ആ നിമിഷം: ഭാഗം 6

aanimisham

എഴുത്തുകാരി: ഗീതു അല്ലു

ഉർവിയുടെ അമ്മാവന്റെ മകൻ.... ഇവർ തിരിച്ചു വന്നതിനു ശേഷമാണ് ഭദ്രയ്ക്ക് മാറ്റങ്ങൾ വന്നത്... അനന്തൻ ഒരു ഭയത്തോടെ ഓർത്തു.. യദുവിൽ നിന്നും അനന്തന്റെ നോട്ടം നേരെ ഉർവിയിലേക്ക് പോയി... അവളുടെ മുഖത്തും ദേഷ്യമോ ഇഷ്ടക്കേടോ സമ്മിശ്രമായൊരു ഭാവം കാണാം... ജാൻവിയും യദുവിനെ ദേഷ്യത്തോടെയാണ് നോക്കുന്നത്... അനന്തനെ കണ്ടയുടനെ യദു അവനരുകിലേക്ക് വന്നു... അവന്റെ കണ്ണിലെ എന്തൊക്കെയോ നേടിയെടുത്ത ഭാവം കണ്ടതും അനന്തൻ മുകളിലേക്ക് കയറി പോകാൻ ഒരുങ്ങി.... അത് മനസ്സിലാക്കിയത് പോലെ യദു അവന്റെ മുന്നിലേക്ക് കയറി നിന്നു.... " എന്താ ശ്രീ ഇത്... വീട്ടിൽ അഥിതികൾ വരുമ്പോൾ അവരോട് ഒന്ന് മിണ്ടുക പോലും ചെയ്യാതെ കയറി പോകുന്നത് ശെരിയാണോ "

യദുവിന്റെ ചോദ്യത്തിലെ കളിയാക്കൽ മനസ്സിലായതും അനന്തൻ വീണ്ടും മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം നിയന്ത്രിച്ചു... ഇറുക്കി അടച്ച കണ്ണുകൾ തുറന്നു ഉർവിയെ നോക്കി... അവളും കണ്ണുകൾ കൊണ്ട് യാചിക്കുകയായിരുന്നു... " ഇല്ലെടോ... ഞാൻ ഒന്ന് ഫ്രഷ് ആവാൻ വേണ്ടി...അല്ല താൻ എപ്പോൾ വന്നു... അമ്മായിയും അമ്മാവനും വന്നില്ലേ "... അലസമായിട്ടുള്ള അനന്തന്റെ ആ ചോദ്യങ്ങൾ കേൾക്കെ യദു ഒന്ന് ചിരിച്ചു..... " അമ്മ അപ്പച്ചിയുടെ കൂടെ അടുക്കളയിൽ ഉണ്ട്... അച്ഛൻ വന്നില്ല... പിന്നെ ഞങ്ങൾ വന്നത് ഒരു കാര്യം തീരുമാനിക്കാൻ ആണ്. തന്നെയും കാത്തിരുന്നെയാ.. വേഗം പോയി ഫ്രഷ് ആയി വാ " യദു പറഞ്ഞത് കേട്ട് അനന്തൻ സംശയത്തോടെ ഉർവിയെ നോക്കി..

തല താഴ്ത്തി നിൽക്കുന്നത് കൊണ്ട് അവളുടെ ഭാവം എന്തെന്ന് വ്യക്തമല്ല... അനന്തൻ ഒന്ന് അമർത്തി മൂളി കൊണ്ട് മുകളിലേക്ക് പോയി... റൂമിൽ കയറി ഫ്രഷ് ആകുമ്പോഴും അനന്തന്റെ ചിന്ത യദുവും അമ്മയും എന്തിനാവും വന്നതെന്നായിരുന്നു... ആകാരണമായ ഒരു ഭയം അവനിൽ ഉടലെടുക്കുന്നത് അവൻ അറിഞ്ഞു...... അവൻ വേഗം തന്നെ ഫ്രഷ് ആയി താഴേക്ക് പോയി... താഴെ ചെല്ലുമ്പോൾ എല്ലാവരും ചായ കുടിക്കാൻ ഇരിക്കുകയായിരുന്നു... അനന്തനെ കണ്ടയുടനെ ഭദ്ര അവനു ഒരു ഗ്ലാസ്‌ ചായ നീട്ടി... ഉർവിയും ജാൻവിയും അപ്പോഴും വാതിലിൽ ചാരി നിൽക്കുകയാണ്‌... യദുവും അവന്റെ അമ്മ ഭാമയും ടേബിളിൽ ഇരുന്നു ചായ കുടിക്കുന്നു.... മഹേശ്വറും അവർക്കൊപ്പം ഉണ്ട്...

അനന്തനും അവർക്കൊപ്പം കൂടി... എല്ലാവരും കാര്യമായ എന്തോ ചർച്ചയിൽ ആയിരുന്നു എന്ന് തോന്നുന്നു... അനന്തൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി... അവന്റെ നോട്ടത്തെ അഭിമുഖീകരിക്കാനാവാതെ മഹേശ്വർ തല താഴ്ത്തി ഇരുന്നു... അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ ഭദ്ര സംസാരിച്ചു തുടങ്ങി... " ശ്രീ മോനെ... ഭാമയും യദുവും ഇപ്പൊ ഇങ്ങോട്ട് വന്നതെന്തിനാണെന്ന് മനസ്സിലായോ " അവരുടെ ആ ചോദ്യത്തിലെ സന്തോഷവും യദുവിന്റെ നിറഞ്ഞ ചിരിയും ഉർവിയുടെ കണ്ണുകളിൽ ഉരുണ്ട് കൂടിയ കണ്ണ് നീരും കാണെ അനന്തന് ഊഹിക്കാമായിരുന്നു എന്തിനാണ് അവർ വന്നതെന്ന്... അവനു വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി...

അനന്തന്റെ ഭാഗത്തു നിന്നും മറുപടി ഒന്നും ലഭിക്കാതെ വന്നതോടെ ഭദ്ര വീണ്ടും തുടർന്നു.... " യദുവിനു ഉർവിയെ ആലോചിക്കാം എന്നാ തീരുമാനം... ശ്രീ മോനും സന്തോഷമായില്ലേ " പ്രതീക്ഷിച്ച മറുപടി ആണെങ്കിലും അത് കേൾക്കെ അനന്തന് വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു.... ശ്വാസം വിലങ്ങുന്നത് പോലെ... അനന്തന്റെ നോട്ടം വീണ്ടും ഉർവിയിലേക്ക് വീണു..... അവൾ ഇപ്പോഴും മുഖമുയർത്തി പോലും നോക്കുന്നില്ല... അനന്തന് അറിയാമായിരുന്നു അവൾ കരയുകയാണ് എന്ന്... " ശ്രീ ഒന്നും പറഞ്ഞില്ലല്ലോ " ഭദ്രയുടെ ചോദ്യമാണ് അനന്തനെ ചിന്തകളിൽ നിന്നും ഉണർത്തിയത്... " ഞാൻ.. ഞാൻ എന്ത് പറയാൻ ആണ്... ഉർവി... അവളല്ലേ തീരുമാനിക്കേണ്ടത് "

ഒരു പതർച്ചയോടെ പറഞ്ഞു കൊണ്ട് അനന്തൻ ഉർവിയെ നോക്കി... അനന്തന്റെ ആ മറുപടി കെട്ടിട്ടാവണം ഉർവിയും തലയുയർത്തി അവനെ നോക്കി... നിസ്സഹായതയോടെയുള്ള നോട്ടം.... സഹായിക്കണം എന്ന് അപേക്ഷിക്കും പോലെ... പക്ഷെ അനന്തന് ഒന്നും ചെയ്യാൻ പറ്റുന്നില്ല.... ജാൻവിയുടെ കഴുത്തിൽ കിടക്കുന്ന താലി അനന്തന്റെ നാവിന്റെ ചങ്ങലയാണെന്ന് പോലും അവനു തോന്നി... ഉർവിയുടെ മനസ്സ് അലറി കരയുകയാണ്.... അവൾക്ക് അലറി വിളിച്ചു പറയണം എന്നുണ്ട്.... തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല എന്ന്... താൻ മറ്റൊരാളെ വിവാഹം ചെയ്യില്ല എന്ന്... പക്ഷെ കുറച്ചു മുൻപ് അപേക്ഷയോടെ തന്റെ മുന്നിൽ കൈ കൂപ്പി നിന്ന അച്ഛന്റെ മുഖം ഓർക്കുമ്പോൾ ഒന്നിനും കഴിയുന്നില്ല...

അനന്തേട്ടൻ എങ്കിലും രക്ഷിക്കും എന്ന് താൻ പ്രതീക്ഷിച്ചോ... പക്ഷെ പ്രതീക്ഷിച്ചാലും അനന്തേട്ടന് അതിനു സാധിക്കില്ല... തന്നേക്കാളും നിസഹായനാണ് ആ മനുഷ്യൻ... പ്രതീക്ഷകൾ ഓക്കേ അസ്തമിച്ചിരിക്കുന്നു... ഇനി എല്ലാം വിധിക്ക് വിട്ടു കൊടുക്കാൻ മാത്രമേ സാധിക്കൂ.. " ഉർവി സമ്മതിക്കും... നമുക്ക് ബാക്കി കാര്യങ്ങൾ ഓക്കേ ആലോചിക്കാം നാത്തൂനെ " അവിടെ തളം കെട്ടി നിന്ന മൗനത്തിനെ ഭേദിച്ചത് ഭദ്രയുടെ ശബ്ദം ആണ്...ഭദ്രയുടെ പറച്ചിൽ കേട്ടതും ഭാമ ചിരിയോടെ മഹേശ്വറിനെ നോക്കി.. അയ്യാൾ തലയുയർത്തി ആദ്യം അനന്തനെയാണ് നോക്കിയത്.. കണ്ണുകൾ കൊണ്ട് മാപ്പ് പറയും പോലെ... അത് കാണെ അനന്തൻ ഒന്ന് ചിരിച്ചു... "

മ്മ്... അളിയൻ കൂടി വന്നിട്ട് നമുക്ക് ജ്യോൽസ്യനെ പോയി കാണാം... നിച്ഛയം ഒന്നും വേണ്ട... കല്യാണം നല്ല രീതിയിൽ നടത്താം... " മഹേശ്വർ ഭാമയോടായി പറഞ്ഞു... യദു അപ്പോഴും നിറഞ്ഞ ചിരിയോടെ അനന്തനെ തന്നെ നോക്കി നിൽക്കുകയാണ്...അനന്തൻ ഒന്നിലും താല്പര്യം ഇല്ലാത്തതു പോലെയാണ് ഇരിക്കുന്നത്... " മ്മ്.. അത് മതി മഹിയേട്ടാ... രണ്ടു ദിവസം കഴിയുമ്പോൾ ഭാസ്കരേട്ടൻ വരും... അപ്പോൾ ഞങ്ങൾ ഒന്ന് കൂടി വരാം... ഇപ്പോൾ ഇറങ്ങട്ടെ " ഭാമ അതും പറഞ്ഞു യദുവിനെ നോക്കി... അവനും ചിരിയോടെ തലയാട്ടി കൊണ്ട് എഴുന്നേറ്റു... ഉർവിയുടെ അടുത്തെത്തിയപ്പോൾ അവളോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു... ഉർവിക്ക് അവന്റെ നോട്ടം പോലും അസഹനീയമായി തോന്നി...

അവൾ യാതൊരു പ്രതികരണവും ഇല്ലാതെ തല കുനിച്ചു നിന്നു... യദുവിനു അത് ഒരു അപമാനം പോലെയാണ് തോന്നിയത്...അവൻ ഒന്ന് കൂടി ഉർവിയോട് ചേർന്നു നിന്നു... " നീ ഇപ്പൊ ഈ കാണിക്കുന്ന അവഗണനയൊക്കെ ഞാൻ കുറിച്ചിട്ടിട്ടുണ്ട്.... കണക്ക് തീർത്ത് ഞാൻ പ്രതിഫലം തന്നിരിക്കും... ഓർത്തു വച്ചോ " യദുവിന്റെ സ്വരത്തിലെ ഭീഷണി തിരിച്ചറിഞ്ഞത് പോലെ ഉർവി ജാൻവിയുടെ കയ്യിൽ അമർത്തി പിടിച്ചു... ഉർവിയുടെ പ്രതികരണത്തിൽ നിന്നും അവൾക്കിഷ്ട്ടപ്പെടാത്തതെന്തോ ആണ് യദു പറഞ്ഞതെന്ന് ജാൻവിയ്ക്ക് മനസ്സിലായി.. അവൾ ഊക്കോടെ യദുവിന്റെ നെഞ്ചിൽ ആഞ്ഞു തള്ളി.. അത് പ്രതീക്ഷിക്കത്തതു കാരണം യദു പിന്നോട്ട് വീണു പോയിരുന്നു..

യദു വീണത് കണ്ടതും എല്ലാവരും അവന്റടുക്കലേക്ക് ഓടി എത്തി... ഭദ്രയും ഭാമയും ചേർന്ന് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു... ഉർവി അപ്പോഴേക്കും ജാൻവിയെ പിടിച്ചു വച്ചു... യദുവിനെ എണീപ്പിച്ചതിനു ശേഷം ഭദ്ര അതിയായ ദേഷ്യത്തോടെ ജാൻവിയെ തല്ലാനായി കയ്യുയർത്തിയതും യദു തന്നെ അത് തടഞ്ഞു... " വേണ്ട അപ്പച്ചി... ജാൻവി കുട്ടിക്ക് ഞാൻ അവളുടെ ചേച്ചിയുടെ അടുത്ത് ചെന്നത് ഇഷ്ട്ടായില്ല... അതുകൊണ്ട് ചെയ്തെയാ.. വിട്ടേക്ക് " " എന്നാലും മോനെ " ഭദ്രയ്ക്ക് അപ്പോഴും ദേഷ്യം അടങ്ങിയിരുന്നില്ല... യദു ചിരിയോടെ തന്നെ അവരെ സമാധാനിപ്പിച്ചു... പുറത്തേക്കിറങ്ങുമ്പോൾ അവൻ ഒന്ന് കൂടി തിരിഞ്ഞു നോക്കി....

ജാൻവിയുടെ നേർക്കുള്ള പകയോടെയുള്ള അവന്റെ നോട്ടം ഉർവിയും അനന്തനും ശ്രദ്ധിച്ചു... അവർ രണ്ടു പേരും ഒരു പോലെ അവൾക്കു മുന്നിലേക്ക് കയറി നിന്നു... അവൾക്ക് സംരക്ഷണമായി തങ്ങളുണ്ട് എന്ന് പറയാതെ പറയുകയായിരുന്നു അവർ... അത് കാണെ പുച്ഛത്തോടെ യദു പടിയിറങ്ങി പോയി... അവർ പോയതും ഉർവിയും അനന്തനും ജാൻവിയെയും കൂട്ടി പെട്ടെന്ന് തന്നെ മുകളിലേക്ക് പോയി... അവിടെ നിർത്തിയാൽ ഭദ്ര ജാൻവിയെ വഴക്ക് പറയും എന്ന് അവർക്ക് അറിയാമായിരുന്നു... മുകളിലെ ബാൽക്കണിയിൽ അവർ മൂവരുടെയും ഇഷ്ട്ട സ്ഥലത്തേക്കാണ് അവർ പോയത്.... അവിടെ നിന്ന് നോക്കിയാൽ താഴെ ഗാർഡൻ കാണാം... രാത്രിയിൽ അവിടെ നിൽക്കുമ്പോൾ പ്രത്യേക സുഖമാണ് ... നിറഞ്ഞു പൂക്കുന്ന ഗന്ധരാജൻ പൂക്കളുടെയും നിശാഗന്ധി പൂക്കളുടെയും മണവും ഭംഗിയും അവിടെ നിന്നും ആസ്വദിക്കാം...

പണ്ട് ഇവിടെ ഇങ്ങനെ ഒരുമിച്ചു നിൽക്കുമ്പോൾ അനന്തനും ഉർവിയും വാചാലരായിരുന്നു...പരസ്പരം പ്രണയം പങ്കു വച്ചിരുന്നു... സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയിരുന്നു... ജാൻവി നാട്ടിൽ വരുമ്പോഴൊക്കെ അവരോടൊപ്പം ഇവിടെ കൂടാറുണ്ട്.. പിന്നെ മൊത്തത്തിൽ ബഹളമാണ്... വിശേഷങ്ങൾ പറച്ചിലും അടിയും കളിയാക്കലുകളും... ആ സമയങ്ങളിൽ അനന്തൻ മുതിർന്നതാണെന്ന ചിന്ത അവനോ അവർക്കൊ ഉണ്ടാകാറില്ല.. മൂന്നുപേരും കുട്ടികളായി തീരും.. പക്ഷെ ഇന്ന് ആ സ്ഥാനം മൗനം കയ്യടക്കിയിരിക്കുന്നു.... ജാൻവിയും ഉർവിയും ആട്ടുകട്ടിലിൽ ഇരുന്നു മുറ്റത്തേക്ക് നോക്കുകയാണ്... ജാൻവിക്ക് ഇപ്പോഴും നല്ല ദേഷ്യമുള്ളത് പോലെ.... അനന്തൻ അവർക്കരുകിൽ തന്നെ ചാരു കസേരയിൽ കണ്ണടച്ച് കിടക്കുന്നു...

ഉർവിയ്ക്കും അനന്തനും ഇടയിലുള്ള മൗനം പോലും സംസാരിക്കുന്നതു പോലെ... പരിഭവം പറയുന്നത് പോലെ... പക്ഷെ രണ്ടു പേർക്കും ഒരു വാക്ക് പോലും ശബ്‌ദിക്കാൻ കഴിയുന്നില്ല.. " ജാൻവി മോളെന്തിനാ യദുവിനെ തള്ളിയിട്ടത് " കണ്ണുകൾ അടച്ചു അങ്ങനെ തന്നെ കിടന്നു കൊണ്ടാണ് അനന്തന്റെ ചോദ്യം... ആ ചോദ്യം കേട്ടതും ജാൻവി തല കുനിച്ചിരുന്നു... അവളുടെ മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് അനന്തൻ കണ്ണ് തുറന്നു അവളെ ഒന്ന് നോക്കി... " ജാൻവി " അവന്റെയാ വിളിയിൽ തെല്ലൊരു ദേഷ്യം നിഴലിച്ചത് പോലെ തോന്നി.. "

അത് അയ്യാളെ നിക്ക് ഇഷ്ട്ടല്ല... ഉർവി ചേച്ചിക്കും... ചേച്ചിയേ വഴക്ക് പറയുന്നത് പോലെ സംസാരിച്ചോണ്ടാ ഞാൻ തള്ളിയിട്ടേ " കുഞ്ഞുങ്ങളെ പോലെ ചുണ്ട് പിളർത്തി കണ്ണ് നിറച്ചു മറുപടി പറയുന്ന ജാൻവിയെ കാണെ അനന്തന്റെ ദേഷ്യം തനിയെ മാറി.. അവൻ എഴുന്നേറ്റ് വന്നു അവളുടെ തലയിൽ ഒന്ന് തഴുകി... പിന്നീട് നോട്ടം ഉർവിയിലേക്ക് അവളുടെ മനസ്സ് ഇവിടെയൊന്നും അല്ല എന്ന് തോന്നി അവനു.. അവൻ അവളെ ആകെ മാനം ഒന്ന് നോക്കി.. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പാതിയായിരിക്കുന്നു... കണ്ണിനു ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു... ചിരിക്കാൻ പോലും മറന്ന മുഖം... പഴയ ഉർവിയിൽ നിന്നും വലിയൊരു മാറ്റം.......... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story