❣️ദക്ഷ ❣️: ഭാഗം 21

Daksha Ponnu

രചന: പൊന്നു

"""ഏട്ടാ.......""" അടുത്തേക്ക് പാഞ്ഞുവന്ന കാർ അവനെ ഇടിക്കും മുന്നേ തന്നെ ദക്ഷ ഓടിച്ചെന്ന് അവനെ പിറകിലേക്ക് വലിച്ചു. "നിങ്ങൾക്കെന്താ നോക്കി നടന്നൂടെ...." ദേഷ്യവും സങ്കടവും നിറച്ചവൾ പറഞ്ഞു കൊണ്ട് മുന്നിലേക്ക് നടന്നു ബസ് സ്റ്റോപ്പിൽ പോയി ഇരുന്നു. ദക്ഷയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... തൊട്ടടുത്തായി ചേർന്നാരോ ഇരുന്നതും തിരിഞ്ഞു നോക്കി. ദർശിനെക്കണ്ടതും ഒരൽപ്പം നീങ്ങിയിരുന്നു. പിന്നെയുമവൻ അടുത്തേക്ക് നീങ്ങി ഇരുന്നതും ദക്ഷ അവിടെ നിന്നും എഴുനേറ്റ് മറുവശത്തായി ഇരുന്നു. ദർശിന് വിടാൻ ഉദ്ദേശമില്ലായിരുന്നു. അവൾക്കുപിറകെ അവനും എഴുനേറ്റു. അവൾക്കടുത്തായി ഇരുന്നതും ദക്ഷ ദേഷ്യത്തിൽ അവനെ നോക്കി.... "എന്താ വേണ്ടത്... എന്നെ വേണ്ടാന്ന് പറഞ്ഞതല്ലേ... പിന്നെന്തിനാ ഇപ്പൊ അടുത്തു വന്നിരിക്കുന്നെ.... എന്നെ ഇഷ്ട്ടായില്ലെന്ന് മനസ്സിലായി.... കളയാനും കളയാതിരിക്കാനും വയ്യല്ലേ... എനിക്ക് സങ്കടൊന്നൂല്ല.... വേണ്ടെങ്കിൽ പിന്നെയും ആശകൾ തരരുത്.... അപേക്ഷയാണ്.... " നിറകണ്ണുകളോടെയുള്ള അവളുടെ വാക്കുകൾക്ക് മുന്നിൽ അവനൊന്ന് പതറി. ഇഷ്ട്ടമാണവന് അതൊരിക്കലും അവളെയായിരുന്നില്ല,അവളുടെ മനസ്സിനെ..... തന്നെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന അവളുടെ മനസ്സിനെമാത്രമാണ് സ്നേഹിച്ചത്..

അവളെ വിട്ടുകളയാൻ വേണ്ടിയല്ല പറഞ്ഞതും... താൻ പോയാൽ അവളുടെ പ്രതികരണമറിയാൻ വെറുതെ ചോദിച്ചതാണ്, എല്ലാം ഇവിടെ വെച്ച് നിർത്താമെന്ന്... അതവൾക്കിത്രമാത്രം വേദന നൽകുമെന്ന് അവനൊരിക്കലും കരുതിയില്ല... "ദച്ചൂ.... സോറി.... ഞാൻ വെറുതെ നിന്നെ പറ്റിക്കാൻ പറഞ്ഞതാ... അല്ലാതെയൊന്നൂല്ല.... എനിക്കിഷ്ട്ടാ പെണ്ണേ നിന്നെ.... ഒത്തിരി ഇഷ്ട്ടാ..." അവളുടെ കരം കവർന്നുകൊണ്ടവൻ പറഞ്ഞിട്ടും അവൾക്ക് വിശ്വാസം വന്നിരുന്നില്ല. അവനു മറുപടിയായി ഒരു നോട്ടം പോലും നൽകിയില്ല... ഇരമ്പലോടുകൂടി മുന്നിലായി വന്നുനിന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് അവനൊയൊന്നു നോക്കുക പോലും ചെയ്യാതെ കയറി. പിറകെ തന്നെ ജിൻസിയും രാവിയും അതിനു പിറകെ ദർശും കയറി. തിരക്കില്ലാത്ത ബസ് ആയതിനാൽ ദക്ഷ ഏറ്റവും പിറകുവശത്തെ സീറ്റിലായി ഇരുന്നു. അവൾക്കിപ്പുറം ദർഷും... അവളോട് ചേർന്നിരുന്നതും അവളവന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി. ആ മിഴികളിലെ പ്രണയം താങ്ങാനാകാതെ കണ്ണുകൾ ഉടനടി പിൻവലിച്ചു,

ഏറെ ദേഷ്യത്തോടെ... പെണ്ണിന്റെ പിണക്കം കണ്ടതും ചിരിയോടെയവൻ പുറത്തെ കാഴ്ചകളിലേക്ക് മിഴികൾ നാട്ടിരിക്കുന്നവളെ തോളിലൂടെ കൈ ഇട്ട് തന്നോട് ചേർത്തു പിടിച്ചു. "ഇതുവരെ മാറീലേടി നിന്റെ പിണക്കം... വെറുതെ പറഞ്ഞതല്ലേ... നിന്റെയീ ചിരിക്കാത്ത മുഖം കാണാൻ ഒരു ചേലൂല്ല പെണ്ണേ.... ദേ നോക്ക്... ഇത്രയും ദൂരം ബസ് ഇറങ്ങി കേറി വെയിലും കൊണ്ട് നിന്നെ കാണാൻ വന്നപ്പോ ഇങ്ങനെ പിണങ്ങിയിരുന്നു വെറുതെ സമയം കളയുന്നോ.... അതോ.... നിനക്ക് എന്നെ ഇഷ്ട്ടായില്ലേ...." അവസാനം പറഞ്ഞതിൽ അവളുടെ പിണക്കം പമ്പകടക്കുമെന്ന് കൃത്യമായ ബോധമുണ്ടായിരുന്നവന്... അവൻ മനസ്സിൽ കരുതിയത് പോലെ തന്നെ അവൾ കണ്ണുകളിലേക്ക് നോക്കി. കണ്ണിലിപ്പോഴും നനവുണ്ട്. പെട്ടെന്നുണ്ടായ ഒരുൾപ്രേരണയിൽ തല ഒരൽപമുയർത്തു അവന്റെ കവിളിലായി ചുണ്ടുകൾ ചേർത്തു. അവളിൽ നിന്നും അങ്ങനെയൊരു നീക്കം തീരെ പ്രതീക്ഷിക്കാത്തതിനാൽ ഞെട്ടലോടെ അവളെ നോക്കി. അവന്റെ നോട്ടം കണ്ടാണ് ചെയ്തതെന്താണെന്നവൾക്ക് ഓർമ വന്നത്. വേഗം തന്നെ അവനിൽ നിന്നും വിട്ടുമാറി ലജ്ജയോടെ തലതാഴ്ത്തിയിരുന്നു. "അയ്യേ... എന്ത് പണിയാ ഞാനീ കാണിച്ചേ... ഇനിയെങ്ങനെ ഞാൻ അവന്റെ മുഖത്തുനോക്കും... വേറെ ആരേലും കണ്ടോ ആവോ...

ശേ...." മനസ്സിൽ പറഞ്ഞുകൊണ്ടവൾ ഇടംകണ്ണാലെ അവനെ നോക്കി. ഇപ്പോഴും ഞെട്ടൽ മാറാതെ തലയ്ക്കുചുറ്റും കിളികൾ പറന്നിരിക്കുക തന്നെയാണവൻ... ചുണ്ടിൽ ചെറുചിരിയും ഒളിപ്പിച്ചിട്ടുണ്ട്. പിന്നെയും തലകുനിച്ചു നാണത്തോടെ ഇരുന്നു... "അതേയ്.... ഒന്നൂടെ കിട്ടിയ കൊള്ളാരുന്നു.... " അവന്റെ ചുടുനിശ്വാസം കാതിൽ പതിച്ചതും കോരിതരിപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി. "എന്ത്.... " "ഇച്ചിരി മുന്നേ തന്നില്ലേ... അത്.... അവിടെ തരാൻ വയ്യെങ്കിൽ ദേ ഇവിടെ തന്നാലും മതി." കള്ള ചിരിയോടെ സ്വന്തം ചുണ്ടിൽ തൊട്ടുകാണിച്ചുകൊണ്ടവൻ പറഞ്ഞതും ദക്ഷ അവന്റെ വയറിനിട്ട് ചെറുതായി ഇടിച്ചു.. "വൃത്തികെട്ടവൻ...." അവളവന്റെ തോളിലായി തലചായ്ച്ചു. അവനും ഒരുകൈയ്യൽ അവളെ പൊതിഞ്ഞു പിടിച്ചു... വരുമ്പോൾ അപരിചിതരെ പോലെ സീറ്റിന്റെ ഇരുവശത്തായി ഇരുന്നവരാണ്... തിരികെ മടങ്ങുമ്പോൾ ഒരൽപ്പം പോലും അകലം അവർക്കിടയിലുണ്ടായിരുന്നില്ല. തോളോട് തോൾ ചേർന്ന് കൈകൾ കോർത്തിണക്കി പരസ്പരം പ്രണയം പങ്കിട്ടു.

കുറച്ചുകഴിഞ്ഞതും ദക്ഷ അവന്റെ തോളിൽ നിന്നും എഴുനേറ്റ് അവനെ നോക്കി. നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുപോലെ അവൻ അവളുടെ തോളിലായി തലചായ്ച്ചു... ഏറെ വാത്സല്യത്തോടെ അവളുടെ കൈകൾ അവന്റെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു. "ഇനിയെന്നാ കാണുന്നേ...." "അറിയില്ല...." അവളുടെ തോളിൽ നിന്നും തലയുയർത്തിയവൻ ചോദിച്ചതും അവൾ മറുപടി നൽകി.... "ദച്ചൂ.... " "ന്തോ.... " "ഐ ലവ് യു ഡി...." "ലവ് യു ടു.. " വാക്കുകളിലും നോട്ടത്തിലും ഇരുവരിലും പ്രണയം നിറഞ്ഞിരുന്നു. ഈ നിമിഷം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്നവർ ആഗ്രഹിച്ചു പോയി. ജിൻസിയുടെ സ്റ്റോപ്പ് എത്തിയതും ബൈ പറഞ്ഞുകൊണ്ട് അവളിറങ്ങി. തൊട്ടടുത്ത സ്റ്റോപ്പ് ആണ് ദക്ഷയുടേത്... അവൾക്കെന്തോ പോകാൻ തോന്നിയില്ല... അവളെ വിടാൻ അവനും തോന്നിയില്ല. സ്റ്റോപ്പിനു അടുത്തെത്താറായതും സീറ്റിൽ നിന്നും എഴുനേറ്റ് വാതിലിനടുത്തേക്ക് നടക്കും മുൻപേ അവസാനമായി ദർശിന്റെ കൈതണ്ടയിൽ ഇറുകെ പിടിച്ചു. കണ്ണുകൊണ്ട് പോട്ടെ എന്നു ചോദിച്ചുകൊണ്ടവൾ സ്റ്റോപ്പിൽ ഇറങ്ങി.... റോഡിലൂടെ നടക്കുന്നവളെ ബസിൽ ഇരുന്നുകൊണ്ട് കണ്ണിൽ നിന്നും മറയും വരെ അവൻ നോക്കി. ബസിലെ പിറകിലെ സീറ്റിലിരുന്ന് നോക്കുന്നവനെ അവളും കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കികൊണ്ട് മുന്നിലേക്ക് നടന്നു. ഉച്ചതിരിഞ്ഞു രണ്ടരയോടടുത്ത സമയത്തിൽ അവളെത്തിയെങ്കിലും അവൻ വീട്ടിലെത്തിയത് സന്ധ്യയോടടുത്താണ്...

അത്രയും ദൂരം സഞ്ചരിക്കാനുണ്ട്.... പിന്നെയും പ്രണയം വളർന്നു.... ഓരോ ദിനങ്ങളിലും ഓരോ നിമിഷങ്ങളിലും പ്രണയം ഭ്രാന്തമായികൊണ്ടിരുന്നു.... പ്ലസ് ടു വിന് അത്യാവശ്യം മാർക്ക് ഉള്ളതുകൊണ്ട് തന്നെ പഠിച്ച സ്കൂളിന്റെ തൊട്ടടുത്തായുള്ള കോളേജിൽ അവൾ ആഗ്രഹിച്ചതുപോലെ അഡ്മിഷൻ കിട്ടി. പിന്നീട് നേരിൽ കാണുവാൻ ഇരുവർക്കും രണ്ടുമാസത്തോളം കാത്തിരിക്കേണ്ടി വന്നു.... "ഡീ.... നാളെ നിനക്ക് ക്ലാസുണ്ടാവുമല്ലോ... നീ നാളെ കോളേജ് വിട്ട് വരുമ്പോ പുറത്ത് ഞാനുണ്ടാവും.... എനിക്ക് ആകെ വട്ട് പിടിക്കുന്നു. നിന്നെ കാണാതെ ഇനി സമാധാനം കിട്ടില്ല... ജോലിയിൽ ശ്രദ്ധിക്കാൻ പറ്റണില്ല... പിന്നെയൊന്നും നോക്കീല... നാളെയങ്ങ് ലീവ് എടുത്തു... ഇപ്പൊ കുറേ നാളായില്ലേ കണ്ടിട്ട്...." ഒരിക്കൽ വീഡിയോ കാളിൽ അവൻ പറഞ്ഞതുകേട്ട് അവളാകെ ഞെട്ടി. പിറ്റേന്ന് പറഞ്ഞതുപോലെ തന്നെ അവൻ വരുകയും ചെയ്തു. ഇത്തവണ ഞെട്ടിയത് ദർഷായിരുന്നു... മുൻപ് കണ്ടതിൽ നിന്നും അവളാകെ മാറിപോയിരിക്കുന്നു.... വണ്ണം നല്ലപോലെ കുറച്ചിരുന്നു. ഡ്രസ്സിംഗ് സ്റ്റൈലും അത്യാവശ്യം മാറ്റിയിട്ടുണ്ട്.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story