കൂട്ട് 💕💕💕: ഭാഗം 18

Koott

രചന: ജിഫ്‌ന നിസാർ

"ഞാൻ... എനിക്ക് അറിയില്ലായിരുന്നു.. എന്നോട് പൊറുക്കണം കേട്ടോ.. ഒന്നും... അറിഞ്ഞില്ല ഞാൻ.. അവൻ പറഞ്ഞതുമില്ല..." ഫാത്തിമയുടെ കയ്യിൽ പിടിച്ചു കൊണ്ട് വിതുമ്പുന്ന ദയയെ റോഷൻ വേദനയോടെ നോക്കി.. സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചു കാണില്ല... സ്വപ്നം കണ്ടിരുന്നവന്റെ മറ്റൊരു മുഖം.. അവനുള്ള മറ്റ് അവകാശികൾ... "ന്താ മോളുടെ പേര്..." ഫാത്തിമയുടെ പിറകിൽ.... ഏന്തി വലിഞ്ഞു നോക്കുന്ന കുട്ടിയുടെ കവിളിൽ തലോടി ദയ ചോദിക്കുമ്പോൾ... ആ കുഞ്ഞി കണ്ണുകൾ ഉയർത്തി അവൾ ഉമ്മയെ നോക്കി.. "പേര് പറഞ്ഞു കൊടുക്ക് കുഞ്ഞോളെ " അടച്ചു പോയ ശബ്ദം...ഫാത്തിമയുടെ പറച്ചിൽ കേട്ടപ്പോൾ.. ആ കുഞ്ഞ് മുഖം ദയക്ക് നേരെ തിരിഞ്ഞു.. "ആയിഷാ " അവൾ കൊഞ്ചലോടെ പറയുമ്പോൾ... ദയയുടെ കണ്ണുകൾ അവളുടെ കണ്ണുകളിൽ കൊരുത്തു.. ഷായുടെ കണ്ണുകൾ.. ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴി പോലെ.... തിളങ്ങുന്ന കണ്ണുകൾ.. ദേഹത്ത് പൊള്ളും പോലെ..

എത്ര മനോഹരമായാണ് സത്യങ്ങൾ നമ്മളെ ശ്വാസം മുട്ടിച്ചു കൊന്നു കളയുന്നത്... ചതിച്ചിട്ടും പറ്റിച്ചിട്ടും... കൊന്നു കളഞ്ഞിട്ടും... ഇത്രേം ക്രൂരത ചെയ്തിട്ടും പിന്നെ എങ്ങനയാ... അതിന് സ്നേഹം എന്ന് പേര് വന്നത്.. പ്രണയം എന്നുള്ള മായാജാലം കൂട്ടി കലർത്തുന്നത്.. ശെരിക്കും സ്നേഹം ഉണ്ടന്നിരിക്കെ... ഒന്ന് നുള്ളി നോവിക്കാൻ കൂടി കഴിയില്ലല്ലോ.. പിന്നെ എങ്ങനെയാണ്... ഇത്രയും ക്രൂരതകളെ പ്രണയം ചേർത്തിട്ട് കൂട്ടി വായിക്കുന്നത്.. ദയ ഫാത്തിമയെ നോക്കി.. തല്ലി കൊഴിച്ച പൂവ് പോലെ.. എന്തൊരു ഭംഗിയായി ഇപ്പോഴും ചിരിക്കാൻ അറിയാം ഇവൾക്ക്... സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോഴും... ചുണ്ടിലെ പുഞ്ചിരി കൂട്ട് പിടിക്കുന്നവരെ എങ്ങനെ തോൽപ്പിക്കാനാണ്... "എനിക്കറിയില്ല... നിന്നോട് എന്ത് പറയണം എന്ന്.. എന്റെ തെറ്റാണ്... എന്റെ മാത്രം തെറ്റാണ്.. ഞാൻ അന്വേഷിച്ചു നോക്കണമായിരുന്നു... ചെയ്തില്ല... ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല.. അവൻ... അവൻ പറഞ്ഞതുമില്ല..."

നിറഞ്ഞ കണ്ണോടെ.... വിളറിയ ചിരിയോടെ... തന്നെ നോക്കി പറയുന്ന ദയയെ ഫാത്തിമ അലിവോടെ ചേർത്ത് പിടിച്ചു.. "വിഷമിക്കണ്ട ട്ടോ... നിക്ക് മനസ്സിലായി... എനിക്കിത് ഇപ്പൊ ശീലമായി.. ഇനി അങ്ങോട്ടും എന്റെ ജീവിതം ഇങ്ങനെയൊക്കെ തന്നെ ആവും എന്ന് നല്ല നിശ്ചയണ്ട്‌.. ന്റെ മോളെ ഓർക്കുമ്പോൾ മാത്രം ഞാൻ തളർന്നു പോകും..." കുഞ്ഞോളെ നോക്കി കൊണ്ട് ഫാത്തിമ പറയുമ്പോൾ.. അക്ബർ വേദനയോടെ റോഷന്റെ നേരെ നോക്കി.. അവൻ ഇമ ചിമ്മാൻ കൂടി മറന്നെന്ന പോലെ അവളെ നോക്കുന്നു.. കൈകൾ ചുരുട്ടി പിടിച്ചിരിക്കുവാ... "പടച്ചോന്റെ വികൃതികളാ... ഞാൻ... ഒറ്റപെട്ടു ജീവിച്ചപ്പോ ഞാൻ വിചാരിച്ചു... എന്നെങ്കിലും എന്റെ കൈ പിടിക്കാൻ എന്റെ രാജകുമാരൻ വരുമെന്നും... എന്റെ എന്നുള്ള അവകാശത്തോടെ എന്നെ ചേർത്ത് പിടിക്കുമെന്നും.. പക്ഷേ... പക്ഷേ..." അവളുടെ തളർന്ന കണ്ണിൽ നോവ് നിറഞ്ഞു... "ഇക്കാക്ക് ന്നെ കാണുന്നത് തന്നെ ദേഷ്യം ആയിരുന്നു.. തുടക്കത്തിൽ ഉണ്ടായിരുന്ന ആവേശം തീർന്നപ്പോൾ... ഓരോന്നു ചെയ്തു കൂട്ടിയിട്ട്... ഇടക്കിടെ ഒളിച്ചു താമസിക്കാൻ ഉള്ള ഒളിത്താവളം ആയിരുന്നു വീട്.. അവിടെ നോവിച്ചു രസിക്കാൻ ഉള്ള കളി പാവ പോലെ... ഞാനും.."

അവൾ റോഷനെ നോക്കി... ഒന്ന് ചിരിച്ചു.. ആ ചിരിയിലെ സങ്കടകടലിൽ മുങ്ങി പോകും പോലെ.... "സ്നേഹത്തോടെ പറഞ്ഞു നോക്കി... കരഞ്ഞു.. കെഞ്ചി... കാല് പിടിച്ചു... പ്രതിരോധം അറിയിച്ചു.. എന്ത് ചെയ്താലും ക്രൂരമായി എന്നോട് മറുപടി തരും.. ദേഹം നോവിച്ചു രസിച്ചു കൊണ്ട്..." ഇത്രേം നോവിന്റെ കാര്യം പറഞ്ഞിട്ടും അവൾ കരയുന്നില്ല.. ദയ അമ്പരപ്പോടെ ഫാത്തിമയെ നോക്കുന്നുണ്ട്.. എങ്ങനെ കഴിയുന്നു... ഇത്രേം ധീരമായി നിൽക്കാൻ.. "അതിനിടയിൽ മോള് വന്നു... എന്നിട്ടും മാറ്റമില്ല ജീവിതത്തിന്... നാടും നാട്ടുകാരെയും വീട്ടുകാരെയും പേടിയില്ലാത്ത... ഇക്കാനോട് പിന്നെ എന്ത് പറയാൻ.. സഹിക്കാൻ ഞാനും പഠിച്ചു.. ഇന്നും അയാൾക്ക് നോവിച്ചു രസിക്കാൻ ഞാൻ അറിഞ്ഞു കൊണ്ട് നിന്ന് കൊടുക്കും. ഇല്ലങ്കിൽ എന്റെ മോളുടെ നേരെ തിരിയും.. അത് വേണ്ടാ... എന്റെ കുഞ്ഞോൾക്ക് അവളുടെ ഉമ്മയുണ്ട്.. എനിക്കാണ്... എനിക്കാണ് ആരുമില്ലാത്തത്... എന്ത് ചെയ്താലും ആരും ചോദിച്ചു വരാത്തത്... ഞാൻ... ഞാൻ അല്ലേ അനാഥ... എന്നോടല്ലേ എന്തും ചെയ്യാവുന്നത് " കണ്ണൊന്നു നിറയുക കൂടി ചെയ്യാതെ അവളതു പറയുമ്പോൾ... റോഷന്റെ ചുണ്ടിൽ ഒരു വരണ്ട ചിരി വിരിഞ്ഞു...

പെണ്ണ്... ഉശിരുള്ള പെൺകുട്ടി.. ദയയുടെ കണ്ണിലേക്കു നോക്കി അവൻ ഒരു നിമിഷം.. ഒരേ ആളെ കൊണ്ട് മുറിവേറ്റവർ... ഒരാൾ കരഞ്ഞു വിളിച്ചു കൊണ്ട് സങ്കടം പറയുമ്പോൾ.. മറ്റൊരാൾ കരച്ചിൽ ഹൃദയത്തിൽ ഒളിപ്പിച്ചു കൊണ്ട് ധൈര്യത്തോടെ നിൽക്കുന്നു.. "അയാളുടെ മനോഹരമായ ചിരിയിലും... പറച്ചിലിലും വീണു പോയിട്ട്... ഇവിടെ വന്നിരുന്നു കരയുന്നവരോട്... എനിക്ക് പുച്ഛമാണ് സഹോദരി.. ജീവിതപങ്കാളി കളെ തിരഞ്ഞെടുക്കാൻ പൂർണ സ്വാതന്ത്രം ഉണ്ടന്നിരിക്കെ... അതിന് യോഗ്യൻ ആണോ എന്ന് കൂടി അന്വേഷിച്ചു നോക്കാൻ ഉള്ള ഉത്തരവാദിത്തം എന്തേ നിങ്ങൾ മറന്നു പോവുന്നു.." ഫാത്തിമ ചോദിച്ചപ്പോൾ ദയയുടെ തല താഴ്ന്നു പോയിരുന്നു... "എനിക്കറിയില്ല നിന്നോട് ഇനിയും എന്താണ് പറയേണ്ടത് എന്ന്.. ഒന്നോർക്കുക... ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്... തീരുമാനം എടുക്കുമ്പോൾ കുടുംബം ഓർക്കുക.. ഓർക്കാൻ ഒരു കുടുംബം ഇല്ലാത്തവരുടെ ഏറ്റവും വലിയ ആഗ്രഹവും കൂടി ആണത്. " "ആരുടേയൊക്കെയോ കരുണയിൽ പത്തു വരെയും പഠിച്ചു... തുടർന്നും പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു എങ്കിലും... ഞാൻ നിന്നിടത്തു അതിനുള്ള സൗകര്യം ഇല്ല..

തട്ടി മുട്ടി പോകുന്ന എന്നെ പോലെ ഒത്തിരി കുട്ടികൾ ഉണ്ടായിരുന്നു അവിടെ... ആരും ഇല്ലാത്തവർ. ആഹാരം കിട്ടുന്നത് തന്നെ ഭാഗ്യം ആയിരുന്നു. പത്തു കഴിഞ്ഞ അവിടുത്തെ ചെറിയ ജോലികളും ചെയ്തു... ചെറിയ കുട്ടികളെ നോക്കി.. അവിടെ നിൽക്കണം.. ആരെങ്കിലും ജീവിതം തരാൻ തേടി വരും വരെയും... ഞാനും കാത്തിരുന്നു... ഇനിയെങ്കിലും നല്ലൊരു ജീവിതം കിട്ടുമെന്ന് കരുതി...' വിളറിയ ചിരിയോടെ.... ഫാത്തിമ... റോഷന്റെ നേരെ നോക്കി.. "എന്റെ എന്ന് പറയാൻ ആരും ഇല്ലാതെയാവുക എന്നതാ ഈ ലോകത്തിലെ ഏറ്റവും വലിയ സങ്കടം... ആരും ഇല്ലാത്തവരോട്... എന്തും ചെയ്യാം... എന്തും പറയാം.. ആ ധൈര്യം തന്നെ ആയിരുന്നു... ഇക്കാക്കും... ഞാനും വിചാരിച്ചു.. സ്നേഹം കൊണ്ട് എനിക്കയാളെ തിരുത്താൻ കഴിയും എന്ന്..വെറുതെ മോഹിച്ചു " ഫാത്തിമ പറയുമ്പോൾ റോഷൻ അവൽക്കരികിലേക്ക് നടന്നു ചെന്നു.. "ഇന്നലെ മുതൽ.. നീ ഒറ്റയ്ക്കായിരുന്നു...

ആരും ഇല്ലാത്തവൾ ആയിരുന്നു.. ഇന്നീ നിമിഷം മുതൽ... നിനക്കൊരു ഏട്ടൻ ഉണ്ടെന്ന് കൂട്ടിക്കോ... ഇനി ഒരാളും ആരും ഇല്ലെന്ന പേരിൽ നിന്നെ ഉപദ്രവിക്കില്ല... ഇതീ ഏട്ടൻ എന്റെ അനിയത്തി കുട്ടിക്ക് തരുന്ന വാക്കാണ് " അത്രമേൽ ഉറപ്പോടെ പറയുന്നവനെ ഫാത്തിമ നിറഞ്ഞ കണ്ണോടെ നോക്കി.. ഹൃദയം പൊള്ളിക്കുന്ന അനുഭവങ്ങൾ കൊണ്ട് പോലും നിറയാത്ത അവളുടെ കണ്ണുകൾ... "എന്നെ പ്രസവിക്കാത്ത ഒരു അമ്മയും... എനിക്ക് ജന്മം തരാത്ത ഒരച്ഛനും... കൂടെ പിറന്നില്ലേലും... എന്റെ കൂടപ്പിറപ്പെന്നു ഞാൻ അഹങ്കാരത്തോടെ പറയുന്ന കുറച്ചു പ്രിയപെട്ടവരും റോഷന് സ്വന്തം ആണ്.. ആ കൂട്ടത്തിൽ ഇനിയൊരു അനിയത്തി കുട്ടിയും അവളുടെ മോളും ഉപ്പയും.." 'ദയ അവനെ നോക്കുന്നുണ്ട്.. അതവനും കാണുന്നുണ്ട്... "എത്രയൊക്കെ നിലവിളിച്ചാലും നിങ്ങൾ ഇവളോട് ചെയ്ത തെറ്റിന് പകരം ആവില്ല അക്ക്ബറിക്ക... അത്രയും വലുതാണ് അത്... അവളുടെ സ്വപ്നം ആണ് തകർത്തു കളഞ്ഞത്... തെറ്റ് ചെയ്യുന്നവരെ നന്നാക്കാൻ... പെൺകുട്ടികൾ എന്താ ഡി അടിക്ഷൻ സെന്ററുകൾ ആണോ " ഇപ്രാവശ്യം റോഷന്റെ കണ്ണിൽ ദേഷ്യം ആയിരുന്നു.. അക്ബർ തല താഴ്ത്തി...

ഫാത്തിമ വേദനയോടെ ചിരിച്ചു.. "വേണ്ടായിരുന്നു... ഞാനും ആവത് പറഞ്ഞതാ മോനെ... പക്ഷേ... എപ്പഴോ... ഞാനും കരുതി... ഇനി അവൻ നന്നായാലോ... വേണ്ടായിരുന്നു " സ്വന്തം തലയിൽ തല്ലി അയാൾ പറയുമ്പോൾ... റോഷൻ കണ്ണുകൾ അമർത്തി അടച്ചു "ഒരാൾ ഒരു തെറ്റ് ചെയ്യുമ്പോൾ അത് പറഞ്ഞു തിരുത്തുകയാണ് വേണ്ടത്. അല്ലാതെ ഒരു പാവം പെണ്ണിന്റ ജീവിതം വെച്ചിട്ട്... നന്നാവുമോ ഇല്ലയോ എന്ന് പരീക്ഷണം നടത്തുന്നവർ... ഇങ്ങനൊരു അവസ്ഥ വരുമ്പോൾ... സ്വന്തം പെൺകുട്ടികളെ വിട്ട് കൊടുക്കുമോ.. ഇല്ലല്ലോ.. അപ്പൊ ആരും ഇല്ലാത്തവരും ചോദിക്കാൻ ആള് വരാത്തവരും... എന്താ പരീക്ഷണവസ്തുക്കളാണോ... അവരാരും മനുഷ്യരല്ലേ " റോഷൻ കൈകൾ ചുരുട്ടി ഭിത്തിയിൽ അടിച്ചു.. അത്രമാത്രം ദേഷ്യം ഉണ്ടായിരുന്നു അവനിൽ.. ഫാത്തിമയുടെ നിസ്സഹായവസ്ഥ അവനെ പൊള്ളിച്ചു.. കുഞ്ഞോളുടെ കണ്ണിലെ പേടി അവനെ എരിയിച്ചു കളയാൻ പാകത്തിന് ആയിരുന്നു.. "ഇനിയും എന്തിനാ നീ കിടന്നു മോങ്ങുന്നത്..

അതിനുള്ള അവകാശം പോലും ഇല്ല നിനക്ക്.. അങ്ങോട്ട്‌ ഒന്ന് നോക്ക് നീ... കാണുന്നുണ്ടോ... ആ കണ്ണിലെ പിടച്ചിൽ നീ അറിയുന്നുണ്ടോ ദയ " കരഞ്ഞു കൊണ്ടിരുന്ന ദയയുടെ ചുമലിൽ പിടിച്ചു കുലുക്കി കൊണ്ട് റോഷൻ ഉറക്കെ പറഞ്ഞപ്പോൾ... ആ ദേഷ്യം കണ്ടിട്ട് അവൾ വിറച്ചു പോയിരുന്നു... "നിർത്തിക്കോ... ഇനി നീ അവന് വേണ്ടി കരയണ്ട... അതിന് നിനക്ക് അധികാരമില്ല... അവന്റെ ഭാര്യ ആണത്... അവൾക്ക് മുന്നിൽ അവനെ ഓർത്തു കരയാൻ നിനക്ക് നാണമില്ലേ.. ഏഹ് " അവൻ വീണ്ടും ചോദിച്ചു.. "നീ സ്വയം വാങ്ങിയ വിധിയാ ഇത്.. പക്ഷേ... അവൾക്ക് ആരൊക്കെയോ ചാർത്തി കൊടുത്ത വിധിയാണ്... നിന്റെ അത്രതന്നെ അല്ലേ അവൾക്കും പ്രായം... നിന്റെ അതേ സ്വപ്നം അവളിലും ഉണ്ടാവില്ലേ... പക്ഷേ എന്നിട്ടും അവൾ കരയുന്നുണ്ടോ... നോക്കെടി " അവൻ അവളെ ഫാത്തിമയുടെ അരികിലേക്ക് പിടിച്ചു തള്ളി.. വീഴും മുന്നേ ഫാത്തിമ അവളെ പിടിച്ചു... ദയ ഭിത്തിയിൽ ചാരി നിന്നു.. കണ്ണുകൾ തുളുമ്പാൻ മടിച്ചു...

അവന്റെ കലിക്ക് മുന്നിൽ... "ഇപ്പൊ... ഈ നിമിഷം ഇവിടെ നിന്റെ സങ്കടം ഉപേക്ഷിച്ചു കളയണം... അഹദ് ഷാ... ഇനി നിന്നിൽ ഉണ്ടാവരുത്... ഇത്രയൊക്കെ കേട്ടിട്ടും പിന്നെയും അവന്റെ പേരിൽ കരയാൻ നിനക്ക് എങ്ങനെ കഴിയും.. അവൻ ചതിച്ചത് നിന്നെ മാത്രം അല്ല... ആരോരും ഇല്ലാത്ത ഒരു പെണ്ണിന്റ പേടി സ്വപ്നം ആയവനൊപ്പം.... നിനക്കിനിയും ജീവിക്കണോ... പറയെടി " റോഷന്റെ നിയന്ത്രണം വിട്ട് പോയിരുന്നു.. മനസ്സിലെ സങ്കടം... അത് പലവിധം മാണ്.. ഫാത്തിമ... മോള്... ദയയുടെ കണ്ണുനീർ... അഹദിന്റെ ഉപ്പയുടെ മുഖം.. അവന് തന്നെ പിടി കിട്ടുന്നില്ല... മനസ്സിനെ.. "നിന്റെ സ്വപ്നം നേടി എടുക്കാൻ... നീ പറഞ്ഞത് മുഴുവനും അനുസരിച്ചു തന്നെ ഞാനും കൂടെ ഉണ്ടായിരുന്നു.. പക്ഷേ.. ഈ നിമിഷം റോഷൻ അതിൽ നിന്നും പിന്മാറി.. അവനെ ഈ നിമിഷം എന്റെ മുന്നിൽ കിട്ടിയാൽ... ഇവിടിട്ട് തന്നെ തീർക്കും ഞാൻ..." അതവൻ ചെയ്യുമെന്ന്... അവന്റ കണ്ണുകൾ പറയുന്നുണ്ട്.. ദയ പേടിയോടെ വാ പൊതിഞ്ഞു പിടിച്ചു.. റോഷന്റെ ഇങ്ങനൊരു ഭാവം അവൾ ആദ്യമായി കാണുകയാണ്.. "ഇത്തിരി ദൂരെ ആണെന്നെ ഒള്ളു.. ഇപ്പൊ കൂടെ കൊണ്ട് പോവാൻ പറ്റില്ല..

പക്ഷേ ഞാൻ വരും.. നിനക്ക് മുന്നിൽ ജീവിതം തീർന്നിട്ടില്ല.. ഇനിയും നിറമുള്ള സ്വപ്നം കാണാൻ ഈ ഏട്ടൻ ഉണ്ടാവും നിന്റെ കൂടെ.. ബന്ധം കൊണ്ടല്ല ഫാത്തിമ.. കർമം കൊണ്ട് നീ ഇനി എന്റെ കൂടപ്പിറപ്പാണ്... ഒന്നും കൊണ്ടും പേടിക്കണ്ട " ഫാത്തിമയുടെ കൈയിൽ പിടിച്ചു റോഷൻ പറയുമ്പോൾ... ആ സ്വരത്തിൽ വന്ന മാറ്റം ദയ ശ്രദ്ധിച്ചു.. ദേഷ്യം അല്ല... അലിവാണ്... സ്നേഹമാണ്.. വാത്സല്യമാണ്... "ഒരു മകനുള്ളത് പിഴച്ചു പോയെന്ന് കരുതി വേദനിക്കരുത്... ഞാൻ ഉണ്ട്.. കൂടെ... മകനാണ്.. അങ്ങനെ തന്നെ കരുതാം... എന്റെ നമ്പർ തരാം... ഇപ്പൊ ഞാൻ പോകും.. പക്ഷേ ഉടനെ തിരിച്ചു വരും.. എന്തുണ്ടായാലും എന്നെ വിളിക്കണം.." അക്ബറിക്കയെ ചേർത്ത് പിടിച്ചു റോഷൻ പറയുമ്പോൾ... ദുർബലമായി അയാൾ ഒന്ന് തേങ്ങി.. റോഷൻ അയാളുടെ പുറത്ത് തട്ടി കൊടുത്തു.. "അവനെ അന്വേഷിച്ചു ഇവിടെ വരുന്നവർ... കാര്യം ഞാൻ പറഞ്ഞു കഴിയുമ്പോൾ... എന്നെയും എന്റെ കുഞ്ഞുങ്ങളെയും ചീത്ത വിളിച്ചിട്ട്... പറയാൻ അറക്കുന്ന കാര്യങ്ങൾ പറഞ്ഞിട്ട് ഒറ്റ പോക്കങ്ങു പോകും.. പക്ഷേ... പക്ഷേ... മോൻ... പടച്ചോൻ അനുഗ്രഹിക്കട്ടെ..." അയാൾ വിറക്കുന്ന കൈകൾ അവന്റെ തലയിൽ വെച്ച് കൊണ്ട് പറഞ്ഞു..

റോഷൻ കുനിഞ്ഞു നിന്നിട്ട് തല താഴ്ത്തി കൊടുത്തു... കണ്ണടച്ച് പിടിച്ചു.. ഫാത്തിമ നിറഞ്ഞ കണ്ണുകൾ തട്ടം കൊണ്ട് തുടച്ചു.. ദയ റോഷന്റെ നേരെ നോക്കി നിൽക്കുന്നു.. കരയുന്നില്ല... ചിരിക്കുന്നുമില്ല... "വിജയത്തിൽ നിന്നല്ല..ജീവിതത്തിൽ വരുന്ന സാഹചര്യങ്ങളിൽ നിന്നാണ് ധൈര്യം ഉണ്ടാവേണ്ടത്...കണ്ടിട്ടില്ലേ.. വാടി പോയാൽ തണ്ട് തന്നെ പൂവിനെ തള്ളി താഴെ ഇടുന്നത്... ആർക്ക് മുന്നിലും കീഴടങ്ങി ജീവിക്കാൻ നീ ആരുടേയും അടിമയല്ലല്ലോ ഫാത്തിമ.. റോഷൻ പറയുമ്പോൾ... അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.. കണ്ണിൽ പ്രതീക്ഷ തിളക്കം.. "നമ്മളെ ചതിക്കാൻ ആർക്കും രണ്ടാമത് ഒരു അവസരം കൊടുക്കരുത്.. തെറ്റ് ചെയ്തവരാണ് ശിക്ഷ ഏറ്റു വാങ്ങേണ്ടതും.. നീയല്ല.. നിന്നെ ദ്രോഹിചവനാണ് അത് അർഹിക്കുന്നത് " അവളിൽ റോഷൻ പ്രതീക്ഷകളുടെ പൂമരം നട്ട് വളർത്തുന്നുണ്ട്.. "വിശ്വാസം ഒരിക്കലും നമ്മളെ ചതിക്കില്ല.. വ്യക്തികളാണ്... ചതിക്കുന്നതും ഉപേക്ഷിച്ചു പോകുന്നതും.. നല്ലത് വരും എന്ന് തന്നെ വിശ്വാസിക്കുക...

ഞാൻ ഉണ്ടാവും.. കൂടെ തന്നെ " ഫാത്തിമയുടെ കവിളിൽ തട്ടി റോഷൻ പറഞ്ഞു.. മഴവില്ല് പോലെ ചിരിച്ചു കൊണ്ട് അവൾ തലയാട്ടി.. അവളുടെ തട്ട തുമ്പിൽ പിടിച്ചു വലിക്കുന്ന കുഞ്ഞോളെ... അവനൊന്നു പാളി നോക്കി.. അവൾ വേഗം മറഞ്ഞു നിന്നു.. അവൻ അവിടെ മുട്ട് കുത്തി ഇരുന്നു.. അത് കണ്ടതും... ആ കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി... "പേടിച്ചിട്ടാ... ഇക്കാക്ക.. അവളുടെ ഉപ്പ.. അടുത്ത് കാണുമ്പോൾ ഒക്കെയും അവളെയും ദ്രോഹിക്കും... അത് കൊണ്ട് തന്നെ ഇവൾക്ക് എല്ലാരേം പേടിയാണ്.." കരച്ചിൽ അമർത്തി ഫാത്തിമ പറയുമ്പോൾ... റോഷൻ നിലത്തേക്ക് ഇരുന്നു പോയി.. ഫാത്തിമയെ ഇറുക്കി പിടിച്ചു കരയുന്ന ആ കുഞ്ഞ് മോൾ.. അവന്റെ ഹൃദയം തകർത്തിരുന്നു.. "പേടിക്കണ്ട ട്ടോ കുഞ്ഞോളെ.. മോളുടെ മാമനാ " കണ്ണീർ പുരണ്ട വാക്കുകൾ... റോഷൻ തല ഉയർത്തി ഫാത്തിമയെ നോക്കി.. അവൾ പതിയെ അവനെ നോക്കി ചിരിച്ചു... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 "അനുഭവിക്കുന്ന വേദനകളോ..

കടന്നു പോകുന്ന അവസ്ഥകളോ ആർക്കും പറഞ്ഞാ മനസ്സിലാവില്ല.." കണ്ണടച്ച് കിടന്നു റോഷൻ പറയുമ്പോൾ... സനലും ജിബിയും... അവന്റ നേരെ നോക്കി.. "വല്ലാത്തൊരു വേദന..." റോഷൻ പിറുപിറുത്തു.. ദയയെ അവളുടെ വീട്ടിൽ ആക്കിയിട്ട്... അവിടെ ഒന്ന് കയറുക കൂടി ചെയ്യാതെ ഓടി വന്നതായിരുന്നു അവൻ.. വന്നപ്പോൾ മുതൽ ഒരേ കിടപ്പാണ്... അവൻ വരുമ്പോൾ... സനലും ജിബിയും അവിടെ ഉണ്ടായിരുന്നു.. എന്താണ് കാര്യം എന്ന് ഒരുപാട് ചോദിച്ചു... ഒന്നും പറയാതെ... അനങ്ങാതെ കിടന്നവനെ... തനിച്ചാക്കി... അവർ രണ്ടാളും മാറി ഇരുന്നു. അവർക്ക് അറിയാം... ആ മനസ്സിൽ തിളച്ചു മറിയുന്ന കടലൊന്ന് അടങ്ങുമ്പോൾ.. അവനെല്ലാം പറയുമെന്ന്.. അവർക്ക് അരികിൽ വന്നിട്ട്.. എല്ലാം പറയുമ്പോൾ... രണ്ടാളും അത്ഭുതം കൊണ്ട് മിഴിഞ്ഞു പോയിരുന്നു.. അവന്റെ ഉള്ളിൽ... അതും ജീവനോടൊപ്പം എന്ന പോലെ പ്രിയപ്പെട്ട ഒരാൾ ഉണ്ടായിരുന്നു... അത് ദയ ആയിരുന്നു... എന്നറിഞ്ഞപ്പോൾ... ഒരക്ഷരം പോലും പറയാൻ കഴിഞ്ഞില്ല രണ്ടാൾക്കും.. ദയയുടെ കൂടെ ചേർന്നത് മുതലുള്ള കാര്യങ്ങൾ അവൻ പറയുമ്പോൾ... അതിനുള്ളിൽ അവൻ ഒളിപ്പിച്ചു പിടിച്ച നോവിന്റെ ചീളുകൾ... അവരെയും കുത്തി നോവിച്ചു.. പൊള്ളി പിടയിച്ചു...

"അത് തന്നെ ഓർത്തിരിക്കല്ലേ റോഷാ.. വിട്ട് കള.. കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് കൊടുത്തില്ലേ നീ... നമ്മുക്ക് പോവാടാ... ഞങ്ങളും ഉണ്ടല്ലോ ഇനി നിന്റെ കൂടെ.." സനൽ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.. റോഷൻ എഴുന്നേറ്റു ഭിത്തിയിൽ ചാരി ഇരുന്നു.. "കണ്ണിൽ നിന്നും പോകുന്നില്ലടാ... ആ കുഞ്ഞി മോള്.. ഫാത്തിമ... പിന്നെ... പിന്നെ... ദയ " അവൻ മുഖം പൊതിഞ്ഞു പിടിച്ചു.. സനലും ജിബിയും ഒന്നും മിണ്ടിയില്ല.. "നെഞ്ച് പൊടിഞ്ഞു പോകുവാ ടാ.. ആ ചെറ്റയെ എന്റെ കയ്യിൽ കിട്ടും..." റോഷൻ പല്ല് കടിച്ചു.. "ദയ.... അവളുടെ വീട്ടിൽ എന്താണാവോ അവസ്ഥ..." സനൽ സ്വയം പറഞ്ഞു. "എനിക്കറിയില്ല.. എന്റെ അമ്മ... ദയയുടെ സങ്കടം... എല്ലാം കൂടി സഹിക്കാൻ ആവില്ല എന്ന് തോന്നി.. അതാണ്‌ അവളെ ഇറക്കി പെട്ടന്ന് പോന്നത്.." എല്ലാം അറിഞ്ഞിട്ടും... ദയ അവന് വേണ്ടി കരഞ്ഞപ്പോൾ.. എന്റെ പിടി വിട്ട് പോയെടാ.. ഞാൻ... ഞാൻ എന്തൊക്കെയോ പറഞ്ഞു...

ഒരക്ഷരം മിണ്ടിയില്ല അവള് പിന്നെ.. എന്റെ... എന്റെ സങ്കടം കൊണ്ടല്ലെടാ... ഇത്രേം സ്നേഹിച്ചിട്ടും.. കൂടെ നിന്നിട്ടും... അവള് പിന്നെയും... കണ്ണ് നിറക്കുന്നു... അത് കാണാതിരിക്കാൻ വേണ്ടിയല്ലേ... ഞാനീ ഒറ്റയ്ക്ക് സഹിക്കുന്നത് " റോഷൻ പറയുമ്പോൾ ജിബി അവന്റെ തോളിൽ ചേർത്ത് പിടിച്ചു.. "അവൾക്ക് അറിയില്ലല്ലോ റോഷാ.. നീ പറഞ്ഞതുമില്ലല്ലോ " അവൻ ആശ്വസിപ്പിച്ചു... റോഷൻ ഒന്നും മിണ്ടിയില്ല.. എന്റെ ഉള്ളിലൊരു അഗ്നിയായി മാറി നീ... എന്നെ പൊള്ളിച്ചപ്പോഴും... നിന്റെ കണ്ണിലെ വേദനയിലാണ് ദയ ഞാൻ ഏറെ പൊള്ളി പിടഞ്ഞു പോയത്.. നിന്നെ വേണ്ടാത്ത അവനെ നിനക്കിത്രയും സ്നേഹിക്കാൻ ആവുമെങ്കിൽ.. വെറുതെ.. വെറുതെ ഞാൻ മോഹിക്കുന്നു.. നിന്നെ മാത്രം സ്നേഹിക്കുന്ന എന്നെ നീ ഒന്നറിഞ്ഞങ്കിൽ... നെഞ്ച് പൊടിയുന്ന ഈ വേദനയങ്ങു മാറി കിട്ടിയേനെ.. അവൻ.. കണ്ണുകൾ അമർത്തി തുടച്ചു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story