സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 26

Street dancer

രചന: തൻസീഹ് വയനാട്

എന്തിനാ അവൾ എന്നെ ഒഴിച്ചു നിർത്തുന്നത്.അവൾക്ക് എന്നെ ഇഷ്ടം ആണെന്നും ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്നും അറിയാം പക്ഷെ അത് അവൾ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കുന്നില്ല എന്നല്ല മനസ്സിലാകാത്ത പോലെ നടിക്കുകയാണ്. തുടരുന്നു. ____------------____ അവൾ പോയതിനു ശേഷം ഒരു നെടുവീർപ്പോടെ ഞാൻ ബെഡിലേക്ക് ചാഞ്ഞു .. ആ മുറി മൊത്തത്തിൽ ഒന്നു വീക്ഷിച്ചു. വർഷയുടെ ചെറുപ്പത്തിലെ എന്നു തോന്നിപ്പിക്കുന്ന ഫോട്ടോ ചുമരിൽ വെച്ചിട്ടുണ്ടായിരുന്നു. ആ ഫോട്ടോയിലുള്ള നാണത്തോടെ കണ്ണിറുക്കിയുള്ള ചിരി കാണാൻ പ്രത്യേകമായൊരു ഭംഗി ആയിരുന്നു. ഞാൻ എന്റെ ഫോണിൽ ആ ചിത്രം പകർത്തിയെടുത്തു .തിരികെ പോകാൻ നിന്നപ്പോൾ ആണ് മുറിയിലെ ഷെൽഫ് എന്റെ കണ്ണിൽ പെട്ടത്. അതിന്റെ അടുത്തു ചെന്നു തുറന്നു നോക്കിയപ്പോൾ ആദ്യത്തെ തട്ടിൽ തന്നെ കണ്ടത് ചെറുതും വലുതുമായ ട്രോഫികളും സെർട്ടിഫിക്കറ്റുകളും അതോടൊപ്പം അവൾ ക്ലാസിക്കൽ ഡാൻസ് കോസ്റ്റിയൂമിൽ നിൽക്കുന്ന ഫോട്ടോസും ആയിരുന്നു ..

ഇത്രക്കും അംഗീകാരം ലഭിച്ചിരുന്നെങ്കിൽ ഇവൾക്ക് വീണ്ടും ഈ ഡാൻസ് തുടരുന്നതിൽ എന്താ...?അപ്പാപ്പനെ പേടിച്ചിട്ട് എന്തിനാ അത് ഉപേക്ഷിക്കണം... ?എന്തു പറഞ്ഞിട്ടും എന്താ മനസ്സിലാകില്ലല്ലോ പറയുന്നത്.എങ്ങനെ എങ്കിലും അവളെ നൃത്തത്തിലേക്ക് തിരിച്ചു കൊണ്ടുവരണം.ഞാൻ ഇവൻ മാനേജ്മെന്റ് ഏറ്റെടുക്കുന്നതിന് മുൻപ് അവളെ കൊണ്ട് ഡാൻസിലേക്ക് തിരിച്ചു വരാൻ പറഞ്ഞിരുന്നതാണ്.അവൾ സമ്മതിച്ചതും ആണ്.പക്ഷെ പിന്നീട് അവളിൽ നിന്നും യാതൊരു അനുകൂലമായ മറുപടിയും ലഭിച്ചിട്ടില്ല. അവളെ ഡാൻസിലേക്ക് കൊണ്ട് വന്നത് ചാച്ചി അല്ലെ?അപ്പൊ ചാച്ചി പറഞ്ഞാൽ അവൾ കേൾക്കും.ചാച്ചിയുടെ സഹായം തന്നെ അതിനു വേണ്ടി തേടാം. മനസ്സിൽ അത് ഉറപ്പിച്ചു കൊണ്ട് ഞാൻ ചാച്ചിയെ കണ്ടു സംസാരിച്ചു.എന്റെ ആവിശ്യം പുള്ളിക്കാരി ഏറ്റെടുക്കുക തന്നെ ചെയ്തു.വർഷ നൃത്തം തുടരും.ആരെതിർത്താലും ശരി എന്ന വാക്ക് എനിക്ക് നൽകുകയായിരുന്നു ചാച്ചി... *********

ഹാളിലൂടെ വെറുതെ തേരാപാരാ നടക്കുമ്പോൾ ആയിരുന്നു ചാച്ചി എന്നെ വിളിച്ചത്. "വർഷ....." വിളിച്ചത് കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ചാച്ചി എന്നോട് അടുത്തേക്ക് വരാൻ പറഞ്ഞു .ഞാൻ ചാച്ചിയുടെ അടുത്തേക്ക് ചെന്നു.ചാച്ചി വിളിപ്പിച്ച കാര്യം അറിഞ്ഞപോൾ ഞാൻ ഒന്ന് പരുങ്ങി. ഡാൻസിന്റെ കാര്യം പറയാൻ ആയിരുന്നു ചാച്ചി വിളിച്ചത്. ചാച്ചിയിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. "വർഷ നീ ആരെയാ ഇങ്ങനെ പേടിക്കുന്നെ നിന്റെ അപ്പച്ചനെയാണോ....?വന്നതിനു ശേഷം അയാളോട് ഒന്നു സംസാരിക്കാൻ പോലും നിന്നിട്ടില്ല.നിനക്ക് വേണ്ടി അയാളോട് ഞാൻ ചോദിച്ചോളാം..." "ചാച്ചി ഒന്നും വേണ്ട വെറുതെ എന്തിനാ ഒരു പ്രശ്നം ഉണ്ടാക്കുന്നെ..?ഇപ്പൊ സമാധാനം ആയിട്ടല്ലേ എല്ലാം പോകുന്നത്....?" "എവിടെ സമാധാനം... ആർക്കാ സമാധാനം...? ചാച്ചിയുടെ ആ ചോദ്യത്തിന് മുന്നിൽ എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.ചാച്ചിക്ക് മുന്നിൽ എന്തു പറയും എന്നറിയാതെ നിൽക്കുമ്പോൾ ആയിരുന്നു ചാച്ചനെ കുറിച്ചു പെട്ടെന്ന് ഓർമ്മ വന്നത്. "ചാച്ചി ഞാൻ ഡാൻസ് തുടരാം.പക്ഷെ ...പക്ഷെ....?"

ഞാൻ ചാച്ചിയോട് അങ്ങനെ പറഞ്ഞപ്പോൾ സംശയത്തോടെ ചാച്ചി എന്നോട് ചോദിച്ചു. "പക്ഷെ.....?" "പക്ഷെ ....ചാച്ചി ചാച്ചിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരാളെ മനസ്സിലാക്കണം..." "ആരെ....?" ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിട്ടും മനസ്സിലാകാത്ത പോലെ ചാച്ചി എന്നോട് ചോദിച്ചു. "ചാച്ചനെ...." എന്റെ നാവിൽ നിന്നും ചാച്ചന്റെ പേര് കേട്ടപ്പോൾ ഒന്നും മിണ്ടാതെ നിശബ്ദതയെ കൂട്ടു പിടിച്ചു ചാച്ചി നിന്നു. അൽപ സമയത്തെ നിശ്ശബ്ദതക്ക് ശേഷം ചാച്ചി തുടർന്നു. "നിന്നോട് അയാൾ എല്ലാം പറഞ്ഞു അല്ലെ...?" "പറഞ്ഞു ..." "അയാളേ നീ ഉദ്ദേശിച്ച തരത്തിൽ മനസ്സിലാക്കാൻ എനിക്ക് കഴിയില്ല.അങ്ങനെ ചെയ്താൽ മാത്രമേ നീ ഡാൻസ് തുടരു എന്നുണ്ടെങ്കിൽ എനിക്ക് ഒന്നേ പറയാൻ ഉള്ളു നീ ഡാൻസ് ഇനി തുടരണ്ട.ഞാൻ ഒട്ടു നിർബന്ധിക്കുന്നുമില്ല.പ്രശ്നം തീർന്നില്ലേ...?" അത്രയും പറഞ്ഞു കൊണ്ട് ചാച്ചി എന്റെ അടുത്തു നിന്നും നടന്നകന്നപ്പോൾ അടപടലം ശശി യായി ഞാൻ നിന്നു. ******

വർശയോട് ചാച്ചി സംസാരിക്കുന്നത് മാറി നിന്നു വീക്ഷിക്കുകയായിരുന്നു ഞാൻ.ചാച്ചി അവളുടെ അടുത്തു നിന്നും വന്ന ഉടനെ ഞാൻ അവരോടായി ചോദിച്ചു. "അമ്മാ അവൾ എന്താ പറഞ്ഞേ......?" ആകാംഷയോടെ ഞാൻ അത് ചോദിച്ചതും എനിക്ക് നേരെ രൂക്ഷമായ നോട്ടത്തോടെ ചാച്ചി മറുപടി നൽകി.. "അവൾ ഡാൻസ് കളിക്കാതെ ഇരിക്കുക തന്നെയാണ് നല്ലത്.ഉള്ളിൽ ആഗ്രഹം ഉണ്ടേൽ അവൾ കളിച്ചോളും നിർബന്ധിപ്പിക്കാൻ നിൽക്കേണ്ട.." അത്രയും പറഞ്ഞു കൊണ്ട് അകത്തേക്ക് ദേഷ്യത്തോടെ നടന്നു പോകുകയായിരുന്നു ചാച്ചി. ഇതിപ്പോ എന്താ സംഭവം എന്നറിയാതെ നിന്ന ഞാൻ കാര്യം അന്വേഷിച്ചു കൊണ്ട് വർഷയുടെ അടുത്തേക്ക് ചെന്നു. "എന്തിനാടി ചാച്ചി ദേഷ്യപ്പെട്ടു പോയേ...?" ഞാൻ അവളോടായി ചോദിച്ചു. "അതില്ലേ ...ചാച്ചി എന്നോട് ഡാൻസ് തുടരാൻ നിർബന്ധിപ്പിച്ചപ്പോൾ ഞാൻ ചാച്ചിയോട് പറഞ്ഞു ചാച്ചനെ മനസ്സിലാക്കോ എന്ന തുടരാം എന്ന്.. പക്ഷെ മൂഞ്ചിപ്പോയി."

അവൾ എന്നോട് ഇളിച്ചു കൊണ്ട് അത്രയും പറഞ്ഞപ്പോൾ ഞാൻ അവളെ അടിമുടിയൊന്നു നോക്കി. "നല്ല ആളാ ചാച്ചിയോട് ചാച്ചനെ മനസ്സിലാക്കാൻ പറയുന്നേ..?ആദ്യം നീ എന്നെയൊന്നു മനസ്സിലാക്ക്..." "നിന്നെ ഞാൻ മനസ്സിലാക്കിയത് ആണല്ലോ....അത് വിട്ടെ...അതിനെ പറ്റി നമ്മൾ സംസാരിച്ചാൽ പിന്നെ നമ്മൾ തമ്മിൽ അടിയാകും..." "ഞാൻ അത് വിടാൻ പോണില്ല.അതിനെ പറ്റി തന്നെ സംസാരിക്കാം..." "റോഷാ പ്ലീസ് വേണ്ട...." "വേണം.." "വേണ്ട..." "വേണം എന്നെ..." അത് പറഞ്ഞു കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് ഒന്നൂടെ അടുത്തു ചെന്നതും പുറകിൽ നിന്നും ഇർഫാന്റെ ശബ്ദം കേട്ടു. "റോഷ.. ടാ... save the date wedding വീഡിയോ എഡിറ്റിംഗ് കഴിഞ്ഞിട്ടുണ്ട് .നീ ഒന്നു നോക്കിയേ.....?" ഞാൻ അവളിൽ നിന്നും അവന്റെ ശബ്ദം കേട്ടയുടനെ അടർന്നു നിന്നു.. "ആടാ... ഞാൻ ഇപ്പൊ വരാം " എന്ന് പറഞ്ഞു കൊണ്ട് വർഷയെ വാത്സല്യത്തോടെ നോക്കി കൊണ്ട് ഞാൻ ഇർഫാന്റെ അടുക്കലേക്ക് ചെന്നു അവന്റെ കയ്യിൽ നിന്നും ലാപ് വാങ്ങി. വീഡിയോയുടെ ഷൂട്ട് നേരത്തെ കഴിഞ്ഞിരുന്നു .എഡിറ്റിംഗിന് വിവേകിനെ ആയിരുന്നു ഏൽപ്പിച്ചത്.അവൻ ഈ work ഒക്കെ നന്നായി ചെയ്യാറുണ്ട് .വീഡിയോ കണ്ടപ്പോൾ കൊള്ളാം..

നന്നായിട്ടുണ്ട്. വർഷക്കുംവീഡിയോ കാണിച്ചു കൊടുക്കാൻ അവളെ വിളിച്ചപ്പോൾ അവൾ ഇർഫാനുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. റോഷൻ എന്റെ അടുത്തു നിന്നും പോയപ്പോ അവനു ലാപ് നൽകിയതിന് ശേഷം ഇർഫാൻ എന്റെ അടുത്തേക്ക് ആയി വന്നു. അകത്തേക്ക് പോകാൻ നിന്ന എന്നെ വിളിച്ചു. "ചേച്ചി കുട്ടി...." "ഉം... എന്താടാ..." അവന്റെ വിളി കേട്ട് ഞാൻ അവനോടായി ചോദിച്ചു. "ചേച്ചി കുട്ടിയും റോഷനും തമ്മിൽ വെറും ഫ്രണ്ട്ഷിപ് മാത്രം ആണോ അതോ മറ്റെന്തെങ്കിലും ബന്ധം ഉണ്ടോ...?ഇന്ന് അവന്റെ കയ്യിൽ ഫ്ലവർവൈസ് വീണപ്പോൾ ഉള്ള ചേച്ചി കുട്ടിയുടെ വെപ്രാളം കണ്ടെല്ലാം തോന്നിയത് ആണ് എനിക്ക് ഈ സംശയം..." അവൻ പറഞ്ഞത് കേട്ടപ്പോൾ അവനുമുന്നിൽ എന്തു പറയും എന്നറിയാതെ ഞാൻ നിന്നു.എങ്കിലും തപ്പിതടഞ്ഞ് കൊണ്ടു അവനു മറുപടി നൽകി. "അങ്ങനെ ഒന്നും ഇല്ലെടാ...ഫ്രണ്ട്ഷിപ് മാത്രമേയുള്ളൂ. നിനക്ക് വെറുതെ തോന്നിയത് ആകും..."

"ഞാൻ വെറുതെ ചോദിച്ചത് ആണ് ട്ടാ.. ഒന്നും തോന്നരുതെ .." എന്നു പറഞ്ഞവൻ തിരിഞ്ഞു നടന്നപ്പോൾ ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു തിരിഞ്ഞതും റോഷൻ എന്നെ തന്നെ നോക്കി നിൽക്കുന്നത് ആണ് കണ്ടത്. അവൻ എന്റെ അരികിലേക്ക് ആയി വന്നു കൊണ്ട് ചോദിച്ചു. "എന്താ ഇർഫാൻ പറഞ്ഞേ....?" "അവൻ എന്നോട് ചോദിച്ചു നമ്മൾ തമ്മിൽ ഫ്രണ്ട്ഷിപ് മാത്രം ആണോ അതോ വേറെ വല്ലതും ഉണ്ടോ എന്ന്..." അവൾ കലിപ്പ് കയറ്റി അത് പറഞ്ഞപ്പോൾ ഞാൻ നനഞ്ഞ ചിരിയോടെ അവളോട്‌ പറഞ്ഞു "ഉണ്ടല്ലോ...." "അയ്യാ....ഇനി ഒരു ആവശ്യവും ഇല്ലാതെ ന്റെ അടുത്തേക്ക് വന്നാൽ ഉണ്ടല്ലോ....?" കുറച്ചു കലിപ്പോടെ അവൾ അത് പറഞ്ഞപ്പോൾ ഞാനും കലിപ്പായി അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് ചോദിച്ചു. "വന്നാൽ നീ എന്തു ചെയ്യും ടീ..." ഞാൻ അവളുടെ അടുത്തെത്തിയതും പേടികൊണ്ടു അവളുടെ ഹൃദയമിടിപ്പ് കൂടുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു. "ചിലപ്പോ ഞാൻ മോന്തക്കിട്ട് അടിക്കും...."

അവൾ പറഞ്ഞു "ഓഹ് പിന്നെ... ഞാൻ ഇനിയും നിന്റെ അടുത്തേക്ക് വരും ദേ നിന്നെ ഞാൻ ഇങ്ങനെ ചേർത്തു പിടിക്കും." എന്നു പറഞ്ഞു കൊണ്ട് അവളുടെ അരയിലൂടെ എന്റെ മുറിവില്ലാത്ത കരം ചേർത്തു കൊണ്ട് ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു. അവളുടെ മിഴികൾ വിടർന്നു... അവളുടെ ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും. "റോഷ വിട്...." എന്റെ കരങ്ങൾ അരയിൽ നിന്നും മാറ്റാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു എങ്കിലും ഞാൻ വിട്ടില്ല. "ഇങ്ങനെ മാത്രം അല്ല ചിലപ്പോ ഞാൻ ഇങ്ങനെയും ചെയ്യും" എന്ന് പറഞ്ഞു കൊണ്ട് അവളെ ഞാൻ എന്റെ കൈകളിൽ കിടത്തി. പെണ്ണ് ആകെ പേടിച്ചു വിറച്ച അവസ്ഥയിൽ എത്തിയിട്ടുണ്ട്.അവളുടെ മിഴികൾ നിറയാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ എന്റെ കണ്ണിൽ പ്രണയം മാത്രമായിരുന്നു. "റോഷ പ്ലീസ് വിട്ടെ....." "ഇല്ല മോളെ...." എന്റെ കയ്യിൽ നിന്നും കുതറിമാറാൻ ശ്രമിക്കുന്ന അവളെ ഞാൻ ചേർത്തുപിടിച്ചു നിർത്തി നേരെ മുമ്പിലേക്ക് നോക്കിയതും കണ്ടത് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന സേവിയർ സർ നെ ആയിരുന്നു.അദ്ദേഹത്തെ കണ്ടതും ഞാൻ അവളെ പിടുവിട്ടു.പെണ്ണ് നടുവും തല്ലി നിലത്തേക്ക് വീണു.സർനു മുന്നിൽ എന്തു പറയും എന്നറിയാതെ നിൽക്കുമ്പോൾ എനിക്ക് നേരെ ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു കൊണ്ടു പറഞ്ഞു.

"ഒന്നുകിൽ ഇതൊരു ഹാൾ ആണെന്ന് ആലോചിക്കണം. അല്ലെങ്കിൽ അവളെയും കൂട്ടി ആരും കാണാത്ത ഇടത്ത് ചെന്നു റൊമാൻസ് കളിക്കണം.... എന്റെ പകരം ദേ ഇവളുടെ അപ്പാപ്പൻ ആണ് അല്ല മറ്റാരെങ്കിലും ആണ് കണ്ടിരുന്നെങ്കിലോ...?" സർന്റെ ചോദ്യത്തിന് മുന്നിൽ ഞാൻ ചമ്മിപ്പോയ കാരണത്തിൽ തലതാഴ്ത്തി നിന്നപ്പോൾ അദ്ദേഹം വർശയോടായി പറഞ്ഞു . "അപ്പൊ തല മുണ്ഡനം ചെയ്യാൻ ബാർബറെ ഇങ്ങോട്ട് വിളിക്കണോ അതോ നമുക്ക് അങ്ങോട്ടു പോണോ...?" ചാച്ചനെ അന്തം വിട്ടു നോക്കി കൊണ്ടു നിലത്തു നിന്നും എഴുന്നേൽക്കാതെ അതേ ഇരുപ്പ് ഇരിക്കുകയാണ് വർഷ... അവളോട്‌ കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുൻപ് സ്റ്റയേർ കേസ് കയറിപ്പോകുന്ന ചാച്ചിയെ കണ്ടത് കൊണ്ടാവാം ചാച്ചൻ അവിടേക്ക് പോയത്. സേവിയർ സർ പോയതിനു ശേഷം വർശയെ ഇടം കണ്ണിട്ട് നോക്കി അവൾക്ക് എഴുന്നേൽക്കാൻ ഞാൻ കൈ നീട്ടിയതുംദേഷ്യത്തോടെ എന്റെ കൈ തട്ടി മാറ്റി അവൾ അവിടെ നിന്നും എഴുന്നേറ്റു കൊണ്ടു എന്നോട് ഒന്നും മിണ്ടാതെ പോകാൻ നിന്ന അവളെ ഞാൻ തടഞ്ഞു. "വർഷ.... തമാശക്ക് ചെയ്തത് ആണ് നീ കാര്യം ആക്കല്ലേ..."

അവൾ ദേഷ്യവും സങ്കടവും കൊണ്ടു കണ്ണീർ തളം കെട്ടി നിൽക്കുന്ന അവളുടെ കണ്ണുകൾ കൊണ്ട് എനിക്ക് നേരെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു. " അങ്ങനെ എല്ലാം തമാശയായി എടുക്കാൻ കഴിയില്ല റോഷ...ഇതുവരെ ഞാൻ എല്ലാം ക്ഷമിച്ചിട്ടെയുള്ളൂ... ഇത് കൂടിപ്പോയി..." അത്രയും പറഞ്ഞു എനിക്ക് ഒന്നു മുഖം തരാൻ പോലും നിൽക്കാതെ അവൾ നടന്നകന്നപ്പോൾ ചെയ്തത് ഒന്നും വേണ്ടിയിരുന്നില്ല എന്നു എനിക്കും തോന്നിപ്പോയി. ******* ഒരു ദിവസം ഇരുട്ടി വെളുത്തു വർഷ എന്നോട് മിണ്ടിയിട്ട്.ഫോണ് വിളിച്ചാൽ എടുക്കുന്നില്ല.സംസാരിക്കാൻ വേണ്ടി അവളെ അടുത്തു ചെല്ലുമ്പോൾ ഒഴിഞ്ഞു മാറുകയാണ്. ഞാൻ അവളുടെ വീട്ടിൽ എത്തുന്നതിനു മുൻപ് അവൾ കോളേജിലേക്ക് പോയിരുന്നു. അവളുടെ പിണക്കം വല്ലാണ്ട് ഹൃദയത്തിൽ കുത്തുന്നുണ്ട്.സഹിക്കാൻ കഴിയാത്ത വേദനയുണ്ട്.അവളൊന്നു മിണ്ടിയാൽ മതി. ഇനി അവൾ എന്നെ സ്നേഹിക്കുന്നുണ്ടാവില്ലേ...?ഒരു ഫ്രൻഡ് മാത്രം ആയിരിക്കുമോ...?

അവളുടെ ഉള്ളിന്റെ ഉള്ളിൽ ഇഷ്ട്ടം ഉള്ളത് എന്റെ വെറും തെറ്റിദ്ധാരണ മാത്രമാകുമോ...? അവൾ എനിക്ക് ഇന്നലെ കവർ ചെയ്തു തന്ന മുറിവിൽ തലോടി കൊണ്ട് അവളെയും ആലോചിച്ചു അങ്ങനെ നിൽക്കുമ്പോൾ ആയിരുന്നു എനിക്ക് അരികിലേക്ക് ചാച്ചി വന്നത്. ചാച്ചിയെ കണ്ടു ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. "എന്താടാ ചേർക്ക മുഖം ഒരുമാതിരി ഇരിക്കുന്നെ....?" എന്റെ മുഖത്തെ വാട്ടം കണ്ടു കൊണ്ട് ചാച്ചി ചോദിച്ചു. "അത് ആന്റി....ഓഹ് സോറി 'അമ്മ ഒന്നുല്ല..വെറുതെ..." "വെറുതെ ഒരാൾ വിഷമിച്ചിരിക്കോ...?കാര്യം പറ...." "ഒന്നുല്ലെന്നെ..." ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും ചാച്ചി വെറുതെ വിടുന്നില്ല. "നീ എന്നെ 'അമ്മ എന്നു കാര്യത്തിൽ തന്നെയാണ് വിളിക്കുന്നതെങ്കിൽ ഈ അമ്മയോട് മോൻ പറ... അല്ലെങ്കിൽ വേണ്ട..." ചാച്ചിയുടെ ആ വാക്കുകൾക്ക് മുന്നിൽ എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല. "പറയാം 'അമ്മ...എനിക്ക്...." "നിനക്ക്...?" "എനിക്ക് വർഷയെ ഇഷ്ടം ആണ്....പക്ഷെ ആഇഷ്ട്ടം അവൾ എന്നോടായി പ്രകടിപ്പിക്കുന്നില്ല.എന്റെ മനസ്സ് തുറന്നിട്ടും. അവൾ ഇപ്പോഴും എന്നെ വെറുമൊരു ഫ്രണ്‌ട്‌ ആയി മാത്രമാണ് കാണുന്നത് എന്ന പറയുന്നേ...?"

ഞാൻ പറഞ്ഞതെല്ലാം കേട്ട് ചാച്ചി ഒന്നും മിണ്ടാതെ നിന്നു. അവരുടെ വാക്കുകൾക്ക് ആയി കാതോർത്തിരുന്ന എനിക്ക് മുന്നിൽഅല്പനേരത്തിനു ശേഷം അവർ പറഞ്ഞു തുടങ്ങി... "റോഷ....ഈ പ്രണയം എന്നു പറയുന്നത് പിടിച്ചു വാങ്ങാൻ ഉള്ള ഒന്നാണോ...?അതൊക്കെ ഒരാളുടെ മനസ്സിൽ നിന്ന് ഉണ്ടാവേണ്ടത് അല്ലെ.നിർബന്ധിപ്പിച്ചു കൊണ്ടു ഇഷ്ട്ടപ്പെടുത്താൻ കഴിയുമോ ഒരാളെ ...?വർഷക്ക് ഇത്രയും കാലത്തിനിടക്ക് നിന്നോട് ഇഷ്ട്ടം തോന്നിയിരുന്നെങ്കിൽ നിന്നോട് തുറന്നു പറയുമായിരുന്നില്ലേ...? എന്തിന് മറച്ചു വെക്കണം. ഇത്രയും കാലം നീ പിറകെ നടന്നിട്ടും അവൾ yes എന്നു ഒരു തവണ എങ്കിലും പറഞ്ഞോ....?" എന്നോട് ചാച്ചി അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഇല്ല എന്നു തലയാട്ടി. "അവൾ നിന്റെ ഒരു ഫ്രൻഡ്‌ ആണെന്ന് അല്ലെ പറഞ്ഞോള്ളു... so അവൾക്ക് നീ ഒരു ഫ്രൻഡ്‌ ആണ്.നീ അത് മനസ്സിലാക്ക്.അവളെ മനസ്സിലാക്ക്.അവൾക്ക് ഇഷ്ടം നീ അവളുടെ നല്ലൊരു ഫ്രൻഡ് എന്നും ആകണം എന്നല്ലേ .നീ നിന്റെ മനസ്സു മാറ്റാൻ ശ്രമിക്ക്.അവൾക്ക് നല്ലൊരു ഫ്രൻഡ്‌ ആയിരിക്കാൻ ശ്രമിക്ക്..."

അത്രയും പറഞ്ഞു കൊണ്ട് ചാച്ചി പോയപ്പോ ഞാനും ചിന്തിച്ചു തുടങ്ങുകയായിരുന്നു.അവളെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്.പക്ഷെ അവൾ ആ ഇഷ്ട്ടം എന്നോട് പ്രകടിപ്പിച്ചിട്ടില്ല ഇന്നേവരെ..എന്നും ഒരു ഫ്രൻഡ് മാത്രമാണെന്ന് തന്നെ പറഞ്ഞിട്ടുള്ളൂ.അവളുടെ നല്ലൊരു ഫ്രൻഡ്‌ ആവണം. എന്റെ മനസ്സിലെ ഇഷ്ട്ടം ഞാൻ തന്നെ മറന്നു തുടങ്ങണം..... ഓരോന്നു ചിന്തിച്ചു കൊണ്ടു മനസ്സു മൂകമായത് കൊണ്ടു പിന്നീട് അവിടെ നിൽക്കാൻ കഴിഞ്ഞില്ല അപ്പോൾ തന്നെ ബുള്ളറ്റും എടുത്തു അവിടെ നിന്നും പോന്നു.പോരുന്നവഴിയിൽ വെച്ചു അപ്രതീക്ഷിതം ആയിട്ടായിരുന്നു അവളുടെ അപ്പാപ്പന്റെ ജിപ്സി എന്റെ കണ്ണിൽ പെട്ടത്. അവളുടെ അപ്പാപ്പൻ ഒറ്റക്ക് ആയിരുന്നു അതിൽ.എപ്പോഴും കൂടെയുള്ള കാര്യസ്ഥൻ പോലും ഇല്ല. അയാളുടെ വണ്ടി ഇടറോഡിലേക്ക് ഇറങ്ങുന്നത് കണ്ടു ഒരു സംശയം തോന്നിയ വണ്ണം ഞാൻ ആ വാഹനത്തെ ഫോളോ ചെയ്തു. ****** കോളേജിൽ എത്തി നേരെ ക്ലാസ്സിൽ പോലും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. മനസ്സിലേക്ക് കടന്നു വരുന്ന മുഖം റോഷന്റെ മാത്രമായിരുന്നു.അവനോടു പിണങ്ങണമായിരുന്നോ...?വേണ്ടായിരുന്നു.പക്ഷെ അവൻ എന്നോട് പറയുന്നതും ചെയ്യുന്നതുമെല്ലാം.

ഒരു ഫ്രണ്ടിനപ്പുറം ഞാൻ അവനെ കണ്ടിട്ടില്ല... ഇന്നലെ അവന്റെ പെരുമാറ്റത്തിൽ ഞാൻ ഒരുപാട് കരഞ്ഞു... ഇടയിൽ ചാച്ചൻ വന്നു എന്നെ അവന്റെ പേരു പറഞ്ഞു കളിയാക്കിയപ്പോൾ ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞു . "ചാച്ചാ അവൻ എനിക്ക് ഒരു ഫ്രൻഡ്‌ മാത്രം ആണെന്ന് എത്ര തവണ ഞാൻ പറയണം..." ചാച്ചനോട് ഞാൻ വാദിച്ചു. "ശരി നീ അവനെ ഫ്രൻഡ്‌ ആയിട്ടായിരിക്കാം കാണുന്നത് പക്ഷെ നീ ഒന്നു ആലോചിച്ചു നോക്കിയേ അവന് നിന്നോടുള്ള ഇഷ്ടം.അങ്ങനെ നിന്നെ സ്നേഹിക്കുന്ന ഒരാൾ ഇനി നിന്റെ ജീവിതത്തിലേക്ക് കടന്നു വരും എന്ന് നീ പ്രതീക്ഷിക്കുന്നുണ്ടോ...?നിന്റെ മനസ്സ് മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ.അവൻ നിന്റെ കൂടെയുണ്ടാവുമ്പോൾ മോളെ നീ ഒരിക്കലും ഒറ്റപ്പെടുന്നില്ല.അവനെക്കാൾ നിനക്ക് ചേർന്ന ഒരാൾ ഇല്ല......"

ചാച്ചന്റെ വാക്കുകൾ എല്ലാം സത്യം തന്നെയാണ്.അതുകൊണ്ട് ഞാൻ എതിർക്കാൻ നിന്നില്ല.നിശ്ശബ്ദമായി ഒന്നും മിണ്ടാതെ നിൽക്കുമ്പോൾ ചാച്ചൻ എന്റെ മുറിയിൽ നിന്നും പോകുന്നതിനു മുൻപ് ഒന്നു കൂടി പറഞ്ഞു "നഷ്ട്ട പെട്ടു പോകുന്നവന്റെ സ്നേഹം ആരെക്കാളും എനിക്ക് മനസ്സിലാകും.അവന്റെ മനസ്സും എനിക്ക് മനസ്സിലാകും. അവന്റെ ആ സ്നേഹം നീ തിരികെ നൽകണം......" ഇന്നലെ ചാച്ചൻ പറഞ്ഞ വാക്കുകൾ ആണ് എന്നിൽ ഇപ്പോഴും അലയടിക്കുന്നത്.ചിന്തിക്കാൻ സമയം ആവിശ്യമായത് കൊണ്ടും ഇന്നലെ റോഷൻ ചെയ്തത് മനസ്സിൽ കോപം എരിക്കുന്നത് കൊണ്ടും തന്നെ അവന്റെ കോളുകൾ എടുത്തില്ല. രാവിലെ അവൻ വരുന്നതിനു മുമ്പ് തന്നെ വീട്ടിൽ നിന്നും ഇറങ്ങി. റോഷനെ ഞാൻ പ്രണയിക്കണം. വേണ്ട എന്നു പറയുമ്പോഴും എന്റെ മനസ്സ് വേണം എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്.

മനസ്സു ശാന്തമാകാൻ വേണ്ടി സർ ക്ലാസ്സിൽ നിന്നും പോയ ഉടനെ ഞാൻ ക്ലാസിൽ നിന്നും ഇറങ്ങി നിഷയുടെ അടുക്കലേക്ക് ചെന്നു എല്ലാ കാര്യങ്ങളും പറഞ്ഞു അവളെ തോളിൽ ചാഞ്ഞിരുന്നു. പറയാൻ ആഗ്രഹം ഉണ്ടെങ്കിലും ഒന്നും പറയാൻ കഴിയാതെ നിശ്ചലമായി അവളും ഇരുന്നു. "ഞാൻ റോഷനെ വിളിക്കട്ടെടി...ഇഷ്ടം പറയാം അല്ലെ....പക്ഷെ എനിക്ക് കഴിയുന്നില്ല വാക്കുകൾ ഒന്നും കിട്ടുന്നില്ല...എന്നാലും വിളിക്കാം.." എന്നു പറഞ്ഞു കൊണ്ട് ഞാൻ ഫോൺ എടുത്തു പക്ഷെ മനസ്സിൽ എന്തോ വിമ്മിഷ്ടം.. "അല്ലെങ്കിൽ വേണ്ടല്ലേ നേരിട്ടു പറയാം....വീട്ടിൽ ചെന്നാൽ അവൻ ഉണ്ടാവുമല്ലോ...." എന്നു പറഞ്ഞു ഞാൻ ഫോൺ തിരികെ ബാഗിലേക്ക് തന്നെ വെച്ചതും നിഷ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു....തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story