ആ നിമിഷം: ഭാഗം 17

aanimisham

എഴുത്തുകാരി: ഗീതു അല്ലു

അനന്തനും ആകർഷിനുമൊപ്പം കോയമ്പത്തൂരിലേക്ക് പുറപ്പെടുമ്പോൾ ബദ്രി അമ്മയെ ഒന്ന് തിരിഞ്ഞു നോക്കി... അവർ നിറഞ്ഞ കണ്ണുകൾ സാരിയുടെ തുമ്പ് കൊണ്ട് തുടച്ചു ചിരിയോടെ തന്നെ അവനെ യാത്രയാക്കി... മൗനം നിറഞ്ഞു നിന്ന യാത്ര.... ഇങ്ങോട്ട് വന്ന അതെ പിരിമുറുക്കത്തോടെ തന്നെയാണ് അനന്തൻ തിരിച്ചു പോകുന്നതും... ആകർഷ് കണ്ണാടിയിലൂടെ പിന്നിലിരിക്കുന്ന ബദ്രിയെ നോക്കി കാണുകയാണ്...അവന്റെ ഓരോ ചലനവും. മുഖഭാവങ്ങളും ആകർഷ് മനസ്സിൽ പതിപ്പിച്ചു.... ജാൻവിയുടെ ബദ്രി എന്ന് അവനെ നോക്കി തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. ബദ്രിയ്ക്ക് ഈ മൗനം അസഹ്യമായി തോന്നുണ്ട്...സംസാരിക്കാൻ കഴിയില്ല എങ്കിലും അവൻ നല്ലൊരു കേൾവിക്കാരനാണ് എല്ലാവർക്കും.... എല്ലാവരും സംസാരിക്കുന്നത് കൊതിയോടെ നോക്കിയിരിക്കും... അവനോട് എല്ലാവരും മിണ്ടുന്നതു അവനിഷ്ടമാണ്... പക്ഷെ അങ്ങനെ ആരും അവനോട് മിണ്ടാറില്ല... അവനോട് മിണ്ടുന്നവരൊക്കെയും അവന്റെ ഭാഷയെ അനുകരിക്കാറാണ് പതിവ്.. അവനു മനസ്സിലാകില്ല എന്ന് കരുതിയാകും...

അപ്പോഴൊക്കെ അവൻ ഉറക്കെ വിളിച്ചു പറയാൻ ആഗ്രഹിച്ചിട്ടുണ്ട്... " എനിക്ക് നിങ്ങൾ സംസാരിക്കുന്നത് മനസ്സിലാകും... എനിക്ക് നല്ലത് പോലെ കേൾക്കാം... നിങ്ങളുടെ ചുണ്ട് അനങ്ങുന്നത് കാണാം... ദൈവത്തെ ഓർത്തു എന്നെ അനുകരിക്കാതിരിക്കൂ... നിങ്ങളുടെ മനോഹരമായ ശബ്ദത്തെ ഒഴുക്കി വിടൂ " പക്ഷെ എല്ലാം ഒരു മൂളൽ ആയി തൊണ്ടയിൽ തന്നെ തങ്ങി നിന്നു.... കുഞ്ഞുനാളിൽ കൂട്ടുകാർ ശബ്‌ദത്തിന്റെ പേരിൽ ഒറ്റപ്പെടുത്തിയിട്ടുണ്ട്..... വേദന ആയിരുന്നു.. അവഗണനകൾ കിട്ടിയപ്പോൾ കൂട്ടുകൂടാൻ പേടിയായി... ഒറ്റയ്ക്കായി... ഒറ്റയ്ക്കാക്കാൻ മടി തോന്നിയപ്പോ അപ്പാവുടെ ശിഷ്യൻ ആയി.. വയലിൻ പഠിച്ചു... അതിനെ കൂടെ കൂട്ടി..ഒറ്റപ്പെട്ടവനു സംഗീതം തുണയായി.... അപ്പയുടെ വല്ല്യ ആഗ്രഹമായിരുന്നു ഞാൻ ഡോക്ടറേറ്റ് എടുക്കണം എന്നത്.. പഠിക്കാൻ മോശമല്ലാത്തത് കൊണ്ട് തന്നെ ആ ആഗ്രഹം നിറവേറ്റാൻ തീരുമാനിച്ചു... പക്ഷെ അതിനു മുൻപേ അപ്പ പോയി.. തളർന്നില്ല... ചേർത്ത് പിടിച്ച കൈകൾ കൂടുണ്ട് എന്ന വിശ്വാസത്തിൽ തന്നെ ജീവിച്ചു... കൽക്കട്ടയിലേക്ക് പോയി...

അവിടെ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിൽ പി എച് ഡി യ്ക്കു ചേർന്നു... ഭാഷ മൗനം ആയിരുന്നത് കൊണ്ട് പലരും പരിചയപ്പെട്ടു... വിവിധ ഭാഷക്കാർ... പക്ഷെ അവർ പറയുന്നത് എനിക്കും ഞാൻ പറയുന്നത് അവർക്കും മനസ്സിലാവാതെ വന്നപ്പോ അവരും അകന്നു... വീണ്ടും ഒറ്റപ്പെടൽ...തളർന്നില്ല.. വേദനിച്ചില്ല.... ലക്ഷ്യത്തെ മാത്രം ശ്രദ്ധിച്ചു.. അതിനിടയിൽ എപ്പോഴോ ആണ് കോളേജിലെ ഒരു പരുപാടിയിൽ വയലിൻ കച്ചേരി നടത്തിയത്.... അതിനു ശേഷം ഒരു തല തെറിച്ച പെണ്ണ് പുറകീന്ന് മാറീട്ടില്ല.. അവൻ ഓർക്കുകയാണ്... അവനെ കുറിച്ച്... ജാൻവിയെ കുറിച്ച്... അവളെ കുറിച്ച് ഓർക്കുമ്പോൾ ചുണ്ടിൽ വിരിയുന്ന ചിരി... കണ്ണിൽ ഉണ്ടാകുന്ന തിളക്കം.... ബദ്രി മായാത്ത ചിരിയോടെ പുറം കാഴ്ചകളിലേക്ക് കണ്ണു നട്ടു... അവന്റെ ഭാവങ്ങൾ നോക്കിക്കണ്ട ആകർഷിന് മനസ്സിലായി അവന്റെ മനസ്സിൽ ഇപ്പോൾ ആരെന്ന്... അവന്റെ ചുണ്ടിലും ഉണ്ടായി നിറഞ്ഞ ചിരി... ഇപ്പോൾ അതിൽ വേദനയില്ല... പ്രാണൻ പകുത്തു സ്നേഹിക്കുന്നവളുടെ സന്തോഷമാണ് അവൻ... അവൻ ചിരിക്കുമ്പോൾ അവളും സന്തോഷിക്കുന്നു... അവൾ സന്തോഷിക്കുമ്പോൾ ഞാനും... ആകർഷ് അനന്തനെ ഒന്ന് പാളി നോക്കി... അവിടെ ഇപ്പോഴും ആശങ്ക നിറഞ്ഞു നിൽക്കുകയാണ്... പാവം....

അനിയത്തിയുടെയും സുഹൃത്തിന്റെയും ഇടയിൽ പെട്ട് പോയി... അതോ ഇനി ബദ്രി ജാൻവിയ്ക്ക് ചേരില്ല എന്ന ചിന്തയാണോ... എന്റെ പൊന്ന് ശ്രീ അങ്ങനെ ഒന്നും ചിന്തിച്ചേക്കല്ലേ..... അവൾ നിന്നെ കൊന്ന് ഉപ്പിലിടും...ആകർഷിന്റെ മനസ്സിലെ ചിന്ത... ആകർഷ് പൊട്ടി വന്ന ചിരി അടക്കി പിടിച്ചു വെളിയിലേക്ക് നോക്കിയിരുന്നു...അനന്തൻ അവനെ ഒന്ന് തറപ്പിച്ചു നോക്കിക്കോകൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു... ബദ്രി ഇപ്പോഴും ആ കോളേജിൽ തന്നെയാണ്... അല്ലെങ്കിലും മൗനം നിറയുന്നിടത്തു കഴിഞ്ഞകാലങ്ങളോ.. ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങളോ സ്ഥാനം പിടിക്കാറുണ്ടല്ലോ... തന്നെ എപ്പോഴും ശല്യം ചെയ്യുന്ന പെൺകുട്ടി... നീണ്ട മുടിയിഴകൾ അഴിച്ചിട്ടു പൂവിനോടും പുഴുവിനോടും വരെ സല്ലപിച്ചു നടക്കുന്ന ഒരുവൾ... എല്ലാ ഡിപ്പാർട്മെന്റിലെയും അദ്ധ്യാപകരുടെ പ്രിയപ്പെട്ടവൾ.... ഒരു നോട്ടം കൊണ്ടെങ്കിലും ഒന്ന് കടാക്ഷിക്കണേ എന്ന് കോളേജിലെ ഓരോ ആൺതരിയും ആഗ്രഹിക്കുന്നവൾ...ജാൻവി ❤❤ അവൾ പക്ഷെ ആരാധിച്ചത് അവനെ മാത്രം... ബദ്രി❤❤... അവൻ പോകുന്നിടത്തെല്ലാം അവളും ഉണ്ടാകും... വെറുതെ നോക്കിയിരിക്കുന്നത് കാണാം... സംസാരിക്കാൻ വരാറുണ്ട്... അപ്പോഴേക്കെ ബദ്രി തന്നെ ഒഴിഞ്ഞു മാറി... അവനു ഭയമാണ്...

അവളും അടുത്ത് കഴിഞ്ഞു തന്റെ കുറവുകളെ തിരിച്ചറിയുമ്പോൾ അകലുമൊ എന്ന ഭയം... പക്ഷെ അവനറിഞ്ഞില്ല... അങ്ങനെ അകലാൻ അല്ല അവൾ അടുക്കുന്നതെന്ന്... അവൾക്ക് പ്രണയമാണെന്ന്... അവൾ പ്രാണനെ പോലെ സ്നേഹിക്കുന്നുവെന്ന്... ഓരോ വട്ടവും ബദ്രി ഒഴിഞ്ഞു മാറുമ്പോൾ ജാൻവിയ്ക്ക് വാശിയായി...തന്നെ കളിയാക്കിയ കൂട്ടുകാരികൾക്ക് മുന്നിൽ അവൾ വെല്ലുവിളിച്ചു... അവളുടെ ഇഷ്ടം അവനെ അറിയിക്കുമെന്ന്... അവനെക്കൊണ്ട് ഇഷ്ട്ടമാണെന്ന് പറയിക്കുമെന്ന്.. പക്ഷെ അവളും അറിഞ്ഞില്ല... അവൻ ഒരിക്കലും അത് പറയില്ല എന്ന്.. പറയാൻ സാധിക്കില്ല എന്ന്... ഒന്നുമറിയാതെ അവൾ അവനെ പ്രണയിച്ചു... അവന്റെ കൈവിരലുകൾ തീർക്കുന്ന മാന്ത്രികതയെ പ്രണയിച്ചു.... ഒരു ദിവസം യാദൃച്ഛികമായാണ് അവൾ ബദ്രി ഒറ്റയ്ക്ക് നിക്കുന്നത് കണ്ടത്... ഇതാണ് പറ്റിയ അവസരം... ഇപ്പൊ അവനോട് സംസാരിക്കാം... എല്ലാം പറയാം... അഥവാ ഒരു റിജെക്ഷൻ ഉണ്ടായാലും ആരും അറിയുകയും ഇല്ല... അവൾ അവന്റടുത്തേക്ക് നീങ്ങി... വരാന്തയിലെ തൂണിൽ ചാരി ഏതോ ബുക്ക്‌ നോക്കുകയാണ് ബദ്രി... ജാൻവി അവന്റെ പിറകിലായി നിന്ന് ഒന്ന് മുരടനക്കി... ബദ്രി തിരിഞ്ഞു നോക്കിയപ്പോൾ ഒരു വൃത്തികെട്ട ചിരിയോടെ നിൽക്കുന്ന ജാൻവിയെ ആണ് കാണുന്നത്... അവനു മനസ്സിലായി... ഇന്ന് ഒഴിഞ്ഞു മാറാൻ പറ്റില്ല... അവൾ ഇന്ന് തന്നോട് സംസാരിക്കും... എനിക്ക് മറുപടി പറയാൻ പറ്റില്ല... അവനു വല്ലാത്തൊരു സങ്കടം തോന്നി...

എല്ലാവരോടും കുറുമ്പോടെ സംസാരിച്ചു നടക്കുന്ന അവളോട് കൂടാൻ മിണ്ടാൻ.. അവനും ആഗ്രഹിച്ചിരുന്നു... അത്യാഗ്രഹം എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു... തന്റെ കുറവുകൾ അറിഞ്ഞു അവൾ അകന്നു പോയാൽ വേദന തോന്നുമെന്ന് തോന്നി... അതുകൊണ്ട് മാത്രം പാലിച്ച അകലം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു.. " ഹലോ.. മാഷേ " മുന്നിലേക്ക് വിരൽ ഞൊടിച്ചു കൊണ്ടുള്ള ജാൻവിയുടെ വിളിയിലാണ് ബദ്രി ചിന്തകളിൽ നിന്നും തിരിച്ചു വന്നത്... " എന്താണ്.. നിന്നോണ്ട് സ്വപ്നം കാണുവാണോ.. " കുസൃതി നിറഞ്ഞ ചോദ്യം... ബദ്രി അവളെ തന്നെ നോക്കി നിന്നു.. " അതെ.. ഇയ്യാൾക്ക് എന്നെ അറിയുമോ... " അതിനും അവൻ ഒന്നും മിണ്ടിയില്ല...അല്ല പ്രതികരിച്ചില്ല... " ഹാ.. അറിയില്ലായിരിക്കും... ഞാൻ ജാൻവി... ഇവിടെ ഡിഗ്രി ചെയ്യുവാണ്... ഫിസിക്സിൽ " അവൾ അവനു നേരെ കൈ നീട്ടി.... മടിച്ചു മടിച്ചാണെങ്കിലും അവനും അവളോട് കൈ ചേർത്ത് വച്ച് കൊണ്ട് ചിരിച്ചു.. " അതെ മലയാളി ആന്ന് തോന്നി ലുക്ക്‌ ഒക്കെ കണ്ടപ്പോ... അതാട്ടോ മലയാളത്തിൽ സംസാരിക്കുന്നെ... മലയാളി അല്ലെ " ആദ്യം ഉറപ്പോടെയുള്ള സംസാരം പിന്നീട് ഒരു സംശയത്തിലേക്ക് നീങ്ങി... ബദ്രി അതെ എന്നർത്ഥത്തിൽ തലയാട്ടി... " ഹാ.. അത് നന്നായി... ഇയ്യാൾക്കൊരു കാര്യം അറിയുവോ "

എന്തോ രഹസ്യം പറയാൻ എന്ന പോലെ അവൾ ഒന്ന് പതുങ്ങി കൊണ്ട് അവനെ അടുത്തേക്ക് വിളിച്ചു... അവൻ ചെറുതായി ഒന്ന് കുനിഞ്ഞു അവൾക്കാരുകിലേക്ക് ചെവി ചേർത്തു .. " ഇവിടെ വളർന്ന് താമസിക്കുന്നു എന്നെ ഒള്ളു... അമ്മച്ചിയാണേ എനിക്ക് മലയാളം മാത്രേ നന്നായിട്ട് അറിയൂ... പിന്നെ ഇംഗ്ലീഷും.. " എന്തോ വല്ല്യ കാര്യം പോലെ പറയുന്നവളെ കണ്ട് അവനു ചിരി വരുന്നുണ്ടായിരുന്നു... അവൻ ചിരിച്ചു... ചിരിയുടെ ശബ്ദം തൊണ്ടക്കുഴികളിൽ എവിടെയോ തങ്ങി പോയി.... അവൾ നോക്കി നിന്നു പോയി ആ ചിരിയിൽ... " ഹയ്യോ... ഇയ്യാളോട് സംസാരിച്ച എക്‌സൈറ്റ്മെന്റിൽ വന്ന കാര്യം പറയാൻ വിട്ട് പോയി " ബദ്രി എന്തെന്ന ഭാവത്തോടെ അവളെ ഒന്ന് നോക്കി... "ആദ്യം ഒരു ഇൻട്രോ താരമേ " അവൾ ഒന്ന് നിവർന്നു നിന്ന് തൊണ്ട ശെരിയാക്കുന്നത് പോലൊക്കെ ആക്ഷൻ കാണിച്ചു.. " എനിക്ക് ഇയ്യാളെ കുറിച്ച് ആകെ അറിയുന്നത് പേരു.. ബദ്രി... ഇവിടെ പി എച് ഡി ചെയ്യുന്നു... നന്നായിട്ട് വയലിൻ വായിക്കും... ഇത്രേയുള്ളൂ " ബദ്രി സംശയത്തോടെ തന്നെ അവളെ നോക്കി നിൽക്കുകയാണ്... " ഇനി മെയിൻ മാറ്റർ, ഇത്രേം മാത്രം അറിഞ്ഞു വച്ച് കൊണ്ട് ഈ ജാൻവി മഹാദേവ് ബദ്രിനാഥ് ശേഷാദ്രിയെ പ്രണയിക്കുന്നു... ലവ് യൂ ബദ്രി "

കണ്ണിൽ തന്നെ നോക്കി അവളത് പറയുമ്പോൾ ബദ്രിയും അവളുടെ കണ്ണുകളുടെ ചുഴിയിൽ അകപ്പെട്ടു പോയിരുന്നു... ഒരിക്കലും തിരിച്ചു കയറാനാവാതെ... അവളുടെ കണ്ണുകളിൽ തന്നെ അവൻ നട്ടം തിരിഞ്ഞു... മനസ്സ് അവളിലേക്ക് അടുക്കുന്നു... ജീവിതത്തിൽ ആദ്യമായി ഒരാൾക്ക് ബദ്രിയോട് പ്രണയം.... അവനു സന്തോഷം തോന്നി... ബുദ്ധി വിലക്കുന്നു... പാടില്ല. അർഹിക്കാത്തതാണ്... ആഗ്രഹിക്കരുത്... നിറയെ സംസാരിക്കുന്നവളാണ്... ചേരില്ല താനൊരിക്കലും... മനസ്സും ബുദ്ധിയും പിടി വലി നടത്തി.. ജാൻവി ആകാംഷയോടെ നിൽക്കുകയാണ്... അവന്റെ മറുപടി കണ്ണുകളിൽ കാണാം... എങ്കിലും ആഗ്രഹിക്കുന്നു നാവ് കൊണ്ട് കേൾക്കാൻ... കൈകൊണ്ട് ചേർത്തു പിടിക്കാൻ... അവനാൽ പ്രണയിക്കപ്പെടാൻ.... ഇതേ സമയം ബദ്രിയുടെ ബുദ്ധിയും മനസ്സും തമ്മിലുള്ള വടംവലിയിൽ ബുദ്ധി ജയിച്ചു... അവൻ കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു... ജാൻവിയെ തള്ളി മാറ്റിക്കൊണ്ട് നടന്നു... അവൾ പ്രതീക്ഷിച്ചില്ല... അവൻ ചേർത്തു പിടിക്കും എന്ന് കരുതിയ കൈ കൊണ്ട് തട്ടി മാറ്റിയിരിക്കുന്നു...

അവൾക്ക് സങ്കടം തോന്നി... കരയാൻ തോന്നി... ഇല്ല... കരയില്ല... തോൽക്കില്ല... അവൾ വാശിയോടെ തിരിഞ്ഞു... " ഡോ..താണെന്ത് പോക്കാടോ ഈ പോകുന്നെ " ബദ്രിയോടൊപ്പം എത്താൻ ഓടിക്കൊണ്ടാണ് അവളുടെ ചോദ്യം... ഒടുവിൽ എങ്ങനെയോ അവന്റെ മുന്നിൽ കയറി നിന്നു... " താൻ മറുപടി പറഞ്ഞിട്ട് പോയാ മതി... ഒന്നുവില്ലേലും എന്നെ പോലൊരു ചുന്ദരി പെൺകൊച്ചു ഇങ്ങോട്ട് വന്നു പറഞ്ഞേയല്ലെടോ... എന്തേലും മറുപടി പറ " കിതാപ്പാടക്കാൻ പാടുപെട്ടുള്ള ജാൻവിയുടെ സംസാരം.. ബദ്രി എന്ത് ചെയ്യും എന്നറിയാതെ നിൽക്കുകയാണ്.. " ശെടാ.. തന്റെ വായിൽ എന്തുവാ അമ്പഴങ്ങയോ... വാ തുറന്നു വല്ലോം പറയെടോ " അവൾക്ക് ചെറുതായി ദേഷ്യം വരുന്നു... ബദ്രി എന്ത് വേണം എന്നറിയാതെ നിന്നു.. കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു... അവൾ എല്ലാം അറിയണം... സത്യം അറിയണം.. അപ്പോൾ ഈ തോന്നലുകളും അവസാനിക്കും... തന്റെ കുറവുകൾ അറിയുമ്പോൾ അവൾ അകന്നോളും... ബദ്രിയുടെ മനസ്സ് കണക്ക് കൂട്ടി..അവൻ കൈകൾ ചലിപ്പിച്ചു... തനിക്ക് സംസാരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞു...

ജാൻവി ഞെട്ടി... അറിഞ്ഞില്ല... അന്വേഷിച്ചവരാരും ഇത് മാത്രം പറഞ്ഞില്ല... അവൾ തല കുനിച്ചു.. കണ്ണുനീർ ഉരുണ്ട് കൂടി കാഴ്ചയെ മറയ്ക്കുന്നുണ്ട്... ബദ്രി വേദനയോടെ ചിരിച്ചു കൊണ്ട് നടന്നകന്നു... ജാൻവി ഒന്നും അറിയാതെ അതെ നിൽപ്പ്... കുറവ് അറിഞ്ഞപ്പോൾ അവൾ അകന്നിരിക്കുന്നു... നന്നായി...അവൻ ചിന്തിച്ചു.... പക്ഷെ അവളുടെ മനസ്സ് ചിന്തിക്കുന്നത് മറ്റൊന്നാണ്... ഇനി തന്നെ അകറ്റാൻ വെറുതെ പറയുന്നതാണെങ്കിലോ ..... അല്ല സത്യമാണെങ്കിലോ... ആണെങ്കിൽ എന്താ... ഞാൻ അവനെയല്ലേ സ്നേഹിച്ചത്... അവന്റെ വിരലുകളിലൂടെ ഒഴുകുന്ന സംഗീതത്തയല്ലേ സ്നേഹിച്ചത്... അപ്പോൾ... അപ്പോൾ അവന്റെ കുറവുകൾ തനിക്ക് പ്രശ്നം അല്ല ... അവൻ പൂർണ്ണനാണ്... കുറവുകളില്ലാത്തവനാണ്.. എനിക്ക് മാത്രം... അവളുടെ ചുണ്ടുകളിൽ ചിരി വിരിഞ്ഞു... പ്രണയം നിറഞ്ഞ ചിരി................. (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story