ദേവനന്ദൻ: ഭാഗം 15

Devananthan mahadevan

രചന: മഹാദേവൻ

അവളെ കൈ വീശി കാണിച്ച് രോഹിണി ആദിയിലേക്ക് അടുത്തിരിക്കുമ്പോൾ ചാരുവിന്റെ മനസ്സ് പറഞ്ഞ പോലെ മുന്നോട്ട് പോകുന്നത് ഒരു വലിയ അപകടത്തിലേക്ക് ആണെന്ന് ചിന്തിക്കാതെ രോഹിണി ആദിയെ ഇറുക്കെ കെട്ടിപ്പിടിച്ചു. പ്രണയത്തിന്റെ മായക്കാഴ്ചയിലെന്നോണം !! ഇവളിത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ തനിക്കും ദേവന്റെ കൂടെ പോകാമായിരുന്നു എന്ന് തോന്നി ചാരുവിന് . ആദിയെ പോലെ കാമുകിയെ പലയിടത്തേക്കും കൊണ്ട് പോകില്ല. ദേവന്റെ കൂടെ ആകുമ്പോൾ കോളേജിന്റെ മുന്നിൽ തന്നെ കൊണ്ട് വിടും. ആദ്യമൊക്കെ അങ്ങനെ ചിന്തിച്ചെങ്കിലും പിന്നീട് തോന്നി ഇടയ്ക്കിടെ ആ പോക്ക് ശരിയല്ലെന്ന് . ദേവനെ കുറിച്ച് ആർക്കും ഒരു മോശമായ അഭിപ്രായം ഉണ്ടാകില്ല, പക്ഷേ നാലേ പറയാനൊരു വാർത്തയായി മാറരുത്. ചാരു അവനെ മനസ്സിൽ താലോലിച്ചുകൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിക്കുമ്പോൾ അവൾക്ക് പോകാനുള്ള ബസ്സ് സ്റ്റോപ്പിലേക്ക് വരുന്നുണ്ടായിരുന്നു . 

അന്ന് ഏറെ വൈകിയിട്ടും മോള് വീട്ടിൽ വരാത്തതിന്റെ ആധിയായിരുന്നു ശങ്കരനിൽ. കോളേജ് വിട്ട് നേരത്തെ എത്തുന്നവൾ ഏറെ വൈകിയിട്ടും വരാതിരുന്നപ്പോൾ അയാളുടെ നെഞ്ച് പിടയ്ക്കാൻ തുടങ്ങിയിരുന്നു. മൊബൈലിൽ വിളിക്കുമ്പോൾ പരിധിക്ക് പുറത്താണെന്നുള്ള മറുപടി അയാളെ ഭയപ്പെടുത്താൻ തുടങ്ങിയപ്പോൾ ചാരുവിനെ വിളിക്കാമെന്ന് കരുതി ഫോൺ എടുത്തെങ്കിലും പിന്നെ നേരിട്ട് പോയി അന്വോഷിക്കാം എന്ന് കരുതി ശങ്കരൻ വേഗം ഇട്ടിരുന്ന ഡ്രസ്സ്‌ മാറി വീട് പൂട്ടി പുറത്തേക്കിറങ്ങി. അമ്മയ്‌ക്കൊപ്പം അടുക്കളയിൽ നിൽക്കുമ്പോൾ ആയിരുന്നു പുറത്ത് കോളിംഗ്ബെൽ കേട്ടത്. " പുറത്താരോ വന്നിട്ടുണ്ട്.. അതാരാണെന്ന് പോയി നോക്ക് പെണ്ണെ വെറുതെ ഓരോന്ന് തിന്നിരിക്കാതെ " അമ്മ ഗൗരവത്തോടെ മുഖത്തേക്ക് നോക്കുന്നത് കണ്ട ചാരു മുഖം കോട്ടി കെർവിച്ച് കയ്യിൽ പാതികടിച്ച തേങ്ങാപൂൾ സ്ളാബിന്റെ മുകളിൽ വെച്ച് ഹാളിലേക്ക് നടന്നു. ഹാളിലെത്തുമ്പോൾ വീണ്ടും കോളിങ്ബെൽ ശബ്‌ദിക്കാൻ തുടങ്ങിയിരുന്നു. "

ആരാണാവോ ഇത്രയ്ക്ക് മുട്ടി നിൽക്കുന്നത്" എന്നും ചിന്തിച്ചുകൊണ്ട് ചാരു വാതിൽ തുറക്കുമ്പോൾ മുന്നിൽ പരവേശത്തോടെ നിൽക്കുകയായിരുന്നു ശങ്കരൻ. " ആഹാ.. അങ്കിളോ.. ന്താ അങ്കിളേ ഈ സമയത്ത്? വാ കേറി വാ " അവൾ ചിരിയോടെ അയാളെ അകത്തേക്ക് ക്ഷണിക്കുമ്പോൾ ശങ്കരൻ മുഖമൊന്ന് അമർത്തി തുടച്ചു. " മോളെ..... " അയാളുടെ വിളിയിൽ നിറഞ്ഞുനിൽക്കുന്ന വെപ്രാളവും വിറയലും അവളെ പിടിച്ച്നിർത്തുമ്പോൾ അയാൾ പതിയെ സിറ്റൗട്ടിലേക്ക് കയറിയിരുന്നു. " മോളെ.. ന്റെ കുട്ടി ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല.. വൈകിയാൽ വിളിച്ച് പറയും. ഇതിപ്പോ അവളുടെ ഫോണിൽ വിളിച്ചാൽ സ്വിച്ച്ഓഫ്‌ ആണ്. മക്കള് ഒരുമിച്ചല്ലേ കോളേജിൽ നിന്ന് പോന്നത്? അതോ..... " അയാളുടെ വാക്കുകൾ അവളിൽ ഞെട്ടലുളവാക്കി. തൊണ്ടക്കുഴിയിൽ എന്തോ തടഞ്ഞപ്പോലെ. രോഹിണി ഇതുവരെ വീട്ടിലെത്തിയില്ലെങ്കിൽ.... ആദിയുടെ കൂടെ പോകുമ്പോഴെല്ലാം കോളേജ് വിടുന്ന സമയത്തേക്ക് അവൾ ബസ്റ്റോപ്പിൽ ഉണ്ടാകും. പിന്നെ ഒരുമിച്ചായിരുന്നു തിരിച്ചുവരവ്. ഇന്ന് ആ സമയത്തു കാണാതായപ്പോൾ വിളിച്ച് നോക്കിയതും ആണ്. സ്വിച്ച്ഓഫ്‌ ആണെന്ന് കണ്ടപ്പോൾ ഫോണിൽ ചാർജ് തീർന്നിട്ടുണ്ടാകുമെന്ന് കരുതി.

പലപ്പോഴും അവളുടെ ആ യാത്ര നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദിയുടെ സമീപനം അവനിൽ അല്പം വിശ്വാസം വരുത്തിയിരുന്നു.. പക്ഷേ.. ഇപ്പോൾ... " " മോളെ..... " ശങ്കരന്റെ നനഞ്ഞ വിളി കേട്ടായിരുന്നു ചാരു ചിന്തയിൽ നിന്നുണർന്നത് . " മക്കള് ഒരുമിച്ചല്ലേ ഇന്ന് വന്നത്. ന്തേലും ഉണ്ടേൽ പറ മോളെ.. " ആ അച്ഛന്റ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവളുടെ ഹൃദയം കൂടി പൊളിക്കാൻ തുടങ്ങിയിരുന്നു. ആ സമയത്താണ് " ആരാ മോളെ വന്നത് " എന്നും ചോദിച്ച് ചാരുവിന്റെ അമ്മ പുറത്തേക്ക് വന്നു. " ആഹാ.. ആരിത്.. ശങ്കരേട്ടനോ.. കേറിവാ ശങ്കരെടാ... ചേട്ടൻ പുറത്തേക്ക് പോയേക്കുവാ.. ഇപ്പോൾ വരും. ശങ്കരേട്ടൻ കേറി ഇരിക്ക്. " അവർ ഭവ്യതയോടെ അയാളെ സ്വീകരിക്കുമ്പോൾ ആണ് ആ മുഖം ശരിക്കും ശ്രദ്ധിച്ചത്. " ന്ത് പറ്റി ശങ്കരേട്ടാ.... " " ന്റെ കുട്ടി ഇതുവരെ വീട്ടിലെത്തിയിട്ടില്ല. അവളെ അന്വിഷിച്ചിറങ്ങിയതാ ഞാൻ. ന്റെ കുട്ടീം ഈ മോളും ഒരുമിച്ചല്ലേ പോക്ക്വരവ്. അപ്പോൾ ഇവൾക്ക് ന്തേലും അറിയോന്ന് അറിയാൻ... " അയാളിലെ ഗദ്ഗദം ചുണ്ടുകളിലേക്ക് വിതുമ്പലായി ചേക്കേറുമ്പോൾ ആ അമ്മ ചാരുവിന് നെരെ തിരിഞ്ഞു. " മോളെ.... നിങ്ങൾ ഒരുമിച്ചല്ലേ കോളേജിൽ നിന്ന് വന്നത്. ഇങ്ങനെ മിണ്ടാതെ നിൽക്കാതെ എന്തേലും ഒന്ന് പറ. "

അമ്മ കൂടി അവൾക്ക് നെരെ ചോദ്യവുമായി നിൽക്കുമ്പോൾ ചാരു പതറിയിരുന്നു. ഇത്ര കാലം മറച്ചുവെച്ച ഓരോന്നും പറയുമ്പോൾ ആ അച്ഛന്റെ മുഖഭാവം അവൾ മനസ്സിൽ കാണുന്നുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ പറയാതിരിക്കാൻ കഴിയില്ല. രോഹിണി മിസ്സിംഗ്‌ ആണ്. ആദി...... അവൾ പെട്ടന്ന് ശങ്കരേട്ടന് നെരെ തിരിഞ്ഞു. " അങ്കിൾ.... അവൾ... അവളിന്ന് കോളേജിൽ വന്നിട്ടില്ല... " അവളുടെ വാക്ക് അയാൾക്കൊരു ഞെട്ടൽ ആയിരുന്നു. " അപ്പൊ ന്റെ കുട്ടി പിന്നെ....... " അയാളിലെ ഭാവം കണ്ട് അവൾക്ക് വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. " ഒന്ന് പറ കുട്ടി... പിന്നെ എവിടെക്കാ ന്റെ മോള് പോയെ. മോൾക്ക് അറിയുമെങ്കിൽ ഒന്ന് പറ... ഇന്ന് വരെ ന്റെ മോളെ പിരിഞ്ഞൊരു രാത്രി ണ്ടായിട്ടില്ല. ഇന്നിപ്പോ.... മോൾക്ക് ന്തേലും അറിയുമെങ്കിൽ പറ.. " അയാൾ അവൾക്ക് മുന്നിൽ കേഴുകയായിരുന്നു. ഒരു അച്ഛന്റെ മനസ്സ് നീറിനീറി മരിക്കുന്നത് കണ്മുന്നിൽ കാണുകയായിരുന്നു ചാരു . ആ കണ്ണുനീരിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ചാരു ആദിയുമായുള്ള രോഹിണിയുടെ ബന്ധത്തെ കുറിച്ചും അവർ തമ്മിൽ കാണുന്നതും പലപ്പോഴും അവനൊപ്പം അവൾ പോകാറുള്ളതുമെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു. " ഇന്നും രാവിലെ രോഹിണി അവന്റെ കൂടെ....

ഞാൻ പറഞ്ഞതാ അങ്കിൾ വേണ്ടെന്ന്.പക്ഷേ.... അങ്കിളോട് പറയാൻ പേടിയായിരുന്നു. പിന്നെ അവൾ അച്ഛനെ മറനൊന്നും ചെയ്യില്ലെന്ന് പ്രോമിസ്സ് ചെയ്തപ്പോൾ ഞാൻ... " ചാരുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പക്ഷേ, അതെല്ലാം കേട്ട് വിശ്വസിക്കാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു.. ശങ്കരേട്ടൻ........ ഒന്നും പറയാൻ കഴിയാതെ... ചുണ്ടുകളിൽ വിതുമ്പലുകൾ താളം കൊട്ടി... മനസ്സും ശരീരവും വിറച്ചു വിയർത്തൊട്ടി അനക്കമറ്റ്‌ നിന്നു ആ മനുഷ്യൻ. " ന്റെ മോള് അങ്ങനെ ഒന്നും ചെയ്യില്ലെന്ന് കരുതി.. എനിക്ക് മോളെന്നപ്പോലെ അവൾക്ക് പ്രിയപ്പെട്ടത് ഞാനാകുമെന്ന് തെറ്റിദ്ധരിച്ചു. എന്റെ വാക്കുകൾക്കപ്പുറം വേറെ ഒന്നില്ലെന്ന് അവൾ പറയുമ്പോൾ അവൾ വെറുംവാക്ക് ആണെന്ന് അറിഞ്ഞില്ല. ഈ അച്ഛനെ തോൽപ്പിക്കുകയായിരുന്നോ മോളെ നീ... ന്റെ കുട്ടിക്ക് വേണ്ടി മാത്രം ജീവിച്ചിട്ട് ഇപ്പോൾ ന്റെ മോള് തന്നെ അച്ഛനെ..... " അയാൾ മനസ്സിൽ ആയിരം ചിന്തകളോടെ നിലത്തേക്ക് ഇരുന്നു എല്ലാ പ്രതീക്ഷയും നഷ്ട്ടപെട്ടവനെ പോലെ...

അച്ഛൻ വന്നതിന് ശേഷം ശങ്കരേട്ടനും ചാരുവും കൂടി പോലീസ്സ്‌റ്റേഷനിൽ പോയി പരാതി നൽകി. ആദിയും രോഹിണിയും തമ്മിലുള്ള ഇഷ്ട്ടത്തെ കുറിച്ചും അവനൊപ്പം പല തവണ അവൾ പോയിട്ടുണ്ട് എന്നതുമൊക്ക വള്ളിപുള്ളി തെറ്റാതെ ചാരു എസ് ഐ യേ ബോധ്യപ്പെടുത്തുമ്പോൾ SI. അവളെ ഒന്ന് അടിമുടി നോക്കി. " ഇതൊക്കെ തനിക്ക് നേരെത്തെ അറിയാവുന്ന കാര്യമല്ലേ.. എന്നിട്ട് താനെന്ത്കൊണ്ട് ഇതൊന്നും ഇദ്ദേഹത്തോട് പറഞ്ഞില്ല " SI. യുടെ പരുഷമായ ചോദ്യം അവളെ അടിമുടി വിറപ്പിച്ചിരുന്നു. " സർ... അവൾ..... അച്ഛനെ മറന്നൊന്നും ചെയ്യില്ലെന്ന്... പിന്നെ.. അവർ മുന്നേ പോകുമ്പോൾ എല്ലാം ആദി അവളെ ബസ്റ്റോപ്പിൽ കൊണ്ട്വിടുമായിരുന്നു. ആ പോക്ക് തെറ്റാണെന്ന് പലപ്പോഴും ഞാൻ രോഹിണിയോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, ആദിയുടെ മാന്യമായ പെരുമാറ്റം എന്നെയും വിശ്വസിപ്പിച്ചു.. പക്ഷേ..... ഇപ്പോൾ..... " അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് തലതാഴ്ത്തി. " മ്മ്മ്... ശരി.. നിങ്ങളിപ്പോ ചെല്ല്.. ഞങ്ങളൊന്ന് അന്വോഷിക്കട്ടെ. ഇനി അഥവാ പെൺകുട്ടി ഒളിച്ചോടിയതോ മറ്റോ ആണെങ്കിൽ...

" SI.യുടെ വാക്ക് ശങ്കരന്റെ നെഞ്ചിൽ കൊണ്ടുകീറി. അയാൾ നിറകണ്ണുകളോടെ SI. യുടെ മുഖത്തേയ്ക്ക് ദയനീയമായി നോക്കുമ്പോൾ SI. ഒന്ന് മൗനം പാലിച്ചു. " ഞാൻ നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.. ഇന്നത്തെ കാലം അതാണ്‌. ഒരു ബൈക്കും കൊണ്ട് ഇറങ്ങുന്ന ചില പയ്യൻമാർ ഉണ്ട്. വീട്ടിലുള്ളവരെ ധിക്കരിച്ചു കുത്തിക്കഴപ്പുമായി നടക്കുന്നവന്മാർ. അവരുടെ കയ്യിൽ ഇതുപോലെ പെട്ട് പോകുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട് . പഠിപ്പും വിവരവും എത്ര ഉണ്ടായാലും പെൺകുട്ടികൾ എങ്ങനെ ആണ് ഇവന്മാരുടെ വലയിൽ നെരെ പോയി പെടുന്നതെന്ന് അറിയില്ല. അവസാനം...... നിങ്ങളുടെ മോൾക്ക് അങ്ങനെ ഒരു ചതി പറ്റിയിട്ടുണ്ടാകും എന്നല്ല.. പക്ഷേ, ഇന്നത്തെ അവസ്ഥ അങ്ങനെ ഒക്കെ ചിന്തിപ്പിക്കും. ഒന്നിനും ഒരു നിയന്ത്രണം ഇല്ലാത്ത സംസ്കാരത്തിലേക്ക് ആണ് ഇപ്പോൾ നാട് നടക്കുന്നത്. അതിന്റ ഭവിഷ്യത്തുകളാണ് കേൾക്കുന്ന ഓരോ വാർത്തയിലും. ന്തായാലും നിങ്ങൾ ചെല്ല് ഞാനൊന്ന് അന്വോഷിക്കട്ടെ.. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം " തൊഴുകൈയ്യോടെ എഴുന്നേറ്റ ശങ്കരനൊപ്പം ചാരുവും അവളുടെ അച്ഛനും പുറത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നും SI. സംശയംപോലെ ഒന്ന്കൂടി ചോദിക്കുന്നുണ്ടായിരുന്നു " ന്തായിരുന്നു ആ പയ്യന്റെ പേര്...? " " ആദി " ചാരു മറുപടി നൽകി SI. യുടെ മുഖത്തേക്ക് നോകുമ്പോൾ അയാൾ തലയാട്ടി " ആദി " എന്ന പേര് മനസ്സിൽ ഉരുവിട്ടുകൊണ്ട്.

- വീട്ടിൽ എത്തി റൂമിൽ കേറി വാതിലടയ്ക്കുമ്പോൾ ചാരുവിന്റെ നെഞ്ച് പിടയ്ക്കുകയായിരുന്നു. രോഹിണിക്ക് എന്ത് പറ്റി എന്ന് അറിയാതെയുള്ള ചങ്കിടിപ്പ്. ആകെ ഒരു തളർച്ചപ്പോലെ.. പലപ്പോഴും അവളുടെ പോക്കിൽ ഇങ്ങനെ ഒരു അവസ്ഥ പ്രതീക്ഷിച്ചിരുന്നു. അത് അവളോട് പറഞ്ഞിട്ടുള്ളതും ആണ്. അന്നെല്ലാം അത് എന്റെ അസൂയ കൊണ്ടാണെന്ന് പറഞ്ഞവൾ തള്ളി... പക്ഷേ ഇപ്പോൾ... എങ്ങനെ എങ്കിലും അവളെ ഒരു പോറലുമില്ലാതെ കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ പ്രാര്ത്ഥിക്കുമ്പോൾ ആയിരുന്നു ദേവന്റെ മുഖം അവളുടെ മനസിലേക്ക് ഓടിക്കയറിയത്. അവൾ വേഗം ഫോൺ എടുത്ത് ദേവന്റെ നമ്പർ ഡയൽ ചെയ്ത് കാത്തിരുന്നു. മറുതലയ്ക്കൽ അവന്റെ ശബ്ദം കേട്ടപ്പോൾ വല്ലാത്തൊരു ആശ്വാസമായിരുന്നു ചാരുവിന്. " ഇയാളെന്താ ഈ പാത്രിരാത്രിക്ക്. " അവന്റെ കളിയാക്കികൊണ്ടുള്ള ചോദ്യത്തിന് ഒറ്റ കരച്ചിൽ ആയിരുന്നു അവളിലെ മറുപടി. " ന്താടോ.. ന്ത് പറ്റി? " അവന്റെ അമ്പരപ്പ് നിറഞ്ഞ ചോദ്യത്തിനു മുന്നിൽ അവൾ സംഭവം വിശദീകരിക്കുമ്പോൾ അവൻ അവളെ സമാധാനിപ്പിക്കാനെന്നോണം പറയുന്നുണ്ടായിരുന്നു

"ഇയാളിങ്ങനെ കരയാതെ, അവൾക്കൊന്നും സംഭവിക്കില്ല.. താനിപ്പോ ഫോൺ വെച്ചിട്ട് പോയി കിടന്നുറങ്ങൂ. ഞാൻ ഒന്ന് അന്വോഷിക്കട്ടെ. എന്തേലും വിവരം കിട്ടിയാൽ ഞാൻ അറിയിക്കാം.. പേടിക്കണ്ടടോ.. രാവിലെ നല്ലൊരു വാർത്തയുമായി ഞാൻ വിളിച്ചിരിക്കും.. പോരെ.." ദേവൻ ഫോൺ കട്ട് ആക്കിയപ്പോൾ മനസ്സിന് ഒരു ആത്മവിശ്വാസം കിട്ടിയപോലെ. അവന്റെ വാക്കുകളിലെ ഉറപ്പ് അവളെ പ്രതീക്ഷയുടെ കൊടുമുടിയിൽ എത്തിച്ചു. ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന അവൾ ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ സ്വപ്നങ്ങളിൽ മുഴുവൻ രോഹിണി ആയിരുന്നു. രാവിലെ ഫോൺ അടിക്കുന്നത് കേട്ടാണ് ചാരു എഴുന്നേറ്റത്. ദേവൻ കാളിങ് എന്ന് കണ്ടപ്പോൾ തന്നെ അവൾ സന്തോഷത്തോടെ ചാടിയെഴുന്നേറ്റ് ഫോൺ എടുക്കുമ്പോൾ അപ്പുറത്ത് നിന്ന് ദേവന്റെ പതിഞ്ഞ സ്വരമായിരുന്നു കാതിൽ വന്നു തട്ടിയത്. " ചാരു..... രോഹിണി..... " പിന്നീട് അവൻ പറഞ്ഞ വാക്കുകൾ ഒന്നും അവളുടെ കാതുകളിൽ തുളഞ്ഞുകയറിയില്ലെങ്കിലും ഒരു വാക്ക് മാത്രം ശരം കണക്കെ നോവിച്ചുകൊണ്ട് തുളച്ചുകേറുകയായിരുന്നു..... " ചാരു...... രോഹിണി..... അവള് പോയെടോ..... "......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story