ആ നിമിഷം: ഭാഗം 1

aanimisham

എഴുത്തുകാരി: ഗീതു അല്ലു

"ഇനി താലി കെട്ടാം... " പൂജാരിയുടെ ശബ്ദം കേൾക്കെ നെഞ്ചിൽ ഒരു പാറക്കല്ലെടുത്തു വച്ചതു പോലെ തോന്നി അനന്തന്... അവന്റെ ദൃഷ്ടി ആദ്യം തന്റെ വാമ ഭാഗത്തിരിക്കുന്ന പെണ്ണിലേക്ക് നീങ്ങി... ചുറ്റുമുള്ളതൊന്നും അറിയാതെ ദേഹത്ത് കിടക്കുന്ന ആഭരണങ്ങളുടെയും ഉടുത്തിരിക്കുന്ന സാരിയുടെയും ഭംഗി നോക്കുന്ന തിരക്കിലാണ് ആള്... ഇടയ്ക്കിടയ്ക്ക് നോട്ടം മുന്നിലിരിക്കുന്ന ആളുകളിലേക്കും നീങ്ങും... അവിടെ അവൾക്കു പരിചയമുള്ള ആരെയെങ്കിലും കാണുമ്പോൾ സന്തോഷത്തോടെ കണ്ണുകൾ വിടർത്തും.. ബഹളമുണ്ടക്കും.... അവളുടെ ബഹളം കൂടുമ്പോൾ വലിയമ്മായി ഇടയ്ക്ക് ശാസന രൂപത്തിൽ നോക്കുന്നുണ്ട്... അത് കാണുമ്പോൾ ഒന്നടങ്ങിയിരിക്കും.. അനന്തന് ഈ കാഴ്ചകളൊക്കെ കാണുമ്പോൾ ഉള്ളിൽ ഇരുന്ന് എന്തോ കൊത്തിവലിക്കുന്നത് പോലെ തോന്നി...പൂജാരിയുടെ കയ്യിൽ നിന്നും വലിയമ്മാവൻ താലി വാങ്ങി അനന്തന് നൽകുമ്പോൾ അവന്റെ നോട്ടം തന്റെ വാമ ഭാഗവും കടന്ന് പിന്നെയും പിന്നിലേക്ക് പോയി... അവിടെ തന്റെ പ്രിയപ്പെട്ടവൾ....

തന്നെ അത്രമേൽ പ്രണയിച്ചവൾ...... താൻ ഈ ലോകത്ത് സ്വന്തമാക്കണം എന്ന് ആഗ്രഹിച്ച ഒരേ ഒരുവൾ... അവളുടെ കണ്ണിലെ ഭാവം മാത്രം തിരിച്ചറിയാൻ സാധിക്കുന്നില്ല.... ഒരു തരിമ്പു പോലും ദേഷ്യം ഇല്ല... സഹതാപമാണോ... അല്ല... അപേക്ഷയാണ്.... അവളുടെ അനുജത്തിക്ക് വേണ്ടിയുള്ള അപേക്ഷ... അതെ... സ്വന്തം എന്ന് ചൂണ്ടിക്കാണിക്കാൻ ആരുമില്ലാത്ത ഒരുവൾക്ക് വേണ്ടി അവൾ തന്റെ പ്രണയത്തെ ത്യജിക്കുന്നു... വല്യമ്മാവൻ കൈ പുറത്ത് ഒന്ന് തട്ടിയപ്പോഴാണ് ആ നോട്ടം പിൻവലിച്ചത്.... അദ്ദേഹം നീട്ടിയ താലി വാങ്ങുമ്പോൾ ഒരു നിമിഷം ആ കണ്ണുകളിലേക്ക് നോക്കി...അനന്തന്റെ കണ്ണുകളെ നേരിടാനാവാതെ പെട്ടെന്ന് അയ്യാൾ നോട്ടം മാറ്റി... ആ താലി വാങ്ങിച്ചു അവളുടെ കഴുത്തിലേക്ക് ചേർക്കുമ്പോൾ പുതിയതായി കിട്ടിയ വസ്തുവിനോടുള്ള കൗതുകം മാത്രം അവളിൽ നിറഞ്ഞു നിന്നു.... ആ ലോഹ കഷ്ണത്തിന്റെ മഹത്വം മനസ്സിലാക്കാൻ പോലും അവൾക്ക് സാധിക്കുന്നില്ലല്ലോ ഈശ്വരാ... അനന്തന്റെ മനസ്സ് ഒരുവേള കലുഷിതമായി... ചിന്തകൾക്കൊടുവിൽ ആ താലിയും ഒരു നുള്ള് സിന്ദൂരവും നൽകി അവളെ സ്വന്തമാക്കുമ്പോൾ ഒരിക്കലും അവളെ ഭാര്യ ആയി കാണാൻ സാധിക്കില്ലല്ലോ എന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു... ഇല്ല.. അനിയത്തി ആയിട്ട് മാത്രമേ അവളെ കാണാൻ സാധിക്കൂ... അതിനുമപ്പുറം തന്നിൽ മറ്റൊരു ഭാവം നിറച്ചത് ഉർവി മാത്രമാണ്... അവൾ മാത്രമാണ് തന്റെ പാതി...

എന്നിട്ടെങ്ങനേ അവിടെ ജാൻവി എത്തി.... തന്നെയും ഉർവിയെയും കണ്ട നിമിഷം തന്നെ കുടുംബ ജ്യോൽസ്യൻ പറഞ്ഞത് ഒരു വേള അവനോർത്തു... " ഈ അനന്ത ശ്രീ എന്ന പുരുഷന്റെ പാതി എന്നും ഉർവി ആയിരിക്കും... പക്ഷെ അവളിലേക്കെത്താൻ നീ കടക്കേണ്ടുന്ന കടമ്പ ഒരുപാടുണ്ട്.... ഭഗവാൻ മഹേശ്വരൻ കൂടെ ഉണ്ടാവും... അവസാന നിമിഷം സാക്ഷാൽ വിഷ്ണു ഭഗവാൻ തന്നെ സഹായിക്കാൻ എത്തും എന്ന് കരുതിക്കോളൂ " ആ വാക്കുകളുടെ ഓർമ സൃഷ്ട്ടിച്ച തിരയിളക്കത്തിൽ നിന്നും അവൻ ചുറ്റും നോക്കി.... അങ്ങനെ ആരെങ്കിലും ഉണ്ടോ... തന്നെ ഈ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ... ഇല്ല.. ആരുമില്ല... ചുറ്റുമുള്ള ആരുടേയും കണ്ണിൽ സഹായിക്കാൻ ഉള്ള മനോഭാവം ഇല്ല.... ഇതിനടിയിൽ ഇപ്പോഴോ വല്യമ്മാവൻ തന്നെ ജാൻവിയുടെ കൈ പിടിച്ചു എന്നെ ഏൽപ്പിച്ചിരുന്നു.... കുറ്റബോധം കാരണം ആ മനുഷ്യൻ തലയുയർത്തി നോക്കിയില്ല.... വല്യമ്മായിക്ക് മാത്രം ആഗ്രഹിച്ചതെന്തോ നേടിയെടുത്ത ഭാവം... അവന്റെ കണ്ണുകൾ വീണ്ടും ഉർവിയെ തേടി... കണ്ണീരിനിടയിലും ചിരിക്കാൻ ശ്രമിക്കുന്ന അവളുടെ മുഖം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് അവൻ അറിഞ്ഞു... ചടങ്ങുകൾ ഒക്കെ ഒരു പാവയെ പോലെ നിന്ന് പൂർത്തിയാക്കി...

ഇടയ്ക്ക് ജാൻവിയിലേക്ക് നോട്ടം പാളി വീണു... ഒരു കൊച്ച് കുഞ്ഞിന്റെ നിഷ്കളങ്കത മാത്രം നിറഞ്ഞൊരു പെണ്ണ്... ചുറ്റുമുള്ളവരുടെ കള്ളത്തരങ്ങൾ ഒന്നും മനസ്സിലാക്കാൻ ഉള്ള ബുദ്ധി മാത്രം അതിനില്ലാതെ പോയല്ലോ.... തന്നെ ഒരു സഹോദരൻ ആയിട്ട് മാത്രമേ ജാൻവി കണ്ടിട്ടുള്ളു എന്ന് അവനു ഉറപ്പായിരുന്നു...താനും അതെ.... ഈ അവസ്ഥയിലേക്ക് എത്തുന്നതിനു മുൻപേ അവൾ തന്റെ കുറുമ്പ് നിറഞ്ഞ അനുജത്തി മാത്രമായിരുന്നു.... ഉർവിയുടെയും പ്രിയപ്പെട്ട അനിയത്തി.... ആ ബന്ധത്തിൽ നിന്നും ഇന്ന് വളരെ ദൂരം മുന്നോട്ട് വന്നിരിക്കുന്നു.... ഇന്നവൾ തന്റെ ഭാര്യ... അതോർക്കേ അനന്തന്റെ ചുണ്ടിൽ പുച്ഛത്തോടെയുള്ള ഒരു ചിരി വിരിഞ്ഞു.... ചടങ്ങുകൾക്ക് ശേഷം ഭക്ഷണം കഴിക്കാനായി പോയപ്പോൾ അവൾ തുള്ളിചാടി മുന്നോട്ട് ഓടുന്നുണ്ടായിരുന്നു... ഉടുത്തിരുന്ന സാരിയിൽ തട്ടി മുന്നോട്ട് വീഴാൻ ആഞ്ഞപ്പോൾ തടഞ്ഞു നിർത്തിയ അവന്റെ കൈകളിലെ കരുതൽ ഒരു ഭർത്താവിന്റേതായിരുന്നില്ല എന്നവൻ ഓർത്തു... ഈ കാഴ്ച്ച കണ്ടു നിന്ന ഉർവിക്കും അത് മനസ്സിലായി.... അവന്റെ ആ പ്രവൃത്തിയിൽ നാണത്താൽ ഉള്ള കളിയാക്കലുകൾ മറ്റുള്ളവർ നിറച്ചപ്പോൾ ഉർവിക്കും പുച്ഛമാണ് തോന്നിയത്...

ഒരു മനുഷ്യനെ മനസ്സിലാക്കാതെ സ്വാർത്ഥതയ്ക്ക് വേണ്ടി ഓരോന്ന് കെട്ടി ചമയ്ക്കുന്ന ചില ജന്മങ്ങൾ... അവൾ ആ ചിന്തയോടെ തന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി... അവളുടെ കണ്ണിൽ എരിയുന്ന അഗ്നി കണ്ടിട്ടാവണം അവർ പെട്ടന്നുവിടുന്നു നടന്നകന്നു....അവർ പോയ വഴിയേ നോക്കി നിന്ന അവളുടെ കണ്ണുകളിലെ ഭാവം മാറി അവിടെ ദുഃഖം നിഴലിച്ചു.... " മറക്കാൻ ശ്രമിക്കാം ശ്രീയേട്ടാ... കഴിയുമോ എന്നറിയില്ല... ശ്രീയേട്ടനെ മറക്കുന്ന ആ നിമിഷത്തിന് വേണ്ടി ഉർവി ഇന്ന് മുതൽ കാത്തിരിക്കും " തന്നോട് തന്നെ അത് പറഞ്ഞു മനസ്സിലാക്കുമ്പോഴും അവളുടെ കണ്ണുകൾ ജാൻവിക്കരികിൽ നിൽക്കുന്ന അനന്തശ്രീയിൽ തന്നെ ആയിരുന്നു....അവന്റെ സങ്കടം നിറഞ്ഞ മുഖം അവളിലെ പ്രണയിനിയെ വീണ്ടും തളർത്തികൊണ്ടിരുന്നു.... ആ നോട്ടം ജാൻവിയിലേക്ക് നീങ്ങുമ്പോൾ അവൾ സ്വന്തം രക്തത്തെ തിരിച്ചറിയാൻ സാധിക്കുന്ന സഹോദരിയായി പരിണമിച്ചിരുന്നു... മനുഷ്യ മനസ് അങ്ങനെയാണ്.. സങ്കീർണ്ണതകൾ നിറഞ്ഞത്... ആർക്കും ആരെയും പെട്ടെന്ന് മനസ്സിലാവില്ല...

നിമിഷ നേരം കൊണ്ട് വിവിധ ഭാവങ്ങൾ കൈ വരിക്കാൻ മനുഷ്യ മനസ്സിന് സാധിക്കും.... അതൊരു സ്ത്രീ കൂടെയാണെങ്കിൽ ആ മാറ്റത്തിന് ശരവേഗം കൈ വരിക്കും....... ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ജാൻവിയിൽ ഒരു കുഞ്ഞിനെ മാത്രമേ അനന്തനും ഉർവിക്കും കാണാൻ സാധിച്ചുള്ളൂ.... തങ്ങളുടെ പങ്ക് പപ്പടത്തിനു വേണ്ടി വാശി പിടിക്കുന്ന അവളിലെ കുറുമ്പിനെ അവർ രണ്ടു പേരും ചിരിച്ചു കൊണ്ട് നേരിട്ട്... ഇടയ്ക്കെപ്പോഴോ അനന്തനുമായി നോട്ടം ഇടഞ്ഞപ്പോൾ ഉർവി പെട്ടെന്ന് നോട്ടം മാറ്റി.... അത് മനസ്സിലാക്കിയത് പോലെ അനന്തനും തിരിഞ്ഞിരുന്നു.. ഒരു വറ്റു പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല... എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എണീറ്റു... അവനൊപ്പം തന്നെ ജാൻവിയെയും കൂട്ടി ഉർവിയും വന്നിരുന്നു.... ഇഷ്ട്ടപ്പെട്ട ആദപ്രഥമൻ മുഴുവൻ കഴിക്കാൻ പറ്റാത്തതിന്റെ സങ്കടം ജാൻവിക്ക് ഉണ്ടായിരുന്നു.. അത് കാണെ അനന്തൻ ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു കയ്യും മുഖവും ഒക്കെ കഴുകി കൊടുത്തു.... ഉർവി ഇതൊക്കെ ഒരു നിറചിരിയാലെ നോക്കിക്കാണുകയായിരുന്നു...അപ്പോഴും ഉള്ളിൽ ഒരു കടൽ ആർത്തിരമ്പുന്നത് അവൾ സമർത്ഥമായി ഒളിപ്പിച്ചു...ഭക്ഷണ ശേഷം തറവാട്ടിലേക്ക് മൂവരും ഒന്നിച്ചാണ് യാത്ര തിരിച്ചത്...

ജാൻവിയുടെ അവസ്ഥ മനസ്സിലാക്കി വല്യമ്മാവൻ ഫോട്ടോ സെക്ഷൻ ഒഴിവാക്കിയിരുന്നു... അനന്തന് അത് വലിയൊരു ആശ്വാസമായിരുന്നു... കാറിൽ ഇരിക്കുമ്പോൾ അനന്തന്റെ മനസ്സ് ഒരാഴ്ച മുന്നേ ഉള്ള ഒരു രാത്രയിലേക്ക് പോയി... അന്ന് ഉർവി നാട്ടിൽ ഇല്ലായിരുന്നു... പിറ്റേന്ന് അവൾ തിരിച്ചെത്തും... ആ സന്തോഷത്തിലാണ് താനും ജാൻവിയും ഉറങ്ങാൻ പോയത്... ഉർവി ഉണ്ടെങ്കിൽ ജാൻവി അവൾക്കൊപ്പം ആവും കിടക്കുക... അന്ന് ഒറ്റയ്ക്കായത് കൊണ്ട് മുറിയിൽ ലൈറ്റ് ഇട്ടിട്ട് ഉറക്കി കിടത്തിയിട്ടാണ് താൻ തന്റെ മുറിയിലേക്ക് പോയത്... രാത്രിയുടെ ഏതോ യാമത്തിൽ അവളുടെ മുറിയുടെ ഉള്ളിൽ നിന്നും എന്തോ ശബ്ദം കേട്ട് അങ്ങോട്ട് ചെന്നു..മുറിയുടെ ഒരു മൂലയ്ക്ക് പേടിച്ചു ഇരിപ്പുണ്ടായയിരുന്നു ജാൻവി... അവളെ സാധാനിപ്പിക്കാൻ അവൾക്കടുത്തേക്ക് പാഞ്ഞതും മുറി ആരോ പുറത്തു നിന്നും പൂട്ടി... ലൈറ്റും പെട്ടെന്ന് പോയി... ഇരുട്ടായതും ജാൻവി അലറി കരഞ്ഞു... അൽപ്പ സമയത്തിന് ശേഷമാണ് പിന്നെ കറന്റ്‌ വന്നത്.. പെട്ടെന്ന് തന്നെ ഓടി വന്നു മുറിയുടെ വാതിൽ തുറന്നു... അപ്പോഴേക്കും എല്ലാവരും അവിടെ കൂടിയിരുന്നു... വല്യമ്മാവൻ... വല്യമ്മായി.. വല്യമ്മായിയുടെ ആങ്ങളയും കുടുംബവും....

എല്ലാവർക്കും അങ്ങനെ ഒരു അവസ്ഥയിൽ തന്നെ അവിടെ കണ്ടതിന്റെ പകപ്പ് ആയിരുന്നു... വല്യമ്മായിയുടെ മുഖത്തും അവരുടെ ആങ്ങളയുടെ മകന്റെ മുഖത്തും മാത്രം സന്തോഷം നിറഞ്ഞു നിന്നത് അനന്തൻ ശ്രദ്ധിച്ചു... അപ്പോൾ തന്നെ ഇതൊരു ചതിയാണെന്ന് അവൻ തിരിച്ചറിഞ്ഞു... പക്ഷെ വല്യമ്മായിക്ക് തന്റെയും ഉർവിയുടെയും ബന്ധം അറിയുന്നതല്ലേ... അവരും അതിനു മൗനനുവാദം തന്നതല്ലേ... പിന്നെന്തിനു.. ആ ചോദ്യം മാത്രം അവനിൽ അവശേഷിച്ചു.... ആരും അവനു പറയാൻ ഉള്ളത് കേട്ടില്ല... ഒറ്റ രാത്രി കൊണ്ട് ഡോക്ടർ അനന്ത ശ്രീ ജാൻവി എന്ന അവന്റെ മുറപ്പെണ്ണിന്റെ ജാരൻ ആയി.... ചേച്ചിയേ സ്നേഹിച്ചിട്ട് അനിയത്തിയുമായി അരുതാത്ത ബന്ധം ഉണ്ടാക്കിയവനായി.... പിറ്റേന്ന് ഉർവി വന്നപ്പോൾ ഈ വിശേഷം അവളെ അറിയിക്കാൻ വല്യമ്മായി തന്നെയായിരുന്നു മുന്നിൽ.... എല്ലാം കേട്ടതിനു ശേഷം ഏറെ നേരത്തേക്ക് ഉർവി ഒന്നും മിണ്ടിയില്ല.....ദീർഘ നേരത്തെ മൗനത്തിനു ശേഷം അവൾ ഒരിക്കലും അനന്തനെ അവിശ്വസിക്കില്ല എന്നും പറഞ്ഞു മുറിയിൽ കയറി കഥകടച്ചു.... ജാൻവി അപ്പോഴും അവളുടെ പ്രിയപ്പെട്ട പാവക്കുട്ടിയുടെ മുടി കെട്ടികൊടുക്കുന്ന തിരക്കിലായിരുന്നു... ഉർവി വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി.... ഉർവിയുടെ ആ ഉറച്ച വിശ്വാസത്തിനു മുന്നിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് അനന്തനും സമാദാനിച്ചു....

പക്ഷെ നീല മനയിലെ ഡോക്ടർ അനന്ത ശ്രീ സ്ഥിര ബുദ്ധി ഇല്ലാത്ത ജാൻവിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഇതിനോടകം തന്നെ നാട്ടിൽ പാട്ടായി... പിന്നീട് വല്യമ്മാവന് മറ്റൊരു വഴിയുമില്ലാതെ നടത്തിയതാണ് ഈ വിവാഹം.... ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത് ഉർവിയായിരുന്നു... പക്ഷെ വല്യമ്മായിയുടെ ആത്മഹത്യ ഭീഷണിക്ക് മുന്നിൽ അവളും കീഴടങ്ങി...കല്യാണ തലേന്ന് ഉർവി പറഞ്ഞ ഓരോ വാചകങ്ങളും അനന്തന്റെ മനസ്സിൽ കൂടി പാഞ്ഞു പോയി.. " ഏതോ പരീക്ഷണ കാലഘട്ടമാണ് ഇത്... നമ്മൾ ഒന്നിച്ചു ഇതിനെയും അതിജീവിക്കും... ജാൻവി ഓർമകളിലേക്ക് മടങ്ങി വരുന്ന ആ നിമിഷം അനന്തേട്ടൻ എന്നിലേക്ക് മടങ്ങി വരും എന്ന് എന്റെ മനസ്സ് പറയുന്നു.... പ്രണയത്തിൽ വിരഹവും നല്ലതാണ്... കാത്തിരിക്കാം നമുക്ക് വീണ്ടും ഒന്നാകുന്ന ആ നിമിഷത്തിന് വേണ്ടി... ചിലപ്പോൾ ആ നിമിഷം ദിവസങ്ങൾക്കപ്പുറമോ... മാസങ്ങൾക്കപ്പുറമോ.. വർഷങ്ങൾക്കപ്പുറമോ... യുഗങ്ങൾക്കപ്പുറമോ ജന്മങ്ങൾക്കപ്പുറമോ ആകാം... എങ്കിലും നമുക്ക് കാത്തിരിക്കാം... ഉർവി മഹേശ്വർ അനന്ത ശ്രീ നാരായണന് സ്വന്തമാകുന്നതിന് വേണ്ടി... അതിൽ ജാൻവി മഹാദേവ് സന്തോഷിക്കുന്നതിനു വേണ്ടി... തുടരും

Share this story