അഗ്‌നിസാക്ഷി: ഭാഗം 16

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

ഹോസ്പിറ്റലിൽ നിന്നും തിരികെ കാറിൽ കയറുമ്പോൾ എന്തൊക്കെയൊ തീരുമാനിച്ചുറപ്പിച്ച ഭാവമായിരുന്നു ട്രീസയിൽ. വന്നവഴിയിൽ നിന്നും മാറി തിരികെപ്പോകുമ്പോൾ എന്തുകൊണ്ടോ അവളുടെ മിഴികൾ അനുസരണയില്ലാതെ കുതിച്ചൊഴുകി. വണ്ടി കൈ വിട്ട് പോകുമെന്ന് തോന്നിയ ഏതോ നിമിഷത്തിൽ റോഡ് സൈഡിലേക്ക് വണ്ടിയൊതുക്കി നിർത്തി സീറ്റിലേക്ക് ചാരികിടന്ന് മിഴികളടച്ചവൾ ശ്വാസമാഞ്ഞ് ഉള്ളിലേക്ക് എടുത്തു. അപ്പോഴും ആ മിഴിക്കോണിലൂടെ കണ്ണുനീർ കവിളിനെ നനച്ചുകൊണ്ട് പെയ്തിറങ്ങി. ഐസക്കിന്റെയും സാലിയുടെയും ആൽവിന്റെയും മുഖം മനസ്സിലേക്ക് ഓടിയെത്തിയതും അവൾ ഫോൺ കയ്യിലെടുത്ത് സാലിയുടെ നമ്പറിലേക്ക് വിളിച്ചു.

രണ്ട് മൂന്ന് ബെല്ലുകൾക്ക്‌ ശേഷം മറുപുറത്ത് കാൾ അറ്റൻഡ് ചെയ്തു. " മോളേ...... സുഖാണോടാ ??? " അവൾക്കെന്തെങ്കിലും പറയാൻ കഴിയും മുൻപ് സാലിയുടെ ആ ചോദ്യമവളുടെ കാതിൽ വന്നലച്ചു. " അമ്മേ..... " മറുപടിയൊന്നും പറയാൻ കഴിയാതെ ഒന്നേങ്ങിപ്പോയ ട്രീസയിൽ നിന്നും അപ്പോൾ അത് മാത്രമായിരുന്നു പുറത്തേക്ക് വന്നത്. " അയ്യേ അമ്മേടെ വഴക്കാളി കരയുവാണോ??? എന്തിനാടാ ??? അമ്മക്കെന്റെ മോളോട് ഒട്ടും വിഷമമില്ല. എത്രേം വേഗം എന്റെ മോളാഗ്രഹിച്ചത് പോലെ നിന്നെ ആൽവിടെ പാതിയാക്കണേന്ന് എന്നും പ്രാർഥിക്കുന്നുണ്ട് ഞാൻ. എന്റെ മോൾക്ക് നല്ലതേ വരൂ.... " പറഞ്ഞവസാനിപ്പിക്കുമ്പോൾ സാലിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

പക്ഷേ അതവളറിയാതെ അമർത്തി പിടിക്കാൻ അവർ നന്നേ ബുദ്ധിമുട്ടിയിരുന്നു. " ഞാൻ വെക്കുവാ അമ്മേ..... " സങ്കടം സഹിക്കാൻ വയ്യാതെ പൊട്ടിക്കരഞ്ഞുപോകുമെന്ന് തോന്നിയപ്പോൾ പറഞ്ഞിട്ട് ട്രീസ പെട്ടന്ന് കാൾ കട്ടാക്കി. എന്നിട്ട് വണ്ടി മുന്നോട്ടെടുത്തു. അവൾ നേരെ പോയത് സ്റ്റെഫിൻ സ്ഥിരമായി പോകാറുണ്ടായിരുന്ന ക്ലബ്ബിലേക്കായിരുന്നു. ക്ലബ്ബിന് മുന്നിലെ റോഡിലെത്തിയപ്പോഴേ കണ്ടു അതിന്റെ പാർക്കിങ്ങിൽ കിടന്നിരുന്ന അവന്റെ വണ്ടി. അല്പനേരം കൂടി ഉള്ളിലെന്തോ കൂട്ടിക്കിഴിക്കലുകൾ നടത്തിയിട്ട് വിറയാർന്ന കൈകൾ കൊണ്ട് ഫോണെടുത്ത് അവൾ സ്റ്റെഫിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. കുറച്ചുസമയത്തിന് ശേഷമാണ് മദ്യപിച്ച് കുഴഞ്ഞ അവന്റെ സ്വരം മറുവശത്ത് നിന്ന് കേട്ടത്.

പെട്ടന്ന് തന്നെ എന്തോ ഒന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തിട്ട് അവൾ പുറത്തേക്ക് നോക്കിയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ അകത്തുനിന്നും സ്റ്റെഫിൻ ധൃതിയിൽ പുറത്തേക്ക് വന്നു. ചുറ്റുപാടുമൊന്ന് തിരിഞ്ഞൊടുവിൽ ട്രീസയുടെ കാർ കണ്ടതും അവന്റെ കണ്ണുകളൊന്ന് തിളങ്ങി. കാറിലിരുന്നവനെത്തന്നെ നോക്കിയിരിക്കുകയായിരുന്ന ട്രീസയവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു. അത് കൂടിയായതും ആവേശത്തോടെ അവനോടി അവളുടെ അടുത്തേക്ക് വന്നു. " നമുക്കെന്റെ വണ്ടിയിൽ പോയാൽ പോരെ ??? " കാറിന്റെ ഡോറിൽ പിടിച്ചുകൊണ്ട് കുനിഞ്ഞകത്തേക്ക് നോക്കി നിന്നവളുടെ ഉടലിനെ കണ്ണുകൾകൊണ്ട് കൊത്തിവലിച്ചുകൊണ്ടാണ് അവനത് ചോദിച്ചത്.

" അതെന്താ സ്റ്റെഫിയെന്റെ കാറിൽ കയറില്ലേ ??? " കണ്ണുകളിൽ വശ്യതയും ചുണ്ടുകളിൽ പരിഭവവും നിറച്ച ഭാവത്തിൽ ഇരുന്നുകൊണ്ട് അവൾ ചോദിച്ചു. അത് കണ്ട് പിന്നീടൊന്നും മിണ്ടാതെ അവൻ ഡോർ തുറന്നകത്തേക്ക് കയറിയിരുന്നു. ഗുഡമായൊരു പുഞ്ചിരിയോടെ അവൾ കാർ മുന്നോട്ടെടുത്തു. " ഇപ്പോഴെങ്കിലും നിനക്ക് നല്ല ബുദ്ധി തോന്നിയല്ലോ..... ആദ്യമേ ഇതങ്ങ് ചെയ്തിരുന്നെങ്കിൽ അല്ലിക്കിന്നീ കിടപ്പ് കിടക്കേണ്ടി വരുമായിരുന്നോ ??? എനിക്ക് വേണ്ടത് നിന്നെയായിരുന്നു നിന്നേമാത്രം..... അത്രക്ക് മോഹിച്ചിട്ടുണ്ട് നിന്നേ ഞാൻ..... " ഡ്രൈവിംഗിനിടയിലും ട്രീസയുടെ കയ്യുടെ മേൽ കൈ വച്ചുകൊണ്ടാണ് അവനത് പറഞ്ഞത്.

അവൻ സംസാരിക്കുമ്പോൾ പുറത്തേക്ക് വരുന്ന അസഹ്യമായ മദ്യത്തിന്റെ മണവും തുടയിലൂടെയുടെയും കൈകളിലൂടെയുമിഴഞ്ഞുകൊണ്ടിരുന്ന അവന്റെ വിരലുകളും ട്രീസക്ക് തന്നോട് തന്നെ അറപ്പുളവാക്കുന്നതായിരുന്നു. " അല്ല ഇതെങ്ങോട്ടാ നമ്മളെന്റെ ഗസ്റ്റ്‌ ഹൗസിലോട്ടല്ലേ..... അവിടെച്ചെന്നിട്ട് വേണം ഇതുവരെയുള്ള കൊതിയും മതിയുമെല്ലാം തീർത്തൊന്നാഘോഷിക്കാൻ..... " ഹൈവേയിൽ നിന്നും മാറി കാർ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞതും അവളുടെ ചെഞ്ചൊടികളെ വിരൽ കൊണ്ടൊന്ന് ഞെരിച്ചുകൊണ്ട് പറയുമ്പോൾ അവന്റെ കണ്ണുകളിൽ കാമം മാത്രമായിരുന്നു. വല്ലാത്തൊരസ്വസ്ഥത തോന്നിയ ട്രീസ പെട്ടന്നവന്റെ കൈ തട്ടിമാറ്റി പല്ലുകൾ ഞെരിച്ച് കലിയമർത്തി.

" ഇനിയെന്നും നമ്മളൊന്നിച്ച് തന്നെയല്ലേ..... പിന്നെന്തിനാ ഇ ത്ര ധൃതി ??? നമുക്കൊന്ന് കറങ്ങിയിട്ടൊക്കെ രാത്രിയിലത്തേക്കങ്ങെത്തിയാൽ പോരെ ??? " കൊഞ്ചികൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് അവനുമൊന്ന് ചിരിച്ചു. അപ്പോഴേക്കും കാർ തീരെ വീതികുറഞ്ഞ നിറയെ വളവുകളുള്ള ഒരു വശം മൊത്തം ആഴമേറിയ കൊക്കകളായൊരു വഴിയിലേക്ക് കടന്നിരുന്നു. അപ്പോഴും അവളുടെ ഉടലളവുകളെടുത്തുകൊണ്ടിരുന്നിരുന്ന സ്റ്റെഫിനതൊന്നും അറിഞ്ഞില്ല. കുറച്ചു സമയം കൂടി കഴിഞ്ഞതും ട്രീസയുടെ കാൽ ആക്സിലേറ്ററിലമരുന്നതിനനുസരിച്ച് കാറിന്റെ വേഗതയേറിക്കൊണ്ടേയിരുന്നു. അപ്പോഴാണ് വണ്ടി സഞ്ചരിക്കുന്ന വഴിയിലേക്കും അതിന്റെ വേഗതയിലേക്കും അവന്റെ കണ്ണുകളുടക്കിയത്. " എന്തിനാ ഇത്ര സ്പീഡ് നമുക്ക് പതിയെ പോയാൽ പോരെ കൊച്ചുവാർത്താനമൊക്കെ പറഞ്ഞ്.....

" ഉള്ളിലെവിടെയോ ഒരു വിറയൽ പടർന്നെങ്കിലും അതവളറിയാതെ മറച്ചുപിടിച്ചുകൊണ്ട് അവൻ ചോദിച്ചു. " പോരാ ഇനിഎനിക്കൊട്ടും സമയമില്ല. എല്ലാം എത്രയും വേഗമെനിക്കവസാനിപ്പിക്കണം. ഇനിയും എനിക്ക് വേണ്ടിയൊരു പ്രശ്നവും ഉണ്ടാകരുത്. ആർക്കും നഷ്ടങ്ങളൊന്നുമുണ്ടാകരുത്. നിനക്ക് വേണ്ടതെന്നെയല്ലേ...... നമുക്ക് പോകാം..... എന്നുന്നേക്കുമായി..... അങ്ങ് മുകളിലോട്ട്..... " " ഡീ നീയിതെന്തൊക്കെ ഭ്രാന്താ ഈ പറയുന്നത് ??? എന്താ നിന്റെ ഉദ്ദേശം ??" ഒരലർച്ച പോലവൻ ചോദിച്ചു. " അതേടാ എന്റെ ഉദ്ദേശം നീയൂഹിച്ചത് തന്നെയാ...... നീയിനി ആർക്കുമൊരു ഭീഷണിയാവരുത്...... എന്നെയല്ലേ നിനക്ക് വേണ്ടത് ??? ഞാനൊരുക്കമാ....

നിന്റെ കൂടങ്ങ് പരലോകത്തൊട്ട് വരാൻ. അല്ലാതെ ഞാൻ ജീവനോടെയിരിക്കുമ്പോൾ എന്റെ ഇച്ചായനല്ലാതെ ഒരാണും പ്രത്യേകിച്ച് നിന്നേപ്പോലൊരു പുഴുത്ത പട്ടി എന്നെ തൊടില്ല..... " നിറഞ്ഞ മിഴികൾ തുടയ്ക്കാൻ പോലും മറന്ന് കാറിന്റെ വേഗം വീണ്ടും കൂട്ടിക്കൊണ്ട്‌ ഭ്രാന്തമായി അലറിക്കൊണ്ട്‌ അവൾ പറയുന്നത് കേട്ട് പകച്ചിരുന്നുപോയി സ്റ്റെഫിൻ. പക്ഷേ വളരേ വേഗം തന്നെ സംയമനം തിരിച്ചുപിടിച്ചുകൊണ്ട് അവനലറി. " ഡീ..... ആരോടാഡി നിന്റെയീ കളി..... ഈ എന്നോടൊ......വണ്ടി നിർത്തേടീ.... " കലിയോടവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചലറി കൊണ്ട് അവൻ ചോദിച്ചു. പക്ഷേ അതൊക്കെയും അവൾക്ക് മരണത്തിലേക്ക് പാഞ്ഞടുക്കാനുള്ള ഊർജമാവുകയായിരുന്നു.

പെട്ടന്നാണ് റോഡിൽ നിന്നും തെന്നിമാറിയ കാർ കൊക്കയിലേക്ക് പായാൻ തുടങ്ങിയത്. പിന്നീടൊന്നുമാലോചിക്കാനുണ്ടായിരുന്നില്ല സ്റ്റെഫിന്. തന്റെ സൈഡിലെ ഡോർ തുറന്ന് പുറത്തേക്ക് ചാടുമ്പോൾ അവന്റെ വലതുകരം ട്രീസയുടെ മുടിയിൽ ചുഴറ്റിപ്പിടിച്ചിരുന്നു. 🔥🔥🔥🔥🔥🔥🔥🔥 " ശിവേട്ടാ....... " " എന്താടാ ??? " " ഞാനിപ്പോ ഒരു ഭാരമായി തോന്നുന്നുണ്ടോ ??? " ചൂടുവെള്ളത്തിൽ തുണി മുക്കി തന്റെ ദേഹമൊക്കെ തുടച്ചുവൃത്തിയാക്കി ഡ്രസും മാറ്റി കിടത്തിയിട്ട് മുഖം കഴുകി തുടച്ചുകൊണ്ട് കസേരയിലേക്ക് വന്നിരുന്ന ശിവയെ നോക്കിയത് ചോദിക്കുമ്പോൾ അല്ലിയുടെ മിഴികൾ നനഞ്ഞിരുന്നു. " ആഹ് പിന്നേ..... ഒരേ കിടപ്പല്ലേ ഒരു മൂന്ന് നാല് കിലോയെങ്കിലും കൂടിയിട്ടുണ്ട്.

" അവന്റെ പറച്ചിൽ കേട്ടതും അല്ലിയുടെ മുഖത്തേ സങ്കടം മാറി പകരം ദേഷ്യം മൊട്ടിട്ടു. കവിളുകൾ രണ്ടും വീർപ്പിച്ച് അവനെതിർവശത്തേക്ക് തല ചരിച്ചുവച്ചവൾ കിടന്നു. " ആഹ് അപ്പോഴേക്കും പിണങ്ങിയോ..." ചോദിച്ചുകൊണ്ട് ശിവയവളുടെ അരികിൽ ബെഡിൽ ചെന്നിരുന്നു. എന്നിട്ടും മൈൻഡ് ചെയ്യാതെ കിടന്നവളുടെ കവിളിൽ പതിയെ ചുണ്ടമർത്തി. പെട്ടന്ന് അല്ലി കണ്ണുകൾ ഇറുക്കിയടച്ചു. വിരലുകൾകൊണ്ട് ബെഡ്ഷീറ്റിൽ അള്ളിപിടിച്ചു. " നീയെനിക്കെങ്ങനാടി പൊട്ടിക്കാളി ഭാരമാകുന്നത്. എന്റെ പ്രാണനിരിക്കുന്നത് തന്നെ നിന്നിലല്ലേ..." അവളുടെ തലയിൽ പതിയെ തലോടിക്കൊണ്ട് അവൻ പറഞ്ഞതും അല്ലിയുടെ മിഴികൾ വീണ്ടും നിറഞ്ഞു.

" എനിക്കറിയില്ല ശിവേട്ടാ എത്ര കാലം ഈ കിടപ്പ് കിടക്കേണ്ടി വരുമെന്ന്.... ചിലപ്പോൾ എനിക്കിനിയൊരിക്കലും പഴയ അല്ലിയാവാൻ കഴിഞ്ഞെന്നുവരില്ല..... എന്റെ സിരകളെപ്പോലും മരവിപ്പ് ബാധിച്ചുകഴിഞ്ഞു. ഒരു സൂചി കൊണ്ടുള്ള വേദന പോലും താങ്ങാൻ കഴിയില്ലായിരുന്ന എനിക്കിപ്പോ ഈ വേദനകളൊക്കെ ഒരു ലഹരിയായിക്കഴിഞ്ഞു..... ഒരു കാര്യത്തിലെ എനിക്കിപ്പോ വേദനയുള്ളൂ ശിവേട്ടാ.... ശിവേട്ടനിങ്ങനെ എനിക്ക് ചുറ്റും മാത്രമാണ് ജീവിതമെന്ന് കരുതരുത്. ഞാനില്ലാതെ...... " " മതി..... " പറയാൻ വന്നത് പൂർത്തീകരിക്കാനനുവദിക്കാതെ അവനവളുടെ അധരങ്ങളെ വിരലുകൾ കൊണ്ട് ബന്ധിച്ചു. " അല്ലിയില്ലാതെ ശിവയില്ല പെണ്ണെ....

ഹൃദയം കൊണ്ട് ഒന്നായവരല്ലേടി നമ്മൾ.... ആ നമുക്കെങ്ങനെ രണ്ടിൽ ഒരാൾ മാത്രമായിരിക്കാൻ കഴിയും ??? " മരുന്നിന്റെ ചുവകൾ കീഴ്പ്പെടുത്തിയിരുന്ന , ചുളിവുകൾ വീണിരുന്ന അവളുടെ അധരങ്ങളെ പതിയെ ചുംബിച്ചുണർത്തിക്കൊണ്ട്‌ അവൻ പറയുമ്പോൾ അസ്വസ്ഥതയോടെ അവൾ തല വെട്ടിച്ചു. " വേണ്ട ശിവേട്ടാ..... മരുന്നിന്റെ ചുവയുണ്ടാകും " വിഷമത്തോടെ അവനെ തട്ടി മാറ്റാൻ ശ്രമിച്ചുകൊണ്ട് അല്ലി പറഞ്ഞു. പക്ഷേ അതൊന്നും വകവയ്ക്കാതെ അവൻ വീണ്ടും ആ ചൊടികളിൽ മൃദുവായി ചുണ്ട് ചേർത്തു. ഒരിക്കലും കൈവിടില്ലെന്ന വാഗ്ദാനം പോലെ. 🔥🔥🔥🔥🔥🔥🔥🔥

" ഒന്ന് ചോദിച്ചോട്ടെ ??? " അമാവാസി രാത്രി കാവിനരികിലെ ഇരുളിന്റെ മറപറ്റി നിന്നിരുന്ന ആ രൂപത്തേ നോക്കി മടിച്ചുമടിച്ചായിരുന്നു അനന്തന്റെ ചോദ്യം. " മ്മ്ഹ് എന്താ അനന്താ ഒരു സങ്കോചം ???? " " അതുപിന്നെ...... രുദ്രനും മായയും ഇങ്ങനെയൊക്കെ ആവാനുള്ള കാരണമെന്താ ???? " ആനന്ദന്റെ ചോദ്യം കേട്ടതും അയാൾ പൊട്ടിച്ചിരിച്ചു. എന്നിട്ട് പതിയെ പറഞ്ഞുതുടങ്ങി. " ചിറ്റഴത്ത് തറവാട്ടിൽ പണ്ടൊരു കാര്യസ്ഥനുണ്ടായിരുന്നു. ഗോവിന്ദൻ. ഭാര്യ മരിച്ച് വേറെ പറയത്തക്ക ബന്ധുക്കളൊന്നുമില്ലാത്ത ഗോവിന്ദനും ബുദ്ധിസ്ഥിരതയില്ലാത്ത മകൻ ദത്തനും ഇവിടെത്തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.

വിവാഹം കഴിഞ്ഞ് വന്ന നാൾ മുതൽ ചെറിയ കുട്ടികളുടെ സ്വഭാവമായിരുന്ന ദത്തനോടൊരു പ്രത്യേകവാത്സല്യമായിരുന്നു മായക്ക്. അവനും മായയോടത്രയേറെ സ്നേഹവും വിധേയത്വവുമുണ്ടായിരുന്നു. അച്ചനമ്മമാരുടെ ഒറ്റമകളായ അവൾ തനിക്ക് പിറക്കാതെപോയൊരു കൂടപ്പിറപ്പായിട്ടായിരുന്നു ദത്തനെ കണ്ടതും സ്നേഹിച്ചതും. പക്ഷേ ദത്തന്റെ മായയോടുള്ള അമിതസ്നേഹം പലപ്പോഴും രുദ്രനെ അസ്വസ്ഥമാക്കിയിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ അവൾക്കെതിരെ ഒരായുധമാവശ്യമായി വന്നപ്പോൾ അത് തന്നെ ഞാനവൾക്ക് നേരെ പ്രയോഗിച്ചു. അന്നൊരു ആയില്യം ദിവസമായിരുന്നു രുദ്രന്റെയും മായയുടെയും ജീവിതം ദത്തനെന്ന വജ്രായുധമുപയോഗിച്ച് ഞാൻ തച്ചുടച്ചത്.

അശുദ്ധിയായിരുന്ന മായ ഒഴികെ എല്ലാവരും കാവിലെ പൂജയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോ പൊട്ടൻ ദത്തനെയും മായയേയും ഒരു കൂരയ്ക്ക് കീഴിലെത്തിച്ചു ഞാൻ. പിന്നാലെ തന്നെ എത്തിയ രുദ്രന്റെ മുന്നിൽ ബുദ്ധിവളർച്ചയില്ലാത്ത ചെക്കനുമായി വഴിവിട്ട ബന്ധമുള്ള വെറുമൊരു വൃത്തികെട്ട പെണ്ണെന്ന മുദ്രയും അവൾക്ക് ചാർത്തികിട്ടി. അതോടെ അതുവരെ മായയെ ജീവനേക്കാളേറെ സ്നേഹിച്ചിരുന്ന രുദ്രനും ഇല്ലാതാവുകയായിരുന്നു. " കുടവയർ തടവി വികൃതമായി ചിരിച്ചുകൊണ്ട് പറയുമ്പോൾ വർഷങ്ങൾക്ക് മുൻപേയുള്ള ആ ദിവസത്തിലേക്കൂളിയിടുകയായിരുന്നു അയാൾ. 🔥🔥🔥🔥🔥🔥🔥🔥

ശരീരമാകെയൊരു നൊമ്പരം തോന്നിയപ്പോഴായിരുന്നു ട്രീസ കണ്ണുകൾ വലിച്ചുതുറന്നത്. കണ്ണുകൾ തുറന്ന് ചുറ്റുപാടും നോക്കുമ്പോൾ അരണ്ടവെളിച്ചം മാത്രമുള്ള ഏതോ ഗോഡൗൺ പോലെ തോന്നിക്കുന്നൊരു മുറിയിൽ ഒരു കസേരയിൽ കൈ പുറകിലേക്കാക്കി കെട്ടിയ നിലയിൽ ഇരിക്കുകയായിരുന്നു അവൾ. " എന്താടീ നോക്കുന്നേ ??? ചത്തിട്ടില്ല....." ഭയത്തോടെ ചുറ്റും നോക്കിയിരിക്കുകയായിരുന്ന ട്രീസ ആ ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞങ്ങോട്ട് നോക്കി. അപ്പോഴേക്കും പുച്ഛം നിറഞ്ഞൊരു ചിരിയോടെ സ്റ്റെഫിൻ അകത്തേക്ക് കയറി വന്നു. " നിന്നേയങ്ങനെ ചാവാൻ ഞാൻ വിടുമോ ??? എന്നെയൊരുപാട് മോഹിപ്പിച്ച ഈ ശരീരം വെറുതെയങ്ങനെ ചിതറിപ്പോകാൻ സമ്മതിക്കോ മോളെ ഞാൻ ??? "

അടുത്തേക്ക് വന്നുകൊണ്ട് അവൻ പറഞ്ഞത് കേട്ട് അറപ്പോടവൾ തല ഒരുവശത്തേക്ക് ചരിച്ചു. അപ്പോഴേക്കും അവൻ നടന്നുവന്നവളുടെ മുന്നിലായി മുട്ടുകുത്തിയിരുന്നുകൊണ്ട് അവളുടെ കവിളുകളിലൂടെ വിരലോടിച്ചു. " ഒത്തിരി അറക്കല്ലെടീ മോളെ.... ഇനിയെന്നും ഈ എന്റെ കൈപ്പിടിയിലൊതുങ്ങി എന്റെ ഇഷ്ടത്തിന് ജീവിക്കണ്ടവളാ നീ..... " അവൻ പറഞ്ഞത് കേട്ടതും വെറുപ്പോടെ അവളവനെ തുറിച്ചു നോക്കി. " എന്താഡീ ഇരുന്ന് കണ്ണുരുട്ടുന്നെ..... നിന്റെയാ മറ്റവന്റെ മുന്നിൽ തന്നെ നിന്നേ ഞാനെന്റെതാക്കും. അത് കണ്ടവന്റെ തലക്ക് ഭ്രാന്ത് പിടിക്കണം. അതിപ്പോ എന്റെയൊരു വാശിയാ.....

പിന്നെ നിന്റെ തന്ത നിന്റെ പേരിൽ ഉണ്ടാക്കിയിട്ടേക്കുന്ന കോടികൾ അതും എനിക്കുപേക്ഷിക്കാൻ . വയ്യല്ലോ...... പിന്നെ സത്യം പറയാല്ലോ മോളെ ട്രീസേ , നിന്നേ എനിക്ക് ഇഷ്ടമായിരുന്നു കേട്ടോ. നല്ല ഒന്നാന്തരം പ്രേമം. പക്ഷേ എന്നേ അറപ്പും വെറുപ്പുമാണെന്ന് നീ പറഞ്ഞ നിമിഷം..... ആ ആൽവിനെന്ന് പറയുന്ന %$#$$മോനാ നിന്റെ ഉള്ളിലെന്നറിഞ്ഞ നിമിഷം എന്റെ ഉള്ളിലെ നിന്നോടുള്ള . പ്രണയം ചത്തുമലച്ചു. പകരം പകയായി.... വാശിയായി.... ഒരു ജീവിതം മുഴുവൻ നിന്നെയീ കാൽക്കീഴിലിട്ട് ചവിട്ടിയരക്കണമെന്ന ഉറച്ച തീരുമാനമായി. അതാടി ഇനി നടക്കാൻ പോകുന്നത്.

പിന്നെ ഒന്നുകൂടി നീയറിഞ്ഞോ നിന്റെ കഴുത്തിലീ സ്റ്റെഫിന്റെ മിന്ന് വീഴുന്ന നിമിഷം നിന്റെ തന്തേം ഞാൻ ചവിട്ടി പുറത്താക്കും. എന്റെ പപ്പേടെ നിഴൽ പറ്റി വളർന്നിട്ടിപ്പോ ഞങ്ങളെ വിലക്ക് വാങ്ങാൻ ത്രാണിയുള്ള ആ $%$$$മോൻ ഐസക്കിനെ....... " അവൻ പറഞ്ഞതൊക്കെ കേട്ട് ഞെട്ടിയിരിക്കുമ്പോൾ ഇനിയവന്റെ കയ്യിൽ നിന്നുമൊരു രക്ഷപെടൽ ഉണ്ടാവില്ലെന്ന് ഉറപ്പിക്കുകയായിരുന്നു ട്രീസ..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story