❣️ദക്ഷ ❣️: ഭാഗം 8

Daksha Ponnu

രചന: പൊന്നു

"ഞാൻ ഉറങ്ങിക്കോളാം... നീ ഇവിടെ ഇരിക്കോ.. എന്റെ അടുത്ത്.. " പറയുമ്പോൾ ഇടയ്ക്കൊക്കെ വേദന അനുഭവപ്പെട്ടിരിക്കാം. അതവന്റെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു. മറുപടി ചെറുചിരിയിൽ ഒതുക്കി അവൾ അവനടുത്തായി ഇരുന്നു. അവന്റെ കണ്ണുകൾ അപ്പോഴും അതിന്റെ ഇണയിൽ തങ്ങി നിന്നു. "എന്തേയ്.... ഇങ്ങനെ നോക്കുന്നേ... " അവന്റെ കണ്ണിമ വെട്ടാതെയുള്ള നോട്ടം എന്തുകൊണ്ടോ അവൾക്ക് താങ്ങാനായില്ല. "വെറുതെ നോക്കിയതാണേ.... " അവളുടെ മാറിലായി കുഞ്ഞിനെ പോലെ അവൻ കിടന്നു. അമ്മയുടെ മാറിലെ ചൂടേറ്റു കിടക്കാൻ ഏഴുവയസ്സുവരെ മാത്രം ഭാഗ്യം കിട്ടിയിട്ടുള്ളത് കൊണ്ടായിരിക്കാൻ ദക്ഷ അവന്റെ ഭാര്യയും അമ്മയും ഒരേ സമയം ആയി. നാലുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായവർ... പരസ്പരം പ്രണയിച്ചു നടക്കുമ്പോഴും അവനൊരു പ്രണയിനി എന്നതിനേക്കാൾ ഉപരി ഒരമ്മയുടെ സ്നേഹവും കരുതലും അവളാലാകും വിധം അവനു നൽകിയിട്ടുണ്ട്. ക്ഷീണം കൊണ്ട് അവളുടെ മിഴികളും ചെറുതായി അടഞ്ഞു പോയികൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ഞെട്ടി ഉണർന്നുകൊണ്ട് അവന്റെ നെറുകയിൽ തലോടും. "അയ്യോ... കഥ എഴുതി തീർന്നില്ലല്ലോ... പത്തുദിവസം കൂടി മാത്രേ ഉള്ളു ഇനി. അതുകഴിഞ്ഞ് എഴുതാൻ പറ്റുമെന്ന് തോന്നണില്ല..."

മനസ്സിൽ പറഞ്ഞുകൊണ്ടവൾ അവനെ അവളിൽ നിന്നും അടർത്തി മാറ്റി എഴുനേറ്റ് ജനാലയ്ക്കടുത്തായി ഇരുന്നു. എഴുതി നിർത്തിയിടത്തുനിന്നും പിന്നെയും എഴുതാനായി തൂലിക ചലിപ്പിച്ചു. അവൻ പറയുന്നത് കേൾക്കാൻ ഉള്ളം വെമ്പൽ കൊണ്ടു. ഒരുപാടു കൊതിച്ച സന്ദർഭം... അത്രമേൽ പ്രിയപ്പെട്ടവനോടൊന്നു മിണ്ടുവാൻ.. "അതേ... ഇത് നിന്റെ വാച്ചല്ലേ... ദോ... അവിടെ കിടന്നു കിട്ടിയതാ എനിക്ക്.... " വലത്തെ കൈയ്യിൽ ഒരു വാച്ചും നീട്ടിപിടിച്ചുകൊണ്ടവൻ പറഞ്ഞു. അവളുടെ കണ്ണുകൾ ആദ്യം പോയത് സ്വന്തം കൈയ്യിൽ ആയിരുന്നു. അവനെ ചിന്തിച്ചു നടന്നതിനാൽ കൈയ്യിൽ നിന്നും വാച്ചഴിഞ്ഞു പോയതു പോലും അവളറിഞ്ഞിട്ടില്ല. "ഹാ... അതെ.... താങ്ക്സ്... " ഇടർച്ചയുള്ള സ്വരം അവളിൽ നിന്നും പുറപ്പെട്ടു. വിറയാർന്ന കൈകളോട് അവനിൽ നിന്നും വാച്ചു വാങ്ങി. അവളെ നോക്കി ചെറുചിരി മാത്രം നൽകി അവൻ തിരിഞ്ഞു നടക്കാനൊരുങ്ങി. എന്തെങ്കിലും സംസാരിക്കണമെന്നുള്ളതുകൊണ്ട് പിന്നെയും അവൾക്കഭിമുഖമായി നിന്നു. "പിന്നെ എക്സാം എങ്ങനുണ്ടായിരുന്നു..." "കുഴപ്പില്ലാരുന്നു.." അത്രമാത്രമേ അവൾക്കു പറയാൻ കഴിഞ്ഞുള്ളു. അവനോടെന്തൊക്കെയോ ചോദിക്കാൻ നാവിന് ആഗ്രഹമുണ്ടെങ്കിലും മനസ്സതിനനുവദിക്കുന്നില്ല..

ചെറുമൂളലിൽ മറുപടി നൽകി അവൻ പടികൾ കയറി മുന്നിലേക്ക് പോയി. കണ്ണിൽ നിന്നുമവൻ മറയുന്നത് വരെ അവൾ നോക്കി നിന്നു. ഒരുവേളയവൻ തിരിഞ്ഞുനോക്കിയാലോ എന്ന ചിന്തയിൽ, എങ്കിലും ഒരിക്കൽ പോലും അവനിൽ നിന്നൊരു തിരിഞ്ഞു നോട്ടമുണ്ടായില്ല. അവന്റെ കൈയ്യിലെ ചൂട് ആ വാച്ചിലുള്ളതുപോലെ തോന്നി. വെറും തോന്നൽ മാത്രം. കൈയ്യിലെ വാച്ചിലേക്കും അവൻ നടന്നു നീങ്ങിയ വഴിയിലേക്കും കണ്ണുകൾ മാറി മാറി സഞ്ചരിച്ചു. വാച്ചവൾ ഏറെ പ്രണയത്തോടെ കൈകളിൽ കെട്ടി. അവനിൽ നിന്നും ഏറ്റുവാങ്ങിയ ആദ്യ സമ്മാനം, അവളുടേതാണെങ്കിൽ കൂടി ഇനി മുതൽ അവൾക്കതു പ്രിയപ്പെട്ടതായി തീർന്നിരുന്നു. രണ്ടുമാസം ഓർത്തിരിക്കാനൊരു ഓർമ... സ്കൂൾ ഗേറ്റുകടക്കുമ്പോൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. വെറുതെ അവനെ കാണാനൊരു മോഹം. കൗമാരത്തിന്റെ തുടിപ്പിൽ തോന്നുന്ന ചിന്തകൾ മാത്രം... "ദച്ചൂ.. പോകാം... " ആയിഷയുടെ ശബ്ദം അരികിൽ നിന്നു കേട്ടതും ദക്ഷ തിരിഞ്ഞു നോക്കി. ഐഷു കണ്ണുകൾ ഉയർത്തി നോക്കുന്നില്ല. മുഖമാകെ വാടിഇരിക്കുന്നു.. "ഡീ.... എന്തുപറ്റി.. മുഖമെന്താ ഇങ്ങനെ വാടി ഇരിക്കുന്നേ... അജ്മലിന്റെ കൂടെയല്ലേ നീ പോയെ, എന്നിട്ടിപ്പോ അവനെന്തിയേ... "

"എനിക്കൊന്നൂല്ല...നീ വാ പോകാം.. ബസ് പോവും.. " കരഞ്ഞിട്ടുണ്ടെന്ന് അവളുടെ സ്വരത്തിൽ നിന്നുതന്നെയവൾക്ക് മനസ്സിലായി. കള്ളം കണ്ടു പിടിക്കുമെന്ന് പേടിച്ചു ഐഷു ദക്ഷയുടെ മുഖത്തുപോലും നോക്കിയില്ല. "ഐഷു... കാര്യം പറയണുണ്ടോ നീയ്... ഇല്ലെങ്കിൽ ഇപ്പൊ ഞാൻ അജ്മലിനോട് ചോയിക്കും... നിനക്കെന്താ പറ്റിയെ എന്തിനാ നീ കരഞ്ഞേ... ഡീ..." "നിന്നോടല്ലേ ദച്ചൂ പറഞ്ഞെ ഒന്നൂല്ലന്ന്... അവനും ഞാനും കുറച്ചു സംസാരിച്ചു അത്രേ ഉള്ളു. പിന്നെ ഞാൻ കരഞ്ഞെന്ന് നിന്നോടാരാ പറഞ്ഞെ... ഏഹ്... ഞാൻ പറഞ്ഞോ ഇല്ലല്ലോ.... അവൻ പറഞ്ഞോ... നീ വരുന്നെങ്കിൽ വാ... ഞാൻ പോകുവാ.... " ശബ്ദത്തിലെ ഇടർച്ച മനസ്സിലാക്കാതിരിക്കാൻ ദേഷ്യത്തിൽ പറഞ്ഞുകൊണ്ടവൾ മുന്നോട്ടു നടന്നു. ദക്ഷ അവിടെ നിന്നും അനങ്ങിയില്ല. കൈകൾ രണ്ടും മാറിൽ പിണച്ചുകെട്ടി ആയിഷ പോകുന്നത് തന്നെ നോക്കി നിന്നു. ഒരൽപ്പം നടന്നിട്ടും ദച്ചു കൂടെ വന്നില്ലെന്നറിഞ്ഞതും ആയിഷ ഒന്ന് നിന്നു. പിന്നെ പിറകിലേക്ക് തിരിഞ്ഞു നോക്കി. അവൾ നോക്കിയതും ദക്ഷ പിണക്കം നടിച്ചുകൊണ്ട് മുഖം തിരിച്ചു. ഒരുനിമിഷം ചിന്തിച്ചുനിന്നെങ്കിലും ആയിഷ തന്നെ വാശി മാറ്റിവെച്ചുകൊണ്ട് ദക്ഷക്കടുത്തേക്ക് നടന്നു. "ഡീ... സോറി.... വാ... പോകാം... " " ഞാൻ വരുന്നില്ല എങ്ങോട്ടും. നിന്റെ ആരും അല്ലല്ലോ... നിന്റെ പ്രശ്നങ്ങളൊന്നും എന്നോട് പറയൂലല്ലോ... പിന്നെന്തിനാ ഇപ്പൊ തിരിച്ചു വന്നേ.. പൊയ്ക്കൂടാരുന്നോ നിനക്ക്... "

ദക്ഷ വിട്ടു കൊടുക്കാൻ തയ്യാറായില്ല.അവൾക്കെന്തു പറ്റിയെന്ന് അറിയണമെങ്കിൽ വാശി കാണിക്കുക അല്ലാതെ വേറെ വഴിയില്ലെന്നവൾക്കറിയാം. "ഞാൻ അപ്പോഴത്തെ ദേഷ്യത്തിനു പറഞ്ഞതാ... നീ ഒന്ന് ക്ഷമിക്ക്.... ദച്ചൂ... ഇങ്ങോട്ടൊന്ന് നോക്ക്... എന്റെ അവസ്ഥ കൂടി മനസ്സിലാക്കെടി. എനിക്കാകെ സങ്കടം വന്നു... അതാ അങ്ങനെയൊക്കെ പറഞ്ഞെ... " അവളുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ഭൂമിയെ ചുംബിച്ചു. " അതെനിക്കു മനസ്സിലായി. ഈ സങ്കടത്തിന്റെ കാര്യമാണ് അറിയേണ്ടത്... പറയ്... അജ്മൽ എന്താ പറഞ്ഞെ നിന്നോട്. അവനെ കണ്ടിട്ടു വന്നേ പിന്നെയാണ് നിനക്കീ മാറ്റാം... " സ്കൂൾ വിട്ട സമയം ആയതുകൊണ്ട് തന്നെ ഗേറ്റിനടുത്തു നിൽക്കുന്നത് ശരിയാവില്ലെന്ന് തോന്നിയതും ദക്ഷയുടെ കൈയ്യും പിടിച്ചവൾ മതിലിനു പിറകിലായി നിന്നു. " അവനെ സ്നേഹിച്ചത് ഞാൻ മാത്രമായിരുന്നെടി... അവനെന്നെ ഒരിക്കൽ പോ..ലും സ്നേഹിച്ചിട്ടില്ല. വെറും മ... മണ്ടിയാ ഞാൻ.... സ്നേഹിക്കണ്ടാരുന്നു അവനെ... എങ്കിലിപ്പോ എ...നിക്ക് ഇങ്ങനെ സങ്കടം വരൂലാരുന്നല്ലോ... " കരഞ്ഞുപോയിരുന്നവൾ.. അത്രയ്ക്കും മനസ്സ് വേദനിച്ചുകാണാം... "അവൻ പറഞ്ഞോ നിന്നോട് ഇങ്ങനെ... എന്താ പറഞ്ഞെ അവൻ... " "മ്മ്... പറഞ്ഞു.. " *********

"ഡീ... കുറെ ദിവസായി ചോയിക്കാനിരിക്കുവാരുന്നു നിന്നോട്. ഇന്നെങ്കിലും ചോയിച്ചില്ലേൽ ശരിയാവില്ല.. " "എന്താടാ... ചോയിക്ക്... " അവളോടിത് പറയുമ്പോൾ അജ്മൽ വിറയ്ക്കുന്നുണ്ടായിരുന്നു. ആയിഷയുടെ മനസ്സിലെന്തായിരിക്കുമെന്ന ചിന്ത.. "അത്.... നിനക്കെന്നെ ഇഷ്ട്ടാണോ.. അതായത് ഈ പ്രേമം അങ്ങനെ... അങ്ങനെ എന്തെങ്കിലും... " "" അതെ പ്രണയമാണ്, പ്രാണനാണ്... "" മറുപടിയായിത് പറയണമെന്നുണ്ടെങ്കിൽ അവളാ മോഹം മനസ്സിൽ തന്നെ അടക്കി വച്ചു. " അയ്യോ... എന്തൊക്കെയാ നീ ഈ പറയുന്നേ... ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ലടാ... ഫ്രണ്ട് അത്രേ ഉള്ളു... അല്ലാ.... നീയെന്തേ അങ്ങനെ ചോയിച്ചേ... " കള്ളം പറയുമ്പോഴും,അവന്റെ നാവിൽ നിന്നും ഇഷ്ട്ടമാണ് എന്നൊരു വാക്കു കേൾക്കാൻ അവൾ കൊതിച്ചു. " എന്തിനാ കള്ളം പറയുന്നേ... നിന്റെ ഓരോ നോട്ടവും സംസാരവും എന്നോടുള്ള പെരുമാറ്റവും, എല്ലാം നിനക്ക് എന്നെ ഇഷ്ട്ടാണെന്ന് കാണിക്കുന്നുണ്ട്. അത് മനസ്സിലാക്കാതിരിക്കാൻ ഞാനൊരു പൊട്ടനല്ല... നിനക്കിനി ഞാനൊരു പൊട്ടനായി തോന്നുന്നുണ്ടെങ്കിൽ അതങ്ങു മാറ്റിയേക്ക്... കേട്ടോ... " അവസാനത്തിൽ എത്തുമ്പോൾ അവന്റെ സ്വരം ഒരൽപ്പം കടുത്തു. അവനിൽ നിന്നും ഇങ്ങനെയൊന്ന് ഐഷു പ്രതീക്ഷിച്ചിരുന്നില്ല. അവൾക്കെന്തു പറയണമെന്നറിയാതെയായി. പ്രതീക്ഷകളൊക്കെയും തെറ്റുന്നുവോ...? "എന്താ... ഇപ്പൊ നിനക്കൊന്നും പറയാനില്ലേ... ഞാൻ പറഞ്ഞത് ശരിയല്ലേ... പറയ്... "

"അല്ല.... " അവന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നതും ഇനിയും പ്രതികരിക്കാതിരിക്കാൻ അവൾക്കായില്ല. "നീ പറഞ്ഞതൊക്കെ തെറ്റാണ്... എനിക്ക് നിന്നോട് ഒരു പ്രേമവും ഇല്ലാരുന്നു... പിന്നെ അടുപ്പം കാണിച്ചത്. എനിക്ക് ആകെ നല്ല രീതിയിൽ നമ്മുടെ ക്ലാസ്സിൽ നിന്നും പരിചയമുള്ള ആണ് നീ ആയതുകൊണ്ടാണ്. ആ ഫ്രണ്ട്ഷിപ്പിനെ തെറ്റായിട്ട് കരുതിയത് നീയല്ലേ... എന്നിട്ട് എന്നോട് കിടന്ന് ചൂടാവുന്നോ.... നീ കരുതും പോലെ എനിക്ക് നിന്നോട് മുടിഞ്ഞ പ്രേമമൊന്നൂല്ല.... " അവൾക്കും ദേഷ്യം തോന്നി. അവനു മുന്നിൽ ജയിക്കാൻ വേണ്ടി കള്ളം പറയേണ്ടി വന്നു. " അങ്ങനെ ഒന്നില്ലെങ്കിൽ പിന്നെന്തിനാ നിന്റെ ഈ കണ്ണിപ്പോ നിറഞ്ഞെ.... ഏഹ്... അത് കൂടി പറഞ്ഞിട്ട് പോയ മതി... " ഒരുനിമിഷമവൾ ഞെട്ടി. നാവുപറയുന്ന കള്ളം ഒരിക്കലും കണ്ണുകൾ പറയില്ലെന്ന് കേട്ടിട്ടുണ്ട്. കണ്ണുനിറയാതിരിക്കാൻ പരമാവധി ശ്രമിച്ചതുമാണ്. "പറയാനില്ലേ ഒന്നും... " " ചെയ്യാത്ത തെറ്റിന് കുറ്റം കേൾക്കേണ്ടി വരുമ്പോ കണ്ണ് നിറയും. ഞാനെന്നല്ല ഏതൊരു പെണ്ണിന്റെ ആയാലും...

പിന്നെ കരഞ്ഞതെന്തിനാണെന്ന് നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. " ഇനിയും കണ്ണുനീരിനെ തടഞ്ഞുവെക്കാൻ അവളെക്കൊണ്ടാകുമായിരുന്നില്ല. അവന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവിടെ നിന്നും തിരിഞ്ഞു നടന്നു. അവൻ കാണാതെ കണ്ണുനീർ തുടച്ചു. വാശിയോടെ അവ ഒഴുകികൊണ്ടിരുന്നു. ********* നടന്നതത്രയും ദച്ചുവിനോട് പറയുമ്പോൾ ഐഷു പൊട്ടിക്കരഞ്ഞിരുന്നു. പ്രാണാനായി സ്നേഹിച്ചതുകൊണ്ടാകാം അവന്റെ ഓരോ വാക്കുകളും അത്രമേൽ അവളെ നോവിച്ചത്. " ഡീ.... ഐഷു... പോട്ടെ കരയാതെ... അവന് നിന്നെ വിധിച്ചിട്ടില്ല അത്രേ ഉള്ളു.... ഡീ... നീ ഇങ്ങനെ കരയാതെ.... അയ്യേ... നാണക്കേട്... " സമാധാനിപ്പിക്കാനുള്ള വാക്കുകളൊന്നും അവളുടെ മനസ്സിലെ സങ്കടം കുറയ്ക്കാനായില്ല. "ആൾക്കാര് വിചാരിക്കും രണ്ട് മാസം എന്നെ കാണാൻ പറ്റാഞ്ഞിട്ടു കരയുവാണെന്ന്...കണ്ടവന്മാരെ ഓർത്തു കരയാതെ നിനക്ക് ഈ തങ്കം പോലത്തെ എന്നെ ഓർത്തു കരഞ്ഞൂടെ.... ദുഷ്ട്ടത്തി... ഒരു സ്നേഹവുമില്ല.... " .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story