കൂട്ട് 💕💕💕: ഭാഗം 12

Koott

രചന: ജിഫ്‌ന നിസാർ

റോഷൻ നീട്ടി പിടിച്ച ഫോണിലേക്ക് നോക്കിയപ്പോൾ... വീണു പോവാതിരിക്കാൻ റീന തൂണിൽ അമർത്തി പിടിച്ചു.. അവൾ വിറച്ചു... വിയർത്തു.. വേവലാതിയോടെ റോഷന്റെ നേരെ നോക്കി.. അവന്റെ ചുണ്ടിലെ പരിഹാസത്തിലേക്ക് പേടിയോടെ നോക്കി.. "ആഹാ... പേടിച്ചു പോയോ... ഇനിയും ഉണ്ട്.. കാണണോ " അവൻ ഫോൺ പിൻവലിച്ചു കൊണ്ട് ചോദിച്ചു.. "വേണ്ട... നിനക്ക്... നിനക്കിതൊക്കെ എങ്ങനെ കിട്ടി..." വിക്കി കൊണ്ട് അവൾ ചോദിച്ചു.. "ഞാൻ പലപ്രവിശ്യം പറഞ്ഞില്ലേ റിന കൊച്ചമ്മേ റോഷനോട് കളിക്കരുത്... കളി ഞാൻ പഠിപ്പിക്കും എന്നത്..." അവന്റെ ചുണ്ടിലെ ചിരി റീനയെ വല്ലാതെ പേടിപ്പിച്ചു.. "ചേച്ചി എന്ന് വിളിച്ചിരുന്നു.. ഇപ്പോൾ തോന്നുന്നു വിളിക്കേണ്ട പേര് വേറെ ആയിരുന്നു " റോഷൻ പറയുമ്പോൾ റീന മുഖം താഴ്ത്തി.. "ഇവൻ ആരാണ് എന്താണ് എന്നൊന്നും ചോദിക്കുന്നില്ല... എനിക്കറിയാം എല്ലാം.. നിങ്ങളുടെ ബന്ധത്തിന്റെ ആഴം പോലും അന്വേഷിച്ച ശേഷം ആണ് ഞാൻ ഈ മുന്നിൽ നിൽക്കുന്നത്.." റീന പിടച്ചിലോടെ അവന്റെ നേരെ നോക്കി... "എന്തേ... നിങ്ങളുടെ ശൗര്യം എവിടെ പോയി.. ഇത്രേം തെറ്റുകൾ കൊണ്ട് നടന്നിട്ടാണ് നിങ്ങൾ എന്റെ അമ്മയുടെ നെഞ്ചിലോട്ട് പാഞ്ഞു കയറാൻ ഒരു അവസരം തേടി നടന്നിരുന്നത്... അല്ലേ " അവന്റെ ചിരി മാഞ്ഞിയിരുന്നു..

പകരം മുഖം നിറഞ്ഞ ദേഷ്യം മാത്രം.. "ഞാൻ... എനിക്ക്... അറിയാതെ പറ്റി പോയതാ..." വിറച്ചു വിറച്ചു കൊണ്ടാണ് ഓരോ വാക്കും.. "അറിയാതെയോ.. ഇതോ.." റോഷൻ കടുപ്പത്തിൽ ചോദിച്ചു.. റീന മുഖം വീണ്ടും കുനിച്ചു.. റോഷൻ ഫോൺ പോക്കറ്റിൽ തിരിച്ചിട്ടു.. "പറയാൻ നിങ്ങൾക്ക് ഒരുപാട് ന്യായം കാണും. അതും എനിക്കറിയാം.. പക്ഷേ എന്നോട് അത് പറയരുത്... നല്ല പ്രായത്തിൽ നല്ലൊരു കുടുംബത്തിലോട്ട് കെട്ടി കയറി വന്നിട്ട്... പിന്നെയും അന്യ ഒരുത്തന്റെ സ്നേഹം... ഓ.. സോറി.. ഇത് സ്നേഹം ആണോ.. അല്ലല്ലോ.. കാമം അല്ലേ... അത് യാതൊരു ഉളിപ്പും കൂടാതെ സ്വീകരിച്ചു... ആസ്വദിച്ചു.. എന്നിട്ട് അറിയാതെ പറ്റിയതാ എന്നോരു ഡയലോഗ്... ഇതൊക്കെ ഇപ്പോൾ സർവസാധാരണ ആയിട്ടുള്ള കാര്യം ആണെന്ന് ഒരു തോന്നലും.. കൊള്ളാം .." റോഷന്റെ ശബ്ദം നിറഞ്ഞ ദേഷ്യം.. റീന ചുരിദാർ ഷാളിൽ വിരൽ ചുറ്റി വലിച്ചു. ഒരാൾക്കും സംശയം തോന്നാത്ത രീതിയിൽ ആയിരുന്നു അലക്സും ആയി ബന്ധം കൊണ്ട് പോകുന്നത്... അവനോടൊപ്പം ഉള്ള യാത്രകൾക്ക് പിന്നിൽ പോലും നുണകളുടെ കുമ്പാരമുണ്ട്.. തന്നെ ഒരുപാട് വിശ്വാസം ആണ് സിബിച്ചായന്.. ചെയ്യുന്നത് തെറ്റാണ് എന്നൊരിക്കലും തോന്നിയിട്ടില്ല എന്നതാ സത്യം.. അലക്‌സിന്റെ നെഞ്ചിൽ പറ്റി പിടിച്ചു മറ്റെല്ലാം മറന്നിരിക്കുന്ന ഈ ഫോട്ടോ.... അത് ഇവനെങ്ങനെ കിട്ടി.. റീനയ്ക്ക് ഒന്നും മനസ്സിലായില്ല..

"ഞാൻ സിറ്റി മാളിൽ ഉണ്ട്... ഒന്നിങ്ങോട്ട് വന്നാൽ ഒരടിപൊളി ഗിഫ്റ്റ് കൊണ്ട് പോകാം..." റോഷൻ ഫോണിലേക്ക് വിളിക്കുമ്പോൾ.... ഇവനെന്റെ നമ്പർ എങ്ങനെ കിട്ടി എന്ന് മാത്രം ആണ് ആലോചിച്ചു നോക്കിയത്.. മറ്റൊന്നും ഓർമയിൽ പോലും വന്നിരുന്നില്ല.. അല്ലങ്കിലും അത്രയും സൂക്ഷിച്ചു ഒരു ബന്ധം കൊണ്ട് നടക്കുമ്പോൾ പിന്നെന്ത്‌ പേടിക്കാൻ... "നിങ്ങൾ ചെയ്തതിന്റെ ശെരിയും തെറ്റും പറഞ്ഞു തിരുത്താൻ അല്ല ഞാൻ വിളിച്ചത്.. അതെനിക്ക് തല കുത്തി നിന്ന പോലും കഴിയില്ല.. അത്രയും ടോപ് ലെവലിൽ നിൽക്കുന്ന ആളല്ലേ.. കുരിശും വീട്ടിൽ സിബിയുടെ പുന്നാര ഭാര്യ.." റോഷന്റെ പുച്ഛം... റീന ഉരുകി ഒലിക്കും പോലെ നിന്നു.. "എന്തിന് ഇത് ചെയ്തു... എങ്ങനെ ചെയ്യാൻ തോന്നി... എങ്ങനെ കുടുംബം മറക്കാൻ തോന്നി... എന്നൊക്കെയാ സാധാരണ ഇത് പോലുള്ള അവസരങ്ങളിൽ സ്ഥിരം ചോദിക്കാറുള്ള ചോദ്യം.. പക്ഷേ എനിക്ക് ചോദിക്കാൻ ഉള്ളത് അതല്ല കേട്ടോ " റോഷൻ അവളെ നോക്കി വല്ലാത്തൊരു റീന പിടച്ചിലോടെ അവന്റെ നേരെ നോക്കി... "ഞാൻ ഈ വിഡിയോ സിബിയെ കാണിക്കാതിരുന്നാൽ .. നിങ്ങളുടെ വീട്ടിൽ കാണിക്കാതിരുന്നാൽ എനിക്കെന്ത് തരും...

അതാണ്‌ എന്റെ ചോദ്യം " റോഷന്റെ നേരെ നോക്കുമ്പോൾ... ആ ചിരിയിലേക്ക് നോക്കുമ്പോൾ ആ ഓർമയിൽ പോലും റീന കുടുങ്ങി പോയി.. സിബിയുടെ സ്നേഹം നിറഞ്ഞ കണ്ണിലേക്കു വെറുപ്പ് നുരഞ്ഞു കയറുന്നു... ഇപ്പോഴും അന്തസ്... വിട്ട് കളിക്കാത്ത... ആത്മാഭിമാനത്തിന് ജീവന്റെ വിലയായി കാണുന്ന തന്റെ പ്രിയപ്പെട്ട പപ്പാ... വർഗീസ്... ഒറ്റ വെട്ടിനു കൊന്നു കളയും തന്നെ...നൂറ്‌ തരം.. ചേട്ടായി.... ഇളയപ്പന്മാർ.. സിബിയുടെ കുടുംബം... ഇതൊക്കെയും മറന്നു കളഞ്ഞിട്ടാണോ താൻ ഇമ്മാതിരി ഒരു നെറികേട് കാണിച്ചത്.. വേണ്ട... വെണ്ട.. ചാടി എഴുന്നേറ്റു കൊണ്ട് റീന റോഷന്റെ നേരെ കൈ കൂപ്പി... അവൻ ചിരിയോടെ തന്നെ അവളെ സൂക്ഷിച്ചു നോക്കി.. പ്ലീസ്... പ്ലീസ്... റീന ശബ്ദം ഇല്ലാതെ പതിയെ മന്ത്രിച്ചു... "ശെരി... സമ്മതിച്ചു... പറയുന്നില്ല.. ആരും ഒന്നും അറിയുന്നുമില്ല.." വീണ്ടും അവന്റെ മുഖം മാറി... "അങ്ങനെ ഞാൻ ചെയ്യാതിരിക്കാം.. പകരം നിങ്ങളിനി ഈ നാറിയെ കാണരുത്.. വിളിക്കരുത്...കുരിശും വീട്ടിലെ സിബിയുടെ മാത്രം ഭാര്യ ആയിരിക്കണം.... റീന വർഗീസ്.. പറ്റുമോ " റോഷൻ കടുപ്പത്തിൽ ചോദിച്ചു.. റീന മറ്റൊന്നും ആലോചിച്ചു പോലും നോക്കാതെ തലയാട്ടി..ഇല്ലെന്ന്.

"വെറുതെ തല അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ആട്ടിയത് കൊണ്ടായില്ല.. ശെരിക്കും ഉറപ്പ് കിട്ടണം എനിക്ക്... അത് പാലിക്കും എന്നുള്ള വിശ്വാസം വേണം എനിക്ക്.. ഇരിക്കങ്ങോട്ട് " റോഷൻ ചൂണ്ടിയ കസേരയിൽ റീന ഇരുന്നു പോയി.. "ഇത് അപേക്ഷയല്ല.. റോഷന്റെ ആക്ഞ്ഞ തന്നെയാണ് എന്ന് കൂട്ടിക്കോ...മുന്നിൽ ഒരായിരം ഉദാഹരണങ്ങൾ ഉണ്ടായിട്ടും... കണ്മുന്നിൽ അത് ചെയ്തവർ കിടന്നു പിടഞ്ഞിട്ടും.. പിന്നെയും പിന്നെയും അവിഹിതം ചെയ്തിട്ട്.. സാഹചര്യം... അറിയാതെ പറ്റിയത് എന്നൊക്കെ പറയുന്ന നിങ്ങളെ പോലുള്ളവരോട് ഇനിയും ഒരു ദീർഘ പ്രഭാഷണം നടത്താൻ തത്കാലം എനിക്ക് താല്പര്യമില്ല... സമയമില്ല... അത് കൊണ്ട് ഒരു കാര്യവും ഇല്ല " റോഷൻ പറയുമ്പോൾ റീന നിറഞ്ഞ കണ്ണുകൾ വേഗം തുടച്ചു മാറ്റി... "അപ്പൊ പറഞ്ഞു വന്നത് എന്താ എന്ന് വെച്ച... ഉള്ളിലെ വിഷം മുഴുവനും ഇവിടെ കളഞ്ഞിട്ട് വേണം റീന ചാച്ചി ഇവിടെ നിന്നും പോവാൻ " റോഷൻ കളിയാക്കി കൊണ്ട് പറഞ്ഞു.. "കുരിശും വീട്ടിൽ....എത്രയൊക്കെ നിങ്ങൾ അപമാനിച്ചിട്ടും... കുറ്റപ്പെടുത്തിയിട്ടും.. സ്വന്തം മക്കൾ പോലും ചീത്ത വിളിച്ചിട്ടും... എന്റെ കുടുംബമാണ് എന്ന് കരുതി സ്നേഹിക്കുന്ന ഒരമ്മയുടെ അരികിലേക്ക് ഇമ്മാതിരി ചീഞ്ഞ സ്വഭാവത്തോടെ ഇനിയും നിങ്ങൾ പോവരുത്... മനസ്സിലായോ " റോഷൻ പുറകിലേക്ക് ചാരി ഇരുന്നു കൊണ്ട് പറഞ്ഞു..

"പിന്നെ നിങ്ങളുടെ മാറ്റവനോടപ്പം ചേർന്നിട്ട്... എന്നെ അങ്ങ് ഉണ്ടാക്കി കളയാനുള്ള പ്ലാൻ ഇപ്പഴേ ഈ മനസ്സിൽ ചരട് വലി നടക്കുന്നു എങ്കിൽ.... പറഞ്ഞേക്കാം... അത് വേണ്ട...ഇപ്പുറം റോഷനാണ് എന്നോർമ വേണം.. നിനക്കും അവനും.. നിങ്ങളെ പോലെ സ്റ്റാന്റേർഡ് കളികൾ എനിക്കറിയില്ല... ഞാൻ കളിക്കാൻ ഇറങ്ങിയാ അത് നിങ്ങൾക്ക് താങ്ങാനും പറ്റത്തില്ല... ഒരീച്ച പോലും അറിയാതെ നീയും അലക്സും കൂടി നടത്തുന്ന കള്ളകളികൾ ഫോട്ടോ സഹിതം എനിക്ക് കിട്ടിയിട്ടുണ്ടേൽ... എനിക്കിനി എന്തെല്ലാം ചെയ്യാൻ ആവുമെന്ന് ഒന്നോർക്കുക... എനിക്കെതിരെ ഇറങ്ങും മുന്നേ.... നീയും നിന്റെ മറ്റവനും " അവന്റെ ശബ്ദത്തിൽ.... റീന വിറക്കുന്നുണ്ട്.. പേടി കൊണ്ടായിരിക്കും... അവൾ വാടി പോയിരുന്നു... കുറ്റബോധം.... ഏയ്... തെറ്റാണ് എന്നറിഞ്ഞു കൊണ്ട് ചെയ്യുമ്പോൾ കുറ്റബോധം പിന്നെ എന്തിന്.. റോഷൻ അവളെ സൂക്ഷിച്ചു നോക്കി.. റീന തല ഉയർത്തി നോക്കിയത് കൂടി ഇല്ല. "റോഷന്റെ ഔദാര്യമാണ് ഇനിയങ്ങോട്ട് നിങ്ങളുടെ ജീവിതം. ഓരോ തെറ്റ് ചെയ്യുമ്പോഴും... അനാവശ്യമായി മറ്റൊരാളെ ദ്രോഹിക്കും മുന്നേയും അതോർത്തു വെക്കണം നിങ്ങൾ... നിങ്ങളുടെ ജീവൻ എടുക്കാൻ മാത്രം കെൽപ്പുള്ളൊരു ബോംബ് എന്റെ കയ്യിൽ ഭദ്രമാണെന്ന് " റോഷൻ പറഞ്ഞു.. അതിനെല്ലാം റീന തലയാട്ടി കാണിക്കുന്നുണ്ട്..

"അലക്സിനോടൊപ്പമുള്ള അവസാന ഓർമയും ഇവിടെ ഉപേക്ഷിച്ചു പോവുക.. അത്രയും പെട്ടന്ന് ഒന്നും നിങ്ങൾക്ക് നല്ലവളായി ജീവിക്കാൻ കഴിയില്ലെന്ന് എനിക്ക് ശെരിക്കും അറിയാം... ഇത്തിരി സമയം തരും... അതിനുള്ളിൽ വാക്ക് പാലിച്ചില്ല എങ്കിൽ.... ലോകം മുഴുവനും കാണും... റീന വർഗീസിന്റെ ഒറിജിനൽ മുഖം... അത് വേണോ.." അവൻ വീണ്ടും ചോദിച്ചു.. നിറഞ്ഞ കണ്ണോടെ റീന വേണ്ട എന്ന് പതിയെ പറഞ്ഞു... "കരയുന്നോ... എന്തിന്... ഇത് നിങ്ങൾ അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റാണ്.. കരയാൻ പോലും അവകാശമില്ല... എത്ര എത്ര ജീവിതങ്ങൾ കണ്മുന്നിൽ ഉടഞ്ഞു പോകുന്നതിന് ഓരോ ദിവസവും സാക്ഷി ആവുന്നുണ്ട് നമ്മൾ ഓരോരുത്തരും.. എന്നിട്ടും വീണ്ടും വീണ്ടും തെറ്റിന്റെ കുഴിയിൽ ചാടി കൊടുക്കുന്നു എങ്കിൽ... വല്ല്യ പഠിപ്പ്കാരി ആയത് കൊണ്ടോ... ജോലി കാരി ആയത് കൊണ്ടോ... ഒത്തിരി കാശ് ഉള്ളത് കൊണ്ടോ വല്ല കാര്യവും ഉണ്ടോ..." അവന്റെ ഓരോ വാക്കും റീനയുടെ ചങ്കിൽ കുത്തി കയറുന്നുണ്ട്. "നമ്മുക്ക് ഏറ്റവും അടുത്തറിയാവുന്ന ഒരാളിൽ പോലും... നമ്മുക്ക് ഒട്ടും അറിയാത്ത ഒരു മുഖം ഒളിച്ചു വെച്ചിട്ടുണ്ടാവും... ഭർത്താവിനെയും ഭാര്യയെയും തമ്മിൽ തമ്മിൽ മറന്നാലും...

നമ്മളെ വിശ്വസിച്ചു ഭൂമിയിലേക്ക് വന്നു കുഞ്ഞുങ്ങൾ... അവരെ മറന്നു കൂടാ... ആരും... എത്രയൊക്കെ സൂക്ഷിച്ചു വളർത്തിയാലും തെറ്റിലേക്ക് ചാടാൻ നൂറു നൂറു അവസരങ്ങൾ ഉള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്... നല്ല മാതൃക കാണിക്കുന്ന അച്ഛന്റെയും അമ്മയുടെയും മക്കൾ പോലും വഴി പിഴച്ചു പോകുമ്പോൾ... ഒന്നോർക്കുക.... നിങ്ങൾ നിങ്ങളുടെ മക്കളെ... അവരുടെ ഭാവിയെ... അവർക്ക് മുന്നിലെ നിങ്ങൾ കാണിച്ചു കൊടുക്കുന്ന വഴികളെ... കൂട്ടത്തിൽ നിങ്ങൾ ചെയ്യുന്ന തെറ്റുകൾ " റീന പൊള്ളിയത് പോലെ പിടഞ്ഞു... റോഷൻ അവളെ വീണ്ടും പുച്ഛത്തോടെ നോക്കി.. "റോഷൻ തെരുവ് തെമ്മാടിയാണ്.. പക്ഷേ വിശ്വസിച്ചവരെ ചതിക്കത്തില്ല... റീന ചേച്ചിക്ക്‌ ധൈര്യം ആയിട്ട് പോവാം... മറ്റാരോടും ഞാൻ ഇത് പറയില്ല... നിങ്ങൾ സഹകരിക്കുമെങ്കിൽ മാത്രം..." "കൂടുതൽ ഒന്നും ചെയ്യണ്ട... ആ കുഞ്ഞ് മക്കളെ സ്നേഹിച്... ഭർത്താവിന്റെ സ്നേഹം സൂക്ഷിച്ചു വെച്ച് കൊണ്ട്... സ്നേഹം നിറഞ്ഞ ആ വീടിന്റെ മരുമകൾ ആവുക... അറിയാം... നിങ്ങൾക്കത് വല്ല്യ ടാസ്ക്ക് ആണെന്ന്... പക്ഷേ എനിക്ക് വേണ്ടത് അത് മാത്രം..." റോഷൻ കൈകൾ മാറിൽ കെട്ടി കൊണ്ട് പറഞ്ഞു..

റീന വീണ്ടും തലയാട്ടി.. "നിങ്ങളുടെ നാവ് ഇറങ്ങി പോയോ... അന്ന് എന്റെ അമ്മ ഇത് പോലെ ഈ മുന്നിൽ നിന്നത് കണ്ട ആ നിമിഷം മുതൽ റോഷൻ നിങ്ങളുടെ പിറകിൽ ഉണ്ട്... " അവന്റെ കണ്ണിലേക്കു നോക്കാൻ അവൾക് പേടി തോന്നി... "ഇവിടെ നിന്നും പോയിട്ട് എല്ലാം പ്രിയപ്പെട്ട ഭർത്താവിനോട് പറയാം എന്നും... തെറ്റൊക്കെ മൂപ്പര് പൊറുക്കുമെന്നും... യാതൊരു ഉളിപ്പും ഇല്ലാതെ ഇനിയും ഇത് പോലൊക്കെ തന്നെ ജീവിക്കണം എന്നാ ആഗ്രഹം വല്ലതും ഉണ്ടങ്കിൽ...." പാതിയിൽ നിർതിയിട്ട് റോഷൻ റീനയെ നോക്കി... അവൾ അവനെയും... "ആയിക്കോട്ടെ... എനിക്ക് കുഴപ്പമില്ല... പക്ഷേ റീന ചേച്ചിക്ക്‌ കുടുംബം പോയി കിട്ടും... ഉറപ്പാ... കാരണം എന്തെന്ന് അറിയാവോ.. പറഞ്ഞു തരാം..." റോഷൻ പതിയെ എഴുന്നേറ്റു.. റീനയെ നോക്കി.. "ഞാൻ ഒരാളെ കൊന്നു എന്ന് പറഞ്ഞാലും സ്നേഹത്തിന്റെ ബലത്തിൽ സ്വന്തം പങ്കാളികൾ കൂട്ട് നിന്നേക്കാം. പക്ഷേ താൻ ഉണ്ടായിട്ടും മറ്റൊരാളെ സ്നേഹിച്ചു... മനസ്സിൽ കൊണ്ട് നടന്നു എന്നറിയുമ്പോൾ... അത് ആരും പൊറുക്കില്ല... സ്വയം എത്ര കൊള്ളരുതാത്തവൻ ആണേലും... മനസ്സിലായോ " റോഷൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. റീന ദുർബലയായി തലയാട്ടി..

"എന്നാ മൂർച്ചയുള്ള വാക്ക് പറയാൻ അറിയാവുന്ന ആളാ. ഇപ്പോൾ ഇരുന്നു വിറക്കുന്നു.. പറഞ്ഞതെല്ലാം മനസ്സിലായങ്കി ചേച്ചി പോവാൻ നോക്കിക്കോ..." ടേബിളിൽ ഇരുന്ന വെള്ളം എടുത്തു കുടിച്ചു കൊണ്ട് റോഷൻ പറഞ്ഞു.. റീന പതിയെ എഴുന്നേറ്റു.. പതിയെ നടന്നിട്ടും അവളുടെ കണ്ണുകൾ റോഷന്റെ നേരെ തന്നെ ആയിരുന്നു.. "പേടിക്കണ്ട... റോഷൻ നെറികേട് കാണിക്കില്ല.. വാക്ക് തരുന്നു.. സ്വന്തം എന്നൊന്ന് ഉറപ്പിച്ചു പറയാൻ ആരും ഇല്ലാത്ത വെഷമം... ഒറ്റക്കായി പോവും വരെയും ആർക്കും അറിയില്ല സഹോദരി..." തിരിഞ്ഞു നോക്കിയ റീനയോട് അവൻ വിളിച്ചു പറഞ്ഞു... ❤❤❤❤❤❤❤❤❤❤❤❤❤❤ "കൊറച്ചൂടെ കഴിക്ക് അച്ചായ.. ഇച്ചിരി കഴിച്ചൊള്ളു.. നിങ്ങൾക്കിത് ഭയങ്കര ഇഷ്ടം അല്ലേ " അന്നമ്മച്ചിയുടെ സ്വരം... റോഷൻ ഹാളിലേക്ക് എത്തി നോക്കി.. ഭർത്താവിനെ കഴിപ്പിക്കുവാ.. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവനത് നോക്കി നിന്ന് പോയി.. പിള്ളേര് സെറ്റ് മുഴുവനും ഉണ്ട് ഒരു ഭാഗത്ത്..

അവരും അമ്മമ്മയുടെ കൈപ്പുണ്യം ആസ്വദിച്ചു കഴിക്കുന്നു.. "എന്റെ അന്നമ്മോ... ഇപ്പോൾ തന്നെ നിറഞ്ഞു പൊട്ടാനായി... ഇനി എന്നെ വെറുതെ വിട്ടേക്കെടി " ദയനീയത പോലെ കളിയാക്കി കൊണ്ട് അന്നമ്മച്ചിയുടെ അച്ചായൻ കെഞ്ചി.. കുട്ടികൾ അവരെ നോക്കി ചിരിക്കുന്നുണ്ട്.. എന്തൊരു ഭംഗിയുള്ള കാഴ്ച.. എന്റെ അമ്മയുടെ മുഖം നിറയെ... റോഷൻ സന്തോഷത്തോടെ ഓർത്തു.. മാറ്റൊരാളിൽ നമ്മൾ കാരണം ചിരി വിരിയുമ്പോൾ തോന്നുന്ന സംതൃപ്തി... ദേവസ്യ യുടെ അരികിൽ നിൽക്കുന്ന അന്നമ്മച്ചി അപ്പോഴാണ് റോഷനെ കണ്ടത്.. "ആഹാ.. നീ ഇവിടെ നിൽപ്പുണ്ടായിരുന്നോ... വാ ടാ ഇങ്ങോട്ട്... കഴിച്ചിട്ട് പോ..." റോഷന്റെ നേരെ നോക്കി അന്നമ്മച്ചി അധികാരത്തോടെ വിളിക്കുമ്പോൾ... തന്നെ അവന്റെ വയറും മനസ്സും നിറഞ്ഞു പോയിരുന്നു.. അവൻ കഴിച്ചിട്ടാണ് വന്നത് എങ്കിൽ പോലും വേഗം പോയിരുന്നു.. "എവിടെ ആയിരുന്നു... നേരത്തും കാലത്തും ഒന്നും കഴിക്കാതെ നീ ഇങ്ങനെ തല്ല് പിടിച്ചു നടന്നോ.. ഒടുക്കം വല്ലോം വരുത്തി വെക്കാൻ... അതങ്ങനാ... പറഞ്ഞ അനുസരിച്ചു ശീലം വേണ്ടേ... ഒരു ഗുണ്ട വന്നേക്കുന്നു " പ്ളേറ്റ് മുന്നിൽ വെച്ചിട്ട്.. അവന്റെ തലക്കൊരു കൊട്ട് കൊടുത്തിട്ട് അന്നമ്മച്ചി പറഞ്ഞപ്പോൾ....

റോഷൻ ചുണ്ട് കൂർപ്പിച്ചു.. കുട്ടികൾ അത് കണ്ടപ്പോൾ ഉറക്കെ ചിരിച്ചു.. റോഷൻ അവരെ നോക്കി കണ്ണിറുക്കി കാണിച്ചു.. "കഴിക്കങ്ങോട്ട്.. ഒറ്റ വറ്റ് പോലും ബാക്കി വെച്ചേക്കരുത്.. അടി മേടിക്കും നീ.." വിരൽ ചൂണ്ടി അന്നമ്മച്ചി വീണ്ടും പറഞ്ഞു... അമ്മയുടെ മാത്രം അധികാരം.. റോഷന് സന്തോഷം കൊണ്ടാണ്... കരച്ചിലും ചിരിയും വരുന്നുണ്ട്... അച്ഛൻ ഭ്രാന്ത് പിടിച്ചു അമ്മയെ ചവിട്ടി കൊന്നതിനു ശേഷം... എത്രയോ ദിവസങ്ങൾ കൊതിയോടെ കാത്തിരുന്നു.. ഇങ്ങനെയൊക്കെ ഒന്ന് കേൾക്കാൻ... വഴക്ക് ആണേലും അതിനുള്ളിൽ ഒളിപ്പിച്ചു വെച്ച സ്നേഹം അറിയാൻ.. ദേവസ്യയും അവനെ നോക്കുന്നുണ്ട്.. അത് കണ്ടപ്പോൾ അന്നമ്മച്ചി അയാളെ നോക്കി കണ്ണടച്ച് ചിരിച്ചു കാണിച്ചു.. ഒന്നും മിണ്ടാതെ റോഷൻ ഇരുന്നു കഴിച്ചു.. ദേവസ്യ കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു കൈ കഴുകാൻ പോയപ്പോൾ അവൻ അടുത്ത് നിൽക്കുന്ന അന്നമ്മച്ചിയെ തോണ്ടി... "എന്താ ടാ " അവരുടെ ചോദ്യം.. "ഭർത്താവിന്റെ മോന്ത എന്താ ഇഞ്ചി കടിച്ച പോലെ..

ഇഞ്ചിയാണോ കഴിക്കാൻ കൊടുത്തത് " റോഷൻ കള്ള ചിരിയോടെ ചോദിച്ചു.. ഡാ... അന്നമ്മച്ചി കണ്ണുരുട്ടി.. അവന്റെ തോളിൽ ഒറ്റ അടി വെച്ച് കൊടുത്തു.. റോഷൻ പൊട്ടിച്ചിരിച്ചു.. കുട്ടികളും. "അച്ഛനെ കളിയാക്കുന്നോടാ തെമ്മാടി " അവരുടെ ചോദ്യം അവന്റെ ഹൃദയത്തിൽ പതിഞ്ഞു പോയിരുന്നു... അച്ഛൻ... അവന്റെ ഓർമയിലെ അച്ഛന് ദേഷ്യം നിറഞ്ഞ മുഖമാണ്... കള്ളിന്റെ ദുർഗന്ധമാണ്.. കൈ കഴുകുന്ന ദേവസ്യയുടെ ചുണ്ടിലും ഉണ്ടായിരുന്നു ഒരു ചിരി ബാക്കി... അന്നമ്മച്ചി നിമ്മി മോൾക്ക് വാരി കൊടുക്കുന്നുണ്ട്.. കളി ചിരികൾക്കിടയിലാണ് ദയ വന്ന് ടേബിളിൽ ഇരുന്നത്.. റോഷൻ കണ്ണിമ വെട്ടാതെ അവളെ നോക്കി.. മുഖം ശാന്തമാണ്.. ചുണ്ടിൽ ഒരു കുഞ്ഞു ചിരി ഒളിപ്പിച്ചു വെച്ചിരിക്കുന്നു.. "വിശക്കുന്നു അമ്മാ.. ചോറ് താ " കൊഞ്ചലോടെ ദയ അന്നമ്മച്ചിയെ നോക്കി... നിറഞ്ഞ കണ്ണോടെ അവർ പക്ഷേ നോക്കിയത് റോഷന്റെ നേരെയാണ്.. മുഖം ഉയർത്തി നോക്കാതെ അവൻ വേഗം എഴുന്നേറ്റു കൈ കഴുകി... അവരെ അമ്മയെയും മകളെയും തനിച്ചു വിട്ട് കൊടുത്തു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story