കൂട്ട് 💕💕💕: ഭാഗം 19

Koott

രചന: ജിഫ്‌ന നിസാർ

"എനിക്ക് ഈ കരഞ്ഞു കലങ്ങിയ മുഖം കാണാൻ വയ്യായിരുന്നു അമ്മാ.. അതാണ്‌ ഇറങ്ങാതെ പെട്ടന്ന് പോയത്... സത്യം.." റോഷൻ കയ്യിൽ പിടിച്ചു പറയുമ്പോൾ... അന്നമ്മച്ചി കൈകൾ വലിച്ചെടുത്തു.. അവൻ വീണ്ടും അവരെ ചേർത്ത് പിടിച്ചു.. കുതറി കൊണ്ട് അവർ നീങ്ങി ഇരുന്നു.. ഈ കളി കണ്ടിട്ട്... ദേവസ്യയും.. ചിരിച്ചു കൊണ്ടിരിക്കുന്നു. "പിണങ്ങല്ലേ അമ്മേ... വല്ലാത്തൊരു അവസ്ഥയിൽ ആണ് ഞാൻ തിരിച്ചു വന്നത്.. എനിക്കാരോടും സംസാരിക്കാൻ കൂടി വയ്യായിരുന്നു.. അത്രയും എന്റെ മനസ്സ് കലങ്ങി പോയിരുന്നു... അല്ലങ്കിൽ അമ്മേടെ റോഷൂ അങ്ങനെ ചെയ്യുവോ.. ആരെ കാണാതെ പോയാലും അമ്മയെ കാണാതെ പോകുവോ ഞാൻ..." റോഷൻ താടി പിടിച്ചു കൊഞ്ചിക്കും പോലെ പറഞ്ഞപ്പോൾ.. ആ മുഖം ഒന്നയഞ്ഞു.. പറയാതെ പോയതിന്റെ പരിഭവം ആയിരുന്നു.. ഫോണിലേക്ക് വിളിക്കുമ്പോൾ... പിന്നെ വരാം എന്നൊന്ന് പറഞ്ഞു പോയി റോഷൻ.. അതൂടെ ആയപ്പോൾ പൂർത്തിയായി. ഒരക്ഷരം മിണ്ടാതെ... ഇരിപ്പുണ്ട് എന്ന് സജി വിളിച്ചു പറയുമ്പോൾ... പിന്നെ ഒരു നിമിഷം പോലും വൈകാതെ അവൻ ഓടി പിടഞ്ഞു വന്നിരുന്നു... എന്തൊക്കെ പറഞ്ഞിട്ടും വാശികാരി മിണ്ടുന്നില്ല... "

ചങ്ക് പിടഞ്ഞിരിക്കുവാ ഞാൻ ഇവിടെ എന്നറിഞ്ഞും.. നീ എന്നെ കാണാതെ ഓടി പോയില്ലേ റോഷൂ..." പരിഭവം തീരുന്നില്ല.. "ഒന്ന് ക്ഷമിക്കമ്മേ.." റോഷൻ ആ തോളിൽ തല ചായ്ച്ചു കൊണ്ട് പറഞ്ഞു.. "പോയ വിശേഷം പറഞ്ഞു താ മോനെ.. അവൾ... അവളൊരാക്ഷരം മിണ്ടുന്നില്ല ടാ " അന്നമ്മച്ചി നോവോടെ പറയുമ്പോൾ റോഷൻ അവരെ നോക്കി കണ്ണടച്ച് കാണിച്ചു "ആ വിശേഷങ്ങൾ പറയാതിരിക്കുന്നത അമ്മേ നല്ലത്.. ജീവനോടെ എരിയിച്ചു കളയും " തലയിൽ കൈ കൊണ്ട് താങ്ങി റോഷൻ പറഞ്ഞു.. ഫാത്തിമയുടെ നിർജീവമായ മിഴികൾ.. വീണ്ടും അവന്റ കണ്മുന്നിൽ തെളിഞ്ഞു. കുഞ്ഞോളുടെ കണ്ണിലെ പേടി വീണ്ടും അവനെ നോവിച്ചു.. "അമ്മയുടെ പ്രാർത്ഥന ആവണം. അല്ലങ്കിൽ ദയയുടെ ഭാഗ്യം ആവണം... രണ്ടിൽ ഏതായാലും വലിയൊരു കുരുക്കിൽ നിന്നാണ് അവൾ രക്ഷപെട്ടു പോന്നത്..." . റോഷൻ പറയുമ്പോൾ... അന്നമ്മച്ചിയുടെ ഞെട്ടൽ അവൻ അറിയുന്നുണ്ട്.. "നമ്മുക്ക് ഒന്നും സങ്കടം ഇല്ല...

ഇതൊന്നുമല്ല സങ്കടം... അതവിടെ ഞാൻ ഇന്ന് കണ്ടു... ഇപ്പോഴും കണ്മുന്നിൽ.... ഓർക്കുമ്പോ തന്നെ എനിക്കിത്രയും വേദന നൽകുന്നുവെങ്കിൽ... അതനുഭവിക്കുന്ന അവള്.... സഹിക്കാൻ പറ്റുന്നില്ല അമ്മേ.. അമ്മേടെ മോളുടെ പ്രായത്തിൽ..." റോഷൻ അന്നമ്മച്ചിയെ നോക്കി... അവരോടു എല്ലാം പറയുമ്പോൾ... ഇടക്കിടെ വീണ്ടും തോൽക്കാൻ മനസ്സില്ലാത്ത ചിരിയോടെ ഫാത്തിമ മുന്നിൽ വന്നു നിന്ന് വെല്ലുവിളിച്ചു.. കുഞ്ഞോൾ അവളുടെ തട്ട തുമ്പിൽ മറഞ്ഞു നിന്നിട്ട് ചിരിച്ചു... "ഇനി... ഇനി എന്താണ് റോഷൂ ചെയ്യുക.. നിനക്കവരെ കൂടെ കൂട്ടായിരുന്നില്ലേ മോനെ " നിറഞ്ഞ കണ്ണുകൾ തുടച്ചു വിങ്ങി കൊണ്ട് അന്നമ്മച്ചി അവന്റെ കയ്യിൽ പിടിച്ചു... "ഞാൻ... അവരെ വിട്ട് കളഞ്ഞു പോന്നതല്ല അമ്മേ... " അവരുടെ കൈ പൊതിഞ്ഞു പിടിച്ചു കൊണ്ട് റോഷൻ പറഞ്ഞു.. "ഇതെല്ലാം നേരിട്ട് കണ്ടിട്ടും... പിന്നെ എന്തിനാ റോഷൻ... ദയ... കരയുന്നത് " ദേവസ്യ ചോദിക്കുന്നത് കേട്ടപ്പോൾ റോഷൻ അയാളെ നോക്കി.. 'അവൾക്കിത്തിരി സമയം കൊടുക്ക് അച്ഛാ.. ഒരുപാട് ആഗ്രഹിചതല്ലേ അവനൊപ്പം ഒരു ജീവിതം. അവൾ ഒരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ.. ഇങ്ങനെയൊക്കെ ഉണ്ടാവാം അവന്റെ പിറകില്ലെന്ന്..

സങ്കടം ഉണ്ടാവും.. സ്നേഹിച്ചതിലല്ല.. ചതിക്കപ്പെട്ടല്ലോ എന്നോർക്കുമ്പോൾ.. " റോഷൻ എഴുന്നേറ്റു അയാളുടെ അരികിൽ ചെന്നു നിന്നിട്ട് പറഞ്ഞു. "മനസ്സിൽ... ഒരുപാട് ആഴത്തിൽ ഒരാൾ പതിഞ്ഞു പോയാൽ പിന്നെ.. മായ്ച്ചു കളയാൻ ഒത്തിരി ബുദ്ധിമുട്ടാണ്.. അവളെ ശല്യം ചെയ്യാതിരിക്കുക..എന്ന് കരുതി... വിട്ട് നിൽക്കരുത്.. കൂടെ ഉണ്ടെന്ന് എപ്പോഴും തോന്നിപ്പിക്കുക.. ആ മനസ്സിൽ വലിയൊരു മുറിവുണ്ട്... മുറിവുണക്കാൻ അവളോട്‌ ചേർന്ന് നടക്കുക.. അത്രേ വേണ്ടൂ.. എനിക്കുറപ്പുണ്ട് അച്ഛാ... അതികം താമസിയാതെ തന്നെ ആ മനസ്സിൽ നിന്നും എല്ലാം പറിച്ചു കളഞ്ഞിട്ടു അവൾ നിങ്ങളുടെ പഴയ ദയ മാത്രം ആവുമെന്ന് " റോഷൻ അയാളുടെ കൈകൾ പിടിച്ചു പറയുമ്പോൾ.. അയാളുടെ കണ്ണിലും പ്രതീക്ഷ വിരിഞ്ഞു.. മോനെ..... അന്നമ്മച്ചി പതിയെ വിളിക്കുമ്പോൾ റോഷൻ തിരിഞ്ഞു നോക്കി... "എന്തിന്റെ പേരിൽ ആയിരുന്നാലും നീ കെട്ടിയ മിന്ന് അവളുടെ കഴുത്തിൽ ഇല്ലെടാ.. കൈ വിടാതിരുന്നൂടെ നിനക്കവളെ...

നിന്നോട് ചേർത്ത് പിടിച്ചൂടെ റോഷൂ... എന്റെ മോൾക്ക് നിന്നെക്കാൾ നല്ലൊരാളെ നേടി കൊടുക്കാൻ ഞങ്ങൾക്ക് പറ്റില്ല ടാ..." അന്നമ്മച്ചി പറഞ്ഞപ്പോൾ... റോഷൻ പെട്ടന്ന് തിരിഞ്ഞു നിന്നു.. തന്റെ കണ്ണിലെ പ്രണയതിളക്കം മറച്ചു പിടിക്കാൻ.. ഇത്തിരി ദിവസത്തെ അവളുടെ കൂടെയുള്ള ജീവിതം മുൻനിർത്തി ഇനി ഒരായുസ് മുഴുവനും ജീവിക്കാൻ തീരുമാനം എടുത്തത് അവർ അറിയാതിരിക്കാൻ.. "നീ എന്താണ് റോഷൻ ഒന്നും പറയാതെ... നിന്റെ അമ്മയുടെ മാത്രം ആഗ്രഹം അല്ലേടാ അതിപ്പോ.. ഈ കുടുംബം മൊത്തം അതാഗ്രഹിക്കുന്നുണ്ട്. നിന്റെ കൂടെ തന്നെ അവൾ ജീവിക്കാൻ.. ഇങ്ങോട്ട് നീ വരുമ്പോൾ... പെട്ടന്ന് തന്നെ നിങ്ങൾ തമ്മിലൊന്ന് തല്ലി പിരിഞ്ഞിട്ട് എന്റെ മകൾ ഫ്രീ ആവണേ എന്നൊക്കെ ഒരായിരം പ്രാവശ്യം പ്രാർത്ഥിച്ചിരുന്നു... ഞാൻ അടക്കം എല്ലാവരും.. പല രീതിയിൽ നിന്നോട് വെറുപ്പും കാണിച്ചിട്ടുണ്ട്.. പക്ഷേ മോനെ... ഇപ്പൊ... ഇപ്പോൾ ഇവിടെ ഉള്ള ഓരോരുത്തരും... മനസ്സറിഞ്ഞു കൊണ്ട് തന്നെ പ്രാർത്ഥിക്കുന്നു...

നിനക്കവളെ സ്വീകരിക്കാൻ തോന്നണേ എന്ന്..." ദേവസ്യ പറയുമ്പോൾ റോഷൻ കണ്ണുകൾ ഇറുക്കി അടച്ചു.. ഉള്ളിലെ ഇരമ്പൽ ഉച്ചത്തിലായി.. നിങ്ങളെക്കാൾ ഞാനും അതാഗ്രഹിക്കുന്നുണ്ട്.. കൊതിക്കുന്നുണ്ട്.. എന്റേത് മാത്രം ആവുവാൻ... "അവക്കുള്ളിലേക്ക് നിങ്ങൾ മറ്റൊരു മുറിവ് കൂടി കൊടുക്കരുത്... എന്റെ പേര് പറഞ്ഞു കൊണ്ട്. ഇപ്പോൾ വേണ്ടത് നിങ്ങളുടെ സ്നേഹമാണ്... സഹായമാണ്... പാതിയിൽ നിർത്തി കളഞ്ഞ ആ പഠനം... അത് തുടരാൻ താല്പര്യമുണ്ടോ എന്ന് അന്വേഷിച്ചു നോക്കണം.. എന്തെല്ലാം മാർഗങ്ങളുണ്ട്.. അത് തുടരാൻ. ഇനി അതല്ല എങ്കിൽ... മറ്റെന്തെങ്കിലും ചെയ്യാൻ പോകുന്നുണ്ടോ എന്ന് ചോദിക്കൂ... അങ്ങനെ എന്തെല്ലാം ചെയ്യാനുണ്ട് അവളിൽ... വിവാഹം എന്നുള്ളത് മാത്രം അല്ലല്ലോ ഒരു പെണ്ണിന്റ സ്വപ്നത്തിന്റെ അവസാനം... അതൊരു ഭാഗം മാത്രം അല്ലേ.." തിരിഞ്ഞു നിന്ന് തന്നെ റോഷൻ പറഞ്ഞു.. അങ്ങനെ പറയാൻ ആണ് അവന് തോന്നിയത്.. "അതെല്ലാം ചെയ്യാം.. പക്ഷേ... പക്ഷേ മോനെ... അവളുടെ ജീവിതം..." അന്നമ്മച്ചിക്ക് ആധി തീരുന്നില്ല... അവര് അമ്മയല്ലേ.. "അതിന് അവളുടെ ജീവിതത്തിന് എന്ത് പറ്റി അമ്മ.. ഒന്നും പറ്റിയില്ല.. ഒരു പേപട്ടി കടിക്കാൻ നോക്കി...

ആ പട്ടിയെ ആണ് ഇല്ലാതെയാക്കേണ്ടത്... അവളുടെ സ്വപ്നങ്ങളെ അല്ല " റോഷൻ അന്നമ്മച്ചിയോട് പറഞ്ഞു.. "നിനക്കവളെ സ്വീകരിക്കാൻ ഇഷ്ടം അല്ലേ റോഷൻ " ദേവസ്യ ചോദിച്ചു.. റോഷൻ ഒന്ന് ചിരിച്ചിട്ട്... കൈകൾ പോക്കറ്റിൽ തിരുകി.. "ഇഷ്ടം... എന്റെ ഇഷ്ടം അവിടെ നിൽക്കട്ടെ അച്ഛാ... അവൾക്കൊരിക്കലും എന്നെ പോലെ ഒരാളെ.. അസെപ്റ്റ് ചെയ്യാൻ ആവില്ല... എന്നേക്കാൾ അത് നിങ്ങൾക്ക് അറിയില്ലേ.. ഒരാവേശത്തിന് ഞാൻ ഇനിയും അവളെ ദ്രോഹിക്കണോ... വേണ്ട അച്ഛാ... അതവളോട് ചെയ്യുന്ന ദ്രോഹം മാണ്.." റോഷൻ മറ്റെങ്ങോ നോക്കി കൊണ്ട് പറഞ്ഞു.. ഹൃദയം പിടയുന്നു.. അവളെ സ്വീകരിക്കാൻ എനിക്കല്ല... എന്നെ സ്വീകരിക്കാൻ അവൾക്കല്ലേ പ്രയാസം... "അവൾ.... ദയ മനസ്സോടെ നിന്നെ സ്വീകരിച്ചാലോ... നിന്നെ കുറിച്ച് ഒരു വിശ്വാസം ഉള്ളത് കൊണ്ടല്ലേ അവൾ നിന്നെ കൂട്ട് വിളിച്ചത് " അന്നമ്മച്ചി വാശി പോലെ പറഞ്ഞപ്പോൾ.. റോഷൻ ഒന്ന് ചിരിച്ചു.. "അത് സ്നേഹം അല്ലല്ലോ അമ്മേ... അവൾക്കൊരു ആവിശ്യം ഉണ്ടായിരുന്നു. അത് നടന്നു കിട്ടാൻ വേണ്ടി മാത്രം ആണ് ഞാൻ അവളുടെ മുന്നിൽ എത്തിയത്.. ആ ആവിശ്യം തീർന്നു...

ഇനിയിപ്പോ ഇറങ്ങി പൊയ്ക്കൂടേ എന്നവൾ ചോദിക്കുമോ എന്നെനിക്ക് പേടി ഉണ്ട് ട്ടോ " റോഷൻ കണ്ണടച്ച് കാണിച്ചു.. "ഒന്ന് പോടാ അവിടുന്ന്... ഇതേ... എന്റെ അച്ചായന്റെ പേരിലുള്ള വീടാ... ഇവിടെ ആര് വരണം എന്ന് അവളല്ല തീരുമാനം എടുക്കുന്നത്..." അന്നമ്മച്ചി ചുണ്ട് കൂർപ്പിച്ചു.. റോഷൻ ദേവസ്യയെ നോക്കി ചിരിച്ചു.. "അതൊക്കെ അവിടെ നിൽക്കട്ടെ.. നീ സത്യം പറ... നിനക്കവളെ ഇഷ്ടമല്ലേ... അവൾ മനസ്സോടെ നിന്നെ സ്വീകരിക്കാൻ റെഡിയാണേൽ.. എന്റെ കൊച്ചിനെ നീ സ്വീകരിക്കില്ലേ " അന്നമ്മച്ചി വിടാനുള്ള ഭാവം ഇല്ല... "ഒരിച്ചിരി ഇഷ്ടത്തോടെ അവൾക്കെന്നെ വേണം എന്ന് തോന്നിയ... ഈ റോഷന്റെ നെഞ്ചിലെ... അവസാനശ്വാസം വരെയും... ചേർത്ത് പിടിച്ചോളാം ഞാൻ.." ഉറപ്പോടെ... പ്രണയത്തോടെ റോഷൻ പറയുമ്പോൾ അന്നമ്മച്ചിയുടെ കണ്ണുകൾ തിളങ്ങി.. അവർ ദേവസ്യയെ നോക്കി ചിരിച്ചു "സത്യം... പക്ഷേ.. അതവൾക്ക് തോന്നി പറയണം... റോഷൻ അവളുടെ ജീവിതത്തിൽ വേണമെന്ന് അവൾ ആഗ്രഹിക്കുന്നു എങ്കിൽ... നിങ്ങൾ ആട്ടി ഓടിച്ചാലും റോഷൻ പോവില്ല " കള്ള ചിരിയോടെ അവൻ പറയുമ്പോൾ...

അവരുടെ കൂർപ്പിച്ച ചുണ്ടിലേക്ക് റോഷൻ ചുണ്ടുകൾ കൂട്ടി പിടിച്ചു ചിരിച്ചു കൊണ്ട് നോക്കി.. "ഡാ തെമ്മാടി... അപ്പൊ അതാണല്ലേ മനസ്സിലിരിപ്പ്... കൊള്ളാലോ " അന്നമ്മച്ചി അവന്റെ ചെവിയിൽ പിടുത്തമിട്ടു.. പൊതുവെ ഉയരം കുറഞ്ഞ അവർ അവന്റെ ചെവിയിൽ പിടിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.. അതറിഞ്ഞു കൊണ്ടാവാം... അവൻ കുനിഞ്ഞു കൊടുത്തു.. "എങ്കിൽ നീ അവളോടൊന്നു സംസാരിക്... അവളിപ്പോ ഭയങ്കര ടെൻഷൻ ആണ്.. തെമ്മാടി ആണേലും.. മനുഷ്യന്റെ മനസ്സ് തണുപ്പിക്കാൻ നിനക്കൊരു പ്രതേക കഴിവാണ് " പ്രതീക്ഷിയോടെ അവർ അവനെ നോക്കി... "അതൊക്കെ ചെയ്യാ.. പക്ഷേ " റോഷൻ പാതിയിൽ നിർത്തി.. "പക്ഷേ... അന്നമ്മച്ചി ചോദ്യം നിറച്ചവനെ നോക്കി. "പക്ഷേ ഫീസ് വേണം. അല്ല പിന്നെ..നിങ്ങളുടെയൊക്കെ വർത്താനം കേട്ടിട്ട്... ഞാൻ എത്ര മാസ് ഡയലോഗ് വെച്ച് കാച്ചി ഇവിടെ... ഫ്രീ ആയിട്ട്...ഞാൻ ഇത് പൊറത്ത് പോയി വായിട്ടലച്ച...എനിക്കെന്തോരും കാശ് കിട്ടും.. ആരാധകർ വേറെയും.." അവൻ ഷർട്ടിന്റ കോളർ പുറകിലേക്ക് വലിച്ചിട്ടു കൊണ്ട് ജാഡ ഇറക്കി.. "ഓഹോ... അങ്ങനെ ആണോ " അന്നമ്മച്ചി എളിയിൽ കൈ കുത്തി കൊണ്ട് ചോദിച്ചു..

"മ്മ് " അവൻ അവരെ പാളി നോക്കി കൊണ്ട് മൂളി.. "തരാം.. അമ്മ തരാം ട്ടാ " പറഞ്ഞതും അവന്റെ തോളിൽ അമർത്തി ഒരടി കൊടുത്തു.. റോഷൻ ഞെട്ടി കൊണ്ട് അവരെ തുറിച്ചു നോക്കി.. വേണോ ടാ നിനക്ക് ഫീസ് വേണോ ടാ " വീണ്ടും അവർ കൈയ്യൊങ്ങി.. അവൻ പെട്ടന്ന് ദേവസ്യയുടെ പിന്നിലേക്ക് മാറി.. അന്നമ്മച്ചിയെ നോക്കി കളിയാക്കി ചിരിച്ചു.. അവരുടെ കയ്യിൽ നിന്നും കുതറി മാറി സ്റ്റെപ്പുകൾ ഓടി കയറുന്നവനെ കാണുമ്പോൾ അത് വരെയും ഉണ്ടായിരുന്ന ടെൻഷൻ അവരിൽ നിന്നും എങ്ങോ മറഞ്ഞു പോയിരുന്നു... ദൂരേക്.. ❤❤❤❤❤❤❤❤❤❤❤❤❤❤ റോഷൻ കയറി ചെല്ലുമ്പോൾ ദയ കിടക്കുകയായിരുന്നു.. മുൻപത്തെ പോലെ അങ്ങോട്ട്‌ ഇടിച്ചു കയറി ചെല്ലാൻ അവന് തോന്നിയില്ല.. എന്തോ ഒന്ന് പിറകോട്ടു വലിക്കുന്നു.. അവൾക്കൊരു ആവിശ്യം വന്നപ്പോൾ കൂടെ ചേർന്നതാണ്.. അത് അവസാനിച്ചു.. ഇനിയും ഇവിടെ ഇങ്ങനെ.. പക്ഷേ വിട്ടിട്ട് പോകുന്നതെങ്ങനെ.. അവളിത്രയും വേദനിക്കുമ്പോൾ...

ആശ്വാസത്തോടെ ഒന്ന് ഉറങ്ങുന്നതെങ്ങനെ.. വാതിൽക്കൽ നിന്നു കൊണ്ട് റോഷൻ അവളെ നോക്കി.. ദയ... നിനക്ക് വേണമെങ്കിലും വേണ്ടയെങ്കിലും നീ ഉപേക്ഷിച്ചു കളഞ്ഞിടത്തു തന്നെ ഞാൻ ഇപ്പോഴും ഉണ്ട്.. നമ്മൾ പ്രിയപ്പെട്ട ആളുകളുടെ അല്ല. നമ്മക്ക്‌ പ്രിയപ്പെട്ട ആളുകളുടെ മുഖമൊന്നു വാടിയാൽ... സ്വരമൊന്ന് ഇടറിയാൽ.. പെട്ടന്ന് മനസ്സിലാവും.. മനസ്സ് പിടയും... റോഷൻ പതിയെ വാതിലിൽ കൈ കൊണ്ട് ഒന്ന് മേടി.. ദയ തിരിഞ്ഞു നോക്കി.. അവനെ കണ്ടപ്പോൾ... പതിയെ ചിരിച്ചു കൊണ്ട് എഴുന്നേറ്റു ഇരുന്നു.. ആ ചിരി നിശബ്ദമായൊരു നിലവിളിയാണെന്ന് അവന് തോന്നി.. കയറി വാ... അവൻ അവിടെ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ ദയ വിളിച്ചു.. റോഷൻ പതിയെ മുറിയിലേക്ക് കയറി... ഇരിക്ക്... ദയ അൽപ്പം നീങ്ങി കൊടുത്തു.. അവൻ പക്ഷേ ഇരിക്കാതെ ബാൽകണിയിലെ വാതിൽ തുറന്നിട്ട്‌ പുറത്ത് കടന്നു.. മെല്ലെ പുറത്തേക്ക് നോക്കി ഇരുന്നു.. തൊട്ടരികിൽ ദയ വന്നിരുന്നു.. കരഞ്ഞു ചീർത്ത കണ്ണുകൾ.. വാടിയ മുഖം.. പാറി പറന്ന മുടി ഇഴകൾ.. ഏതോ അസുഖം പിടിച്ചു കിടപ്പിലായ പോലെ.. അല്ലങ്കിലും അസുഖം ഉണ്ടല്ലോ അവൾക്ക്.. മനസ്സിനേറ്റ മുറിവ് എങ്ങനെയാ അസുമാവുന്നതല്ലേ...

ശരീരത്തിലൊരു കുഞ്ഞു മുറിവ് പറ്റിയാൽ പോലും ഡോക്ടറെ തിരഞ്ഞോടുന്ന നമ്മളിൽ പലരും... മനസ്സ് പ്രധാനപെട്ട ഒരു അവയവം ആണെന്നും അതിനുള്ളിൽ ഉണ്ടായ മുറിവും ചികിത്സ കൊണ്ട് മാറുമെന്നും മനഃപൂർവം മറന്നു കളയും.. എന്നിട്ടത് നീറ്റി... നീറി പുകഞ്ഞു.. ഒരു മാനസിക രോഗിയുടെ ചേഷ്‍ടകളിൽ എത്തിക്കും.. "എന്തൊരു കോലം ആണ് ദയ... നിന്നെ സ്നേഹിക്കുന്നവർ ഇപ്പോൾ നിന്നെ കാണുമ്പോൾ..." റോഷൻ വേദനയോടെ പറഞ്ഞപ്പോൾ... ദയ പതിയെ ചിരിച്ചു.. "ഒരാളെ കുറിച്ചോർത്തു നീറുന്നതിനു മുന്നേ അയാളിൽ നമ്മളുണ്ടോ എന്ന് കൂടി ഓർക്കണ്ടേ ദയ.. നീറി നോവുന്നതിനും ഒരു അർഥം വേണ്ടെടോ " ദൂരേക്ക് നോക്കി അവൻ ചോദിച്ചു.. "എനിക്കറിയില്ല റോഷൻ... എന്ത് വേണമെന്ന് സത്യമായും എനിക്കറിയില്ല.. എല്ലാം മറക്കണമെന്നും എന്നെ സ്നേഹിക്കുന്നവരെ ഇനിയും സങ്കടപെടുത്തരുത് എന്നൊക്കെ ഞാനും വിചാരിക്കുന്നുണ്ട്.. പക്ഷേ.. പക്ഷേ പറ്റണ്ടേ " നിറഞ്ഞ കണ്ണോടെ ദയ പറയുമ്പോൾ റോഷൻ അലിവോടെ അവളെ നോക്കി. "പലപ്പോഴും നമ്മൾ ജീവിതത്തിൽ യാഥാർഥ്യം തിരിച്ചറിയുന്നത് സാഹചര്യങ്ങളിലൂടെയാണ്..കുറച്ചെങ്കിലും നമ്മളെ മനസ്സിലാകാത്ത ഒരാളെ മനസ്സിലിട്ട് നടന്നു നീറിയിട്ട് എന്താടോ കാര്യം..

മനസ്സിലെ ഇരുട്ട് മാറാതെ നിനക്കൊരിക്കലും വെളിച്ചത്തിലേക്ക് കടന്നു വരാൻ ആവില്ല.. നിന്നെ സ്നേഹിക്കുന്നവരെ കണ്ടെത്താൻ ആവില്ല... ജീവിതത്തെ സ്നേഹിക്കാൻ ആവില്ല " റോഷൻ അവളോട്‌ പറഞ്ഞു.. ദയ അവന്റെ നേരെ നോക്കി ഇരിപ്പുണ്ട്.. ഒന്നും പറയുന്നില്ല.. "നിന്റെ സ്നേഹം അവൻ അർഹിക്കുന്നില്ല ദയ... അർഹിക്കുന്നവരിൽ എത്തുന്ന സ്നേഹത്തിനെ അർഥമുള്ളു.. ആദ്യം തന്നെ തെറ്റ് ചെയ്തു എന്നൊരു ചിന്തയില്ലേ നിന്നിൽ.. അത് എടുത്തിട്ട് ദൂരെ കള...നീ അല്ല തെറ്റ് ചെയ്തത്.. ശിക്ഷ കിട്ടേണ്ടതും അപ്പോൾ നിനക്കല്ല " അവൻ കൈകൾ കൊണ്ട് മുടി കൊതി ഒതുക്കി.. "പറക്കാനുള്ള നിന്റെ ചിറകുകൾ ആരും അരിഞ്ഞു കളഞ്ഞിട്ടില്ല... ഇനിയും ഒരു പാട് ദൂരം പറന്നു പോകാനുണ്ട്.. നിന്റെ കുടുംബം മൊത്തം നിന്റെ കൂടെ ഉണ്ട്... ഇതൊക്കെ ഉണ്ടായിട്ടും ഇപ്പഴും കരഞ്ഞു വിളിച്ചിരിക്കാൻ തന്നെയാണ് തോന്നുന്നതെങ്ങിൽ... നീ ഫാത്തിമയെ ഓർത്തു നോക്ക്.. നീയും കണ്ടതല്ലേ.. അവളുടെ കണ്ണിൽ നീ കണ്ണീർ കണ്ടോ... അവൾക്ക് വേദനയില്ലാന്നാണോ നീ കരുതുന്നത്..." റോഷൻ ചോദിച്ചു.. ദയ പിടച്ചിലോടെ അവന്റെ നേരെ നോക്കി.. "പ്രാണൻ പോകുന്ന വേദന ഉണ്ടായിട്ടും..

മുന്നിലെ ജീവിതം ഇരുട്ട് പടർന്നു കിടക്കുന്നത് കണ്ടിട്ടും അവളിൽ പ്രതീക്ഷ നഷ്ടപെട്ടു പോയിട്ടില്ല ദയ... അങ്ങനെ ആവണം എന്ന് ഞാൻ പറയുന്നില്ല.. ഒരാൾക്കും മറ്റൊരാളെ പോലെ ആവാൻ ആവില്ല.. പക്ഷേ തോറ്റു പോകും എന്ന് നീ പേടിക്കുന്ന ആ നിമിഷം... നീ അവളെ ഓർത്തു നോക്കണം.. ജയിക്കാനുള്ള കാരണം തേടി പിന്നെ നിനക്ക് അലയേണ്ടി വരില്ല... ഉറപ്പ് " റോഷൻ പറയുമ്പോൾ ദയ അവനെ തന്നെ നോക്കി ഇരുന്നു.. മനസ്സിലൊരു കുഞ്ഞു മെഴുകുതിരി കത്തിച്ചത് പോലെ.. അമ്മ പറയും പോലെ... റോഷൻ മരുന്നാണ്.. വെളിച്ചമാണ്.. അവൾ ഓർത്തു... മറ്റൊരാളുടെ മനസ്സിൽ എന്നും നന്മയോടെ ഓർമ്മിക്കപ്പെടാൻ യോഗ്യത നേടുക എന്നതാണ് ആയുസ്സിൽ ഒരാൾക്കു ചെയ്യാവുന്ന നല്ല കാര്യം.. റോഷൻ പറയുമ്പോൾ... അതെത്ര വേദനയുള്ള കാര്യം ആണെങ്കിൽ കൂടി... ഹൃദയം തുളച്ചു കയറി ഇറങ്ങും.. തണുപ്പായും .. ചുട്ട് പൊള്ളുന്ന തീ ആയും എല്ലാം.. കൂടെ കൂട്ടുമ്പോൾ ഒരു തെമ്മാടി... അത്രയേ ഒള്ളൂ.. ഇന്നിപ്പോൾ ഈ വീട്ടിലൊരു വിളക്ക് മരം പോലെ.. ആരും അല്ലെന്ന് അറിഞ്ഞിട്ടും നല്ലൊരു വാക്ക് പോലും പ്രതീക്ഷിക്കാതെ... "എന്താടോ " അവളുടെ നോട്ടം കണ്ടപ്പോൾ റോഷൻ ചോദിച്ചു...

"എന്റെ അമ്മ പറയുന്നത് ശെരിയാണ് റോഷൻ.. നീ... നീ ഇല്ലായിരുന്നു എങ്കിൽ... കൂടെ നിൽക്കാൻ ഇവരെയൊക്കെ നീ പാകപ്പെടുത്തി എടുത്തില്ലായിരുന്നു എങ്കിൽ... ഞാൻ ചിലപ്പോൾ... ഇപ്പൊ ജീവനോടെ തന്നെ ഉണ്ടാവില്ലായിരുന്നു.." വീണ്ടും കണ്ണുകൾ നിറച്ചു കൊണ്ട് ദയ പറയുമ്പോൾ... റോഷൻ ചിരിച്ചു കൊണ്ട് ദൂരേക്ക് നോക്കി... ചുവരിൽ ചാരി ഇരുന്നു.. "ചിറകൊടിഞ്ഞ ഒരു പക്ഷിയും തല തല്ലി കരഞ്ഞിട്ടില്ല...ആട്ടി ഓടിച്ചതിന്റ പേരിൽ.. ഒരു കാക്കയോ പട്ടിയോ ആത്മഹത്യ ചെയ്തിട്ടില്ല..പരിക്ക് പറ്റിയെന്നു പറഞ്ഞിട്ട് ഒരു മൃഗവും ഇര തേടാൻ മടിച്ചിട്ടില്ല..പിന്നെ എന്തിന് മനുഷ്യരായ നമ്മുൾ മാത്രം കുഞ്ഞു കുഞ്ഞു വീഴ്ചകളിൽ സ്വയം മറക്കണം.. ജീവിതം വെറുക്കണം..." റോഷൻ ചോദിച്ചു. "വീണു പോകുമെന്ന് തോന്നുമ്പോൾ ഒക്കെയും വീര്യത്തോടെ മുന്നോട്ട് തന്നെ നടക്കണം..വീഴ്ചയിൽ നിന്നും തന്നെയാണ് നടന്നു തുടങ്ങിയത് എന്നോർക്കണം.. വിജയത്തിലേക്ക് നടന്നു കയറണം..." ദയയുടെ കണ്ണിൽ നോക്കി റോഷൻ പറഞ്ഞു..

അറിയാതെ തന്നെ അവൾ തലയാട്ടി.. "നിന്നെ ഉപേക്ഷിച്ചു പോയവരെ നീയും ഉപേക്ഷിച്ചു കളയുക.. നിന്നെ സ്നേഹിക്കുന്നവരിലേക്ക് നിന്നെ സമർപ്പിക്കക.. നിനക്ക് പറ്റും ദയ... ഞാനില്ലേ കൂടെ " പ്രണയം ജ്വലിക്കുന്ന കണ്ണോടെ റോഷൻ പറയുമ്പോൾ.... അവളിലും പറക്കാനുള്ള ചിറകുകൾ നമ്പിട്ട് തുടങ്ങിയിരിക്കുന്നു.. അതായിരുന്നു അവനും വേണ്ടത്.. അത് മാത്രം മതിയല്ലോ അവന്റെ ഹൃദയം നിറയാൻ. ആ കണ്ണിലെ പ്രണയം അവൾ അറിഞ്ഞില്ല... പക്ഷേ ആ വാക്കിലെ കരുതൽ... കരുത്ത്.. അതവളിലേക്ക് ആഴ്ന്നിറങ്ങി.. അവനും ആ കണ്ണിലെ തിളക്കത്തിലേക്ക് ചിരിയോടെ നോക്കി.. ബാധ്യതയല്ലാതെ പ്രണയിച്ചു കൊള്ളാം ഞാൻ.. അവഗണിക്കാതെ അരികിൽ നീ വേണമെന്നുണ്ട്.. അകലങ്ങളിൽ പറക്കാൻ ഞാൻ കൂട്ട് വന്നോളാം.... ഇതിലും ആഴത്തിൽ നിന്നെ വേണമെന്ന് ഞാൻ എങ്ങനെ പറയാനാണ് ദയ...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story