അഗ്‌നിസാക്ഷി: ഭാഗം 15

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

കാൽ പാദത്തിലൊരു തണുപ്പ് തോന്നിയപ്പോഴായിരുന്നു അല്ലി മയക്കത്തിൽ നിന്നുമുണർന്നത്. താങ്ങാൻ കഴിയാത്ത വേദനയിൽ ചുളിഞ്ഞുപോകുന്ന മിഴികൾ വലിച്ചുതുറന്ന് അവൾ പതിയെ അങ്ങോട്ട് നോക്കി. അവിടെ കട്ടിലിന്റെ കാൽക്കലിരുന്ന് ഒരു കൈകൊണ്ടവളുടെ കാലിൽ പിടിച്ച് മറുകൈകൊണ്ട് വായപൊത്തിയിരുന്നേങ്ങി കരയുകയായിരുന്നു ട്രീസ. അവളെ കണ്ടതും എന്തോ വല്ലാത്തൊരു സന്തോഷം തോന്നി അല്ലിക്ക്. " ഡീ ഏട്ടത്തീ..... " പാടുപെട്ട് ചിരിച്ചുകൊണ്ട് അവൾ പതിയെ വിളിച്ചു. നേർത്ത ആ സ്വരം കേട്ടതും കുനിഞ്ഞിരിക്കുകയായിരുന്ന ട്രീസ പെട്ടന്ന് തല ഉയർത്തി നോക്കി. അവളുടെ കരഞ്ഞുകലങ്ങിയ മിഴികളും കണ്ണീരാൽ കുതിർന്ന കവിൾത്തടങ്ങളും കണ്ടപ്പോൾ അല്ലിക്കും ഒരു വേദന തോന്നി.

"എന്നോട് ക്ഷമിക്കെടാ...... ഞാൻ..... ഞാൻ കാരണമല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. ഞാൻ കൊതിച്ച ഇച്ചായന്റെ ഒപ്പമുള്ള എന്റെ ജീവിതത്തിന് പകരം കൊടുക്കേണ്ടിവന്നത് നിന്റെ ജീവിതമാണല്ലോ മോളേ...... പൊറുക്കില്ലെടി എന്നോട്???? അറിയില്ലായിരുന്നു എനിക്ക് ഇങ്ങനെയൊന്നും സംഭവിക്കുമെന്ന്. എങ്ങനെയും ആ സ്റ്റെഫിന്റെ കയ്യിന്ന് രക്ഷപെടണമെന്ന് മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു..... എല്ലാം..... എല്ലാമെന്റെ തെറ്റാ..... " അല്ലിയുടെ കാലിൽ നിന്ന് പിടിവിടാതെ വിമ്മിക്കരഞ്ഞുകൊണ്ടിരുന്ന അവളുടെ മിഴികളിൽ നിന്നിറ്റുവീണിരുന്ന ഒരോ കണ്ണുനീർ തുള്ളിയും അല്ലിയുടെ പാദങ്ങളെ ചുട്ടുപൊള്ളിച്ചുകൊണ്ട് താഴേക്ക് ഒഴുകിയിറങ്ങി.

" ട്രീസാ എന്നാക്കെയാടി നീയീ പറയുന്നത് ??? ഇതിലിപ്പോ നീയെന്നാ ചെയ്തു ?? " അവളെയൊന്ന് ചേർത്ത് പിടിച്ചാശ്വസിപ്പിക്കാൻ പോലും കഴിയാത്ത നിസ്സഹായതയിൽ കിടന്നുകൊണ്ട് ചോദിക്കുമ്പോൾ അല്ലിയുടെ മിഴികളും ഈറനണിഞ്ഞിരുന്നു. " എല്ലാം.... എല്ലാം ഞാൻ കാരണമല്ലേടാ..... " " ദേ പെണ്ണെ ഈ കിടപ്പിൽ കിടന്നുകൊണ്ടെന്നേക്കൊണ്ട്‌ ചീത്ത വിളിപ്പിക്കരുത് നീ..... " കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നെങ്കിലും ട്രീസയേ സമാധാനിപ്പിക്കാനായി ദേഷ്യം ഭാവിച്ചുകൊണ്ട് അല്ലി പറഞ്ഞു. " പോടീ പൊട്ടിക്കാളീ..... ഇവിടിങ്ങനെ കിടക്കാതെ വേഗമെണീറ്റ് വന്നോണം. എന്നിട്ട് വേണമെനിക്ക് നിന്റെയാ തെമ്മാടി ഇച്ചായനെ കെട്ടി നിന്നോട് പോരെടുക്കാൻ..... "

കണ്ണീരിനിടയിലും പുഞ്ചിരി പൊഴിച്ചുകൊണ്ടുള്ള ട്രീസയുടെ ആ വാക്കുകൾ കേട്ട് അല്ലിയും ചിരിച്ചു. " അല്ല അപ്പോ അതുവരെ ഇങ്ങനെ കഴിയാനാണോ രണ്ടിന്റെയും പ്ലാൻ ??? " അല്ലിയുടെ ചോദ്യം കേട്ട് വിഷാദം കലർന്നൊരു പുഞ്ചിരി വിടർന്നു ട്രീസയിൽ. " നീയില്ലാതെ ഞങ്ങൾക്ക് സന്തോഷത്തോടെ ഒന്നിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ അല്ലി നീ ??? നിന്റെ ഇച്ചായനതിന് സമ്മതിക്കുമെന്ന് കരുതുന്നുണ്ടോ ??? ശിവ ചേട്ടൻ ഒരുപാട് നിർബന്ധിച്ചതാ വിവാഹം നടത്താമെന്ന്. പക്ഷേ ഇച്ചായൻ സമ്മതിച്ചില്ല. പഴയത് പോലെ ഓടിനടക്കാൻ നീയുള്ളപ്പോൾ മതി പെണ്ണെ ഞങ്ങളൊരുമിച്ചൊരു ജീവിതം തുടങ്ങാൻ....... " " വിസിറ്റേഴ്സ് സമയം കഴിഞ്ഞു കേട്ടോ.... "

അപ്പോഴേക്കും അകത്തേക്ക് വന്ന സിസ്റ്റർ പറഞ്ഞത് കേട്ട് അളിയുടെ നെറ്റിയിൽ മൃദുവായൊന്ന് ചുംബിച്ചിട്ട് ട്രീസ പുറത്തേക്ക് പോയി. 🔥🔥🔥🔥🔥🔥🔥🔥 ചിറ്റേഴത്ത്. " എന്തായി അനന്താ ??? " " രുദ്രൻ ഹോസ്പിറ്റലിൽ പോയിരുന്നു. മരിച്ചിട്ടില്ല. ഈ അവസ്ഥയിൽ അവൾക്കെതിരെ ഒരു നീക്കം സാധ്യവുമല്ല. പരാചയപ്പെട്ടാൽ...... " " പരാചയപ്പെടരുത് അനന്താ..... അങ്ങനെ സംഭവിച്ചാൽ ശിവ..... അവനെ ബ്രഹ്മനും തടുക്കാൻ കഴിയില്ല. അവന്റെ ബലവും ബലഹീനതയുമെല്ലാം അവളാണ് അല്ലി..... അവൾക്ക് നൊന്താൽ അവൻ പൊറുക്കില്ല. പക്ഷേ എനിക്കിത് ചെയ്തെ മതിയാവൂ അനന്താ..... " പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞ ആ രൂപത്തിന്റെ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ അനന്തനും ഒരു ഭയം തോന്നാതിരുന്നില്ല.

അത്രക്ക് പകയിൽ ജ്വലിച്ചിരുന്നു ആ മുഖമപ്പോൾ. " പക്ഷേ രുദ്രനോടെന്ത് പറയും. അവൻ നമ്മൾ പറഞ്ഞതൊക്കെ വിശ്വസിച്ചിരിക്കുകയല്ലേ. നടക്കാൻ പോകുന്നത് കാളിക്കുള്ള ബലി തന്നെയാണെന്നല്ലേ അവന്റെ ധാരണ..." സംശയത്തോടെ അനന്തൻ ചോദിച്ചു. " ആ വിഡ്ഢി അങ്ങനെ തന്നെ വിശ്വസിക്കട്ടെ. നടക്കാൻ പോകുന്നത് ബലിയാണെന്നും അത് നടന്നുകഴിഞ്ഞാൽ കിട്ടാൻ പോകുന്ന സൗഭാഗ്യങ്ങളും സ്വപ്നം കണ്ട് ജീവിക്കട്ടെ അവൻ. പക്ഷേ അവനൊരിക്കലുമറിയില്ല നടക്കാൻ പോകുന്നത് ബലിയല്ല കൊലപാതകമാണെന്ന്..... ഹഹഹ ഹഹഹ...... അനന്താ അവന്റെ ബുദ്ധിയേ വരെ ഭരിക്കുന്നത് ഈ ഞാനാണ്. നിനക്കറിയോ അവന്റെ കെട്ടിയോളൊരുത്തിയില്ലേ ആ മായ.

ഇന്ന് ശിവക്ക് അല്ലിയെന്താണോ അതായിരുന്നു ഒരിക്കൽ രുദ്രന് മായ. അവൻ പോലുമറിയാതെ എന്റെ വഴിയേ വെറുമൊരു ചാവേറിനെപ്പോലെ ഞാൻ വളർത്തിയെടുത്ത അവന്റെ ജീവിതത്തിലേക്കവൾ വന്നതിൽ പിന്നെ എന്റെ നിയന്ത്രണങ്ങൾ ഭേദിച്ചുതുടങ്ങിയ രുദ്രനെ തിരിച്ചുപിടിക്കാൻ അവർക്കിടയിലും എനിക്ക് കളിക്കേണ്ടിവന്നു. മായപോലുമറിയാതെ അവളവന്റെ മുന്നിൽ തെറ്റുകാരിയായി. നിനക്കൊരുകാര്യമറിയുമോ അനന്താ ???? ഈ സ്നേഹത്തിനൊരു കുഴപ്പമുണ്ട്. ഭ്രാന്തമായ സ്നേഹമെപ്പോഴെങ്കിലും വെറുപ്പായി തീർന്നാൽ ആ പകയിൽ നീറിയൊടുങ്ങും എതിരാളി. ആ അവസ്ഥയാണിന്ന് മായക്ക്. അവന് പോലുമറിയാത്ത ഒരു സത്യമുണ്ട്. മായയോട് രുദ്രനിപ്പോഴും സ്നേഹമാണ്.

പണ്ടത്തെയതേ ഭ്രാന്തമായ സ്നേഹം. അല്ലെങ്കിൽ അതിനുമപ്പുറം. ആ സ്നേഹമാണ് അവനിലെ പകയെ ഇന്നും ആളിക്കത്തിക്കുന്നത്. രുദ്രനാൽ അവളൊരോനിമിഷം നോവിക്കപ്പെടുമ്പോഴും അവളിലുമധികം മുറിവേൽക്കപ്പെടുന്നുണ്ട് രുദ്രന്. പക്ഷേ.... ഇന്നും അവളോടുള്ള അണയാത്ത സ്നേഹം.... ചതിക്കപ്പെട്ടുവെന്ന തോന്നൽ..... അതൊരിക്കലുമവനെ പഴയരുദ്രനാവാനനുവദിക്കില്ല. അതാണ് എന്റെയും തുറുപ്പുചീട്ട്. " പറഞ്ഞിട്ട് അയാൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. " പക്ഷേ അനന്താ ആ വിഡ്ഢിയിൽ നിന്നും അല്ലിക്ക് നേരെ തല്ക്കാലമൊരു നീക്കമുണ്ടാകരുത്. അത് ഒടുവിൽ നമുക്ക് നേരെയും വിരൽ ചൂണ്ടപ്പെടും. എന്റെ മുഖംമൂടി വലിച്ചുകീറപ്പെടും. അത് ഞാൻ അനുവദിക്കില്ല.......

പിന്നെ എന്ന് തന്നെ ആയാലും അല്ലി കൊല്ലപ്പെടേണ്ടത് രുദ്രന്റെ കൈ കൊണ്ടായിരിക്കണം...... ആ ബലി കഴിയുമ്പോൾ രുദ്രനും ബലികഴിക്കപ്പെടണം നിന്റെ കൈകൊണ്ട്...... ഹഹഹ ഹഹഹ...... " പറഞ്ഞിട്ട് ക്രൂരമായി പൊട്ടിച്ചിരിച്ച ആ രൂപത്തെ നോക്കി നിന്ന് ഉള്ളിലെ ഭയം മറച്ചുവച്ച് തല കുലുക്കി തിരിഞ്ഞുനടക്കുമ്പോൾ ആലില പോലെ വിറകൊള്ളുകയായിരുന്നു അനന്തന്റെ ഹൃദയം. " രുദ്രനെന്ന വിഡ്ഢിയേക്കൊണ്ട്‌ അല്ലിയെ നീ കൊല്ലിക്കും. നീയെന്ന പമ്പര വിഡ്ഢിയേക്കൊണ്ട്‌ അവനെ ഞാൻ കൊല്ലിക്കും. ഒടുവിൽ എനിക്കെതിരെ ചൂണ്ടപ്പെടാവുന്ന അവസാനവിരലായ നിന്നെയും ഞാനരിഞ്ഞ്‌ മാറ്റിയിരിക്കും അനന്താ...."

തിരിഞ്ഞുനടന്നുപോകുന്ന അനന്തനെ നോക്കി നിൽക്കുമ്പോൾ പല്ലുകൾ ഞെരിച്ചുടച്ചുകൊണ്ട് അയാൾ മനസ്സിൽ പറഞ്ഞു. പിന്നെ വീണ്ടും ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. 🔥🔥🔥🔥🔥🔥🔥🔥 " ഇച്ചായാ എന്നോട് ദേഷ്യമാണോ ??? ഇന്നലെയാ നേരംമുതൽ ഇന്നീ നിമിഷം വരെയും എന്നോടൊരക്ഷരം മിണ്ടിയിട്ടില്ലല്ലോ..... " കോറിഡോറിന് കുറച്ചപ്പുറം മാറിയൊരു സ്റ്റെയർ കേസിൽ തലയും കുമ്പിട്ടിരിക്കുകയായിരുന്ന ആൽവിന്റെ മുന്നിൽ ചെന്നുനിന്ന് കൊണ്ടാണ് ട്രീസയത് ചോദിച്ചത്. പെട്ടന്ന് തല ഉയർത്തിയ ആൽവിൻ ഒന്നും മിണ്ടാതെ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് തന്നോട് ചേർത്തവളുടെ വയറിലേക്ക് മുഖമമർത്തി.

പെട്ടന്നുണ്ടായ ആ പ്രവർത്തിയിൽ ഒന്ന് പിടഞ്ഞുപോയെങ്കിലും ട്രീസ പതിയെ അവനെ ചേർത്ത് പിടിച്ചാ തലയിൽ മൃദുവായി തലോടി. " എനിക്ക്..... എനിക്കെന്ത് ചെയ്യണമെന്നറിയില്ലഡാ...... എന്റെ സ്വർത്ഥത കാരണമല്ലേ എന്റല്ലി ഇന്നീ കിടപ്പ് കിടകുന്നതെന്നോർക്കുമ്പോ നെഞ്ച് പൊട്ടുവാ എന്റെ....... ഡാഡിടേം മമ്മീടേം മുഖത്ത് നോക്കാനുള്ള ധൈര്യം പോലുമെനിക്കില്ല..... " കലങ്ങിയ കണ്ണുകളോടെ ഇടറിയ ശബ്ദത്തിൽ പറഞ്ഞ അവനെ എന്ത് പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ ട്രീസയുടെ മിഴികളും നിറഞ്ഞു. " വിഷമിക്കല്ലേ ഇച്ചായാ..... എന്റെയും അവസ്ഥ ഇതൊക്കെത്തന്നെയാ....

ശരീരം നുറുങ്ങുന്ന വേദനയ്ക്കിടയിലും നമ്മൾ വിഷമിക്കാതിരിക്കാൻ ചിരിച്ച് തമാശ പറയുന്ന അവളെ കാണുമ്പോ നെഞ്ച് പൊള്ളിപ്പോവാ...... '' കുറച്ചുമുൻപ് അല്ലിയോട് സംസാരിച്ച നിമിഷങ്ങളോർത്തുകൊണ്ട് അവൾ പറഞ്ഞു. 🔥🔥🔥🔥🔥🔥🔥🔥 ദിവസങ്ങൾ പതിയെ ഇഴഞ്ഞുനീങ്ങിക്കോണ്ടിരുന്നു. അല്ലിയേ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. എൽസയും കൃഷ്ണയും ശിവയും അവളോടൊപ്പം ഹോസ്പിറ്റലിൽ തന്നെ നിന്നു. ബാക്കിയെല്ലാവരും വീട്ടിലേക്ക് തിരിച്ച് പോയി. എങ്കിലും ഇടയ്ക്ക് വന്ന് കണ്ട് പോയിരുന്നു എല്ലാവരും. ശിവയാണെങ്കിൽ എപ്പോഴും അല്ലിയുടെ ഒപ്പം തന്നെ നിന്നു. എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞ് ചിരിപ്പിച്ചും സ്വപ്നങ്ങൾ പങ്കുവച്ചും താൻ കൂടെത്തന്നെയുണ്ടെന്ന് ഒരോ നിമിഷവും അവളെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു അവൻ. 🔥🔥🔥🔥🔥🔥🔥🔥

ദിവസങ്ങൾ കൊഴിഞ്ഞുതീർന്നുകൊണ്ടിരിക്കെ ഒരുദിവസം ഹോസ്പിറ്റലിലേക്ക് ഉച്ചക്കത്തേക്കുള്ള ആഹാരവുമായി വന്നതായിരുന്നു ട്രീസ. അവൾ വരുമ്പോൾ വിജനമായ കോറിഡോറിൽ നിന്നുകൊണ്ട് ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ശിവ. " എനിക്കൊന്നും കേൾക്കണ്ടാന്ന് പറഞ്ഞില്ലേ നിന്നോട് ഞാൻ. ഈ കാര്യത്തിൽ ആര് തടഞ്ഞാലും നിൽക്കില്ല ഞാൻ. അകത്ത് വെറുമൊരു പഴന്തുണിക്കെട്ട് പോലെ കിടക്കുന്നത് എന്റെ പ്രാണനാണ്.... അവളെയീ നിലയിലെത്തിച്ചവനെ ഞാൻ വെറുതേ വിടണമെന്നാണോ നീ പറയുന്നത് ??? ഇല്ലെടാ ഈ ശിവയുടെ പ്രാണനിരിക്കുന്നത് അവളിലാണ്....

എന്റെ അല്ലിയിൽ. ആ അവളെയാ ആ പന്ന $##$## മോൻ...... വിടില്ല ഞാനവനെ..... മറ്റാർക്കും വിട്ടുകൊടുക്കുകയുമില്ല. അവനെന്റെ ഈ കൈകൊണ്ട് തന്നെ തീരും. ഇത്രയും ദിവസം ഞാൻ അനങ്ങാതിരുന്നപ്പോൾ അവൻ കരുതിയിട്ടുണ്ടാകും രക്ഷപെട്ടെന്ന്. പക്ഷേ ആ തോന്നൽ തിരുത്തിക്കുറിക്കാൻ സമയമായി. ഇതുവരെ ഞാൻ ക്ഷമിച്ചത് എന്റല്ലൂന് വേണ്ടിയാ. ഈ അവസ്ഥയിൽ അവളുടെ മനസുകൂടി നോവാതിരിക്കാൻ വേണ്ടിയാ..... പക്ഷേ ഇനിയും കാത്തിരിക്കാൻ പറ്റില്ല. കണക്കുകളവസാനിക്കണം...... " പിന്നിലെത്തിയ ട്രീസയേ കാണാതെ അവൻ ഫോണിലൂടെ പറഞ്ഞത് കേട്ട് അവളുടെ ഉള്ളമൊന്ന് പിടഞ്ഞു. എന്തൊക്കെയൊ സംഭവിക്കാൻ പോകുന്നുവെന്ന തോന്നലിൽ നെഞ്ച് തുടികൊട്ടി. " ഇനിയും ശിവേട്ടനെ തടയാനാർക്കും കഴിയില്ല.

ഈ ദേഷ്യത്തിൽ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് പറയാൻ കഴിയില്ല. പക്ഷേ ഏട്ടനെ തടഞ്ഞേമതിയാവൂ..... അല്ലിക്ക്.....അല്ലിക്കിപ്പോ ഏറ്റവും ആവശ്യം ഏട്ടന്റെ സാമിപ്യമാണ്. മാത്രമല്ല ഇനിയൊരു നഷ്ടം കൂടി സംഭവിച്ചും കൂടാ.... ഇനിയെന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതെനിക്ക് മാത്രമാണ്. " ശിവ പറഞ്ഞതെല്ലാം കേട്ട് നിൽക്കുമ്പോൾ ട്രീസയുടെ ഉള്ളമുരുവിട്ടു. അല്പനേരം കൂടി അവിടെത്തന്നെ നിന്നിട്ട് ഉറച്ചചുവടുകളോടെ മുന്നോട്ട് നടക്കുമ്പോൾ ഉള്ളിലുറപ്പിച്ച തീരുമാനത്തിന്റെ തിളക്കം അവളുടെ മിഴികളിൽ പ്രകടമായിരുന്നു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story