ദേവനന്ദൻ: ഭാഗം 2

Devananthan mahadevan

രചന: മഹാദേവൻ

 അവളുടെ പെട്ടന്നുള്ള പ്രതികരണത്തിൽ പകച്ചു നിൽക്കുകയായിരുന്നു കിഷോർ.. അതോടൊപ്പം അവനെ ഞെട്ടിച്ചതും നിശ്ചലനാക്കിയതും അവളുടെ ഭാവമാറ്റം മാത്രമല്ലാതിരുന്നു. അവൾ സ്വന്തം കൈ ഞെരമ്പിനു മുകളിൽ ചേർത്തുവെച്ച ബ്ലൈഡ്. " എന്നെ തൊട്ടാൽ.... " അവളുടെ ആക്രോശം അവന്റെ കാതുകളിൽ ഈയംകണക്കെ തുളഞ്ഞുകയറി. കിഷോർ ഒരു നിമിഷം പകപ്പോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി. താനൊന്ന് അനങ്ങിയാൽ ചിലപ്പോൾ അവൾ ഞെരമ്പിന്റെ ആഴമളക്കുമെന്ന് തോന്നി അവന്. " ശരണ്യ.. പ്ലീസ്.... താനിത് എന്താ കാണിക്കണേ? എടോ... ഇപ്പോൾ ഞാൻ നിന്റ ഭർത്താവാണ്.. ഇത്‌ നമ്മുടെ ആദ്യരാത്രിയും. ഇന്നത്തെ ദിവസം വെറുതെ സീൻ വഷളാക്കി മറ്റുളവരെ കൂടി അറിയിക്കണോ? തനിക്ക് എന്നോട് ദേഷ്യം ഉണ്ടാകും, നിന്റ സമ്മതമില്ലാതെ ആണ് ഈ കല്യാണം എന്നും എനിക്കറിയാം. ഒരിക്കൽ എന്നെ തള്ളിപ്പറഞ്ഞ നിന്നൊടുള്ള വാശി കാണിക്കാനോ വൈരാഗ്യം തീർക്കാനോ വേണ്ടി കെട്ടിയതല്ല ഞാൻ. ഒരു പെണ്ണിനോട് പ്രതികാരം ചെയ്ത് ആണത്തം തെളിയിക്കേണ്ട ഗതികേട് നന്ദകിഷോറിന് ഇല്ല.

പിന്നെ നിന്നെ എന്തിന് പിന്നെയും ഞാൻ തന്നെ കെട്ടി എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം പതിയെ നീ സ്വയം മനസ്സിലാകുന്നതാണ് ശരി. അതുവരെ ഈ ഒരു താലിയുടെ ബലത്തിൽ ഭർത്താവെന്ന അധികാരത്തിന്റെ മാറാപ്പ് നിന്റെ തലയിൽ കെട്ടിവെയ്ക്കാനൊന്നും ഞാൻ വരില്ല. പക്ഷേ, ഒന്ന് നീയും മനസ്സിലാക്കണം... എന്റെ നിർബന്ധത്തിന് മുന്നിൽ അല്ല നീ കഴുത്ത് നീട്ടിയത്, നിന്റ വീട്ടുകാരുടെ നിർബന്ധത്തിനു മുന്നിലാണ്... നിന്നെ ഇഷ്ട്ടമാണ് അന്നും ഇന്നും എന്നും എനിക്ക്. അത് നീ എന്ന് മനസ്സിലാക്കുന്നോ നീ അന്ന് അംഗീകരിച്ചാൽ മതി എന്നെ. അതുവരെ നമ്മുടെ പ്രശ്നങ്ങൾ ഈ മുറിക്കുള്ളിൽ മാത്രം ഒതുങ്ങണം.. മറ്റുള്ളവരുടെ സമാധാനം കൂടി ന്തിന് ഇല്ലാതാക്കണം. പ്ലീസ് " കിഷോർ പറഞ്ഞതിന് മുഖം കൊടുത്തില്ലെങ്കിലും കയ്യിൽ ചേർത്തുപിടിച്ചിരുന്ന ബ്ലേഡ് അവൾ പതിയെ മാറ്റിപിടിച്ചു. പക്ഷേ അവളിലെ മുഖഭാവത്തിനു യാതൊരു മാറ്റവുമില്ലായിരുന്നു. " നിങ്ങൾ സമർത്ഥനായ കള്ളനാണ്.

അതാണല്ലോ എന്റെ അമ്മയെ പണവും പ്രതാപവും കാണിച്ചു മയക്കി എന്റെ കഴുത്തിൽ നിങ്ങളെന്നെ വെറുപ്പിന്റെ കുരുക്കിട്ടത്. ശരിക്കും പുച്ഛം തോനുന്നു നിങ്ങളോട്. ഒരു പെണ്ണിന്റ സമ്മതമില്ലാതെ അവളെ സ്വന്തമാക്കാൻ വേണ്ടി.... ദേ, ഈ കെട്ടിയ ചരട് കൊണ്ട് എന്നിൽ ഭാര്യ എന്ന പദവി അടിച്ചേൽപ്പിക്കാനല്ലാതെ നിങ്ങൾക്ക് എന്റെ സ്നേഹമോ ശരീരമോ നേടാൻ കഴിയുമോ? നിങ്ങളെ ഭർത്താവായി പോലും അംഗീകരിക്കാൻ കഴിയാത്ത എന്റെ മനസ്സ് എന്നെങ്കിലും മാറുമെന്ന് കരുതിയാണ് ഈ ത്യാഗമെങ്കിൽ നിങ്ങൾക്ക് തെറ്റി. എന്റെ മനസ്സിൽ എന്നും ഒരാൾക്കേ സ്ഥാനമുണ്ടാകാവൂ. ദേവേട്ടന്.... ദേവേട്ടന് മാത്രം.... " അവൾ കിതയ്ക്കുകയായിരുന്നു. അവളുടെ ചുണ്ടുകൾ ദേഷ്യത്താൽ വിറയ്ക്കുകയായിരുന്നു. അവനേ അവളുടെ പ്രതികരണം വല്ലാതെ തളർത്തി. " അറിയാം... ഒരിക്കലും സ്നേഹം പിടിച്ചുവാങ്ങാൻ കഴിയില്ല.. അങ്ങനെ വാങ്ങുന്ന ആയുസ്സില്ലാത്ത സ്നേഹത്തിനോട് താല്പര്യവുമില്ല. ഒരു കാര്യം...

നീ എന്നെ തള്ളിപ്പറഞ്ഞപ്പോഴും നിന്റ വീട്ടുകാർ നമ്മുടെ വിവാഹത്തിന് മുൻകൈ എടുത്തപ്പോഴും ഞാൻ അറിഞ്ഞിട്ടില്ല നിനക്ക് ഒരാളെ ഇഷ്ട്ടമാണെന്നുള്ളത്. സത്യം. അറിഞ്ഞിരുന്നെങ്കിൽ അങ്ങനെ മറ്റൊരാൾക്ക് അർഹതപ്പെട്ട സ്നേഹത്തെ സ്വന്തമാക്കാൻ നന്ദൻ ശ്രമിക്കില്ലായിരുന്നു. ഇനി...... ഇന്ന് മുതൽ നിന്റ മനസ്സിന് അംഗീകരിക്കാൻ കഴിയില്ലെങ്കിലും നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നീയെന്റെ ഭാര്യയാണ്. ഈ മുറിക്ക് പുറത്ത് അത് എന്നും അങ്ങനെ ആയിരിക്കണം.. പ്ലീസ് " നന്ദൻ നിസ്സഹായതയോടെ അവൾക്ക് മുന്നിൽ അപേക്ഷിക്കുമ്പോൾ ശരണ്യയുടെ ചുണ്ടുകളിൽ പുച്ഛം നിറഞ്ഞ പുഞ്ചിരിയായിരുന്നു. കണ്ണുകളിൽ പകയും കൊരവള്ളിയിൽ പ്രതികാരത്തിന്റെ അഗ്നിനാമ്പുകളുമായിരുന്നു. " ഇന്ന് മുതൽ ഈ മുറിയിൽ നിങ്ങളുടെ സ്ഥാനം താഴെ ആണ്. എന്റെ മനസ്സിലും ഈ കട്ടിലിനും താഴെ. ! " അവൾ ബെഡ്ഷീറ്റും ഒരു തലയിണയും എടുത്ത് കിഷോറിന്റെ മുന്നിലേക്ക് ഇട്ട് ബെഡിലേക്ക് കേറി കിടന്നു

" ആദ്യരാത്രി സ്വപ്നം കണ്ട് നിൽക്കാതെ ആ ലൈറ്റ് ഓഫ്‌ ചെയ്യണം. എനിക്കൊന്ന്‌ ഉറങ്ങണം. " അവൾ പുച്ഛത്തോടെ അവന് നെരെ പുറംതിരിഞ്ഞു കിടന്നപ്പോൾ നന്ദൻ പുഞ്ചിരിച്ചു. നിസ്സഹായത നിഴലിച്ച നിറം മങ്ങിയ പുഞ്ചിരി. ************ കോളേജിൽ നിന്നിറങ്ങി ബസ് കാത്ത് നിൽക്കുമ്പോഴായിരുന്നു പിന്നിൽ നിന്നും വിളികേട്ടത് ! " എടി ചാരൂ... ആ ബസ്സിൽ കേറല്ലേ... ഞാനും വരുന്നു, നമുക്ക് അടുത്ത ബസ്സിൽ പോകാം. " രോഹിണിയാണ്. ചാരുതയുടെ അടുത്ത കൂട്ടുകാരി. " ആഹാ.. ഇന്നെന്താവോ നേരത്തെ കാമുകൻ ഗെറ്റൗട്ട് അടിച്ചോ മോളെ... അതോ.... " " ഒന്ന് പൊ പെണ്ണെ... അവന് ധൃതി... വീട്ടിൽ ഗസ്റ്റ് ഉണ്ടത്രേ.... ന്നാ പിന്നെ സമയം കളയാതെ മോന് വിട്ടോ എന്നും പറഞ്ഞ് ഞാനിങ്ങു പോന്നു. പിന്നെ എന്നും നീ എന്നെക്കാൾ മുൻപ് എത്തുമ്പോൾ എനിക്ക് മാത്രം സ്പെഷ്യൽക്ലാസ്...! പിടിക്കപ്പെടാൻ ചാൻസ് കൂടുതലാ മോളെ.. .. നിന്നോട് ഒരു അര മണിക്കൂർ നിൽക്കാൻ പറഞ്ഞാൽ നീ നിൽക്കില്ലല്ലോ.

" രോഹിണി ചാരുവിന്റെ കയ്യിലൊന്നു പിച്ചികൊണ്ട് ഗൗരവം നടിക്കുമ്പോൾ ചാരുത അവളുടെ കൈ തട്ടിമാറ്റി. " അതെ, നിനക്ക് നിന്റ കാമുകന്റെ കൂടെ സല്ലപിക്കാൻ ഞാൻ കാവൽ നിൽക്കാം... ഒന്ന് പോടീ.. രാവിലെ കോളേജിൽ എത്തിയാൽ മുതൽ തുടങ്ങും ഇണക്കുരുവികൾ കൊക്കുരുമ്മി നടക്കാൻ, അതും പോരാഞ്ഞിട്ടാ പിന്നെ കോളേജ് വിട്ടാലുള്ള ഈ കലാപരിപാടി. സത്യം പറഞ്ഞാൽ നിനക്ക് വട്ടാ മോളെ... പ്രേമിക്കുന്നതൊക്കെ കൊള്ളാം.. പക്ഷേ ഇതിച്ചിറി ഓവറാ... അതൊക്കെ എന്നെ കണ്ടു പടി.... " ചാരുത ചുമലൊന്നിളക്കി നിൽക്കുമ്പോൾ രോഹിണി പൊട്ടിച്ചിരിച്ചു. " അതെ അതെ... നിന്നെ കണ്ടു പഠിക്കണം.... ഒരിക്കൽ പോലും തിരിഞ്ഞുനോക്കാത്ത ഒരുത്തനോട് പ്രേമം. അയാൾക്കാനേൽ വേറെ പെണ്ണിനോട് പ്രേമം. ആയ്‌സ്... അടിപൊളി... നിനക്കൊന്നും ഈ പ്രേമം പറഞ്ഞിട്ടില്ല മോളെ.... അതിനിച്ചിരി ഗട്ട്സ് ഒക്കെ വേണം. എന്നെപോലെ " രോഹിണി തന്നെ കളിയാക്കിയതാണെന്ന മനസ്സിലായ ചാരു ചിറികോട്ടികൊണ്ട് അവന്റെ കൈത്തണ്ടയിൽ ഒന്ന് പോറി. " അല്ല, ചാരൂ... ഇനി ഇപ്പോൾ നിനക്ക് ഒരു ചാൻസ് ഉണ്ടല്ലോ... നിന്റ ദേവാധിദേവന്റെ കാമുകിയില്ലേ...

ആ ചേച്ചീടെ കല്യാണമായിരുന്നു ഇന്നലെ. ആ ചേച്ചി ചേട്ടനെ നൈസ്സായി തേച്ചെന്നാ നാട്ടിലെ സംസാരം.. പണമുള്ള ഒരുത്തനെ കണ്ടപ്പോൾ ചേച്ചി തേച്ചൊട്ടിച്ചെന്ന്... ഇപ്പോൾ നല്ല ഗ്യാപ് ആണ്. ആള് തേപ്പ് കിട്ടിയതിന്റെ വിഷമത്തിൽ മാനസമൈനേ പാടി നടക്കുകയാവും. " തേപ്പ്ന്ന് കേട്ടതും അതുവരെ ഇല്ലാത്ത സന്തോഷമായിരുന്നു ചാരുവിന്റ മുഖത്ത്‌. അവൾ ആ സന്തോഷം രോഹിണിയുടെ കവിളിൽ ഉമ്മ നൽകികൊണ്ട് ആഘോഷിക്കുമ്പോൾ " ഇനി ന്റെ മാത്രമാണ് ദേവേട്ടൻ " എന്ന് മനസ്സിൽ നൂറായിരം വട്ടം പറഞ്ഞുകൊണ്ടേ ഇരുന്നു. " ദേവേട്ടന്റെ മാത്രം ചാരു... " ************* " ടാ ദേവാ.... എഴുന്നേറ്റെ, എന്തൊരു കിടപ്പാ ഇത്‌. കക്ഷത്തിരുന്ന പെണ്ണ് കാശുകാരനെ കെട്ടി പോയതിൽ നീ ഇങ്ങനെ കിടന്നിട്ട് എന്ത് കാര്യം.. അങ്ങനാ ബുദ്ധി ഉള്ളോര്. ഇത്‌ പഠിപ്പുണ്ടായിട്ടും ഒരു ജോലിക്കും ശ്രമിക്കാതെ നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയാൽ ഇങ്ങനെ ഒക്കെ വരൂ... " അമ്മ രാവിലെ തുടങ്ങിയ ചൊറിച്ചിലാണ്..

വാക്കുകളിൽ മുഴുവൻ തന്നോടുള്ള ദേഷ്യമാണെന്ന് ദേവനും അറിയാം.. അത് സ്നേഹം കൊണ്ടാണെന്നും. " ദേ, തള്ളേ, വെറുതെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കല്ലേ. രാവിലെ മുതൽ ഇങ്ങനെ ചൊറിഞ്ഞു ചൊറിഞ്ഞു വായിലെ വെള്ളമൊന്നും വറ്റിയില്ലേ? അല്ല, ഞാൻ നിങ്ങളോട് പറഞ്ഞോ അവളുടെ കല്യാണം കഴിഞ്ഞതിന്റെ നിരാശയുണ്ടെന്ന്. പറഞ്ഞോ? പിന്നെ എന്തിനാണ് തള്ളേ ങ്ങനെ പിന്നാലെ നടന്ന് ചൊറിച്ചിൽശ്ലോകം ചെല്ലുന്നത്. ഹോ.... " അവൻ കലിപ്പോടെ എഴുനേറ്റ് മുണ്ട് നെരെ ആക്കി പുറത്തേക്ക് ഇറങ്ങുമ്പോൾ പിന്നിൽ നിന്നും അമ്മ ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു " ടാ ചെക്കാ,, ഇനി പെണ്ണ് പോയതിന്റെ വിഷമത്തിൽ വല്ല അവിവേകവും കാണിക്കണ്ട... നിന്റ തള്ള ഇവിടെ ഒറ്റയ്ക്കാ.. " " ഹോ... ഇങ്ങനേം ഉണ്ടോ തള്ളമാർ... " അവൻ തല കുടഞ്ഞുകൊണ്ട് ബുള്ളറ്റുമെടുത്തു ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി. *********** " എടി, ഇന്ന് ദേവേട്ടനെ കാണോ നമ്മൾ? ഹെഡ് വീണാൽ കാണും, ടൈൽ വീണാൽ കാണൂല "

ബസ്സിലെ സീറ്റിലിരുന്ന് ഒരു രൂപ കോയിന് മുകയിലേക്കിട്ട് കൈപിടിയിലൊതുക്കുമ്പോൾ മനസ്സിൽ പ്രാർത്ഥിക്കുകയായിരുന്നു ചാരൂ ഹെഡ്ഡ് ആവണേ എന്ന്. എന്നാൽ കൈ തുറന്ന് നോക്കിയ അവളിൽ നിരാശ പടർത്തികൊണ്ട് ടൈൽസ് ആയപ്പോൾ രോഹിണി അവളെ കളിയാക്കികൊണ്ട് വാ പൊത്തി ചിരിച്ചു. " നീ അങ്ങനെ ചിരിക്കേണ്ട മോളെ.. ഇത്‌ രണ്ട് രൂപാ കോയിന് ആയത് കൊണ്ടാണ്. ഇത്‌ എങ്ങനെ ഇട്ടാലും ടൈൽ മാത്രേ വരൂ. നോക്കിക്കോ, ഇന്ന് ഞാൻ ദേവേട്ടനെ കാണും... അതിനുള്ള വഴി മഹാദേവൻ തന്നെ കാണിച്ചുതരും... സാക്ഷാൽ മഹാദേവൻ.. " അതൊരു പ്രതീക്ഷയായിരുന്നു ചാരുവിന്. ബസ്സിറങ്ങി രണ്ട് പേരും വീട്ടിലേക്ക് നടക്കുമ്പോൾ ചാരു ഏതോ മായാലോകത്തായിരുന്നു. ദേവനും അവളും മാത്രമുള്ള മറ്റേതോ ലോകത്ത്. " എടി പെണ്ണെ, സ്വപ്നം കണ്ടു നടക്കാതെ മുന്നോട്ട് നോക്കി നടക്ക്. " രോഹിണി അവളുടെ കയ്യിൽ തട്ടിയപ്പോഴാണ് ചാരു ഞെട്ടലോടെ നോക്കിയത്. " നശിപ്പിച്ചു.. ന്റെ പൊന്ന് മോളെ... ഇനിയെങ്കിലും ഞാനൊന്ന് മര്യാദയ്ക്ക് സ്വപ്നം കണ്ടോട്ടെ... ഇത്ര നാൾ ആ കാലമാടത്തി ഉണ്ടായിരുന്നു ശകുനംമുടക്കികൊണ്ട്.

അതിന്റ ശല്യം ഒഴിഞ്ഞല്ലോ എന്ന സന്തോഷത്തിൽ ഇച്ചിരി സ്വപ്നം കാണാമെന്ന് വെച്ചാൽ ഇപ്പോൾ നീയാണല്ലോ ശല്യം. ഒന്നല്ലെങ്കിൽ നിനക്കൊരു കൊന്തനില്ലേ.. പിന്നെ എന്തിനാടി മറ്റവളെ എന്നെ ബേജാറാക്കുന്നെ " അവൾ കപടദേഷ്യത്തോടെ രോഹിണിയ്ക്ക് നെരെ കണ്ണുരുട്ടുമ്പോൾ രോഹിണി പൊട്ടിച്ചിരിക്കുകയായിരുന്നു " പെണ്ണ് പ്രേമരോഗിയായല്ലോ കർത്താവേ " എന്നും പറഞ്ഞ്. പെട്ടന്നായിരുന്നു അവർക്ക് മുന്നിലേക്ക് ഒരു ബൈക്ക് വട്ടമിട്ടു നിർത്തിയത്. ചാരുവും രോഹിണിയും ഒരു നിമിഷം പതറിനിൽകുമ്പോൾ ബൈക്കിൽ ഇരിക്കുന്നവൻ ഒന്ന് ചിരിച്ചു. " എന്റെ ചാരൂ.. നിന്റ പിറകെ ഞാനിങ്ങനെ പട്ടിയെ പോലെ നടക്കാൻ തുടങ്ങിയിട്ട് കുറെ ആയില്ലേ.. " " അതുപോലെ കുറെ ആയില്ലേ ചേട്ടാ ഞാനും പറയുന്നു എന്റെ പിറകെ നടക്കണ്ടേ പട്ടിയെ പോലെ " എന്ന്.. അവൾ തക്കതായ മറുപടി ഉടനെ കൊടുക്കുമ്പോൾ പട്ടി എന്ന് പറയുമ്പോഴുള്ള ഊന്നൽ അവനെ ചൊടിപ്പിച്ചിരുന്നു. " നീ ആരെ കണ്ടിട്ടാടി ങ്ങനെ നെഗളിക്കുന്നെ. ആണുങ്ങളുടെ മുഖത്തു നോക്കി പട്ടി എന്നൊക്കെ വിളിക്കാനായോടി നീ. വെറുതെ ചൊരുക്കുകാണിക്കാൻ നിന്നാലുണ്ടല്ലോ ആണിന്റെ കൈ ഒന്ന് പതിഞ്ഞാൽ തീർന്നു പെണ്ണിന്റ അഹങ്കാരം. മറക്കണ്ട "

" അതിന് ആണിന്റെ ആണെങ്കിൽ അല്ലെ.. അങ്ങനെ ഒരു ആണാണെന്ന് തോന്നിയവന്റെ കയ്യെ എന്റെ ശരീരത്തിൽ തൊടൂ.. ചേട്ടനെ കണ്ടിട്ട് എനിക്കങ്ങനെ തോന്നാത്തത് കൊണ്ട് ഈ കയ്യും വെച്ച് തൊടാനും തലോടാനും വന്നാൽ... " അവൾ അവന് നെരെ ചിരിച്ചു നിൽകുമ്പോൾ " ഇവളിത് എന്ത് ഭാവിച്ചാ കർത്താവേ " എന്ന ഭാവത്തിൽ ഭയത്തോടെ ചാരുവിന്റെ മുഖത്തേക്ക് നോക്കി രോഹിണി. പക്ഷേ, അവളിൽ പേടിയോ യാതൊരു ഭാവമാറ്റമോ ഇല്ലാത്ത നിൽപ്പ് കണ്ടപ്പോൾ അത്ഭുതമായിരുന്നു രോഹിണിയുടെ കണ്ണുകളിൽ. "എടി മറ്റവളെ..നീ എനിക്കിട്ട് ഉണ്ടാക്കുന്നോ " അവൻ ചീറിക്കൊണ്ട് അവൾക്ക് നെരെ അടുക്കുമ്പോൾ പിറകിൽ ഒരു ബുള്ളറ്റിന്റെ ശബ്ദം അടുത്തടുത്ത് വരുന്നുണ്ടായിരുന്നു. ആ ശബ്ദം കാതുകളിലേക്ക് എത്തിയപ്പോൾ ചാരു ചിരിച്ചുകൊണ്ട് രോഹിണിയേ നോക്കി. ". ഞാൻ പറഞ്ഞില്ലേ മോളെ ആ രണ്ട് രൂപ ചതിച്ചതാണെന്ന്.. ദേ, വരുന്നു എന്റെ നായകൻ. നായികയെ വില്ലനിൽ നിന്നും രക്ഷിക്കാൻ " അതും പറഞ്ഞവൾ ഒന്നുകൂടി അമർത്തിച്ചിരിക്കുമ്പോൾ ബുള്ളറ്റ് ശബ്ദം അവർക്കരികിലേക്ക് അടുത്ത്കൊണ്ടിരുന്നു.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story