❣️ദക്ഷ ❣️: ഭാഗം 22

Daksha Ponnu

രചന: പൊന്നു

കോളേജ് വിട്ട് പുറത്തിറങ്ങിയപ്പോഴേക്കും തന്നെ നാലുമണിയോടടുത്തെത്തിയിരുന്നു. കോളേജിൽ നിന്നും ബസ് കയറി മറ്റൊരു സ്റ്റോപ്പിൽ ഇറങ്ങി. "ഇതെവിടെ നിക്കാ... ഞാൻ കണ്ടില്ലല്ലോ...." ചുറ്റും അവനെ തിരിഞ്ഞുകൊണ്ട് ഫോണിലൂടെയവൾ ചോദിച്ചു.... "നീ ഇതെവിടെ നിക്കാ... ഞാനിവിടെ ഒരു ടെക്സ്റ്റൈൽസിന്റെ മുന്നിലിണ്ട് .... " അവനും അവളെ തിരയുന്നുണ്ടെങ്കിലും കാണാനായില്ല.. "എവിടെ.... ഞാനതിന്റെ ഓപ്പോസിറ്റ് നിക്കുവാ... " പറഞ്ഞുകൊണ്ടവൾ ടെക്സ്റ്റൈൽസിന്റെ മുൻവശമാകെ കണ്ണോടിച്ചു. അവനും അവൾ പറഞ്ഞതനുസരിച്ച് എതിർവശത്തേക്ക് നോക്കി. ഇരുവരുടെയും കണ്ണുകൾ ഒരുമിച്ച് ഉടക്കി. അവളെ കണ്ട് അവനൊന്ന് ഞെട്ടാതിരുന്നില്ല... രണ്ടു മാസം കൊണ്ട് അവളാകെ മാറിപോയിരുന്നു. ഇനി തന്റെ കണ്ണിന്റെ കുഴപ്പമാകുമോയെന്ന് ഒരു നിമിഷം അവൻ ചിന്തിച്ചു. അവൾക്കും അതേപോലെ തന്നെ.... എന്തൊക്കെയോ മാറ്റങ്ങൾ അവനിൽ ഉടലെടുത്തതുപോലെ... ഫോൺ ചെവിയിൽ നിന്നും മാറ്റി റോഡ് ക്രോസ്സ് ചെയ്ത് അവൾക്കടുത്തേക്ക് എത്തിയതും അവന്റെ നോട്ടം ആദ്യം പതിഞ്ഞത് പ്രണയം കത്തിജ്വലിക്കുന്ന കണ്ണുകളിലായിരുന്നു... അധികനേരം നോക്കിനിൽക്കാൻ ഇരുവർക്കുമായില്ല. കണ്ണുകൾ പിൻവലിച്ച് ചുറ്റും നോക്കി.

"എത്ര നാളായെടി കണ്ടിട്ട്...ഇപ്പോഴാ ഒന്ന് സമാധാനായെ... ജോലിയിലൊന്നും ശ്രദ്ധിക്കാൻ പറ്റണുണ്ടായിരുന്നില്ല... അതാ പെട്ടെനിങ്ങു പോന്നത്..." അവളൊന്നും മിണ്ടിയില്ല വെറുതെ ചിരിക്കുക മാത്രം ചെയ്തു. ഇടയ്ക്കിടയ്ക്ക് ആരെങ്കിലും പരിചയമുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കുന്നവളെ കണ്ടതും അവന് ചിരിയാണ് വന്നത്... "ഡീ... പേടിയുണ്ടോ...." "മ്മ്.. ഇമ്മിണി... ആരേലും കണ്ടാലോ... അല്ലാ.... നമ്മളെന്തിനാ ഇവിടെ നിക്കുന്നെ... പോവാം... " "നീ പേടിക്കാതെ നോർമൽ ആയിട്ട് നടന്നാ മതി... ഫ്രണ്ട്‌സ് ആണെന്ന് വിചാരിച്ചോളും... വാ പോകാം... " അതും പറഞ്ഞവൻ മുന്നോട്ടു നടന്നെങ്കിലും അവളിൽ ഭയം മാറിയിരുന്നില്ല... സഹോദരങ്ങളായ ഒരാണും പെണ്ണും തന്നെ ഒന്നിച്ചു നടന്നാൽ മറ്റുപലതും വിചാരിക്കുന്നവരാണ് ചുറ്റുമുള്ളത്. എങ്ങോട്ടെന്നില്ലാതെ ഇരുവരും നടപ്പാതയിലൂടെ നടന്നു... റോഡിൽ കൂടി ചീറിപ്പാഞ്ഞുകൊണ്ട് തന്നെ വാഹനങ്ങൾ പോകുന്നുണ്ട്... ഇടയ്ക്കെപ്പോഴോ നടപ്പാതയിലും തിരക്കേറി... സ്കൂൾ കഴിഞ്ഞു വരുന്ന കുട്ടികൾ, ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകാനുള്ള തിരക്കിൽ മറ്റുചിലർ... അങ്ങനെയങ്ങനെ നിരവധി ആളുകൾ... തിരക്കിനിടയിൽ അവൻ പോലുമറിയാതെ കൈകൾ അവളുടെ കൈയ്യുമായി കൊരുത്തു...

ആളുകൾ വന്ന് പോകുന്നതിനിടയിൽ പോലും ആ കൈകളവൻ അടർത്തി മാറ്റിയില്ല. അവൾക്കെന്തുകൊണ്ടോ ഭയം തോന്നിയതും അവന്റെ കൈകളിൽ നിന്നും ഒരൽപ്പം പാടുപെട്ട് കൈകൾ വേർപെടുത്തി അവനിൽ നിന്നും അകലം പാലിച്ചു നടന്നു... അവളിലെ ഒഴിഞ്ഞുമാറ്റത്തിനുള്ള കാരണം വ്യക്തമായിരുന്നിട്ടുകൂടി അവനെന്തോ ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെട്ടു. "വാ... എന്തേലും കഴിക്കാം..." മറുപടിക്കു കാത്തുനിൽക്കാതെയവൻ റോഡ് മുറിച്ചു കടന്നു. "ഇവിടെ കേറിയാൽ പോരെ..." മുന്നിലുള്ള ബേക്കറിയിലേക്ക് നോക്കി പറഞ്ഞുകൊണ്ടവൻ തിരിഞ്ഞു നോക്കിയതും ദക്ഷ അവിടെയുണ്ടായിരുന്നില്ല. റോഡിനപ്പുറത്തേക്ക് നോക്കിയതും ആളവിടെ റോഡ് ക്രോസ്സ് ചെയ്യാനുള്ള തന്ത്ര പാടിലാണ്.. ഒരുകാലെടുത്തു വെക്കുമ്പോൾ ദൂരെനിന്നും വരുന്ന വണ്ടിയെകണ്ട് മുന്നിലേക്ക് എടുത്തു വെച്ച കാൽ പിന്നിലേക്ക് വലിക്കും. പിന്നെയും ഇതുതന്നെ അവസ്ഥ... "ഈ പെണ്ണിന്റെ കാര്യം.... " ചിരിച്ചുകൊണ്ടവൻ ചെറുതായി റോഡിന്റെ ഇരുവശവും നോക്കി അപ്പുറത്തെത്തി. അവളുടെ കൈപിടിച്ചു മുന്നിലേക്ക് നടന്നതും ഒരൽപ്പം ദൂരെനിന്നും വരുന്ന കാർ കണ്ട് അവന്റെ കൈകളിൽ ഇറുക്കെ പിടിച്ചു... "അയ്യോ... ദേ വണ്ടി വരുന്നു... " മറുപടിയൊന്നും നൽകാതെ ചിരിച്ചുകൊണ്ടവൻ റോഡ് ക്രോസ്സ് ചെയ്തു.. "ഉയ്യോ.... നിങ്ങൾക്ക് പേടിയൊന്നൂല്ലേ.... ആ കാർ വന്ന് ഇടിച്ചിരുന്നേൽ ആര് സമാധാനം പറഞ്ഞേനെ " "ന്റെ പൊന്നോ....

ഇപ്പൊ ഒന്നൂണ്ടായില്ലല്ലോ... നീ വേഗം വാ... വീട്ടിൽ പോണ്ടേ... ലേറ്റ് ആയാൽ അമ്മക്ക് ഡൗട്ട് ആവും..." അവളെയും കൂട്ടി കടയിലേക്ക് കയറി ഓർഡർ കൊടുത്ത് മുകളിലത്തെ നിലയിലേക്ക് പോയി. ആരുടെയോ ഭാഗ്യം പോലെ അവിടെ ഒരൊറ്റ മനുഷ്യ കുഞ്ഞുപോലും ഉണ്ടായിരുന്നില്ല. ഒരു ടേബിളിനു അരികിലായി അടുത്തടുത്തുള്ള സീറ്റിൽ ഇരിക്കുമ്പോൾ അവന്റെ കണ്ണുകൾ ഇമചിമ്മാതെ അവളിലായിരുന്നു... അവളപ്പോഴും അവിടെയുള്ള സി.സി.ടി.വി യിലേക്കും മതിലുകളിലുള്ള ചെറിയ ചിത്രങ്ങളിലുമായി കണ്ണുകൾ പായിച്ചു കൊണ്ടിരുന്നു. "ദച്ചൂ.... " ആർദ്രമായി പ്രണയത്തോടെയുള്ള അവന്റെ വിളിയിൽ നോട്ടം തെറ്റിച്ച് അവനിലേക്ക് ദൃശ്ടി മാറ്റി... വീട്ടിയൊതുക്കിയ ചെറിയ താടി, ചെറുതായി പിരിച്ചുവെച്ച മീശ... ചിരിക്കുമ്പോൾ താടിരോമങ്ങൾക്കിടയിൽ വിയർപ്പുമുട്ടി വിരിഞ്ഞു നിൽക്കുന്ന അവൾക്കേറെ പ്രിയപ്പെട്ട അവന്റെ നുണക്കുഴി... എല്ലാത്തിനുമുപരി അവന്റെ ആ കാപ്പി കണ്ണുകൾ... ആ കണ്ണുകൾക്ക് കുറച്ചുകൂടി ഭംഗി നൽകുന്നത് ആ മിഴികളിലെ പ്രണയം തന്നെയാണെന്നവൾക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും... അവന്റെ മുഖമാകെ അലഞ്ഞു തിരിഞ്ഞ ശേഷം അവളുടെ കണ്ണുകൾ നാണത്താൽ ദിശ മാറ്റി മറ്റെങ്ങോ നോക്കി... രണ്ടുമാസമായി കാണാത്തതിലുള്ള പരിഭവം പറയുകയാണ് അവന്റെ കണ്ണുകൾ... "അല്ലയോ സഖി... നീ എന്നിലേക്ക് നോക്കൂ... ഈ കണ്ണുകളിൽ നിനക്ക് ഈ പ്രപഞ്ചം കാണാം...

ആ പ്രപഞ്ചത്തിനു നിന്റെ രൂപമല്ലേ... നീയല്ലേ അത്... നിന്നോടുള്ള പ്രണയമല്ലേ..." അവന്റെ മിഴികൾ അവളോടായി മൗനമായി മൊഴിഞ്ഞു. ഒരുപക്ഷെ കണ്ണിന്റെ ഭാഷ അവൾക്കു മനസ്സിലായില്ലെങ്കിൽ കൂടി അവളുടെ മിഴികൾക്ക് മനസ്സിലായിട്ടുണ്ടാകാം.. അതാകുമല്ലോ ഞൊടിയിടയിൽ അവന്റെ കണ്ണുകളുമായി അവ കൊരുത്തത്... ഓർഡർ ചെയ്തത് കൊണ്ട് വരുന്ന ശബ്ദം കേട്ടതും ഇരുവരും കണ്ണുകൾ പിൻവലിച്ചു. അവൾക്കുമുന്നിൽ ഒരു ഷാർജ ഷേക്കും അവനുമുന്നിൽ കോഫിയും എത്തി. കഴിക്കാൻ മടിച്ചു മടിച്ചു നിക്കുന്നവളെ നോക്കി ചിരിച്ച ശേഷം അവൻ തന്നെ സ്പൂൺ എടുത്ത് കോരി അവൾക്കു നേരെ നീട്ടി. അവനെയും തനിക്കുനേരെ പിടിച്ചിരിക്കുന്ന സ്പൂണിലേക്കും മാറി മാറി നോക്കുന്ന പെണ്ണിനെ നോക്കിയവൻ കണ്ണുരുട്ടിയതും അനുസരണയുള്ള കുഞ്ഞിനെ പോലെ വായ തുറന്നുകൊടുത്തു. സ്പൂണിലുള്ളത് നുണഞ്ഞു കുടിക്കുന്ന പെണ്ണിന്റെ കുഞ്ഞിചുണ്ടുകളിലേക്ക് അവന്റെ നോട്ടം എത്തി നിന്നു. ഐസ്ക്രീം പറ്റിപ്പിടിച്ചിരിക്കുന്ന ആ അധരങ്ങളെ സ്വന്തമാക്കാൻ അവന്റെ ചുണ്ടുകൾക്ക് അതിയായ മോഹം തോന്നിയെങ്കിലും തെറ്റാണെന്ന ബോധം ഉടലെടുത്തതും കണ്ണുകളവൻ പിൻവലിച്ചു. "സി.സി. ടി.വി ഉണ്ടായത് ഭാഗ്യം.... ദൈവമേ.... കൺട്രോൾ തരണേ..." ആരോടെന്നില്ലാതെ പതിയെ പറഞ്ഞതും ദക്ഷ അവനെ ഉറ്റുനോക്കി... "എന്തിനാ കൺട്രോൾ... " നിഷ്കളങ്കളമായി ചോദിക്കുന്നവളെ നോക്കി നന്നായി ഇളിച്ചു കാണിച്ചു.

തിരിച്ചുവരുമ്പോൾ പ്രൈവറ്റ് ബസിൽ നിറഞ്ഞുനിൽക്കുന്ന പ്രണയഗാനത്തിൽ മുഴുകി കൈകൾ കോർത്തിണക്കി ചേർന്നിരുന്നു. ഇടയ്ക്കെപ്പോഴോ അവൾക്ക് കുസൃതി തോന്നി അവന്റെ കൈയ്യിലെ രോമങ്ങളിൽ പിടിച്ചു ചെറുതായി വലിച്ചു. "സ്സ്...." "ഈ.... സോറി... ആ രോമം കണ്ടിട്ട് വലിക്കാതിരിക്കാൻ പറ്റീല... " അവൻ എരിവ് വലിച്ചതും ചമ്മലോടെ പറഞ്ഞുകൊണ്ടവൾ കൈ അടക്കി വെച്ച് നല്ല കുട്ടിയെ പോലെ ഇരുന്നു. എങ്കിലും അവന്റെ കൈകാണുംതോറും എന്തൊക്കെയോ കുസൃതി കാണിക്കാൻ തോന്നി. "അതേയ്...." ഒരൽപ്പം മടിയോടെയവൾ വിളിച്ചു.... "മ്മ്... എന്തേയ്..." "ഞാനെ...ഈ കൈയ്യില്ലേ... ഏട്ടന്റെ... അത് വേദനിപ്പിച്ചോട്ടെ.... പ്ലീസ്.... ന്റെ കൈ അടങ്ങി ഇരിക്കണില്ല... " "ഹോ... നിന്നെ കെട്ടിയാൽ നീ എന്റെ പപ്പും പൂടയും എടുക്കോല്ലോ.... " "പിന്നേ.... അങ്ങനെന്നും ഇല്ലാ.... പ്ലീസ്...ഇപ്പൊ ചെയ്തോട്ടെ..." മറുപടി നൽകാതെ അവന്റെ കൈ അവൾക്കുനേരെ നീട്ടി... ദയനീയമായി അവളെ നോക്കി... അവളവനെ നോക്കി കള്ള ചിരി ചിരിച്ചുകൊണ്ട് അവന്റെ കൈത്തണ്ടയിൽ കൈ ശക്തിയിൽ അമർത്തി. അവളാലാകും വിധം ശക്തിയിൽ അമർത്തിയെങ്കിലും അവന്റെ മുഖത്ത് ചിരിയല്ലാതെ മറ്റൊരു ഭാവവും ഉടലെടുത്തില്ല... "നിങ്ങൾക്ക് വേദനയുമില്ലേ മനുഷ്യാ...

ന്റെ കൈ വരെ വേദനിക്കുന്നു... ഹും..." അവന്റെ കൈയ്യിലെ പിടി കുറച്ചുകൂടി മുറുക്കികൊണ്ടവൾ കെറുവോടെ പറഞ്ഞു. "നിന്റെ ഈ പഞ്ഞിപോലുള്ള കൈ ഇട്ട് എത്ര ശക്തിക്ക് പിടിച്ചാലും വേദനിക്കൂല ദച്ചൂ.... വെറുതെ ന്റെ കുട്ടി ആരോഗ്യം കളയണ്ടാ.... " "ഹും... പോടാ... " പിണക്കം നടിച്ചവൾ മുഖം തിരിച്ചിരുന്നു. ബസ് ആയതുകൊണ്ട് അവളുടെ പിണക്കം മാറ്റാൻ അവനൊട്ടും പോയില്ല... ***** അഞ്ചുമാസങ്ങൾ കഴിഞ്ഞിട്ടും ഇരുവരുടെയും പ്രണയത്തിന്റെ തീവ്രതകൂടിയതല്ലാതെ ഒരൽപ്പം പോലും കുറഞ്ഞിട്ടില്ല. ഒരുദിവസം പതിവിലും വിപരീതമായി അമ്മ നല്ല സന്തോഷത്തിലാണ്... ദക്ഷയും അനിയനും അമ്മയും കൂടിയിരുന്നു ഒത്തിരി നേരം സംസാരിച്ചു.. അമ്മയുടെ വാക്കുകളിൽ കൂടുതലും നിറഞ്ഞിരുന്നത് കുട്ടികാല ഓർമകളായിരുന്നു... സ്കൂളിലേക്ക് പോയിരുന്ന ഇടവഴികളും നെല്പാടവും.... കേൾക്കുമ്പോൾ ദക്ഷയ്ക്കും അനിയനും കൊതിയായി... ഇന്നവിടമൊക്കെ റോഡായി മാറിയിരുന്നു... ഇടയ്ക്കെപ്പോഴോ പറയുന്ന കൂട്ടത്തിൽ അമ്മയുടെ പ്രണയകഥയും പറഞ്ഞു. അമ്മേടെ മുറചെക്കൻ തന്നെയാണ് ആള്... കുഞ്ഞിലേ മുതൽ കളിച്ചുവളർന്നതാണ്... മനസ്സിലെ പ്രണയം ഇരുവരും പറഞ്ഞില്ല... അമ്മയുടെ വിവാഹദിനത്തിന്റെ തലേ ദിവസമാണത്രേ ആള് അമ്മയ്ക്ക് മുന്നിൽ മനസ്സ് തുറന്നത്....

ഇഷ്ടമാണെന്നും,ഇവിടേക്കെങ്കിലും പോകാമെന്നുമുള്ള വാക്കുകൾ അവഗണിക്കാനോ അവഗണിക്കാതെയിരിക്കാനോ അവൾക്കായില്ല... ഒരു വശത്ത് അച്ഛനില്ലാതെ ഒറ്റയ്ക്ക് കഷ്ടപ്പെട്ടു വളർത്തിയ അമ്മ... മറ്റൊരു വശത്ത് തന്റെ പ്രണയവും.... എന്തു തീരുമാനമെടുക്കുമെന്ന് അറിയാതെ ആയി.. ഒടുവിൽ അമ്മയെ വിളിച്ചുകൊണ്ട് വന്ന് മാറി നിന്നു സംസാരിച്ചു. കാര്യമറിഞ്ഞപ്പോൾ അമ്മ പറഞ്ഞത് കുറച്ചുകൂടി മുൻപേ പറഞ്ഞിരുന്നെങ്കിൽ നടത്തിയേനെ എന്ന്... അങ്ങനെയാണത്രേ ഇഷ്ടമില്ലാതെ ദക്ഷയുടെ അച്ഛനെ വിവാഹം ചെയ്തത്. പറഞ്ഞുതീർന്നതും അമ്മ ചോദിച്ച ചോദ്യം ദക്ഷ തീരെ പ്രതീക്ഷിച്ചിരുന്നില്ല.. "നിനക്ക് അങ്ങനെ എന്തെങ്കിലുമുണ്ടോ...? ഉണ്ടെങ്കിൽ നേരത്തെ പറയണം... എന്റെ ജീവിതമോ ഇങ്ങനെയായി.... നീയെങ്കിലും നല്ലപോലെ ജീവിക്ക്..." അതിനുമറുപടിയായി ഇല്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് അത് തെറ്റായി പോയി എന്ന് ചിന്തിക്കാതിരിക്കാൻ ദർശിനോട് കാര്യം പറഞ്ഞു. അവന്റെ തീരുമാനപ്രകാരം മനസ്സിലെ പ്രണയം തുറന്നുപറയാൻ തന്നെ അവൾ തീരുമാനിച്ചു. പറയാൻ പേടിയുണ്ടായിരുന്നവൾക്ക്... എങ്ങനെ അമ്മ പ്രതികരിക്കും... അടിക്കുവോ.. അതോ ഇനി പഠിക്കാൻ വിടില്ലേ... അങ്ങനെയങ്ങനെ നിരവധി ചോദ്യങ്ങൾ... "അമ്മാ... നേരത്തെ ചോദിച്ചില്ലേ... ആരോടേലും ഇഷ്ട്ടമുണ്ടോന്ന്.... ഇഷ്ടമൊന്നൂല്ല...

ഇങ്ങോട്ട് വന്ന് ഒരാൾ ഇഷ്ട്ടാണെന്ന് പറഞ്ഞു. ഞാൻ കുറേ ഒഴിഞ്ഞു മാറി നടന്നതാ എന്നിട്ടും പോയില്ല... " അമ്മ അവളെയൊന്ന് രൂക്ഷമായി നോക്കിയതും ധൈര്യമൊക്കെ ചോർന്നു പോകുന്നത് പോലെ തോന്നിയവൾക്ക്... എങ്കിലും അവിടം കൊണ്ട് നിർത്തിയില്ല.... "അങ്ങനെ ഓരോരുത്തര് വരും.... വെറുതെ പെൺപിള്ളേരെ വഴി തെറ്റിച്ചു വശത്താക്കാൻ.... അവന്റെയൊക്കെ കാര്യം കഴിഞ്ഞ് കളഞ്ഞിട്ട് പോകേം ചെയ്യും.... " "പക്ഷെ ഇത് അങ്ങനല്ലമ്മാ... ഞാൻ അവന് ഓക്കേ പറഞ്ഞിട്ടൊന്നൂല്ല... എന്നോട് ഇഷ്ട്ടം പറയണമെന്ന് പറഞ്ഞു നിർബന്ധിച്ചിട്ടൂല്ല... വീട്ടിൽ പറഞ്ഞിട്ട് അവർക്കൊക്കെ സമ്മതാണെങ്കിൽ മാത്രം ഓക്കേ പറഞ്ഞ മതീന്നാ പറഞ്ഞെ.... ഞാൻ പിന്നെ പേടിച്ചിട്ടാ അമ്മയോട് പറയാഞ്ഞേ...." നുണകൾ പറയുമ്പോൾ അവളുടെ തൊണ്ട ഇടറിപോയിരുന്നു... "മ്മ്മ്... അത് കൊള്ളാം... അവൻ ആണായിരുന്നെങ്കിൽ അച്ഛനേം അമ്മയെയും കൂട്ടി വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണമായിരുന്നു.... ഇത് നിന്നെ കളിപ്പിക്കുന്നതാ അവനൊക്കെ...." "അല്ലമ്മാ.... അവൻ സീരിയസ് ആണ്.... പിന്നെ അവന്റെ വീട്ടികാരെ കൊണ്ട് വരാത്തത് അച്ഛനും അമ്മയും ഡിവോഴ്സ്ഡ് ആണ്.... അവനിപ്പോ അമ്മമ്മേടെ കൂടെയാ.... " "ആഹ്... കൊള്ളാം... തന്തേം തള്ളയും ഇല്ലാത്ത ഒരുത്തനെ നിനക്ക് കിട്ടിയോളോ.... ഇനി ഒന്നും നീ പറയണ്ടാ ഇത് നടക്കൂല്ലാ... അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ അങ്ങനെയെങ്കിലും.... ഇത് ഇല്ലാത്ത ഒരു പയ്യൻ.... ശരിയാവില്ല.... ഇതിനെക്കുറിച്ചൊരു സംസാരം വേണ്ടാ...." ....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story