കൂട്ട് 💕💕💕: ഭാഗം 26 || അവസാനിച്ചു

Koott

രചന: ജിഫ്‌ന നിസാർ

പോർച്ചിൽ വണ്ടി നിർത്തുന്ന ശബ്ദം കേട്ടപ്പഴേ ദയ പിടഞ്ഞു എഴുന്നേറ്റു.. നീണ്ട മുടി ഇഴകൾ കോതി ചിരിച്ചു കൊണ്ട് ചാടി കയറി വരുന്നവനെ കാണുമ്പോൾ തന്നെ ഹൃദയം കുളിരുന്നു.. എന്തൊരു മായാജാലകാരൻ ആണവൻ.. ഒരിക്കൽ വെറുപ്പോടെ നോക്കിയ കണ്ണുകൾ ഇന്നിപ്പോൾ ഇത്തിരിയെങ്കിലും നേരം കാണാതെയാവുമ്പോൾ നീറുന്ന പോലെ.. നിറഞ്ഞ ചിരിയോടെ വരുന്നവനെ കാണുമ്പോൾ പറയാൻ കരുതിവെച്ച പരിഭവം അലിഞ്ഞു പോകും പോലെ.. ആ ചിരിയിൽ പോലും സ്നേഹമാണ്. "കാത്തിരിക്കുവാണോ " തൊട്ടരികിൽ വന്നിട്ട് അവളെ കോർത്തു പിടിച്ചു കൊണ്ട് റോഷൻ ചോദിച്ചു. ദയ മുഖം വീർപ്പിച്ചു പിടിച്ചു.. "എന്റെ പെണ്ണെ.. ഞാൻ പറഞ്ഞിട്ടല്ലേ പോയത്.. വിചാരിച്ചതിലും രണ്ടു ദിവസം നീണ്ടു പോയി. എന്റെ കുറ്റം അല്ലല്ലോ.. അതും ഞാൻ വിളിച്ചു പറഞ്ഞില്ലേ നിന്നെ.. പിന്നെ എന്താ " റോഷൻ ദയയുടെ കണ്ണിലേക്കു നോക്കി ചോദിച്ചു.. അവൾ പക്ഷേ ഒന്നും പറയാതെ അവന്റെ കൈകൾ കുടഞ്ഞു മാറ്റി കൊണ്ട് നടന്നു പോയി. റോഷൻ കൈ കൊണ്ട് നെറ്റിയിൽ അടിച്ചു.. അവനിപ്പോൾ സ്വന്തമായിട്ട് ബിസിനസ് ചെയ്യുന്നുണ്ട്.. അതിന്റെ ഒരു യാത്രയിൽ ആയിരുന്നു..

കുരിശും വീട്ടിലെ ഏതെങ്കിലും ഒരു ബിസിനസ് ഏറ്റെടുത്തു നടത്താൻ അവിടെ ഉള്ളവരെല്ലാം ആവുന്നതും പറഞ്ഞു അവനോട്.. സ്നേഹപൂർവ്വം തന്നെ അവൻ അതെല്ലാം നിരസിച്ചു.. സ്വന്തമായിട്ടൊരു എക്സ്പോർട്ട് കമ്പനിതുടങ്ങുമ്പോൾ... മറ്റെല്ലാം ഉപേക്ഷിച്ചു കൊണ്ട് ജിബിയും സനലും അപ്പോഴും അവന്റെ നിഴൽ പോലെ കൂടെ തന്നെ ഉണ്ടായിരുന്നു.. പ്രതീക്ഷിചതിലും വേഗത്തിൽ അവന്റെ സംരഭം വളർന്നു... താങ്ങായി.. തണലായി.. ബിസിനസ് പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ എന്തിനും ഏതിനും സിബിയും സജിയും അളിയന്റെ ചങ്ക് ആയിട്ട് തന്നെ കൂട്ടിനുണ്ട്.. അവൾ പോയ വഴിയേ നോക്കിയൊന്ന് ചിരിച്ചിട്ട് റോഷൻ അടുക്കളയിലേക്ക് നീട്ടി വിളിച്ചു.. "ഞാൻ വന്നൂട്ടോ " "ഇങ്ങട്ട് കയറി വാടാ തെമ്മാടി... അവിടെ നിന്നിട്ട് താളം ചവിട്ടാതെ " അന്നമ്മച്ചിയുടെ സ്വരം കേട്ടപ്പോൾ അവൻ ചിരിച്ചു കൊണ്ട് അങ്ങോട്ട്‌ നടന്നു... "നമ്മളെ ഇപ്പൊ തീരെ മൈന്റ് ഇല്ലാട്ടോ... സങ്കടണ്ട് " സ്ലാബിൽ ചാടി കയറി ഇരുന്നു കൊണ്ട് റോഷൻ പറയുമ്പോൾ അന്നമ്മച്ചി അവനെ കൂർപ്പിച്ചു നോക്കി..

"നീ തന്നെ ഇത് പറയണം ടാ... മറ്റുള്ളോരുടെ പരാതി എന്താണ് എന്നറിയോ നിനക്ക്... നിന്നോടാണ് കൂടുതൽ ഇഷ്ടം ന്ന്.. നിന്റെ കെട്ടിയോൾ അടക്കം എന്നോട് പറയും അങ്ങനെ..." റോഷൻ അവരുടെ കൈ പിടിച്ചു വലിച്ചു അടുത്തേക്ക് നിർത്തി... "അവരങ്ങനെ പറഞ്ഞങ്കിൽ.. അതിലിച്ചിരി സത്യം ഇല്ലേ എന്നാ എനിക്കും തോന്നുന്നത് " റോഷൻ കുറുമ്പോടെ പറയുമ്പോൾ അന്നമ്മച്ചി അവന്റെ തലയിൽ തലോടി.. "അമ്മയ്ക്ക് എല്ലാ മക്കളും ഒരു പോലാ റോഷൂ." റോഷൻ ചിരിച്ചു കൊണ്ട് അവരെ ചേർത്ത് പിടിച്ചു.. "എന്റെ പുന്നാര ഭാര്യക്ക് എന്തോ പറ്റി.. മുഖം വാടി പോയത് പോലെ " റോഷൻ ചോദിച്ചു.. "ഇത് നല്ല കൂത്ത്.. നിന്റെ ഭാര്യയോടെ പോയി ചോദിക്കെടാ... എനിക്ക് എങ്ങനെ അറിയാം " അന്നമ്മച്ചി പറഞ്ഞപ്പോൾ റോഷൻ ചാടി ഇറങ്ങി.. "വല്ലോ കഴിച്ചു പോടാ " അന്നമ്മച്ചി വിളിച്ചു പറഞ്ഞു.. "അവളെ വിളിച്ചിട്ട് വരാം.. നമ്മുക്ക് ഒരുമിച്ചു കഴിക്കാം " റോഷൻ തിരിഞ്ഞു നോക്കി പറഞ്ഞിട്ട് കയറി പോയി.. ❤❤❤❤❤❤❤❤❤❤❤❤❤❤

അവൻ ചെല്ലുമ്പോൾ ദയ ബെഡിൽ ഇരിക്കുന്നു.. വാതിൽ ചാരി കൊണ്ട് അവൻ അവളുടെ അരികിൽ പോയിരുന്നു.. ദയ ഒന്ന് കൂർപ്പിച്ചു നോക്കി.. "അത്യാവശ്യം ആയത് കൊണ്ടല്ലേ ടി.. ഇല്ലെങ്കിൽ നിന്നെ വിട്ട് ഞാൻ പോകില്ലെന്ന് മാറ്റാരേക്കാളും നിനക്കറിയില്ലേ..പിന്നെയും എന്തിനാ ഈ പിണക്കം.. നമ്മുക്ക് വേണ്ടി അല്ലേടി..." റോഷൻ പറയുമ്പോൾ ദയ അവനെ ഒന്ന് നോക്കി.. "പിങ്ങല്ലേടി.. വന്ന ഉടനെ ഞാൻ ഓടി വന്നത് ഈ മുഖം കാണാൻ അല്ലേ.." റോഷൻ പറയുമ്പോൾ ദയ പതിയെ ചിരിച്ചു.. "ഞാൻ ഒന്നും കഴിച്ചില്ല ദയ... വിശക്കുന്നു..." റോഷൻ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞപ്പോൾ അവൾ അവന്റെ മുടിയിൽ ഒന്ന് കിള്ളി പറിച്ചു.. "കുളിച്ചു വായോ.. ഭക്ഷണം എടുത്തു വെക്കാം " അവൾ പറയുമ്പോൾ അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു.. അവന് തോർത്ത്‌ എടുത്തു കൊടുത്തവൾ ബാത്റൂമിൽ ഉന്തി കയറ്റി.. കുളി കഴിഞ്ഞു റോഷൻ തിരിച്ചിറങ്ങി വരുമ്പോഴും ദയ ബെഡിലുണ്ട്.. എന്തോ ആലോചിച്ചു ഇരിക്കുന്നവൾക്ക് അരികിൽ പോയി അവൻ മുടി കുടഞ്ഞു.. മുഖത്തു വെള്ള തുള്ളികൾ തെറിച്ചപ്പോൾ ദയ ഞെട്ടി കൊണ്ട് അവനെ നോക്കി.. മ്മ്...

അവൻ പുരികം ഉയർത്തി കൊണ്ട് അവളെ നോക്കി.. "എന്താണ് ഒരു ആലോചന..." റോഷന്റെ ചോദ്യം കേട്ടപ്പോൾ... ദയ അവനെ പെട്ടന്ന് കെട്ടിപിടിച്ചു.. റോഷൻ പിറകിലേക്ക് വേച്ചു പോയി.. അവനും അവളെ ഇറുക്കി പിടിച്ചു.. നെഞ്ചിൽ ഒരു നനവ് പടർന്നപ്പോൾ അവൻ അവളെ അടർത്തി മാറ്റി നോക്കി.. കലങ്ങി ചുവന്നു പോയ അവളുടെ കണ്ണുകൾ.. അവന്റെ നെറ്റി ചുളിഞ്ഞു. "എന്താടി... എന്ത് പറ്റി.." അവൻ ആകുലതയോടെ ചോദിച്ചു. ചുരുട്ടി പിടിച്ച കൈകൾ ദയ അവന്റെ നേരെ തുറന്നു പിടിച്ചു... അതിൽ തെളിഞ്ഞു കണ്ടിരുന്ന രണ്ടു ചുവപ്പ് വരകൾ... ഞെട്ടി കൊണ്ട് അവൻ അവളെ നോക്കി.. അവളൊന്നു തലയാട്ടി കാണിച്ചു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ അതിന് നീ എന്തിനാ റോഷൂ കരയുന്നെ... അയ്യേ.. വല്ല്യ ഗുണ്ട ആയിരുന്നു പോലും.. എടാ പൊട്ടാ ഭാര്യ ഗർഭിണി ആവുമ്പോൾ അവളെ എടുത്തിട്ട് വട്ടം കറക്കണം.. അങ്ങനല്ലേ സിനിമയിൽ ഒക്കെ... ഇവിടെ ഒരുത്തൻ ഇരുന്നു മോങ്ങുന്നു " അന്നമ്മച്ചി റോഷന്റെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു.. അവൻ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു.. എല്ലാവരുടെ മുഖത്തും സന്തോഷത്തിന്റെ ഒരായിരം പൂക്കൾ വിരിഞ്ഞു നിന്നിരുന്നു..

തൊട്ടരികിൽ തന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നവളെ കാണുമ്പോൾ റോഷന്റെ ഹൃദയം ആർദ്രമായി.. അവന്റെ ഓർമയിൽ ഒരു കുഞ്ഞു ചിരി വിടർന്നു.. കുരിശും വീട്ടിൽ അതൊരു ആഘോഷം തന്നെ ആയിരുന്നു.. സ്നേഹത്തിന്റെ പുതിയ പാഠങ്ങൾ പഠിച്ചിറങ്ങിയ അവരെല്ലാം ഉള്ള് നിറഞ്ഞു തന്നെ റോഷന്റെ സന്തോഷത്തിനെ സ്വീകരിക്കാൻ ഒരുങ്ങി.. "വീണ്ടും തുടങ്ങിയാ നിന്റെ പഠനം... അതിനി നടക്കില്ലേ ദയ... എനിക്ക് വേണ്ടി തുടങ്ങിയ പരിപാടി ഇനി ഞാൻ കാരണം ഉപേക്ഷിച്ചു കളയേണ്ടി വരുമോ നീ. അല്ലങ്കിലേ ഒരു കാരണം കാത്തിരിപ്പല്ലേ നീ..." അവളെ തഴുകി കൊണ്ട് റോഷൻ ചോദിച്ചു... "അതൊന്നും ഉണ്ടാവില്ല റോഷൂ.. രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോകും ഞാൻ... നീ കൂടെ ഉണ്ടെങ്കിൽ "കണ്ണിറുക്കി പറഞ്ഞവളെ അവൻ ചുറ്റി വരിഞ്ഞു പിടിച്ചു... ഒപ്പം ഉണ്ടാവും എന്നവൻ പറയാതെ തന്നെ അവൾക്കറിയാം... ആ കൈകൾ പിടിച്ചതിൽ പിന്നെ ഒറ്റപ്പെടൽ തിരിഞ്ഞു നോക്കിയിട്ടില്ല.. മനസ്സിൽ മൂടി കിടക്കുന്ന ഒരു പേടി ഉണ്ടായിരുന്നു റോഷനിൽ.. മുഖം ഇല്ലാതെ... ഒറ്റ ദിവസം തന്നെ സന്തോഷത്തിന്റെ കൊടുമുടി കയറ്റി... ഒടുവിൽ ചോര തുള്ളികളായി പറന്നു പോയൊരു കുഞ്ഞു ജീവൻ..

എത്ര ശ്രമിച്ചാലും അതവനിൽ പേടി കൂടുതൽ കൂടുതൽ വാരി വിതറി.... "ഒന്നും പേടിക്കണ്ട റോഷൂ... നീ കൂടെ ഉണ്ടങ്കിൽ... നിന്റെ സ്നേഹം കാവൽ ഉണ്ടങ്കിൽ നിന്റെ പെണ്ണിനോന്നും വരില്ല.. ദൈവത്തിന് പോലും നിന്റെ ഈ വലിയ മനസ്സിനെ കണ്ടില്ലെന്നു നടിക്കാൻ ആവില്ല മോനെ " ഉള്ളിൽ ഊറി കൂടിയ പേടിയെ ഒരിക്കൽ അന്നമ്മച്ചി കണ്ടു പിടിച്ചു.. അതെന്താണ് എന്ന് ചോദിച്ചറിഞ്ഞപ്പോൾ കിട്ടിയ ഉത്തരം ആയിരുന്നു അത്.. എന്നിട്ടും അവന്റെ മനസ്സ് തെളിഞ്ഞില്ല... അതൊന്നും പക്ഷേ ദയയോടുള്ള കരുതലിന് കോട്ടം വരുത്തിയില്ല... അവർ കൂടുതൽ സ്നേഹിച്ചു.. കൂടുതൽ അടിയുണ്ടാക്കി.. സ്നേഹം എന്നാൽ കരുതൽ എന്ന് കൂടി ആണെന്ന് ഓരോ നിമിഷവും അവൻ പഠിപ്പിച്ചു കൊടുത്തു... കുട്ടികൾ വരെയും ദയയുടെ പിറകിൽ ആയിരുന്നു.. ആരും അവളെ.... അന്ധവിശ്വാസങ്ങൾ കൊണ്ട് കെട്ടിയിട്ടില്ല.. അത് ചെയ്യരുത്... ഇത് ചെയ്യരുത് എന്ന് വിലക്കിയില്ല... ഒന്നും ചെയ്യാതെ സിസേറിയൻ എന്നൊരു കടമ്പയിലേക്ക് എത്തിച്ചതുമില്ല..

പകരം എല്ലാം പറഞ്ഞു കൊടുത്തു... കൂടെ ഉണ്ടാവും എന്ന് ഉറപ്പ് കൊടുത്തു.. ഏറെ പ്രയാസങ്ങൾ നിറഞ്ഞ ഗർഭകാലം റോഷന്റെ തണലിൽ അവൾ ആസ്വദിച്ചു.. പഠനം അതിന്റെ വഴിക്കും... അവൾ അവളുടെ വഴിക്കും പോട്ടെ എന്നവനും കരുതിയിരുന്നു.. അവൾക്ക് വേണ്ടുന്നതെല്ലാം ഒരുക്കി.. ആ അരികിൽ വേണമെന്ന് അവൾ കൊതിച്ചപ്പോൾ എല്ലാം ഓടി പിടഞ്ഞു വന്നും... അവനൊരു നല്ല അച്ഛൻ കൂടി ആവുകയായിരുന്നു.. ഉള്ളിലെ പേടി ഓരോ മാസം കൂടുംതോറും വലുതായി തന്നെ വരുന്നുണ്ട് റോഷനിൽ.. അത് ഉള്ളിൽ തന്നെ അവൻ അടക്കി പിടിച്ചു... ദയ പക്ഷേ ഹാപ്പി ആയിരുന്നു.. അവൾക്കിഷ്‌ടമുള്ളതൊക്കെ വെച്ചുണ്ടാക്കി കഴിപ്പിക്കാൻ അന്നമ്മച്ചി മത്സരത്തിൽ ആയിരുന്നു.. അനുവും റീനയും ഒരു നിഴൽ പോലെ അവളോട്‌ ചേർന്ന് നടന്നു.... റോഷൻ അരികിൽ ഇല്ലാത്ത സമയം... അനാവശ്യമായി വാശി പിടിക്കുന്ന... ദേഷ്യം കാണിക്കുന്ന ദയയോട്... ഈ ലോകത്തിലെ ആദ്യ ഗർഭിണി നീ ആണല്ലോ എന്നാരും ചോദിച്ചില്ല... പണ്ട് എട്ടും പത്തും പെറ്റവരാരും പ്രയാസങ്ങൾ ഇല്ലാത്തവർ ആണെന്നും അവളോട്‌ ആരും പറഞ്ഞില്ല..

പകരം അതെല്ലാം അവളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം ആണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കി... സ്വയം മനസ്സിലാക്കി.. ഉറക്കം മറന്നവൾക്ക് കൂട്ടിരുന്നു കളികൾ പറയുന്നവനോട് പിന്നെങ്ങനെ ദേഷ്യം കാണിക്കും.. ഛർദി പേടിച്ചു കഴിക്കാതെ ഇരിക്കുന്നവൾക്ക് മുന്നിലേക്ക് സ്നേഹം കൂടി ചേർത്തുരുട്ടി വാരി നൽക്കുന്നവനെ എങ്ങനെ വാശി കാണിച്ചു മാറ്റി നിർത്തും.. ഒപ്പം അവനുണ്ടെന്ന് ഓരോ ശ്വാസത്തിലും ഓർമ പെടുത്തുന്നവനോട് എങ്ങനെ ദേഷ്യപെടും.. അത് കാണുമ്പോൾ ഒക്കെയും മകൾക്ക് കിട്ടിയ ഭാഗ്യം ഓർത്തിട്ട് അവളുടെ അച്ഛനും അമ്മയും ഹൃദയം നിറയ്ക്കും.. സ്വന്തം പാതിക്ക് കൊടുക്കാൻ മറന്നു പോയതിനെ കുറിച്ചോർത്തു സജിയും സിബിയും കുറ്റബോധം നിറയ്ക്കും.. കിട്ടാൻ കൊതിച്ചതെല്ലാം ദയക്ക് കിട്ടുന്നത് കാണുമ്പോൾ അസൂയക് പകരം റീനയ്ക്കും അനുവിനും അനിയത്തി അത് കിട്ടിയല്ലോ എന്ന സന്തോഷം ആയിരുന്നു.. എല്ലാത്തിനും ഒടുവിൽ... നനുത്തൊരു ടവ്വലിൽ പൊതിഞ്ഞിട്ട് കുഞ്ഞു റോസാ പൂ പോലൊരു കുഞ്ഞിനെ കയ്യിൽ ഏറ്റു വാങ്ങുമ്പോൾ വീണ്ടും റോഷന്റെ കണ്ണുകൾ നിറഞ്ഞു..

അവനാ കുഞ്ഞു നെറ്റിയിൽ പതിയെ ചുണ്ട് ചേർത്തു.. അത് വരെയും ജീവൻ കയ്യിൽ പിടിച്ചു ശ്വാസം പോലും അടക്കി പിടിച്ചു.... അവൻ അനുഭവിച്ചു തീർത്ത സംഘർഷം അവിടെ തീർന്നിരുന്നു.. കുഞ്ഞിനെ അന്നമ്മച്ചിക്ക് നീട്ടുമ്പോൾ അവർ കുഞ്ഞിനെ വാങ്ങും മുന്നേ റോഷന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.. റോഷന്റെ കണ്ണുകൾ വീണ്ടും അകത്തേക്ക് നീണ്ടു.. അവൾ.. അവന്റെ ജീവനിപ്പഴും അതിനകത്തു തന്നെ ആണല്ലോ.. "പേടിക്കണ്ട... ആൾക്ക് ഒരു കുഴപ്പവുംമില്ല.. അരമണിക്കൂർ കൂടി കഴിഞ്ഞു റൂമിലേക്ക് മാറ്റും " അവന്റെ നോട്ടം കണ്ടിട്ട് നേഴ്സ് പറഞ്ഞിട്ടും... അരമണിക്കൂറിനു ശേഷം ആ മുഖമൊന്ന് കണ്ടപ്പോൾ മാത്രമാണ് അവനൊന്നു ചിരിച്ചത്.. വീൽചെയറിൽ നിന്നും ദയയെ റോഷൻ എടുത്തു ബെഡിലേക്ക് കിടത്തി.. ആ നെഞ്ചിലെ പിടച്ചിൽ ദയ ശെരിക്കും കേട്ടിരുന്നു.. അവൾ അവന്റെ മുഖം പിടിച്ചെടുത്തു കവിളിൽ അമർത്തി ഉമ്മ കൊടുത്തു... "പേടിച്ചു പോയോ... എന്റെ തെമ്മാടി.. മ്മ് " ബെഡിൽ കിടന്നു കൊണ്ട് അവൾ ചോദിച്ചപ്പോൾ... റോഷൻ കണ്ണടച്ച് കാണിച്ചു.. ചുറ്റും ഉള്ളവരെ എല്ലാം അവരിരുവരും മറന്നു പോയിരുന്നു.. കണ്ണുകൾ തമ്മിൽ കൊരുത്തിട്ടു.. വീണ്ടും വീണ്ടും ഹൃദയം മുഴുവനും സ്നേഹം നിറഞ്ഞൊഴുകി.. ❤❤❤❤❤❤❤❤❤❤❤❤❤❤❤

റോഷൻ കാറിൽ നിന്നും ഇറങ്ങി വന്നപ്പോൾ തന്നെ കുഞ്ഞോള് ഓടി വന്നവനെ ചുറ്റി പിടിച്ചു.. "ആഹാ... സുന്ദരിയായിട്ടുണ്ടല്ലോ മാമന്റെ കുഞ്ഞോള് " അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. "മിയ കുട്ടി എവിടെ മാമ " അപ്പോഴേക്കും കുഞ്ഞിനെ കൊണ്ട് ദയ പുറത്തിറങ്ങി.. കുഞ്ഞോളെ കണ്ടപ്പോൾ തന്നെ മിയ അവളുടെ കുഞ്ഞി പല്ലുകൾ കാണിച്ചു ചിരിച്ചു കൊണ്ട് കൈ വീശി.. വാ.. അവൾ നീട്ടിയ കയ്യിലേക്ക് മിയ ചാടി വീണു.. ദയ കുഞ്ഞോളുടെ തലയിൽ തലോടി.. കുഞ്ഞിനെ വാരി പിടിച്ചു കൊണ്ട് കുഞ്ഞോള് മുന്നിൽ നടന്നു.. വരാന്തായിലെ ബെഞ്ചിൽ മുഖം കുനിച്ചിരിക്കുന്ന ഫാത്തിമയെ കണ്ടപ്പോൾ ദയ റോഷന്റെ നേരെ നോക്കി. അവനൊന്നു കണ്ണടച്ച് കാണിച്ചു.. ദയ വേഗം ഫാത്തിമയുടെ അരികിലേക്ക് നടന്നു.. "എന്താണ്.. മണവാട്ടിക്ക് ഇത്രയും ആലോചിച്ചു കൂട്ടാൻ " അരികിൽ നിന്നും ദയയുടെ ശബ്ദം കേട്ടപ്പോൾ ഫാത്തിമ ഞെട്ടി കൊണ്ട് അവളെ നോക്കി.. ചാടി എഴുന്നേറ്റു.. "എന്താ... എന്ത് പറ്റി.. മുഖം ഒക്കെ വല്ലാതെ.. " ദയ ഫാത്തിമയുടെ കവിളിൽ തൊട്ടു. "ഏട്ടൻ... ഏട്ടൻ എവിടെ ദയ " ഫാത്തിമ തിരിച്ചു ചോദിച്ചു.. "ഓ.. ഏട്ടനോട് മാത്രം പറയുള്ളായിരിക്കും ല്ലേ.." ദയ ചുണ്ട് കൂർപ്പിച്ചു.. ഫാത്തിമ ചിരിച്ചു പോയി അവളെ നോക്കിയപ്പോൾ.. "ഒരു കുട്ടി ആയിട്ടും ബല്ല്യ ഡോക്ടർ ആയിട്ടും പെണ്ണിന്റ കുശുമ്പ് മാത്രം മാറിയില്ല..

ഏട്ടനോളം വലുത് തന്നെയാണ് എനിക്കീ കുശുമ്പി പാറുവും ട്ടോ " ഫാത്തിമ അവളുടെ കവിളിൽ പിടിച്ചു വലിച്ചു.. ദയ കള്ള ചിരിയോടെ അവളുടെ തോളിൽ ചേർന്നു.. "എനിക്കെന്തോ ടെൻഷൻ പോലെ ദയ.. ചെയ്യുന്നത് തെറ്റാണോ എന്നൊരു തോന്നൽ.." ഫാത്തിമ പറയുമ്പോൾ ദയ അവളുടെ കയ്യിൽ വിരൽ കോർത്തു.. "ജീവിതം പങ്കിടാൻ ഒരാളെ ചേർത്ത് വെക്കുന്നത് എങ്ങനാടോ തെറ്റ് ആവുന്നേ.. ജിബി ചേട്ടൻ.. നമ്മുക്ക് അറിയാവുന്ന ആളല്ലേ... നമ്മൾ അംഗീകരിച്ചാലും ഇല്ലേലും കുഞ്ഞോള് ചേട്ടനെ അപ്പാ ന്ന് വിളിക്കുന്നില്ലേ.. ഒരച്ഛന്റെ സ്നേഹം ചേട്ടൻ അവൾക്ക് കൊടുക്കുന്നതിനു നമ്മൾ സാക്ഷികളല്ലേ... നിങ്ങൾ തമ്മിൽ ചേർന്നാലും ഇല്ലേലും അവരുടെ ആ ബന്ധം തുടരും.. പിന്നെ എന്ത് കൊണ്ട് തമ്മിൽ സ്നേഹം പങ്കിട്ട് ജീവിച്ചൂടാ " ദയ പറയുമ്പോൾ ഫാത്തിമ ഒന്നും മിണ്ടിയില്ല.. "ജീവിതം എന്നത് സങ്കടം മാത്രം അല്ലല്ലോ... അതിനകത്തു.... ഒരാണിനും പെണ്ണിനും പങ്കിടാൻ ഒരുപാട് സന്തോഷവും കാത്തിരിപ്പുണ്ട്.. നിന്റെ ജീവിതം തീർന്ന് പോയെന്ന് മനസ്സിൽ ഒരു തോന്നൽ ഉണ്ട് ഇപ്പഴും... അതാണ്‌ ഇങ്ങനെ തോന്നുന്നത്... എനിക്കുറപ്പുണ്ട്... പാത്തൂ... വേദന തിന്ന് തീർത്തു നീ നരകിച്ചതിനൊക്കെ ജിബി ചേട്ടൻ സ്നേഹം കൊണ്ട് നിന്നോട് പകരം തരുമെന്ന്.." ഫാത്തിമയുടെ കണ്ണിലേക്കു ദയ നോക്കി.. സന്തോഷം അല്ല... സങ്കടവും അല്ല.. മറ്റെന്തോ...

ജിബിക്ക് മോളോടും... മോൾക്ക് അവനോടും ഉള്ള ഇഷ്ടം... നന്നായി അറിയാവുന്നത് കൊണ്ടാവും അവളിതിനു സമ്മതിച്ചു തന്നത് തന്നെ.. റോഷൻ അങ്ങനെ ഒരു കാര്യം പറയുമ്പോൾ ആദ്യം ഭയങ്കരമായി എതിർത്തു ഫാത്തിമ.. ജിബി അനുകൂലിച്ചതും ഇല്ല... നിരസിച്ചതും ഇല്ല.. അവന് ഇഷ്ടമായിരുന്നു... കുഞ്ഞോൾക്ക് അച്ഛനാവാൻ.. സ്വന്തമായിട്ടൊരു ചെറിയ ജോലി വേണം എന്ന് റോഷനോട് ഫാത്തിമ പറയുമ്പോൾ.... നന്നായി പാചകം ചെയ്യുന്ന അവളോട്‌ അത് തന്നെ തൊഴിൽ ആയി സ്വീകരിക്കാൻ പറഞ്ഞത് ദയയാണ്... പഠിച്ചു നേടാൻ ആവില്ലെന്ന് ഫാത്തിമ പറഞ്ഞിരുന്നു.. ഇപ്പൊ മൂന്നാലു പേര് ജോലി ചെയ്യുന്ന ഒരു യൂണിറ്റിന്റെ തലപ്പത്ത് ഫാത്തിമയാണ്.. നല്ലത് പോലെ മുന്നോട്ട് പോകുന്നു.. "എന്താണ് രണ്ടും കൂടെ.." റോഷൻ അവരുടെ അരികിൽ വന്നു കൊണ്ട് ചോദിച്ചു.. "പുന്നാര പെങ്ങൾക്ക് എന്തോ... ടെൻഷൻ " ദയ പറയുമ്പോൾ റോഷൻ ഫാത്തിമയെ നോക്കി.. "ഉണ്ടോ..." അവന്റെ ചോദ്യം കേട്ട് ഫാത്തിമ ഒന്നും മിണ്ടിയില്ല.. "ദേ... അങ്ങോട്ട്‌ നോക്ക്... നിനക്കൊരു ജീവിതം ആക്കുന്നതിൽ സന്തോഷം കൊണ്ട് നിൽക്കാനും ഇരിക്കാനും ആവാതെ വീർപ്പു മുട്ടി നടക്കുന്ന ഒരു പാവം മനുഷ്യൻ.. നിന്നോട് ചെയ്തു പോയൊരു തെറ്റ് തിരുത്താൻ കിട്ടിയ അവസരം ആണ് നിന്റെ ഉപ്പാക്ക് അത്... ആ സന്തോഷം.... ആ സമാധാനം... അതില്ലാതെ ആക്കണോ... മ്മ്..."

റോഷൻ അകത്തു എന്തോ ചെയ്യുന്ന അക്ബറിക്കയെ ചൂണ്ടി പറയുമ്പോൾ ഫാത്തിമ നിറഞ്ഞ കണ്ണോടെ അങ്ങോട്ട്‌ നോക്കി.. "എല്ലാം നല്ലതിനാണ് ഫാത്തിമ... നഷ്ടങ്ങളും വേദനകളും കാലത്തിന്റെ ഓർമപെടുതലാണ്...അതിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ ജീവിതത്തിൽ മുന്നേറാൻ ശ്രമിക്കണം... നിന്റെ ജീവിതം ജിബിയുടെ കയ്യിൽ സേഫ് ആണെന്ന് എനിക്കുറപ്പുണ്ട്.. അല്ലാതെ ഞാൻ ഇങ്ങനൊരു തീരുമാനം എടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..." റോഷൻ ചോദ്യം കേട്ടപ്പോൾ അവൾ ഇല്ലെന്ന് തലയാട്ടി കാണിച്ചു.. "സന്തോഷമായിട്ടിരിക്കണം... കുഞ്ഞോൾ വളരും.. അവൾക്ക് വേണ്ടി ജീവിച്ചു എന്ന് പറയാൻ.... വെറുതെ നല്ലൊരു ജീവിതം ഇല്ലാതെയാക്കണോ...ജീവിതം നിനക്ക് കണ്ണുനീർ മാത്രം നൽകിയപ്പോഴും പതറാതെ നിന്നിട്ടില്ലേ നീ...ഇനിയും നിന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല... നിനക്കല്ലാതെ... കഴിവുകൾ അറിഞ്ഞു സ്നേഹിക്കുന്നവരെക്കാൾ കുറവുകൾ അറിഞ്ഞു കൂടെ നിൽക്കുന്നവരാണ് നല്ലത്.. എപ്പോഴും.." റോഷൻ പറയുമ്പോൾ ഫാത്തിമ അവന്റെ നേരെ നോക്കി... "ഇപ്പൊ നിങ്ങൾ കുഞ്ഞോൾക്ക് വേണ്ടി ഒരുമിക്കുന്നു... എനിക്കുറപ്പുണ്ട്... ജിബിക്കും നിനക്കും തമ്മിലുള്ള സ്നേഹം തിരിച്ചറിയാൻ കഴിയും എന്നത്..

ചില സമയത്തു ചില കാര്യങ്ങൾ നമ്മളെ വല്ലാതെ വേദനിപ്പിക്കും..ആ വേദന പിന്നെ നമ്മുക്ക് ജീവിതത്തിൽ വലിയൊരു പാഠം പകർന്നു തന്നിരിക്കും... ഉറപ്പ് " ഫാത്തിമ പതിയെ ചിരിച്ചു.. മിയ മോളെ എടുത്തു ഞെളിഞ്ഞു കൊണ്ട് കുഞ്ഞോള് വരുന്നുണ്ട്.. മിയ അവളുടെ കവിളിൽ പിടിച്ചു വലിച്ചു അവളുടെ ഭാഷയിൽ എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്.. അരികിൽ എത്തിയപ്പോൾ റോഷൻ അവളെ കൈ നീട്ടി എടുത്തു.. "പ്രതിസന്ധികളിൽ തളരാതെ പൊരുതി നേടിയ ഒരു ഉമ്മാന്റെ മോളായി കുഞ്ഞോൾ വളരണം..ഇനിയും ജീവിതത്തിൽ കറയാനുള്ള കാരണങ്ങൾ ഇല്ലാതെയിരിക്കട്ടെ... ഏട്ടന്റെ ആശംസകൾ.." റോഷൻ ചിരിച്ചു കൊണ്ട് പറയുമ്പോൾ... ഫാത്തിമ കണ്ണുകൾ ഇറുക്കി അടച്ചു.. "റോഷാ... വാ.. എല്ലാം റെഡിയാണ് " രെജിസ്റ്റർ ഓഫീസ് റൂമിൽ നിന്നും സനൽ വിളിച്ചു പറഞ്ഞപ്പോൾ റോഷൻ കൈ കാണിച്ചു.. വാ... ഫാത്തിമയെ നോക്കി പറഞ്ഞിട്ട് കുഞ്ഞോളുടെ കയ്യും പിടിച്ചു അവൻ മുന്നിൽ നടന്നപ്പോൾ... ദയയുടെ കയ്യിൽ അമർത്തി പിടിച്ചാണ് ഫാത്തിമ അകത്തു കയറിയത്... ജിബി അവളെ നോക്കി ഒന്ന് ചിരിച്ചു..

അക്ബറിക്ക നെഞ്ചിൽ കൈ ചേർത്തിട്ട് ചിരിച്ചു കൊണ്ട് നിൽക്കുന്നു.. ഒപ്പിടുമ്പോൾ ഫാത്തിമയുടെ കൈകൾ വിറക്കുന്നുണ്ട്.. വളരെ സിമ്പിൾ ആയൊരു ചുരിദാർ ആണ് ഫാത്തിമയുടെ വേഷം.. തല മറച്ച തട്ടം കൊണ്ടവൾ മുഖം അമർത്തി തുടച്ചു... ❤❤❤❤❤❤❤❤❤❤❤❤❤❤❤ സന്തോഷമായിട്ടിരിക്കണം രണ്ടാളും... " അന്നമ്മച്ചി ഫാത്തിമയെയും ജിബിയേയും ചേർത്ത് പിടിച്ചിട്ട് നെറ്റിയിൽ ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.. ചെറിയൊരു ഊണ് കഴിഞ്ഞു മടങ്ങാൻ നിൽക്കുകയാണ് അവർ.. കുരിശും വീട്ടിലെ എല്ലാവരും ഉണ്ടായിരുന്നു.. "കുഞ്ഞിനെ ഞാൻ കൊണ്ട് പോണോ റോഷൂ.. വൈകുന്നേരം നിങ്ങൾ അങ്ങ് വരില്ലേ " കാറിൽ കയറിട്ട് റീന ചോദിച്ചു.. "വേണ്ട ചേച്ചി... അവൾക്ക് ഉറക്കം വരുന്നുണ്ട് എന്ന് തോന്നുന്നു.. " ദയയാണ് മറുപടി പറഞ്ഞത്.. "അമ്മച്ചി പോയിട്ട് വരാ ട്ടോ കുഞ്ഞോളെ ".. അന്നമ്മച്ചി യാത്ര പറയുമ്പോൾ കുഞ്ഞോൾ കൈ വീശി കാണിച്ചു.. വീണ്ടും സന്തോഷവും കളിചിരികളും മാത്രം നിറഞ്ഞ മറ്റൊരു സായാഹ്നം.. സ്നേഹം കൊണ്ടത് അവരെല്ലാം അത്രമേൽ ഹൃദ്യമാക്കിയിരുന്നു.. ജിബിയും ഫാത്തിമയും തമ്മിലുള്ള ഓരോ നോട്ടത്തിലും പതറി പോകുന്നത് റോഷൻ കണ്ടു പിടിച്ചിരുന്നു.. ഇത്തിരി സമയം എടുത്താലും രണ്ടാളും സ്നേഹിക്ക തന്നെ ചെയ്യുമെന്ന് അവനുറപ്പായിരുന്നു...

"കിടക്കുന്നില്ലേ ദയ... നാളെ ജോയിൻ ചെയ്യണ്ടേ നിനക്ക്... ഹോസ്പിറ്റലിൽ " റോഷൻ തട്ടി വിളിച്ചു പറയുമ്പോൾ ദയ ചുണ്ട് ചുളിച്ചു.. "പോണോ " അവൾ ചിണുങ്ങി.. "അടി മേടിക്കും നീ... ഉന്തി തള്ളി നിന്നെ ഞാൻ മെഡിസിൻ പൂർത്തിയാക്കിച്ചു... എന്റെ കർത്താവെ.. ഇനി ഡോക്ടർ ആയിട്ട് ഹോസ്പിറ്റലിൽ പോവാനും ഞാൻ തന്നെ തള്ളി വിടണോ " റോഷൻ അരയിൽ കൈ കുത്തി കണ്ണുരുട്ടി ചോദിച്ചപ്പോൾ ദയ കള്ളച്ചിരിയോടെ അവനെ ഇറുക്കെ പുണർന്നു.. ഇനി തുടരില്ല.. 😎😎

തീർന്നു എന്നെഴുതാൻ തോന്നുന്നില്ല.. നിങ്ങളെ പോലെ റോഷൻ എനിക്കും പ്രിയപ്പെട്ടവൻ ആയിരുന്നു.. പെട്ടന്ന് തീർന്നു എന്ന് നിങ്ങൾ ഓരോരുത്തരും പരാതി പറയും.. എനിക്കറിയാം..ഒന്നോർത്തു നോക്കൂ.. ഇനിയും എന്താണ് ഇവിടെ എഴുതാൻ ഉള്ളത്.. വെറുതെ നീട്ടി വലിച്ചിട്ടു നല്ലൊരു കഥ എന്ന് നിങ്ങൾ പറഞ്ഞതിനെ മോശമാക്കാൻ തോന്നിയില്ല.. വേണമെങ്കിൽ നമ്മുക്ക് ഇതിന്റെ രണ്ടാം ഭാഗം കൊണ്ട് വരാം.. അതല്ലേ നല്ലത്.. എല്ലാവരും ഹാപ്പി ആയെന്ന് കരുതുന്നു.. അഭിപ്രായം പറയാൻ മറക്കരുത്.. അവസാനപാർട്ടല്ലേ.. മുങ്ങരുത് എന്ന്... ശെരിന്നാ... വീണ്ടും കാണും വരേയ്ക്കും ഒത്തിരി സ്നേഹത്തോടെ... ജിഫ്ന നിസാർ

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story