❣️ദക്ഷ ❣️: ഭാഗം 5

Daksha Ponnu

രചന: പൊന്നു

"മോന്റെ പേരെന്താ..." ഒരുപേപ്പറിൽ എന്തോ എഴുതുന്നതിനിടയിൽ മുഖമുയർത്താതെ തന്നെ ടീച്ചർ ചോദിച്ചു. ദക്ഷ അവൻ പറയുന്നതു കേൾക്കാൻ ചെവി കൂർപ്പിച്ചു വച്ചു. അവന്റെ സ്വരവും പേരും അറിയാനായി അവളുടെ കാതുകൾ തിരക്കുകൂട്ടി, ഹൃദയവും... "ശിവ.. " കേൾക്കാനേറെ കൊതിച്ച പേര്. "ഇതാണല്ലേ പേര്... ദക്ഷ ശിവ... കൊള്ളാം... " ചിന്തിക്കവേ അവളിൽ സന്തോഷം ഏറി വന്നു. "ഫുൾ നെയിം എന്താ.. " ടീച്ചറിന്റെ സ്വരം പിന്നെയും ഉയർന്നു. അവൻ പറയുന്നത് കേൾക്കാൻ കാതുകൂർപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. "അയ്യോ.... എന്താ അവൻ പറഞ്ഞെ.. കേട്ടതുമില്ല.എങ്ങനെ കേൾക്കാൻ ആണ് അത്രയ്ക്ക് പതിയെ അല്ലെ പറയുന്നെ. ടീച്ചറെങ്കിലും കേട്ടോ ആവോ... " അവനെ മനസ്സിൽ പുച്ഛിച്ചുകൊണ്ട് മുന്നിലെ ഉത്തര കടലാസിലേയ്ക്ക് ശ്രദ്ധ തിരിച്ചു. നോട്ടം അവനിൽ നിന്നും മാറ്റിയെങ്കിലും മനസ്സ് അകലാതെ അവനെ ചുറ്റിപറ്റി നിന്നു. "എന്റെ പേരറിയോ ഇവന്... " സംശയരൂപത്തിൽ അവനെ നോക്കി, ഉത്തരക്കടലാസിൽ പേര് എഴുതിയ മുൻവശം അവന് കാണാൻ എന്ന പോലെ ഒരല്പം മാറ്റി വച്ചു. തിരികെ പോകുമ്പോൾ നോക്കുമെന്ന നേരിയ പ്രതീക്ഷ. "നാളെ വന്ന് ഫോം വാങ്ങി ബാക്കി കൂടി പൂരിപ്പിച്ചു ഇയാളുടെ ക്ലാസ് ടീച്ചറിനെ ഏൽപ്പിച്ചേക്ക്."

"മ്മ്മ്... " അധ്യാപികയ്ക്ക് മറുപടി നൽകിയവൻ പുറത്തേക്ക് നടക്കവെ ആ കണ്ണുകളിലെ പ്രണയം കലർന്ന നോട്ടം പ്രതീക്ഷിച്ചുകൊണ്ടവൾ മുഖം താഴ്ത്തി ഇരുന്നു. തലയുയർത്തി അവന്റെ കണ്ണിലേക്ക് നോക്കണമെന്നുണ്ടെങ്കിൽ കൂടി അതിനു മുതിർന്നില്ല.മുന്നിലൂടെ കടന്ന് പോകുമ്പോൾ ഇണയെ തിരിച്ചറിഞ്ഞെന്നപോലെ ഹൃദയം മിടിച്ചു. "അല്ലെയോ ഹൃദയമേ... എവിടേക്കാണു നീ പോകുന്നത്. ഇവൾക്കുള്ളിലുള്ള നിന്റെ പ്രണയം കൊതിക്കുന്ന ഞാനെന്ന ഹൃദയത്തെ നീ കണ്ടില്ലെയോ.. അതോ കണ്ടിട്ടും കാണാതെ പോകുന്നതോ..?" ഹൃദയം അവന്റെ ഹൃദയത്തോട് ഉറക്കെ വിളിച്ചു ചോദിച്ചു. അവളിൽ അലതല്ലിയ ആനന്ദത്തിന് അതിരുകളില്ലായിരുന്നു. "ന്റെ ദൈവമേ.... അവനെ നോക്കിയിരുന്ന് സമയവും പോയി. " വാച്ചിലെ ആരെയും കൂസാക്കാതെ ഓടിക്കൊണ്ടിരിക്കുന്ന സൂചികളിലേക്കും ധൃതി പിടിച്ചെഴുതുന്ന കുട്ടികളിലേക്കും കണ്ണുകൾ പായിച്ചുകൊണ്ട് അവളും വേഗത്തിൽ എഴുതാൻ തുടങ്ങി. പരീക്ഷ കഴിഞ്ഞു ക്ലാസ് വിട്ടിറങ്ങുമ്പോൾ എഴുതി തീർക്കാൻ സമയം തികയാത്തതിലുള്ള നിരാശ അവളുടെ മുഖത്ത് വ്യക്തമായിരുന്നു. അവന്റെ പേരറിഞ്ഞതിൽ ഒരൽപ്പം സന്തോഷവും. "എടിയേ... എങ്ങനുണ്ടാരുന്നു.എനിക്ക് എളുപ്പമുണ്ടായിരുന്നു. നിനക്കോ.. "

മറ്റൊരു ക്ലാസ്സിൽ നിന്നും ഇറങ്ങി വന്നപാടെ ദക്ഷയോട് ആയിഷയുടെ ചോദ്യം എത്തി. "ഓ... സമയം കിട്ടീലെടി എഴുതി തീർക്കാൻ. എല്ലാത്തിന്റെയും ഉത്തരം അറിയാരുന്നു. പക്ഷെ.... " പറയുമ്പോൾ കണ്ണുകൾ നിറയാൻ വെമ്പി നിന്നു. "നീ വിഷമിക്കാതെ അത് കുഴപ്പമില്ല. അല്ല അത്രയ്ക്കും എഴുതി തീർക്കാൻ സമയം കിട്ടാത്തതെന്താ... നീ മിക്കവാറും ലവനെ ആലോചിച്ചിരുന്നുകാണും " "ആലോചിച്ചിരുന്നതല്ല മുന്നിൽ വന്ന് നിന്നപ്പോൾ അവനെ നോക്കി ഇരുന്നു. അത്രേ ഉള്ളു. " ദക്ഷയുടെ വാക്കുകൾ കേട്ടതും ആയിഷയൊന്നു ഞെട്ടി. "ഏഹ്... എന്ത്... മുന്നിൽ വന്ന് നിന്നോ... എപ്പോ.. " നടന്നതത്രയും പറയുമ്പോഴൊക്കെയും ദക്ഷയുടെ ചൊടികൾ ചെറുചിരി വിരിയിച്ചു തന്നെ നിന്നു. "എന്നിട്ട് പേര് എന്തായിരുന്നു. അത് നീ പറഞ്ഞില്ലല്ലോ.. " "പേര്.... ശിവ... അങ്ങനെയാ പറഞ്ഞെ. പിന്നെ അതിന്റെ കൂടെ വേറെ എന്തോ കൂടി പറഞ്ഞു.ദർശ് എന്നോ ദർശൻ എന്നോ അങ്ങനെ എന്തോ ആണ് പറഞ്ഞത്.ശരിക്ക് കേട്ടില്ല.." ഓർത്തോർത്തു പറയുന്നവളെ കണ്ടതും ആയിഷയ്ക്കു ചിരിയാണ് വന്നത്. അവളിലെ പ്രണയത്തിന്റെ തീവ്രത ഓരോ നിമിഷവും മനസ്സിലാക്കുകയായിരുന്നു. "അയ്യോ.... എടീ പിന്നെ റാം സർ എനിക്കൊരു പേപ്പർ തന്നാരുന്നു. ഞാൻ തുറന്ന് നോക്കാൻ വിട്ടുപോയി.

" പെട്ടെന്നെന്തോ ഓർത്തതുപോലെ പറഞ്ഞുകൊണ്ട് ബാഗിലൊക്കെയും ആ കടലാസു കഷ്ണം തിരഞ്ഞുവെങ്കിലും അതിനായില്ല. "അത് നീ കൊണ്ട് കളഞ്ഞോ.... ശേ.... " "അത് എവിടെയോ പോയീന്നാ തോന്നുന്നേ... ആഹ്.... പോട്ടെ..നീ വാ പോകാം.." "എന്നാലും അതിൽ എന്തായിരിക്കും. ഇനി വല്ല പ്രേമ ലേഖനവും..." നടക്കുന്നതിനിടയിലും ചിന്തയിലാണ്ടു സംസാരിക്കുന്ന ആയിഷയെ തുറിച്ചു നോക്കി അവളുടെ കൈയ്യിൽ പിടിച്ചു മുന്നോട്ടു നടന്നു. മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് ഇറങ്ങുവാനുള്ള പടികൾ അവന്റെ സ്ഥിരം സ്ഥലമായിരുന്നു.അതവൾക്കറിയുകയും ചെയ്യാം. അതുവഴി പോകാൻ വല്ലാത്ത സുഖമായിരുന്നവൾക്ക്.ഇന്നും അവനവിടെയുണ്ട് "ദേ... നിക്കുന്നു നിന്റെ ശിവ. മ്മ്....നോക്കുന്നുണ്ട് മോളേ.... " ആയിഷയുടെ കളിയാക്കലുകളൊന്നും അവൾ കേൾക്കാത്തതുപോലെ മുന്നോട്ടു നടന്നു.ചുണ്ടുകളിൽ വിരിയാനായി കാത്തുനിൽക്കുന്ന പുഞ്ചിരിയെ വളരെ പാടുപെട്ട് തടഞ്ഞുവെച്ചു. "അമ്മേ..... " വീട്ടിലേക്ക് വന്നയുടൻ അമ്മയെ വിളിക്കുന്നത് സ്ഥിരം ഏർപ്പാടാണവൾക്ക്. "ഓഹ്.... വിളിച്ചുകൂവാതെടി.. നിനക്ക് മിണ്ടാതെ അങ്ങ് കേറി വന്നൂടെ ദച്ചു." ശകാരവാക്കുകൾക്ക് ദക്ഷ ചിരിച്ചു കാണിച്ചു. "ഞാനെന്ത് ചെയ്യാനാ അമ്മാ... ഇതങ്ങുശീലായി പോയില്ലേ...

അമ്മേന്ന് വിളിക്കാതെ കേറിയാൽ ന്തോ പോലെ ആയിപോവും.. " "എന്റെ കണ്ണടയുമ്പോ പഠിച്ചോളും... ആട്ടെ... എങ്ങനുണ്ടായിരുന്നു ഇന്ന്. " "കുഴപ്പമില്ലാരുന്നു.. ഞാൻ കുളിച്ചിട്ട് വരാമേ... " മറുപടി നൽകിയവൾ അകത്തേക്ക് കയറി പോയി. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ അവനെ കാണാനാകുമെന്നതവളെ നോവിച്ചു കൊണ്ടിരുന്നു.അതുകഴിഞ്ഞാൽ രണ്ട് മാസം കാണാനാവില്ല. "അപ്പോഴേക്കും മറക്കുമോ... ഓർക്ക പോലുണ്ടാവില്ല്യ... അവന് ശരിക്കും എന്നോട് ഇഷ്ട്ടം കാണോ.... അതോ... എന്റെ മാത്രം തോന്നലോ. കാണുമായിരിക്കും. ഇല്ലെങ്കിൽ എന്നെ ഇങ്ങനെ നോക്കില്ലല്ലോ... " ഉള്ളിലെ സംശയങ്ങൾക്ക് സ്വയം ഉത്തരം നൽകിയവൾ സമാധാനിച്ചു. പിന്നീടുള്ള ദിവസങ്ങളിലൊക്കെയും അവനെ കാണാൻ ശ്രമിച്ചെങ്കിലും കാണാൻ ആയില്ല. വിധി അകറ്റുന്നതോ? എന്നവൾ സംശയിച്ചു.അവന്റെ ക്ലാസ് മുറി കണ്ടു പിടിക്കാൻ ദിവസവും വരാന്തകൾ തോറും നടന്നു. ഒരുനോക്കു കാണുവാൻ, അവന്റെ നോട്ടം മാത്രം കൊതിച്ചുകൊണ്ട്. "എവിടെയാണു നീ... മറഞ്ഞുകളിക്കുന്നതെന്തേ... മുന്നിൽ വന്നുകൂടെ നിനക്ക്... " അവളിലെ പ്രണയവും അതുമൂലം അനുഭവിക്കുന്ന ആനന്ദവും സങ്കടവുമത്രയും നന്നായറിയാവുന്ന ഹൃദയത്തോടവൾ മനസ്സിലെ ചോദ്യങ്ങളൊക്കെയും ചോദിച്ചു.

അവയവത്തിനും അതിനുള്ള ഉത്തരമറിയാത്തതിനാലാകും സാധാരണ പോലെ തന്നെ അവ തുടിച്ചുകൊണ്ടിരുന്നു. ഇന്ന് അവസാന ദിവസം. ഇനി ഈ വിദ്യാലയമുറ്റത്തേക്ക് എത്തണമെങ്കിൽ രണ്ട് മാസം കഴിയണം. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ കണ്ണുകളും ഈറനണിഞ്ഞിരുന്നു. ഒരു നോക്കു കാണാനായെങ്കിൽ എന്ന ചിന്ത മാത്രം. അവനുണ്ടാകുമെന്ന പ്രതീക്ഷയിൽ പടികളിറങ്ങുമ്പോൾ അവിടെയും അവനുണ്ടായില്ല. ആയിഷയെ എന്തോ പറയാൻ വേണ്ടി അജ്മൽ വിളിച്ചുകൊണ്ടുപോയി. സങ്കടം പങ്കുവെക്കാൻ പോലും ആരുമില്ലാതെയായി. "അതേ...ഒന്ന് നിന്നേ.... " ആരോ വിളിക്കുന്ന ശബ്ദം കേട്ടതും തന്നെയാണോ എന്നറിയാൻ വെറുതെ തിരിഞ്ഞു നോക്കി. കണ്ണുകൾ വിശ്വസിക്കാനായില്ല. "...ശിവ... " മനസ്സ് മന്ത്രിച്ചു. ചിരിയോടെ പടികളിറങ്ങി തന്നിലേക്കടുക്കുന്നവനിൽ നിന്നും കണ്ണുകൾ പിൻവലിക്കാൻ അവൾക്കായില്ല. *"എവിടെയാണു നീ... മറഞ്ഞുകളിക്കുന്നതെന്തേ... മുന്നിൽ വന്നുകൂടെ നിനക്ക്... "* ഒരൽപ്പം മുൻപേ അവൾ ഹൃദയത്തോട് ചോദിച്ച ചോദ്യത്തിന് ഉത്തരമെന്നോണം ഹൃദയം ഉച്ചത്തിൽ തുടികൊട്ടി. "മറഞ്ഞുകളഞ്ഞതല്ല. ഇതാ... നിന്റെ മുന്നിലുണ്ട്. " മറുപടിയായി അവൾക്കുമാത്രം മനസ്സിലാകുന്ന ഭാഷയിൽ ഹൃദയം ചൊല്ലിയതും അവളുടെ അധരങ്ങളിൽ പുഞ്ചിരി മോട്ടിട്ടു.

കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ നിലത്തു വീണു ചിതറി തെറിച്ചു. "ഹലോ... " അവന്റെ സ്വരം കാതിൽ മുഴങ്ങിയിട്ടും അവൾക്കനങ്ങാനായില്ല.വിശ്വസിക്കാനുമായില്ല. അവളുടെ പ്രണയം... തൊട്ടടുത്തായി, തന്നോട് സംസാരിക്കുവാൻ നിൽക്കുന്നു.തൊണ്ടകുഴിയിൽ ശബ്ദം കെട്ടി കിടക്കുന്നു. അവനെകണ്ടതിന്റെ നാണത്താൽ പുറത്തേക്ക് വരാതെ തൊണ്ടയിൽ തന്നെ മറഞ്ഞു നിൽക്കുന്നു. നെറ്റിയിലെ ചന്ദനകുറി അവന്റെ അഴക് വർധിപ്പിച്ചു. അവൻ പറയുന്നത് കേൾക്കാൻ ഉള്ളം വെമ്പൽ കൊണ്ടു. പ്രതീക്ഷിക്കാതെ മൊബൈൽ ശബ്ദിച്ചതും ദക്ഷയോന്ന് ഞെട്ടി. എഴുതുന്നത് നിർത്തി ഫോൺ എടുത്തു നോക്കി. പ്രിയതമന്റെ വിളിയാണെന്നറിഞ്ഞതും ചിരിയോടെ കാൾ എടുത്തു. "ഹലോ... ദച്ചു... " "ഹലോ.... എന്തേയ് ഇപ്പൊ ഒരു വിളി. " "എനിക്കെന്റെ ഭാര്യയോട് മിണ്ടാൻ തോന്നി, വിളിച്ചു അത്രേ ഉള്ളു. " "ഓ.... ആയിക്കോട്ടെ മാഷേ.... " "അല്ലാ.... എന്റെ ഭാര്യയെന്തു ചെയ്യുവാരുന്നു. " നടക്കുന്നതിനിടയിലും അവൻ തിരക്കി. "ഞാനിവിടെ എഴുതുവായിരുന്നു. ഇങ്ങളോ.... "

മറുപടിയായി അവൻ പറയും മുന്നേ വലിയ ശബ്ദത്തോടെ കാൾ കട്ടായി... "ഹലോ.... ഹലോ... ഏട്ടാ... " മറുതലയ്ക്കൽനിന്നും എത്ര വിളിച്ചിട്ടും മറുപടി ഇല്ല.ഭയമേറി വന്നു. അവന്റെ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരുന്നു. എടുക്കുന്നില്ല.ഇരുപത്തി ഏഴാമത്തെ വിളിയിൽ കാൾ എടുത്തു. "ഹലോ... " പരിചയമില്ലാത്ത ശബ്ദം. "ഹലോ.... ഇ... ഇതാരാ.... " "ഈ ഫോണിന്റെ ഉടമസ്ഥന് ഒരു ആക്സിഡന്റ് ഉണ്ടായി. ഇപ്പൊ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയേക്കുന്നു. ഇതാരാ സംസാരിക്കുന്നെ.." കേട്ടതിന്റെ നടുക്കത്തിൽ ആയിരുന്നതിനാൽ അവൾക്ക് മറുപടി നൽകാനായില്ല.. "ഹലോ... ഹലോ.. " മറുപടി ഇല്ലാത്തതിനാൽ പിന്നെയുമയാൾ വിളിച്ചു. "ഫോൺ വിളിച്ചുകൊണ്ട് റോഡ് മുറിച്ചു കടന്നതാ. ഇത്രയേ ഉള്ളു മനുഷ്യൻ മാരുടെ കാര്യം.... " കൂടിനിൽക്കുന്ന ആളുകളിൽ നിന്നുമുള്ള സംസാരം ഫോണിലൂടെ കേട്ടതും അവളുടെ കൈകാലുകൾ വിറകൊണ്ടു..... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story