സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 23

Street dancer

രചന: തൻസീഹ് വയനാട്

"ഹഫ്സ...." ആ പെൺകുട്ടിയിലേക്ക് തന്നെ നോക്കി നിൽക്കുന്ന വർഷയുടെ നാവ് ആ പേര് മന്ത്രിച്ചു. തുടരുന്നു.. ___-----------------___ എന്നെ ഹഫ്സ കണ്ടിരുന്നില്ല. അവൾ ആരോടോ സംസാരിച്ചു നിൽക്കുക ആയിരുന്നു. പെട്ടെന്ന് എന്നെ അവളുടെ കണ്ണിലുടക്കി...അവളുടെ മുൻപിൽ എന്തു പറയും എന്നറിയാതെ നിൽക്കുമ്പോൾ ആയിരുന്നു തീർത്തും അപ്രതീക്ഷിതമായി അവൾ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചത്. "വർഷ സുഖം അല്ലേടി...?" എന്നിൽ നിന്നും അടർന്നു മാറി അവൾ അത് ചോദിച്ച നേരം ഞാൻ ഒരു ഞെട്ടലിൽ തന്നെ നിൽക്കുക ആയിരുന്നു ഹഫ്സ തന്നെയാണോ ഇത്. അവൾക്ക് നേരെ ഒരു പുഞ്ചിരി വരുത്തി സുഖം ആണെന്ന് പറഞ്ഞു.. "എനിക്കിപ്പോൾ നിന്നോട് ഒരു ദേഷ്യവും ഇല്ലാട്ടോ ....." അവൾ പറഞ്ഞത് കേട്ട് ഇത് ഹഫ്സ തന്നെയാണോ എന്നു ഞാൻ ചിന്തിച്ചു പോയി. "പഠിപ്പ് പൂർത്തിയാക്കാൻ കഴിയാത്തതിലെ ഒരു സങ്കടം മാത്രമേ ഉള്ളിലുള്ളു....എടി നിനക്ക് എന്താ എന്നെ കണ്ടു ഒരു സന്തോഷം ഇല്ലാത്തത്.പഴയത് എല്ലാം ഞാൻ മറന്നു എന്നു പറഞ്ഞില്ലേ.....?"

"ഏയ് ..നീ സന്തോഷം ആയിരിക്കുന്നത് കേട്ടാൽ മതി.ഒരിക്കലും തമ്മിൽ ഇനി കാണില്ല എന്നു കരുതിയത് ആണ്.ഇപ്പൊ കണ്ടു .സംസാരിച്ചു...നിനക്ക് എന്നോടുള്ള ദേഷ്യമെല്ലാം മാറി." എന്റെ മറുപടി കേട്ടതിന് ശേഷം അവളുടെ മുഖവും ഒന്നു പ്രകാശിച്ചു . അതേ സമയം എന്റെ അടുത്തു നിൽക്കുന്ന റോഷനെ നോക്കിയവൾ ആരാ ഇതെന്ന് ചോദിച്ചു. "എന്റെ ഫ്രൻഡ്‌ ആണ് റോഷൻ ...ചാച്ചി വരുവാ കൊണ്ട് വരാൻ വേണ്ടി വന്നതാ ഇവിടെ. അടുത്ത sunday ചേച്ചിയുടെയും ചേട്ടന്റെയും വിവാഹമാണ്." "ഓഹ് വീട്ടിൽ ഇപ്പൊ നല്ല ഹാപ്പി ആയിരിക്കുമല്ലേ എല്ലാവരും..." എന്നവൾ പറഞ്ഞു നിർത്തിയതും ആയിരുന്നു അവളുടെ ശ്രദ്ധ ഞങ്ങൾക്ക് കുറച്ചപ്പുറത്തായി നിൽക്കുന്ന ശിബിനിലേക്ക് ചെന്നത്.ഷിബിൻ അവിടെ ഉള്ളത് അവൾ കണ്ടിരുന്നില്ല.പെട്ടെന്നവളുടെ മുഖത്തെ തെളിച്ചമെല്ലാം എങ്ങോ പോയി. അവൾ അവനെ കണ്ട അമ്പരപ്പിൽ നിൽക്കുമ്പോൾ അവൻ അവൾക്ക് അരികിലേക്ക് ആയി വന്നിരുന്നു. "ഹഫ്സ...."

നിറകണ്ണുകളോടെ അവളെ അവൻ വിളിച്ചതും അവളുടെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായിരുന്നില്ല... "ഹഫ്സ.... എനിക്ക് അറിയാം ആയിരുന്നു നമ്മൾ വീണ്ടും കാണുമെന്ന്.ഞാൻ നിന്നെ ഒരുപാട് അന്വേഷിച്ചടി." എന്നവൻ പറഞ്ഞു നിർത്തിയതും 3, 4 മാസം പ്രായം വരുന്ന ഒരു കുഞ്ഞിനെ എടുത്തു കൊണ്ട് ഒരു ചെറുപ്പക്കാരൻ ഹഫ്സയുടെ പേര് വിളിച്ചു കൊണ്ട് അവളുടെ അടുക്കലേക്ക് നടന്നു വന്നത്. അവൾ അയാളിൽ നിന്നും കുഞ്ഞിനെ വാങ്ങി ഞങ്ങൾക്ക് അയാളെ പരിജയപ്പെടുത്തി തന്നു. " വർഷ ...ഇതാണ് എന്റെ ഇക്ക..ഷാനവാസ്... ഇക്ക ഇത് വർഷ...ഞാൻ പറഞ്ഞിട്ടില്ലേ വർഷയെ പറ്റി." "പിന്നെ ഒരുപാട് . നിങ്ങൾ 4 പേര് ആയിരുന്നില്ലേ.... നിഷ അനു വർഷ ഹഫ്സ... ഇവൾ നിങ്ങളെ പറ്റി പറയാത്ത ദിവസം ഇല്ല....എന്തായാലും നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ഇപ്പൊ വരാം...."

എന്നു പറഞ്ഞു അയാൾ അവിടെ നിന്നും പോയി.പോകുന്ന അയാളെ നോക്കി കൊണ്ട് ഹഫ്സ പറഞ്ഞു . "എന്നോട് വലിയ ഇഷ്ട്ടം ആണ്.വിവാഹത്തിനു ആദ്യം വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.നിർബന്ധിപ്പിച്ചു നടത്തിയത് ആയിരുന്നു വീട്ടുകാർ..പതിയെ ഞാനും ഇഷ്ട്ടപ്പെട്ടു തുടങ്ങി.... ഇപ്പൊ സുഖം സന്തോഷം...." ഒന്നു നിർത്തിയതിനു ശേഷം ദയനീയമായി ഷിബിനെ നോക്കി കൊണ്ടു അവനോടായി ഹഫ്സ വാക്കുകൾ തുടർന്നു. "ഷിബിൻ....അറിയാം നീ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്. ഞാൻ നിന്നെയും ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷെ ഇങ്ങനെ ഒക്കെ ആയി പോയി..നിന്നെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല..." അവൾ അത് പറഞ്ഞു നിർത്തിയതും ദേഷ്യത്തോടെ ഷിബിൻ അവിടെ നിന്നും പോയി .മനസ്സിൽ കൊണ്ട് നടന്നവൾ ഹൃദയത്തിൽ നിന്നും പടിയിറക്കി മറ്റൊരുത്തനു സ്ഥാനം നൽകി എന്നു പറയുമ്പോൾ ഏതൊരാൾക്കും ഉണ്ടാകുന്ന ദേഷ്യം സ്വഭാവികമാണ്.

ഷിബിൻ പോയ നേരം അവന്റെ പുറകെ പോകാൻ നിന്ന റോഷനെ ഞാൻ തടഞ്ഞു .ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന ഭയത്തോടെ ആയിരുന്നു അത്. 2 പേരും ചേർന്നാലുള്ള അവസ്ഥ അറിയാല്ലോ....? പക്ഷെ എന്നെ അത്ഭുദത്തപ്പെടുത്തിയത് റോഷന്റെ മറുപടിയായിരുന്നു. "ഈ സമയം ശിബിന്റെ വിഷമം എത്രത്തോളം ഉണ്ടെന്നു മറ്റാരേക്കാളും എനിക്ക് മനസ്സിലാകും വർഷ.നീ പേടിക്കുന്ന പോലെ അവനുമായി ഒരു വഴക്കിനല്ല ഞാൻ പോകുന്നത്. ." ആ മറുപടി കേട്ടതും പിന്നീട് ഞാൻ റോഷനെ തടഞ്ഞില്ല. ഷിബിന്റെ പ്രവർത്തിയിൽ ഹഫ്സ നിരാശയോടെ തലതാഴ്ത്തി നിൽക്കുമ്പോൾ ഞാൻ അവളെ ചേർത്തു നിർത്തി കൊണ്ടു പറഞ്ഞു. "എടി പെണ്ണേ നീ വിഷമിക്കണ്ട.. റോഷൻ ഷിബിനെ പറഞ്ഞു മനസ്സിലാക്കിക്കോളും..." അവൾ എന്നെ നോക്കി ഒന്ന് ചെറുതായി മന്ദഹസിച്ചു.. "എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കാനുണ്ട്..വന്നേ...." എന്നു പറഞ്ഞു ഞാൻ അവളെ അടുത്തു കണ്ട ചെയറിൽ കൊണ്ടിരുത്തി. കുഞ്ഞിനെ വാങ്ങി.കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ അവളോട്‌ കുഞ്ഞിന്റെ പേരു ചോദിച്ചു. "എന്താടി കുഞ്ഞിന്റെ പേര്...?"

"അഫ്‌ലഹ് മുഹമ്മദ്..." "NIce name... നിന്റെ പേരിനോട് ആണല്ലോ കൂടുതൽ ചേർച്ച....എടി കഴുത്തു നേരെ ഉറച്ചിട്ടില്ലേ കുഞ്ഞിന്റെ...." ഞാൻ അവളോട്‌ അടുത്തു സംസാരിക്കാൻ ശ്രമിച്ചിട്ടും അവൾ മറുപടി പറയാതെ എന്തോ ചിന്തയിൽ ആണ്.അത് കണ്ട് തന്നെ ഞാൻ അവളോട്‌ കുറച്ചു ശുണ്ടിയോടെ ചോദിച്ചു. "എന്റെ പൊന്നു ഹഫ്സ നീ ഇങ്ങനെ മൂകം ആയിരിക്കല്ലേ...?പഴയത് എല്ലാം മറന്നു എന്നു നീ തന്നെ പറഞ്ഞിട്ട്..." "ശിബിന് ഒരുപാട് സങ്കടം ആയിക്കാണും അല്ലെ.എന്റെ ഈ പ്രവർത്തി. ഞാൻ ഒരിക്കലും അവനെ ഇവിടെ വെച്ചു കാണും. എന്നു കരുതിയില്ല...." "അവനു നിന്നെ ഇപ്പോഴും ജീവൻ ആണ്...നിന്നെ അവനിൽ നിന്നും അകറ്റി എന്നു പറഞ്ഞതിന് അവൻ എനിക്ക് അനുഭവിക്കാൻ ഉള്ളിടത്തോളം അനുഭവങ്ങൾ നൽകി..ഒരു ദിവസം ജയിലിൽ അടക്കം ഞാൻ കിടന്നു...." "ചിലതൊക്കെ ഞാനും അറിഞ്ഞിരുന്നു.ഷിബിൻ നിന്നോട് ചെയ്തത് എല്ലാം..." ""എങ്ങനെ അറിഞ്ഞു നീ...?"

"ഒരിക്കൽ അനുവിനെ കണ്ടിരുന്നു .ദുബായിയിൽ വെച്ചു.അവൾ പറഞ്ഞു എല്ലാം...അവൾക്ക് ഇപ്പോഴും നിന്നോട് ദേഷ്യം ആണ്....എന്തോ എനിക്ക് നിന്നോടുള്ള ദേഷ്യം പോകുകയ ചെയ്തേ...അവർ നിന്നോട് ചെയ്തത് കേട്ടപ്പോൾ...." "ഞാൻ നിങ്ങളെ പിരിക്കാൻ ശ്രമിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഹഫ്സ... ഞാൻ പറഞ്ഞത് ഒന്നും ആരും വിശ്വസിച്ചില്ല...എടി മനസ്സു കൊണ്ടു പോലും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല.അന്ന് നിങ്ങൾ രണ്ടു പേരും എന്നോട് പറയാതെ പോയതിൽ ഉള്ള ദേഷ്യവും സങ്കടവും കൊണ്ട് ആയിരുന്നു നിന്റെ മുഖത്തു ഞാൻ അടിക്കാൻ കാരണം.എന്നോട് പണ്ടുമുതൽ ഉള്ള ദേഷ്യം ഷിബിൻ വളച്ചൊടിച്ചു.നീയും അനുവും എന്നെ തെറ്റിദ്ധരിച്ചു പിണങ്ങി നടന്നു....പിന്നീട് ആ പാർക്കിൽ വെച്ചു നടന്നത് അപ്പക്ക് അവന്റെ കുടുംബത്തോടുള്ള ദേഷ്യം കൊണ്ടു മാത്രം ചെയ്തത് ആയിരുന്നു ..എനിക്ക് അതിൽ ഒരു പങ്കുമില്ല......" എന്റെ ആ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് അവളുടെ ഇക്ക അവളുടെ അടുത്തേക്ക് വന്നു. "മതി സംസാരിച്ചത് മോളെ....ഫ്‌ളൈറ്റ് അങ്ങു പോകും ...." അവളുടെ ഇക്ക ഞങ്ങളുടെ അടുത്തേക്ക് വന്നു കൊണ്ടു പറഞ്ഞു. "നീ അപ്പൊ വീണ്ടും ഗൾഫിലേക്ക് പോകുവാണോ...?"

ഞാൻ അവളോട്‌ ചോദിച്ചു. അവൾ നാട്ടിലേക്ക് വരുകയാണ് എന്നാണ് ഞാൻ കരുതിയത്. "ആടി ഇക്കാൻറെ ഫാമിലിയും അവിടെ തന്നെയാണ് .ഇപ്പൊ ഞാൻ വന്നത് തന്നെ ഇക്കാൻറെ ഉമ്മാന്റെ സഹോദരന്റെ മോളെ വിവാഹത്തിനാണ്.ഇക്കാക്ക് ആണെങ്കിൽ ലീവ് ഇല്ല. 3 ദിവസത്തിനു ഈ കല്യാണം കൂടാൻ വേണ്ടി മാത്രം വന്നതാ..ഇക്ക സോഫ്റ്റ് വെയർ എൻജിനിയർ ആണ്.എല്ലാർക്കും കല്യാണത്തിന് വരാൻ നിർബന്ധം അതാ മൂന്നുമാസം ആയ കുട്ടിയെ കൊണ്ടു വന്നത്...." ഞങ്ങൾ സംസാരം തുടരുമ്പോൾ അവളുടെ ഇക്ക നിർബന്ധം കൂട്ടി.അവൾ എന്റെ അടുത്തു നിന്നും കുഞ്ഞിനെ വാങ്ങി കൊണ്ടു തുടർന്നു. "ഒരുപാട് സംസാരിക്കണം എന്നുണ്ട് നിന്നോട്.നിന്റെ വീട്ടലെ നമ്പർ എന്റെ കയ്യിൽ നിന്നും മിസ് ആയിപ്പോയി.നിന്നിൽ നിന്നും ഒരുപാട് അറിയാൻ ഉണ്ട് എനിക്ക്.അനു പറഞ്ഞതെല്ലാം പറയണം. ..നിന്റെ നമ്പർ പറ വർഷ" ഞാൻ എന്റെ ഫോൺ നമ്പർ അവൾക്ക് നൽകി..

വിളിക്കാടി എന്നു പറഞ്ഞു കൊണ്ടു പോകുന്നതിനു മുൻപ് കുഞ്ഞിനെ ഇക്കാക്ക് നൽകി അവൾ എന്നെ കെട്ടിപ്പിച്ചു...അവൾ യാത്ര പറഞ്ഞു പോകുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു. സങ്കടവും സന്തോഷവും നിറഞ്ഞിരുന്നു അതിൽ. ഹഫ്സക്ക് എന്നോടുള്ള ദേഷ്യമെല്ലാം മാറിയല്ലോ....? ******* ഹഫ്സയുടെ അടുക്കൽ നിന്നും ഷിബിൻ നിർത്തിയിട്ടിരുന്ന അവന്റെ കാറിന്റെ അടുക്കലേക്ക് ആയിരുന്നു പോയത്.. കാർ on ആക്കി അവന്റെ തോളിൽ ഉണ്ടായിരുന്ന ചെറിയ ബാഗ് സീറ്റിലേക്ക് എറിഞ്ഞു കൊണ്ട് കാറിൽ കയറാൻ നിന്ന അവന്റെ അടുക്കലേക്ക് ഞാൻ ചെന്നു.... "ഷിബിൻ..... " ഞാൻ വിളിച്ചതും എന്നെ ദേഷ്യത്തോടെ നോക്കി കൊണ്ട് വിളി കാതോർക്കാതെ കാറിലേക്ക് കയറാൻ നിന്ന അവനെ ഞാൻ തടഞ്ഞു നിർത്തി. "നീയും അവളും കൂടി ചെയ്ത് തന്നതിനൊക്കെ ഒരുപാട് നന്ദിയുണ്ട്...കണ്ടില്ലേ....എന്റെ ഹഫ്സ എന്നിൽ നിന്നും പൂർണമായി അകന്നു.അതല്ലേ അവളും ആഗ്രഹിച്ചത്..." അവന്റെ ഉള്ളിൽ എരിഞ്ഞടങ്ങാത്ത കനലിന്റെ തീ ചൂള അവൻ എനിക്ക് നേരെ പറഞ്ഞ വാക്കുകളിൽ ഉണ്ടായിരുന്നു. "വർഷ നിന്നോട് എന്ത് ചെയ്തെന്ന നീ പറയുന്നേ....?

ഇതുവരേ ഞാൻ നിന്നോട് ക്രൂരമായി ആണ് പെരുമാറിയിട്ടുള്ളത്.അത് നീ വർശയോട് ചെയ്ത കാര്യങ്ങൾ ഓർത്തുണ്ടായ ദേഷ്യം ആണ്.നീ കരുതുന്ന പോലെ നിന്റെയും ഹഫ്സയുടെയും ബന്ധം തകർക്കാൻ അവൾ ഒന്നുംചെയ്തിട്ടില്ല...." "ഏയ് ഒന്നും ചെയ്തിട്ടില്ല അവൾ..അനുഭവിച്ച എനിക്ക് അറിയാം അവൾ ചെയ്തത് എല്ലാം..." "എന്ത്....?അന്ന് ഹഫ്സ്‍യുടെ മുഖത്തു അടിച്ചതോ...?ഹഫ്സ വരെ അത് മറന്നു. പിന്നെ അന്ന് പാർക്കിൽ വെച്ചു നടന്നത് അതിൽ വർശക്ക് ഒരു പങ്കും ഇല്ല..അവളുടെ അപ്പക്ക് നിങ്ങളുടെ കുടുംബത്തോടുള്ള ദേഷ്യം ആയിരുന്നു അങ്ങനെ ചെയ്യിച്ചത്..." "അവൾക്ക് അവളുടെ അപ്പയെ തടയായിരുന്നില്ലേ...?അന്ന് അവളുടെ തന്തയുടെ കൂടെ അവളും ഉണ്ടായിരുന്നില്ലേ....?" "നിന്റെയും അവളുടെയും ഫോട്ടോ എടുത്തു അത് പ്രശ്നം ആക്കുമ്പോൾ അവളുടെ അപ്പയുടെ കൂടെ അവൾ ഉണ്ടായിരുന്നോ....?എല്ലാം കഴിഞ്ഞിട്ട അവൾ അറിഞ്ഞത് തന്നെ...." "ഇനി ഇപ്പൊ അങ്ങനെ പറഞ്ഞാൽ മതിയല്ലോ....?" "പറഞ്ഞത് മനസ്സിലാക്ക് ഷിബിൻ....നീ എന്നെങ്കിലും വർഷ പറയുന്നത് കേൾക്കാൻ നിന്നിട്ടുണ്ടോ.എല്ലാം നിന്റെ നിഗമനത്തിൽ മാത്രമല്ലേ ചെയ്യുന്നത്. എനിക്ക് നിന്നെ ഇതൊന്നും ബോധ്യപ്പെടുത്തേണ്ട യാതൊരു ആവശ്യവും ഇല്ല...

നീ ഇനി എങ്കിലും പ്രണയിച്ച പെണ്ണിന്റെ പേരും പ്രതികാരവും പറഞ്ഞു വർഷയുടെ ജീവിതം നശിപ്പിക്കാതെ ഇരിക്കാതിരിക്കാൻ വേണ്ടിയാ...വർഷയുടെ മാത്രമല്ല നിന്റെ ജീവിതം കൂടിയാണ് നീ നശിപ്പിക്കുന്നത് ....ഒന്നു ഓർക്കുന്നത് നല്ലതാ...." അത്രയും പറഞ്ഞു കൊണ്ട് ഞാൻ പോകാൻ നിന്നതും ഷിബിൻ എനിക്ക് നേരെ വിളിച്ചു പറഞ്ഞു. "എന്റെ ജീവിതം നശിച്ചു കഴിഞ്ഞു എന്റെ ഹഫ്സ പോയമുതൽ... വർഷ അവൾ സന്തോഷത്തോടെ ഇരിക്കുകയും ഇല്ല നീ അവളുടെ രക്ഷകൻ ആയി വന്നാലും..." ഞാൻ ഇത്രയും പറഞ്ഞിട്ടും അവനിൽ യാതൊരു മാറ്റവും ഇല്ല എന്നു കണ്ടപ്പോൾ എന്റെ ഉള്ളിൽ ദേശ്യം നുരഞ്ഞു പൊന്തി എങ്കിലും ഞാൻ ക്ഷമിച്ചു കൊണ്ട് അവന്റെ അടുക്കലേക്ക് ചെന്നു. "ഷിബിൻ എനിക്ക് മനസ്സിലാകും നിന്റെ വിഷമം..പക്ഷെ നീ ഒരു തെറ്റും ചെയ്യാത്ത ഒരു പാവത്തെയ ദ്രോഹിക്കുന്നെ...?അവൾ നീ കാരണം എത്ര സങ്കടം സഹിച്ചെന്നു അറിയുമോ....?" "ഇങ്ങനെ ഒന്നും പറഞ്ഞാൽ മനസ്സിലാകില്ല റോഷ അവന്....

കുറെ ഞാൻ പറഞ്ഞത് ആണ് എവിടെ കേൾക്കാൻ അവൻ...." ഞങ്ങളുടെ രണ്ടുപേരുടെയും പുറകിൽ നിന്നായിരുന്നു ആ വാക്കുകൾ കേട്ടത്. പതിയെ തിരിഞ്ഞു നോക്കിയപ്പോൾ സേവിയർ സർ ഞങ്ങൾക്ക് പുറകിൽ നിൽക്കുന്നു.അദ്ദേഹം ഞങ്ങൾക്ക് അരികിലേക്ക് വന്നു. "ഞാനും കുറെ പറഞ്ഞു നോക്കിയത് ആണ് മോനെ വർഷ എന്നോട് എല്ലാം പറഞ്ഞതിന് ശേഷം ഇവനെ ഞാൻ നേരിട്ട് ചെന്നു കണ്ടിരുന്നു.പറയല്ല അപേക്ഷിച്ചു വെറുതെ വിടാൻ...അവനിൽ എവിടെ മാറ്റം. ഇപ്പോഴും എന്റെ കൊച്ചിനെ ഉപദ്രവിക്കാൻ നടക്ക.... നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടു.ഇനിയും എന്റെ മോളെ മേലെ നിന്റെ നിഴൽ വന്നാൽ കൊന്നു കളയാനും ഈ സേവിയർ മടിക്കില്ല...എനിക്ക് മുന്പും പിന്പും നോക്കാൻ ഇല്ല ഓർത്തോ നീ...." ശിബിന് നേരേ ഭീഷണി മുഴക്കി അവിടെ നിന്നും അയാൾ നടന്നു നീങ്ങുമ്പോൾ ഞാൻ ശിബിന് നേരെ തിരിഞ്ഞു.... "അവൾക്ക് വേണ്ടി എന്തും ചെയ്യാൻ ഞാനും മടിക്കില്ല.നിന്റെ കണ്ണിൽ നിന്നും മാത്രം കാര്യങ്ങൾ നോക്കി കാണാതെ എല്ലാവരേയും അറിയാൻ ശ്രമിക്ക്...." അത്രയും പറഞ്ഞു കൊണ്ട് ഞാൻ വർഷയുടെ ചാച്ചന്റെ പുറകെ ചെന്നു...

ചാച്ചൻ എന്താ ഇവിടെ എന്ന ചോദ്യം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ചാച്ചനോട് തന്നെ നേരിട്ട് ചോദിച്ചപ്പോൾ ചാച്ചൻ ഏതോ ഫ്ലാറ്റ് നോക്കാൻ വേണ്ടി ബാംഗ്ലൂരിലേക്ക് പോകാൻ വേണ്ടി വന്നത് ആണെന്ന് പറഞ്ഞു. ഞാനും ഷിബിനും സംസാരിച്ചത് എല്ലാം ചാച്ചൻ കേട്ടിരുന്നു.വണ്ടി പാർക്ക് ചെയ്തു വരുമ്പോൾ ആണ് ഞങ്ങളെ കണ്ടത്.മാറി നിന്നു ഞങ്ങളുടെ സംസാരം എല്ലാം കേട്ടു എന്ന്. അവൻ ഇനി എന്തേലും കുഴപ്പത്തിനു വന്നാൽ ഞാൻ കാര്യങ്ങൾ നോക്കിക്കോളാംഎന്നു ചാച്ചൻ പറഞ്ഞു. വർഷ അന്ന് എല്ലാം തുറന്നു പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഷിബിനെ കണ്ടു സംസാരിച്ചത് ആയിരുന്നു.ഇക്കാര്യം വർശക്ക് അറിയില്ല.അവൻ മാറി എന്ന ചാച്ചനും കരുതിയെ അവനിൽ എവിടെ മാറ്റം... ഏറ്റവും അവസാനം ആയിരുന്നു ചാച്ചൻ എന്നോട് ആരെ കൊണ്ടു വരാൻ ആണ് വന്നത് എന്നു ചോദിച്ചത് അതേ സമയം തന്നെ വർഷ കുറച്ചപ്പുറത്തായി നിൽക്കുന്നത് കണ്ടു ഇവളും ഉണ്ടോ കൂടെ എന്നു അദ്ദേഹം ചോദിച്ചു. "ഇവൾക്ക് ഏറ്റവും വേണ്ടപെട്ട ആൾ ആണ് വരുന്നത്....?"

ഞാൻ പറഞ്ഞു. "അതിപ്പോ ആരാ..... ?" ഞാൻ മറുപടി നൽകുന്നതിന് മുൻപ് പുറകിലേക്ക് തിരിഞ്ഞ വർഷ ഞങ്ങളെ കണ്ടു.ഒട്ടും പ്രതീക്ഷിക്കാതെ ചാച്ചനെ ഇവിടെ കണ്ടതിന്റെ ഞെട്ടൽ അവളുടെ മുഖത്തും ഉണ്ട്.ചാച്ചൻ അവളുടെ അടുത്തേക്ക് ചെന്നു... "ചാച്ചൻ എന്താ ഇവിടെ...?" പ്രതീക്ഷിക്കാതെ ചാച്ചനെ അവിടെ കണ്ടതിൽ ഉള്ള ഞെട്ടലിൽ ഞാൻ ചോദിച്ചു. "എടി ബാംഗ്ലൂരിൽ ഞാൻ ഒരു ഫ്‌ലാറ്റ് നോക്കിയിരുന്നു .അതൊന്നു പോയി കാണാൻ .ഇഷ്ട്ടപ്പെട്ടാൽ അഡ്വാൻസ് കൊടുക്കണം..." "എന്തിനാ ഇപ്പൊ ബാംഗ്ലൂർ ഇപ്പൊ ഫ്ലാറ്റ്..?" "ചുമ്മാ ഇരിക്കട്ടെ എന്നെ....ആരെ കൊണ്ടു വരാനാ മോളെ വന്നേ....?" എന്നു ചോദിച്ചു കൊണ്ടു ചാച്ചൻ arrival ഭാഗത്തേക്ക് നോക്കിയതും അമ്പരപ്പോടെ നിന്നു....ചാച്ചി അതാ വരുന്നു.... ഈ തിരക്കിനിടയിൽ ഫ്‌ളൈറ്റ് ലാൻഡ് ചെയ്തത് ഒന്നും അറിഞ്ഞില്ല. ചാച്ചിയുടെ ആ മുഖത്തിനോ മറ്റോ യാതൊരു മാറ്റവും ഇല്ല.കുറച്ചു തടിച്ചിട്ടുണ്ട്. ഇത്രയം കാലം അമേരിക്കയിൽ നിന്നിട്ടും മലയാള തനിമ മറന്നിട്ടില്ല.

മെറൂണ് കളർ പട്ടു സാരിയിൽ ആ അരക്കെട്ടിനോട് ഒപ്പം നിൽക്കുന്ന മുടി വിടർത്തിയിട്ട് ..കറുത്ത വട്ട പൊട്ടും അണിഞ്ഞു കണ്ണുകൾ മനോഹരം ആയി എഴുതി....ഒരു തമ്പുരാട്ടി വരുന്നപോലെ ഞാൻ ചാച്ചിയുടെ വരവ് നോക്കി കണ്ടു. മുഖത്തിന് ഭംഗിയാക്കി വെച്ചിരുന്ന ചാച്ചി യുടെ പുഞ്ചിരി ഞങ്ങളുടെ അടുത്തു എത്തിയതും എങ്ങോ മറയുന്നത് ഞാൻ കണ്ടു.... അത് ചാച്ചനെ കണ്ടത് കൊണ്ടാവാം.... ചാച്ചൻ ഇപ്പോഴും അമ്പരപ്പ് മാറാതെ ചാച്ചി വരുന്നത് നോക്കി നിൽക്കുവാണ്. ആദ്യം ചാച്ചനെ റോഷന്റെ കൂടെ കണ്ടപ്പോൾ ചാച്ചി വരുന്നത് അറിഞ്ഞു കൊണ്ട് വന്നത് ആകുമെന്ന കരുതിയെ..?ചാച്ചൻ ഇപ്പോൾ ഒരുപാട് സർപ്രൈസ്ഡ് ആയിട്ടുണ്ടാവും.. "ചാച്ചാ.... ഫ്ലാറ്റ് നോക്കാൻ പോണില്ലേ...ഫ്‌ളൈറ്റ് അങ്ങു പോകും...." ഞാൻ ചാച്ചന്റെ തോളിൽ തട്ടി അതു പറഞ്ഞതും ചാച്ചൻ എന്നെ അടിമുടി നോക്കി കൊണ്ടു ചോദിച്ചു "ഇവൾ വരുന്നത് എന്താ നേരത്തെ പറയാതിരുന്നെ...?". "നിങ്ങളെ ഞാൻ വിളിച്ചിരുന്നു കണ്ടില്ലായിരിക്കും....

പിന്നെ ഒരു സർപ്രൈസ് ആകട്ടെ എന്നു കരുതി...." "വല്ലാത്ത ഒരു സർപ്രൈസ് തന്നെ " എന്നു ചാച്ചൻ പറഞ്ഞുപ്പോഴേക്കും ചാച്ചി ഞങ്ങൾക്ക് അരികിൽ എത്തിയിരുന്നു.ചാച്ചി എന്നു പറഞ്ഞു ഓടി ചെന്നു കെട്ടിപ്പിടിച്ചപ്പോഴും ചാച്ചിയുടെ മുഖത്ത് ഒരു തെളിച്ചമില്ല.ചാച്ചൻ എന്തു പറയും ചാച്ചിയോട് എന്നറിയാതെ ഒരു ത്രില്ലിൽ അങ്ങനെ നിൽക്കുകയാണ്.. അവരെ രണ്ടു പേരും പരസ്പരം മിഴികൾ കൊണ്ടു എന്തോ പറയുമ്പോൾ എന്റേ അരുകിൽ വന്നു റോഷൻ പതിയെ പറഞ്ഞു. "എടി നീ ശരിക്കും നിന്റെ ചാച്ചിയുടെ ഒരു പകർപ്പ് തന്നെ ആണല്ലോ....ഏകദേശം ഒരേ രൂപം പോലെ...." "ചെറുപ്പം തൊട്ടെ എല്ലാവരും പറയുന്നത് ആണ് ഇത്..." ഞാൻ അവനോടു പറഞ്ഞു. "എടി നിന്റെ ചാച്ചിയെ എനിക്ക് എന്തോ വല്ലാണ്ട് ഇഷ്ട്ടം ആയി...കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി.എനിക്ക് എന്തോ അമ്മയെ പോലെ തോന്നുന്നു...."........തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story