ആ നിമിഷം: ഭാഗം 12

aanimisham

എഴുത്തുകാരി: ഗീതു അല്ലു

അനന്തൻ തനിക്ക് മാത്രം വ്യത്യസ്ഥനായിരുന്നു.....പ്രത്യേകതക നിറഞ്ഞവനായിരുന്നു.....ആ വ്യത്യസ്തതയും പ്രത്യേകതയുമൊക്കെ വിളിയിലും നിറഞ്ഞു നിന്നു... എല്ലാവരുടെയും ശ്രീ തന്റെ മാത്രം അനന്തേട്ടൻ ആയി... പക്ഷെ ജാൻവിയോട് ഇത് പറയാൻ പറ്റില്ല.... പണ്ടത്തെ ജാൻവിയ്ക്ക് എല്ലാം അറിയാമായിരുന്നു... ഇവൾക്ക് ഞാൻ പറഞ്ഞു കൊടുക്കുന്നത് മാത്രമാണ് മനസ്സിൽ പതിയുന്നത്.... ഉർവി വരണ്ട ഒരു പുഞ്ചിരിയോടെ ജാൻവിയെ നോക്കി.. അവൾ ഇപ്പോഴും ഉർവിയെ കണ്ണു കൂർപ്പിച്ചു നോക്കുകയാണ്... " ഒന്നുമില്ലെടി പെണ്ണെ .. ചെറുപ്പത്തിലെപ്പോഴോ വിളിച്ചു ശീലിച്ചതാ... പിന്നെ മാറ്റീല... ന്തേയ്‌... നിനക്ക് ഇഷ്ട്ടല്ലേ... മാറ്റണോ ഞാൻ ആ വിളി " അവളുടെ വാക്കുകളിൽ ചെറിയൊരു പരിഭവവും ഭയവും ഒക്കെ കലർന്നിരുന്നു..... " എനിക്കെന്തിഷ്ടക്കേട് ചേച്ചി... ഞാൻ വെറുതെ ചോദിച്ചൂന്നെ ഒള്ളു ... " തനിക്ക് മുന്നിലായി നടന്നു നീങ്ങുന്ന ജാൻവിയുടെ കണ്ണിൽ കണ്ട ഭാവം ഉർവി ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു.... അസൂയ... അവളുടേതെന്തോ തട്ടി പറിക്കാൻ ഞാൻ ശ്രമിക്കുന്നുവോ എന്ന സംശയം...

ജാൻവിയുടെ പ്രണയകഥയിലെ വില്ലത്തി വിഷം അവൾ എനിക്കായി മാറ്റി വച്ചിരിക്കുന്നു.... ചിന്തകൾക്കാവസാനം നിരാശ നിറഞ്ഞൊരു ചിരി മാത്രം ഉർവിയിൽ അവശേഷിച്ചു... *************** ദിനരാത്രങ്ങൾ മാറി മറിയുന്നു.... രാവും പകലും ഒരുപോലെ സംഘർഷങ്ങളും സമാധാനവും നൽകി കടന്നു പോകുന്ന നിമിഷങ്ങൾ.... ജാൻവിയുടെ പ്രണയം അളവില്ലാതെ ഒഴുകുന്ന ദിവസങ്ങൾ...അതിനായി ഭദ്രയുടെ പൂർണ്ണ പിന്തുണയും... അതിനിടയിൽ അവളെ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ട് പോകാൻ തീരുമാനമായി.... എത്ര നാൾ വേണ്ടി വരും എന്ന് ഒരു ഉറപ്പും ഇല്ല... അവിടെ അവൾക്കൊപ്പം നിൽക്കാൻ ആർക്കും അനുവാദം ഇല്ല... അതിനാൽ തന്നെ അവൾക്ക് പോകാൻ മടിയായിരുന്നു... അനന്തനെ പിരിയുന്ന വേദന... അവളുടെ ഹൃദയം നോവുന്നത് പോലെ... എങ്കിലും അനന്തന്റെ നിർബന്ധത്തിൽ... അവനു വേണ്ടി മാത്രം അവൾ അവിടേക്ക് പോയി.... അവൾക്ക് ഏത് ആവശ്യത്തിനും ഓടിയെത്താനായി ആകർഷും...ഒരു കയ്യകലത്തിൽ അവൾക്കൊപ്പം നിഴലായി അവനും...

ആകർഷ് അവൾക്ക് തീർത്തും അന്യൻ ആയിരുന്നു... അല്ലെങ്കിൽ തന്നെ ചികിൽസിച്ച വെറുമൊരു ഡോക്ടർ... പക്ഷെ അവനു ജാൻവി അവന്റെ ഹൃദയമായിരുന്നു... അനന്തനോടുള്ള ജാൻവിയുടെ പെരുമാറ്റത്തിൽ ഒരുപക്ഷെ ഉർവിയെക്കാൾ ഉള്ള് നീറിയവൻ... ഇന്ന് അവനും കാത്തിരിക്കുകയാണ് അവന്റെ പ്രാണനായവളുടെ യഥാർത്ഥ തിരിച്ചു വരവിനു വേണ്ടി... അതിനിടയിൽ ഉർവിയുടെ വിവാഹതീയതി നിച്ഛയിച്ചു... അതും ഭദ്രയുടെ വാശി... ജാൻവി തിരിച്ചു വരുന്നതിനു മുൻപ് തന്നെ ഉർവി യദുവിനു സ്വന്തമാകണം എന്ന് അവർ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു... ഈ ദിവസങ്ങളില്ലെല്ലാം യാതൊരുവിധ ടെൻഷനും ഇല്ലാതെ നടക്കുന്ന അനന്തനെ കാണുമ്പോൾ ഉർവിയ്ക്ക് സങ്കടം വരും... അവൾ സ്വയം ഓരോന്ന് ചിന്തിച്ചു കൂട്ടും .... " ഹും... ഞാൻ അവനെ കല്യാണം കഴിക്കുന്നതിനു ഇങ്ങേർക്ക് ഒരു പ്രശ്നവും ഇല്ല.... കണ്ടില്ലേ കൂൾ ആയിട്ട് നടക്കുന്നത്.... എന്നെ അകറ്റുവാ... എന്നെ മറക്കുവാ അനന്തേട്ടൻ... "

പരിഭവങ്ങളും സങ്കടങ്ങളും നിറഞ്ഞ വാക്കുകൾ... ബാൽക്കണിയിൽ നിന്ന് താഴെ നടക്കുന്ന പന്തൽ പണിയിൽ മുഴുകി നിന്നാണ് ഉർവിയുടെ ഓരോ ചിന്തയും.... ഇടയ്ക്കിടയ്ക്ക് അവൾ കാണുന്നുണ്ട് അവിടെയൊക്കെ തിരക്കിട്ട് ഓടി നടക്കുന്ന അനന്തനെ... " ഇത്രയ്ക്കും അന്യ ആയി പോയോ അനന്തേട്ടാ ഞാൻ... " ഒരു ഗദ്ഗദം അവളുടെ തൊണ്ടക്കുഴിയിൽ തങ്ങി.... മറ്റെന്നാൾ വിവാഹമാണ്.. താൻ മറ്റൊരുവന് സ്വന്തമാവുകയാണ്... ആദ്യമൊക്കെ ഇതൊരു വാശിയായിരുന്നെങ്കിൽ ഇപ്പോൾ സഹിക്കാൻ കഴിയുന്നില്ല.... അനന്തേട്ടന്റെ കയ്യിൽ നിന്നും ആഗ്രഹിച്ച താലി ഒരു അർഹതയും ഇല്ലാത്ത ഒരുവന്റെ കയ്യിൽ നിന്നും ഏറ്റു വാങ്ങേണ്ടി വരും... ഓർക്കുമ്പോൾ തന്നെ നെഞ്ച് പൊട്ടുന്നു... #ആ_നിമിഷം താൻ അതി ജീവിക്കുമോ... ചിലപ്പോ ചങ്ക് പൊട്ടി മരിച്ചു പോകുമായിരിക്കും... എന്തായാലും മനസ്സ് കൊണ്ട് ഉർവി മഹേശ്വർ യദുവിന്റെ ഭാര്യയാകില്ല.... ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ പുറം കയ്യാൽ വാശിയോടെ തുടച്ചു നീക്കി കൊണ്ട് തിരിഞ്ഞപ്പോഴാണ് തനിക്ക് പുറകിൽ നിൽക്കുന്ന അനന്തനെ അവൾ കാണുന്നത്..

" ഇതെപ്പോ ഇങ്ങോട്ട് വന്നു " താഴേക്കും അവനെയും മാറി മാറി നോക്കികൊണ്ട് അവൾ ചിന്തിച്ചു.. " കഴിഞ്ഞോ " " എന്ത് " " കരച്ചിലും പിഴിച്ചിലും ഒക്കെ " " ഞാൻ കരഞ്ഞോന്നുല്ല.. " വാശിയോടെ കുഞ്ഞുങ്ങളെ പോലെ മുഖം വെട്ടിതിരിച്ചു പറയുന്നവളെ കാണെ അനന്തന് ചിരി വന്നു പോയി... "ആ കവിളിൽ ഒഴുകിയിറങ്ങിയ കണ്ണു നീര് തുടച്ചു കളഞ്ഞിട്ട് കള്ളം പറയെടി " കുറുമ്പോടെ പറയുന്ന അനന്തനെ കണ്ടപ്പോഴേക്കും അവളുടെ പരിഭവമൊക്കെ എവിടെയോ പോയി മറഞ്ഞിരുന്നു... പഴയ അനന്തൻ... കുസൃതി ചിരിയും കുറുമ്പ് നിറഞ്ഞ വർത്തമാനങ്ങളും കൊണ്ട് തന്നെയും ജാൻവിയെയും പൊട്ടിച്ചിരിപ്പിച്ചു നടന്നവൻ.. എന്നോ നഷ്ട്ടമായ ആ അനന്തനെ അവൾ വീണ്ടും കണ്ടു... ഉർവിയുടെ ഉള്ളിൽ സന്തോഷം നിറയുന്നു... മാഞ്ഞു പോയ അവന്റെ ചിരി തിരികെ വന്നിരിക്കുന്നു.. അതൊരു ശുഭസൂചന പോലെ തോന്നി അവൾക്ക്.. തന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കുന്ന ഉർവിയുടെ നേരെ അവൻ ഒന്ന് വിരൽ ഞൊടിച്ചു... ഒന്ന് ഞെട്ടിയെങ്കിലും അവൾ വീണ്ടും അവനെ തന്നെ നോക്കി.. " അനന്തേട്ടന് സങ്കടം ഇല്ലേ "

" എന്തിനു " " എന്റെ വിവാഹം " അവൾ വാക്കുകൾ മുഴുവിപ്പിക്കാതെ നിർത്തി.. " ഞാൻ എന്തിനു സങ്കടപ്പെടണം.. നിന്റെ വാശിയല്ലേ.. " ശെരിയാണ്.. തന്റെ മാത്രം വാശി... പിന്നെന്തിനു അനന്തേട്ടൻ സങ്കടപ്പെടണം... അവൾ വേദന നിറഞ്ഞ ഒരു ചിരിയോടെ അവനെ കടന്നു പോയി.. " നീ സ്വയം നശിക്കാൻ തീരുമാനിച്ചാലും അതിനു അനുവദിക്കാത്ത ഒരുത്തൻ ഇവിടുണ്ട് എന്ന് ഇടയ്ക്കൊക്കെ ഓർക്കുന്നത് നല്ലതാ " ഉർവിയുടെ കാലുകൾ പിടിച്ചു കെട്ടിയതു പോലെ നിന്നു പോയി... അവൾ തല ചെരിച്ചു അനന്തനെ ഒന്ന് നോക്കി.... കൈകൾ രണ്ടും പിണച്ചു മാറോടു ചേർത്തു വച്ച് കൊണ്ട് മുറ്റത്തേക്ക് നോക്കി നിൽക്കുകയാണ്... കുറച്ചു നേരം കൂടി അവൾ അവനെ തന്നെ നോക്കി നിന്നെങ്കിലും പിന്നീട് യാതൊരു പ്രതികരണവും അവനിൽ നിന്നും ഉണ്ടായില്ല... അവൾ പിന്നെയും താഴേക്ക് തന്നെ ഇറങ്ങി.. അവളുടെ മനസ്സ് അവന്റെ വാക്കുകളിൽ കുരുങ്ങി കിടക്കുകയാണ്.. " എന്താവോ അനന്തേട്ടൻ അങ്ങനെ പറഞ്ഞത് " ഉത്തരം ഇല്ലാത്ത ചോദ്യം പോലെ...കുറെ നേരത്തിനു ശേഷം അവൾക്കൊരു ഉത്തരം ലഭിച്ചു...

അവളുടെ ചുണ്ടിന്റെ കോണിൽ ചെറിയൊരു പുഞ്ചിരി സ്ഥാനം പിടിച്ചു.. " ഈ വിവാഹം നടക്കില്ല അല്ലെ " ഇതേ സമയം അനന്തൻ അതെ നിൽപ്പ് തുടരുകയാണ്.. " ഇല്ല ഉർവി... നിന്റെ ജീവിതത്തിൽ ഒരു തെറ്റായ തീരുമാനത്തിന് ഞാൻ നിന്നെ വിട്ടുകൊടുക്കില്ല... " അവന്റെ ഉറച്ച തീരുമാനം... ആ നിമിഷം അവന്റെ മനസ്സിൽ ജാൻവിയോ. അവളുടെ കഴുത്തിലെ താലിയോ വന്നില്ല... അല്ലെങ്കിൽ എപ്പോഴും കുത്തി മുറിവേൽപ്പിക്കുന്ന ഓർമകളാണ് അത് അവനു... **************** ജാൻവിയുടെ ചികിത്സ നടക്കുന്നു.... ധാരയായിരുന്നു ആദ്യ ഘട്ടം... അതിനൊപ്പം മനസ്സ് ഏകാഗ്രമാക്കാൻ യോഗയും...പതുക്കെ പതുക്കെ ഓർമകളിലേക്ക് മടങ്ങി വരുന്നുണ്ടവൾ.... ആർക്കും കൂടെ നിൽക്കാൻ അനുവാദം ഇല്ലാത്തതിനാൽ അനന്തനും ഉർവിയും ഇടയ്ക്കിടയ്ക്ക് അവളെ വന്നു കാണും...അതുപോലെയായിരുന്നില്ല പക്ഷെ ആകർഷ്..... തന്റെ പ്രാണനെ തനിച്ചാക്കാൻ മനസ്സ് വരാത്തവൻ... മൂന്ന് മാസത്തെ ലോങ്ങ്‌ ലീവ് എടുത്ത് ജാൻവിയെ ചികിൽസിക്കുന്ന സ്ഥലത്തിന് അടുത്ത് തന്നെ താമസിക്കുകയാണവൻ...

ഈ മൂന്ന് മാസത്തിനുള്ളിൽ അവൾ പഴയപടിയാകും എന്ന അവന്റെ വിശ്വാസം കാണുമ്പോൾ അനന്തനും ഉർവിയ്ക്കും കൂടി ഒരു ആത്മവിശ്വാസം തോന്നും... അവൻ മുടങ്ങാതെ എന്നും അവളെ കാണാൻ വരും... അവളുടെ മാറ്റങ്ങൾ നേരിട്ട് കണ്ടറിയും.... ഇപ്പോൾ ജാൻവിയ്ക്ക് അവൻ അന്യൻ അല്ല.. അവളുടെ ഏറ്റവും നല്ല സുഹൃത്ത് ആണ്... അവളുടെ മാത്രം ഞരമ്പ് ഡോക്ടർ ആണ്...ആദ്യമൊക്കെ ആ വിളി കേൾക്കുമ്പോൾ അവൻ പിണങ്ങും..... ന്യൂറോ ഡോക്ടറെ എന്നുള്ള വിളിയെക്കാൾ സുഖം ഞരമ്പ് ഡോക്ടർ ആണെന്ന് പറഞ്ഞു അവൾ ചിരിക്കുമ്പോൾ അവന്റെ പിണക്കങ്ങളും അലിഞ്ഞില്ലതാവും... അവളോട് അടുക്കുമ്പോഴും അവളുടെ നെഞ്ചോട് ചേർന്നു കിടക്കുന്ന താലി അവനെ പൊള്ളിക്കാറുണ്ട്... ഇടയ്ക്ക് മാത്രം വരുന്ന അനന്തനെ കാണുമ്പോൾ അവളുടെ കണ്ണിലുണ്ടാകുന്ന തിളക്കം നൊമ്പരപ്പെടുത്താറുണ്ട്... അപ്പോഴൊക്കെ അവൻ സ്വയം ഉരുവിടും.. " സ്വന്തമാകേണ്ടതാണെങ്കിൽ എന്നെങ്കിലും എനിക്ക് തന്നെ സ്വന്തമാകും ............ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story