ആ നിമിഷം: ഭാഗം 11

aanimisham

എഴുത്തുകാരി: ഗീതു അല്ലു

ജാൻവിയുടെ സന്തോഷം ചുട്ടു പൊള്ളിക്കുന്നു അനന്തനെ.... നിറഞ്ഞൊഴുകുന്ന ലാവയിലേക്ക് വീണത് പോലെ....അവന്റെ കണ്ണുകൾ അവൻ പോലും അറിയാതെ ഉർവിയിലേക്ക് നീണ്ടു... തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന ജാൻവിയുടെ കൈകൾ പൊള്ളിക്കുന്നത് പോലെ തോന്നി അവനു.. അവന്റെ ഉള്ളിലെ സാദാ പുരുഷനും ഡോക്ടറും തമ്മിൽ ചിന്തകൾ കൊണ്ടൊരു യുദ്ധം തന്നെ നടന്നു... അവസാനം അവനിലെ ഡോക്ടർ വാദിച്ചു ജയിച്ചു.... അവൾക്ക് ഒന്നും ഓർമയില്ല... ആകെ ഓർമയുള്ളത് വ്യക്തികളെ മാത്രം... ബാക്കിയൊക്കെ നമ്മൾ പറഞ്ഞു കൊടുക്കുന്നതാണ് അവളുടെ മനസ്സിൽ ഉണ്ടാവുക.. അതിനപ്പുറം ഒന്നും ഇല്ല... ഇപ്പൊ ഉർവി ഞാൻ അവളുടെ ഭർത്താവ് ആണെന്ന് പറഞ്ഞപ്പോൾ അവളുടെ മനസ്സ് അത് മാത്രം അംഗീകരിച്ചു... അതിനുമപ്പുറം എന്റെയും ഉർവിയുടെയും ബന്ധവും... ഞാനും ജാൻവിയും തമ്മിലുള്ള ബന്ധവും ഒന്നും അവൾ ഓർക്കുന്നത് കൂടിയില്ല... അവൾ പൂർണ്ണമായും പഴയ ജാൻവിയാകുമ്പോഴേ അവൾക്ക് എല്ലാം മനസ്സിലാകൂ... അത് വരെ ജാൻവിയുടെ മനസ്സ് നൊമ്പരപ്പെടാതെ അവളോടൊപ്പം ഞാൻ നിൽക്കേണ്ടി വരും...

വലിയൊരു വാദ പ്രതിവാദത്തിനൊടുവിൽ അവൻ മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിച്ചു... ഉർവിയെ നോക്കിയപ്പോൾ അവളും ഇതൊക്കെ തന്നെയാവും ആലോചിക്കുന്നത് എന്ന് തോന്നി അവനു... രണ്ടു പേരും മുഖത്തോട് മുഖം നോക്കി വിളറിയ ഒരു ചിരി ചിരിച്ചു... അതിനിടയിൽ എല്ലാം ജാൻവി വിശേഷങ്ങൾ ചോദിച്ചറിയുകയായിരുന്നു... എപ്പോഴും മഹേശ്വറും വിളിച്ചു... വൈകിട്ടോടെ അവിടേക്ക് എത്തും എന്ന് മാത്രം പറഞ്ഞു അനന്തൻ ഫോൺ കട്ട്‌ ആക്കി... വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ കുറച്ചു മണിക്കൂറുകൾക്ക് മുന്നേ നടന്ന കാര്യങ്ങളാണ് മനസ്സിലേക്ക് വന്നത്... ചില മണിക്കൂറുകൾ കൊണ്ടാണ് ജീവിതം വേറെ ഗതിക്ക് മാറി ഒഴുകാൻ തുടങ്ങിയത്...ഒക്കെ ഓർക്കുമ്പോഴും അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു.. എങ്കിലും തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല എന്ന് അവൾ ഉറപ്പിച്ചിരുന്നു... വൈകിട്ടോടെ ഡിസ്ചാർജ് ഫോർമാലിറ്റിസ് ഒക്കെ കഴിഞ്ഞു....

വൈകിട്ട് അവരെ കാണാൻ എത്തിയ ആകർഷിനും പറയാൻ ഉണ്ടായിരുന്നത് അനന്തന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ തന്നെയാണ്.. എങ്കിലും ജാൻവിയുടെ അനന്തനോടുള്ള പെരുമാറ്റം കാണുമ്പോൾ നെഞ്ചിൽ ഒരു കുത്തൽ അവനും അനുഭവപ്പെട്ടു.... ജാൻവി ഒഴിച്ച് ബാക്കിയുള്ള മൂന്നു പേരുടെയും മുഖം സങ്കർഷത്താൽ നിറഞ്ഞു നിന്നു... അത് മനസ്സിലാക്കി തന്നെ ആകർഷ് അനന്തനെയും ഉർവിയെയും മാറ്റി നിർത്തി സംസാരിച്ചു... " നിങ്ങൾ രണ്ടും എപ്പോഴും ഇങ്ങനെ സങ്കടപ്പെട്ടു നടക്കുന്നതെന്തിനാ.... നിങ്ങൾ ആദ്യം പഴയതു പോലെ ആകൂ... എന്നിട്ട് നമുക്ക് ജാൻവിയെ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കാം.... എന്തെങ്കിലും ഒന്ന് ജീവിതത്തിൽ വരുമ്പോഴേക്കും ഈ എല്ലാം നഷ്ട്ടപ്പെട്ട ഭാവവും ഇട്ട് നടക്കാൻ തുടങ്ങിയാൽജീവിതം തന്നെ നരകം ആയി പോകും.. പറഞ്ഞേക്കാം. " ഉർവിയ്ക്കും അനന്തനും അവൻ പറയുന്നതിൽ കാര്യം ഉണ്ടെന്ന് തോന്നി...

കുറച്ചു നാളുകളായിട്ട് ഒന്ന് ചിരിക്കാൻ പോലും മറന്നു പോയിരിക്കുന്നു ..... പല പല ചിന്തകളിൽ മനസ്സ് എപ്പോഴും അസ്വസ്ഥമാണ്... ഈ ദുഃഖ ഭാവം കാണുമ്പോഴാണ് തങ്ങളെ തോൽപ്പിച്ചവരൊക്കെ സന്തോഷിക്കുന്നത്... പാടില്ല... രണ്ടു പേരും ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു... അതിന്റെ ഭാഗമായി നിറഞ്ഞ ചിരി രണ്ടു പേരിലും ഉണ്ടായി... ആകർഷിനും പകുതി ആശ്വാസമായി... അവരുടെ സങ്കടം നിറഞ്ഞ മുഖം കാണുമ്പോൾ ജാൻവിയ്ക്ക് എന്തെങ്കിലും സംശയം തോന്നുമോ എന്നൊരു പേടി അവനുണ്ടായിരുന്നു.... അങ്ങനെ ഒരു സംശയം വന്നാൽ അത് അവളെ പല സത്യങ്ങളിലേക്കും നയിക്കും.... അങ്ങനെ വന്നാൽ പിന്നെ അവളെ ഒരിക്കലും തിരിച്ചു കിട്ടില്ല... അവനും ചിരിയോടെ രണ്ടു പേരെയും കൂട്ടി ജാൻവിയുടെ അടുത്തേക്ക് നടന്നു.... അവൾ പോകാൻ റെഡി ആയി ഇരിക്കുകയായിരുന്നു...

അപ്പോഴാണ് ആകർഷിനും ഉർവിയ്ക്കും ഒപ്പം ചിരിച്ചു കളിച്ചു വരുന്ന അനന്തനെ കാണുന്നത്... അവൾ അവനെ തന്നെ നോക്കിയിരുക്കുകയായിരുന്നു..... അവന്റെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ മനസ്സിലേക്ക് പല സന്ദർഭങ്ങളും കടന്നു വരുന്നു... ഒരാണും പെണ്ണും.... പക്ഷെ രണ്ടു പേരുടെയും മുഖം മാത്രം അവൾക്ക് ഓർക്കാൻ സാധിക്കുന്നില്ല... എങ്കിലും അത് അവരുടെ പ്രണയ നിമിഷങ്ങാളാണ് എന്നവൾക്ക് തോന്നി... കുറുമ്പ് നിറഞ്ഞ പ്രണയം.... അനന്തൻ അടുത്തെത്തിയപ്പോഴേക്കും ആ വ്യക്തമല്ലാത്ത രൂപങ്ങൾക്ക് അവൾ അനന്തന്റെയും അവളുടെയും മുഖം സങ്കൽപ്പിച്ചു കഴിഞ്ഞിരുന്നു..... അതിന്റെ ഫലമായി അവൾ അനന്തന്റെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചു... മറ്റാരെയും അവൾ ശ്രദ്ധിച്ചില്ല... അവളുടെ മനസ്സിലപ്പോൾ അനന്തൻ അവളുടെ പ്രണയമാണ്... അവൾക്ക് സ്വന്തമായ അവളുടെ പ്രണയം.... പക്ഷെ അവളുടെ പ്രവൃത്തി മൂന്നു പേരിലും ഒരു ഞെട്ടൽ സൃഷ്ടിച്ചു.... അനന്തന് ആകർഷിനെയും ഉർവിയെയും നോക്കാൻ തന്നെ പ്രയാസം തോന്നി... അവൻ ജാൻവിയെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് പുറത്തേക്ക് തന്നെ ഇറങ്ങി പോയി...

ആകർഷ് ഉർവിയുടെ കൈകളിൽ ശക്തമായി അമർത്തി പിടിച്ചു അവളെ നോക്കി ഒന്ന് കണ്ണു ചിമ്മി... അവളും വിളറിയ ഒരു ചിരി അവനു മറുപടിയായി നൽകി... ജാൻവിയെ നോക്കിയപ്പോൾ ചമ്മി നിൽപ്പുണ്ട്... " അയ്യെടി.. പരിസരം മറന്നു കേറി ഉമ്മ വച്ചിട്ട് നാണിച്ചു ഇരിക്കുന്നത് നോക്ക്... ഇങ്ങോട്ട് വാ. പോകാം നമുക്ക് " ജാൻവിയുടെ കൈ പിടിച്ചു മുന്നോട്ട് നടക്കുന്ന ഉർവിയെ തന്നെ നോക്കി നിന്നു പോയി ആകർഷ്... " പാവം " അത് മാത്രം അവന്റെ ചുണ്ടിൽ വന്നു... ജാൻവിയുടെ പ്രവൃത്തി ആദ്യം അവനു ഒരു നൊമ്പരം നൽകിയെങ്കിലും അവളുടെ അവസ്ഥ ഓർത്തപ്പോൾ പിന്നെ ഒന്നും തോന്നിയില്ല... *************** ജാൻവിയെയും കൂട്ടി ഉർവി താഴെ എത്തുമ്പോഴേക്കും അനന്തൻ വണ്ടിയും കൊണ്ട് വന്നിരുന്നു.... അവൻ രണ്ടാളുടെയും മുഖത്തു നോക്കിയില്ല... ജാൻവിയ്ക്ക് ഒന്നും അറിയില്ല എങ്കിലും അവളുടെ പ്രവൃത്തി അവനിൽ ചെറിയ നീരസം നിറച്ചിരുന്നു...

അവന്റെ ആ ഭാവ മാറ്റം രണ്ടാളും ശ്രദ്ധിച്ചു... എല്ലാവരുടെയും മുന്നിൽ വച്ച് ഉമ്മ വച്ചതിലുള്ള നാണക്കേട് കൊണ്ടാകാം അങ്ങനെ എന്ന് ജാൻവി കരുതുമ്പോൾ ഉർവിയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു അവനെ... വണ്ടിയിൽ ഇരിക്കുമ്പോൾ മുഴുവൻ ഉർവിയുടെ നോട്ടം അനന്തനിൽ ആയിരുന്നു... ദേഷ്യം വരുന്നുണ്ട് അവനു... പക്ഷെ നിയന്ത്രിച്ചിരിക്കുകയാണ്... അവൾ ഒന്നും മിണ്ടിയില്ല.. വണ്ടിയിൽ നിന്നും ഇറങ്ങിയതും ഉർവി ഒന്ന് കൂടി അനന്തനെ ജാൻവിയുടെ അവസ്ഥ ഓർമിപ്പിച്ചു... അനന്തന് മനസ്സിലായിരുന്നു തന്റെ ദേഷ്യം ശമിപ്പിക്കാനാണ് അവൾ അത് ഒന്ന് കൂടി ഓർമിപ്പിച്ചതെന്ന്... അവൻ ഒരു ചിരിയോടെ അകത്തേക്ക് കയറി... ജാൻവിയുടെ ഇപ്പോഴത്തെ അവസ്ഥ അവൻ മഹേശ്വറിനെ അറിയിച്ചിരുന്നു... അയ്യാൾ ഭദ്രയെയും.... ഇപ്പൊ ജാൻവി സത്യങ്ങൾ അറിയാതെ ഇരിക്കുന്നതാണ് തന്റെ പദ്ധതികൾക്ക് നല്ലതെന്ന് മനസ്സിലായത് കൊണ്ട് ഭദ്ര ജാൻവിയെ സ്നേഹത്തോടെ തന്നെ സ്വീകരിച്ചു... മൂന്ന് പേരും മുകളിലേക്ക് കയറി പോകാൻ നിന്നപ്പോഴാണ് ഭദ്ര ഉർവിയെ അവിടെ പിടിച്ചു നിർത്തിയത്...

അവളെ ഒന്ന് നോക്കി അനന്തൻ മുകളിലേക്ക് പോയി... അവനു പിന്നാലെ ജാൻവിയും... " ഉർവി... യദു നല്ല ദേഷ്യത്തിലാ ഇവിടുന്നു പോയത്... നീ അവനോട് എന്താ പറഞ്ഞത് ... " യദുവിന്റെ പേര് കേട്ടതും ഉർവിയ്ക്ക് ദേഷ്യം ഇരച്ചു കയറി... അവൾ കണ്ണുകൾ അടച്ചു മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് ദേഷ്യം നിയന്ത്രിച്ചു... " ഞാൻ ഒന്നും അയാളോട് പറഞ്ഞില്ല... അയ്യളാണ് പലതും പറഞ്ഞത് " ഉർവി അത് പറയുമ്പോൾ ഭദ്ര വല്ലാതെ പരവേശപ്പെടുന്നുണ്ടായിരുന്നു... "അമ്മ പേടിക്കണ്ട.. എന്തായാലും ഞാൻ ഈ കല്യാണം വേണ്ടെന്ന് വയ്ക്കില്ല... നടക്കട്ടെ കല്യാണവും... അടിയന്തരവുമൊക്കെ..." ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ചവിട്ടിത്തുള്ളി മുകളിലേക്ക് തന്നെ പോയി... ഭദ്രയ്ക്ക് അപ്പോഴാണ് ആശ്വാസമായാത്.. " ഹോ.. അവൾ എന്തായാലും കല്യാണം മുടക്കില്ല... " ഭദ്ര നെഞ്ചിൽ കൈ വച്ച് കൊണ്ട് അത് പറഞ്ഞിട്ട് തിരിഞ്ഞു നോക്കിയത് മഹേശ്വറിന്റെ മുഖത്തേക്ക് ആയിരുന്നു...

അയ്യാൾ പുച്ഛത്തോടെ ഒരു ചിരി ചിരിച്ചു കൊണ്ട് കയറി പോയി... *************** അനന്തന് പിന്നാലെ തന്നെ ജാൻവി ഉണ്ടായിരുന്നു... അവൻ മുറിയിലേക്ക് കയറാൻ വന്നപ്പോഴാണ് അവളെ ശ്രദ്ധിച്ചത്... " മോളെന്താ ഇവിടെ " " ഞാൻ... ഡ്രസ്സ്‌ മാറാൻ... പിന്നെ ഒന്ന് കിടക്കണം... തല ചെറുതായിട്ട് നോവുന്നുണ്ട് " യാതൊരു കൂസലുമില്ലാതെ പറയുന്ന അവളെ അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു അനന്തൻ... " അതല്ല.. ഇവിടെ.. ഇതെന്റെ മുറി അല്ലെ " " ങേ.. നമ്മുടെ മുറിയല്ലേ " ചുറ്റും നോക്കി പകപ്പോടെ പറയുന്ന ജാൻവിയെ കണ്ടപ്പോഴാണ് അനന്തന് പലതും ഓർമ വന്നത്... അപ്പോഴേക്കും ജാൻവി കഴുത്തിൽ ചുറ്റിയിരുന്ന ദുപ്പട്ട കട്ടിലിലേക്ക് ഊരി ഇട്ടിരുന്നു... " നീ.. നീ എന്താ ഈ ചെയ്യുന്നേ " ആ ദുപ്പട്ട എടുത്തു വീണ്ടും അവളുടെ കഴുത്തിലേക്ക് ഇട്ടു കൊണ്ട് വെപ്രാളത്തോടെ ചോദിച്ചു... അവന്റെ ഈ പ്രവൃത്തി ഒന്നും മനസ്സിലാകാതെ കണ്ണും തള്ളി നിക്കുവായിരുന്നു ജാൻവി... "

ങേ... ഇങ്ങേർക്കിത് എന്ത് പറ്റി.. ഞാൻ ഇങ്ങേരുടെ ഭാര്യ അല്ലെ... ഇവിടെ അല്ലെ ഞാൻ കിടക്കുന്നത്.. ശെടാ.. " അവളുടെ മനസ്സിൽ പല ചിന്തകളും നിറഞ്ഞു... അനന്തൻ അപ്പോഴേക്കും പുറത്തേക്ക് ചാടി ഇറങ്ങി... മുറിക്ക് പുറത്തു വെരുകിനെ പോലെ നടക്കുന്ന അനന്തനെ തന്നെ കണ്ണും തള്ളി നോക്കി നിന്നുപോയി ജാൻവി... അനന്തന്റെ ഈ വെപ്രാളവും പരവേശവും ഒക്കെ കണ്ടു കൊണ്ടാണ് ഉർവി അങ്ങോട്ട് വന്നത്... അവളും സംശയത്തോടെ അവനെ നോക്കി... " എന്താ അനന്തേട്ട... " " ഉർവി... ഡീ... അത് ജാൻവി. ... " മുറിയ്ക്കുള്ളിലേക്ക് കൈ ചൂണ്ടി അത് പറഞ്ഞതും അവളുടെ നോട്ടം അകത്തേക്ക് പോയി... അവിടെ ദുപ്പട്ടയും കയ്യിൽ പിടിച്ചു കണ്ണും തള്ളി നിൽക്കുന്ന ജാൻവിയെ കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യങ്ങൾ മനസ്സിലായി.. രണ്ടു പേരുടെയും നിൽപ്പ് കണ്ടിട്ട് ചിരി വരുന്നുണ്ടായിരുന്നു.. ഇപ്പോൾ ചിരിച്ചാൽ അത് സന്ദർഭത്തിനു ചേരില്ല എന്ന് അറിയാവുന്നതു കൊണ്ട് അവൾ ചിരി കടിച്ചു പിടിച്ചു ഉള്ളിലേക്ക് കയറി.. " ജാൻവി... മോളേ ഇവിടെ അനന്തേട്ടൻ മാത്രമാട്ടോ കിടക്കുന്നെ..

നീ എന്റെ കൂടെ എന്റെ മുറിയിലായിരുന്നു " ഉർവി അങ്ങനെ പറഞ്ഞതും ജാൻവി സംശയത്തോടെ അവളെ നോക്കി... " അത് മോളേ നിനക്ക് ഒരു ആക്‌സിഡന്റ് ആണ് സംഭവിച്ചത്... അത് കൊണ്ടാണ് നിനക്ക് പലതും ഓർമ വരാത്തത്... ആ സമയത്ത് ഒക്കെ നീ എന്റെ കൂടെ തന്നാരുന്നു... നിനക്ക് ഓർമ വന്നിട്ട് എല്ലാം ശെരിയാക്കാം എന്നായിരുന്നു ഞങ്ങളിടെ പ്ലാൻ " അവസാനത്തെ വരി ഒരൽപ്പം നൊമ്പരത്തോടെയാണ് അവൾ പറഞ്ഞത്... " ഓഹ്.. അതായിരുന്നോ... ഇപ്പൊ എനിക്ക് ഓർമയൊക്കെ വന്നല്ലോ... ഇനി ഞാൻ ഇവിടെ ശ്രീയേട്ടന്റെ കൂടെ കഴിയാലോ " കൊഞ്ചാലോടെയുള്ള അവളുടെ ചോദ്യം കേട്ടാണ് അനന്തൻ അകത്തേക്ക് വന്നത്.. " അത് വേണ്ട " അവന്റെ ശബ്ദത്തിൽ നല്ല ദേഷ്യം ഉണ്ടായിരുന്നു.. പെട്ടെന്ന് തന്നെ ഉർവി അവനെ കണ്ണ് കൊണ്ട് വിലക്കി...ജാൻവിയ്ക്ക് അവൻ അങ്ങനെ പറഞ്ഞപ്പോൾ നല്ല വിഷമം തോന്നി... പെട്ടെന്ന് തന്നെ അനന്തൻ സമനില വീണ്ടെടുത്തു... " അത് മോളേ... നീ ഇപ്പോഴും മൊത്തത്തിൽ ഓക്കേ ആയില്ലല്ലോ.. പൂർണ്ണമായിട്ടും സുഖമായിട്ട് മതി ബാക്കിയൊക്കെ...

അത് വരെ ഉർവിയുടെ കൂടെ നിന്നോ " അനന്തൻ ജാൻവിയുടെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞൊപ്പിച്ചു... ജാൻവിയ്ക്ക് അത് സങ്കടമായെങ്കിലും അവൾ അത് സമ്മതിച്ചു....ഉർവിയ്ക്ക് ആകെപ്പാടെ വല്ലാത്തൊരു അവസ്ഥയായിരുന്നു... " ശെരി. അനന്തേട്ടാ.. ഫ്രഷ് ആയിട്ട് താഴേക്ക് കഴിക്കാൻ വായോ.. " അവൾ അതും പറഞ്ഞു ജാൻവിയെ ഒന്ന് തിരിഞ്ഞു നോക്കി പുറത്തേക്കിറങ്ങാൻ തുടങ്ങി... ജാൻവിയും മനസ്സില്ലാമനസ്സോടെ അവൾക്കു പിറകെ ഇറങ്ങി... " ചേച്ചി... " അവളുടെയാ വിളിയിൽ ഉർവി തിരിഞ്ഞു നിന്നു.. " ചേച്ചി മാത്രമെന്താ ശ്രീയേട്ടനെ അനന്തേട്ട എന്ന് വിളിക്കുന്നത്.. ബാക്കി എല്ലാവരും ശ്രീ എന്നല്ലേ വിളിക്കുന്നെ " തികച്ചും നിഷ്കളങ്കത നിറഞ്ഞ ചോദ്യം... പക്ഷെ അത് ഉർവിയെ വല്ലാതെ നോവിച്ചു.. പലതും ഓർമിപ്പിച്ചു............... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story