❣️ദക്ഷ ❣️: ഭാഗം 9

Daksha Ponnu

രചന: പൊന്നു

"ആൾക്കാര് വിചാരിക്കും രണ്ട് മാസം എന്നെ കാണാൻ പറ്റാഞ്ഞിട്ടു കരയുവാണെന്ന്...കണ്ടവന്മാരെ ഓർത്തു കരയാതെ നിനക്ക് ഈ... എന്നെ ഓർത്തു കരഞ്ഞൂടെ.... ദുഷ്ട്ടത്തി... ഒരു സ്നേഹവുമില്ല.... " " പോടീ... " കരച്ചിലിനൊടുവിലും ആയിഷ ദക്ഷയുടെ കൈയ്യിൽ പിച്ചി. " എനിക്ക് സങ്കടമൊന്നുമില്ല..... അവനല്ലേ എന്നെ വേണ്ടാത്തത്. സാരല്ലാ.. പ്രേമിച്ചിട്ടും കാര്യമില്ല. എന്തിനാ വെറുതെ.... വെറുതെ സമയം കളയാനായിട്ട്. ഒറ്റക്കങ്ങ് നടന്നാലെന്താ... ആരെയും ഓർക്കേം വേണ്ടാ... ടെൻഷനും അടിക്കണ്ടാ... നീ വാ ഇനി അവനെ ഒക്കെ ഓർത്തിരുന്നാൽ ബസ് അതിന്റെ വഴിക്ക് പോവും. നല്ല തലവേദന, വീട്ടിൽ ചെന്നിട്ട് കിടന്നുറങ്ങണം. ഇനി രണ്ട് മാസത്തേക്ക് സമാധാനം... " തനിക്ക് സങ്കടമേതുമില്ലെന്ന് കാണിക്കാൻ പോകുന്ന വഴിയിലൊക്കെ ആയിഷ വെറുതേ ഓരോന്നായി സംസാരിച്ചുകൊണ്ടിരുന്നു. ഉള്ളിൽ കടലിരമ്പുകയാണ്. മറുകര കാണാത്ത ആ കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ശക്തമായി ചുഴലിക്കാറ്റടിച്ചു വീശി. പ്രണയത്തിന്റെ മാതൃകയായി മനസ്സിൽ പണികഴിപ്പിച്ച അവളുടെ പ്രണയാമാകുന്ന കപ്പൽ ആ ചുഴിയിൽ പെട്ടു മുങ്ങിതാണു... കൂടുതൽ ആഴത്തിലേക്കത് ഇറങ്ങി ചെന്നു. ഇനി ഈ പ്രണയം ഉയർത്തെഴുനേൽക്കില്ലെന്നവൾ മനസ്സിൽ ഉറപ്പിച്ചു. ഇനി ഒരുപക്ഷെ അവളുടെ ഉറപ്പിനെ അർത്ഥമില്ലാതെയാക്കികൊണ്ട് വിധി അത്ഭുതം കാട്ടിയാലോ....? "ആഹാ.... കാന്താരി കുട്ടി വന്നല്ലോ..."

വീട്ടിലേക്ക് എത്തിയ ഉടനെ അമ്മയെ വിളിക്കാനായി നാവുയർത്തിയതും അപരിചിത ശബ്ദം കേട്ട് ആ ഭാഗത്തേക്ക് കണ്ണുകൾ പായിച്ചു. മുന്നിൽ ചിരിയോടെ നിൽക്കുന്ന അൻപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ. തിരികെ അവളും ചിരിച്ചു. "മോൾക്ക് എന്നെ മനസ്സിലായോ... " ആളാരാണെന്നറിയാതെ കണ്ണും മിഴിച്ചു നിൽക്കുന്നത് കണ്ടിട്ടാകും അയാൾ ചോദിച്ചു. ഉണ്ടക്കണ്ണ് മിഴിച്ചു നോക്കിയതല്ലാതെ അവൾ ഒരക്ഷരം പോലും മിണ്ടിയില്ല. " ഇപ്പോഴും ഉണ്ടല്ലോ ഈ ഉണ്ടക്കണ്ണ്.... " അയാളൊരു കൊച്ചു കുട്ടിയോടെന്ന പോലെ സംസാരിച്ചു. "ഓഹ്.... ഇങ്ങേര് ഇതെന്തുവാ പറയുന്നേ... ഉണ്ടക്കണ്ണ് പോലും, വലുതാവുമ്പോ ഞാനെന്താ എടുത്ത് കളയാൻ പറ്റോ ഉണ്ടക്കണ്ണ്... ഇപ്പോഴും ഉണ്ടോന്ന് പോലും.. " മനസ്സിലെ ചിന്ത ഇതാണെങ്കിലും അയാളുടെ മുന്നിൽ നന്നായി ചിരിച്ചുനിന്നു, ഇത്രയും പാവം വേറെ ആരും ഈ ഭൂമിയിൽ ഇല്ലായെന്ന് തോന്നിപോവും വിധത്തിൽ. "മോളിങ്ങു വന്നേ... അപ്പാപ്പൻ ചോദിക്കട്ടെ.... " അയാൾ അടുത്തേക്ക് വന്നതും അവൾ ഒരൽപ്പം പിറകിലേക്ക് നീങ്ങി നിന്നു. "ആരാ.... എനിക്ക് അറിയൂലല്ലോ.... അമ്മ പറഞ്ഞിട്ടുണ്ട് അറിയാത്തവര് വിളിച്ചാ പോകല്ലേന്ന്..... " " അയ്യേ.... അപ്പൊ ദച്ചൂന് എന്നെ മനസ്സിലായില്ലേ... നിന്റെ അമ്മേടെ അച്ഛന്റെ പഴയ ഒരു കൂട്ട്കാരനാ... നിന്റെ അമ്മയെ ദേ ഈ കൈയ്യേലിട്ടാ വളർത്തിയെ... അറിയോ നിനക്ക്... " " എനിക്കെങ്ങനെ അറിയാനാ... ഞാനന്ന് ജനിച്ചില്ലല്ലോ... "

അയാളുടെ സംസാരം തീരെ അവൾക്ക് ഇഷ്ട്ടപ്പെട്ടില്ല. "അമ്മേടെ മോള് തന്നെ, തർക്കുത്തരത്തിനു ഒരു കുറവൂല്ലാല്ലോ.... " പിന്നെയും അയാളോട് സംസാരിച്ചു നിന്നില്ല. മറുപടി ഒന്നും പറയാതെ അയാളെ മറികടന്ന് അകത്തേക്ക് നടന്നു. "അമ്മാ.... അതാരാ... ഇതിനുമുന്നേ ഇവിടെ വന്നിട്ടില്ലല്ലോ... " " ഹാ... വന്നിട്ടില്ല. ഇപ്പൊ നമ്മളെയൊക്കെ കാണാൻ തോന്നി വന്നു. അത്രേ ഉള്ളു. നല്ല ആളാ.. നിന്റെ അപ്പാപ്പനെ പോലെ കണ്ടാമതി. അപ്പാപ്പന്റെ പഴയ കൂട്ട്കാരനാ... കാര്യോം പറഞ്ഞോണ്ട് നിക്കാതെ നീ പോയി കുളിച്ചേ പെണ്ണെ... ഇനി രണ്ട് മാസത്തേക്ക് സ്കൂളില്ലല്ലോ.... വൈകുന്നേരത്തേക്ക് കപ്പ പുഴുങ്ങാൻ വെച്ചിട്ടുണ്ട്. പോയി കുളിച്ചിട്ട് വന്ന് അങ്ങോട്ട് തേങ്ങ എടുത്ത് ചിരകിയെ നീ... " " മ്മ്....ദാ പോകുവാ.." തുണിയും എടുത്ത് കുളിക്കാൻ കയറുമ്പോൾ അച്ഛന്റെ ചാരുകസേരയിൽ ഇരിക്കുന്ന അയാളെ വെറുതെ ഒന്ന് നോക്കി ചിരിച്ചു. " മോളിങ്ങു വന്നേ... " കുളിച്ചുകയറിയതും അയാൾ അവളുടെ കൈയ്യിൽ പിടിച്ച് നിർബന്ധിച്ചു മടിയിൽ ഇരുത്തി. " മോളിപ്പോ എത്രേലാ പള്ളികൂടത്തിൽ പടിക്കണേ..." "എട്ടിൽ ആയിരുന്നു. ഇനി ഒൻപതിലേക്ക്... " " ആഹാ.... വലിയ കുട്ടി ആയല്ലോ ന്റെ മോള്.... " തലയിൽ തലോടികൊണ്ടിരുന്ന കൈകൾ അവളുടെ കഴുത്തിലായി എത്തിയതും പതിയെ ആ കൈകൾ ദച്ചു തട്ടിമാറ്റി.

" നന്നായി പഠിക്കുന്നുണ്ടോ മോള്... " " മ്മ്....എങ്കിൽ ഞാൻ പൊക്കോട്ടെ... അമ്മയെ സഹായിക്കാൻ..." " ആഹ്.... എന്താ കുട്ടിയെ ഇങ്ങനെ.... അപ്പാപ്പൻ ചോയിക്കട്ടെ വിശേഷങ്ങള്... അനിയൻ എന്തിയെ, അവനെ കണ്ടില്ലല്ലോ... " "അവൻ ട്യൂഷന് പോയേക്കുവാ... ആറുമണിക്കേ വരുള്ളു... " അയാളിൽ നിന്ന് വിട്ടുമാറാൻ ശ്രമിച്ചിട്ടും കൂടുതൽ സ്നേഹം നടിച്ചവളെ അയാൾ പിടിച്ചുവെച്ചു. അവൾക്കാകെ അസ്വസ്ഥത തോന്നി. കഴുത്തിൽ പിടിച്ചുരുന്ന കൈകൾ തോളിലൂടെ താഴേക്ക് ചലിച്ചു. കൈയ്യിൽ ഇറുകെ പിടിച്ചു വെച്ചു. കൈതട്ടിമാറ്റിയെങ്കിലും അയാൾ പിന്നെയും ഇത് തന്നെ ചെയ്തുകൊണ്ടിരുന്നു. "വിട്.... എനിക്ക് പോണം.... " അയാളുടെ കൈകൾ ശക്തിയിൽ തട്ടിയെറിഞ്ഞുകൊണ്ട് അവൾ വേഗത്തിൽ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു. " അതേയ് സുധാകരൻ ചേട്ടൻ ഇനി രണ്ടീസം കഴിഞ്ഞേ പോകുള്ളൂന്ന്... ദച്ചൂന് സ്കൂൾ ഇല്ലാലോ, അവളെ കൂടെ പോകുമ്പോ കൊണ്ട് പൊയ്ക്കോട്ടെന്ന് ചോയിച്ചു. ഞാനൊന്നും പറഞ്ഞില്ല. എന്താ പറയേണ്ടേ... " അച്ഛന്റെയും അമ്മയുടെയും സംസാരം കേട്ടതും ദക്ഷക്കുള്ളിൽ എന്തെന്നില്ലാത്ത ഭയം ഉടലെടുത്തു. അയാളുടെ ഓരോ നോട്ടവും, സ്പർശവും പലപ്പോഴും അവൾക്ക് അസ്വസ്ഥമായി തോന്നിയിരുന്നു.. അച്ഛന്റെ മറുപടിക്കായി അവൾ കാതോർത്തു.

"എന്തിനാ അവളെ കൊണ്ട് പോണേ... വേണേൽ ആകാശിനെ കൊണ്ട് പോട്ടെ." " ആഹ് കൊള്ളാം.... അവനാണേൽ ഹിന്ദി എഴുതാനും വായിക്കാനും പോലും അറിയത്തില്ല. അതുകൊണ്ടല്ലേ സ്‌കൂൾ ഇല്ലാത്ത ഈ സമയത്ത് ഹിന്ദി പഠിക്കാൻ ട്യൂഷന് കൊണ്ടാക്കിയേ... ഇനി അതും മുടക്കീട്ട് അവനെ വിടാൻ പറ്റോ... ദച്ചൂനെ ആവുമ്പോ വിടാല്ലോ.... അവൾക്ക് എങ്ങും പോവേം വേണ്ട... വയസായ ആളല്ലേ..., അവര്ടെ ആഗ്രഹം നമ്മളല്ലേ നടത്തികൊടുക്കേണ്ടേ... എന്നെയൊക്കെ എടുത്തോണ്ട് നടന്ന് വളർത്തിയ ആളാ... ഒന്നോ രണ്ടോ ദിവസം ദച്ചു അവിടെ പോയി നിക്കട്ടേന്നേ... " " അങ്ങനെയിപ്പോ എന്റെ മക്കളെ കൊണ്ട് പോയിട്ട് അവര്ടെ ആഗ്രഹം സാധിക്കണ്ടാ... എന്റെ കുഞ്ഞിങ്ങള് ന്റെ അടുത്ത് നിക്കുന്നതാ എനിക്കിഷ്ട്ടം. " " നിങ്ങളെന്താ ഇങ്ങനെയൊക്കെ പറയുന്നേ... കുറച്ചു ദിവസല്ലേ ഉള്ളു. അവളെ വിട്ടെന്ന് വെച്ച് നിങ്ങൾക്കെന്താ... " അച്ഛൻ അതുകൂടി കേട്ടതും അമ്മയെ തുറിച്ചു നോക്കി. അതോടെ അമ്മയുടെ വായടഞ്ഞു. " ഇനി ഇതിനെ കുറിച്ച് ഒരു സംസാരം ഇവിടെ വേണ്ട..., പറഞ്ഞേക്കാം.... അത്രയ്ക്ക് നിനക്ക് നിർബന്ധം ആണേൽ നീ പോ... എന്റെ കൊച്ചിനെ ഞാൻ വിടത്തില്ല. " ദേഷ്യത്തിൽ അത്രയും പറഞ്ഞുകൊണ്ടയാൾ മുണ്ടൊന്നുകൂടി മുറുക്കി ഉടുത്ത് മുറിയ്ക്ക് പുറത്തേക്കിറങ്ങി.

അച്ഛന്റെ വാക്കുകൾ ദക്ഷയിൽ ഉണ്ടാക്കിയ ആശ്വാസം കുറച്ചൊന്നുമല്ല. അവൾ അച്ഛനെ വന്ന് ഇറുകെ കെട്ടിപിടിച്ചു. ഉയരം കുറവായിരുന്നതിൽ അയാളുടെ വയറിനു മുകളിൽ തലവെച്ചവൾ കുറച്ചു നേരം നിന്നു. " എന്തേയ്.....? " അച്ഛന്റെ ചോദ്യത്തിന് ഒന്നുമില്ലെന്ന് തലയാട്ടി, ചിരിയോടെയവൾ മുറിയിലേക്ക് ഓടി. അവളിലേക്ക് ചേർന്നുനിൽക്കാനുള്ള ഒരവസരം പോലും സുധാകരൻ പാഴാക്കിയില്ല. ദച്ചുവിന്റെ കുഞ്ഞു ശരീരത്തിലേക്ക് അയാളുടെ കണ്ണുകൾ പലപ്പോഴായി പാഞ്ഞു നടന്നു. ഇതൊന്നും അറിഞ്ഞില്ലെങ്കിൽ കൂടി തന്റെ കുഞ്ഞു രാജകുമാരിയെ കഴുകൻ കണ്ണുകളിൽ നിന്നും ആ പിതാവ് തന്നാലാകും വിധം പൊതിഞ്ഞു പിടിച്ചു. രണ്ടു മാസം..... പതിറ്റാണ്ടുകളായി അവൾക്ക് തോന്നി. സിനിമകളിൽ കേൾക്കുന്ന ഓരോ പ്രണയഗാനം കാതുകളിലൂടെ ഒഴുകുമ്പോൾ മനസ്സിലേക്കോടി എത്തുന്നത് അവന്റെ നോട്ടമാണ്. ആ പാൽ നിറമുള്ള കണ്ണുകൾക്ക് എന്തോ കാന്തിക ശക്തിയുണ്ടെന്നവൾക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും... അതെ, ഉണ്ടാകും..... അതാകുമല്ലോ അവനു മേൽ ഇത്രയ്ക്കും അവൾ അടിമയാകാൻ കാരണം.... കാത്തിരിപ്പിന്റെ രണ്ടു മാസത്തിനൊടുവിൽ സ്കൂൾ ഗേറ്റുകടന്ന് അകത്തേക്ക് നടക്കുമ്പോൾ കണ്ണുകൾ അവിടമാകെ ആരെയോ തിരഞ്ഞുകൊണ്ടിരുന്നു.

പുതിയ ക്ലാസ് മുറി കണ്ടു പിടിച്ചകത്തേക്ക് കയറും മുൻപേ തന്നെ ദക്ഷയെ കണ്ടതും ഐഷു ഓടി വന്നു. "ദച്ചൂ ഡീ.... എത്ര നാളായി കണ്ടിട്ട്.... " മറുപടിയായി ദച്ചു അവളെ ഇറുകെ പുണർന്നു. രണ്ടുമാസത്തെ വിശേഷങ്ങൾ ഓരോന്നായി എണ്ണിയെണ്ണി ഇരുവരും പറയുമ്പോൾ ഒരിക്കൽ പോലും ദച്ചു തന്റെ മനസ്സിൽ ഈ കാലയളവിലത്രയും കടന്നുവന്നവനെ കുറിച്ച് പറിഞ്ഞില്ല. അജ്മലിനെ കുറിച്ചുള്ളതൊന്നും ഐഷുവും പറയാൻ മുതിർന്നില്ല. """ പ്രിയ വിദ്യാർഥി,വിദ്യാർത്ഥിനികളെ കളെ.... പ്രവേശനോത്സവത്തോട്ടനുബന്ധിച്ച് ബഹുമാനപ്പെട്ട എച്. എം, ശ്രീമതി ആർ മിനി നിങ്ങളോട് സംസാരിക്കുന്നതാണ്. അതിനായി എല്ലാ കുട്ടികളും സ്കൂൾ ഓഡിറ്റോറിത്തിനു സമീപം എത്തിച്ചേരണമെന്ന് അറിയിക്കുന്നു. """ ഉച്ചഭാഷിണി(ലൗഡ് സ്പീക്കർ) യിലൂടെ അറിയിപ്പ് മുഴങ്ങിയതും എല്ലാവരും അങ്ങോട്ടേക്ക് നടന്നു... ഓഡിറ്റോറിത്തിൽ മുഴുവൻ എട്ടാം ക്ലാസ്സിലെ കുട്ടികളെ കൊണ്ട് നിറഞ്ഞു. ബാക്കിയുള്ളവർ സമീപത്തുള്ള വരാന്തയിലായി തടിച്ചുകൂടി. വേദിയിൽ നടക്കുന്ന പ്രസംഗങ്ങളൊന്നും അവൾ ശ്രദ്ധിച്ചില്ല. അവിടമാകെ ശിവയ്ക്ക് വേണ്ടി കണ്ണുകൾ തിരഞ്ഞു. ഒടുവിൽ കണ്ണുകൾ അതിന്റെ ഇണയെ കണ്ടെത്തി. അവൾക്ക് എതിർ വശത്തായുള്ള വരാന്തയിൽ നിൽക്കുന്നുണ്ട് അവളുടെ പ്രണയം. ഇരുവർക്കുമിടയിലുള്ള അകലം വലുതാണ്. രണ്ട് വരാന്തകൾക്കിടയിലാണ് ഓഡിറ്റോറിയം. അവനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി. അവനും ആരെയോ തിരയുന്നുണ്ട്. അവൻ കാണാതിരിക്കാൻ വേണ്ടിയവൾ അടുത്തുള്ള തൂണിനുമറവിലേക്ക് നീങ്ങി നിന്നു. ഒളിക്കണ്ണിട്ട് അവനെ നോക്കികൊണ്ട് തന്നെ............ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story