കൂട്ട് 💕💕💕: ഭാഗം 17

Koott

രചന: ജിഫ്‌ന നിസാർ

ദയ ഒരുങ്ങി ഇറങ്ങി വന്നപ്പോൾ തന്നെ ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു.. അത്രയും നേരത്തെ അവരെയെല്ലാം കണ്ടപ്പോൾ തന്നെ അവളുടെ നെറ്റി ചുളിഞ്ഞു.. റോഷനും കൂടെ ഉണ്ട്.. അവളെ കണ്ടപ്പോൾ എല്ലാവരും ചിരിച്ചു.. "വാ... ഭക്ഷണം കഴിച്ചോ... അന്നമ്മച്ചി എഴുന്നേറ്റു ടേബിളിനരികിലേക്ക് നടന്നു... ദയ ഒരു നിമിഷം ആ പോക്ക് നോക്കി നിന്നു.. ഉള്ളിൽ പേരറിയാത്ത ഒരു ഫീൽ.. സന്തോഷം അതിന്റെ ഉച്ചസ്ഥായിൽ.. സങ്കടവും.. ദേവസ്യ എഴുന്നേറ്റു അവളുടെ അരികിൽ എത്തി.. ആ തോളിൽ ചേർത്ത് പിടിച്ചിട്ട്.. "നീ എങ്ങോട്ട് പോകുന്നു... എന്തിന് പോകുന്നു... എപ്പോൾ തിരിച്ചു വരും... എന്നൊന്നും ചോദിക്കുന്നില്ല... പക്ഷേ ഒന്ന് ഞാൻ മോളോട് പറയാം.. നിന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന ഈ കുടുംബം നിന്റെ കൂടെ ഉണ്ടാവും.. എപ്പോഴും...' ദയയുടെ മനസ്സിന്റെ ആഴങ്ങളിൽ അലിഞ്ഞു പോയിരുന്നു ആ വാക്കുകൾ.. നിറഞ്ഞ കണ്ണോടെ അവൾ അച്ഛനെ നോക്കി.. "നിന്നോടുള്ള സ്നേഹം... അത് എപ്പോഴും ഉണ്ടാവും. നിന്റെ ഏത് അവസ്ഥയിലും അച്ഛൻ കൂടെ ഉണ്ട്. അതോർമ വേണം നിന്റെ ഓരോ തീരുമാനത്തിന് പിന്നിലും..." അവളെ തലോടി ദേവസ്യ വീണ്ടും പറഞ്ഞു.

ആ ചുണ്ടിൽ പക്ഷേ ചിരിയാണ്.. ദയ റോഷന്റെ നേരെ നോക്കി.. അവൻ ഫോണിലേക്ക് നോക്കി ഇരിക്കുന്നു.. "അതെ മോളെ... അച്ഛൻ പറഞ്ഞത് പോലെ .. നീ സന്തോഷമായിട്ടിരിക്കാൻ... ഞങ്ങള് ഉണ്ട്... നിന്റെ കൂടെ.. ന്യായമല്ലാത്തത് ഒന്നും നീ ചെയ്യില്ലെന്ന് ഞങ്ങൾക്കുറപ്പുണ്ട് " സജി അരികിൽ വന്നു നിന്ന് പറയുമ്പോൾ.... ദയ വിതുമ്പി.. "ഈ വീടിന്റെ വിളക്കാണ് നീ.. അന്നും ഇന്നും.. എന്നും നിന്നോട് ഞങ്ങൾക്ക് സ്നേഹം തന്നെ ആയിരുന്നു.. പക്ഷേ ഇപ്പൊ തോന്നുന്നു... അന്നുള്ള സ്നേഹത്തിന് ജീവൻ ഇല്ലായിരുന്നു... ഇന്നിപ്പോൾ നിന്നെ സ്നേഹിക്കുമ്പോൾ.... നിന്റെ സന്തോഷമുള്ള ജീവിതം മാത്രം ആണ് മുന്നിൽ... കടമയോ കടപ്പാടോ ഒന്നും അല്ല " സിബിയാണ്.. ദയ അപ്പോഴും റോഷനെ നോക്കി.. ഞാൻ ഈ നാട്ടുകാരൻ തന്നെ അല്ലെന്ന ഭാവത്തിൽ ഇരിക്കുന്നു.. ദയ.... അന്നമ്മച്ചിയുടെ വിളി.. "വാ... ഭക്ഷണം കഴിക്കാം.. വാ മോനെ.." ദേവസ്യ റോഷനോടുമായി പറഞ്ഞിട്ട് ദയയെ ചേർത്ത് പിടിച്ചു നടന്നു.. എല്ലാം എടുത്തു വെച്ചിട്ടുണ്ട്..

അന്നമ്മച്ചി അവൾക്ക് വിളമ്പി കൊടുത്തു.. റീനയും അനുവും അരികിൽ തന്നെ നിൽക്കുന്നുണ്ട്.. ആരും ഒന്നും മിണ്ടുന്നില്ല.. അസുഖകരമായൊരു മൗനം.. റോഷൻ പോലും ഒന്നും മിണ്ടാതെ കഴിച്ചു കഴിഞ്ഞു എണീറ്റു.. ദയക്ക്‌ ഭക്ഷണം തൊണ്ടയിൽ തടയുന്നുണ്ട്.. കരച്ചിൽ വന്നിട്ട്.. പെട്ടന്ന് തന്നെ കഴിച്ച് എഴുന്നേറ്റു.. സിടൗറ്റിലെ സോഫയിൽ ഇരിക്കുന്ന റോഷനരികിൽ വന്നവൾ..പറഞ്ഞു "പോയാലോ.. ഫോൺ പോക്കറ്റിൽ ഇട്ട് കൊണ്ട് റോഷൻ എഴുന്നേറ്റു.. മ്മ് അവൾ പതിയെ മൂളി.. "എന്താടോ... താൻ ഓകെ അല്ലേ " റോഷൻ അവളെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.. അവളൊന്ന് തലയാട്ടി അവന്റെ നേരെ നോക്കി.. താങ്ക്സ്.. പതിയെ പറയുമ്പോൾ... അവൻ കണ്ണടച്ച് കാണിച്ചു.. പോയിട്ട് വരട്ടെ അമ്മേ.... അരികിൽ നിൽക്കുന്ന അന്നമ്മച്ചിയോട് ദയ പറയുമ്പോൾ... അവരുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്ക് റോഷൻ മനഃപൂർവം നോക്കിയില്ല. അവൻ പോയിട്ട് വണ്ടിയിൽ കയറി ഇരുന്നു.. "പോയിട്ട് വാ.. സന്തോഷമായിട്ടിരിക്കണം...

അമ്മ ഇവിടെ കാത്തിരിപ്പുണ്ട്..." അവളെ ചേർത്ത് പിടിച്ചിട്ട് ആ നെറ്റിയിൽ ചുണ്ട് ചേർത്ത് അന്നമ്മച്ചി പറയുമ്പോൾ ദയ കണ്ണുകൾ ഇറുക്കി അടച്ചു.. "ഇന്നാ... ഇത് വെച്ചോ.. നിന്റെ കയ്യിൽ ആവിശ്യത്തിനുള്ളത് കാണുമെന്നു അറിയാം.. പക്ഷേ ഇതൊരു ഏട്ടന്റെ അവകാശം ആണെന്ന് കൂട്ടിക്കോ.." അവളുടെ കയ്യിലേക്ക് കുറച്ചു നോട്ടുകൾ വെച്ച് കൊടുത്തിട്ട് സജി പറഞ്ഞു.. ദയ ചിരിച്ചു കൊണ്ട് തലയാട്ടി കാണിച്ചു... സിബിയെ നോക്കി യാത്ര ചോദിച്ചു.. "പോയിട്ട് വാടി... എന്ത് ആവിശ്യം ഉണ്ടേലും വിളിക്കണം കേട്ടോ.." അവൻ ദയയുടെ തലയിൽ മേടി കൊണ്ട് പറഞ്ഞു.. റീനയോടും അനുവിനോടും പറഞ്ഞിട്ട് നടന്നവളെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് ദേവസ്യയും കൂടെ ഇറങ്ങി.. അന്നമ്മച്ചിയെ സജി വലിച്ചടുപ്പിച്ചിട്ട് ഇറുക്കി പിടിച്ചു.. നിറഞ്ഞ കണ്ണോടെ അവനെ നോക്കിയപ്പോൾ... സജി പതിയെ ആ നെറ്റിയിൽ അലിവോടെ ചുണ്ട് ചേർത്തു.. ഡോർ തുറന്നിട്ട്‌... ദയയെ കയറ്റി ഇരുത്തി ദേവസ്യ.. റോഷൻ അപ്പോഴും ഒന്നും മിണ്ടാതെ ഇരിക്കുന്നു.. "വിളിക്കണേ മോനെ " ഡോർ അടച്ചിട്ട് കുനിഞ്ഞു നിന്ന് ദേവസ്യ പറയുമ്പോൾ.. റോഷൻ പതിയെ തലയാട്ടി കാണിച്ചു..

കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞിട്ട് റോഷൻ കാർ സ്റ്റാർട്ട് ചെയ്തു.. ദയ പുറത്തേക്ക് തലയിട്ട് കൈ വീശി കാണിക്കുന്നുണ്ട്.. തിരിച്ചും നിരന്നു നിന്നിട്ട് അവളെ യാത്രയാക്കുന്ന പ്രിയപ്പെട്ടവരെ അവനും കണ്ടിരുന്നു.. കണ്ണിൽ നിന്നും അവരുടെ രൂപം മറഞ്ഞതും.. കൈകൾ കൊണ്ട് മുഖം പൊതിഞ്ഞിട്ട് ദയ കരഞ്ഞു പോയിരുന്നു. റോഷൻ അവളെ നോക്കിയതേ ഇല്ല.. മനസ്സിൽ സംഘർഷം നടക്കുന്നുണ്ട് അവന്റെയും.. കൈകൾ സ്റ്റിയറിങ്ങിൽ മുറുകി.. കണ്ണുകൾ ചുവന്നു.. കാറിന്റെ വേഗം കൂടുന്നുണ്ട്.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 റോഡിന്റെ ഓരം ചേർത്ത് നിർത്തിയ കാറിൽ നിന്നും റോഷൻ പുറത്തേക്ക് നോക്കി. കരഞ്ഞു വീങ്ങിയ മുഖം കുപ്പിയിൽ നിന്നും വെള്ളം ഒഴിച്ച് കഴുകുന്ന ദയ.. ചുവന്നു പോയ ആ കണ്ണിലെ ഭാവം റോഷന് അപ്പോൾ മനസ്സിലായതേ ഇല്ല.. ഡോർ തുറന്നു... ദയ തിരിച്ചു കയറി. ബാഗിൽ നിന്നും ട്ടർക്കി എടുത്തു മുഖം അമർത്തി തുടച്ചു.. കൈകൾ കൊണ്ട് മുടി മാടി ഒതുക്കി.. പതിഞ്ഞ ചിരിയോടെ തന്നെ നോക്കി ഇരിക്കുന്ന റോഷന്റെ നേരെ നോക്കി..പറഞ്ഞു പോവാം.. അവൾ പറയുമ്പോൾ അവനും ചിരിച്ചു കൊണ്ട് തലയാട്ടി.. ഒന്നും മിണ്ടാതെ ഇരിക്കുന്ന റോഷന്റെ നേരെ അവൾ ഇടയ്ക്കിടെ നോക്കുന്നുണ്ട്.

അതറിഞ്ഞും അവൻ തിരിച്ചു നോക്കിയില്ല.. റോഷൻ... കാർമേഘം ഉരുണ്ടു കൂടിയ പോലെ മൂടി കെട്ടിയ അവന്റെ മുഖത്തു നോക്കി ദയ പതിയെ വിളിച്ചു.. മ്മ് അവൻ അവളെ നോക്കാതെ മൂളി. "വീട്ടിൽ എല്ലാവർക്കും ഇപ്പൊ എല്ലാം അറിയാം അല്ലേ.." ദയ ചോദിച്ചു. റോഷൻ പതിയെ ചിരിച്ചു. "അറിയാം.. അവരെല്ലാം അറിയുന്നതല്ലേ നല്ലത്. പെട്ടന്ന് കേൾക്കുമ്പോൾ ചിലപ്പോൾ..." മുന്നോട്ട് നോക്കി പറയുമ്പോൾ അവൻ പാതിയിൽ നിർത്തി.. "അവരോടു എങ്ങനെ പറയും എന്നോർത്ത് ഇന്നലെ ഞാൻ ഉറങ്ങിയിട്ട് കൂടി ഇല്ല.. നീ എത്ര സിമ്പിൾ ആയിട്ടാണ് റോഷൻ.. എല്ലാം പരിഹരിക്കുന്നത്.. നന്ദി എന്നൊക്കെ പറഞ്ഞാ കുറഞ്ഞു പോകും കേട്ടോ " ദയ പറയുമ്പോൾ.... റോഷൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു... "ഷായെ കാണാൻ പോകുന്നു എന്നോർക്കുമ്പോൾ തന്നെ എന്നിൽ പൊതിഞ്ഞു നിന്നിരുന്ന ഒരു സന്തോഷം ഉണ്ടായിരുന്നു.. ഇപ്പൊ ഏതോ... പറയാൻ എനിക്കറിയില്ല റോഷൻ... മനസ്സിൽ... അത് സങ്കടം ആണോ... സന്തോഷം ആണോ അതും അറിയില്ല..." സീറ്റിലേക്ക് ചാരി കിടന്നു പറയുന്ന ദയയെ റോഷൻ അലിവോടെ നോക്കി.. "വേണ്ടാത്തത് ഒന്നും ഓർക്കേണ്ട... എല്ലാം നന്നായി വരും..

നീ ആഗ്രഹിക്കുന്ന പോലൊരു ജീവിതം നിനക്ക് കിട്ടട്ടെ എന്നാ ഇപ്പൊ നിന്നെ സ്നേഹിക്കുന്നവരുടെ മുഴുവനും പ്രാർത്ഥന " റോഷൻ മുന്നോട്ട് നോക്കി തന്നെ പറഞ്ഞു.. "യൂ ആർ ഗ്രെറ്റ് റോഷൻ... എനിക്കറിയില്ല... അതെങ്ങനെ വിശദമായി പറഞ്ഞു തരും എന്ന്... ആരും അല്ലെന്ന് അറിഞ്ഞും... ഇങ്ങനെയൊക്കെ ചെയ്യാൻ... എല്ലാർക്കും പറ്റില്ലത്... പറയാതെ മനസ്സറിഞ്ഞു ചെയ്യാൻ നിനക്ക് ഒരു പ്രതേക കഴിവുണ്ട്... ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു... നിന്റെ കൈ പിടിക്കുന്ന പെൺകുട്ടി... അവൾ ഭാഗ്യവതി ആയിരിക്കും... കാരണം... അത്രയും നല്ലൊരു മനസ്സുണ്ട് നിനക്ക്... അതിനകത്തു മുഴുവനും സ്നേഹം ഉണ്ട് " ദയ പറയുമ്പോൾ റോഷൻ അവളെ നോക്കി.. നോവ് മറച്ചു പിടിച്ചിട്ട്.... വീണ്ടും അവൻ ചിരിച്ചു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ ചെറിയൊരു വീടിന്റെ മുന്നിൽ വണ്ടി നിർത്തുമ്പോൾ... ദയ വിറക്കുന്നുണ്ട്.. കണ്ണിൽ പേടി കൊളുത്തി വലിക്കും പോലെ.. റോഷൻ പുറത്തിറങ്ങി... എന്നിട്ടും അവൾ അനങ്ങുന്നില്ല.. "ഇറങ്ങി വാ ദയ... ഇത് തന്നെ ആണെന്ന് തോന്നുന്നു..." മുഖം കുനിഞ്ഞു കൊണ്ട് മറു സൈഡിൽ നോക്കി റോഷൻ വിളിച്ചു.. ദയ പതിയെ പുറത്തിറങ്ങി. കോളനി പോലൊരു സ്ഥലം...

മനം മടുപ്പിക്കുന്ന ഏതോ ഗന്ധം.. അടുക്കി വെച്ചത് പോലുള്ള കുഞ്ഞു കുഞ്ഞു വീടുകൾ.. ടാറിട്ട വീതി കുറഞ്ഞ റോഡിൽ... നിക്കർ മാത്രം ഇട്ട് ചക്രം ഉരുട്ടി കളിക്കുന്ന കുഞ്ഞു കുട്ടികൾ... പാറി പരന്ന അവരുടെ മുടി ഇഴകളും... അഴുക്കു നിറഞ്ഞ മുഖവും... ബാല്യത്തിന്റെ നിറമുള്ള കാഴ്ച അല്ലായിരുന്നു അത്.. ദാരിദ്രത്തിന്റെ നേർ കാഴ്ചകൾ ആയിരുന്നു... അഴുക്ക് നിറഞ്ഞ പാതയോരം.. ദയ മനസ്സിൽ നിറഞ്ഞ പേടിയോടെ റോഷന്റെ നേരെ നോക്കി.. അവന്റെ കണ്ണുകളും അവളിൽ തന്നെയാണ്.. "വാ... ചോദിച്ചു നോക്കാം..." അവളെ വിളിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു.. പുറകിലെ കുട്ടികളെ തിരിഞ്ഞു നോക്കി കൊണ്ട് നടന്ന ദയ മുന്നിലുള്ള കല്ലിൽ തടഞ്ഞു വീഴാൻ ആഞ്ഞു.. പക്ഷേ അതിന് മുന്നേ റോഷൻ അവളെ പിടിച്ചിരുന്നു.. "സൂക്ഷിച്ചു നടക്കണ്ടേ ദയ " റോഷൻ പറഞ്ഞപ്പോൾ അവൾ അവന്റെ നേരെ തുറിച്ചു നോക്കി.. പിന്നീട് അവൻ ആ കൈ പിടിച്ചാണ് മുന്നോട്ട് നടന്നത്.. വാതിൽ തട്ടുമ്പോൾ... ദയയുടെ ഉള്ളിലെ വിറയൽ... അവൻ ആ വിരൽ തുമ്പിൽ അറിയുന്നുണ്ട്.. അവ ഐസ് പോലെ തണുത്ത് മരവിച്ചു.. വാതിൽ തുറന്നു വന്നത്... വയ്യസ്സനായ ഒരാൾ ആണ്..

ദയ അകത്തേക്ക് ഏന്തി വലിഞ്ഞു നോക്കുന്നുണ്ട്.. റോഷൻ അയാളെ ഒന്ന് നോക്കി... നരച്ചു തുടങ്ങിയ മുടി... കുഴിഞ്ഞ കണ്ണുകൾ.. ചുക്കി ചുളിഞ്ഞ കൈകൾ... മുഷിഞ്ഞ ഒരു വെളുത്ത മുണ്ടും... അയഞ്ഞു തൂങ്ങിയ ഒരു ഷർട്ടും.. ആരാ... ശബ്ദം പോലും അവശത നിറഞ്ഞത്.. "ഞാൻ... ഞങ്ങൾ.. കുറച്ചു ദൂരെന്നാ... എന്റെ പേര് റോഷൻ... ഇത് ദയ " റോഷൻ ചിരിച്ചു കൊണ്ട് പരിജയപെടുത്തി.. "അഹദിനെ അന്വേഷിച്ചു വന്നതാണോ " ആ മുഖം കടുത്തു പോയിരുന്നു... റോഷൻ അമ്പരന്ന് പോയി.. ദയയുടെ കണ്ണിലും അതേ ഭാവം.. "അതേ... എങ്ങനെ മനസ്സിലായി.." റോഷൻ തിരിച്ചു ചോദിച്ചു.. അയാളോന്നു പുച്ഛത്തോടെ ചിരിച്ചു.. "അവനെ അന്വേഷിച്ചു വരുന്ന ആദ്യത്തെ ആളുകൾ അല്ല നിങ്ങൾ... കയറി വരൂ " അയാൾ അകത്തേക്കു ക്ഷണിച്ചു... "റോഷൻ ദയയെ ഒന്ന് നോക്കി.. പതറി കൊണ്ട് അവൾ അപ്പോഴും ചുറ്റും നോക്കുന്നുണ്ട്. "വാ ദയ റോഷൻ ആ കൈകൾ വീണ്ടും പിടിച്ചു.. അവൻ പിടിച്ചത് കൊണ്ട് മാത്രം അവൾ മുന്നോട്ടു നടക്കുന്നുണ്ട്.. മനസ്സ് അവിടെങ്ങും അല്ലെന്ന് തോന്നി അവന്.. ഇരിക്ക്... നിറം മങ്ങിയ രണ്ടു കസേര ചൂണ്ടി അയാൾ വീണ്ടും പറഞ്ഞു.. റോഷനും ദയയും ഇരുന്നു.. പൊട്ടി പൊളിഞ്ഞ നിലം...

അഴുക്ക് പുരണ്ട ഭിത്തിയിൽ... നിറഞ്ഞ വരയും കുറിയും.. "നിങ്ങൾ ഏത് കോളേജിൽ ആയിരുന്നു പഠിച്ചത് " വീണ്ടും അയാളുടെ ചോദ്യം.. റോഷന്റെ നെറ്റി ചുളിഞ്ഞു.. "ഞാൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നല്ലേ ഇപ്പൊ നിന്റെ ചിന്ത... അഹദ് ന്റെ മോനാണ്... ഓന്റെ ശാപം പിടിച്ച ഉപ്പയാണ് ഞാൻ... സ്വന്തം മകൻ കാരണം... സകലതും നഷ്ടം വന്നൊരു മനുഷ്യൻ..." പറയുമ്പോൾ അയാൾ കിതക്കുന്നുണ്ട്.. "മദ്രസയിൽ ഉസ്താദ് ആയിരുന്നു ഞാൻ... മറ്റുള്ളവരുടെ മക്കൾക്കു അറിവ് പറഞ്ഞു കൊടുക്കുന്ന... അവരുടെ പ്രിയപ്പെട്ട... അക്ബർ ഉസ്താദ്... ആ ന്റെ മകനാണ്... അഹദ്..." അയാൾ സ്വയം പുച്ഛത്തോടെ പറയുമ്പോൾ... റോഷൻ ദയയെ ആണ് നോക്കിയത്.. അയാളെ തുറിച്ചു നോക്കി ഇരിക്കുന്നു.. "ഇന്നിപ്പോൾ ആ മകൻ കാരണം... ജീവിക്കാനും... പടച്ചോനെ പേടിച്ചിട്ട് മരിക്കാനും വയ്യാതൊരു അവസ്ഥയിൽ ആണ് ഞാൻ... അവനെ തിരഞ്ഞിട്ട്... അവൻ ചതിച്ചെന്ന് പറഞ്ഞു കരഞ്ഞിട്ട് ഓരോരുത്തർ ഈ പടി കടന്നു വരുമ്പോൾ... എന്നെ ഒന്ന് അങ്ങോട്ട്‌ വിളിക്കണേ പടച്ചോനെ എന്നൊന്ന് പ്രാർത്ഥിക്കാൻ പോലും പറ്റുന്നില്ല നിക്ക്.. ഞാൻ കൂടി ചെയ്തൊരു പാപം ഉണ്ട് ഇവിടെ..."

അയാളുടെ കണ്ണിൽ നിന്നും ചോരയാണ് വരുന്നത് എന്ന് തോന്നി... "മോളെ..... ഫാത്തിമ.." അകത്തേക്ക് നോക്കി... അയാൾ വിളിക്കുമ്പോൾ... വീർത്ത വയറു താങ്ങി... നെൽകതിരു പോലൊരു പെൺകുട്ടി... ദിത്തിയിൽ ചാരി നിന്നു... ആ പിറകിൽ... പൂച്ച കണ്ണോടെ... ഒരു കൊച്ചു സുന്ദരി കുട്ടി.. ആ... കണ്ണുകൾ.... ദയക്ക് ഷായെ ഓർമ വന്നു.. അവന്റെയാ കൊല്ലുന്ന കണ്ണുകൾ.. "അവന്റെ ഭാര്യയും മകളുമാണ്..." അക്ബർ പറയുമ്പോൾ ദയ പൊള്ളിയത് പോലെ ചാടി എഴുന്നേറ്റു.. റോഷൻ അവളെ ഒന്ന് നോക്കി.. ശേഷം കണ്ണുകൾ ഫാത്തിമയിൽ തറച്ചു.. കരച്ചിൽ പോലും തടഞ്ഞു വെച്ചിട്ടുണ്ട്... വിളറി വെളുത്ത മുഖം... പാറി പറന്ന മുടി ഇഴകളെ മറച്ചു വെച്ച് കൊണ്ടൊരു തട്ടം വിരിച്ചു വെച്ചിട്ടുണ്ട്.. അവളുടെ കണ്ണിൽ ഒരു കടൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.. നോവിന്റെ ആഴമേറിയ കടൽ.. "സ്വന്തം ഭർത്താവിനെ തിരഞ്ഞിട്ട്... അവനെ സ്നേഹിച്ചു... അവൻ സ്നേഹിച്ചു... എന്നൊക്കെ പറഞ്ഞിട്ട് ഓരോരുത്തർ വരുമ്പോൾ... ജീവനോടെ എരിയുന്ന... എന്റെ മോളെ... ഓർക്കുമ്പോൾ... അവളെയും... അവന്റെ രക്തത്തിൽ പിറന്ന എന്റെ കുഞ്ഞു മോളെയും തനിച്ചാക്കി എങ്ങനെ ഞാൻ മരിക്കും " അക്ബർ കരഞ്ഞു പോയിരുന്നു..

ദയ ദിത്തിയിൽ ചാരി നിന്നു.. ആ നിൽപ്പ് കാണുമ്പോൾ... അവളിപ്പോ താഴെ വീണു പോകുമെന്ന് റോഷന് തോന്നി.. "അഹദ് ന്നെ പോലെ ഒരു അധ്യാപകൻ ആവട്ടെ എന്നാഗ്രഹിച്ചത് ഓന്റെ ഉമ്മയാണ്... റുക്കിയ..ഓൻ ഒറ്റമകനാണ്.. എന്ന് കരുതി ആവിശ്യത്തിൽ കൂടുതൽ ലാളിച്ചിട്ടില്ല... ഞാനും ഓളും... എപ്പഴോ... അവൻ തെറ്റിന്റ പിടിയിൽ പെട്ടു പോയി.. എത്ര പറഞ്ഞിട്ടും അവൻ തിരിച്ചു നടന്നു വന്നില്ല.. കൂടുതൽ കൂടുതൽ ആഴങ്ങളിൽ അലിഞ്ഞു പോയി... തിരിച്ചു കയറാൻ ആവാതെ..." അക്ബർ പറയുമ്പോൾ... റോഷൻ ഫാത്തിമയെ ആണ് നോക്കിയത്.. "അവൻ കാരണം കുടുംബം മൊത്തം എന്നെ വെറുത്തു... ബഹുമാനം തന്നിരുന്ന നാട്ടിൽ... പട്ടിയെ പോലെ ഞാനും... അവന്റെ ഉമ്മയും... അതിനിടയിലും അവൻ നന്നായി പഠിച്ചു..റാങ്ക് വാങ്ങി കൂട്ടി... അവൻ ചെയ്യുന്ന തെറ്റുകൾ ആ വിജയതിളക്കത്തിൽ അലിഞ്ഞു പോകും പോലെ...അവന്റെ ഉമ്മാ ആഗ്രഹിച്ചത് പോലെ.. നാട്ടിൽ തന്നെ യുള്ള ഒരു കോളേജിൽ അവന് ജോലി കിട്ടി..

അതായിരിക്കും അവന്റെ തെറ്റിന്റെ വഴിയിൽ കൂടുതൽ വളമായത് " . അക്ബർ നെടു വീർപ്പോടെ പറഞ്ഞു.. "ജോലി കിട്ടിയപ്പോൾ അവസാന ശ്രമം എന്നപോലെ റുക്കിയ ആണ് പറഞ്ഞത്.. ഒരു പെണ്ണ് കെട്ടിയ ചിലപ്പോൾ നന്നായാലോ എന്ന്. ഞാൻ ആവുന്നതും എതിർത്തു.. എനിക്ക് തോന്നിയില്ല.. അവൻ അങ്ങനെയൊന്നും നന്നാവും എന്ന് " അക്ബർ വേദനയോടെ... ഫാത്തിമയെ നോക്കി... "യാത്തീഘാനയിൽ നിന്നും ഈ പാവം പിടിച്ച പെണ്ണിനെ... കണ്ടു പിടിച്ചതും... ഇതിന്റെ തലയിൽ അവനെന്നെ മാറാപ്പ് വലിച്ചു കയറ്റിയതും അവളാണ്... റുക്കിയ.. പക്ഷേ അതെല്ലാം ഓർത്തിട്ട്... നരകിച്ചു മരിച്ചതാ അവള്.. കുറ്റബോധം കൊണ്ട്... അത്രയും അനുഭവിച്ചു... ആ നാറിയെ കൊണ്ട് എന്റെ മോള്... അതിനിടയിൽ... അവന്റെ കുഞ്ഞും " അക്ബർ സ്വന്തം തലയിൽ തല്ലി... ഫാത്തിമ തട്ടം കൊണ്ട് വാ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.. "അവൻ കാരണം ഈ മക്കളെയും കൊണ്ട് നാട് വിട്ട് പോന്നതാ ഞാൻ... ഇവിടെയും അവൻ എത്തി... അവനെ കൊന്നു കളയാൻ എനിക്ക് പേടിയൊന്നും ഇല്ല... അവനെ പോലൊരു നരാധമനെ ഈ ഭൂമിയിൽ എത്തിച്ച ഞാൻ തന്നെയാ അതിന് ഏറ്റവും നല്ലത്... പക്ഷേ... പക്ഷേ... എന്റെ മക്കൾ പിന്നെ... എന്റെ മോള്ക്ക് പിന്നെ ആരാണ്... ആരും ഇല്ല അയിന്.. സ്വന്തം ന്ന് പറയാൻ " പിടിവിട്ട് അയാൾ കരഞ്ഞു പോയിരുന്നു.... ദയ ജീവശവം പോലെ തുറിച്ചു നോക്കി നിൽക്കുന്നു..

റോഷൻ പതിയെ എഴുന്നേറ്റു.. അത് കണ്ടപ്പോൾ ആ കുഞ്ഞു മോള് ഒന്നൂടെ ഫാത്തിമയുടെ പിറകിൽ പതിഞ്ഞു.. "കണ്ടോ... പേടിച്ചിട്ടാ.. അതിനെ പോലും വെറുതെ വിടില്ല.. ആ നശിച്ചവൻ.. ആറു മാസത്തിൽ കൂടുതൽ അവൻ എവിടേം ജോലിക്ക് തുടരില്ല... അതിന് മുന്നേ അവന് വേണ്ടതെല്ലാം കൈക്കല്ലാക്കി കടന്നു കളയും... അവന്റ സർട്ടിഫിക്കറ്റ് മാത്രം നോക്കി ജോലി കൊടുത്തവർ... അഹദ് എന്നാ പിശാചിനെ ശെരിക്കും അറിയുമ്പോൾ.. അങ്ങനെ ഒരാൾ അവിടെ ജോലി ചെയ്തു എന്നത് പോലും മറച്ചു വെക്കും " പറയുന്നതിനിടെ അയാൾ വല്ലാതെ കിതക്കുന്നുണ്ട്.. "ബാക്കിയാവുന്നത്.. ദേ ഇവളെ പോലെ.. ആത്മാർത്ഥ സ്നേഹം എന്നവൻ പറഞ്ഞതിൽ കണ്ണ് മഞ്ഞളിച്ച ചിലർ..." അക്ബർ പുച്ഛത്തോടെ ദയയെ നോക്കി.. കേട്ട വാർത്ത അവളെ കൊന്നു കളയാൻ പാകത്തിന് ഉള്ളതാണ്.. അതവന് ശെരിക്കും അറിയാം... അത് കൊണ്ട് തന്നെ അവളുടെ തോളിൽ ചേർത്ത് പിടിച്ചു.. ഒടിഞ്ഞു തൂങ്ങിയത് പോലെ... റോഷന്റെ തോളിൽ അവൾ തളർന്നു കിടന്നു.. "നിക്ക് അന്നോട് ഒരു അലിവും തോന്നുന്നില്ല കുട്ടി... നീ ആരാണ് എന്ന് പോലും എനിക്കറിയില്ല.. ഇവിടെ വരുന്നവരോട് എല്ലാം ഞാൻ ഇത് പോലെ പറയാറുണ്ട്..

ജീവിതം ഇനി ഉള്ളത് എങ്കിലും... കണ്ണ് തുറന്നു പിടിച്ചു ജീവിക്കാൻ വേണ്ടി... അത്രയെങ്കിലും... അവനെ ജനിപ്പിച്ച കുറ്റത്തിന് ഞാൻ ചെയ്യണ്ടേ " അക്ബർ ദയയോട് എന്ന പോലെ പറഞ്ഞു.. "നീ തെറ്റ് ചെയ്തു... അത് സ്നേഹിച്ചു എന്ന തെറ്റല്ല... സ്നേഹം ഒരിക്കലും തെറ്റാവില്ല... സ്നേഹിക്കുന്നവൻ ആരാണ്... എന്താണ് എന്നൊന്ന് അന്വേഷിച്ചു നോക്കണം.. ലോകം അങ്ങനെയാണ്.. എത്രയോ ഉദാഹരണം നമ്മുക്ക് മുന്നിൽ ഉണ്ട്.. അറിയാതെ പറ്റി പോയി എന്ന് പറയുന്നത് ഞാൻ സമ്മതിച്ചു തരില്ല... ഒരു പെൻസിൽ വാങ്ങുമ്പോൾ പോലും എത്ര മാത്രം ശ്രദ്ധിക്കുന്നു... പഠിപ്പും വിവരവും ഉള്ളവർ അല്ലേ.. ചിന്തിക്കാനുള്ള ശേഷി ഉള്ളവരല്ലേ.. പിന്നെ എന്ത് കൊണ്ടാണ്.. പുറമെ കാണുന്ന കാഴ്ചകൾ കണ്ടു മാത്രം ഒരാളെ സ്നേഹിച്ചു... വിശ്വസിച്ചു എന്ന് അവകാശപെടുന്നെ..." അക്ബർ ദേഷ്യത്തോടെ... വെറുപ്പോടെ ദയയെ നോക്കുന്നുണ്ട്.. "എല്ലാം ചെയ്തു വെച്ചിട്ട്... അവസാനം വിധിയെന്ന് കരഞ്ഞു വിളിച്ചു നടന്നിട്ട് എന്ത് കാര്യം... ഇത് വിധിയാണോ...

സ്വയം വരുത്തി വെക്കുന്നതല്ലേ... സ്നേഹിക്കാൻ യോഗ്യൻ ആണോ എന്നൊക്കെ നോക്കിയിട്ടാണോ സ്നേഹം തോന്നുന്നത് എന്നൊക്കെ നിങ്ങൾ പിള്ളേർ തിരിച്ചു ചോദിക്കും... വേണം... അതെല്ലാം നോക്കണം... സ്നേഹം എന്നതിനെ മറയാക്കി കൊല്ലാനും കൊല്ലിക്കാനും ചാവാനും നടക്കുന്നോരും ഇപ്പൊ പറയും.. എല്ലാം സ്നേഹം കൊണ്ടാണ് എന്ന്..." അക്ബർ ശബ്ദം ഉയർത്തി... അത്രമേൽ രോഷം ഉണ്ടായിരുന്നു അയാളിൽ.. അതീ ലോകത്തോട് മുഴുവനും ഉള്ളത് പോലെ.. "ശെരിക്കും ഉള്ള വിധി എന്തെന്ന് കാണണോ നിനക്ക്.. ദാ അങ്ങോട്ട് നോക്ക്... എന്റെ മോളെ നോക്ക് നീ... അവൾക്ക് ആരും ഇല്ലായിരുന്നു... അവൾ പഠിച്ചതൊക്കെ അനാഥലയത്തിൽ ആയിരുന്നു.. അവിടെ പതിനെട്ടു കഴിഞ്ഞ പിന്നെ നിക്കാഹ് കഴിപ്പിച്ചു വിടും.. അതാണ്‌ നിയമം.. നിറയെ സ്വപ്നം ഉണ്ടായിരുന്ന എന്റെ മോൾക്ക് കിട്ടിയതോ... അതാണ്‌... അതാണ്‌ വിധി " അക്ബർ പറയുമ്പോൾ.... ഫാത്തിമ ചുവരിലേക്ക് തല അമർത്തി... റോഷൻ ഹൃദയം പൊടിയുന്ന വേദനയോടെ... അവരെ നോക്കി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story