❣️ദക്ഷ ❣️: ഭാഗം 23

Daksha Ponnu

രചന: പൊന്നു

"ആഹ്... കൊള്ളാം... തന്തേം തള്ളയും ഇല്ലാത്ത ഒരുത്തനെ നിനക്ക് കിട്ടിയോളോ.... ഇനി ഒന്നും നീ പറയണ്ടാ ഇത് നടക്കൂല്ലാ... അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ അങ്ങനെയെങ്കിലും.... ഇത് ഇല്ലാത്ത ഒരു പയ്യൻ.... ശരിയാവില്ല.... ഇതിനെക്കുറിച്ചൊരു സംസാരം വേണ്ടാ...." ദേഷ്യം ആ സ്വരത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും അനിഷ്‌ടം പ്രകടമായിരുന്നു... "അമ്മാ... അച്ഛനും അമ്മയും പിരിഞ്ഞതിന് അയാളെന്ത് ചെയ്തു... ഞാൻ കുറേ ആട്ടിപായിപ്പിച്ചതാ... എങ്ങനെയെങ്കിലും ഒഴിഞ്ഞു പോകാൻ വേണ്ടി ചീത്ത വരെ വിളിച്ചു. എന്നിട്ടും ഈ ഒരുവർഷമായി എന്നെ തന്നെ സ്നേഹിക്കുന്നെങ്കിൽ അവന്റെ സ്നേഹം റിയൽ ആയിരിക്കില്ലേ.... " മനസ്സിലെ സങ്കടം മറച്ചുപിടിച്ചുകൊണ്ട് അമ്മയെ വിശ്വസിപ്പിക്കാൻ നുണകൾ മെനഞ്ഞുണ്ടാക്കേണ്ടി വന്നു അവൾക്ക്. "ഓഹോ... അപ്പൊ എന്റെ മോൾക്ക് അവനെ അങ്ങ് അസ്ഥിക്ക് പിടിച്ചിരിക്കുവാണല്ലേ... " അമ്മ ചിരിയോടെ ചോദിച്ചതും അവൾ മറുപടി എന്ത് നൽകണമെന്നറിയാതെ തലതാഴ്ത്തി. "എന്നിട്ട് എവിടേ ഫോട്ടോ... നോക്കട്ടെ പയ്യനെ... ഒരാളെ കാണുമ്പോ ഏതാണ്ട് അറിയാല്ലോ നല്ലതാണോ ചീത്തയാണോ എന്നൊക്കെ.... ഫോട്ടോ ഉണ്ടേൽ കാണിക്ക് നോക്കട്ടെ..." അമ്മ പറഞ്ഞതും സന്തോഷത്തോടെയും അതിലേറെ ആസ്വസ്ഥയോടെയും അവൾ ഫോൺ എടുത്തുകൊണ്ടു വന്ന് ഫോട്ടോ ഓപ്പൺ ആക്കി അമ്മയ്ക്ക് നേരെ നീട്ടി..

"മ്മ്മ്.... കണ്ടിട്ട് നല്ല പയ്യനാണെന്ന് തോന്നുന്നു... ഇവന്റെ വീട് എവിടാ.... വയസ്സ് എത്രയാ... " കുറച്ചുനേരം ദർശിന്റെ ഫോട്ടോയിലേക്ക് നോക്കിയ ശേഷം അമ്മ ചോദിച്ചു. "അത്... പുനലൂർ അവിടെയാ വീട്... പിന്നെ വയസ്സ് ഇരുപത്തിരണ്ട്... മൊബൈൽ ടെക്നിഷൻ ആയിട്ട് ഇപ്പൊ ഒരു ഷോപ്പിൽ നിക്കുവാ... " "പുനലൂരോ.... പത്തെഴുപത് കിലോമീറ്റർ അപ്പുറത്തു കിടക്കുന്ന നിന്നെ ഇവിടെ വന്നവൻ എങ്ങനെയാ സ്നേഹിച്ചേ... " സ്ഥലത്തിന്റെ പേര് കേട്ടതും ഞെട്ടി അമ്മ ചോദിച്ചു.ഈ ചോദ്യം പ്രതീക്ഷിച്ചതാണ്. അതുകൊണ്ട് തന്നെ പറയാനുള്ള മറുപടിയും നേരത്തെ കൂട്ടി കണ്ട് വെച്ചിരുന്നു... ഓൺലൈൻ ആയിട്ടാണ് പരിചയമെന്നറിഞ്ഞാൽ ഉറപ്പായും അമ്മ സമ്മതിക്കില്ലെന്നവൾക്ക് ബോധ്യമുണ്ടായിരുന്നു. "അത് അമ്മാ ജിൻസിയില്ലേ... അവള് കെട്ടാൻ പോകുന്ന ആളുടെ ഫ്രണ്ട് ആണ്. ചെറിയ എന്തോ പരിചയമുണ്ട്. ഒരു ദിവസം ജിൻസിയും അവൾടെ ചെക്കനും ബസ് സ്റ്റോപ്പിന്റെ അടുത്തു നിന്ന് സംസാരിച്ചു നിന്നപ്പോ ഞാൻ കുറച്ചു മാറി ഒറ്റയ്ക്ക് നിന്നു. ഇവനവിടെ എന്തിനോ വന്നതാ... അപ്പോഴാ എന്നെ കണ്ടേ... പാവം പോലെ നിക്കുന്ന കണ്ടിട്ടാവും അവന് എന്നെയങ് ഇഷ്ട്ടായി...

പിന്നെ നോക്കിയപ്പോ അവന്റെ ഫ്രണ്ടിനെ കണ്ടു. എന്നെക്കുറിച്ച് ജിൻസിയോട് ചോദിച്ചറിഞ്ഞു. ഇതൊന്നും ഞാനാണേൽ അറിഞ്ഞതു പോലുമില്ല... ഇടയ്ക്ക് വെച്ച് ജിൻസി അവന്റെ കാര്യം ചെറുതായി സൂചിപ്പിച്ചാരുന്നു. ഞാൻ വല്യ മൈൻഡ് കൊടുത്തില്ല... പിന്നെയവൻ ഒരു ദിവസം അവന്റെ അമ്മയെയും കൂട്ടി വന്നു. എന്നിട്ട് എന്നോട് പറഞ്ഞു വീട്ടിൽ ചോദിച്ചിട്ട് പറഞ്ഞ മതീന്ന്... ഈ ഫോട്ടോ അമ്മയെ കാണിക്കാനാ അയച്ചുതന്നെ.." സ്വന്തമായി ഒരു കഥ ഉണ്ടാക്കി പറഞ്ഞ ശേഷം ദക്ഷ അമ്മയുടെ മുഖത്തെ ഭാവങ്ങൾ ഓരോന്നും സസൂക്ഷ്മം നിരീക്ഷിച്ചു. "ദൈവമേ... അമ്മ സമ്മയിക്കണേ... ഇത്രേം കള്ളം പറഞ്ഞത് വേസ്റ്റ് ആവല്ലേ..." ദൈവത്തിനെ വിളിച്ച് മനസ്സിൽ പ്രാർത്ഥിച്ചു. " അമ്മയെ കൊണ്ട് വന്നിട്ട്... അവരെന്താ പറഞ്ഞെ നിന്നോട്.." അമ്മ പിന്നെയും ചോദ്യമുയർത്തി. ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിക്കാത്തതിനാൽ അവളൊന്നു നടുങ്ങി... "അ... അത്...അവരു പറഞ്ഞു... എന്റെ മോന് നിന്നെ ജീവനാണ്.... എന്തായാലും മോളെയെനിക്ക് ഇഷ്ട്ടായി, ഇവൻ നിന്നയെ കെട്ടുള്ളു എന്ന് പറഞ്ഞിരിക്കുവാണ്.. മോള് വീട്ടിൽ ചോദിച്ചിട്ട് പറയ്... എന്നിട്ട് അവർക്കൊക്കെ സമ്മതമാണേൽ ഞങ്ങള് വന്ന് ആലോചിക്കാം... ഇങ്ങനെയാ പറഞ്ഞെ... ഞനെല്ലാത്തിനും മൂളി മൂളി നിന്നു

." ഇന്നേവരെ കണ്ടിട്ടില്ലാത്ത ദർശിന്റെ അമ്മയെ കുറിച്ച് പറയുമ്പോൾ കള്ളമാണതെന്ന് അമ്മ അറിയരുതേ എന്ന പ്രാർത്ഥനയുണ്ടായിരുന്നുള്ളു അവൾക്ക്. "അവന് വന്ന് നേരിട്ട് ചോദിച്ചൂടാരുന്നോ... അല്ലാതെ അമ്മയെ കൊണ്ട് വന്ന് പെണ്ണിനോടാണോ ചോദിക്കുന്നെ... അവന്റെ അമ്മയ്ക്ക് അത്രയ്‌ക്കും ബുദ്ധി ഇല്ലേ... " "അത് അമ്മാ.... എന്റെ ഇഷ്ട്ടം അറിഞ്ഞിട്ട് ചോദിക്കാമെന്ന് കരുതിക്കാണും..." അവന്റെ അമ്മ വന്നുവെന്ന് പറയേണ്ടിയിരുന്നില്ലെന്നവൾക്ക് തോന്നി... പിന്നെയും അവനെ കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ നല്ല ഗുണങ്ങൾ വിവരിച്ച് അമ്മയുടെ മനസ്സിൽ ദർശിനൊരു സ്ഥാനം മെനയാനുള്ള തന്ത്ര പാടിലാണ് ദക്ഷ. "അച്ഛൻ സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.... അച്ഛനും അമ്മയും രണ്ടും രണ്ട് വഴിക്ക്... നാളെ എന്തെങ്കിലും പ്രശ്നം വന്നാൽ അവന്റെ വീട്ടിൽ നിന്ന് ആരും കാണില്ല.... എന്തായാലും അവന്റെ നമ്പറൊക്കെ കാണോല്ലോ നിന്റെ കൈയ്യിൽ... എന്നെയൊന്ന് വിളിക്കാൻ പറയ് അവനോട്... നിന്റെ അമ്മമ്മയോട് കൂടി ചോദിച്ചിട്ട് എന്താണെന്ന് വെച്ച തീരുമാനിക്കാം... എനിക്കെന്തായാലും ചെക്കനെ ഇഷ്ട്ടായി...

കാണുമ്പോ തന്നെ അറിയാം നല്ല സ്വഭാവമാണെന്ന്..." അമ്മയുടെ വാക്കുകൾ കേട്ടതും ദക്ഷ ഞെട്ടിപോയിരുന്നു.ഇത്ര വേഗം സമ്മതിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല... ഒരടിയെങ്കിലും പ്രതീക്ഷിച്ചു കൊണ്ടാണ് അമ്മയോട് കാര്യങ്ങൾ പറഞ്ഞത് പോലും... "മ്മ്.... പറയാം.... " ഞെട്ടൽ മാറാതെ തന്നെ അവൾ മറുപടി പറഞ്ഞു. മെസ്സേജ് അയച്ചുകൊണ്ട് അവനോട് ഈ കാര്യങ്ങളൊക്കെയും പറയുമ്പോൾ അവനും അത്ഭുതമായിരുന്നു അതിലേറെ ചെറിയ ഭയവും. രാത്രി വീഡിയോ കാളിൽ അവനതവളെ സൂചിപ്പിക്കുകയും ചെയ്തു. "ഡീ... ഇനി അമ്മ എന്തെങ്കിലും പ്ലാൻ ചെയ്തിട്ടാകുമോ ഇത്ര പെട്ടെന്ന് സമ്മതിച്ചത്... നാളെ സൺ‌ഡേ അല്ലെ... ഷോപ്പ് അവധിയാണ്. നാളെ ഞാൻ അമ്മയെ വിളിക്കാം... ഇനി എന്നെ ഇതിൽ നിന്നും പിന്തിരിപ്പിക്കാനാവോ വിളിക്കാൻ പറഞ്ഞെ...." "ഏയ്.... അങ്ങനെ ആവില്ലന്നെ... അഥവാ ആങ്ങനെയാണെങ്കിൽ എന്നെ ഇട്ടേച്ചു പോവോ...." പെണ്ണ് ചോദിച്ചതും ദർശ് ചിരിയോടെ ഇല്ലെന്ന് തലയാട്ടി. "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിന്നെ വിട്ട് ഞാനൊരിക്കലും പോകില്ല... എന്ത് പ്രശ്നം വന്നാലും നമ്മുടെ കല്യാണത്തിന് ആരൊക്കെ എതിർത്താലും ഞാൻ കാണും നിന്റെ കൂടെ.... ഉറപ്പ്... പോരേ..." "മ്മ്.... അത് മതി... "

ഇന്നേവരെ തനിക്കുതന്ന വാക്കുകളൊന്നും അവൻ തെറ്റിച്ചിട്ടില്ല.ഇനിയും തെറ്റിക്കില്ലെന്ന ഉറപ്പിലവൾ തലയാട്ടി സമ്മതിച്ചു. "അങ്ങനെ പാതി കടമ്പ കടന്നു അല്ലെ.... ഇനി അച്ഛൻ കൂടി സമ്മതിച്ചാൽ ഹോ.... സമാധാനം... നീയിപ്പോ എന്റെ പാതി വൈഫ് ആയി..." അവൻ പറഞ്ഞതും അവളും സന്തോഷത്തോടെ അവളുമത് സമ്മതിച്ചു. പിറ്റേന്ന് രാവിലെ അച്ഛനും അമ്മയും തമ്മിലുള്ള സംസാരം കേട്ടാണ് ദക്ഷ എഴുനേൽക്കുന്നത്. അച്ഛൻ രാവിലെതന്നെ ജോലിക്ക് പോകാനുള്ള തിരക്കിലാണ്... "ഇവിടെ ആരും ഒന്നും ആലോചിക്കണ്ട... എല്ലാം ഞാൻ നോക്കിക്കോളാം... അതിലാരും ഇടപെടണ്ട... ഇനി ഇതിനെക്കുറിച്ച് സംസാരിച്ചുപോകരുത് പറഞ്ഞേക്കാം..." കണ്ണുകൾ തുറന്ന പാതിമയക്കത്തിൽ ഒരൽപമെങ്കിലും വ്യക്തമായതിതുമാത്രമാണ്. കാര്യമെന്താണെന്ന് അറിയാതെ പിന്നെയും കണ്ണുകളടച്ചു... ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടുണ്ടാകും അമ്മ വന്ന് വിളിച്ചു. "ഞാൻ നിന്റെ അച്ഛനോട് പറഞ്ഞു ആ പയ്യന്റെ കാര്യം... നീ എനിക്ക് അയച്ചുതന്ന ആ ഫോട്ടോയും കാണിച്ചു... കാണാൻ പോലും കൂട്ടാക്കീല... അച്ഛനും അമ്മയും ബന്ധം തീർത്തതാണെന്ന് പറഞ്ഞപ്പോ തന്നെ വേണ്ടന്ന് പറഞ്ഞു. വീട്ടിക്കാര് ഇല്ലാത്ത ഒരുത്തന്റെ കൂടെ ന്റെ മോളെ കെട്ടിച്ചയക്കൂലാന്ന് പറഞ്ഞു....

എന്തായാലും അച്ഛൻ സമ്മതിക്കാതെ ഞാൻ മാത്രം സമ്മതിച്ചിട്ട് എന്ത് ചെയ്യാനാ.... അതുകൊണ്ട് രണ്ടുപേരും എല്ലാം നിർത്തിയേക്ക്.... ഇന്നലെ നീ പറഞ്ഞതിൽ പകുതിയും വെറുതെയാണെന്നും രണ്ടാളും ഇഷ്ടത്തിലാണെന്നും എനിക്കറിയാം... നീ അവനോട് കാര്യം പറയ്... അല്ലെങ്കിൽ എന്നെ വിളിക്കാൻ പറയ്... ഞാൻ പറഞ്ഞോളാം... നീയും മറന്നേക്ക്..." അമ്മ അതും പറഞ്ഞുപോകുമ്പോൾ രാവിലെ തന്നെ കേട്ട വാർത്തയിൽ അവൾക്ക് അനങ്ങാനായില്ല.... മറക്കണമെന്ന്... ആകില്ലൊരിക്കലും അവനാകുമോ... ഇല്ല.... ഇന്നലെ തന്ന ഉറപ്പ് മാത്രം മതി. ഇനിയും ജീവിക്കാൻ... പക്ഷെ ആരും സമ്മതിച്ചില്ലെങ്കിലെങ്ങനെ...? അവളിൽ നിന്നും തേങ്ങലില്ലാതെ കണ്ണുനീർ ഒഴുകിയിറങ്ങി.... ചുണ്ടുകൾ വിതുമ്പുന്നുണ്ട്, ശരീരം അപ്പോഴും അനങ്ങുന്നില്ല... ബെഡിൽ ഇരുന്നിടത്തുനിന്നും ഒരടി ചലിച്ചിട്ടില്ല... പിരിയാനായിരുന്നോ ഇന്നലെയേറെ സന്തോഷിച്ചത്.... ഓരോ പ്രശ്നങ്ങൾ ഒതുങ്ങുമ്പോൾ പുതിയത് വരുന്നതെന്തിനായിരിക്കും... ഒരുപക്ഷെ വിധി ഇതാവാം........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story