അഗ്‌നിസാക്ഷി: ഭാഗം 1

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

" ഹാപ്പി മാരീഡ് ലൈഫ് ബോത്ത്‌ ഓഫ് യൂ.... " വിവാഹചടങ്ങുകളൊക്കെ കഴിഞ്ഞ് ശിവയ്ക്ക് ഷേക് ഹാൻഡ് നൽകിക്കൊണ്ട് രജിസ്റ്റാർ പറഞ്ഞു. " താങ്ക്യൂ സാർ..... " പുഞ്ചിരിയോടെ അവനും പറഞ്ഞു. രജിസ്റ്റാറോഫീസിൽ നിന്നും ശിവയുടെ കൈ പിടിച്ച് പുറത്തേക്ക് വരുമ്പോൾ അല്ലിയുടെ മുഖമൊന്ന് വാടിയിരുന്നു. " ആഹാ ഇതെന്ത് പറ്റി ഏടത്തിക്കൊരു വാട്ടം ??? " കാറിനരികിലേക്ക് നടക്കുന്നതിനിടയിൽ അവളുടെ മുഖം ശ്രദ്ധിച്ച ശിവയുടെ അനിയൻ ദീപക് ചോദിച്ചു. അതുകേട്ട് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അവളൊന്ന് പുഞ്ചിരിച്ചു. " പോട്ടെടാ നമുക്ക് വേറെ വഴിയില്ലാഞ്ഞിട്ടല്ലേ ..... " അവളെയറിഞ്ഞത് പോലെ ശിവയവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചാശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. " എന്നാലും ഞാൻ ചതിയല്ലേ ശിവേട്ടാ ചെയ്തത്..... എന്റെ ഡാഡിയിപ്പോ നാട്ടുകാർക്ക് മുന്നിൽ അപമാനം കൊണ്ട് തല കുനിച്ചുനിൽക്കുകയായിരിക്കില്ലേ ??? " അവന്റെ മുഖത്തേക്ക് നോക്കാതെ പറയുന്നവളെ അവനൊന്ന് കൂടി ചേർത്തുപിടിച്ചു.

" അല്ലു...... നീ പറയുന്നതൊക്കെ ശരിയാണ്. പക്ഷേ നീയൊന്നോർത്തേ അപ്പോൾ അങ്ങനൊരു തീരുമാനം നമ്മളെടുത്തില്ലായിരുന്നുവെങ്കിൽ നീയിപ്പോ റോഷൻ തോമസിന്റെ ഭാര്യയായിരുന്നേനെ..... അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നീ ഹാപ്പിയായിരുന്നോ ??? " അവന്റെ ചോദ്യം അവളിലൊരു മിന്നൽ പടർത്തി. അതിന്റെ പ്രതിഫലനമെന്നവണ്ണം അല്ലിയവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി. " അല്ല ഇനിയെങ്ങോട്ടാ രണ്ടുംകൂടി ??? " ദീപക് ചോദിച്ചപ്പോഴാണ് അതേ ചോദ്യം അല്ലിയിലേക്കുമോടിയെത്തിയത്. അവളും മറുപടി പ്രതീക്ഷിച്ചെന്നോണം ശിവയുടെ മുഖത്തേക്ക് ഉറ്റുനോക്കി. " വേറെങ്ങോട്ടാ തല്ക്കാലം ഗസ്റ്റ്‌ ഹൗസിലോട്ടാ. " " അപ്പോൾ തറവാട്ടിലോട്ട് വരുന്നില്ലേ നിങ്ങൾ ??? " അവൻ പറഞ്ഞതും ദീപക്കിന്റെ അടുത്ത ചോദ്യമെത്തി. " വരാതെങ്ങോട്ട് പോകാൻ പക്ഷേ രണ്ട് ദിവസം കഴിഞ്ഞേയുള്ളൂ. എന്തായാലും ഒരു കൊടുങ്കാറ്റും പേമാരിയുമുണ്ടാകും അതുവരെ ഞങ്ങളൊന്ന് സന്തോഷിക്കട്ടെടാ..... " അല്ലിയുടെ തോളിലൂടെ കയ്യിട്ടൊരു ചിരിയോടെ ശിവ പറയുന്നത് കേട്ട് ദീപക്കും ചിരിച്ചു. " ഉവ്വുവ്വേ... എന്നാപ്പിന്നെ ഈ ലക്ഷ്മണനങ്ങോട്ട് നീങ്ങട്ടെ..... " " ഓക്കേഡാ..... " അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ശിവ പറഞ്ഞു. അല്ലിയോടും യാത്ര പറഞ്ഞ് അവൻ തന്റെ കാറെടുത്ത് പോയി. പിന്നാലെ തന്നെ ശിവയും അല്ലിയും ഗസ്റ്റ്‌ഹൗസിലേക്കും തിരിച്ചു. ഇതാണ് ശിവ എന്ന ശിവജിത്ത് ദേവപ്രതാപ്.

ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഇന്നുമടിയുറച്ച് വിശ്വസിക്കുന്ന പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ചിറ്റേഴത്ത് തറവാട്ടിലെ മൂന്നാം തലമുറയിലെ ആദ്യത്തെ ആൺതരി. ഒപ്പമുള്ളത് മൂന്ന് വർഷത്തേ പ്രണയത്തിന് ശേഷം അവൻ സ്വന്തമാക്കിയ അലംകൃത എൽസ അലക്സ്‌ എന്ന ശിവയുടെ സ്വന്തം അല്ലു. നല്ല ഒന്നാന്തരം ക്രിസ്ത്യാനി തറവാട്ടിലെ അച്ചായത്തിപ്പെണ്ണ്. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 " നമ്മളിനി എന്നാ ചെയ്യൂമിച്ചായാ..... ഇക്കണ്ട നാട്ടുകാരോടൊക്കെ എന്ത്‌ മറുപടി പറയും???? " പള്ളിക്ക് വെളിയിൽ ചുവരിൽ ചാരി നിൽക്കുകയായിരുന്ന അലക്സിന്റെ ചുമലിലേക്ക് തല ചായ്ച്ചുകൊണ്ട് ചോദിക്കുമ്പോൾ എൽസ കരഞ്ഞുപോയിരുന്നു. " എനിക്കൊന്നുമറിയാൻ മേലാഡിയെ... നമ്മുടെ മോള്.... അവൾക്കെങ്ങനെ തോന്നിയെടി നമ്മളോഡീ ചതി ചെയ്യാൻ ???. " " ഹും ചതി ആരാരോടാഡാ ചെയ്തത് ?? നിന്റെ മോൾ നിന്നോടോ അതോ നീയവളോഡോ ??? എന്റെ കൊച്ചാവുന്നത് നിന്നോട് പറഞ്ഞതല്ലേഡാ ഈ കെട്ടിനവൾക്ക് ഇഷ്ടമല്ല അവൾക്ക് വേറെയാരെയൊ ഇഷ്ടമാണെന്ന് ..... എന്നിട്ട് കേട്ടൊ നീയും നിന്റെ മോനും ???? എന്നിട്ടിപ്പോ എന്നായെടാ ..... " അവരുടെ സംസാരം കേട്ടുകൊണ്ടങ്ങോട്ട് വന്ന അലക്സിന്റമ്മച്ചി റോസമ്മ ചോദിച്ചു. " അമ്മച്ചിയിതെന്നാ ഈ പറയുന്നേ....ഞാൻ പിന്നെന്നാ വേണമായിരുന്നു അവള് പറയുന്നതും കേട്ടുകൊണ്ട് ഒരു ഹിന്ദുചെക്കനവളെ കൈ പിടിച്ചുകൊടുക്കണമായിരുന്നോ ???" " എന്നിട്ടിപ്പോ എന്താടാ സംഭവിച്ചത് ??? അവളാ ഹിന്ദുചെക്കനൊപ്പം തന്നെ ഇറങ്ങിപ്പോയില്ലേ ??? "

അയാൾ പറഞ്ഞത് കേട്ട് പുച്ഛത്തോടെ റോസമ്മ പറഞ്ഞു. അപ്പോഴാണ് അലക്സിന്റെ മൂത്തമകനായ ആൽവിനങ്ങോട്ടോഡി വന്നത്. അവനെ കണ്ടതും അലക്സ്‌ വെപ്രാളത്തോടെ. അവന്റെ അടുത്തേക്ക് ചെന്നു. " മോനെ ആൽവി എന്നായെടാ.... എന്തേലും വിവരം കിട്ടിയോ ??. " " അത് ഡാഡി..... " മുന്നിൽ സർവ്വതും തകർന്നത് പോലെ നിന്നിരുന്ന ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കി അവനൊന്ന് പരുങ്ങി. " എന്താടാ കാര്യം പറ..... " " അവരുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു ഡാഡി. പത്തുമിനിറ്റേ ആയിട്ടുള്ളുന്നാ സോണി വിളിച്ചുപറഞ്ഞത്. " അവൻ പറഞ്ഞത് കേട്ടതും അലക്സ്‌ ഒന്നും പറയാതെ പള്ളിക്കകത്തേക്ക് പോകാൻ തുനിഞ്ഞു. " ഡാഡീ..... ഡാഡിയൊന്ന് മൂളിയാൽ മതി അവനെ കൊന്ന് തള്ളി നമ്മുടല്ലിമോളെ ഞാൻ കൊണ്ടുവരും. " " എന്തിന് ???? " തന്റെ കയ്യിൽ പിടിച്ചുകൊണ്ട് ആൽവിൻ പറഞ്ഞതും അലക്സ്‌ ചോദിച്ചതങ്ങനെയാണ്. " ചോദിച്ചത് കേട്ടില്ലേ എന്തിനാനാണെന്ന് ??? " വീണ്ടുമയാളത് ചോദിക്കുമ്പോൾ എന്ത്‌ മറുപടി കൊടുക്കണമെന്നറിയാതെ നിൽക്കുകയായിരുന്നു ആൽവിൻ. " ഡാഡി.... " " മ്മ്ഹ് മതി........ എന്റെ നെഞ്ചിൽ ചവിട്ടി ഏതോ അന്യജാതിക്കാരന്റെ കൂടെ ഇറങ്ങിപ്പോയ അവളെന്നൊരു മകളെയെനിക്കിനി വേണ്ട....നിനക്കും. " മകന്റെ വാക്കുകളെ കയ്യുയർത്തി തടഞ്ഞുകൊണ്ട് പറഞ്ഞിട്ട് ഉറച്ചചുവടുകളോടെ അലക്സകത്തേക്ക് പോയി. ആ പോക്കെന്തിനാണെന്നറിയാതെ പിന്നാലെ മറ്റുള്ളവരും. അലക്സ്‌ നേരെ പോയത്. കല്യാണച്ചെക്കനായ റോഷന്റെയും വീട്ടുകാരുടെയും അടുത്തേക്കായിരുന്നു. "

നിങ്ങളോടെങ്ങനെ ക്ഷമ പറയണമെന്നെനിക്കറിയില്ലെടോ.... ഈ കെട്ട് നടക്കില്ല....." റോഷന്റെ അപ്പൻ തോമസിന്റെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് അത് പറയുമ്പോൾ അലക്സിന്റെ ശിരസ് കുനിഞ്ഞിരുന്നു. ആ വാക്കുകൾ ഞെട്ടലോടെയാണ് ആ കുടുംബമൊന്നാകെ കേട്ടത്. " കെട്ടുറപ്പിച്ച് അൾത്താരക്ക് മുന്നിൽ വരെയും എത്തിചിട്ട് ഈ തക്കസമയത്ത് കെട്ട് നടക്കില്ലെന്നോ..... എന്ത്‌ തോന്യാസാ അലക്സേ താനീ പറയുന്നത്. ??? " കേട്ടവാക്കുകളുടെ അമർഷം മുഴുവനും വാക്കുകളിൽ നിറച്ചുകൊണ്ട് ശബ്ദമുയർത്തി തന്നെയാണ് തോമസത് ചോദിച്ചത്. ആ ചോദ്യമൊരു ശരം കണക്കെ മറ്റുള്ളവരിലേക്കൊക്കെ പാഞ്ഞുപോയി. നിമിഷനേരം കൊണ്ട് പള്ളിക്കകം മുഴുവൻ ആളുകളുടെ മുറുമുറുക്കലുകൾ കൊണ്ട് നിറഞ്ഞു. " എല്ലാവരെയും ഒരുപോലെ ചതിച്ച എന്റെ മകൾക്ക് വേണ്ടി നിങ്ങളുടെ കാലിൽ വീഴാൻ മാത്രമേ എനിക്കിപ്പോ വഴിയുള്ളെഡോ.... " " വേണ്ടങ്കിളേ..... ഞങ്ങൾക്ക് മനസിലാവും.... " പറഞ്ഞുകൊണ്ട് തോമസിന്റെ കാൽക്കലേക്ക് കുനിയാനോരുങ്ങിയ അലക്സിനെ തടഞ്ഞുകൊണ്ട് റോഷൻ പറഞ്ഞു. " ഇത് വെറും പോക്രിത്തരമായിപ്പോയി അലക്സേ..... അടക്കോമൊതുക്കോമുള്ള തറവാട്ടിൽ പിറന്ന പെങ്കൊച്ചാണെന്ന് കരുതിയാ എന്റെ മോന് വേണ്ടി തന്റെ മോളെ ആലോചിച്ചത്. എന്നിട്ടിപ്പോ..... " " വേണ്ട പപ്പ..... ഈ അവസ്ഥയിൽ ഇനിയൊന്നും വേണ്ട. ഒരുകണക്കിനിത് ഇപ്പോൾ സംഭവിച്ചത് നന്നായി.

കല്യാണം കഴിഞ്ഞിട്ടായിരുന്നെങ്കിലോ ??. അതുകൊണ്ട് ഇനിയൊരു സംസാരം വേണ്ട. നമുക്കിറങ്ങാം. " പറഞ്ഞിട്ട് അലക്സിന്റെ കയ്യിലൊന്ന് പിടിച്ചിട്ട് അവൻ പുറത്തേക്ക് നടന്നു. മുറുമുറുത്തുകൊണ്ട് മറ്റുള്ളവരും. പിന്നാലെ തന്നെ അവിടെ കൂടിയിരുന്ന ഓരോരുത്തരും പിരിഞ്ഞുപോയിക്കോണ്ടിരുന്നു. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 " എന്താ അല്ലു ഇത് ഇതുവരെ നിന്റെ വിഷമം മാറിയില്ലേ???. ഞാൻ പറഞ്ഞില്ലേ എല്ലാം ശരിയാകുമെന്ന്. " ഗസ്റ്റ്‌ ഹൗസിലെത്തി ശിവ ഫ്രഷായി വന്നിട്ടും കട്ടിലിൽ ചടഞ്ഞിരിക്കുകയായിരുന്ന അല്ലിയെ കണ്ട് അവൻ പറഞ്ഞു. അവൾ വെറുതെയൊന്ന് ചിരിച്ചുവെന്ന് വരുത്തി. " എന്താ അല്ലു നിനക്കിപ്പോ ചെയ്തത് തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ടോ ??? " അവളുടെ അരികിലേക്ക് വന്നിരുന്നുകൊണ്ടുള്ള അവന്റെ പെട്ടന്നുള്ള ചോദ്യം കേട്ട് അവളാകെ വല്ലാതായി. " ശിവേട്ടാ ഞാനങ്ങനെയൊന്നും......എനിക്ക്..... ഞാൻ പെട്ടന്ന് മമ്മിയുടെ കാര്യമൊക്കെ ഓർത്തുപോയി.... " " സാരമില്ലെടാ എനിക്ക് മനസ്സിലാവും. എല്ലാം ശരിയാവും ഇന്നല്ലങ്കിൽ നാളെ നിനക്ക് നിന്റെ കുടുംബത്തേയും തിരികെ കിട്ടിയിരിക്കും. ഞാനല്ലേ പറയുന്നത്..... തല്ക്കാലമെന്റെ മോള് പോയി ഈ വേഷമൊക്കെയൊന്ന് മാറ്റി കുളിച്ചുസുന്ദരിയായി വന്നേ. ഡ്രസ്സൊക്കെ ആ കബോർഡിലുണ്ട്. " പറഞ്ഞിട്ടവളെ ഉന്തിത്തള്ളിയവൻ ബാത്‌റൂമിലേക്ക് വിട്ടു.

എന്നിട്ട് കയ്യിലിരുന്ന നനഞ്ഞ ടവൽ ചെയറിലേക്ക് വിരിച്ചിട്ട് തിരിയുമ്പോഴാണ് ബെഡിൽ കിടന്ന അവന്റെ ഫോൺ റിങ് ചെയ്തത്. ശിവ വേഗം വന്നത് കയ്യിലെടുക്കുമ്പോൾ തന്നെ കണ്ടു ഡിസ്പ്ലേയിൽ തെളിഞ്ഞ അമ്മയെന്ന പേരും കൃഷ്ണയുടെ പുഞ്ചിരി തൂകുന്ന മുഖവും. " ശിവ എവിടാ നീ..... നീയീ വീട്ടീന്നിറങ്ങിയിട്ടിപ്പോ ദിവസമെത്രയായെന്ന് വല്ല ബോധവുമുണ്ടോഡാ നിനക്ക് ???? എന്ത്‌ കുരുത്തക്കേടൊപ്പിക്കാൻ പോയതാഡാ കുരുത്തംകെട്ടവനെ നീ..... " കാൾ അറ്റൻഡ് ചെയ്തതും കൃഷ്ണയിൽ നിന്നും വന്ന ചോദ്യങ്ങൾ കേൾക്കേ ശിവ പതിയെയൊന്ന് ചിരിച്ചു. " എന്റമ്മക്കുട്ടീ ഇങ്ങനെ ചൂടാവല്ലേ നാളെ രാവിലെ തന്നെ ഞാനവിടെ ഹാജരായിരിക്കും. ഒപ്പം അമ്മക്കൊരു സർപ്രൈസും കാണും.... " " ഒത്തിരിയങ്ങ് പതപ്പിക്കല്ലേ മോനെ.... അല്ല എന്താ നിന്റെ സർപ്രൈസ് ??? " " ഹാ ഇപ്പോഴേ പറഞ്ഞാൽ അതെങ്ങനെ സർപ്രൈസാകുമെന്റെ കൃഷ്ണക്കൊച്ചെ ???? " അവൻ വീണ്ടും ചിരിച്ചു. " എടാ കുരുത്തംകെട്ട പുത്രാ ഉള്ളത് പറ നീയെന്താ ഒപ്പിച്ചത്. " " ദേ ഞാൻ പറഞ്ഞു നാളെ ഞാനങ്ങുവരുമെന്ന് അപ്പോ കണ്ടാൽ മതി. ഇപ്പൊ ഞാൻ വച്ചേക്കുവാ. ഉമ്മ കൊച്ചേ.... " പറഞ്ഞിട്ട് അവൻ ഫോൺ ബെഡിലേക്ക് തന്നെ ഇട്ടു. അവൻ ഡ്രസൊക്കെ മാറ്റി ഫോണിൽ തോണ്ടിക്കോണ്ടിരിക്കുമ്പോഴേക്കും അല്ലിയും ഫ്രഷായി വന്നിരുന്നു. അവൾ തന്നെയായിരുന്നു അടുക്കളയിൽ കയറി ആഹാരമൊക്കെ ഉണ്ടാക്കിയത്. "

ആഹാ ആരാമത്തേ അലക്സ്‌ തോമസിന്റെ അരുമ സന്താനത്തിനപ്പോ പാചകവുമറിയാമല്ലേ ??? " അല്ലിയുണ്ടാക്കിയ ചപ്പാത്തിയും സ്റ്റൂവും ഒരുമിച്ചിരുന്ന് കഴിക്കുമ്പോൾ കളിയായി ശിവ ചോദിച്ചു. അത് കേട്ട് അവളവനെ കൂർപ്പിച്ചുനോക്കി. " ഹോ ഇവളെന്റെ കണ്ട്രോള് കളയും.... " അവളുടെ നോട്ടം കണ്ട് ഒരു കുസൃതിച്ചിരിയോടെ ശിവ പറയുന്നത് കേട്ട് അല്ലിയുടെ കവിളുകൾ ചുവന്നുതുടുത്തു. അവൾ പെട്ടന്നവനിൽ നിന്നും നോട്ടം മാറ്റി പ്ളേറ്റിലേക്ക് നോക്കിയിരുന്നു. ആഹാരമൊക്കെ കഴിഞ്ഞ് അടുക്കളയും ക്ലീൻ ചെയ്തിട്ട് അല്ലി റൂമിൽ എത്തുമ്പോൾ ജനലിനരികിൽ നിന്ന് ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ശിവ. അവൾ പതിയെ വാതിലടച്ചിട്ട്‌ ബെഡിന്റെ ഒരു വശത്ത് കയറി കിടന്നപ്പോഴേക്കും ഫോൺ വച്ച് ശിവയും വന്നിരുന്നു. അവൻ വന്നുകിടന്നതും അല്ലി പതിയെ നീങ്ങി അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു. ശിവയുടെ കൈകളും അവളെ പൊതിഞ്ഞുപിടിച്ചു. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 രാവിലെ ശിവയുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടുകൊണ്ടായിരുന്നു അല്ലി ഉറക്കമുണർന്നത്. അവൾ കയ്യെത്തിച്ച് ഫോണെടുത്തുകൊണ്ട് ശിവയെ കുലുക്കി വിളിച്ചു. " ശിവേട്ടാ..... ശിവേട്ടാ..... " " മ്മ്ഹ്..... എന്താ പെണ്ണേ.... "

ഉറക്കം മുറിഞ്ഞ അസ്വസ്ഥതയോടെ ചോദിച്ചിട്ട് അവളെയൊന്നുകൂടി ഇറുകെ പുണർന്നുകൊണ്ട് കിടക്കാനൊരുങ്ങിയവനെ അവൾ വീണ്ടും തട്ടി വിളിച്ചു. " ദേ മനുഷ്യ എണീക്കുന്നുണ്ടോ അങ്ങോട്ട്‌..... ദീപക്ക് കുറേ നേരായി കിടന്നുവിളിക്കുന്നു. " അത് കേട്ടതും അവൻ പതിയെ അവളിലെ പിടിവിട്ടുകൊണ്ട് ഫോൺ കയ്യിൽ വാങ്ങി. കുറച്ചുസമയം സംസാരിച്ചതിന് ശേഷം ഫോൺ കട്ട്‌ ചെയ്തിട്ട് അവൻ വീണ്ടും ബെഡിലേക്ക് ചാഞ്ഞു. " എന്താ ??? " " എനിക്കെന്തോ അപകടം പറ്റിയെന്ന് സ്വപ്നം കണ്ടെന്നും പറഞ്ഞ് അച്ഛമ്മ രാവിലെ അമ്പലത്തിലോട്ട് പോയെന്ന്. " " അപകടമോ എന്തപകടം ??? " " ചിലപ്പോൾ ദേ ഇതായിരിക്കും.... " പറഞ്ഞതും അവളെ വലിച്ച് ബെഡിലേക്കിട്ടവനവളിലേക്കമർന്നിരുന്നു. തുടരും.....

Share this story