസ്സിലെ എല്ലാവരും വാതിലിലേക്ക് നോക്കി. കുറച്ചുകുട്ടികൾ അവിടെ കൂടി നിൽക്കുന്നുണ്ട്. മുഖം ശരിക്കും കാണാനാകാത്തതിനാൽ ആരൊക്കെയാണെന്ന് അറിയാനുമാവുന്നില്ല. "Ok കയറി ഇരിക്കു... " ടീച്ചർ പറഞ്ഞതും ഓരോരുത്തരായി അകത്തേക്ക് കയറി. മൂന്നാമതു കയറിയ ആളെ കണ്ടതും ദച്ചുവും ആയിഷയും ഒരുപോലെ ഞെട്ടി പരസ്പരം നോക്കി. "ഇവനോ...." ആയിഷ ഞെട്ടലിൽ പറഞ്ഞത് ഒരൽപ്പം ഉച്ചത്തിലായി. ക്ലാസ്സിൽ നല്ല ബഹളം ഉണ്ടായത്തിനാൽ അധികമാരും കേട്ടില്ലെങ്കിലും അവളിരുന്നതിനു തൊട്ടുമുൻപിലെയും പിറകിലെയും കുട്ടികൾ കേട്ടു.

"നീയിത് എല്ലാരെയും അറിയിക്കോടി കൂതറെ.... " "ഈ..... സോറി ഡി. അറിയാതെ... പെട്ടെന്ന് കണ്ടപ്പോ.... നീ ഞെട്ടീലെ... അല്ലാ...പ്രതിമ കണക്കിരിക്കുന്നു..." " പിന്നേ..... ഒട്ടും ഞെട്ടീല.... ന്റെ ഹാർട്ട് ഇപ്പൊ പൊട്ടും... " ക്ലാസ്സിലേക്ക് കയറിവരുന്നവനിൽ നിന്നും കണ്ണെടുക്കാതെയവൾ മറുപടി പറഞ്ഞു. തീരെ പ്രതീക്ഷിക്കാത്ത മുഹൂർത്തം. ക്ലാസ്സിലാകെ അവൻ കണ്ണുകളോടിച്ചു. ദക്ഷ അപ്പോ തന്നെ മുഖം മറച്ചിരുന്നു. "ദേവ്യേ.... ഇവനെ ഈ ക്ലാസ്സിൽ നിന്നൊന്ന് പറഞ്ഞു വിടോ.... " അവളുടെ മനസ്സിലെ പ്രാർത്ഥന ദൈവം താൽകാലികമായി തള്ളിക്കളഞ്ഞു. അവളുടെ ജീവിതമാകെ മാറ്റിയേക്കാമെന്ന് ഒരുപക്ഷെ ദൈവം കരുതിയിട്ടുണ്ടാകും. കുനിഞ്ഞിരുന്നെങ്കിലും അവനെ കാണാനുള്ള തിടുക്കത്തിൽ അവൾപോലുമറിയാതെ മുഖമുയർത്തി നോക്കി.ക്ലാസ്സിലാകെ അലഞ്ഞുനടന്ന അവന്റെ കണ്ണുകൾ കൃത്യമായി അവളെ കാണുകയും ചെയ്തു. "അയ്യോ.... കണ്ട്.... " സ്വയം നാക്കുകടിച്ചവൾ മുഖം താഴ്ത്തിയിരുന്നു. "നീ നോക്കിക്കോ... മിക്കവാറും അവൻ നമ്മുടെ ബഞ്ചിന്റെ ഓപ്പോസിറ്റോ അല്ലെങ്കിൽ ആ മൂന്നാമത്തെ ബഞ്ചിലോ ഇരിക്കും. പാവം ചെക്കന് നിന്നെ എന്നാലല്ലേ കാണാൻ പറ്റുള്ളൂ........ ഹാ.... ഇനിയിവിടെ എന്തൊക്കെ നടക്കുവോ എന്തോ.... "

ഒരൽപ്പം കളിയാക്കൽ സ്വരം കലർന്നിരുന്നു ആയിഷയുടെ വാക്കുകൾ.... "പിന്നേ.... ഒന്നുപോടി... അവൻ മിക്കവാറും പിറകിലോ മുന്നിലോ പോയി ഇരിക്കത്തെ ഉള്ളു.... " രണ്ടു സൈഡിലായി ഇട്ടിരുന്നവയിൽ പെൺകുട്ടികളുടെ സൈഡിൽ, പിറകിൽ നിന്നും രണ്ടാമത്തെ ബഞ്ചിലാണ് അവളിരുന്നത്. ആൺകുട്ടികളുടെ സൈഡിൽ നിന്നും പിറകിൽ നിന്നും മൂന്നാമത്തെ ബഞ്ചിലായി അവനിരുന്നതും ദക്ഷയുടെ കണക്കുകൂട്ടലുകൾ ആകെ തെറ്റിപ്പോയി. സീറ്റിൽ ഇരുന്നയുടനെ തന്നെ തല ഒരൽപ്പം ചരിച്ചവൻ പിറകിലേക്ക് നോക്കി. അവനെ നോക്കാനാകാതെ മുഖം താഴ്ത്തിയിരുന്ന ദക്ഷയത് കണ്ടില്ലെങ്കിലും ആയിഷ കണ്ടു. "നോക്കി മോളെ....നോക്കി... ഇവൻ നിന്നെയും കൊണ്ടേ പോകു.... ഒരു സംശയവും വേണ്ടാ....വന്നപ്പോ തന്നെ നോട്ടം ഇങ്ങോട്ടല്ലേ.... നീ നോക്കാൻ വേണ്ടിയാന്ന് തോന്നുന്നു ഇങ്ങനെ നോക്കുന്നെ... എന്നിട്ട് നീ എന്തുവാ ഇങ്ങനെ കുനിഞ്ഞിരിക്കുന്നെ.... പാവം ഡി... ദേ ഇപ്പൊഴും നോക്കി.... അങ്ങോട്ട് നോക്ക്.... കഷ്ട്ടം കിട്ടൂടി നിനക്ക്..." അവന്റെ ഓരോ നോട്ടവും കണ്ടിട്ടാകും ഐഷുവിനു പാവം തോന്നി. "പിന്നേ....... നിനക്ക് അത്രയ്ക്ക് പാവം തോന്നുന്നെങ്കിൽ നീ തന്നെ നോക്കിക്കോ... എനിക്കെങ്ങും വയ്യ.... " അവനിലേക്ക് പാറി വീഴുന്ന മനസ്സിനെയും കണ്ണുകളെയുമവൾ തടഞ്ഞു വെച്ചു.

"Ok... ഞാൻ നോക്കുവേ.... എന്തായാലും എന്നെ നോക്കാൻ ആരൂല്ല... ഇവിടൊരുത്തിയെ ഒരാള് നോക്കുമ്പോ അവൾക്ക് തിരിച്ചു നോക്കാൻ വയ്യ... സാരല്ലാ... ഞാൻ നോക്കിക്കോളാം... അവസാനം ഞാനെങ്ങാനും വളച്ചെടുത്തിട്ട് കരഞ്ഞോണ്ടു വന്നേക്കരുത് പറഞ്ഞേക്കാം... " "ഓഹ്... വരൂല.... പിന്നേ എനിക്ക് വട്ടല്ലേ കരയാൻ... അവനിനി നിന്നെയെന്നല്ല വേറെ ആരെ പ്രേമിച്ചാലും ശരി എന്റെ കണ്ണ് നിറയൂല.... " "നിറയൂലല്ലോ ഉറപ്പല്ലേ.... എങ്കിൽ നോക്കിക്കോ ഞാൻ നിന്റെ ശിവയെ വളച്ചെടുക്കും.... " തമാശയ്ക്കാണെങ്കിലും കൃത്രിമമായി ഗൗരവം നടിച്ചുകൊണ്ട് ആയിഷ പറയുമ്പോൾ അറിയാതെതന്നെ ഉള്ളിലെവിടെയോ ഒരു നോവ് പടർന്നുകയറി. 'അവനെന്റെയാണ്... എന്റെ മാത്രം....' ഉള്ളിലാരോ വിളിച്ചുപറയുന്നത് പോലെ... മാറ്റാർക്കും വിട്ടുകൊടുക്കാനാവാത്തതുപോലെ.... ഒരുപക്ഷെ അവൻ തനിക്ക് സ്വന്തമല്ലെന്നറിഞ്ഞാൽ ഹൃദയം നിലയ്ക്കുമോ....? "ഇനി നീ അവനെ നോക്കിപോവരുത്... ഞാൻ വളച്ചെടുക്കാം നിന്റെ ചെക്കനെ..." ദക്ഷയെ ദേഷ്യം പിടിപ്പിക്കുവാൻ ഓരോന്നായി ഐഷു പറഞ്ഞുകൊണ്ടിരുന്നു. "Ufff........ ആ ചിരിയും നോട്ടവും ഒരു രക്ഷയൂല്ല....... " "ദേ.... നിന്നെ ഞാനെടുത്തു കിണറ്റിൽ ഇടണ്ടേൽ വായും അടക്കി മിണ്ടാണ്ടിരുന്നോ... കുറേ ആയി തുടങ്ങീട്ട്, അവനെ നോക്കാൻ ഇവിടെ ഞാനുണ്ട്.... കേട്ടോടി... "

പറയുമ്പോൾ ദക്ഷയിൽ അല്പം ദേഷ്യം കലർന്നിരുന്നു ഒപ്പം ഭയവും. അവനെ നഷ്ട്ടമായാലോ എന്ന ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.... ക്ലാസ്സിലെ കുട്ടികളോരോരുത്തരും പല പരിപാടികളിൽ മുഴുകി ഇരിക്കുന്നു. രണ്ടുമാസത്തെ വിശേഷങ്ങൾ പറയുന്ന തിരക്കിലാണ് ഓരോരുത്തരും.... ദക്ഷയോടെന്ന പോൽ ആയിഷ ഓരോന്നു പറയുകയും സ്വന്തമായി ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.ചിലരങ്ങനെയാണല്ലോ ഹൃദയത്തെ കീറി മുറിക്കുന്ന നോവുകളിൽ നിന്നും ആശ്വാസം കണ്ടെത്താൻ, മറ്റാരുടെയും സഹായമില്ലാതെ സ്വയം ആനന്ദം കണ്ടെത്തുന്നു. "ഇന്ന് നിങ്ങൾക്ക് ഉച്ചവരെയേ ക്ലാസ്സുണ്ടാകുട്ടോ.... എല്ലാവരെയും വിശദമായിട്ട് നാളെ പരിചയപ്പെടാം, തൽകാലം നമുക്ക് എന്തേലുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാം.... ഉച്ചയ്ക്ക് ഒരുമണിക്ക് നിങ്ങളെ വിടാനാ ഓർഡർ... ഇനിയിമുണ്ട് ഒരുമണിക്കൂർ... അപ്പൊ ആദ്യം നമുക്ക് പാട്ട് പാടി കളിക്കാം ഓക്കേ ആണോ.... " പുതിയ ടീച്ചറിന്റെ സംസാരവും പെരുമാറ്റവുമെല്ലാം കുട്ടികൾക്കൊക്കെയും നന്നായി ബോധിച്ചു. സൗഹൃദപരമായ പെരുമാറ്റം തുടക്കം മുതൽക്കെ കാണിച്ചതിനാലാകും.... "ആരാ ഇവിടെ പാട്ടുപാടാൻ തയ്യാറാവുന്നേ.... " ഓരോരുത്തരും പരസ്പരം നോക്കി. ' ഡാ എണീക്ക് നീ.... പോയി പാട്...' 'എനിക്കെങ്ങും വയ്യ... നീ വേണേൽ പോ....'

'പിന്നേ....നീ തന്നെ പാടിയ മതി.... ടീച്ചറെ ദേ ഇവൻ പാടും....' ക്ലാസ്സിന്റെ ഓരോ മൂലയിൽ നിന്നും ഇങ്ങനെയുള്ള സംസാരങ്ങൾ ഉയർന്നു.ശിവ ഇതിലൊന്നും വലിയ താല്പര്യമില്ലാത്ത മട്ടിൽ ഇരുന്നു. അവന്റെ ചലനങ്ങൾ ഓരോന്നും ശ്രദ്ധിച്ചുകൊണ്ട് അവളും... "ടീച്ചറെ.... ശിവ പാടും.... " അടുത്തിരുന്നവൻ ക്ലാസ്സിലാകെ മുഴങ്ങുന്ന ശബ്ദത്തിൽ വിളിച്ചുപറഞ്ഞതും രണ്ടുപേർ ഒരേപോലെ ഞെട്ടി... ദക്ഷയും ശിവയും... "അയ്യോ.... ഞാൻ പാടാറില്ല ടീച്ചർ.... ഇവൻ വെറുതെ പറയുന്നതാ... " "കള്ളം പറയല്ലേ..... അങ്ങോട്ട് മര്യാദയ്ക്ക് പോയി പാട്.... പാടീലെങ്കിൽ..... ബാക്കി ഇവിടുന്ന് പുറത്തിറങ്ങീട്ട് തരാം...... " ശിവ രക്ഷപ്പെടാനുള്ള അടവ് നോക്കിയെങ്കിലും മറ്റൊരുവനത് തകർത്തു തരിപ്പണമാക്കി... "ഓക്കേ.... ശിവ... വരൂ.... ദേ ഇവിടെ വന്നു പാടിക്കോ.... ഡോ പേടിക്കാതെ വന്നോ.... നമ്മള് കുറച്ചുപേരല്ലേ ഉള്ളു ഇവിടെ... ധൈര്യായിട്ട് വന്നോ.... " പലതും പറഞ്ഞൊഴിയാൻ നോക്കിയെങ്കിലും കൂടെ ഇരുന്നവർ അതെല്ലാം പൊളിച്ചടുക്കി കൈയ്യിൽ കൊടുത്ത്... "നിനക്കൊക്കെ ഞാൻ തരാവേ.... " അവരെ കൂർപ്പിച്ചു നോക്കി പതിയെ പറഞ്ഞുകൊണ്ടവൻ ക്ലാസ്സിലെ മുൻവശത്തായി, കുട്ടികൾക്ക് അഭിമുകമായി നിന്നു. "പാടിക്കോ.... " മടിച്ചു നിൽക്കുന്നവനെ നോക്കി ടീച്ചർ പിന്നെയും പറഞ്ഞു.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story