കൂട്ട് 💕💕💕: ഭാഗം 2

Koott

രചന: ജിഫ്‌ന നിസാർ

ഭക്ഷണം കഴിക്കുമ്പോഴും തന്നെ തുറിച്ചു നോക്കുന്നവരെ കണ്ടിട്ട് റോഷന് ചിരി വന്നു. ആ നോട്ടത്തിൽ എല്ലാം വല്ലാത്തൊരു അസഹിഷ്ണുത നിറഞ്ഞു നിന്നിരുന്നു... ഇത് വരെയും ഉള്ളത് പോട്ടെ.. ഇനിയെങ്കിലും ആ ചെക്കാനൊരു നല്ല വഴിയിൽ നടക്കട്ടെ. ഒരു ജീവിതം കിട്ടട്ടെ " എന്ന് മോഹിക്കാൻ മാത്രം ഹൃദയവിശാലതയൊന്നും അവിടെ കൂടിയ ഒറ്റ എണ്ണത്തിന്റെയും ഭാവത്തിൽ ഇല്ലായിരുന്നു. അല്ലങ്കിലും ഒരാൾ എന്നും ചതുപ്പിൽ ആഴ്ന്ന് തന്നെ കിടന്നാൽ അത്രയും സന്തോഷം. അവനൊന്നു ഉയർന്നു വരുന്നു എന്ന് കാണുമ്പോൾ ഏത് വിധേനയും ആ ചതുപ്പിലേക്ക് തന്നെ ചവിട്ടി താഴ്ത്തി രസിക്കാൻ ആളുണ്ടാവും.. കൈ ഒന്ന് നീട്ടിയിട്ട്... കയറി വാ എന്ന് പറയാൻ ആയിരിക്കും മടി.. മുടിയൊന്ന് മുകളിലേക്ക് കോതി ഒതുക്കി റോഷൻ ദയയെ നോക്കി.. കഴിച്ചു കഴിഞ്ഞിരുന്നു.. പക്ഷേ അവൾ മറ്റേതോ ഓർമയിൽ ആണെന്ന് തോന്നുന്നു. മുഖം നിറഞ്ഞ നിൽക്കുന്ന സങ്കടത്തിലേക്ക് നോക്കുമ്പോൾ ഒക്കെയും... വിടർന്നു ചിരിച്ചു കൊണ്ട് കാറിൽ നിന്നും വന്നിറങ്ങാറുള്ള ആ കൊച്ചു പെൺകുട്ടിയെ റോഷന് ഓർമ വരും.. എന്ത് സന്തോഷം ആയിരുന്നു അന്ന് അവളിൽ. അവളെ കാണുമ്പോൾ തന്നിൽ..

പ്രണയം എന്നൊരു പേരിൽ എന്തിനായിരുന്നു ദയ നീ നിന്റെ സന്തോഷങ്ങൾ ബലി നൽകിയത്.. ആരും തിരഞ്ഞെടുക്കാത്ത ഈ തെമ്മാടിയെ നിന്റെ പാതി ആക്കാൻ നീ തീരുമാനം എടുത്തു എന്നറിഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലായി... നീ എത്ര മാത്രം നിസ്സഹായമായൊരു അവസ്ഥയിൽ ആയിരുന്നു എന്നത്. എനിക്കൊരിക്കലും അംഗീകരിക്കാൻ ആവാത്ത നിന്റെ തീരുമാനങ്ങൾ എല്ലാം മൂളി കേട്ടപ്പോഴും... നിന്റെയാ മരവിച്ച കണ്ണുകളിൽ ഞാൻ ആ പഴയ കുറുമ്പി പെണ്ണിനെ തിരയുന്ന തിരക്കിലായിരുന്നു. നിനക്കും അറിയാം... എനിക്കും അറിയാം.. ഞാനും നീയും തമ്മിലുള്ള അകലം... ഒരിക്കലും തമ്മിൽ കൂട്ടി മുട്ടാത്ത രണ്ടു നേർ രേഖപോലെ... "റോഷൻ " അരികിൽ നിന്നും ദയ പതുക്കെ വിളിച്ചപ്പോൾ അവൻ ഞെട്ടി.. അവളുടെ മുഖത്തെ ദേഷ്യ ചുവപ്പിലേക്ക് അവൻ നോക്കി.. പല്ലുകൾ കൂട്ടി പിടിച്ചിരിക്കുന്ന ദയയിൽ നിന്നും നോട്ടം തെന്നി മാറി.. ചുറ്റും നിന്ന് കളിയാക്കി ചിരിക്കുന്നവരിൽ അത് ഒതുങ്ങി.. അവന്റെ കണ്ണുകൾ കൂർത്തു... ഇതാണ് ദയയുടെ നോട്ടത്തിലെ ദേഷ്യത്തിന്റെ കാരണം.. ഈ ചിരികൾ.. അവൻ അവരെ നോക്കി കൊണ്ട് തന്നെ മീശയിൽ ഒന്ന് തടവി..

പിടിച്ചു കെട്ടിയ പോലെ അവരുടെ ഭാവം മാറി.. അത്രയും പേടിയാണ് അവർക്ക് തന്നെ എന്ന് ഓർത്തപ്പോൾ പൊട്ടിയ ചിരിയെ റോഷൻ കടിച്ചമർത്തി.. "കഴിച്ചു കഴിഞ്ഞെങ്കിൽ വാ ഇങ്ങോട്ട് " ദയ വീണ്ടും പറഞ്ഞപ്പോൾ... പതിഞ്ഞതെങ്കിലും ആ സ്വരത്തിലെ വെറുപ്പ് റോഷന്റെ ഉള്ളിൽ തറഞ്ഞു പോയി.. നോവൊന്നും തോന്നിയില്ല.. സ്നേഹം കിട്ടും എന്ന് കരുതി അല്ലല്ലോ അവളുടെ കൂടെ ചേർന്നത്.. ഈ നാടകത്തിന്റെ അവസാനം കോമാളി എന്ന് കൂടി പറയാൻ ആവാത്ത വിധം താഴ്ന്നു പോയിരിക്കും റോഷന്റെ സ്ഥാനം... അതറിഞ്ഞു കൊണ്ട് തന്നെ ആണ്..അവളോട്‌ ചേർന്നത്.. കൈ കഴുകി തിരിച്ചു വന്നിരുന്നു... അരികിൽ ദയയും.. ആളെ കാണിക്കാൻ അവൾ ഒട്ടിച്ചു വെച്ച ചിരിയിലേക്ക് റോഷൻ വെറുതെ നോക്കി... എരിയുന്ന മനസ്സിനെ ഇത്രയും മനോഹരമായി പൊതിഞ്ഞു പിടിക്കാൻ ചിരിയേക്കാൾ നല്ലൊരു കൂട്ട് മറ്റെന്തെങ്കിലും ഉണ്ടോ... "നാളെ കൃത്യം പത്തു മണിക്ക്... ക്രസന്റ് ഓടിറ്റൊറിയം..അറിയാലോ... പോയിട്ട് വെള്ളം അടിച്ചിട്ട് കിടന്നുറങ്ങി കളയരുത്.. ഞാൻ ഈ നാണം കെട്ട് ഇത് വരെയും ചെയ്തതെല്ലാം വെറുതെ ആവും..." കടുപ്പത്തിൽ... അരികിലേക്ക് നീങ്ങി ഇരുന്നിട്ട് ചെവിയിൽ സ്വകാര്യമായി ദയ പറയുമ്പോൾ റോഷൻ അവളെ നോക്കി കണ്ണുരുട്ടി..

അവൾ അത് കണ്ടപ്പോൾ ചുണ്ട് കോട്ടി... "പിന്നെ അത്യാവശ്യം സ്റ്റാന്റേർഡ് ആയിട്ട് വരണം.. ഈ അവിഞ്ഞ ലുക്കിൽ വന്നേക്കരുത്.. ഇന്നത്തെ പോലെ ആവില്ല നാളെ.. ഒരുപാട് VIP കൾ എല്ലാം ഉണ്ടാവും.. അവർക്കിടയിൽ മുണ്ട് മടക്കികുത്തി ഷോ കാണിക്കാൻ വല്ല ഉദ്ദേശവും ഉണ്ടങ്കിൽ അത് വേണ്ട... ദയയുടെ ചെക്കന് ഒരു പിരി ലൂസാണ് എന്നൂടെ പറയിപ്പിക്കരുത് " റോഷന്റെ നേരെ നോക്കി ദയ ഒട്ടും ദയവില്ലാതെ പറഞ്ഞു.. "തീർന്നോ " വിരൽ കൊണ്ട് ചെവിയിൽ കറക്കി റോഷൻ തിരിച്ചു ചോദിച്ചു.. "ആ പിന്നെ... ഒന്നൂടെ... നിന്റെയാ ലക്കട ബൈക്കിൽ വരണ്ട. സമയം ആകുമ്പോൾ ഞാൻ വണ്ടി അയച്ചോളാം... അതിൽ വന്ന മതി. അല്ലങ്കിൽ വല്ല്യ വല്ല്യ ആളുകൾക്കിടയിൽ..." ദയ അവന്റെ നേരെ പുച്ഛത്തോടെ നോക്കി... "എങ്കിൽ പൊന്ന് മോള് ഒരു കാര്യം ചെയ്യ്.. ഒന്നൂടെ ആലോചിച്ചു നോക്ക്. ഇതിപ്പോൾ സമ്മതിച്ചു എന്ന് മാത്രം അല്ലേ പറഞ്ഞിട്ടുള്ളു... നാളെ പത്തു മണി വരെയും സമയം ഉണ്ട്. നല്ലത് പോലെ ആലോചിച്ചു നോക്ക്...

" റോഷൻ കടുപ്പത്തിൽ പറഞ്ഞു.. ദയ ഞെട്ടി.. "താനെന്തു വർത്താനം ആണെടോ ഈ പറയുന്നത്... ഇത് വരെയും കൊണ്ടെത്തിച്ചിട്ട്... ഇനി പറ്റില്ലന്നോ " ദയയുടെ സ്വരം ഉയർന്നു.. "എന്ന് ഞാൻ പറഞ്ഞില്ല... പറഞ്ഞത് നിനക്ക് ശെരിക്കും മനസ്സിലായില്ലാ.. അതാണ്‌.." റോഷൻ അവൾക്ക് നേരെ തിരിഞ്ഞിരുന്നു... "ഞാൻ എന്താണെന്നും എന്റെ രീതികൾ എന്താണെന്നും ശെരിക്കും അറിഞ്ഞിട്ടാണോ എന്റെ അരികിൽ ഇത് പോലൊരു ആവിശ്യം കൊണ്ട് വന്നത് എന്ന് നിന്നോട് ഞാൻ അന്ന് ചോദിച്ചിരുന്നു.. ഓർക്കുന്നില്ലേ " റോഷൻ ചോദിച്ചു.. "യെസ്.... അതും ഇതും തമ്മിൽ എന്താ ബന്ധം " ദയ തിരിച്ചു ചോദിച്ചു.. "ഉണ്ട്... നീ പറഞ്ഞ എഗ്രിമെന്റ് ഞാൻ സമ്മതിച്ചു.. പക്ഷേ എന്റെ സ്വഭാവം മാറ്റുമെന്നോ.... രീതികൾ മാറ്റുമെന്നോ... ശൈലി മാറ്റുമെന്നോ ഞാൻ പറഞ്ഞില്ല.. അങ്ങനെ ചെയ്യുകയുമില്ല... റോഷൻ ഇത് പോലെ... എന്റെ വണ്ടിയിൽ തന്നെ നാളെയും വരും... അതിന് സമ്മദം എങ്കിൽ മാത്രം..." റോഷൻ കടുപ്പിച്ചു പറയുമ്പോൾ... ദയ അവനെ നോക്കി പല്ലിരുമ്മി.. "നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്. ഞാൻ പറയുന്നത് എല്ലാം അന്ന് സമ്മതിച്ചു.. എന്നിട്ടിപ്പോ... നല്ല ലുക്ക്‌ ആയിട്ട് വരാൻ പറഞ്ഞത്...

നിന്റെ കോലം കണ്ടിട്ട് ആരും നിന്നെ താഴ്ത്തി കെട്ടരുത് എന്ന് കരുതി അല്ലേ.. കുരിശും വീട്ടിൽ ദേവസ്യയുടെ മകൾക്ക് നിന്നെ പോലൊരു തെമ്മാടി ചേരില്ലെന്ന് എനിക്കും നിനക്കും നാട്ടുകാർക്ക് മൊത്തവും അറിയാം... " പരിഹാസമായിരുന്നു ദയയുടെ വാക്കുകളിൽ.. അത് റോഷന് മനസ്സിലായി.. "സമ്മതിച്ചു... ഞാൻ നിനക്ക് ചേരില്ല... ഒരിക്കൽ പോലും നിന്റെ വഴിയിൽ ഞാൻ വന്നിട്ടുമില്ല.. നീ ആണ് നിന്റെ ആവിശ്യം നടക്കാൻ വേണ്ടി... എന്നോട് അപേക്ഷിച്ചു വന്നത്.. അന്നന്തേ നിന്റെ യോഗ്യത അനുസരിച്ചു ഒരാളെ തേടി പിടിക്കാൻ തോന്നിയില്ല... കോട്ടും സൂട്ടും ഇട്ട്... വില കൂടിയ വണ്ടിയിൽ വന്നിറങ്ങുന്ന ഒരാളെ കണ്ടെത്തി കൂടെ ചേർക്കാമായിരുന്നു.. എന്നിട്ടും നീ എന്തിനാ ഈ തെമ്മാടിയെ തിരഞ്ഞു വന്നത്..." റോഷൻ ചോദിച്ചു... ദയ ഒന്നും മിണ്ടാതെ അവന്റെ നേരെ നോക്കി... "പോവില്ല... എനിക്കറിയാം..." റോഷൻ പതിയെ ചിരിച്ചു.. "കാരണം... നീ പറയുന്ന കാലാവധി തീരുമ്പോൾ.... നീ പറയുന്ന ആരോപണം പെട്ടന്ന് ആളുകൾ സ്വീകരിക്കണം എങ്കിൽ എതിർ ഭാഗത്തു എന്നെ പോലെ ഒരു തെമ്മാടി തന്നെ വേണം.. അവനെ അവൾ ഇത്രയും നാൾ സഹിച്ചില്ലേ എന്നൊരു സിമ്പതി നിനക്ക് അന്ന് കിട്ടണം...

നിന്റെ കുടുംബം നിന്റെ കൂടെ നിൽക്കണം... അതിന്... അതിന് വേണ്ടി മാത്രം ആണ് നീ എന്നേ തിരഞ്ഞെടുത്തത്... അല്ലെന്ന് പറയാവോ " റോഷന്റെ ചോദ്യം... ദയ അമ്പരന്ന് പോയി.. ഇവന് ഇതെല്ലാം അറിയാമായിരുന്നു.. എന്നിട്ടും പിന്നെ... കാശ് കിട്ടും എന്ന് കേട്ട ഇവനെ പോലെ ഉള്ളവർ എന്തും ചെയ്യുമല്ലോ.. പുച്ഛം തന്നെ വീണ്ടും വിരിഞ്ഞു അവളുടെ ചുണ്ടിൽ... "നിനക്ക് ആരാണ് ദയ എന്ന് പേരിട്ടത്... ചേരില്ല അത് നിനക്കൊരിക്കലും.. നിന്നെ ഒരുപാട് സ്നേഹിച്ചു എന്ന കുറ്റത്തിന് യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ നീ നിന്റെ വീട്ടുകാരെ പറ്റിക്കുന്നു.." റോഷൻ അവളെ ചുഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.. "ഒരിക്കൽ കൂടി ആലോചിച്ചു നോക്ക്.. ഇത് തുടരണോ.. ഞാൻ ഞാനായിട്ട് തന്നെ നാളെ വരും.. നാളെ എന്നല്ല.. എന്നും അങ്ങനെ ആയിരിക്കും.. അതിൽ ഇടപെടൽ നടത്താൻ നിനക്ക് അധികാരമില്ല.. ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.." ദയ ഒന്നും മിണ്ടിയില്ല... "കാശ് മോഹിച്ചു മാത്രം ഒന്നും അല്ല ദയ ഞാൻ നിന്റെ ആവിശ്യം അംഗീകരിച്ചത്... എത്ര ഞാൻ പറഞ്ഞു തന്നാലും... നിനക്കൊരിക്കലും മനസ്സിലാക്കാൻ പറ്റാത്തൊരു കാരണമുണ്ട്...

നീ അറിയുന്നത് കൊണ്ട് പ്രതേകിച് മാറ്റം ഒന്നും വരില്ല എന്നറിയാവുന്നത് കൊണ്ട് മാത്രം ഞാൻ എന്റെ ഉള്ളിൽ സൂക്ഷിച്ചു വെക്കുന്നത്..." റോഷൻ പറയുമ്പോൾ... ദയ അവന്റെ നേരെ നോക്കി.. അവളുടെ കണ്ണിൽ ഒരു ചോദ്യം തെളിഞ്ഞു.. "പോകുന്നു... നീ ആലോചിച് ഒരു ഉത്തരം കിട്ടുവാണേൽ എന്നേ വിളിക്ക്... അത് എന്ത് തന്നെ ആയാലും ഞാൻ കൂടെ ഉണ്ടാവും... ഞാനായിട്ട് തന്നെ..." റോഷൻ എഴുന്നേറ്റു.. ദയ അപ്പോഴും ഒന്നും പറഞ്ഞില്ല.. അവളിൽ ടെൻഷൻ നിറഞ്ഞു വീണ്ടും... "പേടിക്കണ്ട... നീ വിചാരിച്ചത് പോലെ നടത്താൻ... ഞാനും ഉണ്ട് നിന്റെ കൂടെ..." അവളോട്‌ റോഷൻ പറയുമ്പോൾ.... അവൾ അവന്റെ കണ്ണിൽ നോക്കി... അവനൊന്നു കണ്ണടച്ച് കാണിച്ചു.. ശേഷം മുണ്ട് മടക്കി കുത്തി മുന്നോട്ട് നടന്നു... കുറച്ചു ദൂരം നടന്നിട്ട് അവനൊന്നു തിരിഞ്ഞു നോക്കി.. ദയ അപ്പോഴും അവിടെ ഇരിക്കുന്നു.. നെറ്റിയിൽ കൈ താങ്ങി കൊണ്ട്... നീ എന്തിന് വളർന്നു പെണ്ണെ.. കാണുമ്പോൾ സന്തോഷം തരുന്നൊരു കാഴ്ചയായി എനിക്കും നിനക്കും അന്നത്തെയാ കുഞ്ഞ് റോഷനും ദയയും ആയാൽ മതിയായിരുന്നു... തന്റെ ബൈക്കിൽ കയറുമ്പോൾ... റോഷൻ അതായിരുന്നു ഓർത്തത്. ❤❤❤❤❤❤❤❤❤❤❤❤❤❤

ഉമ്മറത്തെ വെറും നിലത്ത് കണ്ണടച്ച് കിടക്കുമ്പോൾ.... റോഷൻ അമ്മയെ ഓർത്തു.. അവന് ഉള്ളിൽ സങ്കടം വിങ്ങി.. നെറ്റിയിൽ കൈകൾ അമർത്തി... "എനിക്കാരുമില്ല അമ്മാ...." ഉള്ളിൽ ഒരു പിടച്ചിൽ... അവനുള്ളിൽ അമ്മയുടെ തളർന്ന ചിരിച്ച മുഖം ഓർമ വന്നു.. എത്ര വളർന്നു പോയാലും അമ്മയുടെ ഓർമകളിൽ നമ്മൾ എപ്പോഴും കുഞ്ഞു കുട്ടികളല്ലേ... കഴിഞ്ഞു പോയതെല്ലാം സ്വപ്നം പോലെ.. ദയയുടെ മുഖത്തെ വെറുപ്പ്... ചിലരെ നമ്മുക്ക് സ്നേഹിക്കാനെ കഴിയൂ.. സ്വന്തമാക്കാൻ കഴിയില്ല.. അത് പോലെ ഒന്നായിരുന്നു തനിക്കവൾ.. മാറി നിന്ന് സ്നേഹിച്ച തനിക്കരികിൽ... അതെന്തിന്റെ പേരിൽ ആയിരുന്നാലും.... "എനിക്കൊരു പ്രണയം ഉണ്ട്. എന്റെ വീട്ടുകാർ ഒരിക്കലും അംഗീകരിച്ചു തരാത്ത ഒരാള്... അവനെ സ്വന്തം ആക്കാൻ എനിക്കിത്തിരി വളഞ്ഞ വഴി സ്വീകരിക്കണം.. വാശി പിടിച്ച ചിലപ്പോൾ എനിക്കവനെ നേടാം.. പക്ഷേ ഇത്തിരി സാവകാശം വേണം അവന്.. അതിനൊരു നാടകം കളിക്കാൻ... എന്നേ ഒന്ന് സഹായിക്കുമോ... വെറുതെ വേണ്ട... കാശ് തരാം " മുന്നിൽ വന്നവൾ പറയുമ്പോൾ... എന്ത് മറുപടി പറയാൻ.. പ്രണയം എന്തെന്ന് അറിയും മുന്നേ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്നോ....

ആരോടും പറയാതെ ഞാൻ എന്റെ ഉള്ളിന്റെ ഉള്ളിൽ സൂക്ഷിച്ച ഒരുപാട് ഇഷ്ടങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് നീ എന്നോ... ഒന്നും പറഞ്ഞില്ല... ആ ഉണ്ട കണ്ണിൽ നോക്കി സമ്മതിച്ചു എന്ന് പറയുമ്പോൾ... അവളിൽ വിരിഞ്ഞ മന്ദഹാസത്തിലേക്ക് വെറുതെ നോക്കി നിന്നു പോയി... ജീവിതത്തിൽ ഏറ്റവും ഒറ്റപ്പെടൽ തോന്നുന്നത് ആരും കൂടെ ഇല്ലാതെയാവുമ്പോൾ അല്ല... എല്ലാം എന്ന് കരുതിയവരുടെ കണ്ണിലെ വെറുപ്പ് കാണുമ്പോൾ ആണത്.. ദയക്ക് അവളുടെ ആവിശ്യം നടന്നു കിട്ടാനുള്ള ഒരു പിടിവള്ളി മാത്രം ആണ് താൻ... അതിനുമപ്പുറം ഒന്നുമില്ല.. റോഷൻ എന്ന വെക്തി ഇല്ല... അവന്റെ സ്നേഹമില്ല.. മുഖം അമർത്തി തുടച്ചു കൊണ്ട് റോഷൻ എഴുന്നേറ്റു ഇരുന്നു... ചുവരിൽ ചാരി... കൂടപ്പിറപ്പ് പോലുള്ള ഈ ഏകാന്തത.. ഇപ്പൊ ശീലമായി... റോഷൻ ആരും ഇല്ലാത്തവൻ ആണെന്നുള്ള ഓർമപെടുതലാണ് അത്. തണുത്തൊരു കാറ്റ് വീശുന്നു.. അവന് വീണ്ടും അമ്മയെ ഓർമ വന്നു.. വീണ്ടും വീണ്ടും ഹൃദയം വിങ്ങി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story