കൂട്ട് 💕💕💕: ഭാഗം 13

Koott

രചന: ജിഫ്‌ന നിസാർ

തനിക്കരികിലേക്ക് വന്ന് നിൽക്കുന്ന ദയയെ റോഷൻ തല ചെരിച്ചു നോക്കി.. അവളുടെ ചുവന്നു കലങ്ങിയ കണ്ണിലേക്കു അവൻ വെറുതെ നോക്കി. സ്നേഹതണുപ്പാണത്.. അമ്മ നൽകുന്ന സ്നേഹം.... അവൻ നോട്ടം മാറ്റി പുറത്തേക് നോക്കി. "ഷായെ കുറിച്ച് എന്തേലും വിവരം കിട്ടിയോ റോഷൻ " പതിയെ ചോദിക്കുന്ന പെണ്ണിനെ അവൻ അലിവോടെ നോക്കി... ദേഷ്യം ഇല്ലാത്ത ദയ... ആദ്യമായിട്ടാണ് കണ്ണിൽ വെറുപ്പിന്റെ അലകൾ ഇല്ലാതെ അവൾ മുന്നിൽ നിൽക്കുന്നത്.. ചാരു പടിയിൽ വെച്ചിരുന്ന കാലുകൾ റോഷൻ താഴെക്ക്‌ തൂക്കി ഇട്ടിട്ട് വീണ്ടും അവളെ നോക്കി... "ഞാൻ മറന്നിട്ടൊന്നും ഇല്ല ദയ.. അന്വേഷിക്കുന്നുണ്ട്. വിചാരിച്ചതിലും കൂടുതൽ ആഴങ്ങളിലേക്ക് പോവേണ്ടി വരും..." ദയയുടെ മുഖം കുനിഞ്ഞു.... വിഷാദമുള്ള ആ കണ്ണുകൾ അവന്റെ ഹൃദയം പിടച്ചു... "വേഷമിക്കാതെ... കണ്ടു പിടിക്കാൻ പറ്റില്ല എന്നൊന്നും അല്ലല്ലോ ഞാൻ പറഞ്ഞത്.. ഞാൻ വാക്ക് തന്നതല്ലേ ദയ... ഈ ലോകത്ത് അവനുണ്ടെങ്കിൽ കൊണ്ട് തരാം ന്ന്.പക്ഷേ.. പക്ഷേ ഞാൻ വിചാരിച്ചതിലും റിസ്ക്കുണ്ട്..." ദയ മുഖം ഉയർത്തി അവന്റെ നേരെ നോക്കി... ആ കണ്ണിലെ പേടി... അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി...

"ആഹാ... പേടിക്കണ്ട.. ഞാൻ ഏറ്റു.. എത്ര റിസ്ക് എടുത്താലും... നിനക്ക് വേണ്ടി ഞാൻ അത് ചെയ്യും ദയ.... കാരണം... കാരണം " അവൻ നോട്ടം മാറ്റി... ദയ അവന്റെ നേരെ സൂക്ഷിച്ചു നോക്കി... "നീ എന്റെ അമ്മയുടെ മോളാണ്.. അത്ര തന്നെ..." അവളുടെ കണ്ണിലെ ചോദ്യം അറിഞ്ഞെന്ന പോലെ അവൻ പറയുമ്പോൾ... ചെറിയൊരു ചിരി ഉണ്ടായിരുന്നു അവളിലും.. "ഇവിടെ നല്ല മാറ്റം ഉണ്ടല്ലോ... അമ്മയും... അച്ഛനും എല്ലാം... ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട്... റോഷൻ ആണല്ലേ...ഇതിന്റെ ക്രെഡിറ്റ്...' ദയ പെട്ടന്ന് ചോദിച്ചു... റോഷൻ അവളെ നോക്കി മനോഹരമായി ചിരിച്ച് കണ്ണടച്ച് കാണിച്ചു... "മുന്നേ ഇങ്ങനെ തന്നെ ആയിരുന്നു. എല്ലാർക്കും പരസ്പരം ഇഷ്ടം തന്നെ ആയിരുന്നു... ഇടയിൽ എപ്പഴോ....' ദയ അവനെ നോക്കി ചിരിച്ചു... "ബന്ധങ്ങളെ സമ്പത്തിന്റെ തട്ടിൽ വെച്ച് അളന്നു നോക്കാൻ തുടങ്ങി അല്ലേ... അപ്പോൾ മുതൽ നിങ്ങളുടെ സ്വഭാവം മാറി തുടങ്ങി... ഇതല്ലേ കാരണം " റോഷൻ ചിരിച്ചു കൊണ്ടാണ് പറയുന്നത്.. ദയ അവന്റെ നേരെ തലയാട്ടി കാണിച്ചു.. "എല്ലാർക്കും തിരക്കായിരുന്നു... പല രൂപത്തിൽ... വളർന്നു വരുന്നതിനനുസരിച്ചു അമ്മയുടെ നിയന്ത്രണങ്ങൾ കൂടി വരുന്ന പോലെ....

അതെനിക്ക് അരോചകമായി തുടങ്ങി.. എല്ലാരേം പോലെ തന്നെ.ഹോസ്റ്റലിൽ പോവാൻ പ്ലാൻ ചെയ്തത് അങ്ങനെയാണ്..." ദയ അവന്റെ നേരെ നോക്കി.. ചുവരിൽ ചാരി നിൽക്കുന്നുണ്ട്... "കോളേജ്ജീവിതം അടിച്ചു പൊളിച്ചു... പരമാവധി.. അതിനിടയിൽ ആണ് ഷാ ജോയിൻ ചെയ്തത്." അവളുടെ കണ്ണുകൾ പ്രണയം നിറഞ്ഞു.. റോഷൻ വേഗം നോട്ടം തെറ്റിച്ചു... വേണ്ട... ആ കണ്ണിലെ മറ്റൊരു പ്രണയതിരകൾ.. അത് കാണാൻ വയ്യ. പക്ഷേ അവനൊന്നും പറഞ്ഞില്ല.. ഇല കൊഴിഞ്ഞ കാടുകളിൽ കാറ്റിന്റെ പ്രണയം നിശബ്ദമാണ്. ചിലപ്പോഴൊക്കെയും അവന് തോന്നാറുണ്ട്...നമ്മുക്ക് പൂർണ സ്വാതന്ദ്ര്യം എടുക്കാൻ പാകത്തിന് ഒരാൾ എങ്കിലും കൂടെ വേണമെന്ന്. ഒന്നിനുമല്ല... വല്ലാതെ നോവുമ്പോൾ.. എല്ലാം മറന്നൊന്ന് കെട്ടിപിടിച്ചു കരയാൻ.. അവൻ ചുവരിൽ ചാരി ഇരുന്നു.. "ഷായുടെ ഇഷ്ടം... പിടിച്ചെടുക്കും പോലെ.. വാശി പിടിച്ചു നേടി എടുക്കും പോലെ ആയിരുന്നു.. അതിനവൻ എന്നെ കളിയാക്കി ചിരിക്കും.." ദയ ചെറിയ ചിരിയോടെ പറഞ്ഞു... "പെട്ടന്ന് ഒരുനാൾ എന്നെ കാണാതെയാവുമ്പോൾ നീ എന്ത് ചെയ്യുമെന്ന് എന്നോട് ഇടക്കിടെ ചോദിക്കും... അന്നെനിക്ക് അത് ഓർക്കുന്നത് കൂടി ശ്വാസം മുട്ടുന്നത് പോലെ ആയിരുന്നു..

ഇന്നിപ്പോൾ... വിളിക്കാതെ... ഒന്ന് കാണാതെ.... എവിടെ എന്ന് പോലും അറിയാതെ... ഞാൻ " ദയയുടെ ശബ്ദം ഇടറി... "തനിച്ചാക്കി പോകില്ല എന്നുള്ള അമിത വിശ്വാസത്തോടെയൊന്നും ആരെയും ജീവന് തുല്യം സ്നേഹിക്കരുത് ദയ.സാഹചര്യം മാറുമ്പോൾ ഇഷ്ടങ്ങൾ കുറയും... മാറും " റോഷൻ പറയുമ്പോൾ.... ദയ പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ചു... റോഷൻ അലിവോടെ അവളെ നോക്കി... "എത്ര നാൾ സ്നേഹിച്ചു... എത്രത്തോളം സ്നേഹിച്ചു എന്നൊന്നും നോക്കണ്ട... പക്ഷേ കിട്ടിയ സ്നേഹം സത്യമായിരുന്നോ എന്നൊന്ന് അന്വേഷിച്ചു നോക്കണം... ഇപ്പഴും നീ വിശ്വാസിക്കുന്നുണ്ടോ.. നിന്റെ പ്രണയത്തിൽ " റോഷൻ ചെറിയ ചിരിയോടെ ചോദിച്ചു.. ദയയുടെ കണ്ണിൽ ഒരു പിടച്ചിൽ... "എനിക്കെന്റെ ജീവനാണ്... അവനും അങ്ങനെ തന്നെ ആയിരുന്നു... കേട്ടിട്ടില്ലേ... ആത്മാർത്ഥ സ്നേഹം തിരിച്ചു കിട്ടുമെന്ന്... അവനെന്നെ ഒഴിവാക്കി പോവാൻ ആവില്ല..." ദയ വാശി പോലെ പറയുമ്പോൾ.. റോഷൻ ചുണ്ടുകൾ കടിച്ചു പിടിച്ചു..

ആത്മാർത്ഥ പ്രണയം...പിരിയില്ലെന്നോ...അത് സത്യമെങ്കിൽ... എന്റെ പ്രണയമോ.... അവൻ സ്വയം ചോദിച്ചു നോക്കി... ജീവനെപ്പോലെ സ്നേഹിച്ചിട്ടും ഹൃദയത്തോട് ചേർത്ത് നിർത്തിയിട്ടും..നമ്മൾ സ്നേഹിച്ചവരുടെ ഉള്ളിൽ യാതൊരു സ്ഥാനവും ഇല്ലെന്നറിയുമ്പോൾ തോന്നുന്ന വേദന.. അത് അനുഭവിക്കാതെ അറിയാൻ കഴിയില്ല.. നമ്മുക്കറിയാത്ത നമ്മിലെ ധൈര്യത്തെയാണ് ഒറ്റപ്പെടുത്തൽ കൊണ്ട് പലരും നമ്മുക്ക് കാണിച്ചു തരുന്നത്. ഉള്ള് പൊള്ളിച്ച ചില പരിഹാസങ്ങൾ തന്നെയാണ് വീണ്ടും ഉയരാൻ വളമായത്... സത്യങ്ങൾ വിളിച്ചു പറയാൻ തുടങ്ങുമ്പോൾ മുതൽ... നമ്മുക്ക് നേരെ വെറുപ്പിന്റെ ജ്വാലകൾ വീശി തുടങ്ങും.. റോഷൻ എല്ലാം അതിജീവിച്ചവനാണ്.. ഇനിയും ഇങ്ങനെ തന്നെ ജീവിക്കാൻ... ഈ ഓർമകൾ മാത്രം മതി. അവൻ തല ചെരിച്ചു ദയയെ നോക്കി. നീ എത്ര വേദനിപ്പിച്ചാലും വീണ്ടും വീണ്ടും നിന്നെ സ്നേഹിക്കാനെ എനിക്ക് കഴിയൂ... അത് ഞാൻ വിഡ്ഢി ആയത് കൊണ്ടല്ല ദയ...മായ്ച്ചു കളയാൻ ആവാത്ത വിധം നിന്നോടുള്ള സ്നേഹം എന്റെ മനസ്സിൽ വേരുറച്ചു പോയി.. നിന്റെ സ്നേഹത്തോടെയുള്ള ഒരു നോട്ടം മതിയല്ലോ... എന്നിലൊരു സന്തോഷത്തിന്റെ ആകാശം വിരിയാൻ...

സ്നേഹമുള്ളവരുടെ സാന്നിധ്യം മാത്രം മതി നമ്മളിൽ സന്തോഷം നിറയാൻ. എത്ര വഴക്കിട്ടാലും... ദേഷ്യം കാണിച്ചാലും വീണ്ടും വീണ്ടും മടുപ്പില്ലാതെ ഒരാളെ സ്നേഹിക്കാൻ കഴിഞ്ഞാൽ... അതല്ലേ സ്നേഹം.. കടൽ പോലെയാണ് ദയ ഞാൻ...വിലപ്പെട്ടതെല്ലാം ഉള്ളിൽ ഒതുക്കി വെച്ചിട്ട്... കാലത്തിന്റെ കെടുത്തിയിൽ ആഞ്ഞടിക്കുന്ന തിരമാല പോലെ.. അതിൽ ആത്മാർത്ഥ ഇല്ലെന്ന് പറയാൻ ആവുമോ.. അവൻ അവനോട് തന്നെ കലഹിച്ചു... "നീ ഹാപ്പിയായിട്ടിരിക്ക് ദയ..." റോഷൻ പതിയെ പറഞ്ഞു.. ദയ പതിയെ തലയാട്ടി.... വിളറിയ ചിരിയോടെ... പിന്തിരിഞ്ഞു നടക്കുന്നവളെ റോഷൻ സ്നേഹത്തോടെ നോക്കി... തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും.. പിന്നെയും പിന്നെയും സ്നേഹിക്കാൻ കഴിയുന്നു എന്നതാണ് അവന്റെ സ്നേഹത്തിന്റെ മായജാലം. 💕💕💕💕💕💕💕💕💕💕💕💕💕💕 "വാ അപ്പാപ്പ.. നല്ല രസാണ്.. നമ്മക്ക് പോവാ..." കുട്ടികളുടെ കൊഞ്ചൽ കേട്ടാണ് റോഷൻ അകത്തേക്ക് കയറിയത്.. "എന്റെ പിള്ളേരെ..

. നിങ്ങൾ നിങ്ങടെ അച്ഛനേം അമ്മേം വിളിച്ചോണ്ട് പോ... എനിക്ക് മേല..." കട്ടായം പോലെ അപ്പാപ്പൻ കൊച്ചു മക്കളോട് പറയുമ്പോൾ അവരുടെ മുഖത്തെ നിരാശയിലേക്ക് റോഷൻ നോക്കി.. പിന്നെയും അവരുടെ തർക്കങ്ങൾ കേൾക്കുന്നുണ്ട്. റോഷൻ വാതിൽ പടിയിൽ ചാരി നിന്നിട്ട് ചിരിച്ചു കൊണ്ട് അവരെ നോക്കി... അവസാനം തോൽവി സമ്മതിച്ചു എന്നാ പോലെ മുഖം വീർപ്പിച്ചു കൊണ്ട് പിള്ളേർ പട പതിയെ പിൻവലിഞ്ഞു.. റോഷൻ അവിടെ തന്നെ നിന്ന് കൊണ്ട് ഒന്ന് ചൂളം വിളിച്ചു.. തിരിഞ്ഞു നോക്കിയ കണ്ണുകളിൽ അവനെ കണ്ടപ്പോൾ ഉള്ള സന്തോഷം... അവൻ അവർക്കരികിൽ മുട്ട് കുത്തി ഇരുന്നു... "മ്മ്... എന്നതാ ഈ സുന്ദര മുഖങ്ങൾ ഒക്കെയും കടന്നൽ കുത്തിയ പോലെ.. എന്താ കാര്യം " അവരുടെ മുഖം പോലെ തന്നെ മുഖം വീർപ്പിച്ചു റോഷൻ ചോദിച്ചു.. "അപ്പാപ്പൻ വരുന്നില്ല അങ്കിളെ... ഒത്തിരി വിളിച്ചിട്ടും " ആലി ചുണ്ട് ചുള്ക്കി കൊണ്ട് റോഷനോട് പറഞ്ഞു.. "എങ്ങോട്ട്... അതൂടെ പറയെടി കാന്താരി " അവൻ അവളുടെ കവിളിൽ നുള്ളി കൊണ്ട് ചോദിച്ചു...

"ഇവിടെ അടുത്തൊരു വാട്ടർ പാർക്ക് ഉണ്ട് അങ്കിൾ... നല്ല രസമാണ് അവിടെ.. എന്റെ ഫ്രണ്ട്സ് എല്ലാം പറഞ്ഞു.. അച്ഛനോട് പറയാൻ പറഞ്ഞു അപ്പാപ്പൻ... അച്ഛന് തിരക്കൊഴിഞ്ഞ സമയം വേണ്ടേ " നിമ്മി മോൾക്ക് ദേഷ്യം വന്നിരുന്നു.. "അതാണോ കാര്യം... ഈ അങ്കിൾ ഇവിടെ ഉള്ളപ്പോൾ എന്റെ മക്കൾ എന്തിനാ ഇങ്ങനെ വീർപ്പിച്ചു നടക്കുന്നെ... ഇന്നിനി പോവാൻ ടൈം ഇല്ല.. നാളെ നമ്മൾ പോയിരിക്കും.. കൂടെ നമ്മുക്ക് അപ്പാപ്പനേം അമ്മാമ്മയേം കൊണ്ട് പോയാലോ " ആദമിന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറയുമ്പോൾ അവരുടെ സന്തോഷം... വാക്കുകൾക്ക്‌ അതീതമായിരുന്നു.. ആ കുഞ്ഞി കണ്ണുകളിൽ അവനോട് സ്നേഹം നിറഞ്ഞു.. "അമ്മാമ്മ എവിടെ പോയി..." ചുറ്റും നോക്കി കൊണ്ട് അവൻ ആലിയോട് ചോദിച്ചു.. "പുറകു വശത്തുണ്ട്... എന്തോ സാധനം മാന്തി എടുക്കുവാ " അവൾ പറഞ്ഞു. "എങ്കിൽ വാ... നമ്മുക്കൂടെ പോയി സഹായിക്കാം " അവൻ എഴുന്നേറ്റു കൊണ്ട് അവരെ നോക്കി.. അവന് മുന്നേ കുഞ്ഞുങ്ങൾ ഇറങ്ങി ഓടിയിരുന്നു..

അടുക്കളപുറത്തെ തോട്ടത്തിൽ എന്തോ പണിയുണ്ട് ആൾക്ക്.. കൂയ് " അരികിൽ ചെന്നിട്ടു റോഷൻ ഉറക്കെ പറയുമ്പോൾ ഞെട്ടി തിരിഞ്ഞ അന്നമ്മച്ചിയെ നോക്കി കുട്ടികൾ പൊട്ടിച്ചിരിച്ചു.. "നിനക്ക് കൊറച്ചു കൂടുന്നുണ്ട് കേട്ടോ ടാ തെമ്മാടി " അവർ അവന്റെ നേരെ കണ്ണുരുട്ടി.. "എന്നതാ ഇവിടെ പരിപാടി..." അവൻ ചുറ്റും നോക്കി.. അന്നമ്മച്ചിയുടെ കരുണയിൽ വളർന്നു പന്തലിച്ച പലതും ഉണ്ട് അവിടെ... പലതിലും നിറഞ്ഞ കായ്കൾ.. അത് അവരുടെ നന്ദി ആയിരിക്കണം.. ദാഹം തീർത്തവൾക്കുള്ള സമ്മാനം ആയിരിക്കും.. "ഇച്ചിരി കപ്പ കൂടി മാന്തി എടുക്കാൻ ഉണ്ടെടാ... അച്ചായന് ഒത്തിരി ഇഷ്ടമാണ്... കപ്പയും ബീഫും " അന്നമ്മച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.. "എങ്കിൽ ഇങ്ങോട്ട് മാറിക്കെ അമ്മ . ഞാൻ ചെയ്‌തോളാം " അവരുടെ തോളിൽ കിടന്ന തോർത്ത്‌ എടുത്തു തലയിൽ കെട്ടി... ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി.... തൂമ്പ എടുത്തു ഇറങ്ങിയ അവനെ നോക്കി കുട്ടികൾ കയ്യടിച്ചു തുള്ളി ചാടി.. അവൻ അവരെ നോക്കി കണ്ണിറുക്കി കാണിച്ചു...

ചിരിയും കളിയുമായി അവരത് ആസ്വദിച്ചു ചെയ്യുമ്പോൾ... ദേവസ്യ കൂടി അങ്ങോട്ട്‌ വന്നിരുന്നു.. അതിൽ പിന്നെ റോഷൻ നിശബ്ദനായി.. "പച്ചക്ക് കഴിക്കാൻ നല്ല രസവാ അച്ചായാ.. ഒരെണ്ണം കഴിച്ചു നോക്കിക്കേ " റോഷൻ കിളച്ചു മാന്തി എടുത്ത കപ്പയിൽ ഒരെണ്ണം തോല് പൊളിച്ചിട്ട് അന്നമ്മച്ചി അയാൾക്ക് നേരെ നീട്ടി.. ഉഗ്രൻ എന്ന് കൈ കാണിച്ചു.. കഴിച് കഴിഞ്ഞ ശേഷം... "നിനക്ക് വേണോ ടാ റോഷൂ " അന്നമ്മച്ചി അവന്റെ നേരെ നോക്കി.. അവൻ വേണമെന്ന് തലയാട്ടി.. കുട്ടികൾ മാറി ഇരുന്നിട്ട് ആസ്വദിച്ചു തിന്നുന്നുണ്ട്.. അന്നമ്മച്ചി മറ്റൊരു കഷ്ണം എടുത്തിട്ട് തൊലി കളയാൻ തുടങ്ങി.. "ഇന്നാ കഴിച്ചോ... നല്ല മധുരമുണ്ട്... നിന്റെ അമ്മേടെ സ്നേഹം പോലെ തന്നെ " അന്നമ്മച്ചിയെ പാളി നോക്കി കൊണ്ട് തന്നെ... തന്റെ കൈയിൽ ഉണ്ടായിരുന്ന കപ്പ കഷ്ണം ദേവസ്യ റോഷന്റെ നേരെ നീട്ടി... നിന്റെ അമ്മ....ഉള്ള് നിറഞ്ഞു... റോഷൻ ചിരിച്ചു കൊണ്ട് കൈ നീട്ടി... "കയ്യിൽ അപ്പടി മണ്ണാണ് ചെക്കാ.. വാ പൊളിക്ക് "

ചുവന്നു പോയ മുഖത്തോടെ അവന്റെ തോളിൽ ഒരടി വെച്ച് കൊടുത്തിട്ട് അന്നമ്മച്ചി ദേവസ്യയുടെ കൈയിൽ നിന്നും അത് വാങ്ങി അവന്റെ വായിൽ വെച്ച് കൊടുത്തു... ദേവസ്യ ചിരിയോടെ നോക്കുന്നുണ്ട്... "നമ്മുക്കിതൊന്ന് വലുതാക്കിയാലോ അന്നമ്മോ... നിന്റെ തോട്ടം " അച്ചായന്റെ ചോദ്യം... അന്നമ്മച്ചി അത്ഭുതത്തോടെ അയാളെ നോക്കി. "അത് ഒരു ഐഡിയ ആണ് അച്ഛാ... നമ്മൾ ഒരുമിച്ചു ശ്രമിച്ചാൽ പൊളിക്കും " റോഷൻ ആവേശത്തിൽ പറഞ്ഞു.. "അതിന് നിനക്കെവിടെ ടാ സമയം... അടിയും ഇടിയും തീർന്നിട്ട് " മുഖം നിറഞ്ഞ സന്തോഷത്തോടെ അന്നമ്മച്ചി ചോദിച്ചപ്പോൾ റോഷൻ മുഖം വീർപ്പിച്ചു.. "ഓ.. എന്നാ പിന്നെ നിങ്ങൾ കെട്ട്യോനും കെട്ട്യോളും കൂടി അങ്ങ് ചെയ്‌തോ ഞാൻ പോണ്..." റോഷൻ തൂമ്പ താഴെക്ക്‌ വെച്ചിട്ട് അന്നമ്മച്ചിയെ നോക്കി കണ്ണുരുട്ടി.. "നീ പോക്കോട... എന്റെ കെട്ട്യോളും ഞാനും ഒറ്റക്ക് ചെയ്യും.. അല്ലപിന്നെ " ദേവസ്യ മുണ്ട് മടക്കി കുത്തി പറയുമ്പോൾ അന്നമ്മച്ചി തലയിൽ കൈ വെച്ചു... "ഓഓഓ..... എന്റെ റോഷൂ. അമ്മ ഒരു തമാശ പറഞ്ഞതല്ലേ മോനെ... നീ നേടിതന്നതല്ലേ കുഞ്ഞേ അമ്മയുടെ സന്തോഷം മുഴുവനും...

നിന്നെ ഒഴിവാക്കി എനിക്കിനി എന്താണ് കുഞ്ഞേ സന്തോഷം " അന്നമ്മച്ചി പറഞ്ഞപ്പോഴും റോഷൻ മുഖം വീർപ്പിച്ചു പിടിച്ചു... "നിന്നെ ആരാടാ ഗുണ്ട ആണെന്ന് പറഞ്ഞത്... നേഴ്‌സറി പിള്ളേരുടെ കൂട്ട് വഴക്കുണ്ടാക്കാൻ മാത്രം അറിയാം.." തൂമ്പ കയ്യിൽ എടുത്തു കൊണ്ട് ദേവസ്യ അവനെ കളിയാക്കി.. റോഷന്റെ ഭാവം കണ്ടിട്ട് കുട്ടികൾക്ക്‌ പോലും ചിരി വരുന്നുണ്ട്.. ദേവസ്യ ഉറക്കെ പൊട്ടിച്ചിരിച്ചു.. എന്നോ എപ്പഴോ മറന്നു പോയാ.. ഏറെ പ്രിയപ്പെട്ട ആ ചിരിയിലേക്ക് അന്നമ്മച്ചി കൊതിയോടെ നോക്കുന്നത് കണ്ടപ്പോൾ റോഷൻ അവരെ തോളിൽ മുഖം മുട്ടിച്ചു കൊണ്ട് ഇറുക്കി കെട്ടിപിടിച്ചു.. ഒരു കൈ കൊണ്ട് അവർ അപ്പോഴും അവന്റെ കവിളിൽ തലോടി. 💞💞💞💞💞💞💞💞💞💞💞💞💞💞 അടുക്കളയോട് ചേർന്നുള്ള മുറിയിൽ നിന്നും ഇടവും വലവും നോക്കി കൊണ്ട് സജി പതിയെ പുറത്തിറങ്ങി.. മുറിയിലെ വെളിച്ചം അങ്ങോട്ടും തെളിയുന്നുണ്ട്. മുടി വാരി കെട്ടി കൊണ്ട് വാതിൽ പടിയിൽ നിൽക്കുന്ന രാജിയെ നോക്കി അവൻ മീശ പിരിച്ചു കൊണ്ട് ചിരിച്ചു.. അവളിലും നാണം പുരണ്ട ചിരി. ചുവരിൽ ചാരി ഫോണിൽ നോക്കി ചിരിച്ചിരിക്കുന്ന റോഷനെ...

രാജിയാണ് ആദ്യം കണ്ടത്.. അവളിലെ ഞെട്ടൽ തിരിച്ചറിഞ്ഞ സിബിയും തിരിഞ്ഞു നോക്കി.. ഒറ്റ കാഴ്ച കൊണ്ട് തന്നെ അവൻ വിയർത്തു പോയി... "ആഹാ.. അടിപൊളി പോസ് ആണ് കിട്ടിയത് " റോഷൻ ചിരിച്ചു കൊണ്ട് ഫോൺ ഓഫ്‌ ചെയ്തിട്ട് പോക്കറ്റിൽ ഇട്ടു.. കള്ളച്ചിരിയോടെ അവരെ നോക്കി.. "നീ എന്താടാ ഇവിടെ " സജി ഞെട്ടൽ പുറത്ത് കാണിക്കാതെ പതിയെ ചീറി കൊണ്ട് ചോദിച്ചു.. "ഓ... ഞാൻ ദുഫായിൽ പോവാനിറങ്ങിയതാ... അടുക്കളയിൽ കൂടി ആവുമ്പോൾ വല്ല എളുപ്പവഴിയും ഉണ്ടോ എന്ന് നോക്കാൻ വന്നതാ " റോഷൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞു.. "അളിയൻ എന്താ ഇവിടെ..." സജിയെ ചുഴിഞ് നോക്കി കൊണ്ട് റോഷൻ ചോദിച്ചു.. സജി നിന്ന് പരുങ്ങി കളിച്ചു... റോഷൻ എല്ലാം കണ്ടിട്ടുണ്ട് എന്ന് അവന്റെ മുഖത്തുനിന്നും അറിയാം.. "അത് ചോദിക്കാൻ നീ ആരാടാ " സജി വീണ്ടും ചീറി.. "ഓ.. നമ്മൾ വെറും തെരുവ് തെമ്മാടി.. പക്ഷേ ചോദിക്കാൻ അർഹത ഉള്ളവർ ഇവിടെ ഉണ്ടല്ലോ... പുന്നാര ഭാര്യയെ വീട്ടിൽ പറഞ്ഞു വിട്ടിട്ട് ഇവിടെന്താ പരിപാടി എന്ന് ചോദിക്കാൻ ഞാൻ വിളിക്കട്ടെ അവരെ.. തെളിവ് വിഡിയോ സഹിതം എന്റെ കയ്യിൽ ഉണ്ട് " റോഷൻ കൈകൾ പോക്കറ്റിൽ തിരുകി കൊണ്ട് പറയുമ്പോൾ സജിയും രാജിയും ഒരുപോലെ ഞെട്ടി..

"പ്ലീസ്..." രാജി പതിയെ പറയുമ്പോൾ റോഷന്റെ കണ്ണിൽ തീ ആളി.. സജിയെ തള്ളി നീക്കി അവൻ അവളുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു.. രാജി ഒരു വശത്തേക്ക് ചെരിഞ്ഞു വീണു.. "ഡാ സജി പറഞ്ഞു തുടങ്ങും മുന്നേ റോഷൻ വെട്ടി തിരിഞ്ഞു.. അവന്റെ കണ്ണിൽ കനൽ ആയിരുന്നു... "മിണ്ടരുത്... നിനക്കുള്ളത് ഞാൻ തരാം.. എന്റെ അമ്മക്കെതിരെ സാക്ഷി പറഞ്ഞ അന്ന്... അന്ന് ഞാൻ ഇവൾക്ക് കരുതിയ സമ്മാനം ആണിപ്പോൾ കൊടുത്തത്... അതിനെ ചോദ്യം ചെയ്യാൻ നിനക്കൊരു അധികാരവും ഇല്ല... കേട്ടോടാ അളിയാ " സജി വിറച്ച് പോയിരുന്നു... അവന്റെ ഭാവത്തിൽ.. "ഞാൻ അല്ല... നീയാണ് ആ അമ്മയുടെ ഉയിര് പകുത്തു തന്ന് വളർത്തിയാ മോൻ. നീയൊക്കെ ആയിരുന്നു ഇവളെ നിലക്ക് നിർത്തേണ്ടത്... സ്വന്തം അമ്മക്ക് വില കൊടുക്കാത്ത ഇവളെ ഇവിടെ വെച്ച് പൊറുപ്പിച്ചതും പോരാ... നീ അവൾക്ക് കൂട്ട് കിടക്കാൻ പോയേക്കുന്നു.. നീ ഒക്കെ എങ്ങനെ എന്റെ അമ്മയുടെ വയറ്റിൽ പിറന്നെടോ " സജിയെ കുത്തി പിടിച്ചിട്ട് റോഷൻ ഉറക്കെ പറഞ്ഞു..

"പ്ലീസ്.. പ്ലീസ് റോഷൻ.. ശബ്ദം ഉണ്ടാക്കരുത് " സജി കേഴും പോലെ പറഞ്ഞിട്ട് കണ്ണുകൾ ഇടം വലം പായിച്ചു... "നിനക്ക് പേടി ഉണ്ടോ അളിയാ " റോഷൻ ഈണത്തിൽ ചോദിച്ചു.. സജി മുഖം കുനിച്ചു.. "നിന്നെ ഓർത്തല്ല. എന്റെ അമ്മ.. എന്റെ അമ്മ ഇതറിഞ്ഞ നെഞ്ച് പൊട്ടി പോകും അതിന്റെ..സ്വന്തം മകന്റെ തനി നിറം അറിയുമ്പോൾ... അത് കൊണ്ട്... അത് കൊണ്ട് മാത്രം " റോഷൻ ദേഷ്യത്തോടെ സജിയുടെ നേരെ വിരൽ ചൂണ്ടി.. സജിയും രാജിയും നെടുവീർപ്പോടെ അവനെ നോക്കി.. "എന്ന് കരുതി ആശ്വാസപെടേണ്ട...രണ്ടാളും.. നിങ്ങളുടെ രഹസ്യകളികൾ എന്റെ കയ്യിൽ ഭദ്രമാണെന്ന് മറന്നു പോവരുത്.." പോകറ്റിലെ ഫോണിൽ തലോടി റോഷൻ പറയുമ്പോൾ സജിയും രാജിയും വിളറി പോയിരുന്നു. "നാറ്റിക്കും ഞാൻ... ലോകം മുഴുവനും. അറിയില്ല നിനക്കൊന്നും റോഷനെ..." റോഷന്റെ കണ്ണുകൾ ചുവന്നു.. "പ്ലീസ്.. ഞാൻ എന്ത് വേണേലും ചെയ്യാം.." സജി കേണ് പറഞ്ഞു.. "അതെനിക്കും അറിയാം അളിയാ... അളിയൻ എന്ത് വേണേലും ചെയ്യും എന്ന്.. അത്രയും അഭിമാനി ആണെന്ന്..."

റോഷൻ കളിയാക്കി.. സജി ഒന്നും മിണ്ടിയില്ല.. "എങ്കിൽ കേട്ടോ... നാളെ രാവിലെ ആദ്യം ചെയ്യേണ്ട ജോലി... അതിവളെ ഇവിടുന്ന് അടിച്ചിറക്കുക എന്നതാ... പറ്റുവോ " റോഷൻ നെഞ്ചിൽ കൈകൾ കെട്ടി കൊണ്ട് പറഞ്ഞു.. "ചെയ്യാം " രാജിയെ ഒന്ന് നോക്കുക കൂടി ചെയ്യാതെ സജി പറയുമ്പോൾ റോഷന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.. രാജി ഞെട്ടി കൊണ്ട് അവന്റെ നേരെ നോക്കി... "അതാണ്‌... എന്ത് നല്ല അനുസരണയുള്ള അളിയൻ " റോഷൻ വീണ്ടും കളിയാക്കി.. ശേഷം അവൻ രാജിയെ നോക്കി.. "കേട്ടില്ലേ... കാമുകൻ പറഞ്ഞത്.. ഇത്രേം ഒള്ളൂ അവിഹിതത്തിന്റെ ആയുസ്സ്... ഒരു പ്രശ്നം വരുമ്പോൾ സ്വന്തം തടി കേടാവാതെ... അഭിമാനം കളയാതെ രക്ഷപെട്ടു പോകാനേ നോക്കൂ... കൂട്ട് കിടക്കുമ്പോൾ ഉണ്ടാവുന്ന സ്നേഹം ഒക്കെ ശരീരത്തിനോട് മാത്രം ഒള്ളതാ..." രാജി മിഴികൾ താഴ്ത്തി.. "നിന്റെ കെട്ടിയോൻ പ്രജീഷ്... വീണു കിടപ്പിലാവും വരെയും നിന്നെ പൊന്ന് പോലെ അല്ലേടി നോക്കിയിരുന്നേ..

അത് നിന്റെ നാട്ടുകാർ മൊത്തം പറഞ്ഞു.. കാലുകൾ തളർന്നു പോയിട്ടും ഇപ്പഴും അവനെ കൊണ്ടാവുന്ന ജോലി ചെയ്യുന്നില്ലേ. നിന്നെ ജോലിക്ക് വിടുന്നത് അവന്റെ ഗതികേട് കൊണ്ടാണ് എന്നല്ലേ ആ പാവം ഇപ്പഴും നിന്നോട് പറയാറുള്ളത്... നിന്നെ ഇപ്പഴും സ്നേഹിക്കുന്നില്ലേ... നിനക്കൊരു പ്രശ്നം വരുമ്പോൾ ഇത് പോലെ ഇട്ടിട്ട് പോകും എന്ന് തോന്നുന്നുണ്ടോ " റോഷൻ ചോദിക്കുമ്പോൾ രാജി ഞെട്ടി കൊണ്ട് അവന്റെ നേരെ നോക്കി.. "ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും ഇപ്പൊ നിന്റെ ചിന്ത... നിന്നോട് ഞാൻ പറഞ്ഞതല്ലേ... നിനക്കുള്ളത് ഞാൻ തരാം ന്ന്..." റോഷൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഇതൊക്കെ ഞാൻ പ്രജീഷിനെ അറിയിച്ചാലോ.. എന്താ നിന്റെ അഭിപ്രായം " റോഷന്റെ ചോദ്യം.. രാജി കുഴഞ്ഞു കൊണ്ട് ചുവരിൽ ചാരി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story