കൂട്ട് 💕💕💕: ഭാഗം 14

Koott

രചന: ജിഫ്‌ന നിസാർ

തങ്ങളുടെ മുന്നിൽ കൈ കെട്ടി നിൽക്കുന്ന റോഷന്റെ നേരെ സജിയും സിബിയും പേടിയോടെ നോക്കി.. അവന്റെ മുഖത്തെ കല്ലിച്ച ഭാവം... അതവരെ കൂടുതൽ വിറപ്പിച്ചു. "നിങ്ങളെ ഉപദേശിച്ചു നന്നാക്കാൻ മാത്രം ഒരു യോഗ്യതയും എനിക്കില്ല... നല്ല വിദ്യാഭ്യാസമോ... പണമോ പത്രാസോ ഒന്നും ഇല്ലാത്ത വെറും തെരുവ് തെമ്മാടിയാണ് റോഷൻ.. അതറിഞ്ഞു കൊണ്ട് തന്നെ ആണ് പറയുന്നത്. ഈ ചെയ്യുന്നതെല്ലാം... ഇത് വരെയും ചെയ്തതെല്ലാം ശെരിയായിരുന്നു എന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക് " അവന്റെ ചോദ്യം... സജിയുടെ മുഖം താഴ്ന്നു.. സിബിയുടെ കണ്ണിലും പേടി.. ഓഫീസിൽ നിന്നും ഇത്രയും നാൾ ആരും അറിയാതെ പണം പറ്റിച്ചതിന്റെ കണക്കുകൾ.... പേഴ്‌സൽ സെക്രട്ടറി ആയിരുന്ന അഞ്ജലിക്കൊപ്പം ഓഫീസ് ടൂർ എന്ന് പറഞ്ഞു കറങ്ങി ആസ്വദിച്ച ഫോട്ടോസ്.. എല്ലാം റോഷന്റെ കയ്യിൽ ഉണ്ടെന്ന് ഓർക്കുമ്പോൾ തന്നെ സിബി വിറച്ചു പോയിരുന്നു... "പറയണം അളിയൻസെ.... ശെരിയായിരുന്നോ " വീണ്ടും റോഷൻ ചോദിച്ചു.. ദുർബലമായി സജിയും സിബിയും തലയാട്ടി.. അല്ലെന്ന്.. "അപ്പൊ നിങ്ങൾക്കും അറിയാം... തെറ്റാണ് എന്നറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റുകൾക്ക് മാപ്പ് കൊടുക്കാൻ ആവുമോ.." വീണ്ടും ചോദ്യം.. രണ്ടാളും വിയർത്തു തുടങ്ങി..

"ഇപ്പൊ മനസ്സിലായില്ലേ... തലയൊന്നു ഉയർത്താൻ പോലും പറ്റാത്ത അത്രയും തരം താഴ്ന്ന പ്രവർത്തികൾ ആയിരുന്നു. നിങ്ങളുടെ.. അത് ഞാൻ ഈ ലോകത്തിന് കാണിച്ചു കൊടുത്താലോ... നിങ്ങളുടെ കുടുംബത്തിന് അറിയിച്ചു കൊടുത്താലോ.. എങ്ങനെ ഉണ്ടാവും " റോഷൻ ചുഴിഞ് നോക്കി കൊണ്ട് ചോദിച്ചു... "No.. പ്ലീസ്.. " നടുങ്ങി പോയിരുന്നു രണ്ടാളും.. "ഇങ്ങനെയൊക്കെ നിങ്ങളുടെ ഭാര്യമാർ നിങ്ങളോട് ചെയ്താൽ.. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.. പൊറുക്കുമോ " സജിയുടെ സിബിയും പരസ്പരം നോക്കി.. ഒന്നും പറഞ്ഞില്ല... "ഇല്ല അല്ലേ.. അപ്പോൾ പിന്നെ നിങ്ങളോട് അവർ പൊറുക്കുമോ.. നിങ്ങളുടെ അമ്മയും അച്ഛനും പൊറുക്കുമോ.. നിങ്ങളുടെ മക്കളുടെ മുഖത്തു നോക്കാൻ ആവുമോ നിങ്ങൾക്ക്... ലോകം മുഴുവനും പുച്ഛത്തോടെ നോക്കുന്നത് സഹിക്കാൻ പറ്റുമോ ഏട്ടനും അനിയനും... ഉത്തരം പറയണം " റോഷന്റെ സ്വരം കടുത്തു.. ഒരക്ഷരം പോലും മിണ്ടാതെ രണ്ടും തല താഴ്ത്തി നിന്നിരുന്നു. അവർക്കറിയാം... കാർക്കിച്ചു തുപ്പും... കുടുംബം മുഴുവനും നഷ്ടം വരും.. പേര്... പ്രശസ്തി... ഇപ്പഴും അച്ഛന്റെ പേരിലാണ് സ്വത്തുക്കൾ മുഴുവനും.. എല്ലാം നോക്കി നടത്തുന്നുണ്ട്...

കൈകാര്യം ചെയ്യുന്നുണ്ട്.. അച്ഛൻ ഒന്നിനും പരിധി വെച്ചിട്ടില്ല എന്നതൊക്കെ ശെരി തന്നെ. പക്ഷേ... ചെയ്തു കൂട്ടിയ കള്ളത്തരം അച്ഛൻ അറിഞ്ഞാൽ... ഇപ്പഴും ആരോഗ്യത്തോടെ തന്നെ ജീവിക്കുന്ന അച്ഛന് തങ്ങളെ ചവിട്ടി കൂട്ടാൻ മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ല.. അമ്മ.... റീന... അനു... മക്കൾ... ഓർക്കുമ്പോൾ തന്നെ തളർന്നു തൂങ്ങുന്നു.. വിയർത്തു കുളിച്ചിരുന്ന അവരെ റോഷൻ നോക്കി ചിരിച്ചു... "ഓർക്കുമ്പോൾ തന്നെ പേടി ഉണ്ടല്ലേ... എന്നിട്ടും ചെയ്യുന്നത് മുഴുവനും കള്ളത്തരം.. സ്വന്തം ഭാര്യമാർ സ്നേഹിക്കുന്നില്ല എന്നുള്ള കാരണത്തെ മറയാക്കി.. നീയൊക്കെ അന്യ ഒരുത്തിയിൽ സന്തോഷം തേടുമ്പോൾ ഓർക്കണ്ടേ ഒരു കാര്യം ഉണ്ട്... അറിയാവോ " റോഷൻ അവരെ നോക്കി.. അപ്പോഴും ഒന്നും മിണ്ടിയില്ല രണ്ടാളും. "നിങ്ങൾ സ്നേഹം കൊടുക്കുന്നില്ല എന്ന കാരണം മറയാക്കി അവരും അതേ തെറ്റ് തന്നെ ചെയ്യുന്നുണ്ടെന്ന്..തമ്മിൽ അറിയുന്നില്ല എന്ന് മാത്രം " ചിരിച്ചു കൊണ്ട് റോഷൻ പറയുമ്പോൾ സജിയുടെയും സിബിയുടെയും മുഖത്തെ ഞെട്ടൽ റോഷൻ ശ്രദ്ധിച്ചു. "ഞെട്ടി പോയി അല്ലേ... തിരുത്താൻ അവകാശം ഉണ്ടോ നിങ്ങൾക്ക് തമ്മിൽ തമ്മിൽ..

സ്നേഹം ഉണ്ടോ നിങ്ങൾക് പരസ്പരം.. താൻ എത്ര മോശക്കാരൻ ആണേലും പങ്കാളി പതിവ്രത ആയിരിക്കണം എന്നുള്ളത് ഓരോ മനുഷ്യന്റെയും ആഗ്രഹം തന്നെ അല്ലേ... എന്നും... എനിക്ക് കിട്ടുന്നില്ല എന്ന് പരാതി പറയും മുന്നേ ഞാൻ കൊടുക്കുന്നുണ്ടോ എന്ന് ആരേലും അന്വേഷിച്ചു നോക്കാറുണ്ടോ... ഇപ്പഴും..." റോഷന്റെ ഓരോ വാക്കും അവർക്കുള്ളിൽ തുളഞ്ഞു കയറുന്നുണ്ട്... "ഇതൊന്നും നിങ്ങളോട് പറയാൻ ഞാൻ ആരുമല്ല... ഒരിക്കൽ ഇറങ്ങി പോവേണ്ടവൻ തന്നെ ആണെന്ന ബോധം ഉണ്ട് എപ്പോഴും മനസ്സിൽ.. പിന്നെ പറയുന്നത് എന്തിന് എന്ന് ചോദിച്ചാൽ... സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു അമ്മയുടെ മക്കളാണ് നിങ്ങൾ.. അമ്മ വളർത്തും പോലെ ആണ് മക്കളുടെ സ്വഭാവം വരികയെന്ന് ചിലരെങ്കിലും പറയുന്നത് ഞാനും കേട്ടിട്ടുണ്ട്.. അങ്ങനെ ഒരു ചീത്തപേര് എന്റെ അമ്മക്ക് വരരുത്... അവരത് അർഹിക്കുന്നില്ല... മാറ്റി നിർത്തിയിട്ടും അവഗണിച്ചിട്ടും പരാതി പറയാതെ നിങ്ങളെ സ്നേഹിക്കുന്ന എന്റെ അമ്മ.. നിങ്ങൾ കാരണം വേദനിക്കരുത്... അതെനിക്ക് നിർബന്ധം ഉണ്ട്..." റോഷന്റെ സ്വരം കടുത്തു... "ഇതൊക്കെ നിർത്തണം എന്നോ ഇനി അങ്ങോട്ട് നന്നായി ജീവിക്കണം എന്നോ ഞാൻ പറയുന്നില്ല...

പക്ഷേ ഒന്ന് പറയാം. ഈ സ്വഭാവം വെച്ചിട്ട് ഇനിയും ആ അമ്മയുടെ മുന്നിൽ... ആ അച്ഛന്റെ മുന്നിൽ.. ആ വീട്ടിൽ... ആ കുഞ്ഞു മക്കളുടെ മുന്നിൽ... നിങ്ങൾ ഉണ്ടാവാൻ പാടില്ല.. അതിന് ശ്രമിച്ചാൽ.... റോഷൻ എതിരെ ഉണ്ടെന്ന് മറന്നു പോവരുത്... ഞാൻ എന്തൊക്കെ ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല... സ്വന്തം കുടുംബത്തോട് നിങ്ങൾക്കില്ലാത്ത സ്നേഹം... അതെനിക്ക് നിങ്ങളോട് തോന്നേണ്ട കാര്യം ഇല്ലല്ലോ അളിയൻമാരെ " റോഷൻ കൂർപ്പിച്ചു നോക്കി കൊണ്ട് പറയുമ്പോൾ സജിയും സിബിയും അവന്റെ നേരെ ദയനീയമായി നോക്കി.. "എന്തൊരു പാവം പിടിച്ച രണ്ടു അളിയൻസ്..." അവരുടെ ഭാവം കണ്ടപ്പോൾ റോഷൻ കളിയാക്കി.. "ഞാൻ നിങ്ങളെ വിശ്വസിച്ചു എന്നൊരു തോന്നൽ ഉണ്ടല്ലേ... എങ്കിൽ അത് വെണ്ട.. നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ കള്ളകളി കണ്ടു പിടിക്കാൻ ഒരു നിഴൽ പോലെ നിങ്ങളോട് ചേർന്ന് ഞാനും ഉണ്ടായിരുന്നു... അറിഞ്ഞില്ലല്ലോ രണ്ടാളും... അതാണ്‌... അതാണ് ഞാനും ആദ്യം തന്നെ പറഞ്ഞത്...

എന്നോട് ഇടയാൻ നിൽക്കരുത് എന്ന്.." റോഷൻ മീശ പിരിച്ചു... "ഇനി... അങ്ങനെ ഒന്നും ഉണ്ടാവില്ല... ഇത് വരെയും ഉള്ളത് നീ മറന്നു കള അളിയാ " സജിയാണ് പറഞ്ഞത്... റോഷൻ ഉറക്കെ പൊട്ടിച്ചിരിച്ചു.. "ഞാൻ അളിയൻ ആണെന്ന് പറയുന്നത് പുഴു ദേഹത്തു വന്നിരിക്കുന്ന ഫീൽ ആണെന്ന് പറഞ്ഞു നടന്ന ആളാണ്‌... ഇപ്പൊ എന്നെ ഇങ്ങോട്ട് അളിയാ ന്ന് വിളിക്കുന്നു... കൊള്ളാം " സജി വിളറി പോയി... "മറക്കാനും പൊറുക്കാനും ഒന്നിനും ഞാൻ ഇല്ല... പക്ഷേ കുടുംബം മറക്കുമ്പോൾ നിങ്ങൾക്ക് എന്നെ ഓർമ വേണം..." റോഷൻ വീണ്ടും പറഞ്ഞു.. "ഇനി... ഞങ്ങൾ ഇങ്ങനൊന്നും ചെയ്യില്ല " സിബിയുടെ കുറ്റസമ്മതം.. റോഷൻ അവന്റെ നേരെ നോക്കി.. "ഞാൻ കൂടി നിൽക്കുമ്പോൾ ആയിരുന്നു എന്റെ അമ്മയുടെ നേരെ നീ കുരച്ചു ചാടിയത്.. അന്ന് നിന്റെ മോന്ത നോക്കി പൊട്ടിക്കാൻ തോന്നിയ നിമിഷം... കടിച്ചു പിടിച്ചു നിന്നതാ ഞാൻ... എന്റെ അമ്മയുടെ മുന്നിലിട്ട് നിന്നേ തല്ലിയാലും ആ മനസ്സല്ലേ വേദനിക്കുന്നത് എന്നോർത്തു മാത്രം... പക്ഷേ മറക്കില്ല ഞാൻ... ഒരടി ഇപ്പോഴും നിനക്ക് എന്റെ വക ഞാൻ കരുതി വെച്ചിട്ടുണ്ട്... അത് നീ വാങ്ങാരുത് അളിയാ... പിന്നെ പൊറുക്കി കൂട്ടേണ്ടി വരും "

റോഷൻ പുച്ഛത്തോടെ പറയുമ്പോൾ സിബി വിളറി വെളുത്തു... "പണം ഉണ്ടാക്കാം... പണം ഉണ്ടെങ്കിൽ പേര്, പ്രശസ്തി... സ്ഥാനം... എല്ലാം ഉണ്ടാക്കാം. പക്ഷേ കുടുംബം അങ്ങനെ അല്ല അളിയൻസെ.. ഒരിക്കൽ നഷ്ടപെട്ടാൽ... പിന്നെ തിരിച്ചു കിട്ടിയാലും... പഴയ പോലെ സ്നേഹിക്കാൻ ആവില്ല... അങ്ങനൊരു കുഴപ്പമുണ്ട് അതിന്.. അത് മറന്നിട്ട് കളിക്കരുത്..." റോഷൻ പറയുമ്പോൾ സജിയും സിബിയും തലയാട്ടി.. "എനിക്ക് വേണ്ടി നിങ്ങൾ നന്നാവാൻ ശ്രമിക്കരുത്.. നിങ്ങൾക്ക് വേണ്ടി... നിങ്ങളെ സ്നേഹിക്കുന്നവർക്ക് വേണ്ടി ആവട്ടെ അത്..." റോഷൻ സജിയുടെ ചുമലിൽ തട്ടി... "ജീവിതപങ്കാളി ആർക്ക് വേണമെങ്കിലും ആവാം. പക്ഷേ ജീവന്റെ പാതിയായി മാറണമെങ്കിൽ...ജീവനെ പോലെ സ്നേഹിക്കണം.. പരസ്പരം " റോഷൻ സിബിയെ നോക്കി.. അവൻ പക്ഷേ തല കുനിച്ചു.. "ഉപദേശങ്ങൾ ആരിൽ നിന്ന് വേണേലും സ്വീകരിക്കാം. പക്ഷേ തീരുമാനം നിങ്ങളുടെ ആയിരിക്കണം.. ഇനി അങ്ങോട്ട്‌ കുടുംബം വേണോ... അതോ സ്വന്തം സന്തോഷം മാത്രം വേണോ എന്ന്..." റോഷൻ കൈകൾ പോക്കറ്റിൽ തിരുകി രണ്ടാളെയും നോക്കി ചിരിച്ചു.. "ബന്ധങ്ങൾ ഉപേക്ഷിക്കാനുള്ള കാരണം നിങ്ങൾ തേടുമ്പോൾ... ഇത് വരെയും അത് പിടിച്ചു നിർത്താൻ ഉണ്ടായ കാരണങ്ങൾ ഓർക്കുക..വിശപ്പ് മാറിയ ശേഷം കിട്ടുന്ന ആഹാരം പോലാണ്...

വെറുപ്പിച്ച ശേഷം കിട്ടുന്ന സ്നേഹം...ഒരു കാര്യവും ഉണ്ടാവില്ല..എത്ര തിരക്കിൽ ആണേലും... അതിനിടയിൽ നമ്മുക്കൊരാളെ സന്തോഷിപ്പിക്കാൻ വലിയ പണിയൊന്നും ഇല്ലന്നേ.. ഒന്ന് ചേർത്ത് പിടിക്കുക... തിരക്കിലാ.. എന്നാലും നിന്നോളം വലുതായി ഒന്നും ഇല്ലെന്ന് പറയുക... നിസാരമെന്ന് കരുതുന്ന ഒരു കുഞ്ഞു പുഞ്ചിരി കൊണ്ട് പോലും നമ്മളെ സ്നേഹത്തോടെ ഓർത്തിരിക്കാൻ പറ്റുന്ന സമയമുണ്ട് ജീവിതത്തിൽ.." "സത്യത്തിൽ നിങ്ങൾക്ക് ആരോടാ ശെരിക്കും സ്നേഹം ഉള്ളത്... എന്റെ അറിവിൽ നിങ്ങൾ ഏറ്റവും സ്നേഹിക്കുന്നത് നിങ്ങളെ തന്നെയാ.. ഒരുപാട് ഇഷ്ടം ആണ് ദയയോട് എന്ന് നിങ്ങൾ പറയുമ്പോഴും ഞാൻ പറയട്ടെ... നിങ്ങൾക്ക് അവളോട്‌ ഇത്തിരി പോലും സ്നേഹം ഇല്ല... ഉണ്ടായിരുന്നു എങ്കിൽ അവളുടെ ജീവിതം ഇങ്ങനെ ആവില്ല. എത്ര വാശി പിടിച്ചാലും സ്നേഹത്തോടെ അവളെ തിരുത്താൻ നിങ്ങൾക്ക് ആവുമല്ലോ.. അതിന് സ്നേഹം വേണം... നിങ്ങൾക്ക് അതില്ലല്ലോ " റോഷൻ പറയുമ്പോൾ സജിയുടെയും സിബിയുടെയും മുഖത്തൊരു കുറ്റബോധം തെളിഞ്ഞു കാണുന്നുണ്ട്.. റോഷനത് മനസ്സിലായി.. "പഞ്ചസാര... കാണുമ്പോഴോ...

ടിന്നിൽ അടച്ചു സൂക്ഷിച്ചു വെച്ചത് കൊണ്ടോ അതിന്റെ മധുരം നമ്മുക്ക് അറിയാൻ കഴിയില്ല. അത് പോലെ ആണ് സ്നേഹവും... രുചിച്ചു നോക്കാതെ അതിന്റെ മധുരം അറിയില്ല..." റോഷൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. "പിന്നെ ഉള്ളത്... കുടുംബം മറന്നിട്ട് അവിഹിതം നടത്തുന്നത്... സ്വന്തമായിട്ടിട്ടൊരു കുഴി കുത്തി അതിൽ ഇറങ്ങി കിടക്കുന്ന പോലാണ്.. മുകളിൽ നിന്നും മണ്ണിട്ട് മൂടാൻ ഇഷ്ടം പോലെ ആളൊക്കെ കാണും.. അത് ഓർമ വേണം.. സ്വന്തം ഭാര്യ തരുന്ന പ്രണയത്തിന്റെ പവറൊന്നും അതിനില്ല.." "അവരോടു നിങ്ങൾ ചെയ്യുന്ന തെറ്റുകൾ മറച്ചു പിടിക്കാൻ കഴിയും എങ്കിൽ... അതേ സൂത്രം അവർക്കും അറിയാം എന്ന് മറന്നു പോവരുത്. ആർക്കും... എപ്പോ.. എങ്ങനെ വേണേലും നശിച്ചു പോകാൻ എളുപ്പമാണ്... അത് പോലുള്ള ഒരു സമൂഹത്തിൽ ആണ് നമ്മുടെ ജീവിതം.. പരസ്പരം താങ്ങാവുക... തോളവുക.. അത് തിരഞ്ഞുകൊണ്ട് .. പുറത്ത് പോവാതിരിക്കുക.. അത് തന്നെ പങ്കാളി തിരിച്ചും തരും " റോഷൻ പറഞ്ഞു. "അപ്പൊ അളിയൻസ് വിട്ടോ... പറഞ്ഞതൊന്നും മറന്നു കളയരുത്... പിന്നെ... ഒരു കാര്യം.. മറ്റേ പിശാച് ഇല്ലേ... സജി മോന്റെ പ്രിയപ്പെട്ട രാജി മോള്..

ഇനി ഞാൻ വരുമ്പോൾ അവളെ അവിടെ കാണരുത്.. മനസ്സിലായോ " റോഷന്റെ കണ്ണുകൾ കുറുകി... സജി വിളറി കൊണ്ട് തലയാട്ടി. "സന്തോഷം എന്നത് നിങ്ങൾ ആഗ്രഹിക്കുന്നത് നേടുമ്പോൾ മാത്രം അല്ലടോ... നിങ്ങൾക്കുള്ളത് ആസ്വദിച്ചു ജീവിക്കുമ്പോൾ ആണ് അതിന്റ ശെരിക്കും ഉള്ള മാജിക്ക് " റോഷൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "സുഖവും സന്തോഷവും ആരോഗ്യവും നൽകി.. ജീവിതത്തിൽ ഉടനീളം നിങ്ങളുടെ ആയുസ്സിന് വേണ്ടിയും... സമാധാനത്തിന് വേണ്ടിയും പ്രാർത്ഥന നടത്തുന്ന അമ്മയ്ക്ക് നേരെ കണ്ണുകൾ മാത്രം അല്ല ഹൃദയം കൂടി തുറന്നു പിടിക്കുക... കാരണം നഷ്ടം വരുന്നതിൽ ഏറ്റവും വലിയ നഷ്ടം അമ്മയെ നഷ്ടപെടുന്നതാ... അനുഭവങ്ങൾ ഉള്ളത് കൊണ്ടാണ് പറയുന്നത്... ചേർത്ത് പിടിച്ചോളുക..." റോഷൻ പറയുമ്പോൾ കുനിഞ്ഞു പോയ ശിരസ്സോടെ തന്നെ സജിയും സിബിയും നടന്നു മറഞ്ഞു.. ചുണ്ടിൽ ചിരിയോടെ റോഷൻ അത് നോക്കി നിന്ന് പോയി.. ഓരോത്തരുടെ മുഖത്തും അവർക്കുണ്ടാവുന്ന മാറ്റങ്ങൾ എഴുതി വെച്ചിട്ടുണ്ടാവാം.. മനസ്സറിഞ്ഞവർക്ക് മാത്രം വായിച്ചെടുക്കാൻ പാകത്തിന്.. ഇവരിൽ മറഞ്ഞു കിടക്കുന്ന...

ഇവര് മറന്നു കളഞ്ഞ ആ സ്നേഹം തിരിച്ചു കൊണ്ട് വരണം.. അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചിട്ട് വേണം പോവാൻ.. ആ സന്തോഷം തൊട്ടറിഞ്ഞ സുഖം വേണം ഇനി അങ്ങോട്ട്‌ ജീവിക്കാൻ.. 💕💕💕💕💕💕💕💕💕💕💕💕💕 റോഷൻ ബൈക്കിൽ കയറുമ്പോൾ ആണ് ജിബിയും സനലും വന്നിറങ്ങിയത്.. "നീ എവിടെ പോകുവാ " ജിബി അവനെ കണ്ടപ്പോൾ തന്നെ ചോദിച്ചു കൊണ്ടാണ് ബൈക്കിൽ നിന്നും ഇറങ്ങിയത്.. "നിങ്ങൾ പോയ കാര്യം എന്തായി " റോഷൻ മറുചോദ്യം ചോദിച്ചു.. ജിബി പോയി തിണ്ണയിൽ കയറി ഇരുന്നു.. അവന്റെ നേരെ ഒന്ന് നോക്കിയിട്ട് റോഷനും ബൈക്കിൽ നിന്നും തിരിച്ചിറങ്ങി.. അക്ഷമയോടെ സനലിന്റെ നേരെ നോക്കി.. "ഹാ... നീ എന്തിനാ ടാ ടെൻഷൻ ആവുന്നത്... ഞങ്ങൾ അത് പറയാൻ തന്നെ അല്ലേ വന്നത് " സനൽ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ.. റോഷൻ നെറ്റി തടവി കൊണ്ട്.. തിരിഞ്ഞു നടന്നു.. "വിചാരിച്ചത് പോലെ തന്നെ റോഷാ... സംഗതി സീരിയസ് ആണ്.. കോളേജ് പ്രിൻസിപ്പൽ നമ്മൾ കരുതിയത് പോലെ തന്നെ.. ഒരുപാട് പിടിച്ചു നിന്ന്.. പക്ഷേ എടുത്തിട്ട് ഒന്ന് കുടഞ്ഞപ്പോ..തത്തയല്ല... താറാവ് പറയും പോലെ എല്ലാം പറഞ്ഞു.." സനൽ റോഷനരികിൽ വന്നിരുന്നു പറഞ്ഞപ്പോൾ...

റോഷന്റെ മുഖം മ്ലാനത പടർന്നു.. "ആളെ കുറിച്ചുള്ള സകലതും കിട്ടിയിട്ടുണ്ട് " ജിബി പറയുമ്പോൾ... റോഷൻ കൈകൾ രണ്ടും തിണ്ണയിൽ കുത്തി കുനിഞ്ഞിരുന്നു.. കാരണമറിയാതൊരു നോവ് പടർന്നു കയറുന്നു... ഉള്ളിലേക്ക്.. ദയയുടെ സ്നേഹത്തിന്റെ അവകാശി.. അവനിലേക്കുള്ള ദൂരം കുറയുന്നു.. അവകാശികൾ ഇല്ലാത്ത ഒന്നേ ഒന്ന് ഈ ലോകത്ത് നോവുകൾ മാത്രം ആണ്.. അതിനാരും അവകാശം പറഞ്ഞു വരില്ല... നമ്മുക്ക് കിട്ടിയത് നമ്മൾ തന്നെ അനുഭവിച്ചു തീർക്കണം.. റോഷൻ മുഖം കുനിച്ചിരുന്നു.. "എന്താടാ... നീ അല്ലേ അന്വേഷിച്ചു നോക്കാൻ പറഞ്ഞു വിട്ടത്.. എന്നിട്ടിപ്പോ എല്ലാം അറിഞ്ഞപ്പോൾ എന്ത് പറ്റി..എന്തേലും കുഴപ്പമുണ്ടോ.. നിന്റെ മുഖം വല്ലാതെ " സനൽ ചോദിച്ചു.. "ഒന്നും ഇല്ലെടാ " മുഖം ഉയർത്തി നോക്കാതെ തന്നെ റോഷൻ മറുപടി പറഞ്ഞു.. "കാര്യം പറ റോഷ.. പെണ്ണുംപിള്ള എടുത്തിട്ട് അലക്കിയോടാ നിന്നെ " ചിരിച്ചു കൊണ്ട് ജിബി ചോദിച്ചു.. റോഷന്റെ ചുണ്ടിലും ചിരി പടർന്നു..

അവളുടെ ഓർമ പോലും കുളിരാണ് ഉള്ളിൽ.. ദാഹിച്ചു നിൽക്കുമ്പോൾ കിട്ടുന്ന വെള്ളതുള്ളികൾ പോലെ.. ഇനിയൊരു ജന്മം ഉണ്ടാവുമെങ്കിൽ നീ എന്റെത് മാത്രം ആവണേ ദയ. മറ്റാർക്കും ആ സ്നേഹത്തിൽ അവകാശം കൊടുക്കാതെ... റോഷന്റെ മാത്രം പെണ്ണായി തീരണേ... അത് വരെയും ആരും അറിയാതിരിക്കട്ടെ.. ഒരിക്കലും നിലയ്ക്കാത്ത എന്റെ ഈ ഭ്രാന്ത്.. സ്നേഹിക്കുന്നവർ രണ്ടു തരത്തിലുണ്ട്.. സ്വന്തം ആക്കണം എന്ന് കരുതി സ്നേഹിക്കുന്നവരും.. സ്വന്തം ആണെന്ന് കരുതി സ്നേഹിക്കുന്നവരും.. സ്വന്തം ആണെന്ന് കരുതി സ്‌നേഹിക്കുമ്പോൾ ഇത്തിരി ഭംഗി കൂടുതൽ തോന്നിക്കും.. റോഷന് ദയ സ്വന്തമാണ്.. എന്നും.. ഡാ... ജിബി വിളിക്കുമ്പോൾ റോഷൻ അവന്റെ നേരെ നോക്കി.. "എന്തോന്നാടെ ഇത്... റിലെ മൊത്തം പോയോ നിന്റെ.. തലക്ക് എങ്ങാനും അടി കിട്ടിയോ ചെങ്ങായി " ജിബി ചോദിച്ചപ്പോൾ റോഷൻ അവനെ കൂർപ്പിച്ചു നോക്കി... "നിങ്ങൾ ഇവിടെ ഉണ്ടാവില്ലേ... എനിക്കൊരിടം വരെ പോവാനുണ്ട് " റോഷൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. "നിനക്കിപ്പോ ആകെ പോവാൻ ആ ഇടം മാത്രം ഒള്ളൂ കേട്ടോ.. മറ്റെല്ലാം പൊന്നു മോൻ മറന്നു പോകുന്നു...

പലപ്പോഴും " ജിബി പറയുമ്പോൾ റോഷൻ ചിരിച്ചു കൊണ്ട് കണ്ണിറുക്കി.. പോടാ.. അവനോട് പറഞ്ഞിട്ട് റോഷൻ തിരിച്ചിറങ്ങി.. സനൽ അത് നോക്കി ചിരിക്കുന്നുണ്ട്. "ഒരു പെണ്ണ് കെട്ടിയ മനുഷ്യൻ ഇങ്ങനെ നന്നാവുമോ എന്റെ ദൈവമേ... എനിക്കും ഉടനെ ഒരു പെണ്ണ് കെട്ടണം എന്നാ " ജിബി വിളിച്ചു പറയുമ്പോൾ... റോഷൻ ചിരിച്ചു കൊണ്ട് തന്നെ വണ്ടി എടുത്തു പോയി... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 "എന്നതാ റോഷൂ... മുഖം വല്ലാതെ " കുട്ടികളെ വാട്ടർ പൂളിൽ ഇറക്കി വിട്ടിട്ട്... അവിടെ തന്നെ നോക്കി ഇരിക്കുന്ന റോഷനരികിൽ അന്നമ്മച്ചി വന്നിരുന്നു.. അവരെയും കൊണ്ടാണ് റോഷൻ പോന്നത്.. കൂടെ അവരുടെ അച്ചായനും.. "വന്ന് കയറിയപ്പോൾ മുതൽ അമ്മ കാണുന്നുണ്ട് എന്റെ മോന്റെ മുഖത്തെ മ്ലാനത... എന്താടാ... അമ്മയോട് പറ.." റോഷൻ കണ്ണിമ വെട്ടാതെ ആ മുഖത്തേക്ക് നോക്കി.. തന്റെ കണ്ണിലെ നോവ് ആ കണ്ണിലും അത് പോലെ പടർന്ന പോലെ..

അർഥശൂന്യമായ ആയിരക്കണക്കിന് വാക്കുകളെക്കാൾ മികച്ചതാണ് ആശ്വാസം പകർന്നു നൽകുന്ന ഒരു വാക്ക്.. ഈ ചോദ്യം കേൾക്കുമ്പോൾ തന്നെ ഉള്ളിലേക്ക് ഒരു തണുപ്പ് നിറയുന്നു.. ഒറ്റക്കിരുന്നു കരയാൻ ഒരിടവും ഓടി ചെന്ന് കെട്ടിപിടിക്കാൻ ഒരാളെയും കരുതി വെക്കണം.. ചിലപ്പോഴൊക്കെ... അത് മാത്രം മതിയാവും... ദുഃഖങ്ങളെ ചികിൽസിക്കുന്ന ചില മനുഷ്യരെ പോലെ.. അവർ മരുന്നൊന്നും കരുതി വെക്കില്ല. അവർ തന്നെയാണ് മരുന്ന്.. എന്ത് കൊണ്ടോ റോഷന് പെട്ടന്ന് കണ്ണ് നിറഞ്ഞു... "എനിക്കെന്താ അമ്മേ... ഒന്നൂല്ല.. അമ്മ പോയെ... പോയിട്ട് കെട്ടിയോന്റെ അടുത്ത് ചെന്നിരിക്ക്..." പറഞ്ഞിട്ട് റോഷൻ എഴുന്നേറ്റു പോയി.. കണ്ണിലെ നീർതിളക്കം അമ്മ കാണാതിരിക്കാൻ..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story