❣️ദക്ഷ ❣️: ഭാഗം 6

Daksha Ponnu

രചന: പൊന്നു

"ഫോൺ വിളിച്ചുകൊണ്ട് റോഡ് മുറിച്ചു കടന്നതാ. ഇത്രയേ ഉള്ളു മനുഷ്യൻ മാരുടെ കാര്യം.... " കൂടിനിൽക്കുന്ന ആളുകളിൽ നിന്നുമുള്ള സംസാരം ഫോണിലൂടെ കേട്ടതും അവളുടെ കൈകാലുകൾ വിറകൊണ്ടു. കൈകൾ അറിയാതെ താലിയിൽ മുറുകി. "ഹ...ലോ... ഇപ്പൊ എ..വിടെയാ..." ശബ്ദം ഇടറിയിരുന്നു അവളുടെ. "ഇപ്പൊ ദോ ആംബുലൻസിൽ കേറ്റികൊണ്ട് പോയെ ഉള്ളു. മെഡിക്കൽ കോളേജിലോട്ട് പോയിട്ടുണ്ട്. കുട്ടി ഏതാ ഈ ആൾടെ... " "ഭാര്യ... " അത്രമാത്രം പറഞ്ഞവൾ കാൾ കട്ട് ചെയ്തു. പേഴ്സും ഫോണും കൈയ്യിലെടുത്ത് പുറത്തേക്കോടി. എന്തു ചെയ്യണമെന്നോ എങ്ങനെ പോകുമെന്നോ അറിയില്ല. എങ്ങനെയും അവനടുക്കലേക്കെത്തണമെന്ന ലക്ഷ്യം മാത്രം. മുൻവാതിൽ അടച്ചവൾ പുറത്തേക്കിറങ്ങി.

കണ്ണുനീർ ഇടതടവില്ലാതെ ഒഴുകി കൊണ്ടിരുന്നു. ഒന്നും വരുത്തല്ലേ എന്ന പ്രാർത്ഥനയോടെ മൂന്നോട്ട് ഓടി. ബസ് സ്റ്റോപ്പിൽ എത്തി. ബസ് കാത്തുനിൽക്കാൻ സമയമില്ല. ഒരു ടാക്സിയോ ഓട്ടോയോ കാണാനുമില്ല. അവൾക്കാകെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി. പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ ഫോൺ എടുത്ത് അനുജനെ വിളിച്ചു. "ഹലോ.... ഡാ... വേ..ഗം ഒന്ന് വരോ.. ഞാനിവിടെ ബസ് സ്റ്റോപ്പിൽ നിൽക്കുവാ...ഏട്ടന് ആക്‌സിഡന്റ് ആയി. നീ ഒന്ന് വേഗം വാ... " "ദാ വരുന്നു... " അവളുടെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടാകും കൂടുതലൊന്നും ചോദിക്കാതെ അവൻ ബൈക്ക് എടുത്തു പാഞ്ഞു.

* MEDICAL COLLEGE THIRUVANANTHAPURAM * എന്നെഴുതി വെച്ചിരിക്കുന്ന വലിയ ഗേറ്റ് കടന്ന് ബൈക്ക് അകത്തേക്ക് കയറി. ഒരേ സമയം തന്നെ ഒരുപാടു പേരെ കൊണ്ടുവരുന്നത് കൊണ്ട് കുറച്ചു കഷ്ടപ്പെട്ടുവെങ്കിലും ആരോടൊക്കെയോ ചോദിച്ചറിഞ്ഞ ശേഷം അവനടുക്കലേക്ക് അവൾ ഓടുകയായിരുന്നു. "ചേച്ചി... പതുക്കെ.. " പിറകിൽ നിന്നുമുള്ള അനുജൻ ആകാശിന്റെ വിളികളൊന്നും അവൾ കേട്ടില്ല. ഐ. സി. യു വിനു മുന്നിൽ നിൽക്കുമ്പോൾ ഒരിടത്തടങ്ങി നിൽക്കുവാനായില്ലവൾക്ക്. എന്താണെന്നോ ഏതാണെന്നോ അറിയില്ല.ഒരുനോക്കെങ്കിലും കണ്ടാൽ മതിയെന്നായി. വെള്ള കോട്ടണിഞ്ഞ ഒരു ആൺഡോക്ടർ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. "ഡോക്ടർ.... എങ്ങനുണ്ട്.. "

മൂന്നോട്ട് ചെന്ന് ദക്ഷയ്ക്ക് മുന്നേ തന്നെ ആകാശ് തിരക്കി. "ഏയ്... പേടിക്കാനൊന്നുമില്ല. ഇവിടെ കൊണ്ട് വന്നപ്പോ ആൾക്ക് ബോധമില്ലായിരുന്നു. തലയിൽ ചെറിയ മുറിവുണ്ട്. സ്കാൻ ചെയ്യേണ്ടി വരും. അതിൽ കുഴപ്പമൊന്നുമില്ലെങ്കിൽ വാർഡിലേക്ക് മാറ്റാം. പിന്നെ വലത്തെ കൈയ്ക്ക് ചെറിയ പൊട്ടലുണ്ട് കാലിനു ചെറിയ ചതവടിച്ചിട്ടുണ്ട്.ഭാഗ്യം കൊണ്ട് അത്രയേ പറ്റിയുള്ളു. സ്കാനിംഗ് റിപ്പോർട്ട് വന്നിട്ട് ബാക്കി പറയാം... " ആശ്വാസം പകരുന്ന ചെറുചിരി നൽകി ആ ദൈവദൂതൻ നടന്നകന്നു. അവളിൽ ഒരൽപ്പം ആശ്വാസം നിറഞ്ഞെങ്കിലും അവനെ കാണാതെ നെഞ്ചിലെ തീ അണയില്ല. "ചേച്ചി ഞാൻ വീട്ടിലൊന്ന് വിളിക്കട്ടെ. ഇപ്പൊ വരാം..." "മ്മ്.... " ആകാശ് ഫോണുമായി പുറത്തേക്ക് പോയി.ചെറിയ മുറിവ് പോലും അവനുണ്ടായെന്നറിഞ്ഞാൽ സഹിക്കില്ല അവൾക്ക്.

അവനും അങ്ങനെ തന്നെ. അവനെ കാണും വരെ അവൾക്കിരുപ്പ് ഉറയ്ക്കില്ല. അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടും സമാധാനം ആവുന്നില്ല. സ്കാനിങ്ങിന് കൊണ്ട് പോയതൊക്കെ ആകാശ് ആണ്. വീട്ടിൽ നിന്നും അമ്മയും അച്ഛനും വന്നതോടെ അമ്മയുടെ അടുത്തവളെ നിർത്തി. ഒരു മിന്നായം പോലെ അവനെ കണ്ടതല്ലാതെ അടുത്ത് ചെല്ലാൻ കൂടി അവൾക്കായില്ല. "ദർശിന്റെ കൂടെ വന്നിട്ടുള്ളതാരാ... ഡോക്ടർ വിളിക്കുന്നു. " വാതിൽ തുറന്ന് ഒരു നേഴ്സ് പറഞ്ഞതും പ്രാർത്ഥനയോടെയാണവൾ ഡോക്ടറിനു അടുത്തേക്ക് ചെന്നത്. "ഡോക്ടർ... " അകത്തേക്ക് കയറുവാനുള്ള അനുവാദത്തിനായി വിളിച്ചു. "വരൂ... ഇരിക്കു... " ഏതൊരു രോഗിയുടെ മനസ്സിന് ആശ്വാസമേകുന്ന ചുണ്ടിലെ ചിരി ഇപ്പോഴും അയാളുടെ മുഖത്തുണ്ട്.

മുപ്പത് വയസ്സുമാത്രം പ്രായം തോന്നിക്കുന്ന ചെറുപ്പകാരൻ. "ഡോക്ടർ എങ്ങനുണ്ട്... " അവളിൽ നിന്നും ശബ്ദമുയർന്നില്ല. കൂടെ വന്ന ആകാശ് തന്നെ ഇപ്പോഴും സംസാരിച്ചു തുടങ്ങി.ദക്ഷയുടെ കൈകൾ വിറച്ചുകൊണ്ടിരുന്നു. ഇതു കണ്ടിട്ടാവും ഡോക്ടർ അവളെ നോക്കി ചിരിച്ചു. "ഏയ്.... പേടിക്കണ്ടാ... ഭയപ്പെട്ടത് പോലെ ഒന്നും ഉണ്ടായില്ല. സ്കാനിംഗിൽ വലിയ കുഴപ്പങ്ങളൊന്നും ഇല്ല.കുറച്ചു കഴിഞ്ഞ് വാർഡിലേക്ക് മാറ്റാം. ഇതു മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങിയിട്ട് വരണം. ഓക്കേ... " മരുന്നുകൾ കുറിച്ച കടലാസ് അവൾക്ക് നൽകുമ്പോഴും അയാളുടെ മുഖത്തെ ചിരി അതുപോലെ തന്നെയുണ്ട്. ചെറുചിരി അയാൾക്കും സമ്മാനിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. ശരിക്കും ശ്വാസം നേരാവണ്ണം ആയത് ഇപ്പോഴാണ്.

ആകാശ് തന്നെയാണ് മരുന്ന് വാങ്ങാൻ പോയതും. നാല് രോഗികൾക്ക് മാത്രം കിടക്കുവാൻ പറ്റുന്ന രീതിയിലുള്ള മുറിയിലാണ് ദർശ് ഉള്ളത്. അവനടുത്തേക്ക് ചുവടുകൾ വ വെക്കുമ്പോൾ മനസ്സ് നീറി പുകഞ്ഞു. തലയിലും കൈയ്യിലും കാലിലുമൊക്കെ മുറിവ് കെട്ടി വച്ചിരിക്കുന്നു. പ്ലാസ്റ്റർ ഇട്ട വലത്തെ കൈയ്യും നെറ്റിയിലെ കെട്ടും അവളെ കൂടുതൽ നിരാശയിലാഴ്ത്തി.വേദന കൊണ്ടാവാം ഇടയ്ക്കിടെ അവന്റെ മുഖം ചുളിയുന്നുണ്ട്. അവനരികിൽ വന്നു നിന്നുകൊണ്ട് പതിയെ അവന്റെ മുടിയിഴകളിലൂടെ വിരലുകൾ ചലിപ്പിച്ചു.കണ്ണുതുറന്നു നോക്കിയതും അവളെ കണ്ട ആശ്വാസത്തിൽ വേദനയിലും അവൻ പുഞ്ചിരി വിടർത്തി. "വേദനയുണ്ടോ... " മുടിയിഴകളിൽ നിന്നും വിരലുകൾ മോചിപ്പിക്കാതെ തന്നെ അവൾ ചോദിച്ചു.

ശബ്ദം ഒരൽപ്പം ഇടറിയിരുന്നു. "ഏയ്... ഇല്ല...ഇപ്പൊ കുഴപ്പമൊന്നുമില്ല. " കടുത്ത വേദനയിലും അവന്റെ നാവിനെ കള്ളം പറയാൻ നിർബന്ധിച്ചു. "എന്തിനാ ന്നോട് നുണ പറയണേ...വേദന കൊണ്ടല്ലേ ഈ മുഖം ചുളിയുന്നെ... നല്ല വേദന കാണുമല്ലേ... അതല്ലേ..." ആദ്യവാചകത്തിൽ ഒരൽപ്പം ദേഷ്യം കലർന്നിരുന്നുവെങ്കിലും അവസാനത്തിൽ കരച്ചിലിന്റെ വക്കത്തേക്ക് എത്തിയിരുന്നു. "എന്റെ പൊന്നു ദച്ചു... അങ്ങനെ ഒന്നൂല്ലാന്നെ... വേദനയുണ്ട് പക്ഷെ നീ കരുതും പോലെ അത്രയ്ക്കൊന്നൂല്ല... ഡോക്ടർ പറഞ്ഞല്ലോ എനിക്ക് കുഴപ്പമൊന്നുമില്ലെന്ന്. പിന്നെന്താ... ആ കണ്ണൊക്കെ തുടച്ചേ. ഇവിടെ വേറെയും രോഗികൾ ഉള്ളതാ. അവരൊക്കെ ശ്രദ്ധിക്കും." "ഞാനൊന്നും പറയണില്ല പോരെ.... " പിണങ്ങി തിരിഞ്ഞിരിക്കുമ്പോഴും കണ്ണുകൾ ഇടയ്ക്കിടെ അവനിലേക്ക് പോകും.

അതവൻ കണ്ടുപിടിക്കുകയും ചെയ്യും. ചമ്മൽ മറയ്ക്കാൻ പിന്നെയും പിണക്കം നടിച്ചിരിക്കും. തന്റെ പെണ്ണിന്റെ കുറുമ്പും സ്നേഹവും പിണക്കവുമെല്ലാം മുൻപുള്ളതിനേക്കാൾ ഇഷ്ട്ടം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. മരുന്നിന്റെ കാടിന്യം കൊണ്ട് അവന്റെ കണ്ണുകൾ തനിയെ അടഞ്ഞുപോയി. പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. അവനുറങ്ങുമ്പോഴും അവളുടെ പ്രണയാർദ്രമായ നോട്ടം അവനിൽ തന്നെയായിരുന്നു.ചുറ്റുമുള്ളവരെയാരെയും അവൾ ശ്രദ്ധിച്ചില്ല. പല ആവിശ്യങ്ങൾക്കായും ആശുപത്രി വരാന്തയിലൂടെ നടക്കേണ്ടി വന്നു അവൾക്ക്. നിരവധി രോഗികൾ, അപകടങ്ങൾ മൂലം പരിക്കേറ്റവർ അനേകം.കൈകുഞ്ഞുമായി നിൽക്കുന്ന സ്ത്രീകളെ കാൺകെ ഹൃദയത്തിലെവിടെയോ നോവ് അനുഭവപ്പെട്ടു.

ചായവാങ്ങാനായി കാന്റീനിനു സമീപം നിൽക്കുമ്പോൾ പരിചയമുള്ള മുഖം കണ്ടതും ആരാണെന്ന് അവളൊന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. "എവിടെയോ കണ്ട പോലെ... ഇതാരാ എന്നാലും...അയ്യോ.. ഇത് റാം സർ അല്ലെ..." പെട്ടെന്ന് ഓർമ വന്നതും അവൾ അയാൾക്കടുത്തേക്ക് ചെന്നു. "റാം സർ അല്ലെ..." ഉറപ്പ് വരുത്തുവാനായി അടുത്തേക്ക് ചെന്ന് ചോദിച്ചതും അയാൾ തിരിഞ്ഞു നോക്കി. ആളെ മനസ്സിലാകാത്തതിനാലാകും മുഖം ചുളിച്ചുകൊണ്ട് അവളെ നോക്കി. "അതെ.. ആരാ... മനസ്സിലായില്ല " "എന്റെ പേര് ദക്ഷ. സർ എന്നെ പഠിപ്പിച്ചിട്ടുണ്ട്.എട്ടാം ക്ലാസ്സിൽ.,എസ്. എൻ.എച്.എസ്.എസ് സ്കൂളിൽ. ഓർമയുണ്ടോ..." കുറച്ചുനേരം പഴയ ഓർമയിലേക്ക് ഒരു തിരച്ചിൽ നടത്തിനോക്കി അവൻ.

"ഓ... ഇപ്പൊ ഓർമ വന്നു. ഒരുപാട് പേരെ പഠിപ്പിച്ചിട്ടുള്ളതല്ലേ അതുകൊണ്ട് ഓർമ കിട്ടിയില്ല പെട്ടെന്ന്. പിന്നെ താനും ആളാകെ മാറിപ്പോയി. അന്ന് കൊച്ചുകുട്ടിയാല്ലാരുന്നോ.അല്ല.. താനെന്താ ഇവിടെ,ആരെങ്കിലും ഇവിടെ അഡ്മിറ്റ് ചെയ്തേക്കുവാണോ... " കുറച്ചു നേരത്തെ തിരച്ചിലിനൊടുവിലാണ് ഓർമ കിട്ടിയത് പോലും. "ആഹ്... സർ.. എന്റെ ഹസ്ബൻഡ് ഇവിടെ ഉണ്ട്. രണ്ട് ദിവസം മുന്നേ ആക്‌സിഡന്റ് ആയി.സർ എന്താ ഇവിടെ... " "അത്... എന്റെ വൈഫിന്റെ രണ്ടാമത്തെ ഡെലിവറി ആയിരുന്നു ഇന്നലെ. മൂത്തത് ഒരു മോൾ ആണ്. ഇപ്പൊ ഒരു മോനെയും ദൈവം തന്നു. " അയാളുടെ മുഖത്ത് പറയുമ്പോൾ സന്തോഷം അലതല്ലിയിരുന്നു. അഭിനന്ദനം പറയാൻ അവൾ മറന്നില്ല. "തന്റെ കല്യാണം കഴിഞ്ഞതൊന്നും ഞാനറിഞ്ഞില്ല. എത്ര വർഷമായി. "

"മൂന്ന്... സാറിന്റെയോ.. " "ഞങ്ങൾടെ കഴിഞ്ഞിട്ട് കഴിഞ്ഞ മാസം ഏഴ് വർഷമായി. ദക്ഷക്ക് കുഞ്ഞിങ്ങളൊന്നും..... " അയാൾ ബാക്കി പറയാതെ അവളുടെ മുഖത്തേക്ക് നോക്കി. "കുട്ടികൾ ഇതുവരെ ഇല്ല. " ചിരിയോടെ തന്നെയവൾ മറുപടി പറഞ്ഞു. ഉള്ളിലെ വേദന ആരും കാണാതെ മണ്ണിട്ടു കുഴിച്ചുമൂടി. "ഹസ്ബൻഡ് ഇപ്പൊ എന്ത് ചെയ്യുന്നു. " തിരികെ നടക്കവെ മൗനത്തെ ഭേദിച്ചുകൊണ്ട് അയാൾ തന്നെ ചോദ്യമുയർത്തി. "ഏട്ടനിപ്പോ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു. " പിന്നെയൊരോരോ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഇരുവരും നടന്നു.

"എങ്കിൽ ശരിയെടോ... പിന്നെ കാണാം..." "ഓക്കേ സർ.... " പരസ്പരം പറഞ്ഞു പിരിഞ്ഞ ശേഷം മൂന്നോട്ട് നടക്കവെ അവളെ അവൻ തിരിഞ്ഞു നോക്കി. ചിരിയോടെ മുന്നിലേക്ക് നടന്നു. എന്തോ ഓർത്തതുപോലെ പെട്ടെന്ന് നിന്നു. "ദക്ഷ... " പിന്നിൽ നിന്നും അവന്റെ വിളി കേട്ടതും അവളും തിരിഞ്ഞുനോക്കി അവനടുത്തേക്ക് നടന്നു. "എന്താ സർ... " "തനിക്ക് ഓർമ്മയുണ്ടോന്നറിയില്ല. അന്നൊരിക്കൽ ഞാൻ തനിക്കൊരു പേപ്പർ തന്നില്ലേ. അത് വായിച്ചാരുന്നോ.... " .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story