സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 6

Street dancer

രചന: തൻസീഹ് വയനാട്

അവർ പോയി അൽപ സമയം കഴിഞ്ഞു എന്നെ കാണാൻ വേണ്ടി വന്ന ആൾ.എന്റെ സകല ചോദ്യങ്ങൾക്കും ഉത്തരം നൽകുകയായിരുന്നു. തുടരുന്നു ----------------_____----------------- "ഷിബിൻ" എന്റെ നാവ് അവന്റെ പേര് മന്ത്രിച്ചു. അന്നത്തെ ആ പ്രശ്നങ്ങൾക്ക് ശേഷം ഞാൻ അവനെ ഇന്നാണ് പിന്നെ കാണുന്നത് അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അടുത്ത സുഹൃത്തിന്റെ മകൻ ആയതു കൊണ്ട് തന്നെ മമ്മക്ക് എന്നും അവൻ പ്രിയപ്പെട്ടതായിരുന്നു.അതുകൊണ്ടു തന്നെ അവനെ കണ്ടതും മമ്മ ഒന്നു പുഞ്ചിരിച്ചു. "ആന്റി....ഞാൻ എല്ലാം അറിഞ്ഞു മമ്മ വിളിച്ചിരുന്നു.മമ്മയ പറഞ്ഞേ നിങ്ങളെ ഒന്നു കണ്ടിട്ട് വരാൻ... വർഷക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലാലോ." ഞങ്ങളുടെ അടുത്തേക്ക് വന്നു അവൻ പറഞ്ഞു . "ഞാൻ രമ്യയെ വിളിച്ചിരുന്നു രാവിലെ.നീ വരേണ്ട ആവിശ്യം ഒന്നും ഇല്ലെടാ.ഇന്ന് തന്നെ ഡിസ്ചാർജ് ആവാം... ടെന്ഷന് കാരണം ബി പി കൂടി വീണത് ആണ്.പിന്നെ തലയിലെ ഈ മുറിവും..."

"എന്തായാലും സംഭവം ഇവിടെ ആകെ പരന്നിട്ടുണ്ട്.പത്രത്തിലും വന്നിട്ടുണ്ട്." അവന്റെ ആ വാക്ക് കേട്ടപ്പോൾ ഞാൻ ആകെ ഞെട്ടിത്തരിച്ചു. മമ്മയുടെ മുഖത്തും ഉണ്ട് ആ ഞെട്ടൽ .അവൻ ജാക്കെറ്റിൽ വെച്ചിരുന്ന ഒരു തമിഴ് പത്രം എടുത്തു മമ്മക്ക് കാണിച്ചു കൊടുത്തു.ഒപ്പം ഒരു മലയാള പത്രവും.അതിലെ ഉള്ളിലെ പേജിൽ ഇന്നലെ നടന്ന സംഭവം വാർത്തയായിട്ടുണ്ട്. പത്രം വായിച്ച അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന കണ്ണുനീരിനെ പിടിച്ചു നിർത്തി മമ്മയിൽ നിന്നും ഞാൻ ആ പത്രം വാങ്ങി നോക്കി. " സഹപാഠിയോടുള്ള പക ക്വട്ടേഷൻ കൊടുത്തു വിദ്യാർത്ഥിനി" തലക്കെട്ട് വായിച്ചപ്പോൾ തന്നെ എന്റെ കണ്ണു നിറഞ്ഞൊഴുകി. എന്റെ പേരും സ്കൂളിന്റെ പേരുമെല്ലാം ഉണ്ട് അതിൽ.ഉള്ളിലെ സങ്കടം കണ്ണുനീർ ആയി ഒഴുകുമ്പോളായിരുന്നു അമ്മയുടെ കുത്തുവാക്കുകൾ ഉയർന്നത്. "എന്തു ചെയ്തിട്ടാടി ഞങ്ങളെ നാണം കെടുത്താൻ വേണ്ടി നീ ജീവിക്കുന്നെ...?എന്താ ഞങ്ങൾ നിന്നോട് ചെയ്തത്..

.ഇത്രക്കും നാണക്കേട് ഞങ്ങൾക്ക് ഉണ്ടാക്കാൻ...... കർത്താവേ നാട്ടിൽ എല്ലാവരും അറിഞ്ഞിട്ടുണ്ടാവും .ഇതുവരെ ഉണ്ടാക്കിയ സകല മാനവും കൊണ്ടു കളഞ്ഞില്ലേ ....?" എന്നു പറഞ്ഞു കൊണ്ട് മമ്മ എന്നെ അടിക്കാൻ കൈ ഉയർത്തിയതും ഷിബിൻ കൈ തടഞ്ഞു. "ആന്റി എന്താ ഇത്...ഇങ്ങനെ ഒക്കെ സംഭവിക്കേണ്ടത് വിധിയായിരുന്നു. വർഷ ചെയ്‌തത് വലിയ തെറ്റു തന്നെയാണ് .അതൊരിക്കലും ന്യായീകരിക്കാൻ പറ്റില്ല. ഇപ്പൊ നമ്മൾ ചെയ്യേണ്ടത് അവൾക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്കുകയാണ്.ചീത്ത പറഞ്ഞത് കൊണ്ടും അടിച്ചത് കൊണ്ടും എന്തേലും കാര്യം ഉണ്ടോ...?" മമ്മയെ തടഞ്ഞു കൊണ്ടവൻ സംസാരിക്കുമ്പോഴും അവന്റെ നോട്ടം മുഴുവൻ എന്നിലായിരുന്നു. ആ നോട്ടത്തിൽ പുച്ഛവും പരിഹാസവും കലർന്ന ഭാവമായിരുന്നു. അവൻ തുടർന്നു കൊണ്ടിരിക്കുമ്പോളായിരുന്നു അവന്റെ ഫോൺ ബെല്ലടിച്ചത്. അതെടുത്തവൻ സംസാരിച്ചു.രമ്യാന്റി യായിരുന്നു ഫോണിൽ. "ഹലോ മമ്മ ഞാൻ അവരുടെ അടുത്തുണ്ട്.ദേ ആന്റിക്ക് ഫോൺ കൊടുക്കാം...."

എന്നു പറഞ്ഞവൻ അമ്മക്ക് ഫോൺ കൊടുത്തു.മമ്മ ഫോൺ എടുത്തും എന്നെ ഒന്ന് അടിമുടി നോക്കി ആന്റിയോട് സംസാരിക്കുന്നതിനായി പുറത്തേക്ക് പോയി. മമ്മ പോയേ അതേ സമയം ഷിബിന്റെ മുഖത്തു ഒരു സഹതാപം നിഴലിച്ചു.അത് അപ്പോൾ തന്നെ പരിഹാസമായി പരിണമിച്ചു. അവന്റെ അധരങ്ങളിൽ വിജയ ഭാവത്തിൽ ചിരി മുഴങ്ങി. "എങ്ങനെ ഉണ്ട് വർഷ എല്ലാവരുടെ മുമ്പിലും അപമാനിതയായി തല താഴ്ത്തി നടക്കുമ്പോൾ ഉള്ള അവസ്ഥ...... മനസ്സു നല്ലപോലെ വേദനിക്കുന്നണ്ടല്ലേ....? രണ്ടു മൂന്നു മാസങ്ങൾക്ക് മുൻപ് ഇതേ വേദന തന്നെയാ എന്റെ ഹഫ്സയും അനുഭവിച്ചത്.... ഇന്ന് ഞങ്ങൾക്ക് പരസ്പരം കാണാൻ കഴിയുന്നില്ല.ഒന്നു സംസാരിക്കാൻ പോലും.ഞാൻ ഒരു മുസ്ലിം പെണ്കുട്ടിയെ പ്രണയിച്ചു എന്നറിഞ്ഞ മുതൽ എന്റെ പപ്പ എന്നോട് ഇതുവരെ മിണ്ടിയിട്ടില്ല..അതിനെല്ലാം പുറമെ നീയും നിന്റെ അപ്പയും നടത്തിയ സദാചാര വേട്ട എന്റെ പെണ്ണ് അന്ന് സ്കൂളിലെ എല്ലാവർക്കും മുന്നിലെ തലകുനിച്ചു നിന്നു.

എനിക്ക് നിന്റെ അപ്പ നാട്ടിൽ ഉണ്ടാക്കിയ പേര്.ഇതിനെല്ലാം പകരം ആയി ഞാൻ തന്നെയാ നിനക്കു ഇതെല്ലാം വാങ്ങി തന്നത്." അവന്റെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിത്തരിച്ചു അവനെ നോക്കി. "എന്താ വർഷയുടെ മുഖത്തു ഒരു ഞെട്ടൽ.നിന്റെ മുമ്പിൽ വരാതെ ഈ മാസങ്ങളിൽ ഞാൻ മറഞ്ഞു നിന്നത് ഈ ഒരു സന്ദർഭത്തിനു വേണ്ടിയാടി....എന്റെ ഹഫ്സയെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നു നിനക്കാറിയുമോ ?നീ ഉദ്ദേശിച്ചത് നടന്നു.. ഞങ്ങളെ പിരിച്ചു.പക്ഷെ അവളുടെ അടുക്കലേക്ക് ഞാൻ എത്തുക തന്നെ ചെയ്യും.അവൾ എത്ര അകലെ ആണെങ്കിലും. അവൾ അന്വേഷിച്ചു ഞാൻ ഗൾഫിൽ ചെന്നിരുന്നു. എന്നെ ഒന്ന് കാണിക്കാൻ പോലും അവളുടെ കുടുംബം തയ്യാറായില്ല.എന്നെ സ്നേഹിച്ചതിന്റെ പേരിൽ അവൾ ആ വീട്ടിൽ കിടന്നു നരകിക്കുകയാണ്.... ഇതിനെല്ലാം കാരണം ആയ നീയൊക്കെ ഇവിടെ കിടന്നു സുഖിക്കുകയും .എന്റെ ഹഫ്സ അനുഭവിച്ചതിൽ കൂടുതൽ നീ അനുഭവിക്കും.ഇല്ലേൽ ഞാൻ അനുഭവിപ്പിക്കും.

അനു വിനോട് നീ എന്നെ സ്നേഹിച്ചിരുന്നു എന്നു കഥ മെനഞ്ഞു ഉണ്ടാക്കിയത് ഞാൻ ആണ്.കുറച്ചു എരിവും പുളിയും കൂട്ടിച്ചേർത്തു. നീ എന്റെ പുറകെ കുറെ നടന്നിരുന്നു വെന്നെല്ലാം.എന്നെ നേടാൻ ഹഫ്സക്ക് നീ മനപ്പൂർവം പണി കൊടുത്തത് ആണെന്ന്.നിഷയും അത് വിശ്വസിച്ചു. പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞു അനുവിനെ എരിവ് കയറ്റി. വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു എന്റെ കഥയിൽ .കെവിൻ.അവൻ പിന്നെ പൈസക്ക് അഭിനയിച്ചത് ആണ്.അനുവിന്റെയും നിശയുടെയും മുന്നിൽ നിന്റെ സ്വഭാവം മോശം ആക്കാൻ.അവൻ അവന്റെ ജോലി ഭംഗിയാക്കി.പിന്നെ ഇന്നലെ നടന്നത് അതും അഭിനയം തന്നെയാണ്.അനുവും കെവിനും കൂടി അഭിനയിച്ചു തകർത്തു........ ആദ്യം തന്നെ എനിക്ക് നീ ഹഫ്സയുടെ കൂടെ നടക്കുന്നത് ഇഷ്ട്ടം അല്ലായിരുന്നു.അന്ന് നീ അവളെ അടിച്ചപ്പോൾ എനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യമായിരുന്നു.. അന്ന് ഞാൻ ആളുകൾക്ക് മുന്നിൽ നാറിയതിനെക്കാൾ കൂടുതൽ ഇന്ന് നീയും നിന്റെ കുടുംബവും നാറി കൊണ്ടിരിക്കുകയാണ്.

ഇവിടെ കൊണ്ടെല്ലാം എന്റെ പക ഞാൻ അവസാനിപ്പിക്കില്ല. നിന്റെ ജീവിതം ഇനി എന്റെ കയ്യിൽ നെരിഞ്ഞമരും....നാട്ടിലേക്ക് നീ ചെല്ലു . നാട്ടുകാരുടെ മുമ്പിൽ നീ നാറി ഇല്ലാതാകും.നിനക്ക് പ്രിയപ്പെട്ട ഓരോന്നും നിന്നിൽ നിന്നും നഷ്ട്ടമാകും.. ആക്കിയിരിക്കും ഞാൻ" അവന്റെ വാക്കുകൾ ഓരോന്നും എന്റെ ഉള്ളിൽ ഭയം നിറക്കുകയായിരുന്നു.അവന്റെ കണ്ണുകളിൽ കാണുന്ന പക. ഹഫ്സയെ അവൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു അതിൽ നിന്നെല്ലാം വ്യക്തമായിരുന്നു. അവന്റെ മുഖഭാവവും സംസാരവും എന്നിൽ ഭയം നിറക്കുകയായിരുന്നു.എന്റെ നിസ്സഹായ അവസ്ഥ അവനു മുന്നിൽ പറഞ്ഞറിയിക്കുന്നതിനു മുൻപ് മമ്മ മുറിയിലേക്ക് വന്നു. പിന്നീട് കൂടുതൽ അവിടെ നിൽക്കാതെ മമ്മയോട് യാത്ര പറഞ്ഞ് അവൻ പോയി.മുറിയിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് എന്നെ രൂക്ഷമായ നോട്ടത്തോട് കൂടി അവൻ തിരിഞ്ഞു നോക്കി.നിസ്സഹായതയോടെ അവനെ നോക്കിയപ്പോഴും അവൻ കോപം മാത്രമായിരുന്നു നൽകിയത്.

അവൻ പോയതിനു ശേഷം അവൻ പറഞ്ഞ വാക്കുകളിൽ എന്റെ ഉള്ളം പിടയുകയായിരുന്നു. നാട്ടിൽ എല്ലാവരും ഈ സംഭവം അറിഞ്ഞിട്ടുണ്ടാകും. അപ്പാപ്പൻ ഈ വിവരങ്ങൾ എല്ലാം അറിഞ്ഞാൽ എനിക്ക് ഓർക്കാൻ പോലും കഴിയുന്നില്ല.പുലിമോട്ടിൽ ഔസേപ്പ് എന്റെ അപ്പാപ്പൻ.ആഗ്രഹിച്ചത് നേടാൻ എന്തും ചെയ്യാൻ മടിക്കാത്തവൻ.തനിക്ക് നേരെ കൈ ചൂണ്ടുന്നത് സ്വന്തം മകൻ ആണെങ്കിൽ പോലും ആ കൈ അറുത്തു മാറ്റാൻ മടിക്കാത്ത മനുഷ്യൻ.തന്റെ നിലനിൽപ്പിനു എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യൻ. അപ്പാപ്പന് അപമാനമായി ഈ വാർത്ത കൂടി അറിഞ്ഞാൽ.....?ഓർക്കാൻ പോലും കഴിയുന്നില്ല എനിക്ക്. പേടികൊണ്ടു എന്റെ ഹൃദയമിടിപ്പ് കൂടി കൊണ്ടിരുന്നു. പുറമേക്ക് എത്ര പൊട്ടിത്തെറിച്ചു സ്മാർട് ആയി നടന്നാലും ഉള്ളിൽ എനിക്ക് ഭയം ഉണ്ട് .അതിനു പ്രധാന കാരണം അപ്പാപ്പന്റെ സ്വഭാവം തന്നെയാണ്. എനിക്ക് പേടിയാണ് അയാളെ.... ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് വാങ്ങി തിരികെ വീട്ടിലേക്ക് പോകുമ്പോൾ ഉള്ളുകൊണ്ടു ഉരുകുകയായിരുന്നു .

ഇനി അവിടെ എന്തെല്ലാം സംഭവിക്കും . പ്രതീക്ഷിച്ച പോലെ തന്നെ വീട്ടിൽ എന്നെ വരവേറ്റത് എല്ലാവരുടെ പുച്ഛവും പരിഹാസവുമായിരുന്നു. വീട്ടിൽ എത്തിയ നേരം അപ്പാപ്പൻ അവിടെ ഉണ്ടായിരുന്നില്ല.സമാധാനം മനസ്സിൽ തങ്ങി നിന്നു.പക്ഷെ എത്ര നേരം. ചേച്ചി ഡാനിയയും ഏട്ടൻ മാർട്ടിനും എന്നിൽ കുറ്റം ആരോപിച്ചു വാക്കുകൾ കൊണ്ട് മുറിവേല്പിച്ചു. എന്റെ അമ്മാമ്മ എന്നെ കണ്ടിട്ടു ഒന്നും മിണ്ടിയത് പോലും ഇല്ല.തകർന്നു പോയ നിമിഷം.എന്റെ മുറിയിൽ നിന്നും പുറത്തിറങ്ങാൻ പോലും ഞാൻ തയ്യാറായിരുന്നില്ല.അത്രമാത്രം അപമാന ഭാരം വഹിച്ചു കൊണ്ടിരിക്കുകയാണ്. ചെയ്യാത്ത തെറ്റിനു... ആത്മഹത്യക്കു വരെ ചിന്തിച്ച നിമിഷം.കരഞ്ഞു തീർക്കാൻ അല്ലാതെ എനിക്ക് ഒന്നിനും കഴിഞ്ഞില്ല. എന്റെ സങ്കടങ്ങൾ ഡയറിയിൽ അക്ഷരങ്ങൾ ആയി പരിണമിക്കുന്ന ആ നിമിഷമായിരുന്നു കതകിൽ ആരോ മുട്ടിയത്. തുറന്നു നോക്കിയപ്പോൾ എനിക്ക് മുന്നിൽ രൂക്ഷമായ നോട്ടത്തോടെ നിൽക്കുന്ന അപ്പാപ്പനെയാണ് കണ്ടത്. ആ നോട്ടം പതിയെ പുഞ്ചിരിയായി മാറി.പക്ഷെ ആ പുഞ്ചിരിയിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നില്ല. അപ്പാപ്പൻ മുറിയുടെ അകത്തേക്ക് കയറി മൊത്തത്തിൽ ഒന്നു വീക്ഷിച്ചു .

എന്റെ ഉള്ളം പിടിക്കുകയായിരുന്നു.അപ്പാപ്പന്റെ സ്വഭാവം എപ്പൊ എങ്ങെനെയെന്നു പറയാൻ കഴിയില്ല. "എന്തായിരുന്നു വർഷ സ്കൂളിൽ നടന്നത്?" ആപ്പാപ്പന്റെ കടുപ്പിച്ചുള്ള ചോദ്യം പെട്ടെന്ന് ആയിരുന്നു എന്നെ തേടി എത്തിയത്. ഞാൻ വാക്കുകൾക്ക് വേണ്ടി പരതിയ സമയം ആപ്പാപ്പന്റെ ചോദ്യം എന്നെ തേടി വീണ്ടും എത്തി "നിന്നോട് ഞാൻ 3 വർഷം മുൻപ് പറഞ്ഞത് ഓർമ്മയുണ്ടോ ....?ഈ കുടുംബത്തിൽ നിന്നുണ് ഒരു ആട്ടക്കാരി വേണ്ട എന്നു....അത് നീ അനുസരിച്ചോ ? ഞാൻ ഡാൻസ് പഠിക്കുന്നതിന് എതിർത്ത ആളായിരുന്നു അപ്പാപ്പൻ . ഞാൻ ഡാൻസ് പഠിക്കാനും എനിക്ക് ഡാൻസിനോട് ഇഷ്ട്ടം തോന്നാനും കാരണക്കാരി യായ ഒരേ ഒരാൾ എന്റെ അപ്പയുടെ അനിയത്തി അനീറ്റ...എന്റെ ചാച്ചി.ഇപ്പൊ യൂ എസ് ൽ ആണ് ചാച്ചി. നാട്ടിലേക്ക് വന്നിട്ട് ഒരുപാട് ആയി .പിന്നെ അമ്മമ്മമാക്കും മമ്മക്കും ഇഷ്ടമായിരുന്നു നൃത്തം.ചാച്ചിയും ക്ലസ്സിക്കൽ ഡാൻസ് പഠിച്ചത് ആയിരുന്നു അപ്പാപ്പൻ അറിഞ്ഞു കൊണ്ടു തന്നെ. പക്ഷെ പകുതി വഴിയിൽ നിലച്ചു പോയി.

അതിനു പിന്നിൽ ഒഎസ് കാരണം ഉണ്ട്.അന്ന് മുതൽ അപ്പാപ്പൻ വെറുത്തത് ആണ് നൃത്തം.അപ്പാപ്പൻ കാരണം ആപ്പാപ്പന്റെ ഇഷ്ടങ്ങൾ കാരണം ചാച്ചിയുടെ ജീവിതം ചാച്ചിയുടെ ഇഷ്ടങ്ങളിൽ നിന്നും വഴുതി മാറുകയായിരുന്നു.അപ്പാപ്പന്റെ നിർബന്ധത്തിനു മുന്നിൽ ചാച്ചി പലതും ഉപേക്ഷിച്ചിട്ടുണ്ട് . ഇപ്പൊ ഇവിടെ നിന്നെല്ലാം അകന്ന ജീവിതവും അപ്പാപ്പൻ നശിപ്പിച്ച ചാച്ചിയുടെ ജീവിത്തോടുള്ള പ്രതികാരമാണ്.അപ്പയെക്കാൾ ഇരുപതു ഇരുപത്തിരണ്ട് വയസ്സു താഴെ ആയിരുന്നു ചാച്ചി. ചാച്ചിയിൽ നിന്നാണ് ആദ്യം ഡാൻസ് പഠിച്ചു തുടങ്ങിയത്.പിന്നെ ബോർഡിങ്ങിലേക്ക് വന്നപ്പോൾ ആരെയും പേടിക്കാതെ പഠിച്ചു.അപ്പാപ്പൻ ഇടയിൽ അറിഞ്ഞപ്പോൾ എന്നോട് നൃത്തം ഉപേക്ഷിക്കാൻ പറഞ്ഞത് ആണ്.അപ്പാപ്പനെ എതിർക്കാൻ ഭയം ആണെങ്കിലും ആ വാക്ക് കേൾക്കാതെ തന്നെ നൃത്തം തുടർന്നു. എനിക്ക് സപ്പോർട്ട് നാട്ടിൽ ഇല്ലെങ്കിലും ഫോണിലൂടെ ആയി എന്റെ ചാച്ചി ഉണ്ടായിരുന്നു.അപ്പാപ്പൻ അറിയാതെ വീണ്ടും ഞാൻ ചിലങ്കയണിഞ്ഞു

അപാപ്പന്റെ മുമ്പിൽ എന്തു പറയണം എന്നറിയാതെ ഞാൻ നിന്നപ്പോൾ അപ്പാപ്പൻ വീണ്ടും ചോദിച്ചു . "അനുസരിച്ചോ എന്ന്?" "ഇല്ല" എന്റെ നാവു ഉത്തരം പറഞ്ഞതും എന്റെ മുഖത്തേക്ക് അപ്പാപ്പന്റെ ബലിഷ്ടമായ കൈകൾ പതിഞ്ഞു. കവിളിൽ കൈ വെച്ചു കൊണ്ടു അപ്പാപ്പനെ നോക്കിയപ്പോൾ ആ കൈകളിൽ അരയിൽ ബെൽറ്റ് എന്നെ അടിക്കാനായി മുറുകിയിരുന്നു.ഒരു സഹതാപവും ഇല്ലാതെ അപ്പാപ്പൻ എന്നെ ക്രൂരമായി അടിച്ചു. കുടുംബത്തിന്റെ മാനം കളഞ്ഞതിനും ആപ്പാപ്പന്റെ വാക്ക് അനുസരിക്കാത്തതിലും. അമ്മാമ്മ അവിടേക്ക് എത്തിയിരുന്നില്ലെങ്കിൽ ആ മനുഷ്യൻ എന്നെ കൊന്നേനെ..അമ്മാമ്മ അയാളെ അടിക്കുന്നതിൽ നിന്നും തടഞ്ഞു.തന്നെ തടന്നതിനു അമ്മാമ്മയുടെ മുഖത്തേക്കും അയാൾ അടിച്ചു.പിന്നീട് ഒന്നും പറയാതെ മുറിയിൽ നിന്നും ഇറങ്ങി.പോകുന്നതിനു മുൻപ് ആ ചിലങ്ക ഇനി കാലിൽ അണിഞ്ഞാൽ കൊല്ലാനും മടിക്കില്ല എന്ന ഭീഷണിയും. അയാളിൽ നിന്നും രക്ഷിച്ചു എന്നല്ലാതെ കൂടുതൽ ഒന്നും പറയാതെ അമ്മാമ്മ എന്റെ മുറിയിൽ നിന്നും പോയി.

പിന്നീടുള്ള ഓരോ ദിവസവും ഞാൻ ആ വീട്ടിൽ ഒറ്റക്കായിരുന്നു. മാനസികമായും ശാരീരികമായും മരവിച്ച അവസ്ഥയായിരുന്നു എനിക്ക്. ആരും എന്നെ മനസ്സിലാക്കിയില്ല.വേദന ഉള്ളിൽ ഒതുക്കി ഞാൻ ആ മുറിയിൽ കഴിഞ്ഞു ഒരു ജീവച്ഛവമായി.വിഷാദം എന്നെ വലിഞ്ഞു മുറുക്കുകയായിരുന്നു.എക്സാം അടുത്തിട്ടും പഠിക്കാൻ കഴിഞ്ഞിരുന്നില്ല. എക്സാം എഴുതാൻ വീണ്ടും ആ സ്കൂളിലേക്ക് എത്തുമ്പോൾ ഭയമായിരുന്നു എനിക്ക് .എങ്കിലും പോകാതിരിക്കാൻ കഴിയില്ലല്ലോ? ചാച്ചൻ തന്നെയായിരുന്നു എക്സാമിനു പോകാനും എനിക്ക് കൂട്ടിനു വന്നത്. ഓരോ എക്സാമിനും ഇടയിൽ ദിവസങ്ങൾ ഗ്യാപ്പ് ഉണ്ടായത് കൊണ്ടു തന്നെ ഡെയ്‌ലി വീട്ടിൽ നിന്നും വരിക തന്നെയായിരുന്നു. കുട്ടികളുടെ പരിഹാസം നിറഞ്ഞ നോട്ടം എന്റെ ഹൃദയത്തെ കുത്തി നോവിക്കുന്നുണ്ടായിരുന്നുവെങ്കിലും പിടുച്ചു നിന്നു.എക്സാം ഒന്നും നേരെ എഴുതാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. ലാസ്റ്റ് എക്സാം ദിവസം ദിവസം ഞാൻ നിഷയെ കണ്ടു.

അവളും ഞാനും ഒരേ ക്ലാസ്സിൽ ആയിരുന്നു എക്സാം എഴുതിയിരുന്നത്. അവളുടെ മുമ്പിൽ എങ്കിലും എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം. എക്സാം കഴിഞ്ഞു എനിക്ക് മുന്നേ അവൾ പോയിരുന്നു.ഞാൻ അവൾക്ക് തൊട്ടുപുറകിൽ ആയി പേപ്പർ കൊടുത്തിട്ട് അവളുടെ പിന്നാലെ ഓടി. നിഷ...... ഞാൻ അവളെ വിളിച്ചിട്ടും അവൾ നിന്നില്ല.ഞാൻ ഓടി ചെന്നു അവളുടെ മുന്നിൽ കൈ നീട്ടി തടസ്സമായി നിന്നു. "നിഷ .....നിഷ നീ എങ്കിലും എന്നെ മനസ്സിലാക്കണം. എനിക്ക് നിന്നോട് സംസാരിക്കണം.?" "എന്ത് സംസാരിക്കാൻ ആണ് ഇനി.എനിക്ക് ഒന്നും കേൾക്കേണ്ട. നീ ഒന്നും ചെയ്തിട്ടില്ല എന്നായിരിക്കും പറയാൻ വരുന്നത്.എനിക്ക് നിന്നെ വിശ്വാസം ഇല്ല.അനുവിനെ കൊല്ലാക്കൊല ചെയ്തു ഹോസ്പിറ്റലിൽ ആക്കിയത് പോരെ നിനക്ക്" "എന്ത്....." നിഷ പറഞ്ഞത് മനസ്സിലാകാതെ ഞാൻ അവളോട്‌ ചോദിച്ചു.

"ഓ നിനക്ക് ഒന്നും മനസ്സിലായില്ല അല്ലെ.നിന്റെ ഒപ്പം നിന്ന കെവിനെ പോലും നീ കൊല്ലാൻ ശ്രമിച്ചില്ലേ...." "എടി നീ ഇതെന്തൊക്കെയ പറയുന്നേ....?" "കൂടുതൽ അഭിനയിക്കേണ്ട വർഷ .മറ്റുള്ളവരെ കൊല്ലക്കോല ചെയ്തു ജീവിക്കുന്നതിനെക്കാൾ നിനക്ക് പോയി ചത്തൂടെ" അത്രയും പറഞ്ഞു കൊണ്ടവൾ നടന്നകന്നു.അവൾ പറഞ്ഞ വാക്കിന്റെ കൂർത്ത മുള്ളുകൾ എന്റെ നെഞ്ചിൽ നിറയൊഴിക്കുകയായിരുന്നു. ഒരു ചെറിയ കാരണം പോലും എന്നിലെ സങ്കടത്തെ അലയടിപ്പികക്കുകയായിരുന്നു. പക്ഷെ കണ്ണുനീരിനെ മറച്ചു കൊണ്ടു എന്റെയുള്ളിൽ ആ ചോദ്യം മുഴങ്ങി അനുവിനും കെവിനും എന്തു പറ്റി....? ......തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story