❣️ദക്ഷ ❣️: ഭാഗം 19

Daksha Ponnu

രചന: പൊന്നു

പതിവില്ലാതെയവൾ കൂടുതൽ സമയം കണ്ണാടിക്കുമുന്നിൽ നിന്നു. എത്ര ഒരുങ്ങിയിട്ടും തൃപ്തി വരാത്തതുപോലെ... ഒരുപക്ഷെ ഓർമയിൽ സൂക്ഷിക്കാൻ പാകമായ ഒരു ദിനത്തിനുള്ള കാത്തിരിപ്പിലാകാം .... ഏറെനാളായി കാത്തിരുന്ന ദിവസം. തന്റെ പ്രണയത്തെ, പ്രാണനായവനെ ഒരുനോക്കു കാണുവാൻ ഒന്ന് സംസാരിക്കാൻ, ഒന്നു ചേർന്നിരിക്കാൻ... ഇടയ്ക്കിടയ്ക്ക് ക്ലോക്കിലേക്ക് നോക്കും ധൃതിയിൽ ഒരുങ്ങും... "ദച്ചുവേ.... നീ പോണില്ലേ... ബസ് കിട്ടോ നിനക്കിനി... വേഗം പോവാൻ നോക്ക്... താമസിച്ചു ചെന്നാ അവസാനം ടി.സി കിട്ടൂല പറഞ്ഞേക്കാം... മണിക്കൂറൊന്നായി അവള് ഒരുങ്ങാൻ കേറീട്ട്.... " "ആ... ദാ പോകുവാ അമ്മാ... " അമ്മയോട് പറഞ്ഞുകൊണ്ട് ഒന്നുകൂടി കണ്ണാടിയിൽ നോക്കി. സാധാരണ ഉള്ളതിനേക്കാൾ കുറച്ചുകൂടി ഭംഗി കുറഞ്ഞതുപോലെ തോന്നിയവൾക്ക്. "ശേ.... ഇന്നെന്താ ഇങ്ങനെയിരിക്കുന്നെ... അല്ലേലും എവിടേലും പോവാൻ നിക്കുമ്പോ കൂതറയായിരിക്കും... ഈ ഡ്രസ്സും ശരിയാവുന്നില്ല... ദൈവമേ.... ഫസ്റ്റ് ഇമ്പ്രെഷൻ കുളമാകോ... " മനസ്സിൽ പറഞ്ഞുകൊണ്ടവൾ ബാഗും എടുത്ത് വേഗത്തിൽ പുറത്തേക്ക് ഇറങ്ങി. "ഡീ... അയ്യേ... ഈ കൊച്ചിന്റെ കാര്യം... നീയീ ലോകത്തൊന്നുമല്ലേ പെണ്ണെ... എവിടെ നോക്കിയാ നടക്കുന്നെ....

ചെരുപ്പ് പൊട്ടീന്നും പറഞ്ഞല്ലേ നീ ഇന്നലെ രാത്രി അച്ഛനെവിട്ട് ഷൂ വാങ്ങിപ്പിച്ചേ... എന്നിട്ടിപ്പോ വീട്ടിൽ ഇടുന്ന സിൽപ്പർ ചെരുപ്പ് ഇട്ടോണ്ട് പോവുന്നോ..... പോയി മാറ്റിയിടെടി... മനുഷ്യനെ നാണം കെടുത്താനായിട്ട്...." ഇറങ്ങി രണ്ട് സ്റ്റെപ് എടുത്തു വെച്ചതും പിന്നിൽ നിന്നും ഷൂ എടുത്ത് മുറ്റത്തേക്ക് ഇട്ടുകൊണ്ട് അമ്മയുടെ അലർച്ച കേട്ടു. അപ്പോഴാണ് ദക്ഷ സ്വയം തന്റെ കാലുകളിൽ നോക്കുന്നത് പോലും. "അയ്യോ.... ഇപ്പൊ എന്റെ മാനം പോയേനെ... താങ്ക്സ് അമ്മാ... പോവാണെ ബൈ... " മാറ്റിയിട്ടുകൊണ്ട് അമ്മയ്ക്ക് കവിളത്തായി ഒരു മുത്തവും നൽകി വേഗത്തിൽ നടന്നു.രാവിലെ മുതൽ തുടങ്ങിയ നെഞ്ചിടിപ്പാണ്.. ഹൃദയത്തിന് കഴിയാവുന്നതിന്റെ പരമാവധി വേഗതയിൽ അവ തുടിച്ചുകൊണ്ടിരുന്നു.അവനെ കാണുന്നതിലുള്ള സന്തോഷം മുഖത്തുണ്ടെങ്കിലും എന്തൊക്കെയോ ഭയം വന്ന് മൂടുന്നതുപോലെ തോന്നിയവൾക്ക്. മനസ്സാകെ അസ്വസ്ഥമായിരുന്നു.തലേദിവസം രാത്രി അവൻ പറഞ്ഞതോർമ വന്നു. "നാളെ കാണുമ്പോ നിന്നെ എനിക്കോ എന്നെ നിനക്കോ ഇഷ്ട്ടായില്ലെങ്കിൽ എല്ലാം നാളെ കൊണ്ട് തന്നെ അവസാനിപ്പിക്കും.... വെറുതെ ഒരു അഡ്ജസ്റ്റ്മെന്റ് അതെനിക്ക് താല്പര്യം ഇല്ല.ജീവിതം ഒന്നേ ഉള്ളു... അത് വെറുതെ കളയുന്നതെന്തിനാ..

ഇഷ്ടപ്പെട്ട് ഒന്നിച്ചു ജീവിക്കണം... ഈ ക്യാമറയിൽ കാണുന്ന പോലെയാവില്ലല്ലോ നമ്മള് നേരിട്ട് കാണാൻ... " കാതിൽ അവന്റെ വാക്കുകൾ മുഴങ്ങി കേട്ടു. ഇന്ന് നേരിൽ കാണുമ്പോൾ തന്നെ ഇഷ്ട്ടമായില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞാൽ താനെന്ന പെണ്ണ് ഇനി ജീവിച്ചിരിക്കില്ല... ഇനിയും അപമാനം താങ്ങുവാനുള്ള ശേഷിയില്ല.... ഏറെ സ്നേഹിക്കുന്നവനിൽ നിന്നും കൂടി കേട്ടാൽ വെന്തു വേണ്ണീറായി പോകും താൻ ... ഒരുപക്ഷെ പിരിയാൻ വിധിച്ചുകാണുമോ... അതാകുമോ എന്നത്തേക്കാലും ഭംഗി കുറവെന്നവൾ ചിന്തിച്ചു. ചെറിയ ഇടവഴിയിലാണ് അവളുടെ വീട്.അവിടെ നിന്നും ബസ് സ്റ്റോപ്പിലേക്ക് ഒരൽപ്പം നടക്കാനുണ്ട്... നടന്നുകൊണ്ട് തന്നെ തോളിൽ കിടക്കുന്ന നീണ്ട വള്ളികളുള്ള മിനി ഷോ ബാഗിൽ നിന്നും ഫോൺ എടുത്ത് ദർശിന്റെ നമ്പറിലേക്ക് വിളിച്ചു. പെട്ടെന്ന് തന്നെ കാൾ എടുത്തു. അവളാണോ അതോ വീട്ടിലെ ആരെങ്കിലുമാണോ വിളിക്കുന്നതെന്നറിയാത്തത് കൊണ്ട് തന്നെ അവനൊന്നും മിണ്ടിയില്ല.അവനിൽ നിന്നും പ്രതികരണമില്ലാത്തതിന്റെ കാരണം മനസ്സിലായതും അവൾ തന്നെ സംഭാഷണത്തിന് തുടക്കം കുറിച്ച്... "ഹലോ... " "ഹലോ...നീ വീട്ടിൽ നിന്നിറങ്ങിയോ...." "ആ ഏട്ടാ... ഇറങ്ങി... എവിടെയെത്തി..." "ഞാൻ ഇവിടെ നിന്റെ അങ്ങോട്ടേക്ക് വരാൻ ബസ് കാത്തുനിക്കാ... ഇവിടുന്ന് മടത്തറ ടു പാലോട് ബസ് അല്ലെ കേറേണ്ടത്... " "മ്മ് അതെ.... ഏട്ടൻ അവിടുന്ന് കേറീട്ട് ആ ബസിന്റെ പേര് പറയ്....

ഞാനതിൽ കേറാം...അതേയ് എനിക്കെന്തോ പേടിയാവാ.... ഇഷ്ട്ടാവോ എന്നെ.... അഥവാ ഇഷ്ട്ടായില്ലെങ്കിൽ എന്റെ മുഖത്ത് നോക്കി പറയല്ലേ... ഞാൻ ഏട്ടന്റെ കണ്ണ് വെച്ചു കണ്ടുപിടിച്ചോളാം ഇഷ്ട്ടായോ ഇല്ലേന്ന്....ഇഷ്ട്ടായില്ലെങ്കിൽ ഞാനൊരിക്കലും പിന്നെ മെസ്സേജ് ഇടില്ല.... ശല്യായിട്ട് വരേം ഇല്ല. ഞാ... ഞാനായി തന്നെ ഒഴിഞ്ഞുതന്നോളം...." അവളുടെ ഇടറിയ ശബ്ദം കേട്ടതും അവനെന്തോ വല്ലാത്ത സങ്കടം തോന്നി.അവനും പേടിയുണ്ടായിരുന്നു.അവളെ താൻ തന്നെ നഷ്ടപ്പെടുത്തുമോയെന്ന്... "ഏയ്....അങ്ങനെയൊന്നൂല്ലടി... നമ്മള് വീഡിയോ കാളിൽ കണ്ടതല്ലേ... പരസ്പരം മനസ്സിലാക്കിയവരാ... പുറമേ ഉള്ള ഇഷ്ടത്തിലല്ലോ കാര്യം... എനിക്കൊന്ന് നിന്നെ കണ്ടാ മതി... എപ്പോ ബസ് വരോ ആവോ... എത്ര നേരായി നിക്കാണെന്നറിയോ ഇവിടെ... നീയിതുവരെ ബസ് സ്റ്റോപ്പിൽ എത്തീലെ... ജിൻസി കാണോല്ലോ കൂടെ..." "എത്തീട്ടില്ല... അങ്ങോട്ട് നടക്കുവാ... ജിൻസി അവൾടെ സ്റ്റോപ്പിൽ നിന്ന് കേറും.എന്റെ കഴിഞ്ഞ തൊട്ടടുത്ത സ്റ്റോപ്പാ അവൾടെ... പിന്നെ പൊന്നുമോൻ ഫോണിൽ കുത്തി നിന്ന് ബസ് മിസ്സാക്കല്ലേ... അതുപോലെ ബസ് നോക്കുമ്പോ അവിടെ നിക്കുന്ന പെൺപിള്ളേരെ വായിനോക്കിയാലുണ്ടല്ലോ.... " ശാസനയോടെ അവളതുപറയുമ്പോൾ മറുതലയ്ക്കൽ നിന്നും അവന്റെ അടക്കിപിടിച്ച ചിരി കേൾക്കുന്നുണ്ടായിരുന്നു.... "ഇവിടെ ഇത്രേം സുന്ദരി പെൺപിള്ളേരുള്ളപ്പോ ഞാനെങ്ങനാടി നോക്കാതിരിക്കുന്നെ.... കണ്ണ് പറഞ്ഞിട്ട് കേക്കണ്ടേ.... "

"ഓ.... എങ്കിൽ പിന്നെ നോക്കികൊണ്ട് നിന്നോ... നിങ്ങളിങ്ങു വാ മനുഷ്യാ തരാവേ.... " ദേഷ്യത്തോടെയവൾ ഫോൺ വെച്ചുകൊണ്ട് വേഗത്തിൽ മുന്നിലേക്ക് നടന്നു. റോഡിൽ എത്തിയതും ജിൻസിയെ വിളിച്ചുനോക്കി. അവളും വീട്ടിൽ നിന്നിറങ്ങിയിട്ടുണ്ട്. "ഡീ ഇവിടെ നിന്ന് ബോർ അടിക്കുന്നു... ഞാൻ നിന്റെ സ്റ്റോപ്പിലോട്ട് വരുവാ... എത്താറായി... ഞാൻ നിന്നെ കണ്ടു... എന്നെ കണ്ടോ നീ..." കിതച്ചുകൊണ്ടുള്ള അവളുടെ സംസാരം കേട്ടുകൊണ്ട് തന്നെ ദക്ഷ കുറച്ചു ദൂരത്തുനിന്നും നടന്നുവരുന്നവളെ നോക്കി. ദക്ഷയ്ക്കരികിലെത്തും വരെ ഇരുവരും ഫോണിലൂടെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. "ഡീ ദർഷ് എവിടെത്തി വിളിച്ചോ നിന്നെ... വീട്ടിൽ നിന്നിറങ്ങിയോ... അവിടുന്ന് ഇങ്ങെത്താൻ തന്നെ എങ്ങനെ പോയാലും രണ്ട് മണിക്കൂർ പിടിക്കും... " അടുത്തെത്തിയതും ജിൻസിയുടെ വക ചോദ്യമെത്തി. "വിളിച്ചെടി... രാവിലെ ഏഴുമണിക്ക് മുന്നേ കൊല്ലത്തു നിന്ന് വണ്ടികേറിയതാ... ഇങ്ങെത്തിയപ്പോ ഒൻപത് മണിയായി. ഇപ്പൊ അവിടെ ബസ് കാത്തുനിക്കാ അരമണിക്കൂറായി ആ വെയിലത്തുനിക്കാ പാവം... അല്ലാ... നമ്മുടെ കൂടെ വേറെ ആരോ ഉണ്ടെന്ന് പറഞ്ഞിട്ട്... ആരാ അത്.... "

ദക്ഷ ചോദിച്ചതും ജിൻസിയൊന്ന് പരുങ്ങി.ദക്ഷയോട് പറഞ്ഞാൽ ഒരു വഴക്ക് എന്തായാലും ഉറപ്പാണ്.പറഞ്ഞില്ലെങ്കിൽ അതിലും വലിയ പ്രശ്നമായേക്കാം എന്ന് തോന്നിയതും പറയാൻ തന്നെ തീരുമാനിച്ചു. എടീ അത്..... ഞാൻ സ്നേഹിക്കുന്ന ഡിസ്റ്റൻറ്റൻസ് "നിന്നോട് ഇതുവരെ പറയാൻ പറ്റീല....സോറി.... ഞങ്ങള് ഇൻസ്റ്റ വഴിയാ പരിചയം.... മുൻപ് കുറേ തവണ കണ്ടിട്ടുണ്ട്.നിങ്ങളെ പോലെ ലോങ്ങ് ഡിസ്റ്റന്റ് ലവ് ഒന്നൂല്ല.... അവനു കാണാൻ തോന്നുമ്പോ വരും കാണും... അതിനി രാത്രിയെന്നോ പകലെന്നോ പോലും നോക്കാറില്ല... എന്തായാലും നിങ്ങളുണ്ട് അപ്പൊ ഞാൻ വെറുതെ നടക്കണ്ടല്ലോ... അവനും വരാന്ന് പറഞ്ഞു. ഇപ്പൊ മടത്തറ നിൽപ്പുണ്ട്.ദർശിന്റെ നമ്പർ ഞാൻ കൊടുത്തിട്ടുണ്ട് അവര് ഒന്നിച്ചു വരും.... ആ ബസിൽ നമ്മളും കേറിയാ മതി...." ജിൻസി പറഞ്ഞുതീർന്നതും ദക്ഷയവളെ ദേശിച്ചു നോക്കി.ഇത്രയും നാളായിട്ടും തന്നോട് പറയാത്തത്തിലുള്ള വെറുപ്പും ദേഷ്യവും ദക്ഷയിലുണ്ടായി... എന്തോ പറയാൻ നാവുയർത്തിയതും ദൂരെനിന്നും ബസ് വരുന്ന ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കി.അതേസമയം അവളുടെ ഫോണും ശബ്ദിച്ചു. "ഹലോ...ഡി... ഇപ്പൊ വരുന്ന ബസിൽ കേറിക്കോണേ... ഞാനും പിന്നെ ജിൻസിടെ അവനും കാണും ഇതിൽ.പിറക് വശത്തൂടെ കേറണേ..." "ഓക്കേ..." ദർശിന്റെ കാൾ കട്ട് ആയതും ബസ് എത്തിയിരുന്നു. ജിൻസിയുമായി സംസാരിച്ചതിന്റെ ഫലമായിട്ടാവാം ഹൃദയമിപ്പോൾ സാധാരണ ഗതിയിലേക്ക് മാറിയിരുന്നു.ബസ് കണ്ടതോടെ പിന്നെയും ഹൃദയം ശബ്ദിച്ചു തുടങ്ങി.

മുന്നിൽ കൊണ്ട് നിർത്തിയ ബസിൽ ആദ്യം കയറിയത് ജിൻസിയാണ്. രണ്ടുപേർ ഇരിക്കത്തക്ക രീതിയിലുള്ള സീറ്റിലിരിക്കുന്ന ചെറുപ്പക്കാരന്റെ അടുത്തായി ജിൻസിയിരുന്നു.തൊട്ടുമുന്നിലായി മൂന്നു പേർക്കുള്ള സീറ്റിൽ ദർശിരിപ്പുണ്ടായിരുന്നു. വീഡിയോ കാളിൽ കണ്ടിട്ടുള്ളതിനാൽ തന്നെ ആളെ വേഗം അവൾക്ക് പിടികിട്ടി. അവനാണെങ്കിൽ ആരെയും ശ്രദ്ധിക്കാതെ കൈരണ്ടും മാറിൽ പിണച്ചുകെട്ടി മുന്നിലേക്ക് തന്നെ നോട്ടമെറിഞ്ഞിരിപ്പാണ്. സീറ്റിന്റെ ഇങ്ങേ മൂലയിൽ ഇരിക്കുന്ന അവനെ മറികടന്ന് വിൻഡോ സീറ്റിലേക്ക് അവൾ കയറിയിരുന്നു.അപ്പോഴും അവന്റെ നോട്ടം മുന്നിലേക്ക് തന്നെയാണ്.ഒരക്ഷരം പോലും ഉരിയാടാതെ ഒരു നോട്ടം കൊണ്ടുപോലും കടാക്ഷിക്കാതെ ഇരിക്കുന്ന ദർശിനെ കാണേ അവൾക്ക് ദേഷ്യമാണ് വന്നത്.അങ്ങോട്ട് മിണ്ടണമെന്ന് തോന്നിയെങ്കിലും അതിനു മുതിർന്നില്ല. ഇടയ്ക്ക് കണ്ണുകൾ പിറകിലിരിക്കുന്ന ജിൻസിയിലും ആ ചെറുപ്പക്കാരനിലേക്കും എത്തി നിന്നു.പരസ്പരം കൈകൾ കോർത്തു തോളോട് തോളു ചേർന്നിരിക്കുന്നവരെ കണ്ടതും ഒരു കുഞ്ഞസൂയ അവളിൽ ഉടലെടുക്കാതിരുന്നില്ല.... "ഇതെന്താ നിങ്ങള് രണ്ടാളും അന്യരെ പോലെ അങ്ങറ്റവും ഇങ്ങറ്റവുമിരിക്കണേ... എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കടോ..."

ദർശിന്റെയും ദക്ഷയുടെയും ഇരിപ്പ് കണ്ടതും പിറകിലിരുന്ന ചെറുപ്പക്കാരൻ പറഞ്ഞു. "ഏയ് ഒന്നൂലാ ബ്രോ... എനിക്ക് ട്രാവൽ ചെയ്യുമ്പോ സംസാരിക്കാൻ പറ്റില്ല... തലകറങ്ങും അതാ ഒന്നും മിണ്ടാതെ ഇരിക്കുന്നെ..." ചിരിയോടെ മറുപടി പറഞ്ഞുകൊണ്ടവൻ ഒരല്പം മാത്രം നീങ്ങിയിരുന്നു. "ഹായ്..." എന്തെങ്കിലും സംസാരിച്ചേക്കാമെന്ന് തോന്നിയിട്ടാവും മുഖത്തുപോലും നോക്കാതെയവൻ പറഞ്ഞു.തിരികെ അവളും.... അവളുടെ മനസ്സിൽ ഭയമായിരുന്നു.ഇഷ്ട്ടായി കാണില്ലേ തന്നെ... അതാകുമോ ഈ മൗനം... പെട്ടെന്നുണ്ടായ ഒരുൾപ്രേരണയിൽ അവൾ അവനുനേരെ തിരിഞ്ഞു. "ഇഷ്ട്ടായില്ലേ എന്നെ..." ശബ്ദം താഴ്ത്തി അവനുമാത്രം കേൾക്കുവാൻ പാകത്തിന് അവൾ ചോദിച്ചു. "ഇഷ്ട്ടായല്ലോ..." ചിരിയോടെ ഒരൽപനേരം പ്രണയാർദ്രമായി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കികൊണ്ടവൻ മറുപടി പറഞ്ഞു.പിന്നെയും പഴയ പടി മുന്നിലേക്ക് നോക്കിയിരുന്നു...

എങ്കിലും അവളുടെ മനസ്സ് ശാന്തമായില്ല... ഇടയ്ക്കെപ്പോഴോ ബസ് വളവുതിരിഞ്ഞതും അവൻ അറിയാതെ അവളിലേക്ക് ചേർന്നു വന്നു.ഞൊടിയിടയിൽ തന്നെ ആ അടുപ്പം അവൻ ഇല്ലാതെയാക്കി... "സോറി.... ബസ് വളച്ചപ്പോ... " അവനു മറുപടി കൊടുക്കാതെയവൾ ദേഷ്യത്തോടെ മുഖം തിരിച്ചിരുന്നു. ബസ് ഇറങ്ങി സ്കൂളിലേക്കുള്ള റോഡിലൂടെ നടക്കുമ്പോഴും അവനൊന്നും തന്നെ അവളോട് മിണ്ടിയില്ല. പിറകെ മുട്ടിയുരുമ്മി കൈകൾ കോർത്തു നടക്കുന്ന ജിൻസിയേയും അവളുടെ ആളെയും കാൺകെ ദക്ഷയിൽ നോവുയർന്നു.കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ പൊടിഞ്ഞു. അവനടുത്തേക്ക് നീങ്ങി നടന്നതും ദർശ് ഒരൽപ്പം കൂടി മാറി നടന്നു... പിന്നീട് അവളും പോയില്ല അവനെ ശല്യം ചെയ്യാൻ... "ഇഷ്ട്ടായികാണില്ല എന്നെ... മുഖത്തുനോക്കി പറയാൻ വയ്യാഞ്ഞിട്ടാവും ഈ ഒഴിഞ്ഞു മാറ്റം..." ആരും കാണാതെ മെല്ലെ കണ്ണുനീർ തുടച്ചുനീക്കി ഒറ്റയ്ക്കവൾ മുന്നോട്ടു നടന്നു.............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story