കൂട്ട് 💕💕💕: ഭാഗം 23

Koott

രചന: ജിഫ്‌ന നിസാർ

കൈകൾ വരിഞ്ഞു മുറുകി വേദന സഹിക്കാവുന്നതിലും അധികമായപ്പോൾ ആണ് ഷാ കണ്ണ് വലിച്ചു തുറന്നത്.. കണ്മുന്നിൽ ഒരു താണ്ഡവം വീണ്ടും കാണുന്നത് പോലെ.. സ്ഥിരം താവളത്തിൽ മരുന്നടിച്ചു.... ആലസ്യത്തിൽ ആയിരുന്നപ്പോൾ കടന്നു വന്നൊരു രൂപം.. ദേഷ്യം കൊണ്ട് ചുവന്നു പോയ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആളെ അറിയില്ല.. അവൻ എങ്ങനെ തന്റെ മുന്നിൽ എത്തി എന്നും അറിയില്ല... ഒന്നറിയാം... വന്നത് വെറുതെ അല്ലെന്ന് മാത്രം. ഓർമയിൽ പോലും വിറപ്പിക്കുന്ന ആ മുഖം.. "നിനക്കറിയില്ല എന്നെ.. പക്ഷേ നിനക്കറിയാവുന്ന രണ്ടു പേര് ഈ എന്റെ പ്രിയപ്പെട്ടവരാണ് " പറയലും അടിയും കഴിഞ്ഞു.. അവനൊപ്പം രണ്ടു പേര് കൂടി.. "എന്തിനാ എന്നെ അടിക്കുന്നത് എന്നൊരു ചോദ്യം ചോദിച്ചു തീർന്നപ്പോൾ അടിയുടെ മലപ്പടക്കം പൊട്ടിയത് പോലെ.. തളർന്നു തൂങ്ങിയ തല വിരൽ കൊണ്ട് ഉയർത്തി അവൻ പറഞ്ഞത്... "എന്റെ പേര് റോഷൻ... ഞാനും നീയും അറിയില്ല.. പക്ഷേ ദയ...

അവളെ നീ അറിയും.. ഇല്ലേ "കോപം കൊണ്ട് ജ്വലിക്കുന്ന അവന്റെ നേരെ പേടിയോടെയാണ് നോക്കിയത് ദയ... "അറിയില്ലേ " ഒരൊറ്റ ചവിട്ടാണ്.. ഓർക്കാൻ പോലും സമയം തന്നില്ല. ഓർത്തെടുക്കേണ്ടി വരും... ഒന്നല്ലല്ലോ ദയമാർ.. അങ്ങനെ അങ്ങനെ എത്ര പേരുകൾ... പ്രണയിനികൾ.. "പറയെടോ " വീണ്ടും മുഖം അടച്ചോന്ന് കിട്ടി.. "അറിയാം... ഞാൻ അറിയും " ഉത്തരം വൈകുന്ന ഓരോ നിമിഷവും ഇനിയും അടിയുടെ എണ്ണം കൂടുമെന്നു പേടിച്ചു വേഗം മറുപടി പറഞ്ഞു.. "മണി മണി പോലെ ഉത്തരം പറഞ്ഞില്ലേൽ നിന്റെ ഊപ്പാട് തീരും മോനെ " റോഷന്റെ അരികിൽ നിന്നിരുന്ന ഒരാൾ ചിരിച്ചു കൊണ്ട് പറയുമ്പോൾ ആ ചിരി കൊല ചിരി പോലെ തോന്നി.. "അപ്പൊ ന്താ നമ്മൾ പറഞ്ഞു വന്നത്..." വീണ്ടും ചോദ്യം... അടി.. "ദയ..." കിതച്ചു കൊണ്ട് ഉത്തരം പറഞ്ഞു. "ആ.. ദയ... അവൾ എന്റെ പെണ്ണാണ്.." പറയുന്നവന്റെ കണ്ണുകൾ തിളങ്ങുന്ന പോലെ.. "ഫാത്തിമ... അവളെ അറിയോ നീ " കണ്ണിലേക്കു നോട്ടം കുത്തി ഇറക്കി വീണ്ടും അവന്റെ ചോദ്യം " ഉണ്ടന്നോ ഇല്ലെന്നോ പറയണം എന്നറിയാതെ വലഞ്ഞു ഷാ. എന്ത് പറഞ്ഞാലാണ് അടി കിട്ടുന്നത് എന്നറിയില്ല.. "അറിയില്ലെടോ "

മുടിയിൽ കുത്തി പിടിച്ചു വലിച്ചു.. "നിന്റെ ഭാര്യ... നിന്റെ മകളുടെ ഉമ്മ... അത് പറയാൻ നിനക്ക് ആലോചിച്ചു നോക്കണം അല്ലേടാ " മുഖം നോക്കി വീണ്ടും അടി... ചുണ്ട് പൊട്ടി ചോര വന്നിരുന്നു.. അതായിരുന്നോ അവളുടെ പേര് എന്നാണ് ഷാ ഓർത്തത്. അല്ലങ്കിൽ തന്നെ ഭാര്യയെ വിളിക്കാൻ ഓമന പേരല്ലേ നല്ലത്.. തേവിടിച്ചി...പിഴച്ചു പോയവൾ... അങ്ങനെ എന്തെല്ലാം..ഉണ്ടായിരുന്നു തനിക്കവളെ വിളിക്കാൻ പേരുകൾ.. ഓരോ പേരിനൊപ്പവും അടിയും ഫ്രീ ആയിരുന്നുവല്ലോ. തലക്ക് ഒരടി കിട്ടിയപ്പോൾ ഷാ പുളഞ്ഞു പോയി. കണ്ണുകൾ അറിയാതെ നിറഞ്ഞു.. കണ്ണുനീർ ലഹരിയായിരുന്നവൻ... തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളവരെ നോവിച്ചു രസിച്ചവൻ.. അവൻ വേദന സഹിക്കാൻ ആവാതെ ഞെളിയുന്നു.. "നിനക്കവൾ ഭാര്യ അല്ലല്ലോ.. വേദനിപ്പിച്ചു രസിക്കാൻ ഉള്ള യന്ത്രമല്ലായിരുന്നോ.. അല്ലേടാ &&&&&%₹₹" റോഷൻ കലി തീരാതെ അവനെ ആഞ്ഞു ചവിട്ടി കൂട്ടി.. പുഴുവിനെ പോലെ ഷാ നിലത്ത് കിടന്നു പുളഞ്ഞു..

കൈകൾ ഒടിഞ്ഞു തൂങ്ങി.. "ആ ഫാത്തിമ ഇപ്പൊ എന്റെ പെങ്ങളാ... അതിന് ഒരമ്മയുടെ വയറ്റിൽ ജനിക്കണം എന്നില്ല... അവളെ നീ അടിച്ച ഓരോ അടിക്കും പകരം ചോദിച്ചു ചെല്ലുമെന്ന് ഞാൻ എന്റെ പെങ്ങൾക്ക് വാക്ക് കൊടുത്തു വന്നതാ... അറിയോടാ " വീണ്ടും അടി.. ഷായ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.. നെഞ്ചിൽ റോഷൻ ആഞ്ഞു ചവിട്ടി.. ഇതെല്ലാം കണ്ട് നിൽക്കുന്ന ജിബിയേയും സനലിനെയും ഷാ ദയനീയമായി നോക്കി.. "സോറി അനിയാ.. ഇതവന്റ കടമയാണ്.. ഞങ്ങൾ ഇടപെടില്ല... റിയലി സോറി.." ജിബി വിളിച്ചു പറഞ്ഞു.. അവന്റെ നോട്ടം കണ്ടപ്പോൾ റോഷൻ വീണ്ടും അടിച്ചു.. "രക്ഷിക്കാൻ വേണ്ടി ആയിരിക്കും.. അല്ലേ നീ അവരെ നോക്കുന്നത്... ഇവിടെ നിന്നെ രക്ഷിക്കാൻ ദൈവം പോലും വരില്ല അഹദ് ഷാ " റോഷൻ ചിരിച്ചു കൊണ്ട് അവന്റെ മുടിയിൽ പിടിച്ചുലച്ചു..

നീണ്ട മുടി ഇഴകൾ പാതിയും പറിഞ്ഞു പോയത് പോലെ... അവൻ ഉറക്കെ അലറി.. റോഷൻ പൊട്ടിച്ചിരിച്ചു... "ഇതൊക്കെ എന്ത്... ഇതിനേക്കാൾ ഉച്ചത്തിൽ ഒരു പാവം പെണ്ണു നിന്ന് കരഞ്ഞിട്ടില്ലെടാ നിന്റെ മുന്നിൽ... അവൾക്ക് വേണ്ടി ചോദിക്കാൻ ആരും വരില്ലെന്ന് അല്ലായിരുന്നോ നിന്റെ ധൈര്യം... ഇപ്പൊ നീ കരയുന്നോ " വീണ്ടും റോഷൻ അടിച്ചു.. ഷായുടെ വായിൽ നിന്നും ചോര ഒഴുകി.. "നീ പാതി ജീവനോടെ വിട്ട പെണ്ണൊരുത്തി... ഹോസ്പിറ്റലിൽ ബെഡിൽ വേദന സഹിച്ചു കിടക്കുന്നുണ്ട്.. എന്താ അവള് ചെയ്തു പോയ കുറ്റം... നിന്റെ ഭാര്യ ആയന്നതോ.. അതോ അനാഥയായി ജനിച്ചു എന്നതോ..പറയെടാ പിശാച്ചേ " റോഷൻ ഒരു ചവിട്ട് കൂടി കൊടുത്തു.. വീണു കിടന്ന ഒരു കസേര വലിച്ചെടുത്തു റോഷൻ അതിൽ ഇരുന്നു.. അവൻ വിയർത്തു കുളിച്ചിരുന്നു.. മുഖം ചുവന്നു... കണ്ണുകളിൽ ദേഷ്യം ജ്വലിക്കുന്ന പോലെ.. "വേദനിപ്പിച്ചു രസിക്കാൻ ആർക്കും പറ്റുമെടാ ചെറ്റേ... ചേർത്ത് നിർത്താൻ ആണ് ആണിന് ദൈവം കൂടുതൽ കരുത്തു കൊടുത്തത്..

പെണ്ണിന് സംരക്ഷണം നൽക്കാനാണ്.. ആണിന് കൂടുതൽ ശക്തിതന്നത്.. അല്ലാതെ പെണ്ണിന് മേൽ ശക്തമായ പ്രഹസനം നടത്താൻ അല്ലേടാ ശവമേ " പറച്ചിലും അടിയും കഴിഞ്ഞു.. ഷാ നിലത്തേക്ക് തന്നെ മലർന്ന് കിടന്നു.. നിവർന്നിരിക്കാൻ കൂടി വയ്യായിരുന്നു.. "ഇനി ഒരിക്കലും നീ ഒരു പെണ്ണിനേയും മറ്റൊരു ഉദ്ദേശം വെച്ചിട്ട് നോക്കരുത്... എത്രയെത്ര പെൺകുട്ടികൾ നീ കാരണം ജീവിതം വെറുത്തു പോയിട്ടുണ്ട്.. കരഞ്ഞു തീരുന്നുണ്ട്.. മരിച്ചു പോയിട്ടും ഉണ്ടാവും... നീ... നീ മാത്രം ആണ് കാരണം... എന്നിട്ട് നീ ജീവിതം ആഘോഷിച്ചു നടക്കുന്നു... പുതിയ പുതിയ പ്രണയിനികളെ തേടുന്നു.. നീ എന്താണ് കരുതിയത്.. എക്കാലത്തും തെറ്റ് ചെയ്തു പിടിക്കപ്പെടാതെ ജീവിക്കാൻ ആവുമെന്നോ... നിനക്ക് രസിച്ചു ജീവിക്കാം എന്നോ " റോഷൻ അവന്റെ കാലിൽ ആഞ്ഞു ചവിട്ടി..

"ഒരുനാൾ.... ഒരുനാൾ എല്ലാത്തിനും പകരം ചോദിക്കാൻ ആരെങ്കിലും വരുമെന്ന് നീ മറന്നു കളഞ്ഞു അല്ലേ.. നീ നല്ലൊരു അധ്യാപകൻ.... വേണ്ട നല്ലൊരു മനുഷ്യൻ ആവുമ്മെന്ന ഉറപ്പൊന്നും എനിക്കില്ല.. അത് കൊണ്ട് തന്നെ നിന്നോട് ക്ഷമിക്കാൻ എനിക്ക് കഴിയില്ല..." റോഷന്റെ ചുവന്നു തുടുത്ത കണ്ണിലേക്കു ഷാ പേടിയോടെ നോക്കി.. വേദനയും പേടിയും അവനെ തളർത്തി കളഞ്ഞു.. ഇട്ടിരുന്ന ഷർട്ട് ചോര കൊണ്ട് കുതിർന്നു പോയിരുന്നു.. വേണ്ട... ഒന്നും ചെയ്യരുത്... "ഷാ വിക്കി കൊണ്ട് പറഞ്ഞു.. കൊടിയ വേദന കൊണ്ട് അവന്റെ മുഖം ചുളിയുന്നു.. ഒടിഞ്ഞ കൈകൾ അവൻ അനക്കുന്നതെ ഇല്ല.. അത് വിറക്കുന്നുണ്ട്.. "വേണ്ടേ... അത് പറയാൻ നിനക്ക് അർഹത ഉണ്ടോ ടാ.. അഹദ് ഷാ... പടച്ചോന്റെ പേരിട്ടത് കൊണ്ട് മാത്രം ഒരാൾ നന്നാവില്ല... നല്ല അച്ഛന് ജനിച്ചത് കൊണ്ടും മികച്ച വിദ്യാഭ്യാസം കിട്ടിയത് കൊണ്ടും ഒരാൾ നന്നാവില്ലെന്ന് നീ പഠിപ്പിച്ചു അഹദ് ഷാ... നിനക്ക് മാപ്പില്ല.."അവനെ എനിക്കിനി കാണണ്ട...

കൊന്നു കളഞ്ഞേക്ക് മോനെ "എന്ന് നിന്റെ ഉപ്പ എന്നോട് പറയുമ്പോൾ ആ മനുഷ്യന്റെ ശബ്ദം പാറ പോലെ ഉറച്ചു പോയിരുന്നു... അത്രമാത്രം നിന്നെ ആ ഉപ്പ വെറുക്കുന്നു.. ഇല്ലങ്കിൽ... ഇല്ലങ്കിൽ ജനിപ്പിച്ച മകനെ കൊല്ലാൻ ഒരു അച്ഛനും ആവിശ്യപെടില്ലെടാ " റോഷൻ പറയുമ്പോൾ ഷാ അവന്റെ നേരെ നോക്കി.. "എന്റെ മകൾക്കിനി അങ്ങനൊരു ഉപ്പ വേണ്ട ഏട്ടാ ന്ന് ആ പാവം പെണ്ണ് പറയണം എങ്കിൽ... അവളെത്ര വേദനിച്ചു കാണും... ഇനി നീ കാരണം ഒരു പെണ്ണും സ്നേഹത്തിന്റെ പേരിൽ വേദനിക്കില്ലെന്ന് ഞാനും പറഞ്ഞു..." വല്ലാത്തൊരു ചിരിയോടെ റോഷൻ പറയുമ്പോൾ ഷാ നിറഞ്ഞ കണ്ണോടെ അവന്റെ നേരെ നോക്കി.. "എന്നെ... ഒന്നും ചെയ്യരുത്.. ഞാൻ.. ഞാനിനി അങ്ങനൊന്നും ചെയ്യില്ല.. തെറ്റ് ചെയ്യില്ല " ഷാ പറയുമ്പോൾ റോഷൻ ഒറ്റ ചവിട്ടായിരുന്നു.. ഷാ തെറിച്ചു പോയി.. റോഷൻ ചാടി എഴുന്നേറ്റു കൊണ്ട് അവന്റെ മുഖം നോക്കി വീണ്ടും അടിച്ചു.. ദേഷ്യവും പകയും അവന്റെ പിടി വിട്ടിരുന്നു..

"അപ്പൊ... ചെയ്യുന്നത് തെറ്റാണ് എന്ന് നിനക്കാറിയാമായിരുന്നു അല്ലേടാ... നാറി. സ്വന്തം കുഞ്ഞ് പോലും ഈ ലോകത്തെ പേടിയോടെ നോക്കാൻ കാരണം നീ അല്ലേടാ.. ആ കുഞ്ഞു മനസ്സിൽ നീ പാകിയ നോവിന്റെ പാടുകൾ അല്ലേ.. അവൾക്ക് ആണുങ്ങളെ കാണുന്നത് പേടിയാ ന്ന് എന്റെ പെങ്ങൾ പറഞ്ഞു.. നീ അല്ലേ... നിന്റെ ക്രൂരത അല്ലേ കാരണം.. ആ മനസ്സൊന്നു നേരെയാവാൻ ഇനിയെത്ര കാലം കഴിക്കണം എന്ന് നിനക്കറിയോ " റോഷൻ അലറും പോലെ ചോദിച്ചു.. ഷാ കിടുങ്ങി വിറച്ചു പോകുന്നുണ്ട്.. ആ ഭാവത്തിൽ.. ഇന്നോളം കാണിച്ചു കൂട്ടിയ സകലതും അവന്റെ ഓർമയിൽ തെളിഞ്ഞു.. സ്നേഹത്തോടെ കഴുത്തറുക്കുന്ന തന്റെ ലീലവിലാസങ്ങൾ.. ഇത് വരെയും പിടിക്കപ്പെടിട്ടില്ല എന്നതായിരുന്നു ഏറെ ആശ്വാസം.. കൂടുതൽ തെറ്റ് ചെയ്യാനുള്ള വളവും അത് തന്നെ. പിടിക്കപ്പെടുമെന്ന് തോന്നുന്ന നിമിഷം... പിന്നെ അവിടെ നിൽക്കാറില്ല.. പെണ്ണിന്റെ കണ്ണുനീർ കണ്ട് രസിച്ചു...

അർമാധിച്ചു.. ഇപ്പൊ ദേഹത്തു വീഴുന്ന ഓരോ അടിയിലും അറിയുന്നുണ്ട്... ഓരോ പെണ്ണും പൊഴിച്ചു കളയുന്നത് കേവലം വെള്ള തുള്ളികൾ അല്ലായിരുന്നു.. അത് തീ ആയിരുന്നു.. എന്നെങ്കിലും ഒരിക്കൽ പൊള്ളിച്ചു കരിയിക്കുന്ന.... പൊട്ടി അടർന്നു വേദന തരുന്ന തീ തുള്ളികൾ.. ഫാത്തിമ അടക്കം എത്ര പെണ്ണുങ്ങൾ.. താൻ അങ്ങോട്ട് പുറകെ നടന്നു വളച്ചതും... ഇങ്ങോട്ട് ഇഷ്ടം പറഞ്ഞു വന്നവരും.. ഒടിഞ്ഞു തൂങ്ങിയ കൈ തുള്ളി വിറക്കുന്നു.. ഷാ ഒന്ന് ഞരങ്ങി.. "നിനക്ക് വേദന ഉണ്ടല്ലേ... ഇതിനേക്കാൾ വേദന ആണെടാ .....വയറ്റിൽ കുരുത്തൊരു ജീവൻ... അത് നിന്റെ കൈ ക്രിയയിൽ ഒലിച്ചു പോകുമ്പോൾ ഒരു പെണ്ണ് അനുഭവിക്കുന്നത്... കണ്ടു നിൽക്കാൻ കൂടി ആയില്ലെന്ന് അവളെ നോക്കിയ ഡോക്ടർ എന്നോട് പറഞ്ഞു... അതറിയുവോട നിനക്ക് " റോഷൻ അവന്റെ കയ്യിനു ഒരു തട്ട് വെച്ചു കൊടുത്തു.. ഷാ ഉറക്കെ ഉറക്കെ അലറി കരഞ്ഞു കൊണ്ട് നിലത്ത് കിടന്നു പുളഞ്ഞു... ജിബിയും സനലും അനങ്ങുന്നില്ല... "നിന്നോട് ക്ഷമിക്കാൻ എനിക്ക് കഴിയില്ല അഹദ് ഷാ... നീ ചെയ്തത് സ്നേഹം കൊണ്ട് ചതിച്ചതാ..അതിന് മാപ്പില്ല. ഏറ്റവും വലിയ വേദനയാണത്.. സ്നേഹം കൊണ്ട് മുറിവ് തീർക്കുന്നത്..

നീ ഒരു അധ്യാപകൻ അല്ലേടാ.. വിദ്യാഭ്യാസത്തിന്റെ പേരിൽ റാങ്കുകൾ വാങ്ങിച്ചു കൂട്ടിയവൻ അല്ലേടാ.. എന്നിട്ടും ഇത്രയും അതപതിച്ചു പോവാൻ എങ്ങനെ കഴിഞ്ഞു.." റോഷൻ കമിഴ്ന്നു കിടക്കുന്ന അവനെ തോണ്ടി മലർത്തി ഇട്ടു... ഷായുടെ ഞരക്കം മാത്രം കേൾക്കുന്നുണ്ട്.. "നിന്റെ ചെയ്തികൾ കണ്ടിട്ട് നീറി നീറിയാണ് നിന്റെ ഉമ്മ മരിച്ചതെന്ന് നിന്റെ ഉപ്പ പറഞ്ഞു.. നീ കാരണം ജീവിതം മടുത്തു പോയെന്ന് നിന്റെ ഉപ്പ പറഞ്ഞു... നീ കാരണം ജീവിക്കാൻ പേടിയാണ് എന്ന് നിന്റെ ഭാര്യ പറഞ്ഞു... എല്ലാത്തിനും നീ... നീ ആണ് കാരണം... നീ ഇല്ലാണ്ടായാൽ.... അവർക്കൊക്കെ സുഖമായി ജീവിക്കാം.. അത് കൊണ്ട് നീ ഇനി ഈ ലോകത്ത് വേണ്ട..." റോഷൻ പല്ല് കടിച്ചു പിടിച്ചു കൊണ്ട് എഴുന്നേറ്റു.. "നീ എവിടെ ആയിരുന്നാലും തേടി പിടിക്കുമെന്നു എന്റെ പെണ്ണിനും പെങ്ങൾക്കും ഞാൻ വാക്ക് കൊടുത്തിരുന്നു... എന്റെ കയ്യിൽ നിന്നും നിനക്ക് രക്ഷഇല്ല ഷാ " റോഷൻ വീണ്ടും ഒരു ചവിട്ട് കൊടുത്തു..

ഷായുടെ അലർച്ചയോടൊപ്പം അവന്റെ കണ്ണുകൾ അടഞ്ഞു.. ബോധം തെളിയുമ്പോൾ ഒരു കസേരയിൽ ചേർത്ത് കെട്ടിയിരിക്കുന്നു.. കഴിഞ്ഞു പോയതൊക്കെ വീണ്ടും അവന്റെ ഓർമയിൽ നിറഞ്ഞു.. ഒടിഞ്ഞ കൈ കെട്ടിയത് കാരണം സൂചി കുത്തി തറക്കും പോലുള്ള വേദന... ഷാ തന്നെ നോക്കി കയ്യിലൊരു ഇരുമ്പ് പൈപ്പുമായി ഇരിക്കുന്ന റോഷനെ വിറച്ചു കൊണ്ട് നോക്കി.. ചോര ഒലിച്ചിട്ട് കണ്ണുകൾ പാട മൂടിയ പോലെ... "ഉണർന്നോ.. കാത്തിരിക്കുവായിരുന്നു... " റോഷൻ എഴുന്നേറ്റു ഷായുടെ അരികിൽ വന്നു നിന്നിട്ട് പറഞ്ഞു.. "നീ തിരിച്ചടിക്കുമോ എന്ന് പേടിച്ചല്ല കേട്ടോ ഞാൻ കെട്ടി ഇട്ടത്... പ്രതികരിക്കാൻ കഴിയാതെ... ദേഹത്തു നോവുന്നതിന്റെ സുഖം പൊന്ന് മോൻ ഒന്നറിയട്ടെ എന്ന് കരുതി " കയ്യിലെ പൈപ്പ് കറക്കി കൊണ്ട് റോഷൻ ചിരിച്ചു.. "കൊല്ലരുത്... പ്ലീസ്.." ഷാ ദയനീയമായി അവന്റെ നേരെ നോക്കി.. "ഏയ്.. കൊല്ലുന്നില്ല.. അത് ഞാനും തീരുമാനിച്ചു.. അങ്ങനെ ഒറ്റയടിക്ക് നീ ചാവരുത്.. അത് നിനക്ക് രക്ഷപെടലാണ്.. നീ ജീവിക്കണം അഹദ് ഷാ... നരകിച്ചു തന്നെ ജീവിക്കണം.. ആരും ഇല്ലാതെ... ഒന്നിനും വയ്യാതെ ചെയ്തു പോയ തെറ്റുകൾ ഓരോ നിമിഷവും ഓർത്തു കൊണ്ട് തന്നെ നീ ഇനിയും ജീവിക്കണം..

നീ അറിയണം ആരും ഇല്ലാത്ത വേദന... അത് പറഞ്ഞല്ലേ.. ആ ധൈര്യം കൊണ്ടല്ലേ... നിന്റെ എന്റെ പെങ്ങളെ ഓരോ പ്രാവിശ്യവും വേദനിപ്പിച്ചു രസിക്കുന്നത്..." പറഞ്ഞതും അവന്റെ കയ്യിലുള്ള പൈപ്പ് വീണ്ടും വീണ്ടും ഉയർന്നു താഴ്ന്നു.. ഷായുടെ നിലവിളികൾ മാത്രം അവിടെ മുഴങ്ങി കേട്ടു.. ❤❤❤❤❤❤❤❤❤❤❤❤❤❤ "ഇതെന്താ ഇവിടെ ഇരിക്കുന്നെ " റോഷനെ നോക്കി ദയ പതിയെ ചോദിച്ചു. ബാൽകണിയിലെ ചുവരിൽ ചാരി പുറത്തേക്ക് നോക്കി ഇരിക്കുന്ന അവൻ പതിയെ തല ചെരിച്ചു നോക്കി. അവളെ കണ്ടപ്പോൾ കണ്ണടച്ച് കാണിച്ചു ചിരിച്ചു.. ചുമ്മാ... അവൻ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു.. "ദേ ഈ നെറ്റിയിലെ മുറിവ്... അത് വണ്ടിയിൽ തല ഇടിച്ചു ഉണ്ടായതാ എന്ന് അമ്മയോട് പറഞ്ഞത് ഞാൻ വിശ്വസിചിട്ടില്ല ട്ടോ " ചുണ്ട് കൂർപ്പിച്ചു കൊണ്ട് ദയ പറയുമ്പോൾ റോഷൻ കള്ള ചിരിയോടെ അവളെ നോക്കി.. "സത്യം പറഞ്ഞ അമ്മക്ക്‌ സങ്കടം ആവും പെണ്ണെ.. അത് കൊണ്ടാണ്.."

ചിരിച്ചു കൊണ്ട് തന്നെ അവൻ പറയുമ്പോൾ ദയ അലിവോടെ അവനെ നോക്കി... "ഞാൻ എവിടെ പോയതാ എന്ന് നി എന്താ ചോദിക്കാത്തെ " റോഷൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അരികിൽ നിർത്തി കൊണ്ട് ചോദിച്ചു.. അവൾ വിറച്ചു പോയി.. പിടക്കുന്ന ആ കണ്ണിലേക്കു നോക്കി റോഷൻ ഒരു നിമിഷം സ്റ്റക്ക് ആയി.. "പറ.. എന്താ ചോദിക്കാത്തെ " അവൻ വീണ്ടും അവളെ നോക്കി.. "ഞാൻ... എനിക്ക് അറിയാം... തെറ്റായി.... തെറ്റായി ഒന്നും ചെയ്യില്ലെന്ന്..." ദയ വിക്കി കൊണ്ട് പറഞ്ഞു.. "നിനക്കിപ്പഴും എന്നെ പേടിയാണോ ദയ " റോഷൻ അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു.. അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു.. "ഞാൻ തൊടുമ്പോൾ നീ എന്തിനാ വിറക്കുന്നത്... നിന്റെ സമ്മദം കൂടാതെ ഭർത്താവിന്റെ അവകാശം ഞാൻ പിടിച്ചെടുക്കും എന്ന് നീ കരുതുന്നുണ്ടോ " റോഷൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. ഇല്ലെന്ന് ദയ പെട്ടന്ന് തലയാട്ടി... "പിന്നെ എന്താ... എന്നോട് സംസാരിക്കാൻ മാത്രം നിനക്ക് വിക്ക്...

ഞാൻ തൊടുമ്പോൾ മാത്രം നിനക്ക് വിറയൽ..നീ മനസ്സോരുങ്ങി വരുവോളം ഞാൻ കാത്തിരിക്കുമെന്ന് പറഞ്ഞതല്ലേ.. പിന്നെന്താ...നീ ഇങ്ങനൊന്നും അല്ലെന്ന് എനിക്കറിയാലോ ദയ.. ഇവിടെ ഉള്ളവരോട് നീ നല്ല ജോളി ആണല്ലോ.. ഞാനും കാണാറുണ്ട് ട്ടോ അത്... അവരൊക്കെ നിന്റെ സ്വന്തം ആയത് കൊണ്ടാണോ.. ഞാൻ.. ഞാൻ അങ്ങനെ അല്ലാത്തത് കൊണ്ട....." റോഷൻ പറഞ്ഞു തീരും മുന്നേ ദയ അവന്റെ വാ പൊതിഞ്ഞു പിടിച്ചു.. "അങ്ങനെ പറയല്ലേ... പ്ലീസ്..." അവൾ പതിയെ പറഞ്ഞു.. അവന്റെ കണ്ണിലൊരു സൂര്യൻ ഉദിച്ചു... സന്തോഷം കൊണ്ട്.. വാ പൊതിഞ്ഞു പിടിച്ച കൈകൾ അവൻ തന്നെ പതിയെ എടുത്തു മാറ്റി.. "വാ.. ഇവിടിരിക്ക് " അവളെ അവൻ അരികിൽ ചേർത്ത് ഇരുത്തി.. "എന്നോട് എന്തോ തെറ്റ് ചെയ്തു എന്നൊരു കുറ്റബോധം ഉണ്ടല്ലേ നിന്റെ മനസ്സിൽ... അതോർക്കുമ്പോൾ അല്ലേ ഈ പിടച്ചിൽ... അത് വേണ്ട... നിന്റെ ഓർമയിൽ പോലും വേണ്ട അതിനി... നിന്നോട് ചെയ്തതിനുള്ളത് അവന് കിട്ടി കഴിഞ്ഞു " റോഷൻ പറയുമ്പോൾ ദയ ഞെട്ടി കൊണ്ട് അവന്റെ നേരെ നോക്കി.. അവൻ ഒന്ന് കണ്ണടച്ച് കാണിച്ചു.. രണ്ടാളും ഒന്നും മിണ്ടാതെ അൽപ്പസമയം ഇരുന്നു..

"കുടിക്കാൻ വല്ലോം വേണോ..." ദയ പതിയെ ചോദിച്ചപ്പോൾ റോഷൻ അവളെ നോക്കി... അത്ഭുതത്തോടെ.. "അതെന്താ... അങ്ങനൊരു ചോദ്യം..." അവൻ തിരിച്ചു ചോദിച്ചു.. "അല്ല.... അങ്ങനൊക്കെ അല്ലേ..." അവൾ പാതിയിൽ നിർത്തി അവനെ നോക്കിയപ്പോൾ റോഷൻ പൊട്ടിച്ചിരിച്ചു പോയി.. ദയ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി.. "ഓഓഓ... ഭാര്യ അങ്ങനെ ഒക്കെ ആണ് ല്ലേ..." അവൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.. "പക്ഷേ എന്റെ ഭാര്യ എനിക്കെന്റെ അടിമയല്ലല്ലോ... അവൾ എന്റെ പാതിയാണ്... ജീവന്റെ.. ജീവിതത്തിന്റെ . പ്രണയത്തിന്റെ... എല്ലാം.. എല്ലാം... തത്കാലം നീ ഭാരിച്ച ഉത്തരവാദിത്തം ഒന്നും ഏറ്റെടുക്കേണ്ട ട്ടോ.." റോഷൻ പറയുമ്പോൾ ദയ അവന്റെ കയ്യിൽ വിരൽ കോർത്തു പിടിച്ചു.. "ഇവിടിങ്ങനെ ഇരിക്കാൻ തന്നെയാണോ തീരുമാനം. പഠനം തീർത്തും ഒഴിവാക്കിയോ " റോഷൻ തല ചെരിച്ചു കൊണ്ട് ചോദിച്ചു.. "എനിക്കറിയില്ല.. എനിക്കൊന്നും തോന്നുന്നില്ല " ദയ മറ്റങ്ങോ നോക്കി കൊണ്ട് പറഞ്ഞു.. റോഷൻ ഒന്ന് ചിരിച്ചു.. "എത്രയോ പെൺകുട്ടികൾ... പഠനം തുടരാൻ ഒരു വഴിയും കാണാതെ വിഷമിക്കുന്നുണ്ട് നമ്മുക്ക് ചുറ്റും" റോഷൻ പറയുമ്പോൾ ദയ അവന്റെ നേരെ നോക്കി.

"നിന്റെ ആഗ്രഹം ആയിരുന്നു പഠിച്ചു ജോലി നേടുക എന്നത്.. എന്തിനാണ് അത് മറ്റൊരാളെ കുറിച്ചോർത്തു വേണ്ടന്ന് വെക്കുന്നത്... ഉപേക്ഷിച്ചു കളയുന്നത്.. നാളെ ഒരിക്കൽ വേണ്ടായിരുന്നു എന്ന് തോന്നാത്തിരിക്കാൻ ഇന്നുകളിൽ തെറ്റായ തീരുമാനം എടുക്കരുത് ദയ...ജീവിക്കണം... മുന്നിൽ തണൽ നൽകിയവർ തന്നെ പൊള്ളുന്ന വെയിലും ആവുമെന്ന് മറക്കരുത്.. നിന്റെ ഇമോഷൻസ് നിന്നെ അല്ലാതെ മറ്റൊരാളെ ഡിപ്പന്റ് ചെയ്യുന്നതാവരുത്... മനസ്സിലായോ " റോഷൻ ചോദിച്ചപ്പോൾ ദയ പതിയെ തലയാട്ടി.. "വിജയിക്കുമ്പോൾ നമ്മളിൽ ഉണ്ടാവുന്നതല്ല ശക്തി... നമ്മുടെ പ്രശ്നങ്ങൾ നമ്മളിൽ കൊണ്ടിടുന്നതാണ് അത്.നമ്മുടെ ജീവിത്തിലെ വലിയൊരു പ്രശ്നം വരുമ്പോൾ... അതിന് മുന്നിൽ നമ്മൾ അടിയറവ് പറയില്ലെന്ന് നമ്മൾ തീരുമാനിച്ചാൽ... അതാണ്‌ ശക്തി.." റോഷൻ പതിയെ പറഞ്ഞു.. "അനുഭവങ്ങൾ പഠിപ്പിച്ചു തന്നതാ എനിക്കത്..ഊഹങ്ങൾ പലപ്പോഴും തെറ്റായിരിക്കും.. കാരണം അത് മനസ്സിന്റെ ഭാവനയാണ്.. പക്ഷേ അനുഭവങ്ങൾ ഒരിക്കലും തെറ്റാൻ വഴിയില്ല.. അത് നമ്മൾ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠം ആണ്..' റോഷൻ പറയുമ്പോൾ... ദയയുടെ വിരലുകൾ അവന്റെ കയ്യിൽ മുറുകി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story