ദേവനന്ദൻ: ഭാഗം 14

Devananthan mahadevan

രചന: മഹാദേവൻ

" എന്നാൽ ദേവൻ ചെല്ല്.. തിരിച്ചു പോകുമ്പോൾ കാണാം.... ഞാൻ കാന്റീനിൽ പോയി അവൾക്കുള്ള ഭക്ഷണം വാങ്ങട്ടെ... " നന്ദൻ ചിരിച്ചുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ ദേവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു, ശരണ്യയുടെ മുറി ലക്ഷ്യമാക്കികൊണ്ട്... ! റിസപ്ഷനിൽ നിൽക്കുന്ന ആളോട് ശരണ്യ എന്ന പേഷ്യന്റിന്റെ റൂംനമ്പർ കൺഫോം ചെയ്തു ദേവൻ. പിന്നെ ആ റൂം തിരഞ്ഞു കണ്ടുപിടിച്ച് മുറിയുടെ വാതിലിൽ പതിയെ മുട്ടുമ്പോൾ അകത്തു നിന്ന് ഒരു നേഴ്സ് ആയിരുന്നു വാതിൽ തുറന്നത്. കസിൻ ആണെന്ന് പരിചയപ്പെടുത്തി നേഴ്സിന്റെ അനുവാദത്തോടെ അകത്തേക്ക് കയറുമ്പോൾ ശരണ്യ മയക്കത്തിലായിരുന്നു. അവളുടെ ആ കിടപ്പ് കുറച്ചു നേരം നോക്കിനിന്നു അവൻ. പിന്നെ പതിയേ ശരണ്യയേ തട്ടിവിളിച്ചു. പാതിമയക്കത്തിൽ നിന്നോണം കണ്ണുകൾ വലിച്ചുതുറന്നവൾ മുന്നിൽ നിൽക്കുന്ന ദേവനെ കണ്ടു ഞെട്ടി. അവന്റെ ചിരിക്കുന്ന മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി.

അവിടെ ഉണ്ടായിരുന്ന നഴ്സിനെ അവളുടെ കണ്ണുകൾ നാലുപാടും തിരഞ്ഞു. ഇപ്പോൾ നന്ദൻ കേറിവന്നാലുള്ള അവസ്ഥ അവളിൽ ഭയം സൃഷ്ടിച്ചിരുന്നു. അവളുടെ കണ്ണുകളിലെ ഭയം മനസ്സിലാക്കിയ ദേവൻ പെട്ടന്ന് ഒരു കസേര വലിച്ചിട്ട് അവൾക്കരികിൽ ഇരിക്കുമ്പോൾ അവളൊന്ന് കിടുങ്ങി. ഈ സമയം നന്ദൻ കൂടി കേറിവന്നാൽ.... ---------------------------------------------------- പുറത്ത് പോയി ആവശ്യമുള്ള സാധനങ്ങളും കാന്റീനിൽ നിന്ന് ശരണ്യയ്ക്കുള്ള ഭക്ഷണവും ചായയും വാങ്ങി റൂമിലേക്ക് നടക്കുമ്പോൾ ആണ് ദേവൻ അവിടെ ഉള്ള കാര്യം ഓർമ്മ വന്നത്. " ആള് പോയോ ആവോ " എന്ന് ചിന്തിച്ചുകൊണ്ട് ഫോൺ എടുത്ത് ദേവന്റെ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു. " ആ ദേവൻ... താൻ പോയോ.? " " ആണോ.... ഇറങ്ങിയോ... എന്നാ ഞാൻ ഇവിടെ റിസപ്ഷനിൽ വെയിറ്റ് ചെയ്യാം വേഗം വരുമെങ്കിൽ. കെട്യോൾക്കുള്ള ഭക്ഷണം എന്റെ കയ്യിൽ ആണ്.. " ------------- " ഒക്കെ... എന്നാ വേഗം വാ.. ". നന്ദൻ ഫോൺ തിരികെ പോക്കറ്റിലിട്ട് ദേവന് കാത്ത് റിസപ്ഷനിൽ വെയിറ്റ് ചെയ്തു.

അല്പസമയത്തിനുള്ളിൽ ദേവൻ നന്ദനരികിൽ എത്തിയിരുന്നു. " ഹായ്.. നന്ദാ....ഞാൻ പിന്നെ വിളിക്കാതിരുന്നത് ഓരോ പ്രശ്നങ്ങൾ കാരണമായിരുന്നു. അന്ന് അവിടെ നിന്ന് തിരിക്കുമ്പോൾ അറിഞ്ഞില്ല അമ്മ പോയെന്ന് പറയാൻ ആണ് മോഹനേട്ടൻ വിളിച്ചതെന്ന്. വീട്ടിൽ ചെല്ലുമ്പോൾ ആയിരുന്നു അമ്മ കൂടി.... ആ. അതിന് ശേഷം പിന്നെ ഒന്നിനും ഒരു താല്പര്യമില്ലായിരുന്നു. വിളിക്കണമെന്ന് പലപ്പോഴും ചിന്തിച്ച്.. പിന്നെ വേണ്ടെന്ന് വെക്കും. ഒരു ശൂന്യത... " " സരമില്ലെടോ.. എനിക്ക് മനസ്സിലാവും തന്റെ ഫീലിംഗ്. താൻ മൈൻഡ് ഒക്കെ ആകുമ്പോൾ വിളി.. എല്ലാം ശരിയാകും. നഷ്ട്ടങ്ങൾ നികത്താൻ കഴിയാത്തതാകും. എന്ന് കരുതി പിന്നെയും നഷ്ട്ടങ്ങളിലേക്ക് തന്നേ സഞ്ചരിക്കുന്നതാണ് വിഡ്ഢിത്തം. വേണമെങ്കിൽ ജീവിതം കൊണ്ട് എന്നെ പോലെ എന്നൊക്കെ പറയാം... " നന്ദന്റ പുഞ്ചിരിയിൽ നിരാശ നിഴലിക്കുമ്പോൾ ദേവൻ ആ നിമിഷങ്ങൾ കൂടുതൽ സെന്റിയാക്കാതെ അവന് നെരെ കൈ നീട്ടി. " എന്ന ശരി നന്ദാ.. ഞാൻ പോട്ടെ. കയ്യിൽ ഫുഡ്‌ അല്ലേ.

സംസാരിച്ചു നിന്നിട്ട് ഇനിയും വൈകിയാൽ ശരിയല്ല, " " ഒക്കെ ദേവാ. താൻ ഫ്രീ ആകുമ്പോൾ വിളിക്കാൻ ശ്രമികുക.. ഒരു നഷ്ട്ടം കൊണ്ട് ഒന്നിൽ നിന്നും പിറകോട്ട് നിൽക്കരുത്. മുന്നോട്ട് ചിന്തിച്ചാലെ മുടന്തില്ലാതെ ജീവിക്കാൻ പറ്റൂ.. " ഷേക്ഹാന്റിനൊപ്പം ഒരു ചിരിയും നൽകി രണ്ട് പേരും രണ്ട് വഴിക്ക് തിരിയുമ്പോൾ ഇടയ്ക്കിടെ ദേവനൊന്ന് തിരിഞ്ഞുനോക്കി നന്ദൻ കണ്ണിൽ നിന്നും മറയുന്നത് വരെ.... റൂമിലെത്തുമ്പോൾ ഏങ്ങിയേങ്ങി കരയുന്ന ശരണ്യയെയാണ് നന്ദൻ കണ്ടത്. ഒരു തിരിച്ചറിവിന്റെയോ തെറ്റുകൾ മനസ്സാൽ ഏറ്റുപറഞ്ഞുള്ള കരച്ചിലാകുമെന്ന് കരുതി ഉള്ളാൽ സന്തോഷിക്കുമ്പോൾ നന്ദന്റെ നിഴലനക്കം കണ്ടു കണ്ണുകൾ തുടയ്ക്കുകയായിരുന്നു ശരണ്യ. " ഇയാൾ വന്നു ഭക്ഷണം കഴിക്ക് . വാശിക്ക് ഭക്ഷണം കഴിക്കാതിരുന്നാൽ സ്ഥിരമായി ഈ റൂം ബുക്ക്‌ ചെയ്യേണ്ടി വരും. " അവളെ ഒന്ന് ഇടംകണ്ണിട്ട് നോക്കികൊണ്ട് കൊണ്ടു വന്ന ഭക്ഷണം മേശപ്പുറത് തുറന്നു വെച്ചു ഒരു ഗ്ളാസ്സിലേക്ക് ചായയും പകർന്ന് വെച്ചു നന്ദൻ.

അവന്റെ മുഖത്തേക്ക് പോലും നോക്കാതെ യാന്ത്രികമെന്നോണം എഴുനേറ്റ് കൈ കഴുകി ആ ഭക്ഷണത്തിനു മുന്നിൽ ഇരിക്കുമ്പോഴും ഒഴിച്ചുകൂടാനാവാത്തൊരു ഭയം മനസ്സിനെ ഞെരിച്ചമർത്തുംപോലെ തോന്നി ശരണ്യയ്ക്ക്. പ്രതീക്ഷിക്കാതെയുള്ള ദേവന്റെ വരവും അവന്റെ വാക്കുകളും വീണ്ടും അവളെ ആഴക്കടലിലേക്ക് എടുത്തെറിഞ്ഞിരുന്നു. നിലയില്ലാക്കയറ്റിൽ മുങ്ങിപൊങ്ങി കര കണ്ടിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിസ്സഹായതയോടെ ഒഴുക്കിലേക്ക് നീന്തേണ്ടി വരുന്ന നിർഭാഗ്യത അവളെ പിന്നെയും വേട്ടയാടി. എല്ലാം ഉള്ളിലൊതുക്കുമ്പോഴും ഉമിത്തീ പോലെ നീറിനീറി.... എല്ലാവരാലും വെറുക്കപ്പെട്ടവളായി... അഹങ്കാരിയായി...... നിസ്സഹായതയുടെ ഒരു നോട്ടം നന്ദന് നെരെ എറിഞ്ഞവൾ വീണ്ടും ഭക്ഷണത്തിൽ വിരൽ കോറുമ്പോൾ അവളറിയാതെ അവളെ ശ്രദ്ധിക്കുകയായിരുന്നു നന്ദനും. അവളിൽ കണ്ണുനീർ പൊടിഞ്ഞുതുടങ്ങിയത് അവളിലെ മാറ്റത്തിന്റ സൂചനയാകുമെന്ന പ്രതീക്ഷയോടെ..... 

പത്തു ദിവസത്തെ ഹോസ്പിറ്റൽവാസത്തിനു ശേഷം ഡിസ്ചാർജ് ചെയ്ത ശരണ്യയെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ അച്ഛനെയും അമ്മയെയും നിരുത്സാഹപ്പെടുത്തി നന്ദനൊപ്പം പോകാൻ തയാറാക്കുമ്പോൾ നന്ദൻ അവളിലെ പഴയ സ്വഭാവത്തെ വീണ്ടും കാണുകയായിരുന്നു. " ശരണ്യ.. ഇത്‌ നീ നിന്റെ അമ്മയോടും അച്ഛനോടും ചെയ്യുന്ന ക്രൂരതയാണ്. മകളുടെ ഈ അവസ്ഥയിൽ നീറുന്ന അച്ഛനെയെങ്കിലും നീ മനസ്സിലാക്കണം. വിവാഹം കഴിഞ്ഞ് ഇന്നുവരെ നീ ആ പടി കയറിയിട്ടില്ല. നിന്നെ ഓർത്ത് ഒരു ആയുഷ്ക്കാലം മുഴുവൻ അവൻ നീറിനീറി കഴിയണം എന്നാണോ നീ ആഗ്രഹിക്കുന്നത്? ബോറാടോ. തന്റെ ഈ ചിന്തയും പ്രവർത്തിയും. നിസ്സഹായതയോടെ, പ്രതീക്ഷയോടെ നിന്നെ നോക്കുന്ന ആ മനുഷ്യനെ ഓർത്തെങ്കിലും നീ.. " അപ്പുറത്ത് മാറി നിൽക്കുന്ന അവളുടെ അച്ഛനെ ഒന്ന് നോക്കികൊണ്ട് അവൻ ശരണ്യയോട് പ്രതീക്ഷയോടെ സംസാരിക്കുമ്പോൾ ഒന്നും മിണ്ടാതെ തല താഴ്ത്തി എല്ലാത്തിൽ നിന്നും ഒരു ഒളിച്ചോട്ടംപ്പോലെ ഇരിക്കുകയായിരുന്നു അവൾ.

കുറച്ചു നേരം അവളെ നോക്കിയ അവന് അവളുടെ തീരുമാനത്തിൽ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ലെന്ന് വെക്തമായപ്പോൾ പ്രതീക്ഷ നഷ്ട്ടപ്പെട്ടവനെ പോലെ ശരണ്യയുടെ അമ്മയെയും അച്ഛനെയും നോക്കികൊണ്ട് നന്ദൻ കാർ മുന്നോട്ട് എടുത്തു. ************* അന്ന് പതിവ് പോലെ ചാരുവും രോഹിണിയും ബസ്സ്സ്റ്റോപ്പിൽ നിൽക്കുമ്പോൾ ആണ് ദേവൻ ആ വഴി വന്നത്. അവരെ കണ്ടപ്പോൾ തന്നെ അവർക്കരികിലേക്ക് ബുള്ളറ്റ് ഒതുക്കിനിർത്തിയ ദേവൻ രണ്ട് പേരെയും നോക്കി പുഞ്ചിരിക്കുമ്പോൾ അവരും അവനായി ഒരു പുഞ്ചിരി സമ്മാനിച്ചു. " ആഹാ.. ഇന്ന് രണ്ട് പേരും ഉണ്ടല്ലോ. " " രണ്ട് പേരും ഉള്ളതിപ്പോൾ ഒരു പ്രശ്നമാണല്ലേ മാഷേ, അല്ലെങ്കിൽ ഇപ്പോൾ ഒരാളെയും കൊണ്ട് ബുള്ളറ്റ് കോളേജ് വഴി പോയേനെ ! അല്ലേ. " രോഹിണി ചിരിയോടെ ചോദിക്കുമ്പോൾ ചാരു പിന്നിൽ നിന്ന് അവളുടെ കയ്യിൽ അമർത്തി പിച്ചി. " ന്തോന്നെടി പെണ്ണെ വെറുതെ പിന്നിൽ കിടന്ന് പിച്ചീകൊണ്ടിരിക്കുന്നെ? നിനക്ക് വേണേൽ ഈ ബുള്ളറ്റിന്റെ പിന്നിൽ കേറി പോക്കോ. ഞാൻ മെല്ലെ വന്നോളാം..

അല്ലാതെ മനുഷ്യന്റെ തോല് പിച്ചിയെടുക്കാതെ നീ " അവളുടെ വാക്ക് കേട്ട് ചാരു നാണത്താൽ മുഖം താഴ്ത്തുമ്പോൾ അത് കണ്ട ദേവൻ താടിയിൽ തടവിക്കൊണ്ട് പറയുന്നുണ്ടായിരുന്നു " ന്റെ പൊന്ന് മോളെ .. വെറുതെ അതിനെ ബുള്ളറ്റിന്റെ പെടലിയിലോട്ട് പിടിച്ചുകേറ്റി പണി തരല്ലേ.. ഒരിക്കൽ കേറിയതിന്റെ ക്ഷീണം തന്നെ മാറിയിട്ടില്ല. " അവൻ പൊട്ടിച്ചിരിക്കുമ്പോൾ ചാരു ചുണ്ടുകൾ കോട്ടികൊണ്ട് അവനെ ഒന്ന് തറപ്പിച്ചുനോക്കി മുഖം വെട്ടിച്ചു. അത് കണ്ടപ്പോൾ ദേവനും രോഹിണിക്കും ചിരിയാണ് വന്നത്. ദേവൻ ഒരിക്കൽ കൂടി രണ്ട് പേരെയും നോക്കി കണ്ണിറുക്കികാണിച്ചുകൊണ്ട് പതിയെ ബുള്ളറ്റ് മുന്നോട്ട് എടുക്കുമ്പോൾ ചാരു പ്രണയനൊമ്പരത്തിന്റെ വിങ്ങലോടെ അവൻ പോകുന്നതും നോക്കി നിന്നു. ദേവൻ പോയതിനു പിറകെ ആയിരുന്നു ആദി അവർക്കരികിൽ വന്നു നിന്നത്. അവനെ കണ്ടപ്പോൾ തന്നെ രോഹിണിയുടെ മുഖം തരളിതമായിരുന്നു . " എടി നീ ഇന്നും... " " എന്റെ പൊന്ന് മോളെ, അതല്ലേ നിന്നോട് മലയാളത്തിൽ ഞാൻ പറഞ്ഞേ ആ ദേവേട്ടന്റെ പിറകെ വിട്ടോളാൻ..

ഇനി നീ മെല്ലെ ബസ്സ് കയറി ചെല്ല്.. ഞാൻ വേഗം വരാം. ആദിയുടെ ഡാഡി ഇന്ന് വൈകീട്ട് ഗൾഫിൽ പോവാണ്. അതിന് മുന്നേ എന്നെ കാണണം എന്ന്. ഭാവി അമ്മായപ്പനല്ലേ. ഇനി ധിക്കരിച്ചെന്ന് വേണ്ട. അതുകൊണ്ട് മോള് ചെല്ല്. കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ എന്നെ വിളിച്ചാൽ മതി ഞാൻ ഇവിടെ വന്നു വെയിറ്റ് ചെയ്യാം... " രോഹിണി ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് ആദിയുടെ പിന്നിൽ കയറുമ്പോൾ ചാരുവിന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു അവളുടെ പോക്ക് അപകടത്തിലേക്ക് ആണെന്ന്. പക്ഷേ, പറഞ്ഞാലും അവൾ ചെവികൊള്ളില്ലെന്ന് ചാരുവിന് അറിയാവുന്നത് കൊണ്ട് അവൾ മൗനം പാലിച്ചു. അവളെ കൈ വീശി കാണിച്ച് രോഹിണി ആദിയിലേക്ക് അടുത്തിരിക്കുമ്പോൾ ചാരുവിന്റെ മനസ്സ് പറഞ്ഞ പോലെ മുന്നോട്ട് പോകുന്നത് ഒരു വലിയ അപകടത്തിലേക്ക് ആണെന്ന് ചിന്തിക്കാതെ രോഹിണി ആദിയെ ഇറുക്കെ കെട്ടിപ്പിടിച്ചു. പ്രണയത്തിന്റെ മായക്കാഴ്ചയിലെന്നോണം !!.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story